Monday, May 20, 2013

എമ്മ ബ്ലാങ്കിന്റെ അന്ത്യദിനങ്ങൾ (2010)

         
ഈ വർഷത്തെ കാൻ ഫെസ്റ്റിവലിൽ ഞാനേറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിലിം അലക്സ് വാൻ വാർമർഡാമിന്റെ ബോർഗ്മാൻ ആണ്. ഏതാനും വർഷം മുൻപ് Little Tony (1998) കണ്ടതുമുതലാണ് ഞാൻ ഈ സംവിധായകനെ ശ്രദ്ധിച്ചു തുടങ്ങിയത്. His films are comedies in their most peripheral level. You could call them dark comedies.

             വിചിത്രമായ രീതിയിൽ കഥയും കഥാപാത്രങ്ങളും സിനിമയ്ക്കു പുറത്തേയ്ക്ക് വളരുന്നത് വാർമർഡാമിന്റെ സിനിമകളിൽ സാധാരണയാണ്. ഒരു കഥാപാത്രവും തിരക്കഥാകൃത്തും തമ്മിലുള്ള ഇടപാടുകളും തർക്കങ്ങളുമാണ്  Ober (2006) എന്ന സിനിമയുടെ വിഷയം. വളരെ ചെറിയൊരു ചുറ്റുപാടിൽ, ചുരുക്കം കഥാപാത്രങ്ങളെവെച്ച്, പ്രാപഞ്ചികമാനങ്ങളുള്ള കഥകളാണു വാർമർഡാം പറയുന്നത്.

              The Last Days of Emma Blank (2010) മരണം കാത്തുകഴിയുന്ന എമ്മ ബ്ലാങ്ക് എന്നൊരു സ്ത്രീയുടെയും അവരുടെ വേലക്കാരുടെയും/കുടുംബാംഗങ്ങളുടെയും കഥയാണ്. This is one of those movies where the literal meaning doesn't make any sense and the symptomatic meaning makes a whole lot of sense.

              എമ്മ ബ്ലാങ്ക് ധനികയാണ്. അവരുടെ മരണശേഷം സ്വത്ത് ഭാഗിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണ് അവരുടെ നിർബന്ധങ്ങളും humiliation-നും സഹിച്ച് കുടുബാംഗങ്ങൾ അവരെ പരിചരിക്കുന്നത്. എല്ലാവരും എമ്മയുടെ ആവശ്യപ്രകാരം ഓരോ റോൾ പ്ലേ ചെയ്യുന്നു. സിനിമയുടെ ആദ്യത്തെ അരമണിക്കൂർ ഈ വേഷങ്ങൾ അവതരിപ്പിക്കുകയാണ്. അതിനു ശേഷം ഈ കഥാപാത്രങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നുവെന്നും, ആ ബന്ധങ്ങളുടെ മാനിപുലേഷനും, അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ ബന്ധങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നുമാണ് പിന്നീടുള്ള ഭാഗം. കഥാപാത്രങ്ങളുടെ സിനിമയ്ക്കുള്ളിലെ വേഷങ്ങൾ പോലും വിചിത്രമാണ്. തിയോ എന്ന വീട്ടുനായയുടെ വേഷം അഭിനയിക്കുന്നത് സംവിധായകൻ വാർമർഡാം തന്നെയാണ്. തിയോയെ ആളുകൾ വിളിക്കുന്നത് നായയെ വിളിക്കുന്നതുപോലെയാണ്.  തിയോ നായയെ പോലെ വെളിക്കിരിക്കുന്ന ഒരു രംഗം തന്നെയുണ്ട് സിനിമയിൽ. ഈ രംഗങ്ങളൊക്കെ കണ്ട് ചിരിക്കണോ ചിന്തിക്കണോ എന്ന പ്രതിസന്ധിയിലായിരുന്നു ഞാൻ.
                                 തിയോ എന്ന വീ‍ട്ടുനായ. (അഭിനയിക്കുന്നത് സംവിധായകൻ അലക്സ് വാൻ വാർമർഡാം)

