Saturday, December 22, 2007

Grbavica (2006)

ഗ്രബാവിച എന്നത്‌ തൊണ്ണൂറുകളുടെ ആദ്യപകുതിയിലെ സെര്‍ബിയ-ബോസ്‌നിയ യുദ്ധകാലത്ത്‌ യുദ്ധമുന്നണിയിലായിപോയ ഒരു ബോസ്നിയന്‍ പ്രദേശമാണ്‌. ഇന്ന് അതൊരു പുനരധിവാസപ്രദേശമാണ്‌. യുദ്ധകാലത്ത്‌ സെര്‍ബിയന്‍ അധീനതയിലായിരുന്ന ഈ പ്രദേശം ഒരു വാര്‍-ക്യാമ്പ്‌ ആയിരുന്നു. സെര്‍ബിയന്‍ പട്ടാളത്തിന്റെ യുദ്ധതന്ത്രങ്ങളിലൊന്ന്‌ ബോസ്‌നിയന്‍ സ്ത്രീകളെ അപമാനിക്കുക-അതുവഴി ഒരു വംശത്തെയൊന്നായി നശിപ്പിക്കുക എന്നതായിരുന്നു. അതിനാല്‍ 20,000 സ്ത്രീകള്‍ തന്ത്രപരമായി ബലാത്‌സംഗം ചെയ്യപ്പെടുകയുണ്ടായി ഗ്രബാവിചയില്‍. അവിടെ ഇന്നുള്ളത്‌ ഒന്നും നഷ്‌ടപ്പെടാന്‍ ബാക്കിയില്ലാത്തവരുടേതായ ഒരു സമൂഹമാണ്‌. ജീവിതം കൊണ്ട്‌ മുറിവേറ്റവരുടെ സമൂഹം. ഗ്രബാവിചയുടെ സാഹചര്യങ്ങളെ microcosmic ആയി ഒരു സ്ത്രീയുടെ അനുഭവങ്ങളിലൂടെ സമീപിക്കുന്ന ബോസ്നിയന്‍ ചലചിത്രമാണ്‌ 'ഗ്രബാവിച' (2006). Jasmila Zbanic സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ബെര്‍ലിന്‍ ചലചിത്രമേളയില്‍ സമുന്നതപുരസ്കാരമായ Golden Bear നേടുകയുണ്ടായി.

ഗ്രബാവിചയുടെ അനുഭവങ്ങളെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ സംവിധായിക ഇങ്ങനെ പറയുകയുണ്ടായി."യുദ്ധം തുടങ്ങിയപ്പോള്‍ കണക്കു പരീക്ഷ മാറ്റിവെച്ചതിനാല്‍ എനിക്കു സന്തോഷമായിരുന്നു. കൗമാരപ്രായക്കാരി എന്ന നിലയില്‍ അന്നത്തെ ഏറ്റവും വലിയ ചിന്ത ലൈംഗികതയുമായി ബന്ധപ്പെട്ടതായിരുന്നു. 1992-ല്‍ ലൈംഗികത ഒരായുധമായി ഉപയോഗിക്കപ്പെടുന്ന ഒരു യുദ്ധത്തിലാണ്‌ ഞാന്‍ ജീവിക്കുന്നതെന്ന തിരിച്ചറിവ്‌ എന്റെ ചിന്തകളെയാകെ മാറ്റി മറിച്ചു. യുദ്ധമുന്നണിയില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു എന്റെ വീട്‌. ബലാത്‌സംഗം എന്ന വിഷയവും അതിനോറ്റു ബന്ധപ്പെട്ട എല്ലാം എനിക്ക്‌ ഒരുതരം ഒബ്‌സെഷനായി.പിന്നീട്‌ കുഞ്ഞു ജനിച്ചപ്പോള്‍ മാതൃത്വത്തിന്റെ വികാരങ്ങള്‍ എന്നെയാകെ മാറ്റിമറിച്ചു. എന്റെ സ്നേഹത്തിന്റെ ഫലമായ കുഞ്ഞിനെ കാണുന്നതു പോലും അപരിമേയമായ സന്തോഷം എനിക്കു നല്‍കുമ്പോള്‍ വെറുപ്പില്‍ ജനിച്ച ഒരു കുഞ്ഞിനെ അതിന്റെ അമ്മ എങ്ങനെ സ്വീകരിക്കുമെന്ന്‌ ഞാനാലോചിച്ചു. എന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ഇടവേളയിലാണ്‌ ഗ്രബാവിചയുടെ തിരക്കഥ എഴുതുന്നത്‌."

ഭാഷാശാസ്ത്രപരമായി ഗ്രബാവിച എന്ന വാക്കിന്റെ അര്‍ത്ഥം കൂനുള്ള സ്ത്രീ എന്നാണ്‌. എസ്മ എന്ന മുഖ്യകഥാപാത്രത്തിന്റെ മനസ്സിലെ കൂന്‌-അവളുടെ മകളില്‍ നിന്നും ഒളിപ്പിച്ച്‌ അവള്‍ പേറുന്ന രഹസ്യമാണ്‌ ഈ സിനിമയുടെ കഥാതന്തു. ഒരു ബാറിലെ രാത്രികാല വെയിറ്ററായ എസ്‌മയും അവളുടെ പന്ത്രണ്ടു വയസ്സുകാരിയായ സാറയുമാണ്‌ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. സാറയ്ക്ക്‌ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക്‌ പോകാന്‍ 200 യൂറോ വേണം. ഈ പണം എങ്ങനെയും സ്വരുകൂട്ടാനുള്ള ശ്രമത്തിലാണ്‌ എസ്‌മ. സാറയുടെ അച്‌ഛന്‍ ഒരു ഷഹീദ്‌(യുദ്ധത്തില്‍ രക്തസാക്ഷിയായ പട്ടാളക്കാരന്‍) ആണെന്നാണ്‌ എസ്‌മ അവളോട്‌ പറയുന്നത്‌. അച്‌ഛനില്ലാത്തവള്‍ എന്ന കൂട്ടുകാരുടെ പരിഹാസത്തെ "എന്റെ അച്‌ഛന്‍ ഒരു ഷഹീദാണ്‌" എന്ന് ഉറക്കെ പറഞ്ഞാണ്‌ സാറ നേരിടുന്നത്‌. തന്നോടു വഴക്കിനു വരുന്ന സമീര്‍ ഒരു ഷഹീദിന്റെ മകനാണെന്നറിയുമ്പോള്‍ അവര്‍ കൂട്ടുകാരാവുന്നു. രക്തസാക്ഷികളുടെ മക്കള്‍ക്ക്‌ പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ്‌ കാണിക്കുന്ന പക്ഷം വിനോദയാത്ര സൗജന്യമായിരിക്കുമെന്ന്‌ അധ്യാപകന്‍ സാറയോടു പറയുന്നു. എന്നാല്‍ എസ്‌മ ഒഴിഞ്ഞുമാറുകയാണ്‌. എന്നാല്‍ സാറയുടെ പിതൃത്വത്തെ സംബന്ധിച്ച രഹസ്യം ഒടുവില്‍ എസ്‌മയ്ക്ക്‌ അവളോടു പറയേണ്ടി വരുന്നു. Sara എന്ന പേര്‌ sarajevoയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതിലേറെ സാറ അവളുടെ ബോസ്നിയന്‍ അസ്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ തന്റെ പിതാവ്‌ ഒരു സെര്‍ബിയന്‍ പട്ടാളക്കാരനാണെന്നത്‌ അവള്‍ക്ക്‌ താങ്ങാനാവാത്തതാണ്‌. എന്നാല്‍ യുദ്ധാനന്തര സമൂഹത്തിന്റെ നിര്‍വികാരതയോ അതോ അനതിസാധാരണമായ ശുഭാപ്തി ബോധമോ-തന്റെ സഹപാഠികള്‍ക്കൊപ്പം ബോസ്‌നിയയെക്കുറിച്ചുള്ള ഒരു ദേശഭക്തിഗാനം പാടി വിനോദയാത്രയ്ക്ക്‌ പോകുന്ന സാറയെയാണ്‌ സിനിമയുടെ അവസാനം നാം കാണുന്നത്‌. "Patriotism is the last shelter of bastards" എന്നു പറഞ്ഞത്‌ ടോള്‍സ്റ്റോയി ആയിരുന്നു. കുറഞ്ഞപക്ഷം മറ്റാശ്രയമില്ലത്തവര്‍ക്കെങ്കിലും ദേശഭക്തി ഒരാശ്രയമാകാം എന്നു വരുന്നു.

