സൈറസിന്റെ കുടുംബത്തിന്റെ മധ്യവര്‍ഗ സ്വപ്നങ്ങളും അവരുടെ ഉല്ലാസങ്ങളും സുഹൃദ്‌വലയത്തില്‍ വരുന്ന ഗാന്ധി ഭക്തനായ വൃദ്ധനും, ഗാന്ധിയെക്കുറിച്ചു പഠിക്കാന്‍ വന്ന മദ്യപാനിയായ അലന്‍ എന്ന വിദേശി യുവാവും, കള്ളവാറ്റുകാരനായ ഒരു സമീപവാസിയും മറ്റ് അയല്‍വാസികളുമെല്ലാമടങ്ങുന്ന ഒരു ഗുജറാത്തി സമൂഹത്തെ താളാത്‌മകമായി അവതരിപ്പിക്കുകയാണ് സിനിമയുടെ ആദ്യഭാഗം. ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അതിനു മുഖ്യകാരണം ഗുജറാത്ത് ഗാന്ധിജിയുടെ നാടാണെന്നുള്ളതല്ല, മറിച്ച്, സംസ്ഥാനം ഭരിക്കുന്ന പരിഷത്തിന്റെ ഐഡിയോളജി മദ്യപാനം അംഗീകരിക്കുന്നില്ല എന്നതാണ്. ഹിറ്റ്‌ലറുടെ നാസികളടക്കം ചരിത്രത്തിലെ അപകടകരമായ എല്ലാ തത്വശാസ്ത്രങ്ങളും സദാചാരപരത്യ്ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു എന്നത് ചരിത്രത്തിന്റെ ഐറണി. മദ്യപിച്ച് മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറാനൊരുങ്ങുന്ന അലനെ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ മൃഗീയമായി അക്രമിക്കുന്നത് നാം കാണുന്നുണ്ട്.
ഗോധ്രയില്‍ തീവണ്ടിക്ക് തീ പിടിച്ച സംഭവത്തോടെ സ്ഥിതിഗതികളാകെ മാറുന്നു. ഗോധ്രയിലെ തീ ഗുജറാത്തിലുടനീളം പടരുന്നു. സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഹിന്ദുത്വവാദികള്‍ മറ്റു മതസ്ഥരെ കൊല ചെയ്യുന്നത് പിന്നീടുള്ള രംഗങ്ങളില്‍ ഏറെക്കുറെ ദീര്‍ഘമായി എന്നാല്‍ രക്തരൂക്ഷിതമല്ലാതെ ചിത്രം document ചെയ്യുന്നു. മുസ്ലീമുകളല്ലെങ്കിലും സൈറസിന്റെ കുടുംബവും ഒഴിവാക്കപ്പെടുന്നില്ല. അയല്‍വാസികളായ ഹിന്ദുക്കളും അവര്‍ക്കുമുന്നില്‍ വാതിലടയ്ക്കുന്നു. ഒരാഴ്‌ചയോളം നീണ്ടു നിന്ന ഭീകരസംഭവങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ സൈറസ് തന്റെ ഭാര്യയെയും മകളെയും കണ്ടെത്തുന്നുണ്ട്. അയല്‍വാസിയായ ഒരു ഹൈന്ദവബാലന്റെ അവസരോചിതമായ സഹായത്തോടെയാണ് സൈറസിന്റെ ഭാര്യയും മകളും കലാപകാരികളില്‍ നിന്നും രക്ഷപ്പെടുന്നത്. എന്നാല്‍ പര്‍സാനെ പിന്നീട് നാം കാണുന്നില്ല. സൈറസിന്റെ പിന്നീടുള്ള യാത്രകള്‍ പര്‍സാനെ അന്വേഷിച്ചുള്ളതാണ്. ഈ യാത്രയിലാകട്ടെ അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത് നാം കാണുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും അഴിമതിയും ഈ കൂട്ടക്കൊലയില്‍ അവര്‍ക്കുള്ള പങ്കും പ്രത്യക്ഷമായി ചിത്രം സൂചിപ്പിക്കുന്നുണ്ട്. കലാപകാരികളെ വിചാരണ ചെയ്യുന്ന ഒരു കോടതി രംഗത്തിലാണ് ചിത്രം അവസാനിക്കുന്നത്. സാക്ഷികള്‍ പലരും വിലയ്ക്കെടുക്കപ്പെടുന്നു. എന്നാല്‍ സധൈര്യം സത്യത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ പലരും തയ്യാറാവുന്നുമുണ്ട്. യാഥാര്‍ത്‌ഥ്യത്തോട് നീതി പുലര്‍ത്തുന്നതു കൊണ്ടാവാം കാര്യമായ ശുഭാപ്തിബോധമൊന്നും അവസാന രംഗത്തിലും ചിത്രം മുന്നോട്ടു വെയ്ക്കുന്നില്ല. കലാപത്തിനിടയില്‍ കാണാതായ 12 വയസ്സുകാരന്‍ അസ്‌ഹറിനെക്കുറിച്ചറിവു ലഭിക്കുന്നവര്‍ തങ്ങളെ അറിയികണമെന്ന് ഒരു ഗുജറാത്തി പാഴ്‌സി കുടുംബം നമ്മോടഭ്യര്‍ഥിക്കുന്നുണ്ട്. ഈ അസ്‌ഹറാണ് സിനിമയിലെ പര്‍സാന്‍.
ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ് ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ Amu(2005), മണിരത്നത്തിന്റെ ബോംബെ(1995) എന്നിവ. എന്‍.എസ് മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട് ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് ചോദിച്ചത് എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ചായിരുന്നു. ബോംബെ കലാപത്തെ (ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്നത്തിന്റെ ബോംബെ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട് ഹിന്ദുത്വ അജണ്ടയെ ഒളിച്ച് കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാശ്മീരിലെ തീവ്രവാദത്തെ മസാലവത്‌കരിച്ച റോജയും അതിവിദഗ്‌ദമായി ഹൈന്ദവ ഫാസിസത്തിന്റെ വിഷം ചീറ്റുന്ന ഒന്നായിരുന്നു. മണിരത്നത്തിന്റെ രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വന്‍ വിജയമായിരുന്നെന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മിലെത്രപേര്‍ പര്‍സാനിയയും കായാതരണും അമുവും കണ്ടിട്ടുണ്ട്..?
2005-ലെ മികച്ച സംവിധായകനും മികച്ച നടിയ്ക്കുമുള്ള(സരിക) ദേശീയ അവാര്‍ഡ് പര്‍സാനിയ നേടുകയുണ്ടായി, എന്നാല്‍ അവാര്‍ഡു പ്രഖ്യാപനം കോടതി സ്റ്റേ ചെയ്യുക വരെയുണ്ടായി. ഈ വര്‍ഷമാണ് നീണ്ട നിയമയുദ്ധത്തിനു ശേഷം പര്‍സാനിയയ്ക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതും. ഗുജറാത്തു കലാപത്തെ ഏറ്റവും സത്യ സന്ധമായി സമീപിച്ച ഈ ചിത്രം ഇനിയും ഗുജറാത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും നാം ഓര്‍ക്കണം. എന്തിനധികം, പുരോഗമനവാദികള്‍ ഏറെയുണ്ടെന്നു കരുതപ്പെടുന്ന കോഴിക്കോട് രാം കെ നാം എന്ന ചിത്രം പ്രദര്‍ശിപ്പിക്കാനെത്തിയ ആനദ് പട്‌വര്‍ധനെ RSS അനുകൂലികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചു തന്നെ മടക്കി അയക്കുകയായിരുന്നു(മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്ച ഓര്‍മ്മ).
മനുഷ്യസ്നേഹം അല്‍പമെങ്കിലും അവശേഷിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടുകള്‍ വന്നു...പോയി. അതിനെ രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ് ബി ജെ പിയും പിന്നെ പൊതു സമൂഹവും തള്ളിക്കളഞ്ഞു. രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ തന്നെ സത്യം അസത്യമാകുമോ...? രാഷ്ട്രീയപ്രേരിതം എന്ന പ്രയോഗം ഇന്ത്യയില്‍ ഇന്ന് വളരെ ഫലപ്രദമായൊരായുധമാണ്. (ഐസ്ക്രീം കേസു വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയും, വിമാനക്കേസു വന്നപ്പോള്‍ ജോസഫും, ലാവ്‌ലിന്‍ വന്നപ്പോള്‍ പിണറായിയും, തങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ വന്നപ്പോള്‍ കുരുവിളയും ചെന്നിത്തലയും പറഞ്ഞത് രാഷ്‌ട്രീയപ്രേരിതമെന്നാണ്.) ഗുജറാത്തിലെ കൂട്ടക്കൊലയെക്കുറിച്ച് റാല്‍മിനോവ് എന്നൊരു ബ്ലോഗര്‍ തികച്ചും നിരുത്തരവാദപരമായി പ്രതികരിച്ചത് വേദനയോടെയാണ് വായിച്ചത്.