                   പ്രത്യക്ഷത്തിലുള്ള കോമഡിയ്ക്കും വൈചിത്ര്യത്തിനുമപ്പുറം ഈ സിനിമ അങ്ങേയറ്റം പൊളിറ്റിക്കലുമാണ്. തിയോ എന്ന കഥാപാത്രം തന്നെ സിനിമയുടെ രാഷ്ട്രീയമാനങ്ങളിലേക്കുള്ള സൂചനയാണ്. വെറും നായ മാത്രമാകാതെ തിയോ പലപ്പോഴും കഥയിൽ ഇടപെടുന്നത് നമുക്ക് കാണാം. എമ്മയുടെ മകൾ ഗോണി (Eva van de Wijdeven) മാർട്ടിൻ എന്നൊരാളുമായി പ്രണയത്തിലാകുമ്പോൾ, മാർട്ടിൻ ഗോണിയെ അന്വേഷിച്ച് എമ്മയുടെ വീട്ടിലെത്താതിരിക്കാൻ മാർട്ടിനെ വധിച്ച്, മരിച്ചു എന്നു പോലും തോന്നാത്ത രീതിയിൽ ബീച്ചിലിടുന്നത് തിയോ ആണ്. എമ്മയുടെ സമ്പാ‍ദ്യം മുഴുവൻ സ്റ്റോക്ക് മാർക്കറ്റിൽ നഷ്ടപ്പെട്ടു എന്നറിയുമ്പോൾ കുടുംബാംഗങ്ങളെല്ലാം എമ്മയ്ക്കെതിരെ തിരിയുമ്പോഴും എമ്മയോട് വിശ്വസ്ഥനായി നിലകൊള്ളുന്നത് തിയോ മാത്രമാണ്. എന്തുകൊണ്ട് ഒരു നായയ്ക്കു പകരം മനുഷ്യനെ കഥാപാത്രമാക്കി എന്നത്, മേൽ സൂചിപ്പിച്ചതു പോലെ കഥയിൽ ഇടപെടാനുള്ള സാധ്യതയ്ക്കുക്കുവേണ്ടി മാത്രമല്ല. ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം അവരെന്തായിട്ടാണോ കാണപ്പെടുന്നത്, അതുപോലെയല്ല, മറിച്ച് മറ്റെന്തിനെയോ സൂചിപ്പിക്കുന്നു എന്ന വസ്തുതയിലേക്കുള്ള സൂചനയാണിത്. ഈ സിനിമയുടെ ആശയത്തെക്കുറിച്ച് എന്റെ വ്യാഖ്യാനം ഇങ്ങനെയാണ്.വ്യാഖ്യാനമായതുകൊണ്ട് അതിലേക്കെത്താൻ ഒബ്ജക്ടീവ് മെത്തേഡുകളൊന്നുമില്ല. അതുകൊണ്ടുതന്നെ മറ്റൊരാൾക്ക് വേറൊരു സെറ്റ് അർത്ഥങ്ങളും ഉണ്ടാക്കാം. (ചുരുക്കത്തിൽ, ഗ്രാൻഡ് തിയറിയാണ്.അല്പം ഉപ്പു കൂട്ടി വിഴുങ്ങാൻ ശ്രദ്ധിക്കുക...!!)

                      ഈ സിനിമയിലെ കഥാപാത്രങ്ങൾ ഒരു കാപിറ്റലിസ്റ്റ് സോഷ്യൽ സെറ്റപ്പിലെ വിവിധഘടകങ്ങളെയാണു പ്രതിനിധീകരിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക. സിനിമയിൽ ദൃശ്യവത്കരിക്കപ്പെടുന്ന എമ്മയുടെ വീടും ചുറ്റുപാടുകളുമാണ് രാജ്യം. ആ രാജ്യത്തെ ഉന്നതാധികാരം (മൂലധനത്തിന്റെ നിയന്ത്രണം) കൈയാളുന്ന ആളുകളെയാണ് (രാജാവ്/രാജ്ഞി/പ്രെസിഡന്റ്) എമ്മ പ്രതിനിധീകരിക്കുന്നത്. എമ്മയുടെ ഭർത്താവിന്റെയും വേലക്കാരന്റെയും വേഷമഭിനയിക്കുന്ന ഹെനെവെൽഡ് എന്ന കഥാപാത്രം, ജനപ്രതിനിധിസഭ അടക്കമുള്ള ഇടനിലക്കാരെ പ്രതിനിധീകരിക്കുന്നു. പ്രധാനവേലക്കാരിയായ ബെല്ല, ബ്യൂറോക്രസി. വീട്ടുനായയായ തിയോ പോലീസ്/പട്ടാളത്തെ പ്രതിനിധീകരിക്കുന്നു. ബെല്ലയുടെ മകനായ മെയറും, ഹെനെവെൽഡിന്റെയും എമ്മയുടെയും മകളായ ഗോണിയും പൊതുജനങ്ങളെയും തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നു.

                        മൂലധനം നഷ്ടപ്പെട്ടു എന്നറിയുമ്പോൾ ജനപ്രതിനിധികളും ജനങ്ങളും ബ്യൂറോക്രസിയുമടക്കമുള്ളവർ രാജാവിന്/പ്രസിഡന്റിനെതിരെ തിരിയുന്നു. എന്നാൽ പോലീസ്/പട്ടാളം മാത്രം കൂടെ നിൽക്കുന്നു. തിയോയെക്കുറിച്ച്, He doesn't think for himself. He is not human എന്ന പരാമർശം കൂടി പരിഗണിക്കുക. ഹെനെവെൽഡും (ജനപ്രതിനിധികൾ) ബെല്ലയും (ബ്യൂറോക്രസി) തമ്മിൽ അവിഹിതബന്ധത്തെക്കുറിച്ച് സിനിമയിൽ സൂചനയുണ്ട്. ഹെനെവെൽഡ് തന്റെ താത്പര്യത്തിനു വിരുദ്ധമായി നിൽക്കുമ്പോൾ ഇനി ഹാൻഡ്ജോബ് തരില്ല എന്നൊരു ഭീഷണിയും ബെല്ല ഉയർത്തുന്നുണ്ട്. ഗോണിയും മെയറും തമ്മിൽ പ്രേമവും ശാരീരികബന്ധവുമുണ്ടാകുന്നതിനെ ബെല്ലയും ഹെനെവെൽഡും ഒരേപോലെ എതിർക്കുന്നുണ്ട്. ഭരണകൂടത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ പൊതുജന ഇടപാടുകൾ തടയപ്പെടുമെന്നർത്ഥം. മെയർ, ആർക്കും വേണ്ടാത്ത, തകർന്ന ഒരു കനു (canoe) നന്നാക്കിയെടുക്കുന്നത് എമ്മയും ഹെനെവെൽഡും തടയുന്നുണ്ട്. എതിർപ്പുകൾ വകവെക്കാതെ മെയർ റിപ്പയറിംഗ് പൂർത്തിയാക്കുമ്പോൾ എമ്മ, പോലീസിനെ(തിയോ) കൊണ്ട് അത് തകർക്കുന്നു. ഭരണകൂടതാത്പര്യത്തിനു വിരുദ്ധമായ നിർമ്മാണപ്രക്രിയകളും സർഗാത്മകവൃത്തികൾ പോലും തടയപ്പെടും എന്നർത്ഥം.
                                                                 മെയർ തകർന്ന ഒരു കനൂ നന്നാക്കിയെടുക്കുന്നു.