ഗ്രബാവിചയിലൂടെ സഞ്ചരിക്കുമ്പോള്‍ സോഷ്യലിസ്റ്റു കാലത്തെ കെട്ടിടങ്ങളും, അവിടത്തെ മനുഷ്യരെയും, കടകളും എല്ലാം കാണാം. എന്നാല്‍ ഇവ കൂടാതെ ആരും പറയാത്ത, അദൃശ്യമായ എന്തൊക്കെയോ ഈ കഥാപാത്രങ്ങളുടെ ഇടയില്‍ തങ്ങി നില്‍ക്കുന്നതായി നമുക്കനുഭവപ്പെടുന്നുണ്ട്‌. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിനിമകളില്‍ ദൃശ്യമായ നിയോ-റിയലിസത്തെ, പ്രത്യേകിച്ച്‌ ഡിസീക്കയുടെ Two women ഒക്കെ ഓര്‍മ്മിപ്പിക്കുന്ന എന്തോ ഈ ചിത്രത്തിലുമുണ്ട്‌. തന്റെ പിതാവിന്റെ മൃതദേഹം അന്വേഷിച്ചു നടക്കുന്ന ഒരാളുമായി എസ്‌മ സ്നേഹത്തിലാകുന്നുണ്ട്‌. തങ്ങളുടെ ജീവിതങ്ങളിലെ ദുരന്തങ്ങളുടെ സമാനതയാണ്‌ അവരെ സുഹൃത്തുക്കളാക്കുന്നത്‌. നമുക്കറിയാം, അടുത്തൊരാളുടെ മരണം പോലും മറ്റൊരാളുടെ ജീവിതത്തിന്റെ ഒഴുക്കിനെ ബാധിക്കില്ല. ഒരാളുടെ വ്യക്തിപരമായ സഹനം കാരണം ഒരില പോലും കൊഴിയില്ല. എസ്‌മയുടെ ജീവിതത്തിലെ ദുരന്തം അവളുടെ ചുറ്റുമുള്ള ലോകത്തെ ചലിക്കുന്നതില്‍ നിന്നും തടയുന്നില്ല. എസ്‌മയും സാധാരണ പോലെ ജോലിക്കു പോകുകയും, മകളുടെ നഖം വെട്ടുകയും, അവള്‍ക്ക്‌ മീന്‍ വറുത്തു കൊടുക്കുകയും ചെയ്യുന്നു. സംവിധായിക ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്‌ ഈ ഒരു വീക്ഷണകോണില്‍ നിന്നാണ്‌. അതുകൊണ്ടു തന്നെ Christine Maier-യുടെ ഛായാഗ്രഹണം ഒരിക്കലും നാടകീയമാകുന്നില്ല. ചിത്രത്തിന്റെ ആദ്യഭാഗത്ത്‌ നാം എസ്‌മയെ കാണുന്നതൊക്കെയും Medium range ഷോട്ടുകളിലൂടെയാണ്‌. പിന്നീട്‌ നാം എസ്‌മയെ കൂടുതല്‍ അറിയുംതോറും ഷോട്ടുകളുടെ അകലം കുറയുന്നു. അവസാനഭാഗത്ത്‌ ക്ലോസപ്പുകളും കാണാം. സെര്‍ബിയന്‍ സംവിധായകനായ എമിര്‍ കുസ്റ്റുറികയുടെ സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക്‌ പരിചിതയായ Mirjana Karanovic ആണ്‌ എസ്‌മയെ അവതരിപ്പിക്കുന്നത്‌. എസ്‌മ ഒരു രഹസ്യം പേറുന്നവളായതിനാല്‍ തന്നെ അവളുടെ ഓരോ പ്രവൃത്തിയ്ക്കും വാക്കുകള്‍ക്കും ഒരു നുണയുടെ അര്‍ത്‌ഥം കൂടിയുണ്ട്‌. Mirjanaയുടെ മികച്ച അഭിനയം ഓരോ വ്യതസ്ത തലങ്ങളെയും സൂക്ഷ്‌മതയോടെ ആവിഷ്കരിക്കുന്നു. എമിര്‍ കുസ്റ്റുറികയുടെ സോഷ്യലിസ്റ്റ്‌കാല ചിത്രമായ When father was away on business(1984)-യിലെ Mirjanaയുടെ അഭിനയത്തെ ഈ ചിത്രത്തിലേതുമായി താരതമ്യപ്പെടുത്തിയാല്‍ ഒരേ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയില്‍ കാലം കൊണ്ടുവന്ന മാറ്റത്തെ ഏറെക്കുറെ വ്യക്തമായി മനസ്സിലാകാനാകും.

ഈ ചിത്രത്തിലെ സംഗീതത്തിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ട ഒന്നാണ്‌. പ്രാര്‍ത്‌ഥനാനിര്‍ഭരമായ, മന്ദതാളത്തിലുള്ള സംഗീതം എസ്മ പ്രതിനിധീകരിക്കുന്ന വ്യക്തിബോധത്തെ(personal psyche)യും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദ്രുതതാളത്തിലുള്ള ടര്‍ബോ-ഫോക്ക്‌ സംഗീതം സമൂഹത്തിന്റെ പൊതുബോധത്തെ(collective psyche) കുറിക്കുന്നു. സെര്‍ബിയയിലുത്‌ഭവിച്ച ടര്‍ബോ ഫോക്ക്‌ സംഗീതം ഇന്ന് ബാള്‍ക്കന്‍ സമൂഹങ്ങളുടെ പൊതുസ്വഭാവമാണ്‌. മിലോസെവിക്‌ കാലഘട്ടത്തില്‍ അധീശത്വം പുലര്‍ത്തിയിരുന്ന കലഹോന്‌മുഖമായ ഈ ഫോക്ക്‌ സംഗീതം യുദ്ധം, മാഫിയ പിന്നെ സമൂഹത്തിലെ macho culture എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

യുദ്ധമേല്‍പിച്ച വൈകാരിക മുറിവുകളെ അതിസാധാരണമായ ജീവിതവൃത്തികളിലൂടെ അതിജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഈ സിനിമ കാഴ്‌ചപ്പെടുത്തുന്നത്‌. എങ്കില്‍ കൂടിയും അനുഭവങ്ങള്‍ സമ്മാനിച്ച വൈകാരിക ഭീതി ഇടയ്കെല്ലാം വെളിപ്പെടുന്നുണ്ട്‌. സ്ത്രീകള്‍ക്കുള്ള സംഘ ചികിത്‌സാപദ്ധതികള്‍, തങ്ങളുടെ ഓര്‍മ്മകളെ അതിജീവിക്കാനെന്നപോലെ ശബ്ദമുഖരിതമായ നൈറ്റ്‌ ക്ലബ്ബുകളില്‍ ഒത്തുകൂടുന്ന യുവജനങ്ങള്‍, സന്ദര്‍ഭത്തിനിണങ്ങാത്ത കറുത്ത ഫലിതങ്ങള്‍ എല്ലാം ഒരു ജനതയുടെ അതിജീവന ശ്രമങ്ങളെ അടയാളപ്പെടുത്തുന്നു. എസ്‌മയും സാറയും തമിലുള്ള ബന്ധം ചലനാത്‌മകമാണെന്നതുതന്നെ ഈ ചിത്രത്തിന്റെ ശുഭാപ്തിബോധത്തെ കുറിക്കുന്നു. എന്നാല്‍ ഈ ശുഭാപ്തി ബോധം കുറ്റവാളികളോടുള്ള ക്ഷമയാണോ എന്ന ചോദ്യത്തിന്‌ ആദ്യം ഉണ്ടാവേണ്ടത്‌ കുറ്റവാളികളുടെ പക്ഷത്തു നിന്നുള്ള ക്ഷമാപണമാണെന്ന്‌ സംവിധായിക പറയുന്നുണ്ട്‌. എന്നാല്‍ ഇന്ന്‌ ബോസ്‌നിയയില്‍ പലര്‍ക്കും സംഭവിച്ചതിനെപറ്റി മനസ്താപമോ പ്രതികാരചിന്ത തന്നെയോ ഇല്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സെര്‍ബിയക്കാരനായ കുസ്റ്റുറിക ഈ ചിത്രത്തെ വിമര്‍ശിച്ചു പറഞ്ഞത്‌ ബോസ്‌നിയക്കാരും യുദ്ധത്തിനിടയില്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്‌. രാഷ്ട്രീയത്തിന്റെ വിറകിട്ടു തീ കൂട്ടുന്നതിനു പകരം യുദ്ധത്തെ അതിജീവിക്കുന്നവരെ വരച്ചു കാട്ടാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌ എന്നതിനാല്‍ തന്നെ അന്താരാഷ്ട്രീയമാനങ്ങളുള്ള ശക്തമായ ഒരു സമാധാന സന്ദേശമാണീ ചിത്രം. എന്നാല്‍ ബര്‍ലിന്‍ മേളയില്‍ പുരസ്കാരം ലഭിച്ച ഒരു ചിത്രം അര്‍ഹിക്കുന്ന ശ്രദ്ധ അന്താരാഷ്ട്രതലത്തില്‍ ഈ ചിത്രത്തിനു ലഭിച്ചിട്ടില്ല. വടക്കേ അമേരിക്കയില്‍ ഇതു വരെ ഈ ചിത്രം റിലീസ്‌ ചെയ്തിട്ടില്ല. ഗോവയിലെയും തിരുവനന്തപുരത്തെയും മേളകളിലും Grbavica ഇല്ലായിരുന്നു. കുറ്റകൃത്യങ്ങളെ പര്‍വതീകരിക്കുന്നതിനു പകരം ഇരകളുടെ ജീവിതം അടയാളപ്പെടുത്തുന്ന ഈ ചലചിത്രശ്രമം, മരണത്തേക്കാള്‍ ചെറുതായതെന്തും ജീവിതം കൊണ്ടു നേരിടണമെന്നാണ്‌ നമ്മോടു പറയുന്നത്‌...ഒരു വേള മരണത്തെക്കാള്‍ വലിയവയെ തന്നെയും.

