Thursday, October 14, 2010

ടേൽസ് ഫ്രം ദി ഗോൾഡൻ ഏജ് (2009)

4 Months, 3 Weeks and 2 Days എന്ന സിനിമയ്ക്ക്, 2007-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിലെ പാം ഡി’ഓർ നേടിയ റുമേനിയൻ സംവിധായകൻ ക്രിസ്റ്റ്യൻ മുങ്‌ജുവിന്റെ രചനയിൽ, അദ്ദേഹമടക്കം 5 സംവിധായകർ ചേർന്ന് ഒരുക്കിയ, ആറു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ടേൽ‌സ് ഫ്രം ദി ഗോൾഡൻ ഏജ് (2009). റുമേനിയയിലെ ചൗഷസ്ക്യു കാലഘട്ടത്തെ പരിഹസിക്കുന്ന അർബൻലെജണ്ടുകളാണ് ഈ കഥകൾക്കാധാരം. ചരിത്ര-സാമൂഹ്യവിമർശനം എന്നതു പോയിട്ട് പരിഹാസം പോലുമാകാതെ അടുക്കളപരദൂഷണത്തിന്റെ ലെവലിൽ നിൽക്കുന്നതാണു ആറുകഥകളും എന്നതിനാൽ, ഹാസ്യത്തിന്റെ ലഘുത്വത്തിലൂടെ ഒരു കാലഘട്ടത്തിന്റെ വിമർശനമാണു സിനിമ ഉദ്ദേശിക്കുന്നതെന്ന് സംവിധായകർ പറയുന്നതു കേട്ടു വേണം മനസ്സിലാക്കാൻ. കമ്യൂണിസ്റ്റ് വിരുദ്ധപ്രചാരണത്തോടടുക്കുന്ന സിനിമ, ദൃശ്യപരതയിലോ ആഖ്യാനത്തിലോ പുതുമ പുലർത്തുന്നില്ല എന്ന കാരണത്താൽ വർത്തമാനകാലസിനിമയുടെ ലോകത്ത് എന്തുമാത്രം പ്രസക്തമാണെന്ന ചോദ്യം ഉയരുന്നുണ്ട്.


The Legend of the Official Visit, The Legend of the Party Photographer, The Legend of the Enthusiastic Activist, The Legend of the Greedy Policeman എന്നിങ്ങനെ നാലുകഥകളാണ്, ‘അധികാരത്തിന്റെ കഥകൾ’ എന്ന ആദ്യഭാഗത്ത്. അക്കാലത്തെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകർക്കും ഔദ്യോഗികസ്ഥാനങ്ങളിലിരിക്കുന്ന ചിലർക്കും സംഭവിക്കുന്ന മണ്ടത്തരങ്ങളും അമളികളുമൊക്കെയാണു ഏതാണ്ടെല്ലാ കഥകളുടെയും വിഷയം. The Legend of the Enthusiastic Activist എന്ന ഖണ്ഡത്തിൽ, സാക്ഷരതാപ്രവർത്തനത്തിനു വന്ന പാർട്ടി പ്രവർത്തകൻ, കാലിലെ ചെളി ഇലക്ട്രിക് പോസ്റ്റിലുരച്ചുകളയുന്നതു കണ്ട് ഷോക്കടിച്ചതാണെന്ന് തെറ്റിദ്ധരിച്ച്, അടിച്ച് കൈയൊടിക്കുന്നതൊക്കെയാണിതിലെ തമാശ. സമാനമായ രംഗങ്ങൾ മലയാളസിനിമകളിൽ തന്നെ എത്രതവണ കണ്ടിരിക്കുന്നു. ‘അത്യാഗ്രഹിയായ പോലീസുകാരന്റെ കഥ’യിൽ, ഒരു പന്നിയെ ആർക്കും പങ്കുവെക്കാതെ ഒറ്റയ്ക്കു തിന്നാനുള്ള ശ്രമത്തിൽ, അടുക്കളയിലിട്ട് പന്നിയെ കൊല്ലാൻ ശ്രമിക്കുന്നതും വീടിനു തീ പിടിക്കുന്നതുമൊക്കെയാണുള്ളത്. വിമർശനം എന്ന നിലയിൽ അതിദയനീയമാണ് ഇതിലെ ഓരോ കഥകളും.


‘സ്നേഹത്തിന്റെ കഥകൾ’ എന്ന രണ്ടാംഭാഗത്ത് The Legend of the Air Sellers, The Legend of the Chicken Driver എന്നിങ്ങനെ രണ്ടുകഥകളാണുള്ളത്. The Legend of the Air Sellers എന്ന കഥയിൽ, വിനോദയാത്രയ്ക്കു പോകാൻ എളുപ്പത്തിൽ പണം കണ്ടെത്താൻ, ഒരു പെൺകുട്ടി, കാലിക്കുപ്പികൾ ശേഖരിച്ച് വിൽക്കുന്നതും, പ്രശ്നത്തിലാകുന്നതുമാണു വിഷയം. കമ്യൂണിസത്തിന്റെ അവസാനത്തോടെ റുമേനിക്കാർ കാലിക്കുപ്പി വിറ്റ് കാറുകൾ വാങ്ങി എന്നു പറഞ്ഞുകൊണ്ടാണ് ഈ കഥ അവസാനിക്കുന്നത്. The Legend of the Chicken Driver എന്ന കഥയിൽ, ഭാര്യയോട് ലൈംഗികതാത്പര്യമൊന്നുമില്ലാത്ത ഒരു ട്രക്ക് ഡ്രൈവർ, വഴിയരികിൽ ഹോട്ടൽ നടത്തുന്ന സ്ത്രീയോട് ബന്ധം സ്ഥാപിക്കാൻ സ്വന്തം ജോലി ദുരുപയോഗം ചെയ്യുന്നതാണു കഥ. കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ ജീവൻ നിലനിർത്താൻ പലർക്കും മോഷ്ടിക്കേണ്ടതായി വന്നു എന്നു പറഞ്ഞാണ് ഈ കഥ അവസാനിക്കുന്നത്. അതായത്, കഥയുടെ ഉദ്ദേശ്യം എന്ന് സംവിധായകൻ അവകാശപ്പെടുന്നതും കഥയിൽ കാണുന്നതും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നു ചുരുക്കം.

സിനിമ സ്പോൺസർ ചെയ്ത കോർപറേറ്റുകളുടെ പേരുകൾ കാണിച്ചുകൊണ്ടാണു സിനിമയുടെ തുടക്കം. യൂണിലിവർ പോലെ, സാധാരണയായി സിനിമയിൽ മുതൽമുടക്കാത്ത കോർപറേറ്റ് സ്ഥാപനങ്ങൾ വരെ ഈ സിനിമയുടെ പ്രായോജകരായുണ്ട്. അതായത് കമ്യൂണിസത്തെ പരിഹസിക്കുന്ന അടുക്കളതമാശകൾ സ്പോൺസർ ചെയ്യാൻ കോർപറേറ്റുകൾ ഒരു മടിയും കാണിച്ചില്ലെന്ന് ചുരുക്കം. പക്ഷേ സമയം ചതിച്ചു. കമ്യൂണിസത്തെ കളിയാക്കാൻ കാപിറ്റലിസ്റ്റ് ഒത്താശയാൽ തയ്യാറാക്കിയ സിനിമ റിലീസിനു കാലമാ‍യപ്പോഴേക്കും, സർക്കാരുകളിൽ നിന്നും സോഷ്യലിസ്റ്റ് രീതിയിൽ സഹായം വാങ്ങുന്ന ദയനീയ അവസ്ഥയിലായിരുന്നു ഈ കോർപറേറ്റ് സ്ഥാപനങ്ങൾ. കാപിറ്റലിസം അമ്പേ പരാജയമാണെന്ന് തെളിഞ്ഞ ചരിത്രസന്ധിയിലേക്കാണ്, ഉടുതുണിയില്ലാതെ ഈ സിനിമ പിറന്നു വീഴുന്നത്.


കമ്യൂണിസം തകർന്നതിനു ശേഷം റുമേനിയയിലെ അവസ്ഥ പഴയതിനെക്കാൾ മോശമായി എന്നതാണു സത്യം. അതായത്, രണ്ടാം ലോകയുദ്ധം വരുത്തിയ നാശാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പതിറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ സമ്പദ് വ്യവസ്ഥ വീണ്ടും നശിപ്പിക്കാൻ കാപിറ്റലിസത്തിനു വർഷങ്ങളേ വേണ്ടി വന്നുള്ളൂ. പരിതാപകരമായ വർത്തമാനകാലത്തിലിരുന്ന്, പഴയകാലത്തിന്റെ മണ്ടത്തരങ്ങളെ നോക്കി പല്ലിളിക്കുന്നതിൽ വല്ലാത്തൊരു വിരോധാഭാസമുണ്ട്.

സിനിമയുടെ ആശയം ഒഴിച്ച്, സാങ്കേതികമായി സമീപിച്ചാൽ മോശമല്ലാത്തൊരു സിനിമയാണിത്. കണ്ടിരിക്കാൻ രസം, നല്ല അഭിനയം, ചിലതൊക്കെ ബോറടിപ്പിക്കുമെങ്കിലും ബാൾക്കൻ സിനിമകളിൽ പൊതുവെ കാണാറുള്ള നർമ്മം, പുതുമയൊന്നുമില്ലെങ്കിലും പിഴവുകളില്ലാത്ത ആഖ്യാനം. നേരിട്ടുള്ള കഥപറച്ചിലിന്റെ എളുപ്പവഴി സ്വീകരിക്കുമ്പോഴും സിനിമയുടെ ഭാഷയെ അടിസ്ഥാനപരമായി പരിഷ്കരിക്കുന്നതൊന്നും ഇതിലില്ല. ഇനി, സാമൂഹ്യവിമർശനം എന്ന ബാധ്യതയൊന്നും കൊടുക്കാതെ കണ്ടാലും, രസകരമാണു ഈ സിനിമ. പക്ഷേ, ആശയലോകത്തെ പൂർണമായും അവഗണിക്കാനും സംവിധായകരുടെ അവകാശവാദങ്ങൾ മറക്കാനുമാകില്ലല്ലോ.

ചൗഷസ്ക്യു കാലഘട്ടത്തെക്കുറിച്ച്, പ്രസക്തവും തീക്ഷ്ണവുമായ വിമർശനങ്ങൾ ക്രിസ്റ്റ്യൻ മുങ്ജു മുൻപുയർത്തിയിട്ടുണ്ട്, 4 Months, 3 Weeks and 2 Days എന്ന സിനിമയിൽ. ഇതേ വിഷയം പരിഗണിച്ച സമീപകാലത്തെ റുമേനിയൻ ചലച്ചിത്രങ്ങളായ How I Celebrated the End of the World (2006) (സംവിധാനം Catalin Mitulescu), 12:08 East of Bucharest (2006) (സംവിധാനം: Corneliu Porumboiu) എന്നീ സിനിമകളോടു താരതമ്യപ്പെടുത്തിയാലും ഏറെ ദുർബലമാണു ഈ സിനിമയുടെ ആശയലോകം.