പര്‍സാനിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തിലെ മുറിപാടുകളെ മൂടി വെയ്ക്കാനാണ് നാം ഇന്നോളം പരിശ്രമിച്ചത്. അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ കലാപങ്ങള്‍ ആവര്‍ത്തിയ്ക്കുകയുണ്ടായി. ഗുജറാത്ത് നാം നമ്മുടെ സജീവ ചര്‍ച്ചയില്‍ നില നിറുത്തേണ്ടതുണ്ട്. ഇതും നാം മറക്കുകയാണെങ്കില്‍ ഇനിയും ഗുജറാത്തുകള്‍ ആവര്‍ത്തിക്കപ്പെടും...ഒരു സുഹൃത്തു പറഞ്ഞതു പോലെ നാമൊക്കെ കലാപത്തിന്റെ സന്താനങ്ങളാണെന്നു നാം മറക്കരുത്. ഹിറ്റ്‌ലറെയും ഫാസിസത്തെയും വിഷയമാക്കുന്ന ഒട്ടനവധി പുസ്തകങ്ങളും ചലചിത്രങ്ങളും പുറത്തു വന്നു കഴിഞ്ഞു. ഇനിയും വരും. അമേരിക്കയിലെ നിയോനാസിസം പോലെയുള്ള അപകടകരമായ പ്രവണതകളെക്കുറിച്ചു പ്രതിപാദിക്കുന്ന Amerian History X പോലെയുള്ള ചിത്രങ്ങള്‍ ഹോളിവുഡില്‍ നിന്നു പോലും വരുന്നു. സമൂഹത്തിലെ അപകടകരമായ പ്രവണതകള്‍ക്കെതിരെ വലിയൊരു പ്രതിരോധം തന്നെയാണ് ഈ സിനിമകള്‍ തീര്‍ക്കുന്നത്. പടിഞ്ഞാറന്‍ സമൂഹത്തിന് ഈ സിനിമകള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്...നമുക്കോ...? (പാശ്‌ചാത്യ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ദേശി-ബോളിവുഡ്-കച്ചവട-മസാല സിനിമകളാണ് കാണാറുള്ളത് എന്നതു കൊണ്ടാവാം സംഘപരിവാറിന് ഏറ്റവും പണം ലഭിക്കുന്നതും പാശ്ചാത്യരാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ നിന്നാണ്.)
ഇതുപോലുള്ള വിഷയങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ സിനിമകള്‍ മുദ്രാവാക്യസിനിമകളായി മാറുന്നത് ഇന്ത്യയില്‍ സാധാരണമാണ്. ജാനു ബറുവയുടെ Maine Gandhi ko nahi maara(2005), ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ എന്നിവ ഉദാഹരണം. ഈ അപകടം പര്‍സാനിയയ്ക്ക് സംഭവിക്കുന്നില്ലെന്നത് ചിത്രത്തിന്റെ വിജയം.
ഗുജറാത്തിലെ കൂട്ടക്കൊലയ്ക്കുശേഷം ഞാന്‍ 2002-ല്‍ ഗോധ്രയില്‍ പോയിരുന്നു. കരിഞ്ഞ ആ തീവണ്ടിയുടെ അവശിഷ്‌ടങ്ങള്‍ കാണാന്‍...ഒന്നു കരയാന്‍...നാട്ടിലേയ്ക്കു തിരിയ്കാനായി ട്രെയിനില്‍ കയറിയ ഉടനെ ഉറങ്ങുകയായിരുന്ന ഒരു കറുത്ത വര്‍ഗക്കാരന്‍ വിദേശി ഞെട്ടിയുണര്‍ന്ന് എന്നോടു ചോദിച്ചു....ഇതേതാണ് സ്ഥലമെന്ന്...ഞാന്‍ പറഞ്ഞു ഗോധ്ര..
