Sunday, November 29, 2009

എറിക്കിനെ അന്വേഷിക്കുമ്പോൾ (2009)


ലോകസിനിമയുടെ മുൻപേ നിന്ന ചരിത്രമാണ് കാൻസ് ഫിലിം ഫെസ്റ്റിവലിനുള്ളത്. ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഇരുപത് സിനിമകളിൽ ബഹുഭൂരിപക്ഷത്തിന്റെയും പൊതുസ്വഭാവം സൂചിപ്പിക്കുന്നത്, ഇന്നത്തെ ലോകസിനിമ, പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഒന്നാകുന്നു എന്നാണ്. സിനിമയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സാമ്പ്രദായികമായി നിലവിലുള്ള ധാരണകൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്ന വസ്തുത വരും കാലസിനിമയുടെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ വരുത്തിയേക്കാം. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നായിരുന്നു റിയലിസ്റ്റിക് സ്വഭാവമുള്ള സോഷ്യൽ ഡ്രാമകളിലൂടെ ലോകസിനിമയിൽ സ്വന്തമായ സ്ഥാനമുറപ്പിച്ച കെൻ ലോച്ചിന്റെ പുതിയ ചിത്രം Looking for Eric (2009). ഈ ചിത്രം, നമ്മെ വേദനിപ്പിച്ചുകൊണ്ട് തുടങ്ങി, ചിരിപ്പിച്ചുകൊണ്ട് അവസാനിക്കുന്നു. ഗൌരവത്തോടെ തുടങ്ങി, നിസ്സാരതയിൽ അവസാനിക്കുന്നു.

ചിത്രത്തിൽ രണ്ട് എറിക്ക് ഉണ്ട്. ഒന്ന് വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന, ശാരീരികമായും മാനസികമായും തളർന്ന, പരാജയപ്പെട്ടൊരു പോസ്റ്റ്മാൻ, എറിക് ബിഷപ്പ്. രണ്ടാമത്തേത്ത് flawed genius എന്നു വിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എറിക് കാന്റൊണ. ആകെ തകർന്ന ഒരു മനുഷ്യനെയാണു ആദ്യത്തെ എറിക്കിലൂടെ നമ്മളാദ്യം കാണുന്നത്. നിസ്സാരനായൊരു മനുഷ്യൻ. നിസ്സാരമായൊരു ജോലി. അയാളുടെ മക്കളാകട്ടെ അയാളെ ഒട്ടുമേ വകവെക്കുന്നുമില്ല. കൂടെ പരാജയപ്പെട്ടൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കുറ്റബോധവും. എറിക് കാന്റൊണ ഈ പോസ്റ്റ്മാന്റെ റോൾ മോഡലാണ്. തന്റെ സങ്കടങ്ങളെല്ലാം ഈ മനുഷ്യൻ തുറന്നു പറയുന്നത് മറ്റേ എറിക്കിനോടാണ്. ഹൃദയസ്പർശിയായ തുടക്കം. പക്ഷേ പിന്നീട് സംവിധായകനു താളം തെറ്റുന്നു. താളം തെറ്റുന്നു എന്നല്ലാതെ താളം നഷ്ടപ്പെടുന്നില്ല. മറ്റൊരു ട്രാക്കിലേക്ക് സിനിമ കയറുന്നു. നമ്മൾ കണ്ടു തുടങ്ങുന്ന സിനിമയിലല്ല നമ്മൾ അവസാനിക്കുന്നത്.

ആദ്യപകുതി മുഴുവൻ പ്ലോട്ടിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയാണു സംവിധായകൻ. ഒരു കഥാപാത്ര-കേന്ദ്രീകൃത ഡ്രാമയെന്നു തോന്നിക്കുന്ന ചലച്ചിത്രം പിന്നീട് പ്ലോട്ട്-കേന്ദ്രീകൃതമാകുന്നു. എറിക് കാന്റൊണയുടെ സഹായത്തോടെ പോസ്റ്റ്മാൻ എറിക് സ്വയം കണ്ടെത്തുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു. സംഗതി ശുഭം. ഇടയ്ക്ക് നല്ലൊരു ചിരിക്കും വക നൽകുന്നുണ്ട് സംവിധായകൻ. ഒറ്റയൊരു ജനുസ്സിൽ പെടുത്തി ഈ ചിത്രത്തെ നിർവചിക്കുക എളുപ്പമല്ല. ഏറെ വൈകാരികമായ ഡ്രാമയിൽ തുടങ്ങി, കോമഡിയിലവസാനിക്കുന്നു. ഇടയ്ക്ക് ഫാന്റസിയും ക്രൈമും സ്പോർട്സുമെല്ലാം വരുന്നുമുണ്ട്.

