Once upon a time ... in Hollywood കാൻ ഫെസ്റ്റിവലിലെ കോന്പറ്റീഷൻ സെക്ഷനിലാണ് പ്രീമിയർ ചെയ്തത്. അതിനോടനുബന്ധിച്ചുള്ള പ്രെസ് കോൺഫറൻസിൽ ടരന്റീനോ പ്രേക്ഷകരോട് അഭ്യർത്ഥിച്ചത്, ഇതിന്റെ പ്ലോട്ട് എന്താണെന്ന് കാണാത്തവരോട് പറയരുതെന്നാണ്. പ്ലോട്ട് പറഞ്ഞാൽ അതു വലിയ സ്പോയിലറായിരിക്കും. ഓരോ പ്രേക്ഷകനും തിയറ്ററിലേക്ക് പോകുന്നത് സിനിമയെ അറിയാനുള്ള ഒരു യാത്രയാണെന്നും, അതിന്റെ ത്രിൽ നശിപ്പിക്കരുതെന്നുമാണ് സാരം. അതുകൊണ്ട് സ്പോയിലറുകളില്ലാതെ ചില കാര്യങ്ങൾ മാത്രം പറയാം.
എന്നാൽ ഈ മൂവി എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രെഡിക്ടബിളായിരുന്നു. ഹോളിവുഡിന്റെ ഹിസ്റ്ററിയും ടരന്റീനോയുടെ ഫിലിമോഗ്രഫിയും പരിചയമുള്ളവർക്കെല്ലാം അങ്ങനെയായിരിക്കും. പ്രെഡിക്ടബിളാണെന്നത്, സസ്പെൻസ്/മിസ്റ്ററിയെ ബെയ്സ് ചെയ്തുള്ള മൂവിയല്ലെന്കിൽ ഒരു കുറവായി ഞാൻ കരുതുന്നില്ല. ഈ സിനിമ, സസ്പെൻസ്/മിസ്റ്ററി ജോണറിൽ വരുന്നതല്ല.
ഇറ്റ് വാസ് സൂപ്പർ ഫൺ. സിനിമാതിയറ്ററിലേക്ക് പോകുന്നത് എന്ത് അനുഭവിക്കാനാണോ അതെല്ലാം ഇതിലുണ്ട്. കാണാനുദ്ദേശിക്കുന്നുണ്ടെന്കിൽ തിയറ്ററിൽ തന്നെ കാണേണ്ട സിനിമ. ഇതു പറയാൻ കാരണം, മാസ്റ്റർ ഫിലിംമേക്കേഴ്സിന്റെ വർക്കുകളുടെ പ്രധാന രസം, സിനിമയെ അതിന്റെ ഏറ്റവും പ്രിമിറ്റീവ് ലെവലിൽ, മൂവിംഗ് ഇമേജസ് എന്ന നിലയിൽ ആസ്വദിക്കാൻ കഴിയുന്നു എന്നതാണ്. കൄത്യമായി ടൈം ചെയ്ത മൂവിംഗ് ഇമേജസിനൊപ്പം നമ്മളും മൂവ് ചെയ്യുന്ന വെർച്വൽ അനുഭവം വഴിയാണ് നമ്മൾ സിനിമയിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെയാണ് വെറും കാഴ്ച എന്നതിനപ്പുറം നമ്മൾ സിനിമ അനുഭവിക്കുന്നത്. ഇത് പ്രാപ്തമാക്കാൻ പോകുന്ന ക്രാഫ്റ്റ് കൈയിലുള്ളതുകൊണ്ടാണ് ടരന്റീനോ മാസ്റ്റർ ഫിലിം മേക്കറാകുന്നത്.