Wednesday, May 12, 2010

വൈറ്റ് റിബണ്‍ (2009)

ക്രൈം ജനുസ്സില്‍ വരുന്ന മിക്കവാറും സിനിമയിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചില കഥാപാത്രങ്ങള്‍ ഉണ്ടാവും. കുറ്റവാളിയെ കാണിച്ചു തരുന്ന സിനിമതന്നെ ആ കുറ്റവാളിയുടെ കുറ്റവാസനയ്ക്കുള്ള/സ്വഭാവത്തിനുള്ള വിശദീകരണവും നല്‍കുകയാണു പതിവ്. ഇത്തരത്തില്‍ എളുപ്പമുള്ള ഉത്തരങ്ങള്‍ കാരണമാവാം, സമൂഹത്തിലെ തിന്മയുടെ ഉത്ഭവത്തെക്കുറിച്ചുള്ള (ചലചിത്രപരമായ) അന്വേഷണങ്ങളെ ഒരടി പോലും മുന്നോട്ടു കൊണ്ടുപോകുന്നില്ല സാധാരണ ക്രൈം തില്ലര്‍ സിനിമകള്‍. ഹോളിവുഡ് മോഡല്‍ ആഖ്യാനങ്ങളിലാകട്ടെ, കുറ്റവാളികള്‍ മഹത്വീകരിക്കപ്പെടുന്ന കാഴ്ചകള്‍ സാധാരണമാണു താനും. സമീപകാലത്ത് വ്യത്യസ്ഥങ്ങളായ കുറ്റക്രൃത്യങ്ങള്‍ക്ക് അറസ്റ്റിലായവര്‍ തങ്ങളെ സിനിമകള്‍ എങ്ങനെ സ്വാധീനിച്ചു എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് വിര്ജീനിയ ടെക്‌‌ സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പിനുത്തരവാദിയായ ഏഷ്യന്‍ വിദ്യാ‌‌ര്‍ത്ഥി 'Old Boy' എന്ന കൊറിയന്‍ ചിത്രം തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് പറയുകയുണ്ടായി. അറുപതുകളുടെ അന്ത്യത്തില്‍ വടക്കേ അമേരിക്കയില്‍ ഭീതി പരത്തിയ പരമ്പരകൊലയാളി 'സോഡിയാക് കില്ലര്‍' ടെറന്‍സ് മാലിക്കിന്റെ 'Badlands' എന്ന സിനിമ ആസ്വദിച്ചതിനെക്കുറിച്ച് പോലീസിനെഴുതുകയുണ്ടായി. (സോഡിയാക് സംഭവം പിന്നീട് Zodiac (2007) എന്ന ചിത്രത്തില്‍ ഡേവിഡ് ഫിഞ്ചര്‍ ഡോകുമെന്റ് ചെയ്യുകയുണ്ടായി. ക്രൈം/ഡ്രാമ ജനുസ്സില്‍ തീര്‍ച്ചയായും വേറിട്ടു നില്‍ക്കുന്ന ഒന്നായിരുന്നു ഈ ചിത്രം.) ഹാനേക്കിന്റെ വൈറ്റ് റിബണ്‍ ആദ്യവര്‍ഗീകരണത്തില്‍ ക്രൈം/ഡ്രാമ ജനുസ്സില്‍ പെടുമെന്കിലും, കുറ്റക്രൃത്യങ്ങളുടെ ഒരന്തരീക്ഷം സിനിമയിലുടനീളം അനുഭവവേദ്യമാണെന്കിലും, ഈ സിനിമ കുറ്റക്രൃത്യങ്ങളെക്കുറിച്ചോ എളുപ്പമുള്ള ഉത്തരങ്ങളെക്കുറിച്ചോ അല്ല.

ശൈലീപരമായി ഹനേക്കിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് വൈറ്റ് റിബണ്‍. നേരിട്ട് പ്രേക്ഷകനെ അഡ്രസ്സു ചെയ്ത ‘ഫണ്ണി ഗെയിംസ്’-ലെ രീതിയോ, ‘Cache’-യില്‍ കണ്ടതു പോലെ ആഖ്യാനത്തിലെ പുതുമകളോ, ഷോക്ക് വാല്യൂ ഉള്ള രംഗങ്ങളോ ഇവിടെയില്ല. തികച്ചും ഏകതാനമായ, ക്ലാസിക് ശൈലിയിലുള്ള ആഖ്യാനത്തില്‍, പേസിംങ്ങില്‍ പോലും ഒരിക്കലും മാറ്റം വരുത്തുന്നില്ല സംവിധായകന്‍. ഏറെക്കുറെ തുടങ്ങിയിടത്തുതന്നെയാണ് ‘കഥ’ അവസാനിക്കുന്നതും. ഇടയ്ക്ക് ചില വേറിട്ടതെന്നോ ഒറ്റപ്പെട്ടതെന്നോ വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ക്ക് സംവിധായകന്‍ നമ്മെ സാക്ഷികളാക്കുന്നു. ഈ സംഭവങ്ങളെല്ലാം, സിനിമയിലെതന്നെ ഒരു കഥാപാത്രത്തിന്റെ ഓര്‍മ്മകളായി, 'വോയ്സ് ഓവര്‍' ഉപയോഗിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്. ഓര്‍മ്മകള്‍ക്ക് സാധാരണ സംഭവിക്കാറുള്ള തുടര്‍ച്ചയുടെ നഷ്ടവും അവ്യക്തതയും ഇവിടെയും സംഭവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, ആഖ്യാനം തുടര്‍ച്ചയില്ലാത്തതും, ഏകപക്ഷീയവും, അവ്യക്തവുമാണ്. ഹാനേക് ആദ്യമായാണ് വോയ്സ്‌‌ ഓവര്‍ എന്ന പഴയ ആഖ്യാനോപകരണം തന്റെ സിനിമയില്‍ ഉപയോഗിക്കുന്നത്. പോരാത്തതിനു്, ഈ സിനിമ പൂര്‍ണമായും കറുപ്പിലും വെളുപ്പിലുമാണ്. പഴയ സിനിമകളിലെന്ന പോലെ രേഖീയമായ, പതിഞ്ഞ, മന്ദതാളത്തിലാണു സിനിമയുടെ ആഖ്യാനം. ഈ പ്രത്യേകതകളെല്ലാം പരിഗണനയിലുള്ള വിഷയത്തിന്റെ കാലഘട്ടത്തിന്റെയും കഥാപാത്രങ്ങളുടെ ജീവിതാന്തരീക്ഷങ്ങളുടെയും പ്രതിദ്ധ്വനിയായി മനസ്സിലാക്കാവുന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലത്തെ, ലഭ്യമായ എല്ലാ ഇമേജുകളും കറുപ്പിലും വെളുപ്പിലുമാണല്ലോ. എന്നാല്‍ ഇതുമാത്രമല്ല, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തെരഞ്ഞെടുക്കാന്‍ കാരണമെന്നായിരുന്നു ആഖ്യാനോപകരണങ്ങളുടെ ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹാനേക്കിന്റെ മറുപടി. വോയ്സ് ഓവറും നിറങ്ങളുടെ അഭാവവും പ്രേക്ഷകനില്‍ നിന്നും ക്രൃത്യമായ ഒരകലം പാലിക്കാന്‍ നറേറ്ററെ സഹായിക്കുന്നു. കൂടാതെ, നിറങ്ങളുടെ അഭാവം റിയലിസത്തിന്റെ നിര്ബന്ധങ്ങളില്‍ നിന്നു സ്വതന്ത്രരാക്കുകയും ചെയ്യുന്നു. കഥ പറയുന്നയാള്‍ ഈ കഥകളില്‍ പലതും കേട്ടറിവു മാത്രമാണെന്നും, ഇതില്‍ പലതും എത്രമാത്രം സത്യമാണെന്ന് അറിയില്ലെന്നുമുള്ള ജാമ്യത്തോടെയാണു കഥ പറച്ചില്‍ തുടങ്ങുന്നത്. ഈ വസ്തുതയെ നിറങ്ങളുടെ അഭാവവുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍ നാചുറാലിസത്തിന്റെ എല്ലാ അവകാശവാദങ്ങളെയും അവയുടെ എല്ലാ സാധ്യതകളോടെയും നിരാകരിക്കുകയാണ് ഈ സിനിമ ആദ്യമേ ചെയ്യുന്നത്.

തന്റെ എല്ലാ സിനിമകള്‍ക്കും കൂടി പൊതുവായ ഒരു പേരിടണമെന്കില്‍ അതു 'civil war' എന്നായിരിക്കുമെന്നാണു ഹനേക് ഒരിക്കല്‍ പറഞ്ഞത്. ഇവിടെ സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള സിവില്‍ വാര്‍ അല്ല, മറിച്ച്, വ്യക്തികള്‍ തമ്മില്‍ നിത്യേനയെന്നോണം നടക്കാറുള്ള കലഹങ്ങള്‍. എല്ലാ വലിയ കലഹങ്ങളുടെയും പിന്നില്‍ ഇതുപോലെ ചെറിയ കലഹങ്ങളുണ്ടാകും. വലിയ കലഹങ്ങളുടെ വലിയ ചിത്രം ലഭിക്കാന്‍ ചെറിയ മാത്രൃകകള്‍ വെച്ച് പഠിക്കുകയാണു ഹാനേക് ചെയ്യുന്നത്. ഹനേക്കിന്റെ മുന്‍ചിത്രങ്ങള്‍ പോലെ തന്നെ വൈറ്റ് റിബണും ഒരു ചെറിയ മാത്രൃകയാണ്. ഫാഷിസത്തിന്റെയും ഫനറ്റിക് എന്നു വിശേഷിപ്പിക്കാവുന്ന ചിന്താഗതികളുടെയും ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുള്ള ചെറിയൊരു മാത്രൃക.

ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍, ജര്‍മ്മനിയിലെ ഒരു ഫ്യൂഡല്‍ കാര്‍ഷിക-ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങളും അവയോട് ഗ്രാമവാസികളുടെ പ്രതികരണവുമാണു സിനിമയുടെ വിഷയം. ഗ്രാമത്തിലെ അധ്യാപകനാണു കഥ പറയുന്നത്. ഗ്രാമത്തിലെ ഡോക്ടര്‍, ഒരു ദിവസം, വീതികുറഞ്ഞ ഒരു കയറില്‍ തടഞ്ഞ് കുതിരപ്പുറത്തുനിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാകുന്നതാണ് ആദ്യസംഭവം. ഡോക്ടര്‍ വീണ് അല്പസമയത്തിനുള്ളി‌‌ല്‍ കയര്‍ അപ്രത്യക്ഷമാകുന്നുമുണ്ട്. ആരാണ് കയറുകെട്ടി ഡോക്ടറെ വീഴ്ത്തിയതെന്ന് പോലീസിനും കണ്ടെത്താനാകുന്നില്ല. ഡോക്ടര്‍ വീണതിന്റെ അടുത്ത ദിവസം ഒരു കാര്‍ഷികത്തൊഴിലാളിയുടെ ഭാര്യ അപ്രതീക്ഷിതമായൊരപകടത്തില്‍ കൊല്ലപ്പെടുന്നു. താരതമ്യേന ശാന്തമായൊരു വേനല്‍ക്കാലമാണതിനെത്തുടര്‍ന്ന് വരുന്നത്. വേനലിന്റെ അന്ത്യത്തില്‍ കൊയ്ത്തുത്സവത്തിനിടെയാണ്, അപകടത്തില്‍ മരിച്ച സ്ത്രീയുടെ മകന്‍ ഭൂവുടമ(ബാരണ്‍‌)-യുടെ കൃഷി നശിപ്പിക്കുന്നതും ഭൂവുടമയുടെ മകനെ കാണാതാവുന്നതും. കാണാതായ മകനെ, രാത്രി മര്‍ദ്ദിച്ചവശനാക്കി തലകീഴായി കെട്ടിയിട്ട നിലയില്‍ കണ്ടെത്തുന്നു. പിറ്റേന്ന് പള്ളിയില്‍ വെച്ച് നടത്തുന്ന പ്രസംഗത്തില്‍, ബാരണ്‍ ഈ അസാധാരണസംഭവങ്ങളെയെല്ലാം ബന്ധിപ്പിച്ച് സംസാരിക്കുന്നതോടു കൂടി ഗ്രാമീണര്‍ പരസ്പരം സംശയിക്കുന്ന അവസ്ഥ വരുന്നു. പിന്നീട്, ഗ്രാമത്തിലെ ഒരു കെട്ടിടത്തിനു തീ പിടിക്കുന്നു; അപകടത്തില്‍പ്പെട്ട് ഭാര്യ മരിച്ച കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നു. ഇതുപോലെ, ഒറ്റനോട്ടത്തില്‍ പരസ്പരം ബന്ധമുണ്ടെന്നു തോന്നിക്കാത്ത, ഒറ്റപ്പെട്ട കുറെ സംഭവങ്ങളിലൂടെയാണ് ഈ ഗ്രാമചരിത്രം മുന്നേറുന്നത്. അക്രമത്തിന്റെയും സമാനതകളില്ലാത്ത ക്രൂരതകളുടെയും കഥകളുടെ കെട്ടഴിക്കുമ്പോഴും ഇതിനെല്ലാം സമാന്തരമായി മനോഹരമായൊരു പ്രണയകഥ കൂടി ഈ സിനിമയില്‍ ഉള്‍‌ചേര്‍ന്നിരിക്കുന്നു. കഥപറച്ചിലുകാരന്‍ അധ്യാപകനും ഗ്രാമത്തിലെ ഭൂവുടമയുടെ വീട്ടില്‍ ബേബി സിറ്ററായെത്തുന്ന ഈവ എന്ന ചെറുപ്പക്കാരിയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. ഹാനേക്കിന്റെ സിനിമകളില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത, സമാന്തരമായ ഈ പ്രണയകഥ സിനിമയുടെ പിരിമുറുക്കമുണ്ടാക്കുന്ന ആഖ്യാനഗതിയ്ക്ക് അയവു നല്‍കുകയും സംവിധായകന്റെ ക്രാഫ്റ്റിനു അടിവരയിടുകയും ചെയ്യുന്നു.

