Pawel Pawlikowski സംവിധാനം ചെയ്ത പോളിഷ് ചിത്രമായ ഐഡ (2014) കന്യാസ്ത്രീയാകാനൊരുങ്ങുന്ന ഒരു യുവതിയെക്കുറിച്ചാണ്. 1960-കളിലാണു കഥ നടക്കുന്നത്.
ഈ സിനിമയുടെ കഥ ഏതാണ്ട് ഇപ്രകാരമാണ്. കഥയറിയാതെ സിനിമ കാണണമെന്നുള്ളവർ ഈ പാരഗ്രാഫിൽ ചുവപ്പിലുള്ളത് വായിക്കാതിരിക്കുക.
ഐഡ വളർന്നതൊക്കെ കന്യാസ്ത്രീകൾ നടത്തുന്ന ഒരു അനാഥാലയത്തിലാണ്. ഒരു ദിവസം ഐഡയെത്തേടി അവളുടെ ഒരു ബന്ധുവെത്തുന്നു. ഐഡയുടെ മരണപ്പെട്ടുപോയ മാതാപിതാക്കളെക്കുറിച്ച് ചില വിവരങ്ങൾ അവളോട് പറയുന്നു. അവർ ജൂതന്മാരായിരുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. പോളണ്ടിൽ നാസികളുടെ തേർവാഴ്ച നടക്കുന്ന കാലത്ത് ജൂതന്മാരെ കൊല്ലുന്നതിലും ഒറ്റിക്കൊടുക്കുന്നതിലും ക്രിസ്ത്യാനികൾക്കും പന്കുണ്ടായിരുന്നു. അങ്ങനെ കൊല്ലപ്പെട്ടതായിരുന്നു ഐഡയുടെ മാതാപിതാക്കൾ. (ക്രിസ്ത്യാനികൾ വധിച്ചുകളഞ്ഞ മാതാപിതാക്കളുടെ മകൾ, ഒരു ജൂതസ്ത്രീ കന്യസ്ത്രീയാകാനൊരുങ്ങുന്നതിന്റെ ഐറണിയാലോചിക്കുക !) ബന്ധുവിനോടൊപ്പം, തന്റെ മാതാപിതാക്കളുടെ ശരീരാവശിഷ്ടങ്ങൾ അന്വേഷിക്കാൻ ഐഡയും പുറപ്പെടുന്നു. യാത്രയ്‌ക്കിടയിലൊരിക്കൽ ഐഡയ്‌ക്ക് ലൈംഗികചിന്തകളുണ്ടാകാറുണ്ടോ എന്ന് ബന്ധു ചോദിക്കുന്നുണ്ട്. ഇല്ലെന്ന് ഐഡ മറുപടി പറയുന്നു. ഇല്ലെന്കിൽ ഒരു കന്യാസ്ത്രീ നടത്തുന്ന സാക്രിഫൈസിന് എന്താണർത്ഥമെന്ന് അവർ ചോദിക്കുന്നു. ഏതായാലും ആ യാത്രയിൽ അന്നു വരെ അനുഭവിക്കാത്ത പലതും, സംഗീതമടക്കം ഐഡ അനുഭവിക്കുന്നു. ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നു, അയാളിൽ താത്പര്യം തോന്നുന്നു. മഠത്തിലേക്ക് തിരിച്ചു പോകുന്ന ഐഡ വ്രതാനുഷ്ഠാനം നടത്താതെ പുറംലോകത്തേയ്ക്ക് മടങ്ങുന്നു. ആ ചെറുപ്പക്കാരനോടൊപ്പമുള്ള രതിയും മദ്യവുമെല്ലാം പരീക്ഷിച്ചതിനു ശേഷം, മഠത്തിലേക്ക് മടങ്ങി കന്യാസ്ത്രീയാകാനുള്ള വ്രതാനുഷ്ഠാനം നടത്തുന്നു.
വളരെ ലളിതമായൊരു കഥ ഏറ്റവും ലളിതമായി, ലീനിയറായി തന്നെ അവതരിപ്പിക്കുന്നു സിനിമ.