ഈ വെർച്വൽ ഫീലിംഗിന് അനുസാരിയായി ബൌദ്ധികമായ ഒരു ഘടകമുണ്ട് ആസ്വാദനത്തിൽ. അത് സാധിക്കുന്നത് നറേഷനെ നമ്മൾ comprehend ചെയ്യുന്നത് വഴിയാണ്. ഏതൊരു കാര്യവും മനസ്സിലാക്കുന്നതിന് ചില അടിസ്ഥാനവിവരങ്ങൾ ആദ്യമേ ഉണ്ടായിരിക്കണം. ഈ സിനിമയുടെ കാര്യത്തിൽ അത് ഹോളിവുഡിന്റെ ചരിത്രത്തെപ്പറ്റിയുള്ള (പ്രത്യേകിച്ചും 1960-കളുടെ അവസാനകാലഘട്ടം) അറിവാണ്. രണ്ടാം ലോകയുദ്ധത്തെത്തുടർന്നുണ്ടായ സാന്പത്തിക അഭിവൄദ്ധിയുടെ ഫലമായി വിദ്യാഭ്യാസം, തൊഴിൽ രംഗത്തെ സ്ത്രീകളുടെ എണ്ണം, എന്നീ കാര്യങ്ങളിലെല്ലാം വലിയ വർദ്ധനവുണ്ടായി. ഇതോടൊപ്പം ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനവും ഗർഭനിരോധനോപാധികളുടെ വരവും, പോപ് കൾച്ചറിലുണ്ടായ ഷിഫ്റ്റും എല്ലാം കൂടി ചേർന്ന് അറുപതുകളിലെ സെക്ഷ്വൽ റെവലൂഷൻ സാധ്യമാക്കി. സ്വാഭാവികമായും ഹോളിവുഡ് ഈ സെക്ഷ്വൽ റെവലൂഷന്റെ മുൻനിരയിലുണ്ടായിരുന്നു. ഹ്യൂ ഹെഫ്നർ പ്ലേ ബോയ് ആരംഭിക്കുന്നത് 1953-ലായിരുന്നെന്കിലും 60-കളോടെ ഹോളിവുഡിലെ ഇൻഫ്ലുവെൻഷ്യൽ ഫിഗേഴ്സിലൊരാളായിത്തീർന്നു. ഈ സെക്ഷ്വൽ റെവലൂഷന്റെ ബൈ പ്രോഡക്ടുകളിലൊന്നായിരുന്നു ഹിപ്പി കൌണ്ടർ കൾച്ചർ മൂവ്മെന്റ്. ഹിപ്പി മൂവ്മെന്റിൽപ്പെട്ട ഒരു ക്രിമിനൽ ഗാംഗായിരുന്നു ചാർളി മാൻസന്റേത്. 1969 ആഗസ്റ്റിൽ ചാർളി മാൻസന്റെ ഗാംഗ് ഹോളിവുഡിലെ ഒരു വീട്ടിൽ കയറി നടിയും റോമൻ പൊളൻസ്കിയുടെ ഭാര്യയുമായിരുന്ന ഷാരോൺ ടേയ്റ്റിനെയും മറ്റു മൂന്നുപേരെയും വധിച്ചതോടെ ഈ സെക്ഷ്വൽ റെവലൂഷന് പെട്ടെന്നൊരു വിരാമമായി. ഇത്രയും സോഷ്യൽ ഹിസ്റ്ററി.
ഏതൊരു ടരന്റീനോ ചിത്രത്തിന്റെയും പിന്നാന്പുറത്ത്, പഴയകാല സിനിമകളും സംഗീതവും ടിവിയും പരസ്യങ്ങളും ഒക്കെ ചേർന്ന് സൄഷ്ടിക്കുന്ന വലിയൊരു പോപ്കൾച്ചർ ചരിത്രമുണ്ട്. മിക്കവാറും സാധാരണ സംവിധായകർ പഴയകാല ക്ലാസിക്കുകളെയും പോപ്പുലർ സിനിമകളെയുമൊക്കെ റെഫറൻസായി ഉപയോഗിക്കുന്പോൾ ഈ സിനിമയിലെ റെഫറൻസുകൾ അധികവും 1960-കളിലെ ടിവിയും ബി-മൂവികളുമാണ്. ബുദ്ധിജീവികളല്ലാത്ത കഥാപാത്രങ്ങളെ ഉണ്ടാക്കുന്ന ടരന്റീനോയുടെ കഥാപാത്രങ്ങൾ നിലനില്ക്കുന്ന സാംസ്കാരികതലം ഇതാണ്. ആ കാലത്തെ ടിവി എനിക്കത്ര പരിചയമില്ലെന്കിലും സിനിമകൾ കുറെയൊക്കെ കണ്ടതായതുകൊണ്ട് ഈ പോപ്കൾച്ചർ പശ്ചാത്തലം