കഥ പറയുന്നയാള്‍ക്ക്, കഥ പറയപ്പെടുന്ന കാലത്ത് ഏതാണ്ട് 85-90 വയസ്സ് പ്രായമുണ്ടാകുമെന്നാണ് ശബ്ദത്തില്‍ നിന്നും മനസ്സിലാകുന്നത്. അതായത്, ഈ കഥ പറയപ്പെടുന്നത് ഏതാണ്ട് 1970-കളിലായിരിക്കും. എഴുപതുകളില്‍ ജര്‍മ്മനിയെ പിടിച്ചുകുലുക്കിയ തീവ്രവാദപ്രസ്ഥാനത്തിന്റെ (ബാദര്‍ മെ‌‌യിനോഫ് പ്രസ്ഥാനം) ചരിത്രവുമായും ഈ സിനിമയെ ബന്ധിപ്പിക്കാവുന്നതാണ്. ബാദര്‍ മെയിനോഫ് പ്രസ്ഥാനത്തിലെ പ്രധാനികളായ പലരും പ്രൊട്ടസ്റ്റന്റ് കുടുംബങ്ങളില്‍ നിന്നും വരുന്നവരാണെന്നത് ഇവിടെ തികച്ചും പ്രസക്തമാണ്. ജര്‍മ്മനിയില്‍ അക്കാലത്ത് നിലനിന്നിരുന്ന, ഫാസിസവും ഭീകരതയുമായി രൂപാന്തരപ്പെടുന്ന കറുത്ത വിദ്യാഭ്യാസത്തെ മാത്രൃകയാക്കിക്കൊണ്ട്‌ ഐഡിയലിസവും ഭീകരതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാനാണു താന്‍ ശ്രമിച്ചതെന്ന് കാന്‍ ചലചിത്രമേളയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംവിധായകന്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ജര്‍മ്മനിയുടെയും ഫാഷിസത്തിന്റെയും കഥ മാത്രമായി ഈ സിനിമ ചുരുക്കിക്കളയുന്നത് ഈ സിനിമയോടു ചെയ്യുന്ന വലിയ പാതകങ്ങളിലൊന്നായിരിക്കും. ഏറെക്കാലം തീവ്രമായ സഹനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകുന്ന സമൂഹം കാലക്രമേണ ഫണ്ടമെന്റലിസ്റ്റ് രൂപങ്ങള്‍ കൈക്കൊള്ളുമെന്നാണ് 'വൈറ്റ് റിബണ്‍' മുന്നോട്ടു വെക്കുന്ന തിയറി.

വൈറ്റ് റിബണില്‍, കുട്ടികളാണ് അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്‌‌. മുതിര്‍ന്നവര്‍ അവരെ സംബന്ധിച്ചിടത്തോളം മര്‍ദ്ദനോപകരണങ്ങള്‍ മാത്രമാണ്. മുതിര്ന്നവര്‍ക്കൊന്നും ഈ സിനിമയില്‍ പേരില്ല എന്നോര്‍ക്കുക; ഡോക്ടര്‍, മിഡ്‌‌വൈഫ്, ബാരണ്‍ (ഭുവുടമ), കാര്യസ്ഥന്‍, പാസ്റ്റര്‍, അധ്യാപകന്‍ തുടങ്ങി ജോലി/സ്ഥാനപ്പേരിലാണ് മുതിര്‍ന്നവരൊക്കെ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. കഥ പറയുന്നത് അധ്യാപകനാണെന്കിലും കുട്ടികളുടെ വീക്ഷണകോണില്‍ നിന്നാണു സംവിധായകന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും. വീക്ഷണകോണുകളുടെ ഈ തെരഞ്ഞെടുപ്പാകട്ടെ, ഏകതാനമായ നറേഷനെ അപേക്ഷിച്ച് കൂടുതല്‍ അര്‍ത്ഥസാധ്യതകള്‍ പല രംഗങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, ഡോക്ടറുടെ ഏഴുവയസ്സുള്ള മകന്‍ റൂഡി, രാത്രി ഉറങ്ങാനാകാതെ പടിയിറങ്ങി വരുന്ന രംഗം ശ്രദ്ധിക്കുക. കൗമാരക്കാരിയായ ചേച്ചി ആനിയെയാണവന്‍ അന്വേഷിക്കുന്നത്. ഒരു ഏഴുവയസ്സുകാരന്‍ രാത്രിയില്‍ വരാന്തയിലൂടെ നടക്കുമ്പോഴുണ്ടാകാവുന്ന അവ്യ‌‌ക്തതയും പരിഭ്രമവും ക്യാമറ ആംഗിള്‍, പ്രകാശവിതാനം എന്നിവയിലൂടെ സംവിധായകന്‍ പ്രേക്ഷകരിലും സ്രൃഷ്ടിക്കുന്നുണ്ട്. വലിയൊരു മുറിയുടെ അങ്ങേയറ്റത്ത് തന്റെ ചേച്ചി പിതാവിന്റെ മുന്നിലായി ഇരിക്കുന്നതവന്‍ കാണുന്നു. ചേച്ചിയും പിതാവും എന്താണു ചെയ്യുന്നതെന്ന് അവനു(ആദ്യം പ്രേക്ഷകനും) വ്യക്തമാകുന്നില്ല. ഡോക്ടര്‍ സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗിക്കുന്നതിനെ ഇതിനു മുന്‍പുള്ള ഒരു സീനില്‍ മിഡ്‌‌വൈഫ് സംസാരത്തില്‍ സൂചിപ്പിക്കുന്നതോര്‍ക്കുക. ഡോക്ടര്‍ സ്വന്തം മകളോടു കാണിക്കുന്ന ലൈംഗികാതിക്രമത്തെ ദ്രൃശ്യമലിനീകരണം കൂടാതെതന്നെ സംവിധായകന്‍ ക്രൃത്യമായി അവതരിപ്പിച്ചുകഴിഞ്ഞു. അതുപോലെ, പാസ്റ്റര്‍ തന്റെ മക്കളെ പ്രഹരിക്കുന്ന രംഗമാകട്ടെ ശബ്ദമുപയോഗിച്ചാണു രൂപപ്പെടുത്തിയിരിക്കുന്നത്. മക്കള്‍ ഓരോരുത്തരായി പാസ്റ്ററുടെ മുറിയിലേക്ക് കയറുന്നതേ പ്രേക്ഷകന്‍ കാണുന്നുള്ളൂ. അടിയുടെ ശബ്ദം മാത്രം കേള്‍ക്കാം. കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനൊക്കെ ക്രൃത്യമായ മാനദണ്ഡങ്ങളുള്ള ജര്‍മ്മനി പോലൊരു രാജ്യത്ത് മേല്‍പറഞ്ഞതുപോലെയുള്ള ലൈംഗികാതിക്രമരംഗങ്ങളോ കുട്ടികളെ ശിക്ഷിക്കുന്നതോ ചിത്രീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ തനിക്കു പറയാനുള്ളത് ക്രൃത്യമായി സംവിധായകനു അവതരിപ്പിക്കാനാകുന്നു.

വയലന്‍‌സിന്റെ പ്രതിനിധാനം
ഹാനേക്കിന്റെ സിനിമകളില്‍ ആവര്‍ത്തിച്ച് അന്വേഷണവിധേയമാകുന്ന പ്രമേയങ്ങളിലൊന്ന് വയലന്‍സിന്റെ പ്രതിനിധാനമാണ് (The question of the representation of violence). ഐഡിയലിസത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം എന്ന നിലയിലാണു സംവിധായകന്‍ പാസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ പാസ്റ്റര്‍ തന്റെ മക്കളെ ശിക്ഷിക്കുന്ന രീതികള്‍ 'വയലന്‍സിന്റെ പ്രതിനിധാനം' എന്ന വലിയ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അന്വേഷിക്കേണ്ടത്. വൈകിവന്നതിന്റെ പേരില്‍ കുട്ടികളെ പട്ടിണിക്കിടുക, സ്വയംഭോഗം ചെയ്യുന്നുവെന്ന സംശയത്തില്‍ മകന്റെ കൈ ഉറങ്ങുന്നതിനു മുന്‍പ് കട്ടിലിനോടു ചേര്‍ത്തു കെട്ടുക തുടങ്ങി അസാധാരണമായ വിധത്തില്‍, താന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ ധാര്‍മ്മികത മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നയാളാണ് ഈ പാസ്റ്റര്‍. അധ്യാപകന്റെ അസാനിധ്യത്തില്‍ ബഹളം വെക്കുന്ന കുറെ കുട്ടികളുടെ ഒരു ക്ലാസ് മുറിയിലേക്ക് പാസ്റ്റര്‍ വരുന്നൊരു രംഗമുണ്ട് സിനിമയില്‍. കൂട്ടത്തില്‍ പ്രായക്കൂടുതല്‍ ഉള്ളതുകൊണ്ടാവാം, തന്റെ മകള്‍ ക്ലാരയെയാണ് അയാള്‍ ഏറ്റവും രൂക്ഷമായി ശകാരിക്കുന്നത്. ശകാരം താങ്ങാനാകാതെ ക്ലാര തളര്‍ന്നു വീഴുന്നു. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ചടങ്ങില്‍ കുട്ടികള്‍ അപ്പവും വീഞ്ഞും സ്വീകരിക്കാന്‍ നിരന്നു നില്ക്കുമ്പോള്‍, ക്ലാരയുടെ ഊഴമെത്തുമ്പോള്‍ പാസ്റ്റര്‍ അവളെമാത്രം ദീര്‍ഘനേരം സൂക്ഷിച്ചുനോക്കി നില്‍ക്കുന്നുണ്ട്. അതായത് പാസ്റ്റര്‍ പ്രകടിപ്പിക്കുന്ന വയലന്‍സ് ശാരീരികം മാത്രമല്ല, വെര്‍ബലും(ശകാരങ്ങളും ഉപദേശങ്ങളും), മാനസികവും(പരസ്യമായുള്ള രൂക്ഷമായ നോട്ടം), ലൈംഗികവും(സ്വയംഭോഗം ചെയ്യാതിരിക്കാന്‍ മകന്റെ കൈ കെട്ടിയിടുന്നത്) കൂടിയാണ്. തനിക്ക് ലൈംഗികമായൊരു സേവനം ചെയ്യാനൊരുങ്ങുന്ന മിഡ്‌‌വൈഫിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഡോക്ടറുടെ ഡയലോഗുകള്‍ വെര്‍ബല്‍ വയലന്‍സിന്റെ അങ്ങേയറ്റമാണ്.