Sunday, November 18, 2007

പര്‍സാനിയ (2005)

2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ അവലംബിച്ച്‌ രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രമാണ്‌ പര്‍സാനിയ. അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ(നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഇന്ത്യന്‍ ചരിത്രത്തെ, ജനതയെ ആഴത്തില്‍ മുറിപ്പെടുത്തിയ ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നു പോകുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. സൈറസിന്റെ മകനായ പര്‍സാനിന്റെ സ്വപ്നസ്വര്‍ഗമാണ്‌ പര്‍സാനിയ. പര്‍സാനിയയെക്കുറിച്ച്‌ അവന്‍ തന്നെ വിവരിക്കുന്നത്‌ ചോക്കലേറ്റുകൊണ്ടുള്ള കെട്ടിടങ്ങളും ഐസ്‌ക്രീം കൊണ്ടുള്ള മലകളുമുള്ള ക്രിക്കറ്റിന്‌ മാത്രം സര്‍വ്വപ്രാധാന്യവുമുള്ളയിടമെന്നാണ്‌. ഏരെക്കുറെ ബോളിവുഡ്‌ സിനിമകളില്‍ കാണുന്ന, കേവല ഇന്ത്യാക്കാരന്റെ സ്വപ്നലോകത്തോട്‌ സമാനം. ഇന്ത്യന്‍ സമൂഹത്തിലെ കേവലഭൂരിപക്ഷം മറ്റൊരു 'പര്‍സാനിയ' തിരശീലയില്‍ കണ്ട്‌ നിത്യജീവിതത്തിന്റെ തിക്താനുഭവങ്ങളിലേക്ക്‌ മടങ്ങുന്നവരാണ്‌. പര്‍സാന്‍ തന്റെ സ്വര്‍ഗം വിവരിക്കുന്നതിനു ശേഷം വരുന്ന സീനില്‍ നാം കാണുന്നത്‌ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ തെരുവിലുടനീളം മോഡിയുടെ ചിത്രം പതിയ്ക്കുന്നതും കാവിക്കൊടികള്‍ സ്ഥാപിക്കുന്നതുമാണ്‌.

സൈറസിന്റെ കുടുംബത്തിന്റെ മധ്യവര്‍ഗ സ്വപ്നങ്ങളും അവരുടെ ഉല്ലാസങ്ങളും സുഹൃദ്‌വലയത്തില്‍ വരുന്ന ഗാന്ധി ഭക്തനായ വൃദ്ധനും, ഗാന്ധിയെക്കുറിച്ചു പഠിക്കാന്‍ വന്ന മദ്യപാനിയായ അലന്‍ എന്ന വിദേശി യുവാവും, കള്ളവാറ്റുകാരനായ ഒരു സമീപവാസിയും മറ്റ്‌ അയല്‍വാസികളുമെല്ലാമടങ്ങുന്ന ഒരു ഗുജറാത്തി സമൂഹത്തെ താളാത്‌മകമായി അവതരിപ്പിക്കുകയാണ്‌ സിനിമയുടെ ആദ്യഭാഗം. ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത്‌. അതിനു മുഖ്യകാരണം ഗുജറാത്ത്‌ ഗാന്ധിജിയുടെ നാടാണെന്നുള്ളതല്ല, മറിച്ച്‌, സംസ്ഥാനം ഭരിക്കുന്ന പരിഷത്തിന്റെ ഐഡിയോളജി മദ്യപാനം അംഗീകരിക്കുന്നില്ല എന്നതാണ്‌. ഹിറ്റ്‌ലറുടെ നാസികളടക്കം ചരിത്രത്തിലെ അപകടകരമായ എല്ലാ തത്വശാസ്ത്രങ്ങളും സദാചാരപരത്യ്ക്ക്‌ വലിയ പ്രാധാന്യം കൊടുത്തിരുന്നു എന്നത്‌ ചരിത്രത്തിന്റെ ഐറണി. മദ്യപിച്ച്‌ മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറാനൊരുങ്ങുന്ന അലനെ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ മൃഗീയമായി അക്രമിക്കുന്നത്‌ നാം കാണുന്നുണ്ട്‌.


ഗോധ്രയില്‍ തീവണ്ടിക്ക്‌ തീ പിടിച്ച സംഭവത്തോടെ സ്ഥിതിഗതികളാകെ മാറുന്നു. ഗോധ്രയിലെ തീ ഗുജറാത്തിലുടനീളം പടരുന്നു. സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഹിന്ദുത്വവാദികള്‍ മറ്റു മതസ്ഥരെ കൊല ചെയ്യുന്നത്‌ പിന്നീടുള്ള രംഗങ്ങളില്‍ ഏറെക്കുറെ ദീര്‍ഘമായി എന്നാല്‍ രക്തരൂക്ഷിതമല്ലാതെ ചിത്രം document ചെയ്യുന്നു. മുസ്ലീമുകളല്ലെങ്കിലും സൈറസിന്റെ കുടുംബവും ഒഴിവാക്കപ്പെടുന്നില്ല. അയല്‍വാസികളായ ഹിന്ദുക്കളും അവര്‍ക്കുമുന്നില്‍ വാതിലടയ്ക്കുന്നു. ഒരാഴ്‌ചയോളം നീണ്ടു നിന്ന ഭീകരസംഭവങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ സൈറസ്‌ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തുന്നുണ്ട്‌. അയല്‍വാസിയായ ഒരു ഹൈന്ദവബാലന്റെ അവസരോചിതമായ സഹായത്തോടെയാണ്‌ സൈറസിന്റെ ഭാര്യയും മകളും കലാപകാരികളില്‍ നിന്നും രക്ഷപ്പെടുന്നത്‌. എന്നാല്‍ പര്‍സാനെ പിന്നീട്‌ നാം കാണുന്നില്ല. സൈറസിന്റെ പിന്നീടുള്ള യാത്രകള്‍ പര്‍സാനെ അന്വേഷിച്ചുള്ളതാണ്‌. ഈ യാത്രയിലാകട്ടെ അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത്‌ നാം കാണുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും അഴിമതിയും ഈ കൂട്ടക്കൊലയില്‍ അവര്‍ക്കുള്ള പങ്കും പ്രത്യക്ഷമായി ചിത്രം സൂചിപ്പിക്കുന്നുണ്ട്‌. കലാപകാരികളെ വിചാരണ ചെയ്യുന്ന ഒരു കോടതി രംഗത്തിലാണ്‌ ചിത്രം അവസാനിക്കുന്നത്‌. സാക്ഷികള്‍ പലരും വിലയ്ക്കെടുക്കപ്പെടുന്നു. എന്നാല്‍ സധൈര്യം സത്യത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ പലരും തയ്യാറാവുന്നുമുണ്ട്‌. യാഥാര്‍ത്‌ഥ്യത്തോട്‌ നീതി പുലര്‍ത്തുന്നതു കൊണ്ടാവാം കാര്യമായ ശുഭാപ്തിബോധമൊന്നും അവസാന രംഗത്തിലും ചിത്രം മുന്നോട്ടു വെയ്ക്കുന്നില്ല. കലാപത്തിനിടയില്‍ കാണാതായ 12 വയസ്സുകാരന്‍ അസ്‌ഹറിനെക്കുറിച്ചറിവു ലഭിക്കുന്നവര്‍ തങ്ങളെ അറിയികണമെന്ന്‌ ഒരു ഗുജറാത്തി പാഴ്‌സി കുടുംബം നമ്മോടഭ്യര്‍ഥിക്കുന്നുണ്ട്‌. ഈ അസ്‌ഹറാണ്‌ സിനിമയിലെ പര്‍സാന്‍.


ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ്‌ ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ Amu(2005), മണിരത്നത്തിന്റെ ബോംബെ(1995) എന്നിവ. എന്‍.എസ്‌ മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട്‌ ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്‌ ചോദിച്ചത്‌ എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ്‌ കൂട്ടക്കൊലയെക്കുറിച്ചായിരുന്നു. ബോംബെ കലാപത്തെ (ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്നത്തിന്റെ ബോംബെ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട്‌ ഹിന്ദുത്വ അജണ്ടയെ ഒളിച്ച്‌ കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാശ്മീരിലെ തീവ്രവാദത്തെ മസാലവത്‌കരിച്ച റോജയും അതിവിദഗ്‌ദമായി ഹൈന്ദവ ഫാസിസത്തിന്റെ വിഷം ചീറ്റുന്ന ഒന്നായിരുന്നു. മണിരത്നത്തിന്റെ രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വന്‍ വിജയമായിരുന്നെന്നത്‌ നാം ഓര്‍ക്കേണ്ടതുണ്ട്‌. നമ്മിലെത്രപേര്‍ പര്‍സാനിയയും കായാതരണും അമുവും കണ്ടിട്ടുണ്ട്‌..?


2005-ലെ മികച്ച സംവിധായകനും മികച്ച നടിയ്ക്കുമുള്ള(സരിക) ദേശീയ അവാര്‍ഡ്‌ പര്‍സാനിയ നേടുകയുണ്ടായി, എന്നാല്‍ അവാര്‍ഡു പ്രഖ്യാപനം കോടതി സ്റ്റേ ചെയ്യുക വരെയുണ്ടായി. ഈ വര്‍ഷമാണ്‌ നീണ്ട നിയമയുദ്ധത്തിനു ശേഷം പര്‍സാനിയയ്ക്ക്‌ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതും. ഗുജറാത്തു കലാപത്തെ ഏറ്റവും സത്യ സന്ധമായി സമീപിച്ച ഈ ചിത്രം ഇനിയും ഗുജറാത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും നാം ഓര്‍ക്കണം. എന്തിനധികം, പുരോഗമനവാദികള്‍ ഏറെയുണ്ടെന്നു കരുതപ്പെടുന്ന കോഴിക്കോട്‌ രാം കെ നാം എന്ന ചിത്രം പ്രദര്‍ശിപ്പിക്കാനെത്തിയ ആനദ്‌ പട്‌വര്‍ധനെ RSS അനുകൂലികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ജില്ലാ കളക്ടര്‍ ഇടപെട്ട്‌ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു തന്നെ മടക്കി അയക്കുകയായിരുന്നു(മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്ച ഓര്‍മ്മ).


മനുഷ്യസ്നേഹം അല്‍പമെങ്കിലും അവശേഷിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടുകള്‍ വന്നു...പോയി. അതിനെ രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ്‌ ബി ജെ പിയും പിന്നെ പൊതു സമൂഹവും തള്ളിക്കളഞ്ഞു. രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ തന്നെ സത്യം അസത്യമാകുമോ...? രാഷ്ട്രീയപ്രേരിതം എന്ന പ്രയോഗം ഇന്ത്യയില്‍ ഇന്ന്‌ വളരെ ഫലപ്രദമായൊരായുധമാണ്‌. (ഐസ്ക്രീം കേസു വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയും, വിമാനക്കേസു വന്നപ്പോള്‍ ജോസഫും, ലാവ്‌ലിന്‍ വന്നപ്പോള്‍ പിണറായിയും, തങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ വന്നപ്പോള്‍ കുരുവിളയും ചെന്നിത്തലയും പറഞ്ഞത്‌ രാഷ്‌ട്രീയപ്രേരിതമെന്നാണ്‌.) ഗുജറാത്തിലെ കൂട്ടക്കൊലയെക്കുറിച്ച്‌ റാല്‍മിനോവ്‌ എന്നൊരു ബ്ലോഗര്‍ തികച്ചും നിരുത്തരവാദപരമായി പ്രതികരിച്ചത്‌ വേദനയോടെയാണ്‌ വായിച്ചത്‌.


പര്‍സാനിയ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സെന്‍സര്‍ ബോര്‍ഡ്‌ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തിലെ മുറിപാടുകളെ മൂടി വെയ്ക്കാനാണ്‌ നാം ഇന്നോളം പരിശ്രമിച്ചത്‌. അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ കലാപങ്ങള്‍ ആവര്‍ത്തിയ്ക്കുകയുണ്ടായി. ഗുജറാത്ത്‌ നാം നമ്മുടെ സജീവ ചര്‍ച്ചയില്‍ നില നിറുത്തേണ്ടതുണ്ട്‌. ഇതും നാം മറക്കുകയാണെങ്കില്‍ ഇനിയും ഗുജറാത്തുകള്‍ ആവര്‍ത്തിക്കപ്പെടും...ഒരു സുഹൃത്തു പറഞ്ഞതു പോലെ നാമൊക്കെ കലാപത്തിന്റെ സന്താനങ്ങളാണെന്നു നാം മറക്കരുത്‌. ഹിറ്റ്‌ലറെയും ഫാസിസത്തെയും വിഷയമാക്കുന്ന ഒട്ടനവധി പുസ്തകങ്ങളും ചലചിത്രങ്ങളും പുറത്തു വന്നു കഴിഞ്ഞു. ഇനിയും വരും. അമേരിക്കയിലെ നിയോനാസിസം പോലെയുള്ള അപകടകരമായ പ്രവണതകളെക്കുറിച്ചു പ്രതിപാദിക്കുന്ന Amerian History X പോലെയുള്ള ചിത്രങ്ങള്‍ ഹോളിവുഡില്‍ നിന്നു പോലും വരുന്നു. സമൂഹത്തിലെ അപകടകരമായ പ്രവണതകള്‍ക്കെതിരെ വലിയൊരു പ്രതിരോധം തന്നെയാണ്‌ ഈ സിനിമകള്‍ തീര്‍ക്കുന്നത്‌. പടിഞ്ഞാറന്‍ സമൂഹത്തിന്‌ ഈ സിനിമകള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്‌...നമുക്കോ...? (പാശ്‌ചാത്യ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ദേശി-ബോളിവുഡ്‌-കച്ചവട-മസാല സിനിമകളാണ്‌ കാണാറുള്ളത്‌ എന്നതു കൊണ്ടാവാം സംഘപരിവാറിന്‌ ഏറ്റവും പണം ലഭിക്കുന്നതും പാശ്ചാത്യരാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ നിന്നാണ്‌.)


ഇതുപോലുള്ള വിഷയങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ സിനിമകള്‍ മുദ്രാവാക്യസിനിമകളായി മാറുന്നത്‌ ഇന്ത്യയില്‍ സാധാരണമാണ്‌. ജാനു ബറുവയുടെ Maine Gandhi ko nahi maara(2005), ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ എന്നിവ ഉദാഹരണം. ഈ അപകടം പര്‍സാനിയയ്ക്ക്‌ സംഭവിക്കുന്നില്ലെന്നത്‌ ചിത്രത്തിന്റെ വിജയം.


ഗുജറാത്തിലെ കൂട്ടക്കൊലയ്ക്കുശേഷം ഞാന്‍ 2002-ല്‍ ഗോധ്രയില്‍ പോയിരുന്നു. കരിഞ്ഞ ആ തീവണ്ടിയുടെ അവശിഷ്‌ടങ്ങള്‍ കാണാന്‍...ഒന്നു കരയാന്‍...നാട്ടിലേയ്ക്കു തിരിയ്കാനായി ട്രെയിനില്‍ കയറിയ ഉടനെ ഉറങ്ങുകയായിരുന്ന ഒരു കറുത്ത വര്‍ഗക്കാരന്‍ വിദേശി ഞെട്ടിയുണര്‍ന്ന് എന്നോടു ചോദിച്ചു....ഇതേതാണ്‌ സ്ഥലമെന്ന്‌...ഞാന്‍ പറഞ്ഞു ഗോധ്ര..