ഫുട്ബോളിന്റെയും കോമഡിയുടെയും സാനിധ്യം കാരണം, മൊത്തത്തിലുള്ള ഫീൽ-ഗുഡ് സ്വഭാവം കാരണം വരാൻ പോകുന്ന IFFK–യിൽ പ്രേക്ഷകരെ ആസ്വദിക്കാൻ സാധ്യതയുള്ള സിനിമകളിൽ ഒന്ന്.

Sunday, November 22, 2009

ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ : ടരന്റിനോ വേർഷൻ

സാമ്പ്രദായികമായി സിനിമയിൽ പുരുഷന്റെ കുത്തകയായിരുന്ന ക്രൈം, നു‌ആർ(Noir), ആക്ഷൻ, ത്രില്ലർ ജനുസ്സുകളാണു ടരന്റിനോയുടെ തട്ടകം. അദ്ദേഹത്തിന്റെ തീമുകളാകട്ടെ, വിശദമായി പ്ലാൻ ചെയ്യപ്പെട്ട (പ്രതികാരമടക്കം) കുറ്റകൃത്യങ്ങളെക്കുറിച്ചും, അക്രമവാസനയെന്ന മനുഷ്യമനസ്സിന്റെ അധോലോകങ്ങളെക്കുറിച്ചുമാകുമ്പോൾ തന്നെ സിനിമയുടെ ചരിത്രത്തെ കാര്യമായി ഉപയോഗപ്പെടുത്തുന്നു. പുരുഷന്മാരുടെ കുത്തകയായ സിനിമാറ്റിക്-ജനുസ്സുകളിൽ ഇടപെടുന്നു എന്നതുകൊണ്ടു തന്നെ ടരന്റിനോ ചിത്രങ്ങളുടെ ടാർഗെറ്റ് ഓഡിയൻസ് പുരുഷന്മാർ തന്നെ. IMDb-പോലുള്ള ഒരു പോപുലർ ഡാറ്റാബെയ്സിലെ user rating ഗ്രാഫുകൾ ഒരു മാനദണ്ഡമായി കരുതിയാൽ, അദ്ദേഹത്തിന്റെ സിനിമകൾ കാര്യമായി ആസ്വദിച്ചിട്ടുള്ളവരും പുരുഷന്മാർ തന്നെ.

മെയിൻസ്ട്രീം ഹോളിവുഡിൽ ടരന്റിനോ തന്റെ സ്ഥാനമുറപ്പിക്കുന്നത് റിസർവോയർ ഡോഗ്സ്, പൾപ്പ് ഫിക്ഷൻ എന്നീ ക്രൈം ഡ്രാമകളിലൂടെയാണ്. പുരുഷപ്രേക്ഷകനെ ഉന്നം വെയ്ക്കുന്ന സംവിധായകൻ തന്റെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങളെന്ന നിലയിൽ, സ്വഭാവികമായും ഈ രണ്ടു ചിത്രങ്ങളും പുരുഷന്മാരെ (കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പുരുഷമനസ്സുകളെ) കുറിച്ചുള്ളവയായിരുന്നു. എന്നാൽ, അവഗണിക്കപ്പെടാനാവാത്ത പ്രാധാന്യം ഹോളിവുഡിൽ നേടിയെടുത്തതിനു ശേഷമുള്ള ടരന്റിനോ ചിത്രങ്ങളിലെ ആവർത്തിക്കപ്പെടുന്ന പൊതുഘടകമായ സ്ത്രീസാന്നിദ്ധ്യത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