                                                     മെയർ നന്നാക്കിയ കനൂ എമ്മയ്ക്കു വേണ്ടി തിയോ തകർക്കുന്നു.

എമ്മയോടും വീട്ടിലെ മറ്റുള്ളവരോടുമുള്ള പ്രതിഷേധം എന്ന നിലയിൽ മെയർ വീട്ടുമുറ്റത്ത് സ്വസ്തിക വരയ്ക്കുന്നു.
                                                 അധികാരകേന്ദ്രങ്ങളുടെ ഫാസിസ്റ്റ് സ്വഭാവത്തോടുള്ള പ്രതികരണം.

മെയർ വരച്ച സ്വസ്തിക ഹെനെവെൽഡ് ഇടപെട്ട് മായ്ച്ചു കളയുന്നു. പിറ്റേദിവസം മെയറെ എമ്മയുടെ മുന്നിലേക്ക് വിളിപ്പിക്കുന്നു. (സെൻസർഷിപ്പുകളും ഫേസ്ബുക്ക് അറസ്റ്റുകളും ആർക്കെങ്കിലും ഓർമ്മ വരുന്നുണ്ടോ?)
                   മെയർ സംസാരിക്കുമ്പോൾ തന്നെ അഭിസംബോധന ചെയ്യേണ്ടതെങ്ങനെയെന്നതിനു പോലും എമ്മ നിബന്ധനകൾ വെക്കുന്നു.മുൻപ്, ഹെനെവെൽഡ് തന്റെ മുന്നിൽ വരുമ്പോൾ ഒരു പ്രത്യേകതരം മീശ ധരിക്കണമെന്ന് എമ്മ നിഷ്കർഷ വെക്കുന്നുണ്ട്. ഇത് കോടതിയിൽ നിർബന്ധമുള്ള യുവറോണർ വിളികളും വക്കീലന്മാരുടെ പ്രത്യേക വേഷവിധാനവുമൊക്കെയാണ് എന്നെ ഓർമ്മിപ്പിച്ചത്.

                       ഇടയ്ക്ക് ഗോണി, മാർട്ടിൻ എന്നൊരാളുമായി ഇഷ്ടത്തിലാകുന്നുണ്ട്. ഗോണിയെ തേടി എമ്മയുടെ വീട്ടിലെത്തുന്ന അപരിചിതനായ മാർട്ടിനെ തിയോ വധിക്കുന്നു. ജനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള പുതിയ ആശയങ്ങളുടെ വരവിനെയാണോ മാർട്ടിൻ പ്രതിനിധീകരിക്കുന്നത്? മാർട്ടിന്റെ കൊലപാതകം അമേരിക്കയിൽ നടന്ന മക്കാർത്തിയൻ കമ്യൂണിസ്റ്റ് വേട്ടയെ ഓർമ്മിപ്പിക്കുന്നുണ്ടോ?

എമ്മയുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടു എന്നറിയുന്ന കുടുംബാംഗങ്ങൾ അവർക്കെതിരെ തിരിയുന്നു. സിനിമയുടെ അവസാനഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ഷോക്കിംഗ് ആണ്. എമ്മയുടെ മരണശേഷം, ഹെനെവെൽഡ് അടക്കമുള്ളവർ ചേർന്ന് തിയോയെയും വധിച്ച് ഒരേ കുഴിയിൽ അടക്കം ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ജനപ്രതിനിധികളും ബ്യൂറോക്രസിയും ജനങ്ങളോട് ചേർന്ന ഭരണകൂടത്തെയും പട്ടാളത്തെയും കീഴടക്കുന്ന സായുധവിപ്ലവസങ്കല്പങ്ങളാണോ സംവിധായകൻ അവതരിപ്പിക്കുന്നത്?


