ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് സമാപിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡെന്‍ ബെയര്‍' പുരസ്കാരം നേടിയ ബ്രസീലിയിയന്‍ ചിത്രമാണ് എലൈറ്റ് സ്‌ക്വാഡ്. ബസ്-174 എന്ന ഒറ്റ ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയ Jose Padilha എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ.
സാമ്പത്തികമായും സാമൂഹ്യപരമായും സാമ്യമുള്ളതാണ് ഇന്ത്യയിലെയും ബ്രസീലിലെയും നഗരങ്ങള്‍. ലോകത്തില്‍ ഏറ്റവും അധികം ചേരിനിവാസികളുള്ള നഗരങ്ങളാണ് റിയോ ഡി ജനീറോയും ചെന്നൈയും. റിയോയിലെ ദരിദ്രരുടെ ദുരിതങ്ങളും മയക്കുമരുന്ന് കച്ചവടവും കഴിവു കെട്ടതും അക്രമാസക്തവുമായ പോലീസിന്റെ ഇടപെടലുകളും മാധ്യമങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം ഫലപ്രദമായി വരച്ചുകാണിച്ച ബസ്-174 ഒരു ഗംഭീര ചലചിത്രസൃഷ്‌ടി തന്നെയായിരുന്നു. ഫവേല(slum എന്നതിന്റെ ബ്രസീലിലെ വാക്ക്)കളിലെ മയക്കുമരുന്ന് വ്യാപാരത്തെയും അനുബന്ധമായ ആയുധ വ്യാപാരത്തെയും മറ്റു കുറ്റകൃത്യങ്ങളെയും ഒരു ചേരിനിവാസിയുടെ കാഴ്‌ചയിലൂടെ അനാവരണം ചെയ്ത സിറ്റി ഓഫ് ഗോഡ് ഈ പതിറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. യാദൃശ്ചികമെന്നോണം സിറ്റി ഓഫ് ഗോഡ് നിര്‍ത്തിയിടത്തു നിന്നുമാണ് എലൈറ്റ് സ്ക്വാഡ് തുടങ്ങുന്നത്. പക്ഷെ ഇവിടെ വീക്ഷണകോണ്‍ പോലീസിന്റെ ഭാഗത്തുനിന്നുമാണ്.
BOPE(ബ്രസീലിലെ പ്രത്യേക പോലീസ് സേനാ വിഭാഗം)-ലെ ക്യാപ്റ്റനായ നാസിമെന്റോ തന്റെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിക്കാനാഗ്രഹിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്തിയാല്‍ മാത്രമേ ക്യാപ്റ്റന് വിരമിക്കാനാകൂ എന്നതിനാല്‍ പുതിയ റിക്രൂട്ട്‌മെന്റില്‍ പെട്ട മത്തിയാസ്, നെറ്റോ എന്നിവര്‍ ആഖ്യാനത്തിന്റെ മുഖ്യധാരയിലെത്തുന്നു. BOPE-ലെ അഴിമതികളും, കൈക്കൂലിയും മറ്റ് ദുഷ്‌പ്രവണതകളും ദൃശ്യപ്പെടുത്താനായി തന്നെ സിനിമ കുറച്ച് സമയം ചെലവഴിക്കുന്നുണ്ട്. പരിശീലനത്തിനിടയില്‍ മത്തിയാസ് ഒരു നിയമപഠന കോഴ്‌സില്‍ വിദ്യാര്‍ഥിയായി ചേരുകയും ഫവേലകളില്‍ നിന്നുള്ള ചില വിദ്യാര്‍ഥികളുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. 1997-ല്‍ ബ്രസീലിലെ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയുടെ ഒരാഗ്രഹം റിയോയിലെ ചേരികളിലൊന്നില്‍ താമസിക്കണമെന്നതായിരുന്നു. ഇതിനായി ചേരികളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നാസിമെന്റോ അതു സാധിക്കുന്നത് മത്തിയാസിന്റെയും നെറ്റോയുടെയും കാര്യമായ സഹായത്തോടെയായിരുന്നു. BOPE-ലെ നിയമന-പരിശീലന പ്രക്രിയകള്‍ മുഴുവന്‍ വിശദമായി തന്നെ സിനിമ പ്രതിപാദിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ എലൈറ്റ് സ്‌ക്വാഡ്, പേരു സൂചിപ്പിക്കുന്നതു പോലെ ഒരു 'പോലീസ് സിനിമ' തന്നെയാണ്.
ഔദ്യോഗിക റിലീസിനു മുന്‍പ് ഇന്റര്‍നെറ്റിലൂടെ ഈ ചിത്രം പുറത്താകുകയും ദശലക്ഷക്കണക്കിനാളുകള്‍ ഈ ചിത്രം കാണുകയും ചെയ്തു. റിലീസായതിനു ശേഷവും ബ്രസീലില്‍ ചിത്രത്തിനു വലിയ സ്വീകരണമാണു കിട്ടിയത്. ബ്രസീലിലെ ഏറ്റവും വലിയ ഹിറ്റ് എന്നു വരെ വിളിക്കാം. നാസിമെന്റോ എന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ച വാഗ്‌നര്‍ മോറ(Wagner Moura)യ്ക്ക് ഒരു ദേശീയനായകന്റെ പരിവേഷമാണിന്ന്. മയക്കുമരുന്നിനും കുറ്റകൃത്യങ്ങള്‍ക്കും ഏകപരിഹാരമായി BOPE-നെ അവതരിപ്പിച്ചത് മധ്യവര്‍ഗത്തിനു രുചിച്ചു എന്നര്‍ത്‌ഥം. ഈ ചിത്രത്തെ ഫാസിസ്റ്റ് എന്നു വിശേഷിപ്പിച്ച നിരൂപകര്‍ക്ക് ഫാസിസം എന്തെന്നറിയില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. ഫാസിസം ആത്യന്തികമായി പുതിയൊരു വ്യവസ്ഥിതിയുടെ സൃഷ്‌ടിയെ ഉന്നം വെയ്ക്കുന്നുവെന്നുവെങ്കില്‍ ഈ ചിത്രം നിലവിലുള്ള വ്യവസ്ഥിതിയുടെ പരിണാമത്തിനായി ഒരു കണ്‍വെന്‍ഷണല്‍ ഫോഴ്‌സിനെ ഉപയോഗിക്കുന്നു എന്നൊക്കെ സങ്കേതിക ന്യായം പറയാമെങ്കിലും ഈ ചിത്രം ഫാസിസത്തിന്റെ അതിരില്‍ നില്‍ക്കുന്ന ഒരു തീവ്ര-വലതുപക്ഷ ചിത്രം തന്നെ. എലൈറ്റ് സ്‌ക്വാഡ് മയക്കുമരുന്നുകള്‍ നിയമാനുസൃതമാക്കുന്നതിനായാണു വാദിക്കുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്-ചിത്രത്തിനു പുറമെയാണെന്നു മാത്രം. ഇനി BOPE-ലെ അഴിമതിയും ക്രൂരതയും ദൃശ്യവത്‌കരിച്ചതിലൂടെ തീരുമാനമെടുക്കാനുള്ള ഒരു open space ഉണ്ടാക്കുകയാണു ചെയ്തതെന്നൊക്കെ വാദിക്കുന്നുവെങ്കിലും ഇത്തരം സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രക്ഷേപണം ചെയ്യുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. മത്തിയാസിന്റെ സഹപാഠികളും അധ്യാപകരുമായ ലിബറല്‍ അകാദമിക് സമൂഹത്തെ സാമൂഹികയാഥാര്‍ത്‌ഥ്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരായോ തെറ്റായ അറിവുള്ളവരായോ ആണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിലൊരിക്കല്‍ സമൂഹത്തിലെ വയലന്‍സിനെതിരായുള്ള ഒരു പൗരജാഥയെ മത്തിയാസ് ആക്രമിക്കുന്നുമുണ്ട്.
പരാമര്‍ശവിധേയമായ വിഷയം, ആഖ്യാനരീതി എന്നിവയിലെ സാമ്യം കൊണ്ട് ഏറ്റവുമാദ്യം താരതമ്യം ചെയ്യപ്പെടുന്നത് സിറ്റി ഓഫ് ഗോഡുമായാണ്. വാര്‍ഫിലിം, ഡോകുമെന്ററി, മെലോഡ്രാമ എന്നിങ്ങനെ വ്യത്യസ്തശൈലികളുടെ മിശ്രിതമാണെങ്കിലും സാങ്കേതികമായി സിറ്റി ഓഫ് ഗോഡിനു വളരെ താഴെയാണ് എലൈറ്റ് സ്‌ക്വാഡിനു സ്ഥാനം. തികച്ചും പ്രതിലോമകരമായ രാഷ്ട്രീയം അവതരിപ്പിക്കുന്ന, സാങ്കേതികമായി ശരാശരി മാത്രമായ ഒരു ചിത്രം ബെര്‍ലിന്‍ പോലെ അംഗീകരിക്കപ്പെടുന്ന ഒരു ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത് ആശങ്കയോടെ മാത്രമേ കാണാനാകുകയുള്ളൂ...പ്രത്യേകിച്ചും ഇടതുപക്ഷ സ്വഭാവമുള്ള പൊളിറ്റിക്കല്‍ ത്രില്ലറുകളിലൂടെ പ്രശസ്തനായ സംവിധായകന്‍ 'കോസ്റ്റ ഗാവ്‌ര' ജൂറി അധ്യക്ഷനായിരിക്കുമ്പോള്‍. ഈ ചിത്രത്തിന്റെ വടക്കേ അമേരിക്കയിലെ വിതരണാവകാശം ഹാര്‍വി വിന്‍സ്റ്റീന്‍ നേടിയിട്ടുള്ളതിനാല്‍ അവാര്‍ഡും അദ്ദേഹത്തിന്റെ തീരുമാനമായിരിക്കാമെന്ന് അരോപണങ്ങളുണ്ട്. ഏതായാലും തെറ്റായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ ബെര്‍ലിന്‍ ചലചിത്രോത്‌സവത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.