ദി സെയിം ഇന്‍ഫേമസ്‌ ഗോധ്ര...?


എന്തോ അയാള്‍ പിന്നീടുറങ്ങുന്നത്‌ ഞാന്‍ കണ്ടില്ല.

Saturday, October 13, 2007

സത്യം വിചാരണയില്‍

ചില സിനിമകള്‍ നാം ശ്രദ്ധിക്കുന്നത്‌ അവ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളുടെ പേരിലാണ്‌. കഥാഘടനയിലും അവതരണ രീതിയിലും തികച്ചും വ്യത്യസ്തമെങ്കിലും ആശയപരമായി സമാനത പുലര്‍ത്തുന്നു എന്നു തോന്നിയ രണ്ടു സിനിമകളെയാണ്‌ ഈ കുറിപ്പില്‍ പ്രതിപാദിക്കുന്നത്‌.


ദി ക്രൂസിബിള്‍(1996)


അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലെ ചില സംഭവങ്ങളെ-മസ്സാചുസെറ്റ്‌സ്‌ സംസ്ഥാനത്തെ സേലം എന്ന സ്ഥലത്ത്‌ 1692-ല്‍ നടന്ന ഭൂതോച്‌ഛാടനങ്ങള്‍(which hunt) -ആസ്പദമാക്കി പ്രശസ്ത അമേരിക്കന്‍ നാടകകൃത്ത്‌ ആര്‍തര്‍ മില്ലര്‍ രചിച്ച ക്രൂസിബിള്‍ എന്ന നാടകത്തിന്റെ ചലചിത്രാവിഷ്കാരമാണ്‌ Nicholas Hynter സംവിധാനം നിര്‍വഹിച്ച ഈ ചിത്രം. സേലത്തിനടുത്തെ ഒരു ക്രിസ്റ്റ്യന്‍ സമൂഹത്തിലെ ചില പെണ്‍കുട്ടികള്‍, ഇഷ്ടപുരുഷന്മാരെ കാമുകന്മാരായി ലഭിക്കുന്നതിനായി ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട്‌ ഒരു വനത്തില്‍ രാത്രി ഒരുമിച്ചു കൂടുന്നു. അവരുടെ ആചാരങ്ങള്‍ ആ സമൂഹത്തിലെ മതാദ്ധ്യക്ഷന്‍ റെവ. പാരിസ്‌ കാണാനിടയാകുന്നു. അതേ തുടര്‍ന്ന്‌ ആ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകള്‍ അസാധാരണമായി രോഗ ബാധിതയാവുന്നു. ഇതിനെ തുടര്‍ന്ന്‌ മന്ത്രവാദം സംശയിക്കപ്പെടുകയും ഭൂതോച്‌ഛാടനത്തിനായി റെവ.ഹെയില്‍ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന്‌ ആ ഇടവകയിലെ ജനങ്ങളൊന്നാകെ ഹിസ്റ്റീരിയ ബാധിച്ചതു പോലെ സംഭ്രാന്തിയിലാവുകയാണ്‌. പാരിസിന്റെ മരുമകള്‍ അബിഗേല്‍(Winona Ryder) തങ്ങള്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നു സമ്മതിക്കുകയും പിശാചുമായി നേരിട്ടു ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു. തെറ്റ്‌ ഏറ്റുപറഞ്ഞ സ്ഥിതിയ്ക്ക്‌ ആ ഗ്രാമത്തിലെ മറ്റ്‌ ഭൂതബാധിതരെ കണ്ടെത്താന്‍ ഈ പെണ്‍കുട്ടികളെ ഉപയോഗിക്കാമെന്ന്‌ മതാദ്ധ്യക്ഷന്മാര്‍ തീരുമാനിയ്ക്കുകയും അതേ തുടര്‍ന്ന്‌ നിരപരാധികളായ പല ഗ്രാമീണരും പെണ്‍കുട്ടികളുടെ പ്രതികാരത്തിനിരയാവുകയും ചെയ്യുന്നു. പിശാചുബാധ ആരോപിക്കപ്പെട്ടവരെ ശിക്ഷിക്കുന്നതിനായി മസ്സാച്ചുസെറ്റ്‌സിലെ സഭാകോടതി തന്നെ സ്ഥലത്തെത്തുകയാണ്‌. തടവിലാക്കപ്പെട്ടവരുടെ നിരപരാധിത്വം അറിയാവുന്ന ജോണ്‍ പ്രോക്ടര്‍(Daniel Day Lewis) പെണ്‍കുട്ടികളുടെ കളവ്‌ വെളിച്ചത്തു കൊണ്ടുവരുവാനായി ശ്രമിക്കുകയും അതേ തുടര്‍ന്ന്‌ പ്രോക്ടറുമായി മുന്‍പ്‌ അവിഹിതബന്ധം പുലര്‍ത്തിയിരുന്ന അബിഗേല്‍ അദ്ദേഹത്തിന്റെ ഭാര്യയെ ആരോപണ വിധേയയാക്കുന്നു. തുടര്‍ന്ന്‌ പ്രോക്റ്ററും തടവിലാകുന്നു....നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ തുടങ്ങുകയാണ്‌.

കുറ്റബോധവും തിന്മയും, ഭയത്തിന്റെയും പകയുടെയും സാന്നിധ്യത്തില്‍ എങ്ങനെ രൂപാന്തരപ്പെടുകയും, അന്ധവിശ്വാസങ്ങള്‍ എങ്ങനെ അതിനു വളമാകുകയും ചെയ്യുന്നുവെന്നതിന്റെ ഒരു സാമൂഹിക പഠനമായാണ്‌ മില്ലര്‍ തുടര്‍ന്നുള്ള രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. മില്ലറുടെ ഈ രചനയെ 1950-കളിലെ McCartheism-വുമായി നിരൂപകന്മാര്‍ ബന്ധപ്പെടുത്താറുണ്ട്‌. ശീതയുദ്ധത്തിന്റെ ആരംഭകാലത്ത്‌ റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജോസഫ്‌ മക്‌കാര്‍ത്തി കമ്മ്യൂണിസ്റ്റ്‌ ബന്ധമാരോപിച്ച്‌ വ്യക്തിവൈരാഗ്യമുണ്ടായിരുന്ന പലരെയും അറസ്റ്റു ചെയ്യുക്കയും പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി (Red hunt) ഈ രചനയ്ക്ക്‌ അസാധാരണമായ സമാനതയുണ്ട്‌. മില്ലര്‍ തന്നെ ഈ ചുവന്ന വേട്ടയ്ക്ക്‌ ഇരയായിരുന്നുവെന്നോര്‍ക്കണം. പ്രശസ്ത സംവിധായകനായ ജൂള്‍സ്‌ ഡാസിന്‍(Jules Dasin) ഈ കമ്മ്യൂണിസ്റ്റ്‌ വേട്ടയെ തുടര്‍ന്ന്‌ ഫ്രാന്‍സിലേക്ക്‌ നാടു വിടേണ്ടി വന്നവരില്‍ പ്രമുഖനാണ്‌.



Daniel Day Lewis തന്റെ എല്ലാ ചിത്രങ്ങളിലെയും പോലെ മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നു. രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിട്ടുള്ളത്‌ static camera ഉപയോഗിച്ചാണ്‌. ക്ലോസപ്പുകളും വിദൂര ദൃശ്യങ്ങളും അതിവിരളം. പ്രേക്ഷകന്‍ സിനിമയുമായി താദാത്മ്യം സ്വീകരിക്കുന്നതിന്‌ ഈ രചനാ രീതി ഒരു ചെറിയ തടസ്സമായി നില്‍ക്കുന്നു. ഒരു പ്രേക്ഷകന്‍ മില്ലറുടെ നാടകത്തെ എന്നപോലെയാണ്‌ സംവിധായകന്‍ സിനിമയെ സമീപിച്ചിരിക്കുന്നതെന്ന്‌ വ്യക്തം. എങ്കിലും അവതരണ രീതി ഒട്ടു മുറുക്കമുള്ളതു തന്നെയാണ്‌.



