Saturday, December 22, 2007

Grbavica (2006)

ഗ്രബാവിച എന്നത്‌ തൊണ്ണൂറുകളുടെ ആദ്യപകുതിയിലെ സെര്‍ബിയ-ബോസ്‌നിയ യുദ്ധകാലത്ത്‌ യുദ്ധമുന്നണിയിലായിപോയ ഒരു ബോസ്നിയന്‍ പ്രദേശമാണ്‌. ഇന്ന് അതൊരു പുനരധിവാസപ്രദേശമാണ്‌. യുദ്ധകാലത്ത്‌ സെര്‍ബിയന്‍ അധീനതയിലായിരുന്ന ഈ പ്രദേശം ഒരു വാര്‍-ക്യാമ്പ്‌ ആയിരുന്നു. സെര്‍ബിയന്‍ പട്ടാളത്തിന്റെ യുദ്ധതന്ത്രങ്ങളിലൊന്ന്‌ ബോസ്‌നിയന്‍ സ്ത്രീകളെ അപമാനിക്കുക-അതുവഴി ഒരു വംശത്തെയൊന്നായി നശിപ്പിക്കുക എന്നതായിരുന്നു. അതിനാല്‍ 20,000 സ്ത്രീകള്‍ തന്ത്രപരമായി ബലാത്‌സംഗം ചെയ്യപ്പെടുകയുണ്ടായി ഗ്രബാവിചയില്‍. അവിടെ ഇന്നുള്ളത്‌ ഒന്നും നഷ്‌ടപ്പെടാന്‍ ബാക്കിയില്ലാത്തവരുടേതായ ഒരു സമൂഹമാണ്‌. ജീവിതം കൊണ്ട്‌ മുറിവേറ്റവരുടെ സമൂഹം. ഗ്രബാവിചയുടെ സാഹചര്യങ്ങളെ microcosmic ആയി ഒരു സ്ത്രീയുടെ അനുഭവങ്ങളിലൂടെ സമീപിക്കുന്ന ബോസ്നിയന്‍ ചലചിത്രമാണ്‌ 'ഗ്രബാവിച' (2006). Jasmila Zbanic സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ബെര്‍ലിന്‍ ചലചിത്രമേളയില്‍ സമുന്നതപുരസ്കാരമായ Golden Bear നേടുകയുണ്ടായി.

ഗ്രബാവിചയുടെ അനുഭവങ്ങളെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ സംവിധായിക ഇങ്ങനെ പറയുകയുണ്ടായി."യുദ്ധം തുടങ്ങിയപ്പോള്‍ കണക്കു പരീക്ഷ മാറ്റിവെച്ചതിനാല്‍ എനിക്കു സന്തോഷമായിരുന്നു. കൗമാരപ്രായക്കാരി എന്ന നിലയില്‍ അന്നത്തെ ഏറ്റവും വലിയ ചിന്ത ലൈംഗികതയുമായി ബന്ധപ്പെട്ടതായിരുന്നു. 1992-ല്‍ ലൈംഗികത ഒരായുധമായി ഉപയോഗിക്കപ്പെടുന്ന ഒരു യുദ്ധത്തിലാണ്‌ ഞാന്‍ ജീവിക്കുന്നതെന്ന തിരിച്ചറിവ്‌ എന്റെ ചിന്തകളെയാകെ മാറ്റി മറിച്ചു. യുദ്ധമുന്നണിയില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലത്തിലായിരുന്നു എന്റെ വീട്‌. ബലാത്‌സംഗം എന്ന വിഷയവും അതിനോറ്റു ബന്ധപ്പെട്ട എല്ലാം എനിക്ക്‌ ഒരുതരം ഒബ്‌സെഷനായി.പിന്നീട്‌ കുഞ്ഞു ജനിച്ചപ്പോള്‍ മാതൃത്വത്തിന്റെ വികാരങ്ങള്‍ എന്നെയാകെ മാറ്റിമറിച്ചു. എന്റെ സ്നേഹത്തിന്റെ ഫലമായ കുഞ്ഞിനെ കാണുന്നതു പോലും അപരിമേയമായ സന്തോഷം എനിക്കു നല്‍കുമ്പോള്‍ വെറുപ്പില്‍ ജനിച്ച ഒരു കുഞ്ഞിനെ അതിന്റെ അമ്മ എങ്ങനെ സ്വീകരിക്കുമെന്ന്‌ ഞാനാലോചിച്ചു. എന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ഇടവേളയിലാണ്‌ ഗ്രബാവിചയുടെ തിരക്കഥ എഴുതുന്നത്‌."