ജാക്കിബ്രൌൺ മുതൽ ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് വരെയുള്ള സിനിമകളെല്ലാം പുരുഷന്മാരിൽ നിന്നും ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളെയാണ് കേന്ദ്രസ്ഥാനത്തു നിർത്തുന്നത്. ജാക്കി ബ്രൌണിൽ ജാക്കിയുടെ സാമ്പത്തികമായ പരാധീനതകളെ ചൂഷണം ചെയ്യുന്നവനാണു മുഖ്യപുരുഷകഥാപാത്രമായ ഓർഡെൽ റോബി (Samuel L. Jackson). ഷൂൾസ് ഡാസിൻ, ഴാങ്-പിയറി മെൽവിൽ തുടങ്ങിയവരൊക്കെചേർന്ന് രൂപപ്പെടുത്തിയ ആദ്യകാല നിയോ-നു‌ആർ മാതൃകയിലാണു ടരന്റിനോ ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ‘കിൽ-ബിൽ’ സീരീസിൽ താനനുഭവിച്ച കൊടിയ വഞ്ചനയ്ക്കു പ്രതികാരം ചെയ്യാനിറങ്ങുന്നവളാണു നായിക. കിൽ-ബിൽ ചിത്രങ്ങളുടെ മാതൃക, ടരന്റിനോയുടെ ചെറുപ്പകാലത്ത്, ജനക്കൂട്ടത്തെ ആകർഷിച്ചിരുന്ന മാർഷ്യൽ ആർട്സ് ചിത്രങ്ങളുടേതാണെങ്കിലും ഘടനാപരമായി ഗൊദാർദിന്റെ My life to Live എന്ന ചിത്രവുമായി ഏറെ സാമ്യമുണ്ട്. 70-കളിലെ ബി-മൂവിയുടെ മാതൃകയിലാണു ഡെത്ത് പ്രൂഫ് എന്ന ചലച്ചിത്രം. സുഹൃത്തായ റോബർട്ട് റോഡ്രിഗസിന്റെ Planet Terror–മായി ചേർന്ന് ഡബിൾ ഫീച്ചർ ആയാണ് ഈ സിനിമ റിലീസ് ചെയ്തത്. 70-കളിലെ നിലവാരമില്ലാത്ത ചലചിത്രങ്ങൾ കാണിച്ചിരുന്ന നിലവാരമില്ലാത്ത തിയറ്ററുകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ, ഫിലിം പൊട്ടുന്നതും ഇമേജ് തെളിയാതെ വരുന്നതും വലിയുന്നതുമെല്ലാം രസകരമായി അവതരിപ്പിക്കുന്നുണ്ട് ഈ സിനിമയിൽ. അകാരണമായി സ്ത്രീകളെ ആക്രമിക്കുന്ന, സ്റ്റണ്ട്മാൻ മൈക്ക് ആണ് ചിത്രത്തിലെ മുഖ്യപുരുഷകഥാപാത്രം. ഒരു ടെസ്റ്റ് ഡ്രൈവിനു പോകുന്ന, ഹോളിവുഡ് സ്റ്റണ്ട് ഡബിൾ സോയ് ബെൽ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സംഘത്തെ മൈക്ക് ആക്രമിക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. പുരുഷന്മാരെ വെല്ലുന്ന സ്റ്റണ്ട് പ്രകടനങ്ങളാണ് ഓടുന്ന കാറിന്റെ മുകളിൽ സോയ് ബെൽ അവതരിപ്പിക്കുന്നത്. ഒടുവിൽ മൈക്കിന്റെ പരാജയത്തോടെ സിനിമ അവസാനിക്കുന്നു. ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സിലാവട്ടെ സാക്ഷാൽ ഹിറ്റ്ലർ തന്നെയാണു വില്ലൻ. ഹോളിവുഡിലെ ബ്രാഡ് പിറ്റ് ഉൾപ്പെടുന്ന പ്ലോട്ട്, ഷോഷാന നായികയാവുന്ന മെയിൻ പ്ലോട്ടിനു സമാന്തരമായി നീങ്ങുന്നതേയുള്ളൂ. ടൈറ്റിൽ റോൾ ചെയ്യുന്ന ബ്രാഡ് പിറ്റിന്റെ നായകസംഘം പരാജയപ്പെടുന്നിടത്ത്, ഷോഷാന വിജയം കാണുന്നു. Western, Fantasy, war ഒന്നിലധികം ജനുസ്സുകളുടെ സ്വഭാവങ്ങൾ ഈ ചിത്രത്തിൽ ഉൾചേർന്നിരിക്കുന്നു.