ആരാണു കുറ്റവാളി?
സാധാരണ ക്രൈം ജനുസ്സില്‍ പെട്ട സിനിമകളിലേതുപോലെ ഇതൊരു 'Whodunit' ഫിലിമല്ല. ആരാണു കുറ്റവാളി(കള്‍) എന്നതിനെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നറേറ്ററായ അധ്യാപക കഥാപാത്രം തരുന്നുണ്ട്. അതു പക്ഷേ ആ അധ്യാപകന്റെ ധാരണകള്‍ മാത്രമാണെന്നും വരാം. അധ്യാപകന്‍ പറയുന്ന കഥയില്‍, പാസ്റ്ററുടെ വീട്ടില്‍ വളര്‍ത്തുന്ന ഒരു പക്ഷിയെ (ക്രൂശിതരൂപത്തിലെന്നതുപോലെ)ഒരു കത്രികയില്‍ കോര്‍ത്ത്, കൊന്ന് പാസ്റ്ററുടെ മേശപ്പുറത്തു വെച്ചിരിക്കുന്നതായി ഒരു രംഗമുണ്ട്. അതിനു തൊട്ടുമുന്‍പത്തെ സീനില്‍ പാസ്റ്ററുടെ മകള്‍ ക്ലാര, കത്രിക തിരയുന്നതും കാണിക്കുന്നുണ്ട്. പക്ഷിയെക്കൊന്നത് ക്ലാരയാണെന്ന് അധ്യാപകന്‍ കരുതുന്നു. അതിനടുത്ത സീനിലാണു കാര്യസ്ഥന്റെ മകള്‍, രണ്ടു സ്വപ്നങ്ങളെപ്പറ്റി അധ്യാപകനോടു കുമ്പസാരിക്കുന്നത്. ഒന്ന് അവളുടെ വീട്ടിലെ നവജാതശിശുവിന്, തൊട്ടു മുന്‍പത്തെ മഞ്ഞുകാലത്ത് ന്യൂമോണിയ വന്നതിനെക്കുറിച്ചാണ്. കാര്യസ്ഥന്റെ കുട്ടി കിടക്കുന്ന മുറിയുടെ ജനല്‍ ആരോ തുറന്നിടുന്നതും അതുകാരണം കുട്ടിയ്ക്ക് ന്യുമോണിയ വരുന്നതും മുന്‍പൊരു സീനില്‍ വരുന്നുണ്ട്. കാര്യസ്ഥന്റെ മകളുടെ കുമ്പസാരം, ആരോ ജനല്‍ തുറന്നിടുന്നതായി താന്‍ സ്വപ്നം കണ്ടു എന്നാണ്. മിഡ്‌വൈഫിന്റെ mentally handicapped ആയ മകന്‍ കാര്‍‌ലിയെ ആരോ ഉപദ്രവിക്കുന്നതായി വീണ്ടും സ്വപ്നം കാണുന്നതോടെയാണ് അവള്‍ തന്റെ സ്വപ്നങ്ങള്‍ അധ്യാപകനോടു പറയുന്നത്. അതെത്തുടര്‍ന്ന് കാര്‍‌ലിയെ കാണാതാവുകയും കണ്ണുകള്‍ തുരക്കപ്പെട്ട്, ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട അവസ്ഥയില്‍ പിന്നീട് കണ്ടുകിട്ടുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ പേരില്‍ കാര്യസ്ഥന്റെ മകളെ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ മറ്റു കുട്ടികള്‍ ഒളിച്ചുകേള്‍ക്കുന്നതും സിനിമയിലുണ്ട്. അതിനോടടുത്തൊരു സീനില്‍, ഒരു കുളത്തിനരികില്‍ രണ്ടു മുതിര്‍ന്ന കുട്ടികളും അവരേക്കാന്‍ ഇളയ മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് മുതിര്‍ന്ന കുട്ടികളിലൊരാള്‍ ഇളയ കുട്ടിയെ കുളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു. കൂട്ടത്തിലുള്ള മറ്റേ മുതിര്‍ന്നകുട്ടി ഇടപെട്ട് ഇളയകുട്ടിയെ രക്ഷിക്കുന്നുമുണ്ട്. കുട്ടികളാണ് ഈ കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ എന്ന ധാരണ അധ്യാപകനില്‍ രൂപപ്പെടുന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ് ഈ രംഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. എന്നാല്‍ അധ്യാപകനല്ലാതെ മറ്റാരും കുട്ടികളാണിതിനെല്ലാം പിന്നില്‍ എന്ന് കരുതുന്നില്ല. ഒരുപക്ഷേ അധ്യാപകന്‍ ആ കുട്ടികളെ അറിയുന്നതുപോലെ മറ്റാരും അറിയുന്നില്ല എന്നതാവാം കാരണം. ആരാണു കുറ്റവാളി എന്ന് സംവിധായകനും കൃത്യമായി പറയുന്നില്ല.

എന്തുകൊണ്ടാണ് ഇതുപോലൊരു സിനിമയില്‍ വയലന്‍സിന്റെ പ്രഭവകേന്ദ്രം ഏതാണ്ടു ഗൂഢമായിത്തന്നെയിരിക്കുന്നത്? ഈ സിനിമ നാസിസത്തിനു ഒരു prequel ആണെന്ന് മുന്‍പുതന്നെ പരാമര്‍ശിച്ചിരുന്നതോര്‍ക്കുക. ജരമ്മനിയില്‍ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ചിലര്‍ക്കുമാത്രമായി നല്‍കാനാവില്ലെന്നും വെസ്റ്റേണ്‍ സമൂഹം മുഴുവന്‍ ഇതിന്റെ കുറ്റബോധത്തിനവകാശികളാണെന്നുമല്ലേ ഇതിനര്‍ത്ഥം? നിഷ്കളങ്കരെന്ന് കരുതപ്പെടുന്ന കുട്ടികള്‍ ഇത്രമാത്രം ക്രൂരവും വന്യവുമായ കൃത്യങ്ങള്‍ ചെയ്യുമെന്ന് ആരും കരുതുന്നില്ല എന്ന വസ്തുത, തങ്ങളുടെ സമൂഹം മുഴുവന്‍ തെറ്റുകളിലൂടെയാണു പൊയ്ക്കൊണ്ടിരുന്നത് എന്ന് ജര്‍മ്മന്‍ സമൂഹം മനസ്സിലാക്കിയിരുന്നില്ല എന്ന വസ്തുതയുടെ metaphor ആകുന്നുണ്ടോ? ഈ ഗ്രാമത്തിലെ ഒറ്റപ്പെട്ടതെന്നു തോന്നിപ്പിക്കുന്ന സംഭവപരമ്പരകളുടെ മുന്നില്‍, കുഴക്കുന്ന ഒരു പ്രശ്നത്തിലെന്നപോലെയാണ് ഗ്രാമീണര്‍ നില്‍ക്കുന്നത്. ഏതാണ്ടതുതന്നെയാണ് പ്രേക്ഷകന്റെയും അവസ്ഥ. പക്ഷേ ഒരു സമൂഹത്തിന്റെ പതനം നാം കാണുന്നു. വൈറ്റ് റിബണ്‍ പോലെ Cache എന്ന ഹനേക്കിന്റെ തന്നെ മുന്‍‌ചിത്രത്തോടും പലര്‍ക്കുമുള്ള പ്രശ്നം കൃത്യമായ ഉത്തരങ്ങള്‍ തരാന്‍ ഈ സിനിമകള്‍ വിസമ്മതിക്കുന്നു എന്നതാണ്. ഉത്തരമില്ലായ്മ തന്നെ ഒരുത്തരമായെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇവിടെ കൃത്യമായ ഉത്തരങ്ങള്‍ക്കു പ്രസക്തിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഹാനേക്ക് നിര്‍മ്മിക്കുന്ന പസിള്‍ അതിന്റെ ഉത്തരത്തേക്കാള്‍ രസകരമാണെന്നതും ഒരു കാരണമാണ്.

ചരിത്രവും രാഷ്ട്രീയവും
ഈ സിനിമയുടെ മുഴുവന്‍ പേര്, Das weisse Band - Eine deutsche Kindergeschichte എന്നാണ്. Wjite Ribbon- A German children's Tale എന്ന് ഏകദേശ ആംഗലേയ തര്‍ജ്ജമ. അതായത് ഇത് കുട്ടികള്‍ക്കുള്ള കഥയോ കുട്ടികളെക്കുറിച്ചുള്ള കഥയോ ആകാം. രണ്ടായാലും കേന്ദ്രസ്ഥാനത്തുള്ളത് കുട്ടികളാണ്. 1914-ല്‍ കൌമാരത്തിലെത്തിനില്‍ക്കുന്ന കുറെ കുട്ടികള്‍. ഹിറ്റ്ലറുടെയും നാഷണല്‍ സോഷ്യലിസത്തിന്റെയും കാലത്ത് ഇവര്‍ 35-40 വയസ്സുള്ള സമൂഹത്തിന്റെ മുഖ്യപ്രവര്‍ത്തനവിഭാഗം ആയിരിക്കും. അതായത് ഈ സിനിമയിലെ കുട്ടികളെപ്പോലെ ശാരീരികവും മാനസികവും ലൈംഗികവുമായ അടിച്ചമര്‍ത്തലുകളിലൂടെ വളര്‍ന്നു വന്ന ഒരു സമൂഹമാണ് ഫാഷിസത്തിനു വേരോടാന്‍ തക്കതായ ഒരു സമൂഹത്തെ സൃഷ്ടിച്ചതെന്ന്. ഇത്തരം കാലഗണനയിലധിഷ്ഠിതമായ ചരിത്രവായനകളില്‍ നിന്നാണ് വൈറ്റ് റിബണ്‍ അതിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങള്‍ കണ്ടെടുക്കുന്നത്.

എന്നാല്‍ ഈ ചിത്രം ഫാഷിസത്തിന്റെ/ഫണ്ടമെന്റലിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചു മാത്രമാണോ?
ഈ ചിത്രത്തിലെ പാസ്റ്റര്‍, കുട്ടികള്‍ തെറ്റു ചെയ്യാതിരിക്കാന്‍ അവരുടെ കൈ‌യിലോ തലയിലോ ഒരു വെള്ള റിബണ്‍ കെട്ടാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. വെള്ള റിബണ്‍ ഒരു അടയാളമാണ്; തിന്മയെ നിയന്ത്രിക്കാന്‍, അധികാരമുള്ളവന്‍ ഉപയോഗിക്കുന്ന ഒരു അടിച്ചമര്‍ത്തല്‍ ഉപകരണമാണത്. അമേരിക്കന്‍ നിരൂപകന്‍ റോജര്‍ എബര്‍ട്ട് ഒരു പടികൂടി കടന്ന് ഈ സിനിമയെ ഭരണകൂടഭീകരതയുമായി ബന്ധിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെ വിലയായികൊടുത്തുകൊണ്ടും തിന്മയെ പ്രതിരോധിക്കുക എന്നു വരുമ്പോള്‍ അവിടെ authoritarianism വളരുന്നു. തിന്മ തടയുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും വേണമെന്നു വരുന്നു. സ്വഭാവികമായും അത് നിയമപാലകരിലേക്കും സ്റ്റേറ്റിന്റെ അധികാരത്തിലേക്കും പോകുന്നു. ഏതു തരത്തിലുള്ള ക്രമമില്ലായ്മയും തിന്മയാണെന്നും അതുകൊണ്ട് ക്രമമില്ലായ്മകളെ തടയണമെന്നും വരുന്നു. ഇവിടെയാണ് ഭരണകൂടതാത്പര്യങ്ങള്‍ ജനതാത്പര്യങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്നത്. സാധാരണക്കാരായ ആളുകളുടെ നിത്യജീവിതത്തെ വിഷയമാക്കുന്ന ഒരു സിനിമയില്‍ ഇതുപോലെ ഗഹനമായ ആശയങ്ങള്‍ ഉള്‍‌ചേര്‍ക്കാന്‍ കഴിയുന്നു എന്നതു തന്നെ ഹാനേക്കിന്റെ ജീനിയസ്.

Friday, April 09, 2010

അഗോറ(2009)

The Sea Inside എന്ന സിനിമയിലൂടെ അന്താരാഷ്ട്രപ്രശസ്തിയിലേക്കുയർന്ന ചിലിയൻ/സ്പാനിഷ് സംവിധായകൻ അലഹാന്ദ്രോ അമനേബാറിന്റെ ഏറ്റവും പുതിയ ചിത്രം അഗോറ(2009), അഞ്ചാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ വധിച്ച തത്വചിന്തകയും ഗണിതജ്ഞയുമായിരുന്ന അലക്സാണ്ട്രിയയിലെ ഹൈപേഷ്യയുടെ ജീവിതത്തെയും മരണത്തെയും വീണ്ടും ഓർമ്മയിൽ കൊണ്ടുവരുന്നു.