ജാമ്യം : ഈ വ്യാഖ്യാനം തന്നെ സിനിമയിലെ എല്ലാ രംഗങ്ങളുമായും ചേർന്ന് പോകുന്നുണ്ടാവില്ല. വ്യാഖ്യാനങ്ങളുടെ ഒരു സൗകര്യം തന്നെ അവനവന്റെ ആശയങ്ങൾക്ക് ഫിറ്റ് ചെയ്യുന്ന രീതിയിൽ വളച്ചൊടിക്കാമെന്നതാണല്ലോ. ഇവിടെ ഞാൻ കൺഫ്യൂസ്ഡ് ആണ്. ഈ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന അർത്ഥത്തിലേക്ക് സിനിമയുടെ പാഠത്തിൽ നിന്നും ലോജിക്കലായി എത്തിച്ചേരാനാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, ഇതുപോലെ അന്തർജ്ഞാനത്തിലൂടെ അർത്ഥം ഉണ്ടാക്കുന്ന രീതി, (making meaning than finding meaning) വ്യാഖ്യാനം (interpretation) ആണെന്നാണ് ഞാൻ കരുതുന്നത്. വ്യക്തിപരമായി വ്യാഖ്യാനങ്ങളോട് യോജിപ്പില്ല. ഇത് ഒരു പരീക്ഷണാർത്ഥം ചെയ്യുന്നതാണ്. എന്നാൽ വ്യാഖ്യാനം എന്ന രീതിയിൽ ഞാനിവിടെ എഴുതിയ ആശയങ്ങളെയും encompass ചെയ്യുന്നരീതിയിൽ കൂടുതൽ ജെനറലായ ഒരു ആലങ്കാരികാർത്ഥത്തിലേക്ക് എത്തിച്ചേരാനാകുമെന്ന് തോന്നിയാൽ ഈ പോസ്റ്റ് എഡിറ്റ് ചെയ്യുന്നതായിരിക്കും. പാഠത്തെ മാത്രം ആസ്പദമാക്കിയുള്ള വായനകൾ വല്ലാതെ പരിമിതപ്പെടുത്തുന്നതായിരിക്കുമെന്ന് തോന്നുന്നു, പ്രത്യേകിച്ച് ഇതുപോലുള്ള സിനിമകളുടെ കാര്യത്തിൽ. ലാന്തിമോസിന്റെ ഗ്രീക്ക് ഫിലിം ഡോഗ്ടൂത്ത്, അടൂരിന്റെ എലിപ്പത്തായം, പൊളൻസ്കിയുടെ നൈഫ് ഇൻ ദി വാട്ടർ എന്നീ സിനിമകളൊക്കെ ഈ ഗണത്തിൽ പെടുന്നവയാണ്.

Thursday, May 09, 2013

ആർട്ട് സിനിമയും പോപ്പുലർ സിനിമയും


മലയാളത്തിലെ സിനിമാക്കാരുമായുള്ള അഭിമുഖങ്ങളിൽ സാധാരണ കേൾക്കാറുള്ള ഒരു വാചകമാണ്, “Art സിനിമ Commercial സിനിമ എന്നീ രണ്ടു തരം സിനിമകളില്ല” എന്നത്. അങ്ങനെ കരുതാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നിരിക്കിലും അതു ശരിയാണെന്ന് തോന്നുന്നില്ല.
 
