Sunday, September 01, 2013

F for Fake അഥവാ സിനിമയുടെ മാജിക്കിനെക്കുറിച്ച് !



What is so special about the art of cinema?


Orson Welles പറയുന്നതനുസരിച്ച്, It’s the ability to fake. സിനിമ എന്ന മീഡിയത്തെ സത്യം, അസത്യം എന്നിവയുമായി ബന്ധപ്പെടുത്തി രണ്ട് പ്രശസ്തമായ ക്വോട്ടുകൾ, സിനിമയുടെ ഭാഷയെ തത്വചിന്താപരമായി വിശകലനം ചെയ്ത ഗൊദാർദ് വകയായിത്തന്നെ നിലവിലുണ്ട്. ഫോട്ടോഗ്രഫി സത്യമാണെങ്കിൽ, സിനിമ നിമിഷത്തിൽ 24 തവണ ആവർത്തിക്കുന്ന സത്യമാണെന്നായിരുന്നു ഗൊദാർദ് ആദ്യം പറഞ്ഞത്. ഈ കാഴ്ചപ്പാട് ഒരുതരം naivete-യിൽ നിന്നുണ്ടാവുന്നതാണെന്ന് മനസ്സിലാക്കിയ ഗൊദാർദ് പിന്നീട്, ഓരോ എഡിറ്റും ഒരു നുണയാണെന്ന് കൂട്ടിച്ചേർക്കുകയുണ്ടായി.

     സിനിമയുപയോഗിച്ച് നുണ പറയാൻ തുനിഞ്ഞിറങ്ങുന്ന ആൾ എങ്ങനെയാണു ആ മീഡിയത്തെ ഉപയോഗിക്കേണ്ടത്? Orson Welles കൃത്യമായും ഗൊദാർദിനെ മനസ്സിലാക്കിയതുപോലെയാണു F for Fake നിർമ്മിച്ചിരിക്കുന്നത്. ഇനി, ഗൊദാർദൊക്കെ സിനിമ പഠിച്ചതു തന്നെ വെൽ‌സിന്റെ സിനിമകൾ കണ്ടായതുകൊണ്ട് ഈ ആശയത്തിന്റെ യഥാർത്ഥ ഉടമ ഒരുപക്ഷേ വെൽ‌സ് തന്നെയായിരിക്കാം. കലാസൃഷ്ടിയിൽ മൗലികത എന്താണെന്നൊക്കെയുള്ള ചർച്ചകൾ സിനിമയെന്ന മീഡിയത്തിനും മുൻപ് തുടങ്ങിയതാണല്ലോ. ഈ വിഷയങ്ങളൊക്കെയാണു F for Fake-ൽ വെൽ‌സ് കൈകാര്യം ചെയ്യുന്നതും. Elmyr de Hory എന്ന കുപ്രസിദ്ധനായ art forger, ഡി ഹോറിയുടെ ബയോഗ്രഫി എഴുതിയ Clifford Irving എന്നിവരെ ചുറ്റിപ്പറ്റിയാണു വെൽ‌സ് പറഞ്ഞു തുടങ്ങുന്നത്. ഈ ക്ലിഫോർഡ് ഇർവിംഗ്, ഹൊവാർഡ് ഹ്യൂസിന്റെ ഫേക് ബയോഗ്രഫി എഴുതിയതിനു ജയിലിൽ കിടന്നയാളാണെന്നത് ചരിത്രം. അറിയപ്പെടുന്ന ആർട്ട് ഫോർജറുടെ ജീവചരിത്രമെഴുതുന്നത്, ഫേക് ജീവചരിത്രമെഴുതുന്നതിൽ സ്പെഷലിസ്റ്റാണെങ്കിൽ, Fake! എന്നു പേരുള്ള ആ ജീവചരിത്രത്തിൽ എത്രമാത്രം സത്യമുണ്ടാകുമെന്നത് പ്രവചനാതീതം. ഇവരെ രണ്ടുപേരെയും വെച്ച് ഡോക്യുമെന്ററി എടുക്കുന്ന ഓർസൺ വെൽ‌സ് ആകട്ടെ, പറക്കും തളികകൾ അമേരിക്കയെ ആക്രമിക്കുന്നതിനെക്കുറിച്ച് ഫേക് ന്യൂസ് പ്രക്ഷേപണം ചെയ്ത് പ്രശസ്തിയിലേക്കുയർന്ന് അങ്ങനെ സിനിമയിലെത്തിയ ആളും. ഡോക്യുമെന്ററിയുടെ പേര് F for Fake എന്നുകൂടിയാണെങ്കിൽ, അതിൽ എന്തുമാത്രം സത്യമുണ്ടാകും?

F for Fake-നെക്കുറിച്ച് പീറ്റർ ബോഗ്ദാനോവിച്ച് പറയുന്നത് കേട്ടു നോക്കൂ. ഈ സിനിമ എന്താണെന്നതിനെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണം ഇതിലുണ്ട്.