തിയോൺ എന്ന ഗണിതജ്ഞന്റെ മകളായി A.D.350-370 കാലഘട്ടത്തിലെപ്പോഴോ ആണു ഹൈപേഷ്യ ജനിച്ചതെന്ന് കരുതപ്പെടുന്നു. തത്വചിന്തയിൽ പ്ലേറ്റോയുടെ സ്കുൾ ഓഫ് തോട്ട് പിന്തുടർന്ന അവർ അധ്യാപികയും ഗണിത-ജ്യോതിശാസ്ത്ര-ഗവേഷകയുമായിരുന്നു. Empirical എന്നതിലുപരി theoretical രീതിയിലുള്ള ഗവേഷണങ്ങൾക്കാണ് അവർ പ്രാമുഖ്യം കൊടുത്തിരുന്നത്. ഹൈപേഷ്യയുടെ വർക്കുകളൊന്നും പൂർണരൂപത്തിൽ അവശേഷിച്ചിട്ടില്ല എന്ന് കരുതപ്പെടുന്നു. സ്ത്രീകൾ പൊതുധാരയിൽ വരുന്നതിനെ അസഹിഷ്ണുതയോടെയാണ് ബൈബിൾ കാണുന്നത്. ഹൈപേഷ്യയുടെ പഠനഗവേഷണങ്ങളിൽ അസഹിഷ്ണുക്കളായ അലക്സാണ്ട്രിയയിലെ ക്രിസ്ത്യാനികൾ (കത്തോലിക്കരുടെ വിശുദ്ധരിൽ ഒരാളായ) വി.സിറിലിന്റെ നേതൃത്വത്തിലാണ് ഹൈപേഷ്യയെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തത്.

തന്റെ ശിഷ്യന്മാരെ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും തത്വചിന്തകൾ പഠിപ്പിക്കുന്ന ഹൈപേഷ്യയുടെ തത്വചിന്താ-ക്ലാസ്സോടെയാണ് ചിത്രം തുടങ്ങുന്നത്. ക്രിസ്ത്യൻ മതപ്രചാരകർ പൊതുനിരത്തിൽ പേഗൻ വിശ്വാസികളായ അലക്സാണ്ട്രിയയിലെ ജനങ്ങളെയും അവരുടെ പേഗൻ ദൈവങ്ങളെയും അപഹസിക്കുന്ന രംഗങ്ങൾ ആദ്യഭാഗത്തുണ്ട്. പരിഹാസം സഹിക്കാനാവാതെ ക്രിസ്ത്യാനികളെ വധിക്കാൻ ആയുധമെടുത്തിറങ്ങുന്ന പേഗനിസ്റ്റുകൾ ക്രിസ്ത്യാനികളുടെ വർദ്ധിച്ച അംഗസംഖ്യയ്ക്കു മുന്നിൽ പരാജയമറിയുന്നു. ക്രിസ്ത്യൻ-പേഗൻ മതസംഘട്ടനങ്ങളുടെ വിശദമായ ദൃശ്യങ്ങൾ സിനിമയുടെ ആദ്യഭാഗത്തുണ്ട്. പിന്നീട് പ്രധാനമന്ദിരങ്ങളും അലക്സാണ്ട്രിയയിലെ പ്രസിദ്ധമായ ലൈബ്രറിയും കൈയേറുന്ന ക്രിസ്ത്യാനികൾ അവിടുത്തെ അമൂല്യങ്ങളായ ഗ്രന്ഥങ്ങളെല്ലാം തീയിട്ടു നശിപ്പിക്കുന്നു. കൈയിൽ കിട്ടിയ ഗ്രന്ഥങ്ങളുമായി രക്ഷപെടാൻ ഹൈപേഷ്യയും ശിഷ്യന്മാരും നിർബന്ധിക്കപ്പെടുന്നു. ക്രിസ്ത്യാനികൾ ലൈബ്രറി നശിപ്പിക്കുന്ന സാമാന്യം ദൈർഘ്യമേറിയ രംഗത്തിനൊടുവിൽ, ക്യാമറ കുത്തനെ മുകളിലേക്കുയർന്ന് ഒരു bird’s eye view (അതോ God’s eye view ആണോ?)-ലെത്തുമ്പോൾ, പുസ്തകങ്ങളെടുത്ത് തീയിലിടുന്ന, കറുത്ത കുപ്പായമിട്ട ക്രിസ്ത്യാനികൾ ഉറുമ്പുകളെപ്പോലെ തോന്നിപ്പിക്കുന്നു.

സിനിമയിൽ ഒന്നിലധികം തവണ അലക്സാണ്ട്രിയയുടെ വൈഡ്-ആംഗിൾ ദൃശ്യം സൂം-ഔട്ട് ചെയ്ത് ഒരു God’ eye view-വിലെത്തുന്നുണ്ട്. ചിലപ്പോൾ അതു ഭൂമിയുടെ (ഇന്നത്തെക്കാലത്ത് മാത്രം ലഭ്യമായ) ബഹിരാകാശ ചിത്രമെന്ന് തോന്നിക്കുന്ന ഇമേജിലെത്തി നിൽക്കുന്നു. മതസംഘട്ടനങ്ങൾ നടക്കുന്ന അലക്സാണ്ട്രിയയുടെ ദൃശ്യം ഇന്നത്തെ ഗൂഗിൾ-എർത്ത് ദൃശ്യമായി പരിണമിക്കുമ്പോൾ, ഗുജറാത്തും ഡാർഫറും ബെൽഫാസ്റ്റും റുവാണ്ടയുമുള്ള ഇന്നത്തെ ലോകം പഴയ മതസംഘട്ടനങ്ങളുടെ ചരിത്രകാലത്തുനിന്നും അധികമൊന്നും മാറിയിട്ടില്ല എന്നു തന്നെയാണോ ചലചിത്രകാരൻ ഉദ്ദേശിക്കുന്നത്?

സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനെ പൂർണമായും എതിർക്കുന്ന പോളിന്റെ വാക്കുകൾ ബൈബിളിൽ നിന്നും ഉദ്ധരിച്ചുകൊണ്ടാണ് ഹൈപേഷ്യയെ വധിക്കാൻ, പിൽക്കാലത്ത് വിശുദ്ധനായിത്തീർന്ന സിറിൽ ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുന്നത്. സിറിലിന്റെ വാക്കുകൾ കേട്ട് അക്രമാസക്തരാവുന്ന വിശ്വാസികളുടെ ദൃശ്യം ഇന്റർകട്ടു ചെയ്യുന്നത്, താൻ വധിക്കപ്പെടും എന്നറിഞ്ഞിട്ടും രക്ഷപെടാനുള്ള തയ്യാറെടുപ്പുകളൊന്നും കൂടാതെ, തന്റെ പഠനങ്ങളിലും ചിന്തയിലും മുഴുകിയിരിക്കുന്ന ഹൈപേഷ്യയുടെ ദൃശ്യത്തിലേക്കാണ്. അരിസ്റ്റാർക്കസ് മുന്നോട്ടു വെച്ചിരുന്നുവെങ്കിലും അക്കാലത്ത് പൊതുവെ അംഗീകാരമില്ലാതിരുന്ന ‘ഹീലിയോ‌സെൻ‌ട്രിക് മോഡലിൽ’ ഹൈപേഷ്യയുടെ അന്വേഷണങ്ങൾ എത്തിയിരുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ഹൈപേഷ്യയുടെ ചിന്തയുടെയും ഗവേഷണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നീണ്ട പാസേജുകൾത്തന്നെ ഈ ചിത്രത്തിലുണ്ട്.

ഹോളിവുഡിലെ മേജർ ഹിറ്റുകളിലൊന്നായ ഗ്ലാഡിയേറ്ററിനെ വെല്ലുന്ന ദൃശ്യങ്ങളും സാങ്കേതികത്തികവുമൊക്കെയുണ്ടെങ്കിലും, ഭാഷ ഇംഗ്ലീഷ് തന്നെയായിട്ടും, യൂറോപ്പിൽ പലയിടത്തും സൂപ്പർഹിറ്റായിട്ടും ഈ ചിത്രം ഇതുവരെ അമേരിക്കയിൽ റിലീ‍സ് ചെയ്തിട്ടില്ല. ഗ്ലാഡിയേറ്റർ ഒരു പുരുഷ-സൂപ്പർ താരത്തിന്റെ ഹീറോയിസം ആഘോഷിക്കുന്ന പ്രതികാരകഥ മാത്രമാകുമ്പോൾ, അഗോറ, അറിവിനെ മാത്രം അന്വേഷിച്ച, ഒരിക്കലും ആയുധമെടുക്കാത്ത, പരാജയപ്പെട്ടൊരു സ്ത്രീയെ കേന്ദ്രകഥാപാത്രമാകുന്നു. യൂറോപ്യൻ പോപുലർ സിനിമ ഹോളിവുഡ് പോപുലർ സിനിമകളിൽ നിന്നും എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനു ദൃഷ്ടാന്തമാണ് അഗോറ. ഹോളിവുഡ് ഇസ്ലാം തീവ്രവാദവുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ശ്രദ്ധിക്കുമ്പോൾ ക്രിസ്ത്യാനികൾ തീവ്രവാദികളായി വരുന്ന (അമേരിക്കയിൽ ശ്രദ്ധിക്കപ്പെട്ട പാരഡൈസ് നൌ എന്ന ചിത്രത്തിൽ ഇസ്ലാം തീവ്രവാദിയായി വേഷമിട്ട അഷ്രഫ് ബാർഹോം ഇവിടെ അമ്മോണിയസ് എന്ന ക്രിസ്ത്യൻ തീവ്രവാദിയാകുന്നുണ്ട്. ) ഒരു കാലഘട്ടത്തിന്റെ കഥ ചില ഓർമ്മപ്പെടുത്തലുകൾ തന്നെയാണ് എന്നതാവാം ഈ ചിത്രം അമേരിക്കൻ മാർക്കറ്റിൽ നിരസിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്.

Friday, March 19, 2010

ബാ‍റിയ (2009)

ഇറ്റലിയിലെ സിസിലിയെന്ന പ്രവിശ്യയോളം വിശദമായി സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ അധികമില്ല ലോകത്ത്. വിഖ്യാതസംവിധായകരായ ലൂച്ചിനോ വിസ്കോന്തി, ഫ്രാൻസെസ്കോ റോസി, മാർകോ റിസി, അന്റോണിയോണി, ബെർട്ടൊലൂച്ചി തുടങ്ങിയവരുടെ സിനിമകളിലൂടെ സിസിലിയെ ലോകസിനിമയുടെ പ്രേക്ഷകർക്കറിയാം. പുതിയകാലത്തെ സിനിമയിൽ സിസിലിയുടെ കൊടിപിടിക്കുന്നത് സിസിലിയിലെ ബഗറിയ എന്ന കൊച്ചുപട്ടണത്തിൽ ജനിച്ച ജുസെപ്പെ തൊർണാത്തോറെ എന്ന ഇറ്റാലിയൻ സംവിധായകനാണ്. സിനിമാ പാരഡീസോ, സ്റ്റാർ മേക്കർ, മലേന എന്നീ ചിത്രങ്ങളിലൂടെയെല്ലാം സിസിലിയുടെ വിവിധഭാവങ്ങൾ അദ്ദേഹം ഹൃദയഹാരിയായി അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ ജന്മദേശമായ ബഗറിയയുടെ വിളിപ്പേരായ ബാറിയ തന്നെയാണ് തൊർണാത്തോറെയുടെ പുതിയ ചലച്ചിത്രത്തിന്റെ പേരും.

ബാറിയ ആത്മകഥാപരമായ സിനിമയാണെന്നാണ് സംവിധായകൻ പറയുന്നത്. സ്വന്തം പിതാവിന്റെ പേരാണ് (പെപ്പിനോ) സിനിമയിലെ നായകന് അദ്ദേഹം നൽകിയിരിക്കുന്നതും. പെപ്പിനോയുടെ കഥ തുടങ്ങുന്നത് 1920-കളിലാണ്. ഇറ്റലിയുടെ ചരിത്രത്തിനു സമാന്തരമായി പെപ്പിനോയുടെ ജീവിതം പറയുകയാണ് ആത്യന്തികമായി സിനിമ ചെയ്യുന്നത്. ദാരിദ്ര്യം ആദ്യഓർമ്മയാകുന്ന കുട്ടിക്കാലത്തെ ചില സംഭവങ്ങൾ, യൌവനത്തിലെ പ്രണയവും കോലാഹലമുണ്ടാക്കിയ വിവാഹവും, പെപ്പിനോയുടെ ക‌മ്യൂണിസ്റ്റ് ആഭിമുഖ്യം, പാർട്ടിയ്ക്കുവേണ്ടി ജീവിക്കുമ്പോഴും ദരിദ്രമായി തുടരുന്ന പെപ്പിനോയുടെ കുടുംബജീവിതം, വാർധക്യം എന്നിങ്ങനെ ഏതാണ്ട് അറുപതോളം വർഷങ്ങളുടെ കഥയാണ് സിനിമയുടെ ഉള്ളടക്കം.