Commercial സിനിമ എന്നതിനേക്കാൾ ‘പോപുലർ സിനിമ’ എന്ന പ്രയോഗമാകും കുടുതൽ യോജ്യം എന്നുമാത്രം. ആഖ്യാനസ്വഭാവത്തിൽ തന്നെ രണ്ടുതരം സിനിമകളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. Art സിനിമ പൊതുവെ ഏറെക്കുറെ സ്വതന്ത്രമായ ആഖ്യാനപദ്ധതികൾ ഉപയോഗിക്കുമ്പോൾ പോപുലർ സിനിമ, പരമ്പരാഗതമെന്ന് വിശേഷിപ്പിക്കാവുന്ന ആഖ്യാനരീതികളുപയോഗിക്കും. Art സിനിമ അതിന്റെ ആസ്വാദനത്തിന് പ്രേക്ഷകരുടെ സജീവപങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്, അതുകൊണ്ടുതന്നെ Art സിനിമയുടെ ആസ്വാദനം താരതമ്യേന എളുപ്പമല്ല. എന്നാൽ പോപ്പുലർ സിനിമ പൊതുവെ പ്രേക്ഷകരുടെ സജീവപങ്കാളിത്തം ആവശ്യപ്പെടുന്നില്ല; മറിച്ച് അത് പ്രേക്ഷകരെ കാഴ്ചക്കാരായി മാത്രം പരിഗണിക്കുന്നു. ക്രിസ്റ്റഫർ നൊളാൻ സംവിധാനം ചെയ്ത ഒന്നിലധികം ആഖ്യാനങ്ങൾ ഒരേ ചരടിൽ കോർത്ത ചില സിനിമകൾ, വാച്ചോവ്സ്കി സഹോദരങ്ങളുടെ മേയ്ട്രിക്സ് ട്രിലജി, Eternal sunshine of the spotless mind തുടങ്ങി സമീപകാലത്തെ ചില ചിത്രങ്ങൾ മാറ്റിനിർത്തിയാൽ പോപുലർ സിനിമയുടെ ആസ്വാദനം, അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ എളുപ്പമാണ്.
ആർട്ട് സിനിമയും പോപുലർ സിനിമയും തമ്മിലുള്ള ചില ആഖ്യാനവ്യത്യാസങ്ങൾ ചിലതാരതമ്യങ്ങളിലൂടെ മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. Veiko Õunpuu സംവിധാനം ചെയ്ത ഈസ്റ്റോണിയൻ ചിത്രമായ Autumn Ball (2007), Jeffrey Nachmanoff-ന്റെ സംവിധാനത്തിൽ പാരമൗണ്ട് സ്റ്റുഡിയോ വിതരണം ചെയ്ത ഹോളിവുഡ് ചിത്രമായ ‘ദി ട്രെയിറ്റർ (2008)’ എന്നീ സിനിമകളാണ് ഇവിടെ താരതമ്യത്തിനുപയോഗിക്കുന്നത്. ട്രെയിറ്റർ ഒരു ആവറേജ് പോപുലർ സിനിമയാണെങ്കിൽ Autumn Ball ഒരു ആവറേജ് ആർട്ട് ഫിലിമാണ്. ഈ ആവറേജ് എന്താണെന്ന് കൂടി വിശദമാക്കാം.
ട്രെയിറ്റർ, 22 മില്യൺ ഡോളർ ചെലവിൽ നിർമ്മിക്കപ്പെട്ട്, ഏതാണ്ട് അത്രതന്നെ കളക്ഷൻ നേടിയ, വൻ താരസാന്നിധ്യമൊന്നുമില്ലാത്ത ചിത്രമാണ്. ചെലവിലും വരവിലും, വൻ‌മുതൽമുടക്കുള്ള ടെന്റ്പോൾ പടങ്ങൾക്കും, തീരെ ചെലവു കുറഞ്ഞ ഇൻഡിപെൻഡന്റ് സിനിമകൾക്കും ഇടയിലാണ് ട്രെയിറ്റർ. വൻ ജനപ്രീതി നേടിയ ചിത്രമല്ല, എന്നാൽ ഏതാണ്ട് 38000 വോട്ടുകളിൽ നിന്ന് 7.0/10 എന്ന IMDb റേറ്റിംഗ് അത്ര മോശവുമല്ല. ആർട്ട് സിനിമകളുടെ കാര്യത്തിൽ വരവുചെലവുകളുടെ കാര്യത്തിൽ വലിയ പ്രാധാന്യമില്ല. Autumn Ball സാധാരണ ആർട്ട് സിനിമകൾ പോലെ ഒരു പ്രധാന ഫെസ്റ്റിവലിൽ (വെനീസ്) പ്രദർശിപ്പിച്ചു, ശേഷം ലോകത്തിന്റെ പലസ്ഥലങ്ങളിലുള്ള ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. പല ഫെസ്റ്റിവലുകളിൽ നിന്നായി കുറെ അവാർഡുകളൊക്കെ കിട്ടി. തീരെ ശ്രദ്ധിക്കപ്പെടാത്ത ആർട്ട് സിനിമകൾക്കും, കാൻ ഫെസ്റ്റിവലിലൊക്കെ വന്ന് കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ആർട്ട് സിനിമകൾക്കുമിടയിലാണ് Autumn Ball. IMDb റേറ്റിംഗ്, ഏതാണ്ട് ആയിരത്തിലധികം വോട്ടുകളിൽ നിന്ന് 7.1/10. രണ്ടു സിനിമകളുടെയും വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ, ട്രെയിറ്റർ കണ്ടവരിൽ ഏതാണ്ട് 6% പേരാണ് അതിന് 10/10 റേറ്റിംഗ് നൽകിയതെങ്കിൽ, Autumn Ball കണ്ടവരിൽ 25% പേർ കരുതുന്നത് അത് വളരെ മികച്ച സിനിമയാണെന്നാണ്.
ഇനി ആർട്ട് സിനിമയുടെ ചില ആഖ്യാനരീതികൾ മനസ്സിലാക്കാൻ, Autumn Ball-ന്റെ ആരംഭത്തിലെ ഏതാനും രംഗങ്ങളെടുക്കാം. സിനിമയിലെ ഒരു പ്രധാനകഥാപാത്രത്തെ ക്ലോസ് ഷോട്ടിൽ അവതരിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം തുടങ്ങുന്നത്. രണ്ട് ക്ലോസ് ഷോട്ടുകൾക്ക് ശേഷം ഒരു ലോംഗ് ഷോട്ടിൽ നിന്നുകൊണ്ടും ഈ കഥാപാത്രത്തെ വീക്ഷിക്കുന്നുണ്ട്.


   

ആദ്യത്തെ ഈ ഷോട്ടുകൾക്ക് തന്നെ ഏതാണ്ട് രണ്ടുമിനിറ്റ് സമയമെടുക്കുന്നുണ്ട്. ഈ ഷോട്ടുകളിലൂടെ സിനിമ ആദ്യമേ തന്നെ അതിന്റെ നറേറ്റീവ് സ്വഭാവം വ്യക്തമാക്കുന്നു.
1.    കഥാപാത്രങ്ങളെ നിരീക്ഷിക്കുകയാവും സിനിമ പ്രധാനമായും ചെയ്യുന്നത്.
2.    ഇതു കാണാൻ സാമാന്യം ക്ഷമ പ്രേക്ഷകനിൽ നിന്നും സിനിമ ആവശ്യപ്പെടുന്നുണ്ട്.
രണ്ടാമത്തെ ഷോട്ടിലെ ഡീപ് ഫോക്കസ് ശ്രദ്ധിക്കുക. കഥാപാത്രങ്ങളെ അവർ ജീവിക്കുന്ന ചുറ്റുപാടുകളുടെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാവും സിനിമ ചെയ്യുക എന്നൊരു സൂചന ഈ ഷോട്ട് തരുന്നുണ്ട്. 