മനസ്സിലാക്കാനും ആസ്വദിക്കാനും കഴിഞ്ഞു. ഈ സിനിമ കാണുന്നതിന് മുൻപ് കണ്ടിരിക്കേണ്ടത് എന്ന് ഞാൻ കരുതുന്ന ചില സിനിമകളെക്കുറിച്ച് പറയാം. പോൾ മാസൂർസ്കിയുടെ Bob & Carol & Ted & Alice (1969) ഈ സെക്ഷ്വൽ റെവലൂഷനെ കാപ്ച്ചർ ചെയ്തൊരു പ്രധാന സിനിമയായിരുന്നു. ഈ സാംസ്കാരികമായ തലം കൂടാതെ വിഷ്വൽ ഡിസൈനിലും ചില താരതമ്യങ്ങൾ കണ്ടെത്താനാകും. Easy Rider (1969) അക്കാലത്തെ കൌണ്ടർ കൾച്ചർ ജീവിതത്തെ ആവിഷ്കരിച്ച വളരെ പ്രശസ്തമായ ഒരു സിനിമയാണ്. ടരന്റീനോ ഇത് ഡയറക്ടായി റെഫർ ചെയ്യുന്നില്ലെന്കിലും അന്നത്തെ ഒരു കൾച്ചറൽ ഈഥോസ് പിടികിട്ടാൻ ഈസി റൈഡർ സഹായിക്കും. ഈസി റൈഡർ കാണുന്പോൾ, മോണ്ടി ഹൈൽമാന്റെ Two-Lane Blacktop കൂടി ഓർമ്മിക്കുക. സ്റ്റീവ് മക്വീൻ എന്ന നടനും പ്ലേബോയ് മാൻഷനും അവിടുത്തെ പാർട്ടിയുമൊക്കെ ഒരു സീനിൽ കടന്നുവരുന്നുണ്ട്. സ്റ്റീവ് മക്വീൻ, റിക് ഡാൾട്ടൻ എന്ന കഥാപാത്രത്തിന്റെ പുറകിലെ സ്വാധീനങ്ങളിലൊന്നാണെന്ന് കരുതാം. സ്റ്റീവ് മക്വീനിന്റെ ഗ്രേറ്റ് എസ്കേപ്, നെവാഡ സ്മിത്ത്, ബുള്ളിറ്റ് ഒക്കെ ആ കാലഘട്ടത്തെ പോപ്കൾച്ചർ മനസ്സിലാക്കാൻ സഹായിക്കുന്നവയാണ്. സ്റ്റീവ് മക്വീൻ Wanted: Dead or Alive എന്നൊരു ബൌണ്ടി ഹണ്ടർ ടിവി സീരീസിൽ അഭിനയിച്ചിരുന്നു, അതിനു ശേഷമാണ് വലിയ താരമായത്. റിക് ഡാൾട്ടൻ മുൻപ് 'Bounty Law' എന്നൊരു ടിവി സീരീസിൽ അഭിനയിച്ചതായാണ് പറയുന്നത്. 1969 ഫെബ്രുവരി മുതൽ ആറുമാസത്തേക്ക് റിക് ഡാൾട്ടൻ ഇറ്റലിയിൽ പോയി മൂന്ന് സ്ഫഗെറ്റി വെസ്റ്റേൺ സിനിമകളിലും ഒരു ജെയിംസ് ബോണ്ട് റിപ്പോഫ് മൂവിയിലും അഭിനയിച്ചതായി പറയുന്നുണ്ട്. ഇതേപോലെ അറുപതുകളിൽ, ഇറ്റലിയിൽ പോയി മൂന്ന് സ്ഫഗെറ്റി വെസ്റ്റേൺ സിനിമകളിൽ അഭിനയിച്ചിട്ട് വന്ന മറ്റൊരു താരമുണ്ട്, ക്ലിന്റ് ഈസ്റ്റ്വുഡ്. എന്നാൽ ടരന്റീനോ റെഫർ ചെയ്യുന്നത് അതുപോലുള്ള ക്ലാസിക്കുകളല്ല, അത്രയൊന്നും പ്രശസ്തമല്ലാത്ത ചില സ്ഫഗെറ്റി വെസ്റ്റേൺ ചിത്രങ്ങളാണ്. Savage Gringo, Arizona Raiders ഒക്കെ ഇതിൽപ്പെടും. അതേപോലെ സെർജിയോ കൊർബൂസിയുടെ പേര് സിനിമയിൽ നേരിട്ട് പരാമർശിക്കുന്നുണ്ട്. കൊർബൂസിയുടെ Into great silence, Django, The Mercenary ഒക്കെ 'Django Unchained' കാണാനുള്ള പ്രിപ്പറേഷനായി പലരും കണ്ടതാവും.