ടരന്റിനോയുടെ സ്ത്രീകൾ സുന്ദരികളും ലൈംഗികമായി പുരുഷനെ ആകർഷിക്കാൻ കഴിവുള്ളവരുമാണെങ്കിലും, അത്യന്തികമായി ടരന്റിനോ ചിത്രങ്ങൾ ഈ സ്ത്രീജീവിതങ്ങളിലേക്കുള്ള നോട്ടം തന്നെയാണെങ്കിലും ഈ ‘കഥാപാത്രങ്ങളെ’ കഥാപരമായോ മറ്റു തരത്തിലോ ലൈംഗികമായി സംവിധായകൻ ഉപയോഗിക്കുന്നില്ല, അഥവാ ഇവരുടെ ലൈംഗികത പ്രേക്ഷകന്റെ കാഴ്ചയ്ക്കു വെച്ചുകൊടുക്കുന്നില്ല. എന്നാൽ ഈ സ്ത്രീകളെല്ലാവരും തങ്ങളുടെ ലൈംഗികതയെ സമർഥമായി ഉപയോഗിക്കുന്നവരാണു താനും. ജാക്കി ബ്രൌൺ എന്ന ചിത്രത്തിൽ, തന്റെ പദ്ധതിയിൽ ഭാഗമാകാൻ ‘മാക്സ് ചെറി’യെ (അറുപതുകളിലെ ഫ്രെഞ്ച് നോയിർ ഫിലിമുകളിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന ശരീരഭാഷയും മിതത്വമുള്ള അഭിനയവും കൊണ്ട് മാക്സ് ചെറിയെ അവതരിപ്പിക്കുന്നത് Robert Forster) ജാക്കി ആകർഷിക്കുന്നത് തന്റെ ലൈംഗികതയുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിലൂടെയാണ്. ഒരുവേള, ജാക്കി തന്നെ പ്രണയിച്ചേക്കുമെന്ന ചിന്തയും ആഗ്രഹവും അയാളിലുണ്ടാകുന്നുണ്ട്. ജാക്കി ബ്രൗൺ എന്ന കേന്ദ്രകഥാപാത്രമായി പാം ഗ്രിയർ എന്ന നടിയെ കാസ്റ്റ് ചെയ്തതിലുമുണ്ട് അല്പം സിനിമാചരിത്രം. 70- sexploitation, blacksploitation ജനുസ്സുകളിൽ പെട്ട ബി-മൂവികളിലെ സ്ഥിരം നായികയായിരുന്നു പാം ഗ്രിയർ. അവരുടെ ആദ്യകാലവേഷങ്ങളിൽ പ്രമുഖമായ ഒന്നാണ് ഫോക്സി ബ്രൗൺ (1974) എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ജാക്കി ബ്രൗൺ എന്ന ടരന്റീനോ ചിത്രത്തിന്റെ പേരും ആ കഥാപാത്രവും ഫോക്സി ബ്രൗണിനെ തീർച്ചയായും ഓർമ്മയിൽ കൊണ്ടുവരും. ഫോക്സി ബ്രൗൺ എന്ന ചിത്രത്തിന്റെ പ്രമേയവുമായി ജാക്കി ബ്രൗണിന് പല സമാന്തരങ്ങളും കാണാൻ സാധിക്കും. രണ്ടു ചിത്രങ്ങളിലും ഒരു പറ്റം ഗാംഗ്സ്റ്റർമാരെ നേരിടുന്ന സ്ത്രീയുടെ വേഷമാണു പാം ഗ്രിയറിന്. ഫോക്സി ബ്രൗണിൽ ആ നേരിടൽ കൂടുതലും ശാരീരികമാണെങ്കിലും ജാക്കി ബ്രൗണിൽ അതു കൂടുതലും മാനസികമാണ്. ഫോക്സി ബ്രൗണിൽ സ്ത്രീലൈംഗികതയുടെ ഉപയോഗം ഏറെ പ്രത്യക്ഷമാണെങ്കിൽ, ജാക്കി ബ്രൗണിൽ അത് ഏറെ സമർത്ഥവും subtle-ലുമാണ്.

ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സിൽ, ജർമ്മൻ പട്ടാളക്കാരനു തന്നോടുള്ള അഭിനിവേശത്തെയാണ് ഷോഷന സമർത്ഥമായി ഉപയോഗിക്കുന്നത്. ഡെത്ത് പ്രൂഫിൽ, സ്റ്റണ്ട്മാൻ മൈക്ക് സ്ത്രീകളെ ആക്രമിക്കാൻ കാരണം sexual frustration ആയിരിക്കാമെന്നതിനു സൂചനയായി മൈക്കിന്റെ വൈരൂപ്യത്തെ കാണാവുന്നതാണ്. ടരന്റിനോയുടെ നായികമാരാരും തന്നെ കഥാന്ത്യത്തിൽ ആൺകൂട്ട് തേടി പോകുന്നവരല്ല. ഏതെങ്കിലുമൊക്കെ തരത്തിൽ അതിജീവനത്തിനു ശ്രമിക്കുന്നവരാകുമ്പോൾ തന്നെ (ഷോഷാനയുടെ അതിജീവനശ്രമത്തിനു രാഷ്ട്രീയ-സാമൂഹ്യമാനങ്ങളാണുള്ളത്, അതേസമയം ജാക്കിയുടെ ശ്രമം സാമ്പത്തികമായ അതിജീവനമാണ്. ഡെത്ത് പ്രൂഫിലെ പെൺകുട്ടികളുടേതാകട്ടെ ജീവന്മരണ പോരാട്ടമാണ്) അതൊരിക്കലും വൈകാരികമോ ലൈംഗികമോ അല്ല. സ്ത്രീയെന്നാൽ വികാരജീവിയും ലൈംഗികജീവിയും പുരുഷന്റെ തണലിൽ നിൽക്കേണ്ടവളുമാണെന്ന, ജനപ്രിയ സിനിമയുടെ കാലങ്ങളായുള്ള പാഠങ്ങളെയാണ് ഈ കഥാപാത്രങ്ങൾ വെല്ലുവിളിക്കുന്നത്.

സ്ത്രീകളെ ഹീറോയിക് പരിവേഷത്തോടെ അവതരിപ്പിക്കുന്ന ഹോളിവുഡിലെ ഏക ജനപ്രിയ സംവിധായകനൊന്നുമല്ല ടരന്റിനോ. കോയെൻ ബ്രദേഴ്സിന്റെ ‘ഫാർഗോ’ എന്ന സിനിമയിലെ മാർജിയെ ഓർമ്മയില്ലേ? സ്ത്രീയെന്ന ‘പോരായ്മ’യ്ക്കു പുറമെ ഗർഭിണികൂടിയായിരിക്കെയാണ് മാർജി രണ്ട് കൊലയാളികളെ പിന്തുടരുന്നത്. പക്ഷേ, ഇവിടെ മാർജിയ്ക്ക് സ്വത്വപ്രശ്നങ്ങളില്ല; അതിജീവനമല്ല മാർജിയുടെ വിഷയം. കൂടാതെ പോലീസ് എന്ന അധികാരവും കൂട്ടിനുണ്ട്. എന്നാൽ ജാക്കിയും ഷോഷാനയും സ്വത്വപ്രശ്നങ്ങളുള്ളവരാണ്. തൊലിയുടെ നിറവും പ്രായവും ഭൂതകാലവും ജാക്കിയ്ക്ക് പ്രതികൂലഘടകങ്ങളാകുമ്പോൾ, ഷോഷാനയ്ക്ക് തന്റെ ‘ജൂതസത്വം’ തന്നെയാണ് പ്രശ്നം.