F for Fake-ന്റെ തുടക്കത്തിൽ തന്നെ വെൽ‌സ് പറയുന്നത്
During the next hour, everything you'll hear from us is really true...and based on solid facts എന്നാണ്.

വെൽ‌സ് ഇത് പറയുന്നതാകട്ടെ, മൂന്നാമത്തെ മിനിറ്റിലാണ്. കൃത്യം 63-മത്തെ മിനിറ്റുവരെ വെൽ‌സ് പറയുന്നത് സത്യം തന്നെ. എന്നാൽ അതിനുശേഷം, നുണകളുടെ ഒരു പെരുമഴ തന്നെയാണു. അതിൽ കഥാപാത്രമാകുന്നതോ സാക്ഷാൽ പാബ്ലോ പിക്കാസോ. ഒരു മജീഷ്യനെ പോലെ, തന്റെ ട്രിക്ക് കാണിച്ചു കഴിഞ്ഞ്, പ്രേക്ഷകരെ കബളിപ്പിച്ച ഭാവത്തോടെ വെൽ‌സ് തന്നെ ഇതു തുറന്നു വിശദീകരിക്കുന്നുമുണ്ട്.

     വെൽ‌സും ഗൊദാർദും പറയുന്നത് ഒരേ ആശയമാണെന്ന് തുടക്കത്തിൽ സൂചിപ്പിക്കാൻ കാരണം, ഒരുപക്ഷേ 90-കൾക്കു മുൻപ് ഏറ്റവും കൂടുതൽ എഡിറ്റുകൾ (on a time average) ഉപയോഗിച്ച സിനിമയായിരിക്കും F for Fake. ഈ ചിത്രത്തിന്റെ ആവറേജ് ഷോട്ട് ലെംഗ്ത് 3.2 ആണെന്നാണ് സിനെമെട്രിക്സിൽ കാണുന്നത്. ശരാശരി 7-നു മുകളിൽ ASL ഉണ്ടായിരുന്ന എഴുപതുകളിൽ ഈ എഡിറ്റിംഗ് നൂതനമായൊരു ശൈലി ആയിരുന്നു. ഇന്ന് ‘എം‌ടിവി സ്റ്റൈൽ എഡിറ്റിംഗ്’ എന്ന് വിളിക്കപ്പെടുന്ന ഫാസ്റ്റ് കട്ടിംഗ് സങ്കേതം ഉടലെടുത്തത് ഈ ചിത്രത്തിലൂടെയാണെന്ന് പറയപ്പെടുന്നു. ഓരോ എഡിറ്റും ഓരോ നുണയാണെങ്കിൽ, ഓരോ 3.2 സെക്കന്റിലും ഓരോ നുണകൾ!!

പറയുന്നതു മുഴുവൻ സത്യമാണെന്ന് ആണയിട്ടുകൊണ്ട് വെൽ‌സ് പറയുന്നതിൽ വസ്തുതാപരമായി സത്യമുണ്ടെങ്കിലും, സാങ്കേതികമായി നുണയാണെന്നതാണു സത്യം. ഡി ഹോറിയും ക്ലിഫോർഡ് ഇർവിംഗും തമ്മിലുള്ള ഒരു സംഭാഷണരംഗമുണ്ട് സിനിമയിൽ. നിശബ്ദതയൊക്കെ മനോഹരമായി ഉപയോഗിച്ച ആ സീക്വൻസിൽ, താൻ വരച്ച ഒരു ചിത്രത്തിൽ പോലും താൻ ഒപ്പിട്ടിട്ടില്ലെന്ന് ഡി ഹോറി പറയുന്നു. ഈ രംഗമൊട്ടാകെ എഡിറ്റ് ചെയ്ത് സൃഷ്ടിച്ചതാണെന്നതാണു സത്യം. ക്ലിഫോർഡും ഡി ഹോറിയും സിനിമയിൽ തോന്നിപ്പിക്കുന്നതുപോലെ നേരിട്ടിരുന്നു സംസാരിച്ച് ചിത്രീകരിച്ചതല്ല, മറിച്ച് രണ്ടു പേരെയും വെവ്വേറെ അവസരങ്ങളിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ചേർത്തതാണ്. അവർ സംസാരിച്ചത് സ്ക്രിപ്റ്റ് ചെയ്തതനുസരിച്ചായിരുന്നോ, അറിയില്ല. സിനിമയിൽ പറയുന്നത് പൂർണമായും സത്യമാണോ? അറിയില്ല. അവർ പറയുന്നത് സത്യമാണെങ്കിൽത്തന്നെ, അവർ തമ്മിൽ സംസാരിക്കുന്ന പ്രതീതി സത്യമാണോ?