പൊളൻസ്കിയും ഭാര്യ ഷാരോൺ ടേയ്റ്റുമടങ്ങുന്ന സ്റ്റോറി ലൈൻ ഈ സിനിമയിലെ വളരെ പ്രാധാന്യമുള്ള ഒന്നാണ്. 1969 ഫെബ്രുവരിയിലാണ് സിനിമയുടെ കഥ തുടങ്ങുന്നത്. പൊളൻസ്കിയും ഭാര്യയും തന്റെ അയൽക്കാരായി വരുന്നത് റിക് ഡാൾട്ടൻ കാണുന്നു. ഇനി ചരിത്രത്തിലേക്ക് പോയാൽ, ആ സ്പ്രിംഗിൽ നടന്ന ഓസ്കാർ ചടങ്ങിൽ റോമൻ പൊളൻസ്കിയുടെ Rosemary's baby ശ്രദ്ധേയമായ ചിത്രമായിരുന്നു, പൊളൻസ്കിക്ക് ആ വർഷം മികച്ച തിരക്കഥാകൄത്തിനുള്ള ഓസ്കാറും കിട്ടിയിരുന്നു. മുൻചിത്രങ്ങളുടെ വിജയം കാരണം പൊളൻസ്കി ആ സമയത്തെ ഹോട്ട്ഷോട്ട് ഡയറക്ടറായിരുന്നു. പൊളൻസ്കിയെക്കുറിച്ചുള്ള ബയോഗ്രഫിക്കൽ ഡോക്യുമെന്ററി Roman Polanski : Wanted and desired ആ കാലത്തെ പൊളൻസ്കിയെ മനസ്സിലാക്കാനുള്ള നല്ലൊരു സോഴ്സാണ്. റോസ്മേരീസ് ബേബി എന്ന ചിത്രമാകട്ടെ, രണ്ടുതലത്തിൽ പരാമർശമർഹിക്കുന്നുണ്ട്. ഒന്ന്, അത് റിക് ഡാൾട്ടന് പ്രതീക്ഷ നല്കുന്ന കാര്യങ്ങളിലൊന്നായിരുന്നു. പ്രശസ്തനായ ഒരു സംവിധായകൻ അയൽപക്കത്തുള്ളത് തന്റെ കരിയറിനെ സഹായിച്ചേക്കാമെന്ന് റിക് ഡാൾട്ടൻ ആഗ്രഹിക്കുന്നുണ്ടാവണം. മറ്റൊന്ന്, 'റോസ്മേരീസ് ബേബി' എന്ന ചിത്രം, ഒരു കൾട്ട് കാരണമുണ്ടാവുന്ന പൈശാചികമായ സ്വാധീനത്തെക്കുറിച്ചാണ്. 1969 സമ്മറിൽ പൊളൻസ്കിക്ക് സംഭവിച്ച കാര്യങ്ങളെ ആ ചിത്രം കൺസെപ്ച്വലായി ഫോർഷാഡോ ചെയ്യുന്നുണ്ടെന്ന് പറയാം. ഷാരോൺ ടേയ്റ്റ് ആ കാലത്ത് ശ്രദ്ധേയയായിക്കൊണ്ടിരുന്ന ഒരു നടിയായിരുന്നു. അവർ അഭിനയിച്ച Wrecking Crew എന്ന ചിത്രം ടരന്റീനോ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. 'വാലി ഓഫ് ഡോൾസ്' പരാമർശിക്കുന്നുണ്ടെന്കിലും അതു ഞാൻ കണ്ടിട്ടില്ല. ഒരു സീനിൽ ഷാരോൺ ടേയ്റ്റ് ബുക്സ്റ്റോറിൽ പോയി തോമസ് ഹാർഡിയുടെ 'ടെസ്' എന്ന നോവൽ വാങ്ങിക്കുന്നതായുണ്ട്, ഭർത്താവിന് സമ്മാനമായി നല്കാനാണെന്നാണ് പറയുന്നത്. പൊളൻസ്കി പിന്നീട് 'ടെസ്' സിനിമയായി അഡാപ്റ്റ് ചെയ്യാനുള്ള കാരണം ഷാരൺ അത് ആഗ്രഹിച്ചിരുന്നതുകൊണ്ടാണ്.