ചില പ്രധാനകഥാപാത്രങ്ങളെ ഫോക്കസിൽ നിർത്തി അവരുടെ ജീവിതത്തിനു സമാന്തരമായി രാജ്യത്തിലെ രാഷ്ട്രീയചരിത്രത്തെ നോക്കിക്കാണുന്ന സിനിമകൾ മുൻപും ഇറ്റലിയിൽ നിന്നുണ്ടായിട്ടുണ്ട്. ബെർട്ടൊലൂച്ചിയുടെ നോവചെന്റോ അഥവാ 1900(1976) ആണ് ആദ്യം ഓർമ്മയിൽ വരുന്നത്. റോബർട്ട് ഡി നിറോ, ജെരാർദ് ദെപാദ്യൂ തുടങ്ങിയ പ്രമുഖ താരങ്ങൾ മുഖ്യവേഷമിട്ട ഈ ചിത്രം അതിന്റെ ദൈർഘ്യം(അഞ്ച് മണിക്കൂർ, 15മിനിറ്റ്) കൊണ്ടും മുടക്കിയ ബഡ്ജറ്റുകൊണ്ടുമൊക്കെ ശ്രദ്ധയാകർഷിച്ചിരുന്നെങ്കിലും പ്രതീക്ഷയ്ക്കൊത്ത വിജയമാകുന്നതിൽ പരാജയപ്പെട്ടു. പ്രശസ്തനും പ്രഗത്ഭനുമായ സംവിധായകൻ, മികച്ച നടന്മാരുടെയും ടെക്നീഷ്യന്മാരുടെയും സാനിധ്യമുണ്ടായിട്ടും, ഡ്രീം മൂവി നിർമ്മിക്കാനുള്ള ബഡ്ജറ്റ് ഉണ്ടായിട്ടും ലക്ഷ്യം കിട്ടാതെ പതറുന്ന ദയനീയമെന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചയായിരുന്നു 1900. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച രണ്ടു സുഹൃഹ്ത്തുക്കളുടെ കഥയായിരുന്നു 1900. ഒരുവൻ ജന്മിയുടെ മകനും അപരൻ ആ ജന്മിയുടെ ജോലിക്കാരന്റെ മകനും. ഇറ്റലിയിലെ ഫാസിസത്തിന്റെ വളർച്ചയും ക‌മ്യൂണിസത്തിന്റെ തുടക്കവും യുദ്ധവും ജനകീയ വിപ്ലവവും ഒക്കെ 1900-ൽ കാഴ്ചകളായെങ്കിലും, മികച്ച ആഖ്യാനമാകുന്നതിൽ 1900 പരാജയപ്പെടുന്നു. എങ്കിലും, ചലചിത്രത്തെ ഗൌരവമായി സമീപിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതു തന്നെ 1900. പരാജയപ്പെട്ട ക്ലാസിക് എന്താണെന്നതിന് ഒന്നാന്തരം ഉദാഹരണമായിരിക്കും 1900.

2003-ലാണ് മാർകോ തൂലിയോ ജിയോർദാനൊയുടെ ബെസ്റ്റ് ഓഫ് യൂത്ത് പ്രദർശനത്തിനെത്തിയത്. രണ്ട് സഹോദരന്മാരും അവരുടെ ചുറ്റുമുള്ള കുടുംബാംഗങ്ങളുമാണ് ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങൾ. 1966-മുതൽ 2000 വരെയുള്ള ഇവരുടെ ജീവിതവും പശ്ചാത്തലത്തിൽ ഇറ്റലിയുടെ ഇക്കാല ചരിത്രവുമാണ് ബെസ്റ്റ് ഓഫ് യൂത്ത്. ഈ സിനിമയെക്കുറിച്ച് പറഞ്ഞുതുടങ്ങിയവരാരും ഇതിന്റെ ദൈർഘ്യത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കില്ല. ആറു മണിക്കൂറിലധികമാണ് ബെസ്റ്റ് ഓഫ് യൂത്തിന്റെ ദൈർഘ്യം. പക്ഷേ അതു കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത് ഇനിയൊരു മൂന്നു മണിക്കൂർ കൂടി ദൈർഘ്യമുണ്ടായിരുന്നെങ്കിൽ എന്നാണ്. അത്രമാത്രം ഹൃദയഹാരിയാണ് ഈ ചിത്രത്തിലെ ഓരോ ഫ്രെയിമുകളും. പ്രശസ്ത നിരൂപകൻ റോജർ എബർട്ട്, സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് പറഞ്ഞൊരു രസകമായൊരു വാചകമുണ്ട്. No good movie is too long, just as no bad movie is short enough.(പ്രധാനകഥാപാത്രങ്ങളെ ഫോക്കസിൽ നിർത്തി ചരിത്രത്തെ നോക്കിക്കാണുന്ന സിനിമകൾ മറ്റു രാജ്യങ്ങളിൽ നിന്നും വന്നിട്ടുണ്ട്. ചൈനീസ് ഫിലിം Farewell my Concubine, മലയാളത്തിലെ ഡാനി ഒക്കെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്.)

ബാറിയ കണ്ട് ഒരാഴ്ചയ്ക്കു ശേഷം, ഈ കുറിപ്പെഴുതാനായി ഇരിക്കുമ്പോൾ എനിക്ക് ഓർമ്മിക്കാനാവുന്നത്- ഡിസൈനർ ഷർട്ടിന്റെ പരസ്യത്തിലെ മോഡലിനെപ്പോലെ സുന്ദരനായ നായകൻ(Francesco Scianna), രസകരങ്ങളായ കുറെ രംഗങ്ങൾ, പഴയ സിസിലിയുടെ കുറച്ച് നല്ല ഇമേജുകൾ, കൈമാക്സിനോടടുത്ത് സംവിധായക കാണിച്ച ആഖ്യാനത്തിലെ ഒരു ചെറിയ നമ്പർ, Ennio Morriconeയുടെ സുന്ദരൻ സംഗീതം - തീർന്നു. ഭംഗിയുള്ള കുറെ രംഗങ്ങളുടെ തുടർച്ച എന്നല്ലാതെ ബാറിയ ഒരിക്കലും നല്ല സിനിമയാകുന്നില്ല. ഇറ്റലിയിൽ ഇതുവരെ നിർമ്മിച്ച ചലചിത്രങ്ങളിൽ ഏറ്റവും ചെലവേറിയതാണിത്. മോണിക്ക ബെലൂച്ചി, ലൂയിജി ലൊ കാസ്യോ തുടങ്ങിയ പ്രഗത്ഭ നടീനടന്മാർ താരത‌മ്യേന അപ്രധാനമായ വേഷങ്ങളിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. അതിൽത്തന്നെ, ബെലൂച്ചിയുടെ കഥാപാത്രത്തിന് ഏതാണ്ട് 10 സെക്കന്റ് സ്ക്രീൻ ടൈം മാത്രമേയുള്ളു (അതാകട്ടെ, ഒരു രതി രംഗവുമാണ്).

ഒരു പശുവിനെ കൊന്ന് അതിന്റെ ചോരകുടിക്കുന്നത് വിശദമായി ചിത്രീകരിച്ചിരിക്കുന്ന ഒരു രംഗത്തിന്റെ പേരിൽ ഇറ്റലിയിലും അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലും ഈ ചിത്രത്തിനു പ്രതികൂലപ്രചാരണങ്ങളെ നേരിടേണ്ടി വന്നു-ആനിമൽ ടോർച്ചറിന്റെ പേരിൽ. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ടുനീഷ്യയിലെ ഒരു ഭീമാകാരൻ സെറ്റിലാണ്. തൊർണാത്തോറെയുടെ സിസിലി കൃത്രിമമാണെന്ന് ചുരുക്കം. ഈ സിനിമയുണ്ടാക്കുന്ന ചിന്തയും അതുപോലെ തന്നെ. ഈ കഥയും ചരിത്രവുമെല്ലാം കൃത്രിമാണെന്ന് ഇ സിനിമ തന്നെ നമ്മോടു പറയുണ്ടോ? രണ്ടര മണിക്കൂർ ദൈർഘ്യമുള്ളൊരു ട്രെയിലർ പോലെ, ഒരുപാട് ഇമേജുകൾ, എന്നാൽ അവ ചേർന്ന് ഒരു നല്ല സിനിമയാകുന്നുമില്ല. ഒരുപക്ഷേ, സിനിമാ പാരഡീസോ, മലേന എന്നീ മാസ്റ്റർപീസുകൾക്ക് ശേഷം വന്നു എന്നത് മാത്രമായിരിക്കാം ഈ സിനിമയുടെ പ്രശ്നം.

Monday, February 01, 2010

എ സീരിയസ് മാൻ (2009)


(സിനിമയെ പരിചയപ്പെടുത്താനോ കഥ പറയാനോ അല്ല ഈ പോസ്റ്റ്. ഈ സിനിമയെ മറ്റൊരു തിയറിയുടെ വെളിച്ചത്തിൽ വായിക്കാനുള്ള ശ്രമത്തിൽ ചില plot points പറയുന്നുണ്ട്. സിനിമ കാണാതെ ഇതു വായിച്ചിട്ടും കാര്യമില്ല. അതുകൊണ്ട്, സിനിമ കാണുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനു ശേഷം മാത്രം വായിക്കാൻ ശ്രദ്ധിക്കുക.)

കോയെൻ സഹോദരങ്ങളുടെ സിനിമകളിൽ ആവർത്തിച്ചു കാണപ്പെടുന്ന പ്രമേയങ്ങളിലൊന്ന് അറിവിന്റെ പരിമിതികളെപ്പറ്റിയുള്ളതാണ്. പലപ്പോഴും ഈ പരിമിതികൾക്ക് വസ്തുഭവിക്കുന്നത് മറ്റുചില വ്യക്തികൾ തന്നെയാകുന്നതാണ് കോയെൻ ശീലങ്ങളിലൊന്ന്. Miller’s Crossing എന്ന ചിത്രത്തിന്റെ ടാഗ്ലൈൻ ‘ആരും ആരെയും അത്രമേൽ മനസ്സിലാക്കുന്നില്ല’ എന്നായിരുന്നു എന്നോർക്കുക. മനസ്സിലാക്കപ്പെടാത്ത/ മനസ്സിലാക്കപ്പെടുവാൻ വിസമ്മതിക്കുന്ന/മനസ്സിലാകാത്ത കഥാപാത്രങ്ങൾ ബ്ലഡ് സിമ്പിൾ(1984), മില്ലേർസ് ക്രോസിംഗ്(1990), ഫാർഗോ, The Man who wasn’t there തുടങ്ങി പല കോയെൻ-സിനിമകളിലും ആവർത്തിച്ചു കടന്നു വരുന്നുണ്ട്. ഏറ്റവും പുതിയ കോയെൻ ചിത്രമായ ‘എ സീരിയസ് മാൻ’ എന്ന സിനിമയിലാകട്ടെ, ഈ ‘പരിമിതമായ അറിവി’ന്റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നത് കഥാപാത്രങ്ങളല്ല, മറിച്ച് ‘കഥ’ തന്നെയാണ്.

