Saturday, January 13, 2018

പ്രശ്നഭരിതമായ മൂന്ന് പരസ്യപ്പലകകൾ

2017 സെപ്റ്റംബർ ആദ്യം വെനീസ് ഫെസ്റ്റിവലിലെ പ്രദർശനത്തോടെയാണ് മാർട്ടിൻ മക്ഡോണായുടെ Three Billboards Outside Ebbing, Missouri എന്ന ചിത്രം പൊതുജനശ്രദ്ധയാകർഷിക്കുന്നത്. ജനുവരി ആദ്യത്തെ ആഴ്ച നടന്ന ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ ആറ് നോമിനേഷനുകളും, മികച്ച (ഡ്രാമ) ചിത്രം, നടി, തിരക്കഥ ഉൾപ്പെടെ നാല് പുരസ്കാരങ്ങളും നേടിയതോടെ ഈ വർഷത്തെ ഓസ്കാർ അവാർഡുകളിൽ ഈ ചിത്രം പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നുറപ്പായി. ഹോളിവുഡിൽ നിലനിൽക്കുന്ന #MeToo #timesup എന്നീ മൂവ്മെന്റുകൾ സൄഷ്ടിച്ച  സോഷ്യോപൊളിറ്റിക്കൽ അന്തരീക്ഷം ഈ സിനിമയ്‌‌ക്ക് സഹായകരമാകുന്നുണ്ടെന്നുറപ്പ്. എന്നാൽ സിനിമ പല വിഷയങ്ങളും കൈകാര്യം ചെയ്ത രീതിയെ സംബന്ധിച്ച് കടുത്ത എതിരഭിപ്രായങ്ങളും, ഒരു backlash തന്നെ സമാന്തരമായി ഉയരുന്നുണ്ട്. ഏതായാലും ഈ സീസണിലെ ഏറ്റവും വിവാദവിഷയമായ ചിത്രവും ഇതുതന്നെയാണെന്നുറപ്പ്. ഈ സാഹചര്യത്തിൽ ഈ ചിത്രമുയർത്തുന്ന വിവിധങ്ങളായ ചിന്തകളെ അടുക്കിവെക്കാനൊരു ശ്രമമാണിത്.

പ്ലോട്ട്
(ഇത് സസ്പെൻസിൽ വർക്ക് ചെയ്യുന്ന മൂവിയല്ല, എന്കിലും കഥയറിയാതെ കാണണമെന്നുള്ളവർ ഈ പാരഗ്രാഫ് സ്കിപ്പ് ചെയ്യുക)
തന്റെ ടീനേജ് പ്രായക്കാരിയായ മകൾ ലൈംഗികാക്രമണത്തിനിരയായി കൊലചെയ്യപ്പെട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടുപിടിക്കുന്നതിലോ അറസ്റ്റ് ചെയ്യുന്നതിലോ കാര്യമായ പുരോഗതിയൊന്നുമില്ലാത്തതിനെത്തുടർന്ന്, മിൽഡ്രെഡ് ഹെയ്സ് (അഭിനയിക്കുന്നത് ഫ്രാൻസെസ് മക്ഡോർമണ്ട്) എന്ന സ്ത്രീ, എബ്ബിംഗ്, മിസ്സൂറിയിലെ ലോക്കൽ പോലീസിന്റെ അനാസ്ഥ ആരോപിച്ച്, ടൌണിനു പുറത്ത് മൂന്ന് പരസ്യപ്പലകൾ സ്ഥാപിക്കുന്നതാണു കഥയുടെ തുടക്കം. ഹെയ്സിന്റെ പരസ്യപ്പലകകളിൽ പേരെടുത്ത് കുറ്റപ്പെടുത്തുന്ന പോലീസ് ചീഫ് വില്യം വില്ലബി (വൂഡി ഹാരെൽസൺ) ടെർമിനൽ കാൻസറിനെത്തുടർന്ന് ആത്മഹത്യ ചെയ്യുന്നു. തുടർന്ന് ഹെയ്സിന്റെ ബിൽബോർഡുകൾ ആരോ കത്തിക്കുകയും, സ്റ്റേഷനിലെ റേസിസ്റ്റ്/തെമ്മാടി പോലീസുകാരനായ ഡിക്സൺ (സാം റോക്ക്‌‌വെൽ) പരസ്യക്കമ്പനി ഉടമയെ മർദ്ദിക്കുകയും കെട്ടിടത്തിൽ നിന്നും താഴേക്കെറിയുകയും ചെയ്യുന്നു. അതേത്തുടർന്ന് ഡിക്സൻ പോലീസ് ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നു. ചീഫ് വില്ലബി മരിക്കുന്നതിനു മുൻപെഴുതിയ കത്ത് വായിച്ച് മാനസാന്തരം സംഭവിക്കുന്ന അയാൾ ഹെയ്സിന്റെ മകളുടെ കൊലയാളിയെ കണ്ടുപിടിക്കാനൊരുങ്ങുന്നു. അതിനിടയിൽ ഹെയ്സ് പോലീസ് സ്റ്റേഷനു തീയിടുന്നു. ഒരു ബാറിലിരുന്ന്, താൻ നടത്തിയ റേപ്പ് ക്രൈമിനെക്കുറിച്ച് ഒരാൾ സംസാരിക്കുന്നത് ഒളിഞ്ഞുകേൾക്കുന്ന ഡിക്സൺ, അയാളാകാം പ്രതിയെന്ന് അനുമാനിച്ച്, നിയമപരമല്ലാത്ത മാർഗത്തിലൂടെ അയാളുടെ ഡി.എൻ.എ കൈക്കലാക്കുകയും അതിന്റെ പേരിൽ മർദ്ദനമേറ്റുവാങ്ങുകയും ചെയ്യുന്നു. ഡിക്സൺ കൈക്കലാക്കിയ ഡി.എൻ.എ പ്രതിയുടെ ഡി.എൻ.എയുമായി മാച്ചാകുന്നില്ലെന്കിലും, അയാൾ മറ്റെന്തെന്കിലും കുറ്റം ചെയ്തിട്ടുണ്ടാകും, അതുകൊണ്ട് ശിക്ഷയർഹിക്കുന്നു എന്ന ന്യായീകരണത്തിൽ അയാളെ കൊല്ലാനായി ഡിക്സണും ഹെയ്സും പുറപ്പെടുന്നിടത്ത് സിനിമയവസാനിക്കുന്നു.

ഈ സിനിമയിലൊരു മെയിൻ പ്രൊട്ടാഗൊണിസ്റ്റ് ഇല്ല. പ്രധാനകഥാപാത്രമെന്ന് പറയാവുന്നത് മിൽഡ്രെഡ് ഹെയ്സ് ആണ്. എന്നാൽ അവർക്ക് നറേറ്റീവിൽ ഒരു കാരക്ടർ ആർക് ഇല്ല. കാരക്ടർ ആർക് ഉള്ളത് ഡിക്സൻ എന്ന റേസിസ്റ്റ് കോപ്പ് കഥാപാത്രത്തിനാണ്. സാധാരണ ഹോളിവുഡ് ജോണർ മൂവികൾ പോലെ ഗോൾ ഡ്രിവൺ നറേറ്റീവല്ലാത്തതിനാൽ പലതരത്തിൽ ഈ സിനിമയെ മനസ്സിലാക്കാൻ സാധിക്കും. ഒരുതരത്തിൽ ഈ സിനിമയുടെ ജനപ്രീതിക്ക് ഒരു കാരണവും അതുതന്നെയാവും. ഒന്ന് പ്രധാന കഥാപാത്രമായ മിൽഡ്രെഡിനെ ചുറ്റിപ്പറ്റിയാണ്. സെക്ഷ്വൽ അസോൾട്ടിനെത്തുടർന്ന് ജീവിതം തന്നെ കൈവിട്ടുപോയ ഒരു സാധാരണ സ്ത്രീ, ഓൾഡ് വൈറ്റ് മെൻ കൊണ്ടുനടക്കുന്ന ഒരു എസ്റ്റാബ്ലിഷ്‌‌മെന്റി (പോലീസ്) നെതിരെ പോരാടുന്നതാണ് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു പ്ലോട്ട് ലൈൻ. ഇതാകട്ടെ, ഇന്ന് അമേരിക്കൻ സെലിബ്രിറ്റി ലൈഫിൽ നിലനിൽക്കുന്ന, ‘മീ ടൂ’ കാംപെയ്ൻ ഒക്കെ ഉൾപ്പെടുന്ന പൊളിറ്റിക്കൽ ക്ലൈമറ്റുമായി താദാത്മ്യപ്പെടുന്ന ഒന്നാണ്. ഇത് ഈ സിനിമയുടെ ഗോൾഡൻ ഗ്ലോബ് വിജയവുമായി ബന്ധപ്പെട്ട് ആ ചടങ്ങിലും അല്ലാതെയും പലരും സൂചിപ്പിച്ചിരുന്നു.

രണ്ടാമതായി മനസ്സിലാക്കാവുന്ന ഒരു പ്ലോട്ട് ഡിക്സൺ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതാണ്. ഒരു സ്റ്റുപിഡ്/റേസിസ്റ്റ് പോലീസുകാരൻ. മുൻപയാൾ ഏതോ ബ്ലാക്ക്സിനെ ടോർച്ചർ ചെയ്തതായി സിനിമയിൽ സൂചനയുണ്ട്. പോലീസ് ബ്രൂട്ടാലിറ്റിക്ക് കൄത്യമായ ഉദാഹരണമായി പറയാവുന്ന ഒരു നീണ്ട രംഗം സിനിമയുടെ മേജർ പ്ലോട്ട് പോയിന്റുകളിലൊന്നാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ‘ഡീപ്ലോറബിൾ’ കഥാപാത്രം. ഈ കഥാപാത്രത്തിനു സംഭവിക്കുന്ന പോസിറ്റീവ് ചേഞ്ചാണ് സിനിമയുടെ രണ്ടാം പകുതിയിൽ നല്ലൊരു ഭാഗവും. അതുപോലൊരു ഡീപ്ലോറബിൾ കഥാപാത്രത്തിനുള്ളിലും നന്മയുടെ തുരുത്തുകളവശേഷിക്കുന്നുണ്ടെന്നും, അയാൾക്ക് പോലും ഒരു റിഡംപ്ഷൻ സാധ്യമാണെന്നുമുള്ള നറേറ്റീവ് സബ്‌‌ടെക്സ്റ്റ് ഇന്നത്തെ അമേരിക്കൻ രാഷ്ട്രീയകാലാവസ്ഥയിൽ ലിബെറലുകളെയും ഡീപ്ലോറബിൾസിനെയും ഒരേപോലെ ആകർഷിക്കുന്നുണ്ടാവണം. ഇതേ പ്ലോട്ട് ലൈൻ രണ്ടാമതൊന്ന് ആലോചിച്ചാൽ പ്രശ്നഭരിതമാണെന്ന് മനസ്സിലാക്കാം. കാരണം ഡിക്സന്റെ റിഡംപ്ഷൻ നൂറുശതമാനമല്ല. തൊട്ടുമുന്നിലുള്ള പ്രശ്നത്തിന് ഒരു പരിഹാരം കാണുക മാത്രമേ അയാളുദ്ദേശിക്കുന്നുള്ളൂ, അതാകട്ടെ കുറ്റബോധത്തിൽ നിന്ന് വരുന്നതാണ്. തന്റെ റേസിസ്റ്റ് ഔട്ട്‌‌ലുക്ക് തിരുത്താൻ അയാൾ തയ്യാറായി എന്ന് സിനിമയിൽ സൂചനയില്ല. മാത്രമല്ല, ആ കേസിന് തെളിവുണ്ടാക്കാൻ അയാൾ ചെയ്യുന്നതാകട്ടെ, തികച്ചും നിയമവിരുദ്ധമായ കാര്യമാണ്. അവസാനം ഹെയ്സിനോടൊപ്പം, റേപ്പിസ്റ്റാണെന്ന് സംശയിക്കുന്ന ആളോട് പ്രതികാരം ചെയ്യാൻ പുറപ്പെടുന്നതാകട്ടെ ഫ്രോണ്ടിയർ (വിജിലാന്റെ) ജസ്റ്റിസ് അല്ലാതെ മറ്റൊന്നുമല്ല. From racially motivated violence to frontier justice...എന്ന ഡിക്സന്റെ കാരക്ടർ ആർക്കിനെയാണ് റിഡംപ്ഷൻ ആർക്കായി പ്രേക്ഷകർ തെറ്റിദ്ധരിക്കുന്നത്.


മിൽഡ്രെഡ് ഹെയ്സ് എന്ന പ്രധാനകഥാപാത്രത്തെക്കുറിച്ച് മുൻപ് സൂചിപ്പിച്ചല്ലോ. ആ കഥാപാത്രം ഒറ്റനോട്ടത്തിൽ ഇന്നത്തെ ഫെമിനിസ്റ്റ്/വിമൻ എംപവർമെന്റ് മൂവ്‌‌മെന്റുമായി യോജിക്കുന്നെന്ന് തോന്നിക്കുമെന്കിലും അത്യന്തം കോൺഫ്ലിക്ടിംഗായൊരു മോറൽ കോംപസാണ് ആ കഥാപാത്രത്തിന്റേത്. നാട്ടിലുള്ള എല്ലാ ആണുങ്ങളുടെയും ഡി.എൻ.എ പരിശോധിക്കണമെന്നും, ഏതെന്കിലും കുറ്റകൄത്യവുമായി ബന്ധം കണ്ടാൽ കൊന്നുകളയണമെന്നുമാണ് അവർ ചീഫ് വില്ലബിയോട് ആവശ്യപ്പെടുന്നത്. നീതി, കുറ്റം, ശിക്ഷ എന്നതിനെക്കുറിച്ചൊക്കെ ആ കഥാപാത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ അപകടകരമാണെന്ന് പറയാതെ വയ്യ. മകൾ നഷ്ടപ്പെട്ട അമ്മയുടെ വൈകാരിക പ്രതികരണമായി അതിനെ കാണാമെന്ന് വെച്ചാലും, വയലൻസിനോടുള്ള അവരുടെ ആഭിമുഖ്യം മറ്റൊരു രംഗത്തിൽ അടിവരയിട്ട് കാണിക്കുന്നുണ്ട്. മകനെ സ്കൂളിൽ ഡ്രോപ്പ് ചെയ്യാൻ പോകുന്ന അവരുടെ കാറിൽ വിദ്യാർത്ഥികളാരോ ഒരു സോഡ/ഡ്രിന്ക് എറിയുന്നു. അതാരെന്ന് ചോദ്യം ചെയ്യുന്ന അവർ ആദ്യം കാണുന്ന രണ്ട് കുട്ടികളെ മർദ്ദിക്കുകയാണ് ചെയ്യുന്നത്. ഡ്രിന്ക് എറിഞ്ഞത് അവരായിരിക്കണമെന്നില്ല, അല്ലെന്കിലും എറിയുന്നത് ഒരാൾ മാത്രമായിരിക്കുമല്ലോ. സിനിമയുടെ അവസാനം റേപ്പിസ്റ്റ് എന്ന് സംശയിക്കുന്ന (എന്നാൽ തെളിവുകളില്ലാത്ത, നിയമത്തിന്റെ മുന്നിൽ കുറ്റാരോപിതൻ പോലുമല്ലാത്ത) ഒരാളെ കൊല്ലാൻ പുറപ്പെടുമ്പോഴും ഇതേ നീതിബോധമാണ് വർക്ക് ചെയ്യുന്നത്.

ഇങ്ങനെ, ഈ സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളും, ഒറ്റനോട്ടത്തിൽ പ്രോഗ്രസീവ് എന്നു പറയാവുന്ന ആശയധാരയുടെ ഭാഗമാണെന്ന് തോന്നിക്കുമെന്കിലും രണ്ടാമതൊന്ന് ആലോചിക്കുമ്പോൾ അത്യന്തം പ്രതിലോമകരമായ ആശയത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു പക്ഷേ ഈ സിനിമയുടെ charm ഇതുതന്നെയാണെന്ന് പറയാം. തികച്ചും ‘ഡീപ്ലോറബിളാ’യ രണ്ടുകഥാപാത്രങ്ങളെ കുറെയൊക്കെ likeable ആക്കിമാറ്റുന്നു ഈ സിനിമയുടെ നറേറ്റീവ്. സംവിധായകനിത് സാധിക്കുന്നത് രണ്ട് മാർഗങ്ങളിലൂടെയാണ്, ഒന്ന് ഈ കഥാപാത്രങ്ങൾ അനുഭവിക്കുന്ന വയലൻസ്, രണ്ടാമത് സിനിമ ഉടനീളമുള്ള ബ്ലാക്ക് ഹ്യൂമർ. ഈ നറേറ്റീവ് രീതി കഥാപാത്രങ്ങൾക്ക് യഥാർത്ഥത്തിലില്ലാത്ത moral ambiguity ഉണ്ടെന്ന തോന്നലുണ്ടാക്കുന്നു. 

അമേരിക്കൻ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന പല പ്രധാന പൊളിറ്റിക്കൽ വിഷയങ്ങളെയും സിനിമ സ്പർശിക്കുന്നുണ്ട്. സെക്ഷ്വൽ വയലൻസ്, പോലീസ് ബ്രൂട്ടാലിറ്റി, റേസിസം...എന്നിവയൊക്കെ. അതിൽ റേസിസമൊക്കെ ഹ്യൂമർ സൄഷ്ടിക്കാനും ഉപയോഗിക്കുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം കൂടിപ്പിണഞ്ഞ് കിടക്കുന്നതും, ambiguity-യുടെയും സന്കീർണതയുടെയും പ്രതീതിയുണ്ടാക്കുന്ന നറേറ്റീവും കൂടി ചേരുമ്പോൾ സിനിമ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു, പോപ്പുലറാകുന്നു. ഓസ്കാറിലെ വെള്ളക്കാരുടെ അധീശത്വം ചർച്ചാവിഷയമായിരുന്ന കഴിഞ്ഞകൊല്ലമായിരുന്നെന്കിൽ ഈ ചിത്രം തീർത്തും അവഗണിക്കപ്പെടുമായിരുന്നു, ഇക്കൊല്ലം ഇത് ഒരുപക്ഷേ ഓസ്കാർ പോലും നേടാൻ സാധ്യതയുള്ള ചിത്രമായി മാറുന്നു.