തുടർന്നു വരുന്നത്, ഇതേ കഥാപാത്രം, മുറിയ്ക്കുള്ളിലാണ്. ഒരു സ്ത്രീ അവിടേക്ക് വരുന്നു. അവരുടെ കൈയിൽ യാത്രയ്ക്കൊരുങ്ങിയതുപോലെ ബാഗൊക്കെയുണ്ട്. വളരെ അടുത്ത സ്നേഹബന്ധമുള്ളവർ പിരിയുന്നതുപോലെ, അവർ കെട്ടിപ്പിടിക്കുന്നു. ഇതുവരെ ഡയലോഗൊന്നുമില്ല. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിനിമ ഒന്നും തന്നെ പറയുന്നില്ല.
 
തുടർന്ന് അയാൾ അവരെ സെക്സിനു നിർബന്ധിക്കുന്നു, വിസമ്മതിക്കുന്ന അവരെ ബലാത്കാരം ചെയ്യാൻ ശ്രമിക്കുന്നു.
                          

ഈ രണ്ടു ഫ്രെയിമുകളിലും കഥാപാത്രങ്ങളെയോ അവരുടെ മുഖമോ കാണുന്നില്ല. ആദ്യത്തെ ഫ്രെയിമിൽ ചുവരുകൊണ്ടും, രണ്ടാമത്തെ ഫ്രെയിമിൽ ബുക്ക് ഷെൽഫ് കൊണ്ടും അവരെ മറച്ചിരിക്കുകയാണ്.or the director limits exposition and withholds information. ഇത് പലപ്പോഴും ആർട്ട് സിനിമകളിൽ ആവർത്തിക്കാറുള്ള ഒരു ടെക്നിക്കാണ്. മറ്റൊരു ഉദാഹരണത്തിന് ‘ടിങ്കർ ടെയിലർ സോൾജ്യർ സ്പൈ’ എന്ന ചിത്രത്തിൽ നിന്നുള്ള ഒരു ഫ്രെയിം ശ്രദ്ധിക്കുക.
ഒന്നിലധികം സംഭവങ്ങളുടെ ഒരു സീരീസിന് തുടക്കം കുറിക്കുന്ന ഒരു ഫോൺ കോളാണ് ഈ രംഗത്തിൽ. പക്ഷേ അത് വിളിക്കുന്നത് ആരാണെന്ന് വ്യക്തമായി കാണിക്കുന്നില്ല. ശ്രദ്ധാപൂർവമുള്ള കോമ്പോസിഷനിലൂടെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ സംവിധായകൻ മറച്ചു വെക്കുന്നു. (ഈ ചിത്രത്തിലുള്ളത് വളരെ താരമൂല്യമുള്ള ഒരു നടനായിട്ടും).
 
Autumn Ball-ലേക്ക് തിരികെ വരാം.  മുൻപു കാണിച്ച അതേ പുരുഷ കഥാപാത്രം വരുന്ന രണ്ടു സീനുകളാണ് തുടർന്ന് വരുന്നത്. രണ്ട് സീനിലും രണ്ട് വ്യത്യസ്ഥ സ്ത്രീകളുണ്ട്. ലൈറ്റിംഗിന്റെ പ്രത്യേകത കൊണ്ട് ആദ്യത്തേത് ഫ്ലാഷ്ബാക്ക് ആണെന്ന് തോന്നിക്കും. രണ്ടാമത്തേത് ഒരു ഭക്ഷണശാലയിൽ. ഈ സ്ത്രീ കഥാപാത്രങ്ങൾ ആരൊക്കെയാണെന്നും ഇവിടെ വിശദമാക്കുന്നില്ല.
                           

തുടർന്നു വരുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ കഥാപാത്രങ്ങളുള്ള ഒരു രംഗമാണ്. ഒരു പാർട്ടി. അവരിൽ ചിലരെങ്കിലും വിദ്യാർത്ഥികളാണെന്ന് സൂചനയുണ്ട്. ഏതോ അപ്പാർട്ട്മെന്റിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്.

ഇവർ ആരൊക്കെയാണെന്നോ തമ്മിലുള്ള ബന്ധമെന്താണെന്നോ ഒന്നും സിനിമ വിശദമാക്കുന്നില്ല. ഇവരിൽ ചില കഥാപാത്രങ്ങൾ ആവർത്തിച്ച് വരുന്ന, കാര്യമായ ഡയലോഗൊന്നുമില്ലാത്ത, ഒറ്റപ്പെട്ട ഷോട്ടുകളാണ് തുടർന്നു വരുന്നത്. അതിൽ സുഹൃത്തുക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുണ്ട്, ഒരമ്മയും മകളുമുണ്ട്, ഒരു അപ്പാർട്ട്മെന്റിലേക്ക് ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന ഒരാളുണ്ട്, ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റുകൾ രണ്ടുപേരുണ്ട്.