ദി സെയിം ഇന്‍ഫേമസ് ഗോധ്ര...?
എന്തോ അയാള്‍ പിന്നീടുറങ്ങുന്നത് ഞാന്‍ കണ്ടില്ല.
11 comments:
നല്ല പരിചയപ്പെടുത്തല്‍.
റോബി...
മനുഷ്യസ്നേഹത്തിന്‍റെതായ വികാരങ്ങള്‍ക്കുമപ്പുറം വിശദമായ പരിശ്രമത്തിന് അഭിനന്ദനങ്ങള്‍. കാലോചിതമായ ഇന്ത്യന്‍ സിനിമയിലേക്കുള്ള ഇറങ്ങിവരലാണ് താങ്കളുടെ ഈ ഉദ്യമം. അപൂര്‍വ്വമായി മാത്രം ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്ന ഇത്തരത്തിലുള്ള രാഷ്ടീയ ഇടപെടലുകള്‍ അതിന്‍റെ രാഷ്ടീയ പശ്ച്ചാത്തലത്തോടൊപ്പം എടുത്തുകാണിച്ചിരിക്കുന്നത് ശക്തമായ മറ്റൊരു ഇടപെടല്‍ തന്നെ.
നന്ദി.
ഒരു നല്ല സിനിമയെകുറിച്ച് ഇങ്ങനെ പരിചയപ്പെടുത്തിയതിന് മാത്രമല്ല, റാല്‍മിനോവിന് എഴുതിയ കമന്റിലെ ജാഗ്രതയ്ക്കും.
വളരെ നന്നായി റോബി,ഇത്തരം വിശകലനങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതുണ്ട്:)
നന്ദി.
നല്ല പോസ്റ്റ് റോബീ. ഇന്ത്യന്‍ സിനിമയ്ക്ക് രാഷ്ട്രീയവും പറയാനുണ്ട് എന്ന് സധീരം കൈപൊക്കുന്ന ഇത്തരം സംരഭങ്ങള്‍ നമ്മുടെ പൊതുബോധത്തിനെ ആകര്‍ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
യു.പി.ജയരാജിന്റെ 'മഞ്ഞ് ' എന്നൊരു കഥയുണ്ട്. 1975-ല്‍ എഴുതിയത്. അടിയന്തരാവസ്ഥയോടുള്ള അക്ഷരപ്രതിരോധത്തില്‍ ഏറ്റവും ആര്‍ജ്ജവം പ്രകടിപ്പിച്ച എതിരെഴുത്തായി ഇത് വിലയിരുത്തപ്പെടാറുണ്ട്. ജീവിതത്തിനെയും അതിന്റെ സ്വാസ്ഥ്യങ്ങളെയും ഭീദിതമാംവിധം ചൂഴ്ന്ന് കീഴ്പ്പെടുത്തുന്ന തണുത്ത ഭീകരതയായി മഞ്ഞ് ഇതില്‍ പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു. 'ഡിറ്റന്റസ് ' എന്നു പേരായ ഒരിനം പക്ഷികള്‍ ഇതില്‍ ശക്തമായ ഒരു ബിംബമായി അക്ഷരപ്പെടുന്നുണ്ട്. അവയെപ്പറ്റി കഥയുടെ വിവിധഭാഗങ്ങളില്‍ ഇങ്ങനെയൊക്കെ പരാമര്‍ശിക്കപ്പെടുന്നു :
1." സൈബീരിയയാണ് ഈ പക്ഷികളുടെ ജന്മദേശം. മഞ്ഞേറ്റു മരവിച്ച് മൃതിയടയുന്ന ശവശരീരങ്ങള്‍ മാത്രമേ അവ ഭക്ഷിക്കൂ"
