Thursday, March 29, 2012

പൊള്ളോക്ക് (2000)

അമേരിക്കൻ അബ്സ്ട്രാക്ട് എക്സ്പ്രെഷനിസ്റ്റ് പെയിന്ററായ ജാക്സൺ പൊള്ളോക്കിന്റെ ജീവിതം വിഷയമാക്കി എഡ് ഹാരിസ് സംവിധാനം ചെയ്ത പൊള്ളോക്ക് (2000) ചിത്രകാരന്റെ സർഗാത്മകജീവിതത്തെ വിട്ടുവീഴ്ചകളില്ലാതെ ആവിഷ്കരിക്കാനുള്ള ഒരു ശ്രമം എന്ന നിലയിൽ ശ്രദ്ധേയമായ സിനിമയാണ്. മേൽ വാചകത്തിലെ ‘ചിത്രകാരന്റെ സർഗാത്മകജീവിതത്തെ വിട്ടുവീഴ്ചകളില്ലാതെ ആവിഷ്കരിക്കാനുള്ള ഒരു ശ്രമം’ എന്ന വിശേഷണം, പ്രേക്ഷകൻ എന്ന നിലയിൽ സിനിമയോടുള്ള എന്റെ റിയാക്ഷൻ ആണ്. ഈ സിനിമയുടെ form എങ്ങനെ പ്രേക്ഷകനിൽ ഈ റിയാക്ഷനുണ്ടാക്കുന്നു എന്ന് ചില ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാനാണ് ഈ കുറിപ്പ്. (സിനിമയിലെ ഓരോ ചെറിയ ഘടകവും perceive ചെയ്യപ്പെടുന്ന മുഴുവൻ പാറ്റേണിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട് സിനിമയെന്ന total system ആണ് ഇവിടെ form എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.)

ലൈഫ് മാഗസിനിൽ തന്നെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ആർട്ടിക്കിൾ പേജിൽ ഓട്ടോഗ്രാഫ് നൽകുന്ന പൊള്ളോക്കിന്റെ ദൃശ്യത്തിലാണ് സിനിമ തുടങ്ങുന്നത്. ഈ രംഗത്തിനു ശേഷം 9 വർഷം മുൻപുള്ള പൊള്ളോക്കിന്റെ ജീവിതത്തിലേക്ക് സിനിമ പോകുന്നു. തുടർന്ന് ഒരു ഫ്ലാഷ് ബാക്കിലാണ് സിനിമയുടെ ആഖ്യാനം രൂപം പ്രാപിക്കുന്നത്. ഇതുപോലൊരു തുടക്കത്തിനൊരു കാരണമുണ്ട്.
പൊള്ളോക്ക് എന്ന ചിത്രകാരനെ പരിചയമില്ലാത്ത പ്രേക്ഷകനു പോലും, പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചാണ് താൻ കാണാൻ പോകുന്ന സിനിമ എന്ന ധാരണ ലഭിക്കുന്നു. ലൈഫ് മാഗസിന്റെ കവറിന്റെ ഒരു ക്ലോസപ്പ് ഷോട്ടിൽ തന്നെ സിനിമ തുടങ്ങുന്നത് ഈ പ്രാധാന്യം പ്രേക്ഷകനു മനസ്സിലാകുന്നു എന്ന് ഉറപ്പാക്കാനാണ്. ഓട്ടോഗ്രാഫ് നൽകിയതിനു ശേഷം ആൾക്കൂട്ടത്തിനു നടുവിൽ എന്തോ ശ്രദ്ധയിൽ/ചിന്തയിൽ നഷ്ടപ്പെട്ട് നിൽക്കുന്ന പൊള്ളോക്കിന്റെ ദൃശ്യത്തിലാണ് ഈ ഷോട്ട് അവസാ‍നിക്കുന്നത്. കഥാപാത്രത്തിന്റെ eccentric സ്വഭാവത്തെക്കുറിച്ചും ഈ ഷോട്ട് ചില സൂചനകൾ നൽകുന്നുണ്ട്.



ആരംഭത്തിലെ രംഗത്തിനു ശേഷം 9 years earlier എന്ന ശീർഷകത്തോടെ സിനിമ തുടരുമ്പോൾ, പ്രശസ്തനായി തീർന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്നു പറയാവുന്ന കാലഘട്ടങ്ങളാണ് സിനിമയുടെ വിഷയമെന്ന് പ്രേക്ഷകനു വ്യക്തമാകുന്നു. ഇത് അസാധാരണനായ ഒരു വ്യക്തിയുടെ ജീവിതത്തിലെ വളർച്ചയും മാറ്റവും കാണാനുള്ള ആകാംക്ഷ പ്രേക്ഷകനിൽ വളർത്തുന്നതോടൊപ്പം, അസാധാരണമായ രംഗങ്ങൾക്കായി പ്രേക്ഷകമനസ്സിലെ സജ്ജമാക്കുകയും ചെയ്യുന്നു.

പൊള്ളോക്ക് എന്ന ചിത്രകാരന്റെ സർഗാത്മകത, പൊള്ളോക്ക് എന്ന വ്യക്തിയുടെ ചിന്തകളുടെയും മനോവ്യാപാരങ്ങളുടെയും ഉത്പന്നമാണെന്നൊരു ആശയമാണ് ഈ ചിത്രം ആവർത്തിച്ച് അവതരിപ്പിക്കുന്നത്. യുക്തിപ്പുർവമുള്ള ഫ്രെയിം കോമ്പോസിഷന്റെയും ഷോട്ട് സെലക്ഷന്റെയും സഹായത്തോടെയാണ് സംവിധായകൻ ഇത് സാധിക്കുന്നത്.

ഉദാഹരണം 1
പൊള്ളോക്ക് ചിത്രരചനയ്ക്കൊരുങ്ങുന്നു. ശൂന്യമായ കാൻ‌വാസിലേക്ക് നോക്കി ആലോചനാമഗ്നനായി നിൽക്കുന്ന പൊള്ളോക്ക്. അയാളുടെ പൂർണരൂപവും കാൻ‌വാസിൽ വീഴുന്ന നിഴൽ പ്രതിരൂപവും കാണാം. തന്നെത്തന്നെയാണ് ചിത്രകാരൻ ആവിഷ്കരിക്കാൻ പോകുന്നതെന്ന് സംവിധായകൻ ഹിന്റ് ചെയ്യുന്നതായി വ്യാഖ്യാനിക്കാവുന്ന ഫ്രെയിം. (മുൻപൊരു രംഗത്ത് പൊള്ളോക്കും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ, ചിത്രത്തിൽ ജീവിതമില്ലെങ്കിൽ അതു കലയല്ല എന്നോ മറ്റോ ഭാര്യ പറയുമ്പോൾ I am life എന്ന പൊള്ളോക്കിന്റെ മറുപടി ഓർമ്മിക്കുക)


പൊള്ളോക്ക് ആലോചനാമഗ്നനായി ഇരിക്കുന്നതിന്റെ മറ്റൊരു ഷോട്ട്. ഫ്രെയിം കോമ്പോസിഷൻ ശ്രദ്ധിക്കുക. പൊള്ളോക്കിനോട് കുറച്ചുകൂടി സമീപത്താണു ക്യാമറ.


ഇടയ്ക്ക് ഭാര്യ വന്ന് ഇയാളിവിടെ വെറുതെയിരിക്കുവാണോ എന്ന് ഭാര്യ ചോദിക്കുമ്പോൾ വാതിലടച്ച് കസേരകൊണ്ട് തടയായി വെക്കുന്ന ഒരു ഷോട്ട്. ചിത്രകാരൻ തീർത്തും അയാളുടെ ലോകത്തേക്ക് ഉൾവലിഞ്ഞു കഴിഞ്ഞു.


പൊള്ളോക്ക് ഫ്രെയിമിലേക്ക് നോക്കി ചിന്തിച്ചു നിൽക്കുന്നതിന്റെ മറ്റൊരു ഷോട്ട്. ഫ്രെയിം കോമ്പോസിഷൻ ശ്രദ്ധിക്കുക, ഒരു ക്ലോസപ്പ് ഷോട്ട്. ചിത്രകാരൻ തന്റെ ആന്തരികലോകത്തായിക്കഴിഞ്ഞു എന്നു സൂചിപ്പിക്കുന്നു.


ശൂന്യമായ ഒരു കാൻ‌വാസിന്റെ റിവേഴ്സ് ഷോട്ട്


രണ്ട് ടൈറ്റ് ക്ലോസപ്പ് ഷോട്ടുകൾ, കാൻ‌വാസിന്റെ റിവേഴ്സ് ഷോട്ട് വെച്ച് ഇന്റർകട്ട് ചെയ്തതാണ് പിന്നീടു വരുന്നത്. Now, this is completely his mental process...




രണ്ടാമത്തെ ടൈറ്റ് ക്ലോസപ്പ് ഷോട്ട് വരുമ്പോൾ കൃഷ്ണമണി വിടർന്നിരിക്കുന്നു. എന്താണു ചെയ്യേണ്ടതെന്ന് ചിത്രകാരനു വ്യക്തമായറിയാം.


പൊള്ളോക്ക് ചിത്രരചന ആരംഭിക്കുന്നു. ചടുലമായ ചലനങ്ങൾ. ചിത്രകാരന്റെ നിഴൽ കാൻ‌വാസിൽ കാണാം. തന്നെത്തന്നെയാണ് അയാൾ ആവിഷ്കരിക്കുന്നതെന്ന് വ്യാഖ്യാനിക്കാവുന്ന ഫ്രെയിം.


ഉദാഹരണം 2
പൊള്ളോക്കിന്റെ ജീനിയസ്സ് എന്നു കലാലോകം അംഗീകരിക്കുന്നത് ഡ്രിപ്പിംഗ് ടെക്നിക് ആണ്. ലളിതമെന്നും ആർക്കും ചെയ്യാവുന്നതെന്നും തോന്നുന്ന ഈ രീതി പൊള്ളോക്ക് ആവിഷ്കരിച്ചതിനെ സിനിമ ദൃശ്യപ്പെടുത്തുന്നത് ലളിതമായ ഷോട്ട്-റിവേഴ്സ് ഷോട്ട് പാറ്റേണിൽ എഡിറ്റ് ചെയ്ത ഏതാനും ഷോട്ടുകളുടെ ഒരു മൊണ്ടാഷിലൂടെയാണ്.