ഈ സിനിമയിൽ ഡികാപ്രിയോ അവതരിപ്പിക്കുന്ന റിക് ഡാൾട്ടൻ എന്ന കഥാപാത്രം, പതിയെ പ്രശസ്തി മങ്ങിക്കൊണ്ടിരിക്കുന്ന ഒരു ടിവി നടനാണ്. അയാളുടെ സ്റ്റണ്ട് ഡബിളാണ് ബ്രാഡ് പിറ്റ് അവതരിപ്പിക്കുന്ന ക്ലിഫ് ബൂത്ത് എന്ന കഥാപാത്രം. അയാളൊരു ടിവി സീരീസിൽ ഗസ്റ്റ് റോളിൽ വില്ലനായി അഭിനയിക്കാൻ പോകുന്നത് സിനിമയിലെ പ്രധാനഭാഗങ്ങളിലൊന്നാണ്. അവിടെ വെച്ച് അയാൾ ഒരു ചൈൽഡ് ആർട്ടിസ്റ്റുമായി സംസാരിക്കുന്നു. ആ ആർട്ടിസ്റ്റ് പറയുന്ന കാര്യങ്ങളൊക്കെ മെത്തേഡ് ആക്ടിംഗിനെപ്പറ്റിയാണ്. നടൻ തന്റെ പേഴ്സൊണയുടെ പുറത്തുവരേണ്ടതിനെപ്പറ്റി അതു ഡയറക്ട് ചെയ്യുന്ന സംവിധായകനും റിക് ഡാൾട്ടനോട് സംസാരിക്കുന്നു. ഈ കാര്യങ്ങളൊക്കെ സൂചിപ്പിക്കുന്നത് ആ കാലത്ത് മൂവി മേക്കിംഗിലും അഭിനയത്തിലും ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരുന്ന പുതിയ ട്രെൻഡുകളെപ്പറ്റിയാണ്. ആ ഷൂട്ടിംഗിനിടയിൽ റിക് ഡാൾട്ടൻ തന്റെ റേഞ്ചിന് അപ്പുറം പോകുകയും മെത്തേഡ് ആക്ടിംഗിന്റെ സ്വഭാവങ്ങൾ കാണിക്കുകയും ചെയ്യുന്നു. ഒരു വെസ്റ്റേൺ ടിവി എപ്പിസോഡിലെ വില്ലൻ എന്നനിലയിൽ അസാധാരണമായ ക്രൂവൽ ബിഹേവിയർ കാണിക്കുന്ന കഥാപാത്രമായി അയാൾ മാറുന്നു. ഇന്ന് ചരിത്രം നോക്കുന്പോൾ അറിയാം, സാം പെക്കിൻപായുടെ The Wild Bunch വന്നതും 1969-ൽ തന്നെയായിരുന്നു. ഓൾഡ് വെസ്റ്റേൺ മിഥോളജിയെ തന്നെ നശിപ്പിച്ചുകളഞ്ഞ ചിത്രമായിട്ടാണ് ഇന്നു നമ്മൾ വൈൽഡ് ബഞ്ചിനെ മനസ്സിലാക്കുന്നത്. അതിലെ കഥാപാത്രങ്ങൾ അസാധാരണമായ ക്രൂരത സ്വഭാവത്തിന്റെ ഭാഗമായുള്ളവരായിരുന്നു. വേറൊന്ന് കൂടി നമുക്കറിയാം, 1969 ഓൾഡ് ഹോളിവുഡിന്റെ അവസാനവും ന്യൂഹോളിവുഡിന്റെ തുടക്കവുമായിരുന്നു. ഈ ചരിത്രസന്ധിയെ റീഇമാജിൻ ചെയ്യുകയാണ് 'Once upon a time... in Hollywood' എന്ന ചിത്രത്തിലൂടെ ടരന്റീനോ ചെയ്യുന്നത്.