സ്ത്രീകളെ ഹീറോയിക് പരിവേഷത്തോടെ അവതരിപ്പിക്കുമ്പോഴും ടരന്റിനോയുടേത് സ്ത്രീപക്ഷ സിനിമകളല്ല. ജാക്കിയുടെയോ സോയിയുടെയോ ഷോഷാനയുടേയോ വീക്ഷണകോണിൽ നിന്നല്ല നമ്മളൊരിക്കലും സംഭവങ്ങളെ കാണുന്നത്. മറിച്ച്, പ്രേക്ഷകൻ വെറുമൊരു കാഴ്ചക്കാരനും, സംവിധായകൻ, ഈ കാഴ്ചകൾ നമ്മെ കാണിച്ചു തരുന്ന facilitator-ഉം മാത്രമാണ്. ജാക്കിയുടെ നീണ്ട നടത്തങ്ങളെ കാഴ്ചപ്പെടുത്തുന്ന ദൈർഘ്യമേറിയ ട്രാക്കിംഗ് ഷോട്ടുകളുടെ വീക്ഷണകോൺ ശ്രദ്ധിക്കുക. കിൽ-ബിൽ ചിത്രങ്ങളിൽ ട്രാക്കിംഗ് ഷോട്ടുകളിലൂടെ ബ്രൈഡിനെ പിന്തുടരുമ്പോഴും ക്യാമറ കഥാപാത്രവുമായി ഇതേ അകലം സൂക്ഷിക്കുന്നു. കഥാപാത്രങ്ങളെ യാതൊരുവിധ പ്രത്യേക മമതയും കൂടാതെ detached ആയി അവതരിപ്പിക്കുമ്പോൾ, അതിവൈകാരികത എന്ന കെണിയിൽ നിന്നും ഈ സ്ത്രീകളെ സംവിധായകൻ സംരക്ഷിക്കുന്നു. ഒരുപക്ഷേ അതു തന്നെയാണ് ഈ സ്ത്രീകളുടെ ശക്തിയും.

Thursday, November 19, 2009

സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ (1966)

ഈ കുറിപ്പ് അല്പം പഴയൊരു സിനിമയെക്കുറിച്ചാണ്; ചെക്കോസ്ലോവാക്യയിൽ നിന്നുള്ള പ്രമുഖ സംവിധായകരിൽ ഒരാളായ യിരി മെൻസിലിന്റെ 1966-ലെ Closely Observed Trains അഥവാ, ‘സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ’ എന്ന ചലച്ചിത്രം, അതിന്റെ പ്രമേയം കൊണ്ടും ആഖ്യാനത്തിലെ ലാളിത്യം കൊണ്ടും, നർമ്മസ്വഭാവം, മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയകാഴ്ചപ്പാട് എന്നിവകൊണ്ടും നമ്മെ ആകർഷിക്കുന്നു. ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് സിനിമയുടെ രംഗപരിസരം. കാലം, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ പടയോട്ടം നടക്കുന്ന സമയം. യുദ്ധത്തെയും യുദ്ധകാലത്തെ ജീവിതത്തെയും കടുംവർണ്ണങ്ങളിൽ വരയാനല്ല, മറിച്ച് ഒട്ടൊരു നർമ്മത്തോടെ, ചില ജീവിതങ്ങളെ സമീപത്തു നിന്നും വീക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.

റെയിൽ‌വേ സ്റ്റേഷനിൽ സിഗ്നൽ കൊടുക്കുന്നയാളുടെ ജോലിയ്ക്ക് ചേരാനൊരുങ്ങുകയാണ് ചെറുപ്പക്കാരനായ മിലോസ് ഹ്‌ർമ. മിലോസ് ഈ ജോലി തെരഞ്ഞെടുക്കാനുള്ള കാരണം, സിഗ്നൽ കൊടുക്കുക എന്നതിലുപരി യാതൊരു അധ്വാനവും ഈ ജോലിക്കു വേണ്ടതില്ല എന്നതു തന്നെ. ബാക്കി സമയം മുഴുവൻ വെറുതെയിരിക്കാം. (മിലോസിന്റെ അച്ഛൻ, 48-വയസ്സിൽ റിട്ടയർ ചെയ്ത്, പെൻഷൻ വാങ്ങി വെറുതെയിരിക്കുന്നു. മുത്തച്ഛൻ ഹിപ്നോട്ടിസം പരിശീലിച്ചത് മറ്റു അധ്വാനമുള്ള ജോലികൾ ചെയ്യാനുള്ള മടി കൊണ്ടാണെന്നു നാട്ടുകാർ പറയുന്നു).