         ഇങ്ങനെ സത്യത്തിനും അസത്യത്തിനും, യാഥാർത്ഥ്യത്തിനും പ്രതീതിയ്ക്കും, ചരിത്രത്തിനും സങ്കല്‍പ്പത്തിനുമൊക്കെ ഇടയിലുള്ള നേർത്ത വരമ്പുകളിൽ നിലയുറപ്പിക്കാനാകുന്നതാണു സിനിമ എന്ന മീഡിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രശസ്തമായ ‘ഷ്രോഡിഞ്ചറുടെ പൂച്ച’ എന്ന ചിന്താപരീക്ഷണത്തിൽ, പൂച്ച ചത്തതോ ജീവിക്കുന്നതോ എന്ന ചോദ്യം പോലെ, നിയതമായ ഉത്തരങ്ങളില്ലാത്തതാണു ജീവിതവും. യാഥാർത്ഥ്യമെന്ന് നമ്മൾ കരുതുന്നതുപോലും വസ്തുനിഷ്ഠയാഥാർത്ഥ്യമാകണമെന്നില്ല. പദാർത്ഥലോകത്തിന്റെ ആഴങ്ങളിൽ Uncertainty എന്നൊരു നിയമമുള്ളതുപോലെ, തീർപ്പില്ലാത്തതാണു ഉണ്മയും എന്ന തിരിച്ചറിവ്‌ ഏറ്റവും വ്യക്തതയോടെ (അഥവാ സ്വാഭാവികമായ അവ്യക്തതയോടെ) അവതരിപ്പിക്കാനാകുന്ന മീഡിയം എന്നതാണു സിനിമയുടെ പ്രത്യേകത. റാഷോമോണിലെ ഏതു കഥയാണു വിശ്വസിക്കേണ്ടത്? മരീൻബാദിൽ മുൻവർഷം അവർ തമ്മിൽ കണ്ടിരുന്നോ? Cache-യിൽ ആ വീഡിയോടേപ്പുകളുണ്ടാക്കിയതാരാണ്? Certified Copy-യിലെ സ്ത്രീപുരുഷന്മാർ മുൻ‌പരിചയമുള്ളവരും വിവാഹിതരുമായിരുന്നോ? എങ്ങനെയാണ് ആഖ്യാനത്തിന്റെ ഒരു ഭാഗം മറുഭാഗത്തെ ഇല്ലായ്മ ചെയ്യുന്നത്? ലോസ്റ്റ് ഹൈവേയിലെ രണ്ടു കഥകളും തമ്മിലെന്ത്? Mullholand Drive-ലെ മിസ്റ്ററി എന്തായിരുന്നു? യെല്ല ശരിക്കും മരിച്ചിരുന്നോ? ലാറി ഗോപ്നിക്കിന് എന്തു സംഭവിക്കും? Cries & Whispers-ൽ മരിച്ചവർ തിരിച്ചു വരുന്നതെങ്ങനെയാണ്? എങ്ങനെയാണു മരണവുമായി ചെസു കളിക്കുക? ഷട്ടർ ഐലണ്ടിൽ ആരെയാണു വിശ്വസിക്കേണ്ടത്? വേറോനിക്ക ആരെയെങ്കിലും കൊന്നിരുന്നോ? ബാർട്ടൺഫിങ്കിനു സംഭവിച്ചതെന്താണ്? Vertigo, Rosemary’s baby, Repulsion, Knife in the water, Synedoche NewYork, Adaptation, Monalisa, The sea that thinks, Eternal sunshine of the spotless mind, Swimming Poolലിസ്റ്റ് ഇങ്ങനെ ഒരുപാടു നീണ്ടുപോകുന്നു.

     ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മീഡിയമാണു സിനിമ. വേറെ ഏതു മീഡിയത്തിലാണു ഇതൊക്കെ സാധ്യമാകുക? മലയാളത്തിൽ അടൂരും ഷാജി എൻ. കരുണുമൊഴികെ മറ്റാർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല്ലാത്ത ഒന്നാണ് സിനിമയുടെ ഈ മാജിക്. മുഖാമുഖത്തിലെ ഏതു ശ്രീധരനാണു ശരിയായ ശ്രീധരൻ? അനന്തരം അജയനെന്തു സംഭവിച്ചു? സുമയും നളിനിയുമൊക്കെ അജയനു ആരായിരുന്നു? മതിലുകളിലെ നാരായണി യാഥാർത്ഥ്യമോ അതോ ബഷീറിന്റെ ഭാവനയോ? സ്രാങ്ക് എങ്ങനെയാണു കാലാതിവർത്തിയാകുന്നത്? എന്തുകൊണ്ടാണു മലയാളത്തിലെ ഈ ലിസ്റ്റ് ഇത്രപെട്ടെന്ന് തീർന്നുപോകുന്നത്? ഒരു സമൂഹത്തിലെ കഥകളും ആഖ്യാനങ്ങളും ആ സമൂഹം ജീവിതത്തെ നോക്കിക്കാണുന്നതെങ്ങനെയെന്നതിനു സൂചനയാകാമെങ്കിൽ, ജീവിതത്തെ കറുപ്പും വെളുപ്പും മാത്രമെന്ന് മനസ്സിലാക്കുന്ന, കൃത്യമായ തീർപ്പുകൾക്കും അടവികൾക്കും വേണ്ടി കാത്തിരിക്കുന്ന അത്രയും ഉപരിപ്ലവമാണോ മലയാളിയുടെ ജീവിതദർശനം?

No comments: