ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് സമാപിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡെന്‍ ബെയര്‍' പുരസ്കാരം നേടിയ ബ്രസീലിയിയന്‍ ചിത്രമാണ് എലൈറ്റ് സ്‌ക്വാഡ്. ബസ്-174 എന്ന ഒറ്റ ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയ Jose Padilha എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ.
സാമ്പത്തികമായും സാമൂഹ്യപരമായും സാമ്യമുള്ളതാണ് ഇന്ത്യയിലെയും ബ്രസീലിലെയും നഗരങ്ങള്‍. ലോകത്തില്‍ ഏറ്റവും അധികം ചേരിനിവാസികളുള്ള നഗരങ്ങളാണ് റിയോ ഡി ജനീറോയും ചെന്നൈയും. റിയോയിലെ ദരിദ്രരുടെ ദുരിതങ്ങളും മയക്കുമരുന്ന് കച്ചവടവും കഴിവു കെട്ടതും അക്രമാസക്തവുമായ പോലീസിന്റെ ഇടപെടലുകളും മാധ്യമങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം ഫലപ്രദമായി വരച്ചുകാണിച്ച ബസ്-174 ഒരു ഗംഭീര ചലചിത്രസൃഷ്‌ടി തന്നെയായിരുന്നു. ഫവേല(slum എന്നതിന്റെ ബ്രസീലിലെ വാക്ക്)കളിലെ മയക്കുമരുന്ന് വ്യാപാരത്തെയും അനുബന്ധമായ ആയുധ വ്യാപാരത്തെയും മറ്റു കുറ്റകൃത്യങ്ങളെയും ഒരു ചേരിനിവാസിയുടെ കാഴ്‌ചയിലൂടെ അനാവരണം ചെയ്ത സിറ്റി ഓഫ് ഗോഡ് ഈ പതിറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. യാദൃശ്ചികമെന്നോണം സിറ്റി ഓഫ് ഗോഡ് നിര്‍ത്തിയിടത്തു നിന്നുമാണ് എലൈറ്റ് സ്ക്വാഡ് തുടങ്ങുന്നത്. പക്ഷെ ഇവിടെ വീക്ഷണകോണ്‍ പോലീസിന്റെ ഭാഗത്തുനിന്നുമാണ്.
BOPE(ബ്രസീലിലെ പ്രത്യേക പോലീസ് സേനാ വിഭാഗം)-ലെ ക്യാപ്റ്റനായ നാസിമെന്റോ തന്റെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിക്കാനാഗ്രഹിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്തിയാല്‍ മാത്രമേ ക്യാപ്റ്റന് വിരമിക്കാനാകൂ എന്നതിനാല്‍ പുതിയ റിക്രൂട്ട്‌മെന്റില്‍ പെട്ട മത്തിയാസ്, നെറ്റോ എന്നിവര്‍ ആഖ്യാനത്തിന്റെ മുഖ്യധാരയിലെത്തുന്നു. BOPE-ലെ അഴിമതികളും, കൈക്കൂലിയും മറ്റ് ദുഷ്‌പ്രവണതകളും ദൃശ്യപ്പെടുത്താനായി തന്നെ സിനിമ കുറച്ച് സമയം ചെലവഴിക്കുന്നുണ്ട്. പരിശീലനത്തിനിടയില്‍ മത്തിയാസ് ഒരു നിയമപഠന കോഴ്‌സില്‍ വിദ്യാര്‍ഥിയായി ചേരുകയും ഫവേലകളില്‍ നിന്നുള്ള ചില വിദ്യാര്‍ഥികളുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. 1997-ല്‍ ബ്രസീലിലെ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയുടെ ഒരാഗ്രഹം റിയോയിലെ ചേരികളിലൊന്നില്‍ താമസിക്കണമെന്നതായിരുന്നു. ഇതിനായി ചേരികളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നാസിമെന്റോ അതു സാധിക്കുന്നത് മത്തിയാസിന്റെയും നെറ്റോയുടെയും കാര്യമായ സഹായത്തോടെയായിരുന്നു. BOPE-ലെ നിയമന-പരിശീലന പ്രക്രിയകള്‍ മുഴുവന്‍ വിശദമായി തന്നെ സിനിമ പ്രതിപാദിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍ എലൈറ്റ് സ്‌ക്വാഡ്, പേരു സൂചിപ്പിക്കുന്നതു പോലെ ഒരു 'പോലീസ് സിനിമ' തന്നെയാണ്.
ഔദ്യോഗിക റിലീസിനു മുന്‍പ് ഇന്റര്‍നെറ്റിലൂടെ ഈ ചിത്രം പുറത്താകുകയും ദശലക്ഷക്കണക്കിനാളുകള്‍ ഈ ചിത്രം കാണുകയും ചെയ്തു. റിലീസായതിനു ശേഷവും ബ്രസീലില്‍ ചിത്രത്തിനു വലിയ സ്വീകരണമാണു കിട്ടിയത്. ബ്രസീലിലെ ഏറ്റവും വലിയ ഹിറ്റ് എന്നു വരെ വിളിക്കാം. നാസിമെന്റോ എന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ച വാഗ്‌നര്‍ മോറ(Wagner Moura)യ്ക്ക് ഒരു ദേശീയനായകന്റെ പരിവേഷമാണിന്ന്. മയക്കുമരുന്നിനും കുറ്റകൃത്യങ്ങള്‍ക്കും ഏകപരിഹാരമായി BOPE-നെ അവതരിപ്പിച്ചത് മധ്യവര്‍ഗത്തിനു രുചിച്ചു എന്നര്‍ത്‌ഥം. ഈ ചിത്രത്തെ ഫാസിസ്റ്റ് എന്നു വിശേഷിപ്പിച്ച നിരൂപകര്‍ക്ക് ഫാസിസം എന്തെന്നറിയില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. ഫാസിസം ആത്യന്തികമായി പുതിയൊരു വ്യവസ്ഥിതിയുടെ സൃഷ്‌ടിയെ ഉന്നം വെയ്ക്കുന്നുവെന്നുവെങ്കില്‍ ഈ ചിത്രം നിലവിലുള്ള വ്യവസ്ഥിതിയുടെ പരിണാമത്തിനായി ഒരു കണ്‍വെന്‍ഷണല്‍ ഫോഴ്‌സിനെ ഉപയോഗിക്കുന്നു എന്നൊക്കെ സങ്കേതിക ന്യായം പറയാമെങ്കിലും ഈ ചിത്രം ഫാസിസത്തിന്റെ അതിരില്‍ നില്‍ക്കുന്ന ഒരു തീവ്ര-വലതുപക്ഷ ചിത്രം തന്നെ. എലൈറ്റ് സ്‌ക്വാഡ് മയക്കുമരുന്നുകള്‍ നിയമാനുസൃതമാക്കുന്നതിനായാണു വാദിക്കുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്-ചിത്രത്തിനു പുറമെയാണെന്നു മാത്രം. ഇനി BOPE-ലെ അഴിമതിയും ക്രൂരതയും ദൃശ്യവത്‌കരിച്ചതിലൂടെ തീരുമാനമെടുക്കാനുള്ള ഒരു open space ഉണ്ടാക്കുകയാണു ചെയ്തതെന്നൊക്കെ വാദിക്കുന്നുവെങ്കിലും ഇത്തരം സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രക്ഷേപണം ചെയ്യുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. മത്തിയാസിന്റെ സഹപാഠികളും അധ്യാപകരുമായ ലിബറല്‍ അകാദമിക് സമൂഹത്തെ സാമൂഹികയാഥാര്‍ത്‌ഥ്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരായോ തെറ്റായ അറിവുള്ളവരായോ ആണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിലൊരിക്കല്‍ സമൂഹത്തിലെ വയലന്‍സിനെതിരായുള്ള ഒരു പൗരജാഥയെ മത്തിയാസ് ആക്രമിക്കുന്നുമുണ്ട്.
പരാമര്‍ശവിധേയമായ വിഷയം, ആഖ്യാനരീതി എന്നിവയിലെ സാമ്യം കൊണ്ട് ഏറ്റവുമാദ്യം താരതമ്യം ചെയ്യപ്പെടുന്നത് സിറ്റി ഓഫ് ഗോഡുമായാണ്. വാര്‍ഫിലിം, ഡോകുമെന്ററി, മെലോഡ്രാമ എന്നിങ്ങനെ വ്യത്യസ്തശൈലികളുടെ മിശ്രിതമാണെങ്കിലും സാങ്കേതികമായി സിറ്റി ഓഫ് ഗോഡിനു വളരെ താഴെയാണ് എലൈറ്റ് സ്‌ക്വാഡിനു സ്ഥാനം. തികച്ചും പ്രതിലോമകരമായ രാഷ്ട്രീയം അവതരിപ്പിക്കുന്ന, സാങ്കേതികമായി ശരാശരി മാത്രമായ ഒരു ചിത്രം ബെര്‍ലിന്‍ പോലെ അംഗീകരിക്കപ്പെടുന്ന ഒരു ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത് ആശങ്കയോടെ മാത്രമേ കാണാനാകുകയുള്ളൂ...പ്രത്യേകിച്ചും ഇടതുപക്ഷ സ്വഭാവമുള്ള പൊളിറ്റിക്കല്‍ ത്രില്ലറുകളിലൂടെ പ്രശസ്തനായ സംവിധായകന്‍ 'കോസ്റ്റ ഗാവ്‌ര' ജൂറി അധ്യക്ഷനായിരിക്കുമ്പോള്‍. ഈ ചിത്രത്തിന്റെ വടക്കേ അമേരിക്കയിലെ വിതരണാവകാശം ഹാര്‍വി വിന്‍സ്റ്റീന്‍ നേടിയിട്ടുള്ളതിനാല്‍ അവാര്‍ഡും അദ്ദേഹത്തിന്റെ തീരുമാനമായിരിക്കാമെന്ന് അരോപണങ്ങളുണ്ട്. ഏതായാലും തെറ്റായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ ബെര്‍ലിന്‍ ചലചിത്രോത്‌സവത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.
15 comments:
അപ്പോള്‍ സിറ്റി ഓഫ് ഗോഡ് ഒന്നുകൂടി കാണണം. അതിന്റെ മുന്നിലെ ആ ബീച്ച് ചിത്രം കണ്ട് അറച്ചറച്ചാണ് വാങ്ങിയത്. അന്നത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ഈ നൂറ്റാണ്ടിലെ മികച്ച ചിത്രം ആണെങ്കില്‍ ഒന്നു കൂടി കാണണം.
American History X എന്നൊരു പടമുണ്ടായിരുന്നു. ഒരു നിരൂപണം കാച്ചുമോ റോബി മാഷേ?
അഥവാ നിരൂവിക്കാനും മാത്രമില്ലേല്‍ തല്ലണ്ട, ഞാന്‍ ഓടിക്കോളാം.
നന്ദി റോബി..പോസ്റ്റുകള്‍ക്ക്..
പിന്നെ കൃത്യമായ ചില ഇടപെടലുകള്‍ക്കും..
ഇതിനെ കുറിച്ചു ഇപ്പോള്‍ ആണു കേള്‍ക്കുന്നത്. തീര്‍ച്ച ആയും കാണണം. റോബി നല്ലതെന്നു പറഞ്ഞാല്‍ അതൊരിക്കലും ചീത്ത ആവില്ലെന്നുറപ്പാണു.
വടവോസ്കി...:-(
വെള്ളെഴുത്ത്, ആ ബീച്ച് ചിത്രം മാര്‍ക്കെറ്റിംഗിന്റെ ഭാഗമാണെന്നു തോന്നുന്നു...:) അതിലെ വയലന്‍സിന് ഒരു സത്യസന്ധതയും ഉദ്ദേശ്യവുമുണ്ടായിരുന്നു.
മൂര്‍ത്തി..നന്ദി.
വിന്‍സ്, ഈ സിനിമ നല്ലതെന്നു ഞാന്‍ പറഞ്ഞില്ല..പക്ഷെ കണ്ടു നോക്കൂ, വിന്‍സിനിഷ്‌ടപ്പെടും. ഒരു ആക്ഷന്‍ ത്രില്ലറാണ്.
രജീഷ്,ഒറ്റ നോട്ടത്തില്‍ കുഴപ്പമില്ലെന്നു തോന്നിക്കുന്ന ഒന്നാണ് American History X. ഫാസിസം എന്ന ഉപവിഷയത്തില്‍ American History X, Fight club എന്നീ സിനിമകളെക്കുറിച്ചു കൂടി എഴുതണമെന്നു വിചാരിച്ചിരുന്നു. പിന്നെ പോസ്റ്റിന്റെ നീളം കൂടുമെന്നു തോന്നി...(മടി)
നിയോനാസി ആശയങ്ങളെ ന്യായീകരിക്കാനായി വളരെ സമയം ചെലവഴിക്കുന്നുണ്ട് അമേരിക്കന്‍ ഹിസ്റ്ററി എക്സ്. counter arguments-ലേക്കെത്തുന്നത് ഏറെക്കുറെ വളരെ പെട്ടെന്നാണ്. അതും അത്ര ലോജിക്കല്‍ അല്ലാത്ത ഒരു രീതിയില്‍. ഒരു കണ്‍ക്ലൂഷനിലെത്താന്‍ തിരക്കു പിടിക്കുന്നതു പോലെ. running time കുറയ്ക്കാനുള്ള സ്റ്റുഡിയോയുടെ നിര്‍ബന്ധമായിരിക്കും കാരണം. ഇന്ന് anti-reervation വാദങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഈ സിനിമയ്ക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നു.
fight club അടിമുടി അപകടം പിടിച്ച സിനിമയായിരുന്നു.
റോബി,
സിറ്റി ഓഫ് ഗോഡ്, കൈരളിയില്‍ -മാജിക്ക് ലാന്റേണ്‍- നിരൂപിക്കപ്പെട്ടിരിന്നു.
അത് കാണാനുള്ള ധൈര്യം ഉണ്ടോയെന്നു സംശയം ഉണ്ട്. അഞ്ചുവയസ്സുകാരനോടു ഉണ്ട എവിടെ വേണം എന്നു ചോദിക്കുന്ന ആ ചോദ്യം ഉറക്കം കെടുത്തി.
റോബി..... ബസ് 174 ഇപ്പം കണ്ടു കഴിഞ്ഞു. റെന്റ് ചെയ്യാനായി നെറ്റ്ഫ്ലിക്സില്‍ തപ്പിയപ്പം മൂവി വ്യൂവറില്‍ കിടക്കുന്നു സാധനം. ഒറ്റ ഇരിപ്പിനു കണ്ടു. ബ്രസീലില്‍ നിന്നും കേട്ടിട്ടുള്ള പലതും സത്യം ആണെന്നു തെളിയിക്കുന്ന ഡൊക്യുമെന്റ്രി. അവിടത്തെ പോലീസിന്റെ കഴിവു കേടു മൊത്തം വിളിച്ചോതുന്ന ഫിലിം.
ഡോക്യുമെന്റ്രിയുടെ ഡീറ്റെയില്‍സ് ആണു ഭയങ്കരം. അ ഗ്രേറ്റ് ജോബ് ഡൂയിങ്ങ് ദ ഡൊക്യുമെന്റി.
എലൈറ്റ് സ്ക്വാഡിന്റെ ഡിവിഡി റിലീസ് ആയിട്ടില്ലിന്നു തോന്നുന്നു. റോബി നല്ല പടങ്ങളുടെ റിവ്യൂസ് ആണു സാധാരണ ഇവിടെ ഇടുക. അതു കൊണ്ടാണു നല്ലതെന്നു ഞാന്‍ അസ്യൂം ചെയ്തതു.
വിന്‍സ്, ശരിയാണ്. സാധാരണ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചാണ് എഴുതുക. ഇത് സമീപകാലത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന നിലയില്‍ എഴുതണമെന്നു തോന്നി. ഒരു ചേഞ്ച്.
ഡിവിഡീ ഇറങ്ങാറായില്ല. തിയറ്റര്‍ റിലീസ് അടുത്തു തന്നെയുണ്ടാവും.
നളന്‍, സിറ്റി ഓഫ് ഗോഡ് കാണുമ്പോള്‍ വല്ലാതെ ഇന്‍വോള്‍വ്‌ഡ് ആയി പോകും. അത്ര തീക്ഷ്ണമാണ് അഭിനയവും ചിത്രീകരണവുമെല്ലാം. രണ്ടാമത്തെ തവണ കാണുമ്പോഴും അവസാന ടൈറ്റിലുകളാണ് ‘ഓ ഇത് സിനിമയാണ്’ എന്നെന്നെ ഓര്‍മ്മിപ്പിച്ചത്.
Fight Club വളരെ, വളരെ ഇഷ്ടപ്പെട്ട സിനിമയാണ്.
ആദ്യ സി.ഡി കണ്ട് 'ച്ഛായ്...ചപ്പ് ചവറ്' എന്നു കരുതി 3 മാസത്തിനു ശേഷം ക്ഷമയുടെ അളവു കൂടിയതിനു ശേഷമാണ് രണ്ടാമത്തെ സി.ഡി കാണാനിരുന്നത്. ഞെട്ടിച്ചു കളഞ്ഞു.
കലങ്ങി മറിഞ്ഞ സൈക്കിക് അനാലിസിസ് നടക്കുന്ന കാലത്തായിരുന്നു കണ്ടത്.
അതിലെ ഇന്‍ഡിവിജ്വലിസ്റ്റിക് ആന്‍ഡ് സൈക്കോളജിക് തലം. വാരി നിലത്തടിച്ചു കളഞ്ഞു.
റോബീ,ലളിതവാക്യങ്ങളെല്ലാം വിഷമവാക്യങ്ങളായ കാലത്താണ് നമ്മുടെ ജീവിതം.അതിനാല്‍ ഇത്തരം സാംസ്ക്കാരികാപഗ്രഥനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.നിന്റെ കണ്ണിന്റെ തീക്ഷ്ണതയ്ക്ക് ദൂരെയിരുന്ന് ഒരു കൈ
ഇതുപോലുള്ള സൃഷ്ടികള്‍ ഏകപക്ഷീയമായ, comforatable ആയ പ്രതിലോമ സമവാക്യങ്ങളിലേക്ക് നമ്മുടെ കാഴ്ചകളെ സമരസപ്പെടുത്തുന്നത് നമ്മുടെ ഉള്ളിലെ ഉറക്കമേയില്ലാത്ത വന്യതകളെ ആവുംവിധത്തിലെല്ലാം ത്രസിപ്പിച്ചുകൊണ്ടാണ്. അവയുടെ ആകര്‍ഷണത്തില്‍ നിന്ന് വേര്‍പെട്ട കാഴ്ച സാധ്യമാകുന്നത് ഏറ്റവും ജാഗ്രത്തായ മൂല്യബോധത്തിനു മാത്രമാണ്. നിനക്കതുണ്ട് റോബീ..തുടരുക നിന്റെ കാഴ്ചയെഴുത്തുകള്‍..
ഇതുവരെ പ്രതികരിക്കാതെയിരുന്നത് വായിച്ചപ്പോള്‍ മനസ്സില്‍ വന്നത് എഴുതിയാല്‍ ഇവിടെ തല്ലുനടക്കും എന്ന് തോന്നിയതുകൊണ്ടാണ്.
എലൈറ്റ് സ്ക്വാഡിനെക്കുറിച്ചല്ല അഭിപ്രായം എന്നതും കാരണം.
ഈ സിനിമയെക്കുറിച്ച് റോബി പറഞ്ഞത് വച്ച് ഇതിനെ ഫാസിസ്റ്റ് എന്നുവിളിക്കാമെങ്കില്‍ മലയാളത്തിലെ നല്ലൊരുശതമാനം ചിത്രങ്ങളെ പ്രത്യേകിച്ച് ഷാജി കൈലാസ് -മോഹന്‍ലാല്‍ കോംബിനേഷന്‍ ചിത്രങ്ങള്‍ ഉണ്ടാക്കിയെടുത്ത നായകസങ്കല്‍പ്പം പിന്തുടരുന്ന ചിത്രങ്ങളെ എന്തുവിളിക്കാനാവും എന്നാണ് ശങ്ക. :)വിശദീകരിക്കുന്നില്ല. പ്രാണഭയം.
അതൊക്കെ ഫാസിസ്റ്റാണെന്ന് ഇനി ഞാന്‍ പറയേണ്ട കാര്യമുണ്ടോ ഗുപ്തരേ..?
അയ്യേ..ഈ ഗുപ്തന്‍ കേരളത്തിലല്ലേ ജീവിക്കുന്നത്..:)
കണ്ടിട്ട് മനസ്സിലാകാത്തത് പറഞ്ഞാല്‍ മനസ്സിലാകുന്നതെങ്ങിനെ എന്ന (ശ്രീനാരായണഗുരുവിന്റെ)പഴയ ചോദ്യം ഓര്‍മ്മയില്‍ വരുന്നു.സിനിമയും പലപ്പോഴും അതേ ആശങ്കയാണ് ഉളവാക്കുക. പോലീസിനെയും രാഷ്ട്രീയക്കാരെയും ദുഷ്ടരും കോമാളികളുമാക്കി കാണിക്കുന്നതില്‍ കൊടിയേരിക്കും അമര്‍ഷം. അവര്‍ക്കും സിനിമ മനസ്സിലാകുന്നില്ല. ഇല്ലായിരുന്നെങ്കില്‍ ജോസ് പദില്ലക്കും ജോഷി കൈലാസ് മോഹന്‍ലാലിനും ഭാരത/ബ്രസീലിയന്‍ രത്നങ്ങള്‍ കിട്ടിയേനേ.
wat's ur openion about the godards film "wind from the east" ....
Post a Comment