മിലോസിനെ ജോലിയിൽ പരിശീലിപ്പിക്കുന്നത് ഹുബിക്കയാണ്. പക്ഷേ, ജോലിയെക്കാൾ ഹുബിക്കയുടെ താത്പര്യം സ്ത്രീകളുമായി സല്ലപിക്കുന്നതിലാണ്. രാത്രി ജോലിക്കിടയിൽ മിക്കപ്പൊഴും സംഭവിക്കുന്ന ലൈംഗികവേഴ്ചകളുടെ ആലസ്യത്തിൽ, പ്രഭാതത്തിൽ പ്ലാറ്റ്ഫോമിൽ കോട്ടുവായിട്ടു നിൽക്കുന്ന ഹുബിക്കയുടെ ദൃശ്യം പലതവണ ആവർത്തിക്കുന്നുണ്ട്, ഹുബിക്കയുടെ നേരമ്പോക്കുകൾ സ്റ്റേഷൻ മാസ്റ്റർ ലാൻസ്കയെ ഒട്ടൊന്നുമല്ല അരിശപ്പെടുത്തുന്നത്. ഹുബിക്കയുടേതിൽ നിന്നു വ്യത്യസ്തമാണ് മിലോസിന്റെ അനുഭവം. തന്റെ പെൺസുഹൃത്തുമായി ഉണ്ടാകുന്ന ആദ്യസമാഗമത്തിന്റെ തുടക്കത്തിൽ തന്നെ മിലോസിന്റെ ലൈംഗികത ദയനീയമായി പരാജയപ്പെടുന്നു. തന്റെ പൌരുഷത്തെക്കുറിച്ച് ഉത്കണ്ഠാകുലനായ മിലോസ് ആത്മഹത്യയ്ക്കു ശ്രമിക്കുന്നു, എങ്കിലും മരിക്കുന്നില്ല. മിലോസിന്റെ പ്രശ്നം ശീഘ്രസ്ഖലനമാണെന്നും, പ്രവൃത്തിപരിചയമുള്ള ഒരു സ്ത്രീയിൽ നിന്നും പരിശീലനം നേടണമെന്നും ഡോക്ടർ (അവതരിപ്പിക്കുന്നത് സംവിധായകൻ തന്നെ !) മിലോസിനെ ഉപദേശിക്കുന്നു. തുടർന്ന്, തന്നെ പരിശീലിപ്പിക്കാൻ മിലോസ് പലരോടും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ലൈംഗികകാര്യങ്ങളിൽ തന്നെ പരിശീലിപ്പിക്കാൻ സഹായമഭ്യർത്ഥിച്ച് മിലോസ് ഒരു മധ്യവയസ്കയായ സ്ത്രീയെ കാണുന്ന രംഗം അന്നത്തെ സിനിമയുടെ സദാചാരനിയങ്ങളനുസരിച്ച് വിപ്ലവകരമാകുന്നത്, ആ സ്ത്രീ തന്റെ കൈകൾ കൊണ്ട് എന്തു ചെയ്യുന്നു എന്നതിലല്ല, മറിച്ച്, അതെന്തു ദ്യോതിപ്പിക്കുന്നു എന്നതിലാണ്. ഇതിനിടയിൽ, തന്റെ സ്ഥിരം നേരമ്പോക്കുകൾക്കിടയിൽ, ജർമ്മൻ മുദ്രയുള്ള സീലുകൾ ഒരു സ്ത്രീയുടെ ശരീരഭാഗങ്ങളിൽ ഉപയോഗിച്ചതിനെ തുടർന്ന് ഹുബിക്ക കുഴപ്പത്തിലാകുന്നുണ്ട്. സിനിമയുടെ മുഴുവൻ ടോണും ഏതാണ്ട് ഇതുപോലെയാണ്, theatre of the absurd-നെയൊക്കെ ഓർമ്മിപ്പിക്കുന്ന തരത്തിൽ.