ഭാഷാശാസ്ത്രപരമായി ഗ്രബാവിച എന്ന വാക്കിന്റെ അര്‍ത്ഥം കൂനുള്ള സ്ത്രീ എന്നാണ്‌. എസ്മ എന്ന മുഖ്യകഥാപാത്രത്തിന്റെ മനസ്സിലെ കൂന്‌-അവളുടെ മകളില്‍ നിന്നും ഒളിപ്പിച്ച്‌ അവള്‍ പേറുന്ന രഹസ്യമാണ്‌ ഈ സിനിമയുടെ കഥാതന്തു. ഒരു ബാറിലെ രാത്രികാല വെയിറ്ററായ എസ്‌മയും അവളുടെ പന്ത്രണ്ടു വയസ്സുകാരിയായ സാറയുമാണ്‌ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. സാറയ്ക്ക്‌ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക്‌ പോകാന്‍ 200 യൂറോ വേണം. ഈ പണം എങ്ങനെയും സ്വരുകൂട്ടാനുള്ള ശ്രമത്തിലാണ്‌ എസ്‌മ. സാറയുടെ അച്‌ഛന്‍ ഒരു ഷഹീദ്‌(യുദ്ധത്തില്‍ രക്തസാക്ഷിയായ പട്ടാളക്കാരന്‍) ആണെന്നാണ്‌ എസ്‌മ അവളോട്‌ പറയുന്നത്‌. അച്‌ഛനില്ലാത്തവള്‍ എന്ന കൂട്ടുകാരുടെ പരിഹാസത്തെ "എന്റെ അച്‌ഛന്‍ ഒരു ഷഹീദാണ്‌" എന്ന് ഉറക്കെ പറഞ്ഞാണ്‌ സാറ നേരിടുന്നത്‌. തന്നോടു വഴക്കിനു വരുന്ന സമീര്‍ ഒരു ഷഹീദിന്റെ മകനാണെന്നറിയുമ്പോള്‍ അവര്‍ കൂട്ടുകാരാവുന്നു. രക്തസാക്ഷികളുടെ മക്കള്‍ക്ക്‌ പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ്‌ കാണിക്കുന്ന പക്ഷം വിനോദയാത്ര സൗജന്യമായിരിക്കുമെന്ന്‌ അധ്യാപകന്‍ സാറയോടു പറയുന്നു. എന്നാല്‍ എസ്‌മ ഒഴിഞ്ഞുമാറുകയാണ്‌. എന്നാല്‍ സാറയുടെ പിതൃത്വത്തെ സംബന്ധിച്ച രഹസ്യം ഒടുവില്‍ എസ്‌മയ്ക്ക്‌ അവളോടു പറയേണ്ടി വരുന്നു. Sara എന്ന പേര്‌ sarajevoയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതിലേറെ സാറ അവളുടെ ബോസ്നിയന്‍ അസ്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ തന്റെ പിതാവ്‌ ഒരു സെര്‍ബിയന്‍ പട്ടാളക്കാരനാണെന്നത്‌ അവള്‍ക്ക്‌ താങ്ങാനാവാത്തതാണ്‌. എന്നാല്‍ യുദ്ധാനന്തര സമൂഹത്തിന്റെ നിര്‍വികാരതയോ അതോ അനതിസാധാരണമായ ശുഭാപ്തി ബോധമോ-തന്റെ സഹപാഠികള്‍ക്കൊപ്പം ബോസ്‌നിയയെക്കുറിച്ചുള്ള ഒരു ദേശഭക്തിഗാനം പാടി വിനോദയാത്രയ്ക്ക്‌ പോകുന്ന സാറയെയാണ്‌ സിനിമയുടെ അവസാനം നാം കാണുന്നത്‌. "Patriotism is the last shelter of bastards" എന്നു പറഞ്ഞത്‌ ടോള്‍സ്റ്റോയി ആയിരുന്നു. കുറഞ്ഞപക്ഷം മറ്റാശ്രയമില്ലത്തവര്‍ക്കെങ്കിലും ദേശഭക്തി ഒരാശ്രയമാകാം എന്നു വരുന്നു.