ഇത്രയും കൊണ്ട് 30 മിനിറ്റ്. സിനിമയുടെ നാലിലൊന്ന് നീളമായിട്ടും, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമോ അവരുടെ ഐഡന്റിറ്റിയോ, പ്രത്യേകിച്ചൊരു പ്ലോട്ടോ കഥാസന്ദർഭമോ ഒന്നും സിനിമ അവതരിപ്പിക്കുന്നില്ല. സാമ്പ്രദായികമായ ഒരു കഥ പറയാൻ ശ്രമിക്കാതെ, ഈസ്റ്റോണിയയിലെ ഒരു പഴയ അപ്പാർട്ട്മെന്റ് കോം‌പ്ലെക്സിന്റെ പശ്ചാത്തലമാക്കി, 6 കഥാപാത്രങ്ങളിലൂടെ ഏകാന്തതയെയും നിരാശയെയുമൊക്കെക്കുറിച്ചുള്ള ഒരു ധ്യാനമാണ് ഈ സിനിമയെന്ന് പറയാം. ഇത്തരം സിനിമകൾ കണ്ട് പരിചയവും, ക്ഷമയും, സിനിമയെന്ന മീഡിയത്തിന്റെ വിശാലസാധ്യതകളെക്കുറിച്ച് ബോധവും, എല്ലാറ്റിനുമുപരി മിനിമം സഹൃദയത്വവുമുള്ള വളരെ ചെറിയ ശതമാനം ആളുകളോടു മാത്രമേ ഈ സിനിമ സംവദിക്കുന്നുള്ളൂ. സിനിമയിലൂടെ വിനോദം മാത്രം തെരയുന്നവർക്ക് ഈ സിനിമ നിരാശയായിരിക്കും. എന്നാൽ കൂടുതൽ ചിന്തോദ്ദീപകമായ, വൈകാരികമായ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടേക്കാം.
ഇത്തരം ആർട്ട് സിനിമകളെ അപേക്ഷിച്ച്, പോപ്പുലർ സിനിമകൾ വളരെ വ്യത്യസ്ഥമാണ്. പ്രേക്ഷകരിൽ നിന്നും മിനിമം ചിന്താശേഷിയോ സഹകരണമോ ആവശ്യമില്ലാത്തതാണ് ഒട്ടുമിക്ക പോപ്പുലർ സിനിമകളും. കണ്മുന്നിലെ സ്ക്രീനിൽ കാണുന്ന വിഷ്വലുകളുടെ ഭംഗിയിലൂടെയും obvious എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു കഥയുടെ ആഖ്യാനത്തിലൂടെയും തിയറ്ററിലായിരിക്കുന്ന അത്രയും സമയം പ്രേക്ഷകരെ വിനോദിപ്പിക്കുക എന്നതാണ്  പോപ്പുലർ സിനിമയുടെ ലക്ഷ്യം. ആർട്ട് സിനിമകൾ ഇൻഫർമേഷൻ ലിമിറ്റ് ചെയ്ത് പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നെങ്കിൽ, പോപ്പുലർ സിനിമകൾ, ഒരേ ഇൻഫർമേഷൻ ഒന്നിലധികം തവണ നൽകി കാഴ്ച കുടുതൽ എളുപ്പമുള്ളതാക്കാനാണു ശ്രമിക്കുന്നത്.
ട്രെയിറ്റർ എന്ന ചലചിത്രത്തിന്റെ ഉദാഹരണത്തിലേക്ക് വന്നാൽ, മുസ്ലിം ഐഡന്റിറ്റിയുള്ള നായകനെ ഒരു ചാരനായി ഉപയോഗിച്ച്, അയാളുടെ സഹായത്തോടെ എഫ്.ബ്.ഐ ഒരു തീവ്രവാദി‌ആക്രമണം തടയുന്നതാണ് സിനിമയുടെ പ്ലോട്ട്. സാമീർ ഹോൺ എന്ന നായകന്റെ പിതാവ് ഒരു തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്നുള്ളത് സിനിമയിലെ ഒരു പ്രധാനപ്പെട്ട ഇൻഫർമേഷനാണ്. അതുകൊണ്ടാണ് അയാൾക്ക് തീവ്രവാദികളോട് അടങ്ങാത്ത പകയുള്ളത്.  സാമീറിന്റെ ഭൂതകാലം സംബന്ധിക്കുന്ന ഈ പ്രധാനപ്പെട്ട അറിവ് സിനിമയിൽ പലതവണ അവതരിപ്പിക്കപ്പെടുന്നുണ്ട്.
തുടക്കത്തിൽ ഒരു ഫ്ലാഷ്ബാക്കിലൂടെ നായകന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നു.

തന്റെ പിതാവിന്റെ മരണം സാമീർ കാണുന്നത് സിനിമ വ്യക്തമായിത്തന്നെ അവതരിപ്പിക്കുന്നു.