ഈ ചലചിത്രത്തിന്റെ കാലഘട്ടം രണ്ടാം ലോകയുദ്ധമാണെന്നു സൂചിപ്പിച്ചതോർക്കുക, യുദ്ധം വാതിൽ‌പ്പടിയിൽ വരുന്നതു വരെ ഈ കഥാപാത്രങ്ങൾ യുദ്ധത്തെക്കുറിച്ച് ആകുലരല്ല; എന്നാൽ യുദ്ധം സമീപത്തെത്തുമ്പോൾ അവർ വീരോചിതമായി പ്രതികരിക്കുന്നുമുണ്ട്. മിലോസ് ഒരു സ്റ്റുഡിയോയിലായിരിക്കുന്ന സമയം സ്ഫോടനങ്ങൾ നടക്കുന്നുണ്ടെങ്കിലും സിനിമ, യുദ്ധത്തിന്റെ അലോസരപ്പെടുത്തുന്ന വിശദാംശങ്ങളിൽ തങ്ങിനിൽക്കുന്നില്ല, ബോധപൂർവ്വം. ആ ചെറിയ തീവണ്ടി സ്റ്റേഷനിൽ കൂടി കടന്നുപോകുന്ന തീവണ്ടികളിൽ ചിലത് ജർമ്മൻ പട്ടാളത്തിനാവശ്യമായ വെടിക്കോപ്പുകൾ വഹിക്കുന്നവയാണ്, ഇവയാണ് സൂക്ഷ്മമായി നിരീ‍ക്ഷിക്കപ്പെടുന്ന തീവണ്ടികൾ, കാരണം അവ കൃത്യസമയം പാലിക്കുന്നു എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇവയിലൊന്നു ബോംബിട്ടു തകർക്കുന്നതിനാണ് ഹുബിക്കയും മിലോസുമൊക്കെ പദ്ധതി തയ്യാറാക്കുന്നത്. അതിനാവശ്യമായ ബോംബുമായി വരുന്ന ഒരു വിപ്ലവപ്രവർത്തക, ഹുബിക്കയുടെ അഭ്യർത്ഥനപ്രകാരം മിലോസിനെ തന്റെ പൌരുഷം തിരിച്ചറിയാൻ പരിശീലിപ്പിക്കുന്നുണ്ട്. അതിനു ശേഷം, മിലോസിനെ നമ്മൾ കാണുന്നതിൽ പോലും വ്യത്യാസമുണ്ട്, പിന്നീടൊരിക്കലും സ്ക്രീനിന്റെ ഉപരിഭാഗത്തല്ലാതെ നമ്മൾ മിലോസിനെ കാണുന്നില്ല.

ചെക്കോസ്ലോവാക്യ അന്ന് സോവിയറ്റ് ഭരണത്തിൻ കീഴിലായിരുന്നതിനാൽ, ചിത്രത്തിൽ പ്രതിസ്ഥാനത്തുള്ളത് നാസികളാണെങ്കിലും ഇത് ഒരു ആന്റി-കമ്യൂണിസ്റ്റ് ചിത്രമായിട്ടാണ്‌ പരക്കെ സ്വീകരിക്കപ്പെട്ടത്. ശീതയുദ്ധം കൊടുമ്പിരികൊണ്ട ആ കാലത്ത് മികച്ച വിദേശഭാഷാ-ചലചിത്രത്തിനുള്ള ഓസ്കാറും ഈ സിനിമയ്ക്കു ലഭിക്കുകയുണ്ടായി. മെൻസിലിന്റേതായി ഇതിനു ശേഷം പുറത്തുവന്ന സിനിമകൾ തൊണ്ണൂറുകളുടെ ആരംഭം വരെ നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. ഏതായാലും ലോകസിനിമയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം ഈ കൊച്ചു ചിത്രത്തിനുണ്ട്.