ചിത്രത്തിന്റെ അവസാനം, ജീവന്‍ സംരക്ഷിക്കുന്നതിനായി താന്‍ മന്ത്രവാദം നടത്തിയെന്ന വ്യാജപ്രസ്താവനയില്‍ പ്രോക്ടര്‍ ഒപ്പു വെയ്ക്കുന്നുണ്ട്‌. എന്നാല്‍ ആ പ്രസ്താവന പരസ്യമാകപ്പെടുമെന്നും തന്റെ പേര്‌ നശിപ്പിക്കപ്പെടുമെന്നും അറിയുന്ന പ്രോക്ടര്‍ ആ പ്രസ്താവന നശിപ്പിച്ച്‌ മരണശിക്ഷ തെരഞ്ഞെടുക്കുകയാണ്‌. അതിനദ്ദേഹത്തിന്റെ ന്യായം ഇപ്രകാരമാണ്‌...കാരണം...അതെന്റെ പേരാണ്‌...എനിക്ക്‌ ഈ ജീവിതത്തില്‍ മറ്റൊരു പേര്‌ ഇല്ലല്ലോ...!!!


ഇന്‍ ദി നെയിം ഓഫ്‌ ദി ഫാദര്‍(1993)


എഴുപതുകളുടെ ആരംഭത്തില്‍ ഇംഗ്ലണ്ടിലെ Guildford എന്ന സ്ഥലത്ത്‌ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മി(IRA) നടത്തിയ സ്ഫോടനത്തില്‍ ഏതാനും ആളുകള്‍ കൊല്ലപ്പെടുകയും കുറെയേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റവാളികളെ കണ്ടുപിടിയ്ക്കുക എന്നത്‌ അഭിമാന പ്രശ്നമായി തീര്‍ന്ന ഇംഗ്ലണ്ട്‌ പോലീസ്‌, നിരപരാധികളായ നാലു ഐറിഷ്‌ യുവാക്കളെയും അവരുമായി ബന്ധമുണ്ടായിരുന്ന മറ്റ്‌ ഏഴു പേരെയും അറസ്റ്റു ചെയ്തു. ദിവസങ്ങള്‍ നീണ്ട കൊടിയ മര്‍ദ്ദനങ്ങള്‍ക്ക്‌ ശേഷം അവര്‍, കോടതിയില്‍ സത്യം തെളിയിക്കാം എന്ന പ്രതീക്ഷയില്‍ കുറ്റപത്രത്തില്‍ ഒപ്പിട്ടു. എന്നാല്‍ ഇംഗ്ലണ്ടിലെ കോടതിയും അവരെ ശിക്ഷിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കു ശേഷം 1989-ല്‍ അവര്‍ കുറ്റവിമുക്തരായി. ബ്രിട്ടീഷ്‌ നിയമവാഴ്‌ചയുടെ ചരിത്രത്തിലെ നാണംകെട്ട ഒരു അധ്യായമാണ്‌ guildford four സംഭവം. പ്രസ്തുത സംഭവത്തെ ആസ്പദമാക്കി പ്രശസ്ത ഐറിഷ്‌ സംവിധായകന്‍ ജിം ഷെരിദാന്‍ ഒരുക്കിയ ചലചിത്രമാണ്‌ In the name of the father(1993).





ചില്ലറ മോഷണങ്ങളും മദ്യപാനവുമായി നടക്കുന്ന ജെറിക്ക്‌ IRA യുമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ പേരില്‍ ഇംഗ്ലണ്ടിലേക്ക്‌ നാടു വിടേണ്ടി വരുന്നു. അവിടെ അയാള്‍ ഒരു മുന്‍ സുഹൃത്ത്‌ പോള്‍ ഹില്ലിനെ കണ്ടുമുട്ടുന്നു. തുടര്‍ന്ന് ഗില്‍ഡ്‌ഫോര്‍ഡിലെ ഒരു പബ്ബില്‍ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അവര്‍ അറസ്റ്റിലാകുന്നു. ജെറി ഇടയ്ക്ക്‌ സന്ദര്‍ശിച്ചിരുന്ന അയാളുടെ അമ്മായിയുടെ കുടുംബവും, അയാളെ കാണാന്‍ വരുന്ന അയാളുടെ പിതാവും എല്ലാം പിന്നീട്‌ അറസ്റ്റിലാകുന്നുണ്ട്‌. പിന്നീട്‌ അവര്‍ സഹിക്കേണ്ടി വരുന്ന മര്‍ദ്ദനങ്ങളും ജയില്‍വാസവും അവസാനം മോചനവും കൂടിയായാല്‍ കഥ പൂര്‍ണ്ണമായി. പക്ഷേ സംവിധായകന്‌ ഇനിയും ചിലതൊക്കെ പറയാനുണ്ട്‌...അതാണ്‌ സിനിമയുടെ ജീവനും.


ജെറി(Daniel Day Lewis) അയാളുടെ പിതാവില്‍(Pete Postlethwaite) നിന്നും വളരെ വ്യതസ്തനാണ്‌. ജെറി ഒരു മദ്യപാനിയും മയക്കുമരുന്ന് ഉപയോഗിക്കുന്നവനും ചെറുകിട മോഷ്ടാവും, ഒട്ടും ചിന്താശേഷിയില്ലത്തവനുമാകുമ്പോള്‍ അയാളുടെ പിതാവ്‌ തികഞ്ഞ ഈശ്വരവിശ്വാസിയും, കഠിനാധ്വാനിയും, ആത്മാഭിമാനമുള്ളവനുമാണ്‌...ജയിലില്‍ ഒരേ മുറി പങ്കുവെയ്ക്കാനിടയാകുന്ന അവര്‍ക്കു തമ്മില്‍ തികച്ചും അസാധാരണമായ ഒരു ബന്ധം ഉടലെടുക്കുകയാണ്‌. ഇത്‌ ജെറിയെ ആകെ മാറ്റുന്നു. ഒരു സാമൂഹിക വിരുദ്ധനെന്ന അവസ്ഥയില്‍ നിന്നും നീതിയുടെ പതാക വാഹകനാകുന്ന ജെറിയുടെ മാറ്റമാണ്‌ പിന്നീട്‌ ചിത്രത്തെ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. ഈരണ്ടു നടന്മാരും അസാധാരണമായ അഭിനയ മികവാണ്‌ ചിത്രത്തിലുടനീളം കാഴ്‌ച വെയ്ക്കുന്നത്‌.



ചരിത്രത്തിലെ സംഭവത്തില്‍ അത്രയൊന്നും
പ്രാധാന്യമില്ലാതിരുന്ന ജെറിയുടെ പിതാവിന്‌ സിനിമയില്‍ ഇത്രയേറെ പ്രാധാന്യം നല്‍കിയതെന്തിനാണെന്ന്‌ സംവിധായകന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്‌... ഐറിഷ്‌ ചരിത്രത്തിലോ സാഹിത്യത്തിലോ റോള്‍ മോഡലുകളയേക്കാവുന്ന പിതാക്കന്മാരില്ല. നല്ല മാതാപിതാക്കളെ കുറിച്ച്‌ ഐറിഷ്‌ സാഹിത്യം ഒന്നും പറഞ്ഞിട്ടില്ല. ആ കുറവു നികത്തുന്നതിനാണ്‌ താന്‍ ഇങ്ങനെ ചെയ്തതെന്നാണ്‌ ഷെറിഡാന്‍ വിശദീകരിക്കുന്നത്‌.