2. "സൌരയൂഥത്തിന്റെ ചലനനിയമങ്ങളില്‍ വ്യത്യാസം സംഭവിക്കുകയും ചില പ്രത്യേക ഭൂഭാഗങ്ങള്‍ പൊടുന്നനെ മഞ്ഞുമൂടുകയും ചെയ്യുമ്പോള്‍ ഈ പക്ഷികള്‍ അങ്ങോട്ടാകര്‍ഷിക്കപ്പെടുന്നു. അത്തരം സ്ഥലങ്ങളില്‍ മഞ്ഞേറ്റ് മരവിച്ച് മൃതിയടയുന്നവരുടെ ശവശരീരങ്ങള്‍ സുലഭമായിരിക്കും എന്നതാണ് കാരണം"
3. "പക്ഷേ ദുരാഗ്രഹികളായ ഈ പക്ഷികളുടെ കൂടെ അത്രതന്നെ ദുരന്തമായ ഒരു തലവിധിയുമുണ്ട്. ജന്മദേശമായ സൈബീരിയ വിട്ട് ശവശരീരങ്ങള്‍ക്കുള്ള അത്യാര്‍ത്തിയോടെ അതിര്‍ത്തികള്‍ അതിക്രമിക്കുന്ന ഈ പക്ഷികള്‍ പിന്നെ ജീവനോടെ സ്വദേശത്തേക്ക് തിരിച്ചു ചെല്ലുന്നില്ല. ഋതുചക്രങ്ങളിലെ ചില അസാധാരണ വ്യതിയാനങ്ങള്‍ കൊണ്ട് സംഭവിക്കുന്ന ഈ മഞ്ഞ് അധികകാലം നിലനില്‍ക്കുന്നില്ല എന്നതാണ് കാരണം. ശവശരീരങ്ങളെ കൊത്തിത്തിന്നുന്ന ആര്‍ത്തിയില്‍, പിറകില്‍ മഞ്ഞുമലകളെ പിളര്‍ന്നുകൊണ്ട് സൂര്യന്‍ പ്രത്യക്ഷമാവുന്നത് അവ ഒരിക്കലും ശ്രദ്ധിക്കുകയില്ല. പെട്ടെന്ന് താപനില വര്‍ദ്ധിക്കുകയും മഞ്ഞുരുകുകയും ചെയ്യുമ്പോള്‍ ശൈത്യത്തില്‍ മാത്രം ജീവിക്കുന്ന ഈ പക്ഷികള്‍ അതിവേഗം മൃതിയടയുന്നു. ഉദിച്ചുയര്‍ന്ന സൂര്യനെ അഭിവാദ്യം ചെയ്തുകൊണ്ട് ഓടിച്ചാടി നടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കളിക്കോപ്പുകളായി കാലത്തിന്റെ മാപ്പുസാക്ഷികളെപ്പോലെ ഈ പക്ഷികളുടെ അസ്ഥികൂടങ്ങള്‍ മാത്രം പിന്നെയും കുറേക്കാലം അവശേഷിക്കുന്നു. "
നിശ്ശബ്ദതയുടെ മഞ്ഞുകുളിരുകളില്‍ നമുക്ക് നമ്മുടെ ഉള്‍ച്ചൂടുകളെ ഉറക്കിക്കിടത്താതിരിക്കാം. ശവംതീനികളുടെ നികൃഷ്ട ദുരകള്‍ക്ക് മൌനം കൊണ്ടും നിസംഗതകൊണ്ടും കൂട്ടിക്കൊടുപ്പാവാതിരിക്കാം. അതിനു വേണം പര്‍സാനിയ പോലുള്ള ഓര്‍മ്മച്ചൂട്ടുകള്‍, റോബിയുടേത് പോലുള്ള എഴുത്തുവഴികളും.
ഗുജറാത്ത് കലാപം നേരില്‍ക്കാണാനിടവന്ന ഒരു ഹതഭാഗ്യവാനാണ് ഞാന്‍. ഈ സിനിമ സംവിധായകന്റെ ഒരു സുഹൃത്തിന് നേരിടേണ്ടിവന്ന യഥാര്‍ത്ഥമായ ഒരു സംഭവത്തെ ആധാരമാക്കിയായിരുന്നു എന്നു വായിച്ചിരുന്നു. ഡിവിഡി വാങ്ങിയാണ് കണ്ടത്. അഹമ്മദാബാദില്‍ വച്ചു തന്നെ അപര്‍ണാ സെന്‍ നിര്‍മിച്ച മി.ആന്റ് മിസ്സിസ് അയ്യര്‍ എന്ന സിനിമ ഒരിക്കല്‍ കാണേണ്ടി വന്നു. അന്നു തന്നെ ആ നഗരം വിടണമെന്നും തീരുമാനിച്ചു.
ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
റോബി,
ഇവിടെ വന്നിട്ട് ഒരു സല്യൂട്ടടിക്കാതെ പോകാനാകുന്നില്ല.
ടെകല്‍ക്ക വെളിപ്പെടുത്തലുകള്‍, എല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യമായതുകൊണ്ടാണോ ആയുസ്സില്ലാതെ പോയതെന്നറിയില്ല.
പക്ഷെ ഒന്നുണ്ട് ഏതൊരു ഭീകരതേയും, അതിന്റെ ഉപരിപ്ലവമായ തലങ്ങളിലേക്കു ഡൈവേര്‍ട്ട് ചെയ്യുക വഴി നിസ്സാരവല്‍ക്കരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊരു പ്രതിരോധമാണു ബ്ലോഗും,ഇതുപോലുള്ള എഴുത്തും.
മോഡി അടുത്ത ഊഴത്തിനായൊരുങ്ങുന്നു. സര്‍വ്വവിധമാധ്യമ പിന്തുണയോടുകൂടിയും.
ഉറക്കമൊഴിയേണ്ടതുണ്ട്, നാളത്തെ തലമുറയ്ക്കെങ്കിലും ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍.
അതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണു റോബിയുടെയും ലാപുടയുടേയും റാല്‍മിനോവിന്റെ പ്പോസ്റ്റിലെ ഇടപെടലും. നിസ്സാരവല്‍ക്കരണം നന്ദിഗ്രാമിന്റെ രൂപത്തിലും, പണക്കാരനോടുള്ള അസൂയയുടെ രൂപത്തിലും, മലയാളിയുടെ ഇരട്ടത്താപ്പീന്റെ രൂപത്തിലും വരും.
നന്നായിട്ടുണ്ട്
ഹരികുമാര്‍ സാറിന്റെ അനൈഹികത്തില്‍ കമന്റ് കണ്ടിട്ട് ഇവിടെ ഐഹികം വല്ലതും ഉണ്ടോന്ന് നോക്കാന്‍ വന്നതാണ്. നന്നായി. നല്ലകുറിപ്പ്. ഇതുപോലെയുള്ള പരിചയപ്പെടുത്തലുകള്‍ ബ്ലോഗിന്റെ ശക്തികളില്‍ ഒന്നാണ്. മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഭയമാണല്ലോ ഫാസിസ്റ്റുകളെ...
മുദ്രാവാക്യങ്ങളിലേക്ക് ദൃശ്യങ്ങളെ ചുരുക്കുന്ന സിനിമകളിലും, മൈക്രോഷോട്ടുകളിലും,വക്കു പറ്റിയുള്ള സംഭാഷണങ്ങളിലും ഫാസിസത്തെ കാല്‍പ്പനികവത്ക്കരിക്കുന്ന സിനിമകളിലും നിന്ന്, പര്‍സാനിയയും, ഒരു പരിധിവരെ, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് അയ്യരും വേറിട്ടുനില്‍ക്കുന്നുണ്ട്.
ആനന്ദ് പട്‌വര്‍ദ്ധന്റെ ചിത്രങ്ങളാകട്ടെ, പ്രേക്ഷകനെ സ്വയം ഒരു അന്വേഷണത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. കേവലം ഒരു അന്യന്റെ നിര്‍മ്മമതയോടെയാണ് ആനന്ദ് തന്റെ പ്രമേയങ്ങളെ സമീപിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാമെങ്കിലും, ഒരോ ഷോട്ടിലും, അദ്ദേഹം ഉളവാക്കുന്നത്, വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള നിശിതമായ ചോദ്യങ്ങളും, ആശങ്കകളും തന്നെയാണ്.
നല്ല സിനിമകളെ പരിചയപ്പെടുത്തുന്നതിനും, അത് നിര്‍വ്വഹിക്കുന്നതിന്റെ അനന്യമായ രീതിക്കും, വീണ്ടും നന്ദി.
സ്കോര്‍സെസെയുടെ ബിഗ് ഷേവ് കണ്ടിട്ടുണ്ടോ? ബ്ലോഗ് ടൈറ്റിലിലെ മേതിലിന്റെ വരികള്‍ വീണ്ടും അതോര്‍മ്മിപ്പിച്ചു.
Post a Comment