ഗ്രബാവിചയിലൂടെ സഞ്ചരിക്കുമ്പോള്‍ സോഷ്യലിസ്റ്റു കാലത്തെ കെട്ടിടങ്ങളും, അവിടത്തെ മനുഷ്യരെയും, കടകളും എല്ലാം കാണാം. എന്നാല്‍ ഇവ കൂടാതെ ആരും പറയാത്ത, അദൃശ്യമായ എന്തൊക്കെയോ ഈ കഥാപാത്രങ്ങളുടെ ഇടയില്‍ തങ്ങി നില്‍ക്കുന്നതായി നമുക്കനുഭവപ്പെടുന്നുണ്ട്‌. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിനിമകളില്‍ ദൃശ്യമായ നിയോ-റിയലിസത്തെ, പ്രത്യേകിച്ച്‌ ഡിസീക്കയുടെ Two women ഒക്കെ ഓര്‍മ്മിപ്പിക്കുന്ന എന്തോ ഈ ചിത്രത്തിലുമുണ്ട്‌. തന്റെ പിതാവിന്റെ മൃതദേഹം അന്വേഷിച്ചു നടക്കുന്ന ഒരാളുമായി എസ്‌മ സ്നേഹത്തിലാകുന്നുണ്ട്‌. തങ്ങളുടെ ജീവിതങ്ങളിലെ ദുരന്തങ്ങളുടെ സമാനതയാണ്‌ അവരെ സുഹൃത്തുക്കളാക്കുന്നത്‌. നമുക്കറിയാം, അടുത്തൊരാളുടെ മരണം പോലും മറ്റൊരാളുടെ ജീവിതത്തിന്റെ ഒഴുക്കിനെ ബാധിക്കില്ല. ഒരാളുടെ വ്യക്തിപരമായ സഹനം കാരണം ഒരില പോലും കൊഴിയില്ല. എസ്‌മയുടെ ജീവിതത്തിലെ ദുരന്തം അവളുടെ ചുറ്റുമുള്ള ലോകത്തെ ചലിക്കുന്നതില്‍ നിന്നും തടയുന്നില്ല. എസ്‌മയും സാധാരണ പോലെ ജോലിക്കു പോകുകയും, മകളുടെ നഖം വെട്ടുകയും, അവള്‍ക്ക്‌ മീന്‍ വറുത്തു കൊടുക്കുകയും ചെയ്യുന്നു. സംവിധായിക ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്‌ ഈ ഒരു വീക്ഷണകോണില്‍ നിന്നാണ്‌. അതുകൊണ്ടു തന്നെ Christine Maier-യുടെ ഛായാഗ്രഹണം ഒരിക്കലും നാടകീയമാകുന്നില്ല. ചിത്രത്തിന്റെ ആദ്യഭാഗത്ത്‌ നാം എസ്‌മയെ കാണുന്നതൊക്കെയും Medium range ഷോട്ടുകളിലൂടെയാണ്‌. പിന്നീട്‌ നാം എസ്‌മയെ കൂടുതല്‍ അറിയുംതോറും ഷോട്ടുകളുടെ അകലം കുറയുന്നു. അവസാനഭാഗത്ത്‌ ക്ലോസപ്പുകളും കാണാം. സെര്‍ബിയന്‍ സംവിധായകനായ എമിര്‍ കുസ്റ്റുറികയുടെ സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക്‌ പരിചിതയായ Mirjana Karanovic ആണ്‌ എസ്‌മയെ അവതരിപ്പിക്കുന്നത്‌. എസ്‌മ ഒരു രഹസ്യം പേറുന്നവളായതിനാല്‍ തന്നെ അവളുടെ ഓരോ പ്രവൃത്തിയ്ക്കും വാക്കുകള്‍ക്കും ഒരു നുണയുടെ അര്‍ത്‌ഥം കൂടിയുണ്ട്‌. Mirjanaയുടെ മികച്ച അഭിനയം ഓരോ വ്യതസ്ത തലങ്ങളെയും സൂക്ഷ്‌മതയോടെ ആവിഷ്കരിക്കുന്നു. എമിര്‍ കുസ്റ്റുറികയുടെ സോഷ്യലിസ്റ്റ്‌കാല ചിത്രമായ When father was away on business(1984)-യിലെ Mirjanaയുടെ അഭിനയത്തെ ഈ ചിത്രത്തിലേതുമായി താരതമ്യപ്പെടുത്തിയാല്‍ ഒരേ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയില്‍ കാലം കൊണ്ടുവന്ന മാറ്റത്തെ ഏറെക്കുറെ വ്യക്തമായി മനസ്സിലാകാനാകും.

ഈ ചിത്രത്തിലെ സംഗീതത്തിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ട ഒന്നാണ്‌. പ്രാര്‍ത്‌ഥനാനിര്‍ഭരമായ, മന്ദതാളത്തിലുള്ള സംഗീതം എസ്മ പ്രതിനിധീകരിക്കുന്ന വ്യക്തിബോധത്തെ(personal psyche)യും അവാച്യമായ ആന്തരജീവിതത്തെയും അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ ദ്രുതതാളത്തിലുള്ള ടര്‍ബോ-ഫോക്ക്‌ സംഗീതം സമൂഹത്തിന്റെ പൊതുബോധത്തെ(collective psyche) കുറിക്കുന്നു. സെര്‍ബിയയിലുത്‌ഭവിച്ച ടര്‍ബോ ഫോക്ക്‌ സംഗീതം ഇന്ന് ബാള്‍ക്കന്‍ സമൂഹങ്ങളുടെ പൊതുസ്വഭാവമാണ്‌. മിലോസെവിക്‌ കാലഘട്ടത്തില്‍ അധീശത്വം പുലര്‍ത്തിയിരുന്ന കലഹോന്‌മുഖമായ ഈ ഫോക്ക്‌ സംഗീതം യുദ്ധം, മാഫിയ പിന്നെ സമൂഹത്തിലെ macho culture എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