ചരിത്രം പറയുമ്പോഴും കലാകാരന്റേതായ സ്വാതന്ത്ര്യങ്ങള്‍ സംവിധായകന്‍ എടുക്കുന്നുണ്ട്‌...ഒരു പക്ഷേ അതിലധികവും. IRA എന്ന തീവ്രവാദ സംഘടനയേയോ ജെറി എന്ന സാമൂഹ്യവിരുദ്ധനേയോ വെള്ള പൂശാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ലെങ്കിലും ആഖ്യാനം സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ഗുരുതരമായ ചില സത്യങ്ങള്‍ സംവിധായകന്‍ മനപൂര്‍വ്വംവിട്ടു കളയുന്നുണ്ട്‌. ജെറിയുടെ സുഹൃത്ത്‌ പോള്‍ ഹില്‍ IRA അംഗത്വമുള്ളയാളായിരുന്നുവെന്നും, ജെറി തന്നെ IRA യുടെ ഒരു യുവജന സംഘടനയില്‍ അംഗമായിരുന്നെങ്കിലും സ്വഭാവ ദൂഷ്യം കാരണം പുറത്താക്കപ്പെട്ടവനായിരുന്നു എന്നതുമാണത്‌. പോള്‍ ഹില്‍ ഒരു ഒറ്റുകാരനാണെന്ന്‌ IRA സംശയിച്ചിരുന്നു. അതിനാല്‍ IRA യുടെ രഹസ്യ അറിയിപ്പിനെ തുടര്‍ന്നാണ്‌ ഇരുവരും അറസ്റ്റിലാകുന്നത്‌. ഈ സങ്കീര്‍ണതകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പോലും ജെറിയുടെ കഥാപാത്രം Daniel Day Lewis ന്റെ കൈയില്‍ ഭദ്രമായേനെ...ഒരു പക്ഷേ കൂടുതല്‍ മികച്ചതായേനെ. പക്ഷേ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ഹോളിവുഡ്‌ സ്റ്റുഡിയോയുടെ ആത്യന്തിക ലക്ഷ്യം സത്യം പറയുക എന്നതിനേക്കാള്‍ വിനോദിപ്പിക്കുക എന്നതാണല്ലോ...! പ്രേക്ഷകര്‍ എന്തു മനസ്സിലാക്കണമെന്നതിന്‌, എന്തു ചിന്തിക്കണമെന്നതിന്‌ ഹോളിവുഡിന്‌ എപ്പോഴും നിര്‍ബന്‌ദ്ധബുദ്ധി തന്നെയുണ്ടല്ലോ...


ജെറിയുടെ പിതാവ്‌ ജയിലില്‍ വെച്ച്‌ മരണപ്പെടുന്നുണ്ട്‌. എന്നാല്‍ താന്‍ ജയില്‍ മോചിതനായതിനു ശേഷവും മരണപ്പെട്ട തന്റെ പിതാവിന്റെ പേരിലുള്ള ആരോപണങ്ങള്‍ നിയമപരമായി റദ്ദ്‌ ചെയ്യാനാണ്‌ അയാളുടെ പോരാട്ടമത്രയും...തന്റെ പിതാവിന്റെ പേരിനു വേണ്ടി...


ഈ രണ്ടു ചിത്രങ്ങളും പേര്‌ എന്ന ആശയത്തെ, അതിന്റെ പ്രാധാന്യത്തെ പ്രശ്നവത്‌കരിക്കുന്നുണ്ട്‌. എന്നാല്‍ അതിലേറെ ഈ രണ്ടു ചിത്രങ്ങളും ചരിത്രത്തിന്‌ ഒരു മുന്നറിയിപ്പാകുകയാണ്‌...സത്യവും നീതിയും വിചാരണയ്ക്ക്‌ വരാം..എന്നാല്‍ അപ്പോഴൊക്കെയും അവ പരാജയപ്പെടുകയായിരുന്നു.

Thursday, May 24, 2007

Cache (2005)

സിനിമ, നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണെന്ന്‌ പറഞ്ഞത്‌ ഫ്രഞ്ച്‌ ചലചിത്രകാരന്‍ ഗൊദാര്‍ദ്‌ ആണ്‌. ഫ്രെഞ്ച്‌ ഭാഷയില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആസ്ത്രിയന്‍ സംവിധായകന്‍ മിഷേല്‍ ഹാനേക്‌(Michael Haneke) പറഞ്ഞത്‌ സിനിമ നിമിഷത്തില്‍ 24 ഫ്രെയിമുള്ള നുണയാണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ നാം കാണുന്നതല്ല നാം കാണുന്നതെന്ന്‌ വിചാരിക്കുന്നത്‌ എന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്‌ ഹാനേകിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ Cache(hidden)(2005). മനശാസ്ത്രപരമായ സാധ്യതകളുള്ള ഒരു ത്രില്ലര്‍, സാമൂഹ്യവിമര്‍ശനം സാധ്യമാക്കുന്ന, ഉന്നതമായ കലാമൂല്യമുള്ള ഗൗരവമേറിയ ഒരു കലാസൃഷ്ടി, ചരിത്രത്തെക്കുറിച്ച്‌ നൂതനമായ ഒരു കാഴ്ചപ്പാട്‌ ഇവയിലേതെങ്കിലും ഒന്ന്‌ നേടാനായാല്‍ തന്നെ അത്‌ സിനിമയെ ശ്രദ്ധാര്‍ഹമാക്കുന്നുവെങ്കില്‍ Cache ഒരേ സമയം ഇതെല്ലാമാണ്‌.




Cache തീര്‍ച്ചയായും എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു Entertainer അല്ല. തന്റെ സിനിമയുടെ കാഴ്ചക്കാര്‍ ഏതു തരം ആളുകളാണെന്ന്‌ ഹാനേക്കിന്‌ കൃത്യമായറിയാം. തന്റെ കാണികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത അവര്‍ (നമ്മള്‍) സ്വയം തങ്ങളെക്കുറിച്ച്‌ വംശവെറിയുള്ളവരെന്നോ ജാതിവ്യത്യാസങ്ങള്‍ പരിഗണിക്കുന്നവരെന്നോ ഒരിക്കലും കരുതാത്ത വിദ്യാസമ്പന്നരും, ലിബറലുമായ മധ്യവര്‍ഗക്കാരാണെന്നാണ്‌. മാത്രമല്ല അവര്‍ ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായ ജോര്‍ജ്ജിനേയും ആനിയേയും പോലെ കലയിലും സാഹിത്യത്തിലും താത്‌പര്യമുള്ളവരാണെന്ന്‌ കൂടി സംവിധായകന്‍ പ്രതീക്ഷിക്കുന്നു.



സിനിമ തുടങ്ങുന്നത്‌ പാരീസിന്റെ പ്രാന്തങ്ങളിലുള്ള ഒരു വീടിന്റെ, അനേകം മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഒരു static medium range ഷോട്ടിലൂടെയാണ്‌. ദമ്പതികളായ ജോര്‍ജും ആനിയും ഒരു വീഡിയോ കാണുകയാണ്‌. ഇത്‌ നമുക്ക്‌ ആദ്യം മനസ്സിലാവുകയില്ല. അത്‌ അവരുടെ വീടിന്റെ പുറമെ നിന്ന്‌ കിട്ടിയതാണ്‌. പിന്നീട്‌ നാം മനസ്സിലാക്കുന്നു ഇത്‌ അവരുടെ തന്നെ വീടിന്റെതാണ്‌. ഈ വീഡിയോ അതില്‍ തന്നെ അപകടകരമല്ല. പക്ഷെ അതിന്റെ ഉറവിടം അജ്ഞാതമാണെന്നതാണ്‌ ഇവിടെ ഭീതിജനകം.


ജോര്‍ജ്ജ്‌ (Daniel Auteuil) ഒരു ടിവി ചാനലില്‍ സാഹിത്യപ്രധാനമായ ഒരു ചര്‍ച്ചാപരിപാടിയുടെ അവതാരകനാണ്‌. ആനിയാകട്ടെ (Juliette Binoche) ഒരു പുസ്തകപ്രസാധന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇവരെ കൂടാതെ പന്ത്രണ്ട്‌ വയസ്സുള്ള മകനാണ്‌ കുടുംബത്തിലെ മറ്റൊരംഗം. ഈ വീഡിയോ ടേപ്പ്‌ ആരുടെ സൃഷ്‌ടിയാണെന്ന്‌ തനിക്കറിയാമെന്ന്‌ ജോര്‍ജ്ജ്‌ സംശയിക്കുന്നു. ഇവിടെയാണ്‌ മജീദ്‌ കഥയിലേക്ക്‌ വരുന്നത്‌. അള്‍ജീരിയക്കാരായ മജീദിന്റെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ ചെറുപ്പകാലത്ത്‌ വീട്ടിലെ ജോലിക്കാരായിരുന്നു. അവര്‍ 1961 ല്‍ അള്‍ജീരിയന്‍ വംശീയര്‍ക്കെതിരെ പാരീസില്‍ നടന്ന കൂട്ടവെടിവെയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ജോര്‍ജ്ജിന്റെ മാതാപിതാക്കള്‍ മജീദിനെ ദത്തെടുക്കാന്‍ ശ്രമിക്കുന്നു. മജീദിനെ വംശീയമായ വ്യത്യാസങ്ങളുടെ പേരില്‍ വെറുത്തിരുന്ന ജോര്‍ജ്ജ്‌ മജീദിനെതിരെ നുണകള്‍ ആസൂത്രണം ചെയ്യുകയും അങ്ങനെ മജീദ്‌ അനാഥമന്ദിരത്തിലേക്ക്‌ മാറ്റപ്പെടുകയും ചെയ്യുന്നു.