ഈ രണ്ട് ഫ്രെയിമുകൾ തമ്മിലുള്ള സാമ്യം ശ്രദ്ധിക്കുക. ബാലനായ സാമീറിന്റെ ഫുൾ ക്ലോസപ്പിൽ നിന്ന് കട്ട് ചെയ്യുന്നത് സമീറിന്റെ വർത്തമാനകാലത്തിലെ ഒരു ഫുൾ ക്ലോസപ്പിലേക്കാണ്. മിക്ക സിനിമകളിലും കാണാറുള്ള ഇതുപോലെ ഒരു ലളിതമായ എഡിറ്റിലൂടെ ഇത്രനേരവും കണ്ടത് സാമീറിന്റെ ഭൂതകാലം തന്നെയെന്ന് പ്രേക്ഷകരിലുറപ്പിക്കുന്നു.
ഇതേ ഇൻഫർമേഷൻ, വൈകി വരുന്നവർക്കും, മറന്നു പോയവർക്കും വേണ്ടി സിനിമയിൽ പലതവണ ആവർത്തിക്കുന്നത് നോക്കാം. ആദ്യം സാമീറിനെപ്പറ്റിയുള്ള ഇൻഫർമേഷൻ മറ്റ് ഏജന്റുമാർക്ക് ബ്രീഫ് ചെയ്യുന്നതിനിടയിൽ.

മറ്റൊന്ന് രണ്ട് ഏജന്റുമാർ തമ്മിലുള്ള സംഭാഷണത്തിനിടയിൽ
പ്രധാനപ്പെട്ട ഏത് ഇൻഫർമേഷനും മിനിമം മൂന്നു തവണ പ്രേക്ഷകർക്ക് നൽകിയിരിക്കണം എന്നതാണ് ഹോളിവുഡ് തിരക്കഥകളിലെ അടിസ്ഥാനനിയമം. ഇവിടെ മൂന്നു തവണയും ഇതേ ഇൻഫർമേഷൻ കിട്ടിക്കഴിഞ്ഞ്, എന്നിട്ടും മറന്നുപോകാൻ സാധ്യതയുള്ള അരണബുദ്ധികൾക്കായി സാമീറിന്റെ അമ്മയെക്കൊണ്ട് ഒന്നുകൂടി ഒരു സൂചനയിലൂടെ ആവർത്തിക്കുന്നുണ്ട്.
(ഇങ്ങനെ ഒരേ ഇൻഫർമേഷൻ പലതവണ ആവർത്തിക്കുമ്പോഴാണ്, സിനിമ എന്റെ ബുദ്ധിയെ പരിഹസിക്കുന്നതുപോലെ എനിക്ക് തോന്നുന്നത്).
ട്രെയിറ്റർ ഒരു one dimentional ത്രില്ലറാണ്. സിനിമയിൽ അവതരിപ്പിക്കുന്ന ഉപരിതലസ്പർശിയായ ഒരു കഥ എന്നതിലപ്പുറം അതിലൊന്നുമില്ല. കാണുന്ന അത്രയും സമയം, മുൻപ് സൂചിപ്പിച്ചതുപോലുള്ള ഇൻസൾറ്റുകളൊന്നും വകവെക്കാത്തവരാണെങ്കിൽ പടം എന്റർടെയിനറാണ്. അല്പം കൂടി രാഷ്ട്രീയബോധമുള്ളവർക്കാണെങ്കിൽ, സ്റ്റീരിയോടൈപ്പ് പൊതുബോധങ്ങളുടെ ഉപയോഗം കൊണ്ട് നല്ല രീതിയിൽ ഒഫൻസീവുമാണ് ഈ ചിത്രം. Autumn Ball പ്രേക്ഷകരുടെ ശ്രദ്ധയെയും ചിന്താശേഷിയെയും പരീക്ഷിക്കുമെങ്കിൽ ട്രെയിറ്റർ ഇതു രണ്ടിനെയും പരിഹസിക്കും. പൊതുവെ ആളുകൾ പരിഹാസം പൊറുക്കും, പരീക്ഷണം പൊറുക്കില്ല എന്നു തോന്നുന്നു.
Exposition-ലുള്ള ഈ വ്യത്യാസം മാത്രമല്ല ആർട്ട് സിനിമയും പോപ്പുലർ സിനിമയും തമ്മിലുള്ളത്. ഇത്തരം വ്യത്യാസങ്ങളൊക്കെ ഒരുത്തിരിഞ്ഞുവരുന്നത് 1960-കളോടെയാണെന്നാണ് എന്റെ ധാരണ. അതുകൊണ്ട് അതിനുമുൻപു തുടങ്ങിയ മാസ്റ്റർ സംവിധായകരുടെ സിനിമകൾക്ക് ഇതൊന്നും അപ്ലൈ ചെയ്യാനാകില്ല. എന്നാൽ, സമകാലീന സിനിമകളിൽത്തന്നെ ഇതിനു രണ്ടിനും ഇടയിൽ നിൽക്കുന്ന സിനിമകളുമുണ്ട്. ജുലി ബെർട്ടുച്ചെല്ലിയുടെ ദി ട്രീ, ഹോംഗ്കോങിൽ നിന്നുള്ള ജോണി തോ അടക്കമുള്ള സംവിധായകരുടെ സിനിമകൾ ഒക്കെ ഉദാഹരണം. ഏതായാലും സമകാലീന ആർട്ട് സിനിമയും പോപ്പുലർ സിനിമയും തമ്മിലുള്ള പ്രധാനവ്യത്യാസങ്ങളിലൊന്ന് Exposition-ലാണെന്ന് പറയാം.