യുദ്ധമേല്‍പിച്ച വൈകാരിക മുറിവുകളെ അതിസാധാരണമായ ജീവിതവൃത്തികളിലൂടെ അതിജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഈ സിനിമ കാഴ്‌ചപ്പെടുത്തുന്നത്‌. എങ്കില്‍ കൂടിയും അനുഭവങ്ങള്‍ സമ്മാനിച്ച വൈകാരിക ഭീതി ഇടയ്കെല്ലാം വെളിപ്പെടുന്നുണ്ട്‌. സ്ത്രീകള്‍ക്കുള്ള സംഘ ചികിത്‌സാപദ്ധതികള്‍, തങ്ങളുടെ ഓര്‍മ്മകളെ അതിജീവിക്കാനെന്നപോലെ ശബ്ദമുഖരിതമായ നൈറ്റ്‌ ക്ലബ്ബുകളില്‍ ഒത്തുകൂടുന്ന യുവജനങ്ങള്‍, സന്ദര്‍ഭത്തിനിണങ്ങാത്ത കറുത്ത ഫലിതങ്ങള്‍ എല്ലാം ഒരു ജനതയുടെ അതിജീവന ശ്രമങ്ങളെ അടയാളപ്പെടുത്തുന്നു. എസ്‌മയും സാറയും തമിലുള്ള ബന്ധം ചലനാത്‌മകമാണെന്നതുതന്നെ ഈ ചിത്രത്തിന്റെ ശുഭാപ്തിബോധത്തെ കുറിക്കുന്നു. എന്നാല്‍ ഈ ശുഭാപ്തി ബോധം കുറ്റവാളികളോടുള്ള ക്ഷമയാണോ എന്ന ചോദ്യത്തിന്‌ ആദ്യം ഉണ്ടാവേണ്ടത്‌ കുറ്റവാളികളുടെ പക്ഷത്തു നിന്നുള്ള ക്ഷമാപണമാണെന്ന്‌ സംവിധായിക പറയുന്നുണ്ട്‌. എന്നാല്‍ ഇന്ന്‌ ബോസ്‌നിയയില്‍ പലര്‍ക്കും സംഭവിച്ചതിനെപറ്റി മനസ്താപമോ പ്രതികാരചിന്ത തന്നെയോ ഇല്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സെര്‍ബിയക്കാരനായ കുസ്റ്റുറിക ഈ ചിത്രത്തെ വിമര്‍ശിച്ചു പറഞ്ഞത്‌ ബോസ്‌നിയക്കാരും യുദ്ധത്തിനിടയില്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്‌. രാഷ്ട്രീയത്തിന്റെ വിറകിട്ടു തീ കൂട്ടുന്നതിനു പകരം യുദ്ധത്തെ അതിജീവിക്കുന്നവരെ വരച്ചു കാട്ടാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌ എന്നതിനാല്‍ തന്നെ അന്താരാഷ്ട്രീയമാനങ്ങളുള്ള ശക്തമായ ഒരു സമാധാന സന്ദേശമാണീ ചിത്രം. എന്നാല്‍ ബര്‍ലിന്‍ മേളയില്‍ പുരസ്കാരം ലഭിച്ച ഒരു ചിത്രം അര്‍ഹിക്കുന്ന ശ്രദ്ധ അന്താരാഷ്ട്രതലത്തില്‍ ഈ ചിത്രത്തിനു ലഭിച്ചിട്ടില്ല. വടക്കേ അമേരിക്കയില്‍ ഇതു വരെ ഈ ചിത്രം റിലീസ്‌ ചെയ്തിട്ടില്ല. ഗോവയിലെയും തിരുവനന്തപുരത്തെയും മേളകളിലും Grbavica ഇല്ലായിരുന്നു. കുറ്റകൃത്യങ്ങളെ പര്‍വതീകരിക്കുന്നതിനു പകരം ഇരകളുടെ ജീവിതം അടയാളപ്പെടുത്തുന്ന ഈ ചലചിത്രശ്രമം, മരണത്തേക്കാള്‍ ചെറുതായതെന്തും ജീവിതം കൊണ്ടു നേരിടണമെന്നാണ്‌ നമ്മോടു പറയുന്നത്‌...ഒരു വേള മരണത്തെക്കാള്‍ വലിയവയെ തന്നെയും.