അറിവിന്റെ പരിമിതിയെക്കുറിച്ച് ഇന്നുവരെ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതിൽ പ്രമുഖമായ തത്വങ്ങളിലൊന്ന്, വാർണർ ഹൈസൻബെർഗിന്റെ Uncertainty principle ആയിരിക്കും. Uncertainty-യുമായി താത്വികമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസിദ്ധമായ ഒരു പാരഡോക്സ് ആണ് Schrondinger’s Cat. ക്വാണ്ടം തിയറിയുടെ പിതാക്കന്മാരിൽ ഒരാളായ ഷ്രോഡിഞ്ജർ അവതരിപ്പിച്ച ഈ ചിന്താപരീക്ഷണത്തിൽ, ഒരു പൂച്ചയെ പെട്ടിയിൽ അടയ്ക്കുന്നു. പെട്ടിയിൽ ഉഗ്രവിഷവാതകം നിറച്ച ഒരു ഫ്ലാസ്ക് ഉണ്ട്. അതിനോടനുബന്ധിച്ച് ഒരു റേഡിയോ ആക്ടീവ് മൂലകത്തിന്റെ വളരെ ചെറിയൊരു സാമ്പിൾ. പരീക്ഷണസമയമായ ഒരു മണിക്കൂറിനുള്ളിൽ റേഡിയോ ആക്ടീവ് മൂലകം decay ചെയ്യാൻ 50% സാധ്യതയുണ്ട്. Decay സംഭവിക്കുന്നുവെങ്കിൽ, പുറപ്പെടുന്ന റേഡിയേഷൻ ഒരു ഡിറ്റക്ടർ കണ്ടുപിടിക്കുകയും, ഒരു റിലേ പ്രോസസിലൂടെ ഒരു ചുറ്റിക ഫ്ലാസ്കിൽ വന്നിടിക്കുകയും ഫ്ലാസ്ക് പൊട്ടുകയും പൂച്ച ചാകുകയും ചെയ്യും. പക്ഷേ പെട്ടി തുറന്നെങ്കിൽ മാത്രമേ പൂച്ച ചത്തോ അതോ ജീവിക്കുന്നോ എന്ന് അറിയാൻ കഴിയുകയുള്ളൂ. അടഞ്ഞ പെട്ടിക്കുള്ളിലെ പൂച്ച മരണാവസ്ഥയുടെയും ജീവിക്കുന്ന അവസ്ഥയുടെയും ഒരു “മിശ്രിത” നിലയിലാണ് - super position of "dead cat" and "live cat" states. ഈ സൂപ്പർപൊസിഷനാണ് ഷ്രോഡിംഗര് മുന്നോട്ടുവച്ച പ്രശ്നത്തിലെ യഥാര്ത്ഥ പാരഡോക്സ്. ആരും തുറന്ന് നോക്കാതിരുന്നാൽ അങ്ങനൊരു സൂപ്പർപൊസിഷൻ അവസ്ഥയിൽ ഒരു മാക്രോസ്കോപ്പിക് വസ്തുവായ പൂച്ചയ്ക്ക് നിലനിൽപ്പുണ്ടോ എന്നതാണ് ഷ്രോഡിഞ്ജറുന്നയിക്കുന്ന ദാർശനിക പ്രശ്നം.

‘സീരിയസ് മാൻ’ എന്ന ചിത്രത്തിൽ, പല തലങ്ങളിൽ ഈ പാരഡോക്സ് ആവർത്തിക്കുന്നുണ്ട്. ചിത്രത്തിന്റെ, വിചിത്രമെന്നു പറയാവുന്ന തുടക്കത്തിലെ സീൻ ശ്രദ്ധിക്കുക. പൂർണ്ണമായും ‘യിദ്ദിഷ്’ ഭാഷയിൽ, കിഴക്കൻ യൂറോപ്പിലെവിടെയോ ആണ് ഈ കഥ സംഭവിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയുള്ളൊരു രാത്രിയിൽ, ഒരു മനുഷ്യൻ, വഴിയിൽ തന്നെ സഹായിച്ച, തന്റെ ഭാര്യയ്ക്ക് പരിചയമുള്ളൊരു വൃദ്ധനെയും കൂട്ടി വീട്ടിലെത്തുന്നു. ഈ വൃദ്ധൻ മൂന്നു വർഷം മുൻപ് മരണപ്പെട്ടു എന്നാണ് സ്ത്രീ പറയുന്നത്. എന്നാൽ അയാൾ ജീവിക്കുന്നുണ്ടു താനും…! ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താൻ സ്ത്രീ ഒരു ‘measurement’ നടത്തുന്നയിടത്ത് ഈ രംഗം അവസാനിക്കുന്നു. പ്രസ്തുത measurement-ന്റെ ഉത്തരം നാമറിയുന്നില്ല. ശേഷം വരുന്ന സിനിമയുടെ മുഖ്യശരീരവുമായി ഈ ആമുഖരംഗത്തിനു ബന്ധമൊന്നുമില്ല.

ലാറി ഗോപ്നിക് എന്നു പേരായ ഒരു ക്വാണ്ടം തിയറി പ്രൊഫസറാണു സിനിമയിലെ മുഖ്യകഥാപാത്രം. ലാറിയുടെ ഭാര്യ Sy Ableman എന്ന ഒരു കുടുംബസുഹൃത്തുമായി ഇഷ്ടത്തിലായതിനാൽ വിവാഹമോചനം ആവശ്യപ്പെടുന്നു. താൻ വേറെ വിവാഹം കഴിക്കുന്നതിനാൽ, ലാറി അടുത്തുള്ള ഒരു മോട്ടലിലേക്ക് താമസം മാറണമെന്നാണ് ലാറിയുടെ ഭാര്യയും കാമുകൻ സൈ’യും ആവശ്യപ്പെടുന്നത്. ലാറി മോട്ടലിലേക്ക് താമസം മാറുന്നതിന്റെ തൊട്ടടുത്ത ദിവസം ലാറി ഒരു ചെറിയ കാറപകടത്തിൽ പെടുന്നു. അതേ സമയം മറ്റൊരിടത്ത് സൈ ഏബിൾമാൻ മറ്റൊരു കാറപകടത്തിൽ മരണപ്പെടുന്നു. ഷ്രോഡിഞ്ജറുടെ പൂച്ചയെ മനസ്സിൽ വെച്ച് ഈ സിനിമയെ വായിക്കാനൊരുങ്ങുമ്പോൾ, ‘സൈ ഏബിൾമാൻ’ ആണ് ഏറ്റവും ആദ്യം മുന്നിലെത്തുന്ന കഥാപാത്രം. വേവ് ഫംഗ്ഷനെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഗ്രീക്ക് ലെറ്റർ Psi(Ψ) ആണ്. സൈ എന്നു വായിക്കും. ഈ പേരു തന്നെ ഈ കഥാപാത്രത്തിനു വന്നത് തികച്ചും യാദൃശ്ചികമല്ലെന്നു കരുതാം. Psi(Ψ)-യ്ക്കു കൃത്യമായ ഭൌതികാർഥമില്ല. നിശ്ചിതമായ അർത്ഥങ്ങളുള്ള ഭൌതികഗുണങ്ങളെ കണ്ടെത്താനാണ് Psi(Ψ) ഉപയോഗിക്കാറുള്ളത്. സിനിമയിലേക്ക് വരുമ്പോൾ, ‘സൈ’-യുടെ തീരുമാനങ്ങളാണ് ലാറിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. മരണപ്പെട്ടതിനു ശേഷവും സൈ ലാറിയുടെ ജീവിതത്തെ, ജീവിച്ചിരുന്നാലെന്നപോലെതന്നെ സ്വാധീനിക്കുന്നു. അതിലധികം ‘സൈ’ എന്ന കഥാപാത്രത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല.

തികച്ചും വ്യത്യസ്ഥമായിരിക്കെത്തന്നെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ക്വാണ്ടം അവസ്ഥകളെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് Quantum Entanglement. ക്വാണ്ടം എന്റാംഗിൾമെന്റ് വിവക്ഷിക്കുന്ന പ്രകാരം പരസ്പരം ബന്ധിതമായിരിക്കുന്ന രണ്ട് അവസ്ഥകൾ, അവ ഭൌതികമായി വിദൂരത്താണെങ്കിൽത്തന്നെയും, ഒന്നിന്റെ സഹായമില്ലാതെ മറ്റൊന്നിനെ പൂർണ്ണമായി നിർവചിക്കാനാകില്ല. ‘സൈ ഏബിൾമാൻ’ മരണപ്പെടുന്നുണ്ടെങ്കിൽതന്നെയും, അയാൾ തുടർന്നും ലാറിയുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. ലാറിയ്ക്ക് മോട്ടലിൽ തന്നെ താമസം തുടരേണ്ടി വരുന്നു. മരണശേഷവും അയാൾ ലാറിയ്ക്ക് സാമ്പത്തികബാധ്യതകളുണ്ടാക്കുന്നു. മരണശേഷവും, ലാറിയുടെ വിവഹം തകർച്ചയിൽത്തന്നെ തൂടരുന്നു. ലാറിയെ സംബന്ധിച്ചിടത്തോളം ‘സൈ’ മരിച്ചിട്ടും ജീവിക്കുന്നതുപോലെതന്നെയാണ്. അഥവാ, ‘സൈ’യെ കൂടാതെ ലാറിയുടെ ജീവിതത്തെ നമുക്ക് നോക്കിക്കാണാനാവില്ല.

ഉയർന്ന ഗ്രേഡിനു വേണ്ടി ലാറിയ്ക്ക് കൈക്കൂലി കൊടുക്കുന്ന ഒരു കൊറിയൻ വിദ്യർത്ഥിയുടെ പിതാവും ലാറിയുമായി ഒരു ആശയസംഘട്ടനം നടക്കുന്നുണ്ട് സിനിമയിൽ. ഒന്നുകിൽ ലാറി കൈക്കൂലി സ്വീകരിക്കണം, അല്ലെങ്കിൽ കൈക്കൂലിയുടെ പേരിൽ അയാൾ ലാറിയെ പ്രതിയാക്കും. Tenure കാത്തിരിക്കുന്ന ലാറിയ്ക്ക് ഇവിടെ റിസ്ക് എടുക്കാൻ വയ്യ. അതേസമയം, കൊറിയക്കാരൻ പറയുന്ന ലോജിക് അംഗീകരിക്കാനുമാവുന്നില്ല. Accept the mystery എന്നാണു കൊറിയക്കാരൻ അവസാനം പറയുന്നത്. ലാറി ഉപദേശം തേടിപ്പോകുന്ന രണ്ടാമത്തെ ഗുരു വിചിത്രമായൊരു കഥയുടെ ഒടുവിൽ പറയുന്നതും ഇതേ വാചകമാണ്. ലാറിതന്നെ ക്വാണ്ടം മെക്കാനിക്സിനെപറ്റി കൊറിയൻ വിദ്യാർത്ഥിയോടു പറയുന്നതും ഇതേ വാചകമാണ്. പൂച്ച ഒരേസമയം ജീവിക്കുകയും ചത്തിരിക്കുകയും ചെയ്യുന്നു എന്നു പറയുന്നതിൽ കാര്യമായ പ്രശ്നമുണ്ട്…പക്ഷേ, അതങ്ങിനെതന്നെയാണ്.

ആമുഖരംഗത്തിനു ശേഷം, ആദ്യത്തെ സീനിൽത്തന്നെ നമ്മൾ കാണുന്നത് ലാറി ഒരു മെഡിക്കൽ ടെസ്റ്റിനു വിധേയനാകുന്നതാണ്. അതായത്, ലാറിയുടെ mortality-യുടെ ഒരു measurement-ലാണ് സിനിമയുടെ തുടക്കം. സിനിമ അവസാനഭാഗത്ത് നാം കാണുന്നത് മേൽപറഞ്ഞ ടെസ്റ്റിന്റെ റിസൾട്ടുമായി ഡോക്ടർ ലാറിയെ വിളിക്കുന്നതാണ്. അതായത് സിനിമതന്നെ ഒരു measurement ആണ്, ലാറിയാണ് ഈ പരീക്ഷണത്തിലെ പൂച്ച.