തനിക്ക്‌ കിട്ടിയ മറ്റൊരു ടേപ്പ്‌ പിന്തുടരുന്ന ജോര്‍ജ്ജ്‌ എത്തിപ്പെടുന്നത്‌ മജീദിന്റെ വീട്ടില്‍ തന്നെയാണ്‌. മജീദാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കാനാവുന്നതു പോലെ ശ്രമിക്കുന്നുണ്ട്‌. ജോര്‍ജ്ജാകട്ടെ തന്റെ സ്വതസിദ്ധമായ അഹങ്കാരത്തോടും ധാര്‍ഷ്‌ട്യത്തോടും കൂടിയാണ്‌ മജീദിനെ നേരിടുന്നത്‌. ഇങ്ങനെ ഒരു സ്ഥിതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നതേയുള്ളൂ.

എളുപ്പത്തിലുള്ള ഒരു ഉത്തരത്തിനും Cache ശ്രമിക്കുന്നില്ല. High defenition വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ സംവിധായകന്‍ ഇവിടെ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്നത്‌. ഇതിനാല്‍ നാം കാണുന്നത്‌ സിനിമയാണോ, വീഡിയോ ടേപ്പാണോ എന്ന്‌ തിരിച്ചറിയാനോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കൃത്യമായി മനസ്സിലാക്കാനോ പ്രേക്ഷകന്‌ കഴിയുന്നില്ല. സിനിമ എന്നത്‌ നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണോ അതൊ നുണയാണോ അതോ രണ്ടിന്റെയും ഇടയിലെന്തെങ്കിലുമാണോ എന്ന സന്ദേഹം തീര്‍ച്ചയായും പ്രേക്ഷകനിലുണ്ടാവുന്നു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കുള്ള എല്ലാ സൂചനകളും സംവിധായകന്‍ പകല്‍ വെളിച്ചത്തിലെന്ന പോലെ തുറന്നു വെയ്ക്കുന്നതിനാല്‍ സൂചനകള്‍ നാം കാണാതെ പോകുന്നു. ജോര്‍ജ്ജിന്റെയും ആനിയുടേയും ആംഗിളില്‍ നിന്നാണ്‌ നാം വീഡിയോ ടേപ്പിന്റെ പ്രശ്‌നത്തെ സമീപിക്കുന്നതെങ്കിലും നാമും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നതിനാല്‍ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്ന അജ്‌ഞ്ഞാതനെപ്പോലെ ഒളിഞ്ഞുനോട്ടക്കാരനും കടന്നുകയറ്റക്കാരനുമാക്കപ്പെടുന്നു.

വെറുമൊരു ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തം. അസാധാരണമായ രീതിയിലുള്ള Editing, പശ്‌ചാത്തല സംഗീതത്തിന്റെ അസാനിധ്യം, ഞൊടിയിടയില്‍ രൂപപ്പെടുന്നതും അതികഠിനവുമായ വയലന്‍സ്‌ എന്നിവയിലൂടെ ഒരു Entertainer അല്ല തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. മറിച്ച്‌, ജോര്‍ജ്ജ്‌, ആനി എന്നീ മുഖ്യകഥാപാത്രങ്ങളുടെ ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക പടിഞ്ഞാറന്‍ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും മൂന്നാം ലോക രാജ്യങ്ങളോടും പടിഞ്ഞാറിന്റെ സമീപനത്തിന്റെ ഫ്രെയിമിലൂടെ പരിശോധിക്കുന്നു അദ്ദേഹം. സാമൂഹികമായ ഈ മാനത്തിനു പുറമെ, ചരിത്രപരമായ കുറ്റബോധം സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, സൂക്ഷ്‌മതലത്തില്‍ അതായത്‌ വ്യക്തി ജീവിതത്തില്‍ അത്‌ എങ്ങനെ പ്രകാശിതമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ ഒരു മാനം കൂടി ഈ ചിത്രത്തിനുണ്ട്‌.
വീഡിയോ ടേപ്പുകള്‍ സൃഷ്ടിക്കുന്ന ഭീതിയെക്കുറിച്ചും തന്റെ മകനെക്കുറിച്ചും ഭര്‍ത്താവിന്റെ വിശ്വസ്‌തതയെക്കുറിച്ചും എല്ലാം ഉത്‌കണ്ഠയില്‍ വളരുന്ന ആനിയെ അവതരിപ്പിച്ച Juliette Binoche കഥയുടെ പുരോഗതിയെയും സസ്‌പെന്‍സിനെയും മുറുക്കമുള്ളതാക്കുന്നു. Binoche യുടെ സ്വതവെയുള്ള Vulnerable face ആനിക്ക്‌ തികച്ചും അനുയോജ്യമാണ്‌. എന്നാല്‍ സ്വന്തം കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ വിസമ്മതിക്കുന്ന, കുറ്റബോധത്തെ മനസ്സിന്റെ അടിത്തട്ടില്‍ മൂടിവെയ്ക്കുന്ന ജോര്‍ജ്ജിനെ അവതരിപ്പിച്ച ദാനിയേല്‍ ആഷ്‌ലി (Daniel Auteuil) യാണ്‌ സിനിമയുടെ മുഖ്യ ആശയത്തെ തോളിലേറ്റുന്നത്‌. അള്‍ജീരിയന്‍ വംശജരോടുള്ള ക്രൂരതകളുടെ ചരിത്രത്തെ മൂടി വെയ്ക്കുന്ന മുഖ്യധാരാ ഫ്രഞ്ച്‌ സമൂഹം, മാത്രമല്ല മുഴുവന്‍ പടിഞ്ഞാറന്‍ സാംസ്കാരിക ചരിത്രത്തിനു തന്നെ ജോര്‍ജ്ജ്‌ ഒരു metaphor ആകുന്നു. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളാല്‍ അസ്വസ്‌ഥനാക്കപ്പെടുന്ന ജോര്‍ജ്ജ്‌ തന്റെ മുറിയില്‍ കയറി വാതിലുകളും ജനലുകളും അടച്ച്‌, ഉറക്കഗുളികകള്‍ കഴിച്ച്‌ ഉറങ്ങി വിശ്രമിക്കാനാണ്‌ ശ്രമിക്കുന്നത്‌...
Cache കണ്ടു കഴിയുമ്പോള്‍ ഏറ്റവും ഉപരിതലത്തിലുണ്ടാവുന്ന ചോദ്യം ആരാണ്‌ വീഡിയോ ടേപ്പുകള്‍ സൃഷ്‌ടിച്ചത്‌ എന്നതാവാം...ഈ ചോദ്യം ഗൗരവമായെടുക്കുന്ന പ്രേക്ഷകന്‌ ഉത്തരം കണ്ടുപിടിക്കുക എന്നത്‌ ബുദ്ധിപരമായ ഒരു വെല്ലുവിളിയാണ്‌. ഇനി നിങ്ങള്‍ എത്തിച്ചേരുന്ന ഉത്തരമാകട്ടെ നിങ്ങളുടെ ചിന്താരീതിയെയും സാമ്പത്തിക - സാമൂഹിക നിലകളേയും ആശ്രയിച്ചു കൂടിയിരിക്കും. ഈ ചോദ്യത്തിന്‌ എനിക്കു കിട്ടിയ ഉത്തരം ഇവിടെ പങ്കു വെയ്ക്കുന്നില്ല. ചിത്രം കാണുന്നവരുണ്ടെങ്കില്‍ അവരുടെ കൂടി താത്‌പര്യപ്രകാരം പിന്നീട്‌ ചര്‍ച്ച ചെയ്യാനായി മാറ്റി വെയ്‌ക്കുന്നു. ചിത്രത്തിലൊരിക്കല്‍ ജോര്‍ജ്ജ്‌ അവതരിപ്പിക്കുന്ന ടിവി പ്രോഗ്രാമിനു ശേഷം പരിപാടിയുടെ end credits കഴിയുന്നതു വരെ ഇരിപ്പിടത്തില്‍ തന്നെയിരിക്കാന്‍ നിര്‍മ്മാതാവ്‌ ആവശ്യപ്പെടുന്നുണ്ട്‌. ഇത്‌ പ്രേക്ഷകനോടുള്ള സംവിധായകന്റെ നിര്‍ദ്ദേശമാണ്‌...End credits വരെ ശ്രദ്ധയോടെ കാണുക....