ഈ ചിത്രത്തിലെ ലിയോ ഡികാപ്രിയോയുടെ അഭിനയം എടുത്തുപറയേണ്ട ഒന്നായി തോന്നുന്നു. അഭിനയിക്കാൻ അസാധാരണമായ റേഞ്ചും കൺട്രോളും ആവശ്യമായ ഒരു കഥാപാത്രമാണിത്. തന്റെ കഴിവുകൾ വേണ്ടരീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത, ടൈപ് കാസ്റ്റായിത്തീർന്ന, കരിയറിന്റെ അവസാനത്തിലെത്തി നിൽക്കുന്ന ഒരു നടനാണ് ഈ കഥാപാത്രം. കൂടെ വൈകാരിക വിക്ഷോഭങ്ങൾ, അയാളുടെ ഇന്റേണൽ സ്ട്രഗിളിന്റെ ഭാഗമാണ്. ബൈപോളാർ ഡിസോർഡർ എന്ന് എടുത്ത് പറയുന്നില്ലെന്കിലും (ആ ടേം തന്നെ അന്നില്ലായിരുന്നു) ബൈപോളാർ ലക്ഷണങ്ങൾ ഉള്ള ഒരാളെപ്പോലയാണ് ഡികാപ്രിയോയുടെ റിക് ഡാൾട്ടൻ. ഇത് തിരക്കഥയിലില്ലായിരുന്നു, എന്നാൽ അക്കാലത്തെ പല നടന്മാരെപ്പറ്റി ടരന്റീനോ പറഞ്ഞകാര്യങ്ങളിൽ നിന്നും റിക് ഡാൾട്ടൻ എന്ന കഥാപാത്രത്തെ വികസിപ്പിക്കാനായി ഡികാപ്രിയോ കൊണ്ടുവന്ന ഒന്നായിരുന്നു ഈ മൂഡ് സ്വിംഗ്സ്. ഇവിടെ ചലഞ്ച്, ടൈപ് കാസ്റ്റായ ഒരു നടന്റെ മീഡിയോക്കർ ആക്ടിംഗും, അയാൾ തന്നെ തന്റെ റേഞ്ചിനെ ബ്രേക് ചെയ്യുന്നതും, കൂടെയുള്ള മൂഡ് സ്വിംഗ്സും, മദ്യപാനം കാരണമുള്ള ശ്രദ്ധക്കുറവും, മറവിയുമൊക്കെ വളരെ നിയന്ത്രിതമായി അവതരിപ്പിക്കുക എന്നതായിരുന്നു. He was excellent, and so was Pitt's Cliff Booth.
ടരന്റീനോ ഹോളിവുഡിലെ പ്രധാന സംവിധായകരിലൊന്നായി പരക്കെ കരുതപ്പെടുന്പോളും, ഹൊളിവുഡ് സന്പ്രദായങ്ങളിൽ നിന്ന് വഴിമാറിപ്പോകുന്ന ഒരാളാണ്. സാധാരണ ഹോളിവുഡ് സിനിമകളുടെ മാനദണ്ഡങ്ങൾ - structured screenplay, goal oriented narrative, shorter scenes, a romantic subplot - ഒന്നുംതന്നെ തന്റെ സിനിമകളിലുപയോഗിക്കാത്തയാളാണ്. ടരന്റീനോ എഴുതുന്ന സ്ക്രിപ്റ്റ് മറ്റൊരാൾ എഴുതുന്നെന്കിൽ അതൊരിക്കലും ഹോളിവുഡിൽ സിനിമയാകില്ല. ടരന്റീനോയുടെ നായകന്മാർ പലപ്പോഴും കൄത്യമായ ലക്ഷ്യങ്ങളില്ലാത്തവരാണ് (ആർട്ട് സിനിമയിലെപോലെ), ലക്ഷ്യങ്ങളുണ്ടെന്കിൽത്തന്നെ അത് വെൽ ഡിഫൈൻഡ് ആയിരിക്കില്ല. സാധാരണ സിനിമകളിലെപോലെ ഓരോ ആക്ടിലും ഗോൾ ഷിഫ്റ്റ് ചെയ്യുന്നതും, റീഅസൈൻ ചെയ്യുന്നതുമൊന്നും ടരന്റീനോ സിനിമകളിലുണ്ടാകില്ല. സാധാരണ ഹോളിവുഡിലെ സീനുകളുടെ ശരാശരി നീളം ഒന്നൊന്നര മിനിറ്റാണെന്കിൽ, പത്തും പതിനഞ്ചും മിനിറ്റുള്ള വലിയ സീക്വൻസുകളാണ് ടരന്റീനോ സിനിമകളിലുള്ളത്. ഒരു ആവറേജ് സിനിമയിൽ നൂറ് സീനുകൾ ഉണ്ടാവുമെന്കിൽ, ടരന്റിനോ സിനിമകളിൽ ഏതാണ്ട് പതിഞ്ചോളം സീക്വൻസുകളാണ് ഉണ്ടാവുക, എന്നാലും ആവറേജ് ഹോളിവുഡ് മൂവിയേക്കാൾ 40-60 മിനിറ്റ് നീളം അധികമുണ്ടാകും. ഇങ്ങനെ നീളം കൂടിയ സീക്വൻസുകളിലും ബോറടിപ്പിക്കാതെ, ഡയലോഗ് ഉപയോഗിച്ചും കട്ട് ചെയ്യുന്ന റിഥം ഉപയോഗിച്ചും പ്രേക്ഷകരുടെ ശ്രദ്ധ നിലനിർത്തുക എന്നതാണ് ടരന്റീനോയുടെ ട്രേഡ്മാർക്. ആവറേജ് ഹോളിവുഡ് മൂവികൾ വളരെ ചെറിയ ദൈർഘ്യമുള്ള ഷോട്ടുകൾ കൊണ്ട് സീനുകളുണ്ടാക്കുന്പോൾ, ടരന്റീനോ പഴയകാല രീതിയിൽ ദൈർഘ്യം കൂടിയ ഷോട്ടുകൾ ഉപയോഗിക്കാനിഷ്ടപ്പെടുന്നു. ആവറേജ് ഷോട്ട് ലെംഗ്ത്, ശരാശരി ഹോളിവുഡ് സിനിമകളെക്കാൾ മൂന്നിരട്ടിയാണ് ടരന്റീനോ സിനിമകളിൽ. മിക്കവാറും ഹോളിവുഡ് സിനിമകൾ ഒരു റൊമാന്റിക് സബ്പ്ലോട്ടും, കൂടെയൊരു സെക്സ് സീനും ഉപയോഗിക്കുമെന്കിൽ ടരന്റീനോ സിനിമകളിൽ റൊമാൻസും സെക്സും നറേറ്റീവിന്റെ ഭാഗമായി ഉണ്ടാവുന്നത് റെയർ എക്സെപ്ഷനായിരിക്കും. Once upon a time...in Hollywood ടരന്റീനോയുടെ സ്ഥിരം ട്രേഡ്മാർക്കുകളൊക്കെയുണ്ട്. നീളമുള്ള സീക്വൻസുകൾ, പല സ്റ്റോറി ലൈനുകൾ, ഡയലോഗ് ഉപയോഗിച്ച് പെയ്സ് നിലനിർത്തുക, ലോംഗ് ടേക്സ്, കാരക്ടർ സൈക്കോളജിയുടെ സമർത്ഥമായ ഉപയോഗം...ആകെ കുറച്ചൊരു വ്യത്യാസമെന്ന് പറയാനുള്ളത് വയലൻസ് തുലോം കുറവാണ് ഈ സിനിമയിലെന്നാണ്.
ടരന്റീനോ ഹോളിവുഡിൽ വളർന്നയാളാണ്. സിനിമകളിലൂടെ സിനിമയ്ക്കായി ജീവിക്കുന്ന വ്യക്തി, അങ്ങനെയൊരാൾ പഴയകാല ഹോളിവുഡിനെഴുതുന്ന പ്രണയലേഖനം പോലെയാണ് Once upon a time... in Hollywood. പഴയകാല സിനിമകളും പോപ്കൾച്ചർ ഹിസ്റ്ററിയുമൊക്കെ നിങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളാണെന്കിൽ, ആ സാംസ്കാരികലോകം നിങ്ങൾക്ക് പരിചിതമാണെന്കിൽ തീർച്ചയായും ഈ സിനിമയും ഇഷ്ടപ്പെടും.