ചിത്രത്തിന്റെ പോസ്റ്ററിലെ, വീട്ടിനുമുകളിൽ നിന്ന് അയൽക്കാരിയുടെ കുളി കാണുന്ന ലാറി, ദാവീദ് രാജാവിനെ ഓർമ്മിപ്പിക്ക്ന്നുണ്ട്. ബൈബിളിലെ ജോബ് എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തി ഈ സിനിമയെ വായിക്കാനുള്ള ചില ശ്രമങ്ങൾ ചില പ്രമുഖ നിരൂപകരിൽ നിന്നു കാണാൻ സാധിച്ചു. യഹൂദജീവിതരീതികളും മതപരതയും ചിത്രത്തിലുടനീളം, ഉപരിതലത്തിൽത്തന്നെ ചിതറിക്കിടപ്പുണ്ടെങ്കിലും ആത്മീയതയുടെ നിരാസം ലാറിയുടെ കഥയിൽ പ്രകടമായിത്തന്നെ പ്രത്യക്ഷമാകുന്നുണ്ട്. തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി, ലാറി വിവിധ മതഗുരുക്കന്മാരുടെ അടുത്ത് പോകുന്നുണ്ടെങ്കിലും അവർക്കാർക്കും തൃപ്തികരമായ ഒരുത്തരം നൽകാൻ കഴിയുന്നില്ല. ലാറിയുടെ പേരിൽ ആരോ സംഗീത ആൽബം വാങ്ങിയതിന്റെ പണവും ചോദിച്ച് മ്യൂസിക് കമ്പനി ലാറിയുമായി ബന്ധപ്പെടുമ്പോൾ ലാറിയുടെ മറുപടി ശ്രദ്ധേയമാണ്. ലാറി വാങ്ങി എന്ന് അവർ പറയുന്ന ആൽബം, Abraxas by Santana-യാണ്. ഇക്കാര്യം ലാറി ശക്തിയുക്തം നിഷേധിക്കുന്നുണ്ട്. “I did not order Abraxas, I doesn't want Abraxas, I won't listen to Abraxas.” എന്നൊക്കെയാണ് ലാറി പറയുന്നത്. ‘Abraxas‘ എന്നത് ദൈവത്തെ സൂചിപ്പിക്കുന്ന ഗ്നോസ്റ്റിക് പദമാണ്. ദൈവികമെന്നു പറയപ്പെടുന്ന എല്ലാറ്റിനെയും ലാറി നിഷേധിക്കുന്നു എന്നു തന്നെയാവാം ഇവിടെ സൂചിപ്പിക്കപ്പെടുന്നത്.

കോയെൻ സഹോദരന്മാരുടെ കുട്ടിക്കാലവുമായി ഏറെ ബന്ധമുണ്ട് ഈ സിനിമയ്ക്ക്. മിന്ന്യപോളിസിലെ സമാനമായൊരു ജൂതസമൂഹത്തിലായിരുന്നു ഇരുവരുടെയും കുട്ടിക്കാലം. ഇരുവരുടെയും പിതാവ് (ലാറിയെപ്പോലെ) ഒരു പ്രൊഫസറും. ലാറിയുടെ മകന്റെ കൂട്ടുകാർക്ക് സംവിധായകരുടെ ബാല്യകാല സുഹൃത്തുക്കളുടെ പേരുകൾ തന്നെയാണുപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് 1967 ആണ് സിനിമയുടെ കാലം. 67-ൽ കോയെൻ സഹോദരന്മാർ ഏതാണ്ട് ലാറിയുടെ മകന്റെ പ്രായമായിരിക്കണം.

സിനിമയുടെ അവസാനം, കഥയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും നമുക്ക് ഉത്തരം കിട്ടുന്നില്ല. ലാറിയ്ക്ക് tenure കിട്ടുമോ? അയൾക്ക് എന്തെങ്കിലും മാരകരോഗമുണ്ടോ? ചിത്രത്തിന്റെ അവസാനരംഗം, സ്കൂളിന്റെ മുറ്റത്ത്, വലിയൊരു കൊടുങ്കാറ്റ് വരുന്നതും നോക്കി പേടിച്ച് നിൽക്കുന്ന ലാറിയുടെ മകനും സുഹൃത്തുക്കളും അധ്യാപകരുമാണ്. കൊടുങ്കാറ്റിൽ എന്തു സംഭവിച്ചു? അവർ കൊടുങ്കാറ്റിനെ അതിജീവിച്ചോ? നമുക്കറിയില്ല. സിനിമയ്ക്കു ശേഷം, അവരൊക്കെ ഒരേസമയം മരിച്ചവരും ജീവിക്കുന്നവരുമാണ്. കൃത്യമായി അറിയില്ല, കാരണം അവർ ആ അടഞ്ഞപെട്ടിക്കുള്ളിലാണ്; നമ്മൾ പെട്ടിയ്ക്ക് പുറത്തും. പെട്ടി തുറക്കേണ്ടതുണ്ടോ…?

Tuesday, January 26, 2010

ഒരു സിനിമ-ലിസ്റ്റ് കൂടി...

ജനുവരി ലിസ്റ്റുകളുടെ മാസമാണ്…2000 മുതൽ 2009 വരെയുള്ള പതിറ്റാണ്ടിനു ശേഷം വരുന്നതാകയാൽ ഈ ജനുവരി പ്രത്യേകിച്ചും. പുസ്തകം, സിനിമ എന്നു തുടങ്ങി ലിസ്റ്റുണ്ടാക്കാൻ പറ്റുന്ന എന്തിനെക്കുറിച്ചും ലിസ്റ്റുകൾ വരുന്നു. അധികവും ടോപ് 10, ടോപ് 25, ടോപ് 50 തുടങ്ങിയ സ്ഥിരം ഫോർമാറ്റുകളിൽ. ഓരോ ലിസ്റ്റുകൾക്കും ഓരോ രാഷ്ട്രീയമുണ്ട് എന്നതുപോലെ പരിമിതികളുമുണ്ട്. ലിസ്റ്റുണ്ടാക്കുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ/ഗ്രൂപ്പിന്റെ അഭിരുചികളും ആത്മനിഷ്ഠമായ താത്പര്യങ്ങളും ഓരോ ലിസ്റ്റിലുമുണ്ടാകും.

കുറെയധികം ലിസ്റ്റുകൾ കണ്ടപ്പോൾ, ഒന്നെനിക്കും ഉണ്ടാക്കണമെന്നു തോന്നി, നല്ലതെന്നു തോന്നിയ സിനിമകളെക്കുറിച്ച്. പക്ഷേ, ഇത് ഒരു ലിസ്റ്റല്ല ഒന്നിലധികം ലിസ്റ്റുകളുടെ കലർപ്പാണ്.

ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് എനിക്കു തോന്നിയ സിനിമകൾ ഇതൊക്കെയാണ്.

1. Cache-മൈക്കൽ ഹാനേക്
2. City of God-ഫെർണാണ്ടോ മെയ്റേലിയസ്
3. Magdalene sisters-Peter Mullan
4. White Ribbon-മൈക്കൽ ഹാനേക്
5. Dancer in the Dark-ലാർസ് വോൺ ട്രയർ
6. Il Divo-പൌലോ സോറന്റിനോ-ഇറ്റലി
7. 4 luni, 3 saptamâni si 2 zile-Cristian Mungju-റൊമേനിയ
8. The Banishment- Andrei Zvyagintsev-റഷ്യ
9. Amores Perros-അലഹാന്ദ്രോ ഗോൺസാൽവസ് ഇനാരിട്ടു-മെക്സിക്കോ
10. The New World-ടെറൻസ് മാലിക്
11. Gangs of New york-മാർട്ടിൻ സ്കോർസേസി
12. Best of Youth - Marco Tullio Giordana- ഇറ്റലി
13. Das Experiment- Oliver Hirschbiegel-
14. Downfall - Oliver Hirschbiegel
15. The Pianist - Roman Polanski
16. Che (Part I&II)- സ്റ്റീവൻ സോഡർബെർഗ്

സിനിമയിലെ Transcendalism നിങ്ങൾക്കിഷ്ടമാണെങ്കിൽ, നിങ്ങൾക്കുള്ള ലിസ്റ്റ്…
1. The Banishment, The Return-രണ്ടും Andrei Zvyagintsev എന്ന റഷ്യൻ സംവിധായകന്റേത്
2. Silent Light-കാർലൊസ് റെയ്ഗദാസ്, മെക്സിക്കോ.
3. The new World-ടെറൻസ് മാലിക്, യു.എസ്. എ
4. To the left of the father-ലുയി ഫെർണാണ്ടോ കാർവാലോ, ബ്രസീൽ
5. Distant, Climates, Three Monkeys-മൂന്നും Nuri Bilge Ceylan എന്ന ടർക്കിഷ് സംവിധായകന്റേത്.

സിറ്റി ഓഫ് ഗോഡ് എന്ന ബ്രസീലിയൻ സിനിമ, ഒരു പുതിയ ജനുസ്സിനു തന്നെ തുടക്കമായി എന്നു പറയാം. ഗാംഗ്‌സ്റ്റർ സിനിമകൾ മുൻപും ഉണ്ടായിരുന്നെങ്കിലും, അതിൽ അതിശയകരമായ രീതിയിൽ റിയലിസവും രാഷ്ട്രീയവും കലർത്തിയത് ആദ്യമായിട്ടായിരുന്നു. ഈ ജനുസ്സിൽ പിന്നീടു വന്ന സിനിമകൾ, അല്ലെങ്കിൽ കഴിഞ്ഞ പതിറ്റാണ്ടിലെ ഗാംഗ്‌സ്റ്റർ സിനിമകൾ…
1. City of God
2. Gomorrah-മറ്റെയോ ഗാരോൺ- ഇറ്റലി
3. Jarusalema-റാൽഫ് സിമാൻ-സൌത്ത് ആഫ്രിക്ക
4. സുബ്രഹ്മണ്യപുരം-ശശികുമാർ-(തമിഴ്)
5. Gangs of new york-സ്കോർസേസി
6. Crime Novel-മിഷേൽ പ്ലാസിഡോ
ഗാംഗ്സ് ഓഫ് ന്യൂയോർക്ക് flawed ആണെന്ന് സമ്മതിക്കുന്നുവെങ്കിലും അതൊരു പ്രധാനപ്പെട്ട വർക്കായിരുന്നു. സംസ്കാരം, ബാർബേറിസം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രധാന ആശയങ്ങൾ ആ സിനിമ ഉയർത്തുന്നുണ്ട്.


കാഴ്ചയുടെ ഓരോ നിമിഷവും പ്രേക്ഷകനിൽ നിന്നും ബൌദ്ധികമായ പങ്കാളിത്തം ആവശ്യപ്പെടുന്ന സിനിമകൾ നിങ്ങൾക്കിഷ്ടമാണെങ്കിൽ…
1. Il Divo
2. Dom Zly(2009)- Wojciech Smarzowski-പോളണ്ട്
3. 2046 (2004) - കർ വായ് വോങ്ങ്
4. 99 Francs-യാൻ കോനൻ-ഫ്രാൻസ്
5. The sea that thinks- Gert de Graaff-ജർമ്മനി
6. Science of sleep-Michel Gondry
7. Eternal sunshine of the spotless mind- Michel Gondry
8. Yella- Christian Petzold- ജർമ്മനി

അല്പം ഫിലോസഫിയുടെ ഹാങ്ങോവർ ഉള്ള സിനിമകൾ ഇഷ്ടമാണെങ്കിൽ...
1. The man who wasn't there- Coen Brothers
2. A Serious Man -Coen Brothers
3. No Country for old men- Coen Brothers
4. 3 Iron-കിം കി ഡുക്
5. Spring, Summer, Fall, Winter and spring…കിം കി ഡുക്

ഇതുപോലെ ഒരു ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാകാത്തവിധം ആസ്വദിക്കാൻ സാധിച്ച സിനിമകൾ
1. The three burials of Melquiyades Estrada-ടോമി ലീ ജോൺസ്
2. The Motorcycle Diaries-വാൾട്ടർ സാലസ്
3. Big Fish-ടിം ബർട്ടൺ
4. In America-ജിം ഷെറിഡാൻ
5. Absurdistan-Veit Helmer
6. Zatoichi-തകേഷി കിത്താനോ
7. The Sea inside-അലഹാന്ദ്രോ അമനേബാർ-സ്പെയിൻ
8. Volver-അൽമഡോവർ-സ്പെയിൻ
9. L'ennemi intime (2007)- Florent Emilio Siri-ഫ്രാൻസ്
10. Elephant-ഗുസ് വാൻ സന്റ് – അമേരിക്ക
11. Maria Full of Grace- Joshua Marston
12. Pan's Labyrinth-Guillermo del Toro

Edit: വിട്ടു പോയ ചിലത് ഇവിടെ ചേർക്കുന്നു.
13. Lives of Others- Florian Henckel von Donnersmarck-ജർമ്മനി
14. The Unburied Man-മാർത്താ മെസോറസ്-ഹംഗറി
15. Forsaken Land-വിമുക്തി ജയസുന്ദര-ശ്രീലങ്ക


ഇനിയും കണ്ടിട്ടില്ലാത്ത സിനിമകൾ ഒരുപാടുണ്ട്. കണ്ടതിൽ നല്ലതെന്നു തോന്നിയവയും ഇനിയുമുണ്ട്. എങ്കിലും ഏതൊരു ലിസ്റ്റിനും ഒരവസാനം വേണമല്ലോ…