ചിത്രരചനയ്ക്കിടയിൽ കാൻ‌വാസിലേക്ക് നോക്കിയിരിക്കുന്ന പൊള്ളോക്ക്


ബ്രഷിൽ നിന്നും പെയിന്റ് ഡ്രിപ്പ് ചെയ്ത് താഴെ വീഴുന്നു


താഴെ വീണ പെയിന്റ് പൊള്ളോക്ക് കാണുന്നതിന്റെ ഒരു റിവേഴ്സ് ഷോട്ട്


കൗതുകം കൊണ്ട് ബ്രഷിൽ പെയിന്റ് കോരി നിലത്തെറിഞ്ഞ് നോക്കുന്ന പൊള്ളോക്ക്


പുതിയൊരു പാറ്റേൺ രൂപപ്പെടുന്നതിന്റെ റിവേഴ്സ് ഷോട്ട്


ആവേശം കേറിയ പൊള്ളോക്ക് ബ്രഷ് കൊണ്ട് പെയിന്റ് കുടയുന്നു


കൂടുതൽ മിഴിവാർന്നു വരുന്ന പുതിയ പാറ്റേൺ


പുതിയ പാറ്റേണിലേക്ക് നോക്കിയിരിക്കുന്ന പൊള്ളോക്ക്. കോമ്പോസിഷൻ ശ്രദ്ധിക്കുക. Close-up implies its his mental process now.


തുടർന്നു വരുന്നത് പുതിയ സങ്കേതമുപയോഗിച്ച് ചിത്രരചന നടത്തുന്ന പൊള്ളോക്കിന്റെ ഏതാനും ഷോട്ടുകളാണ്.



ചിത്രത്തിന്റെ അവസാനഘട്ടത്തിൽ പൊള്ളോക്ക് തന്റെ മദ്യപാനാസക്തിയിലേക്ക് തിരിച്ചുപോകുമ്പോൾ ജീവിതം താളം തെറ്റുന്നു. മാനസികനില കൂടുതൽ അസ്ഥിരമായി വരുന്നു. ആദ്യഭാഗത്ത് സ്റ്റാറ്റിക് ഷോട്ടുകൾ ഉപയോഗിച്ചെങ്കിൽ, ഈ അവസാന ഭാഗത്ത് ഹാൻഡ് ഹെൽഡ് ക്യാമറയിലാണു ചിത്രീകരണം. ഇത് കഥാപാത്രത്തിന്റെ അസ്ഥിരമായ മനോഘടന പ്രേക്ഷകനും അനുഭവിക്കാനിടയാക്കുന്നു. ഈ ചിത്രം കാണുന്നവർ അവസാനഭാഗത്തെ ഈ ഷോട്ട് ശ്രദ്ധിക്കുക.


ഈ ഷോട്ട് കണ്ടപ്പോൾ പൊള്ളോക്ക് തലകറങ്ങി വീഴാൻ പോകുന്നതുപോലെയാണ് എനിക്കാദ്യം തോന്നിയത്. അതുകൊണ്ടാണ് കൂടുതൽ ശ്രദ്ധിച്ചത്. vertigo shot എന്ന ഓമനപ്പേരിലറിയപ്പെടുന്ന reverse tracking shot ആണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഷോട്ടുകൾ സ്വാഭാവികമായിത്തന്നെ unsettling ആണ്. ഇവിടെ റിവേഴ്സ് ട്രാക്ക് ചെയ്യുന്നതിന്റെ കൂടെ ചെറുതായി ആംഗിൾ ഷിഫ്റ്റ് ചെയ്യുകയും സബ്ജെക്ട് പുറം തിരിയുകയും ചെയ്യുന്നുണ്ട്. ഇതിന്റെയൊക്കെകൂടെയുള്ള combined effect ആണ് തലകറങ്ങി വീഴാൻ പോകുന്നതായി എനിക്ക് തോന്നിയത്. കഥാപാത്രത്തിന്റെ മനോഘടന അവതരിപ്പിക്കാനുള്ള വഴികളിലൊന്ന് നടനെക്കൊണ്ട് അഭിനയിപ്പിക്കുക എന്നതാണ്. ഇതു പക്ഷേ മെലോഡ്രാമയായി പോകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, അതു സിനിമയിലെ ഇമോഷണൽ കണ്ടന്റ് ആയി അവശേഷിക്കും. ഇവിടെ കഥാപാ‍ത്രത്തെ അഭിനയിപ്പിക്കുന്നതിനു പകരം സിനിമയുടെ ദൃശ്യപദ്ധതിയെ പുതുക്കി നിർണയിക്കുന്നതിലൂടെ സിനിമയിൽ നിന്നും ഇമോഷണൽ കണ്ടന്റ് എടുത്ത് കളഞ്ഞ്, പകരം ആ വികാരം പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നു...and that's good cinema.