ഒരു യുവതിയുടെ ജീവിതാന്വേഷണ പരീക്ഷണങ്ങൾ, ചരിത്രം അവളുടെ ജീവിതത്തിലിടപെടുന്നതിലെ ഐറണി, കൂടുതൽ യാഥാർത്ഥ്യബോധവും പൂർണവുമായൊരു ആത്മീയതയ്‌ക്കായുള്ള ശ്രമം എന്നിങ്ങനെ പലരീതിയിലും മനസ്സിലാക്കാവുന്ന ആഖ്യാനം.
ഈ സിനിമയിൽ എന്റെ ശ്രദ്ധയെ ഏറ്റവും കൂടുതലായാകർഷിച്ചത് ഫ്രെയിം കോന്പോസിഷനിലെ ചില പ്രത്യേകതകളാണ്. പ്രധാന സബ്ജക്ട് ഫ്രെയിമിന്റെ താഴെഭാഗത്തോ, മൂലയിലോ വരുന്ന രീതിയിൽ, മുകൾഭാഗത്ത് കൂടുതൽ ‘ശൂന്യമായ ഇടം’ വരുന്ന രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന കുറെയേറെ ഫ്രെയിമുകൾ ഈ സിനിമയിലുണ്ട്.
ഈ രീതിയിലുള്ള കോന്പോസിഷൻ നിലവിലുള്ള രീതികൾ വെച്ച് വളരെ unconventional ആണെന്ന് പറയാം. ഏതാണ്ട് സമാനമായൊരു കോന്പോസിഷൻ അടൂർ ‘ എലിപ്പത്തായ'ത്തിൽ ഒരിടത്ത് ഉപയോഗിക്കുന്നുണ്ട്.
ജലജ അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രം ഒളിച്ചോടിപ്പോയെന്ന് ഉണ്ണിയും രാജമ്മയും അറിയുന്ന സീനിലാണ് അടൂർ ഈ കോന്പോസിഷൻ ഉപയോഗിക്കുന്നത്. അന്തർമുഖനായ ഉണ്ണിയും അധികം സംസാരിക്കാത്ത രാജമ്മയുമുള്ള വീടിനെ കുറച്ചൊക്കെ lively ആക്കി നിലനിർത്തിയിരുന്നത് ശ്രീദേവിയായിരുന്നു. അവർ പോയപ്പോൾ, വീട്ടിലെ അന്തരീക്ഷം ഏറെക്കുറെ ശൂന്യമായെന്നും, ആ വലിയ വീട്ടിൽ ഉണ്ണിയും രാജമ്മയും ഒറ്റപ്പെട്ടെന്നും ദ്യോതിപ്പിക്കുക എന്നതായിരുന്നു ഈ കോന്പോസിഷന്റെ ഉദ്ദേശ്യം. (മുകളിലെ ഫ്രെയിമിൽ തന്നെ വീട്ടലെ ശൂന്യമായ ഇടം കൂടുതൽ സ്ഥലമെടുക്കുന്നതു കാണാം. അന്തരീക്ഷം വ്യക്തമാകത്തക്ക രീതിയിലാണു ലെൻസ് സെലക്ഷൻ, വലിയൊരു തറവാട്ടിലെ സ്ഥലപരമായ നിഗൂഡതകളെ സൂചിപ്പിക്കുന്പോൾത്തന്നെ കഥാപാത്രങ്ങൾക്ക് പ്രോമിനൻസ് വരത്തക്കവിധമാണു ലൈറ്റിംഗ്).
വിശാലമായ ഫ്രെയിമിന്റെ അരികുകളിലേക്കും മൂലയിലേക്കും സബ്ജക്ടിനെ ഒതുക്കുന്പോൾ, കഥാപാത്രങ്ങൾ അവർ അതിവസിക്കുന്ന ചുറ്റുപാടുകളെ സംബന്ധിച്ച് നിസ്സാരരാണെന്നൊരർത്ഥമാണ് സൂചിപ്പിക്കപ്പെടുന്നത്. സൈബീരിയൻ steppe-കളിൽ അടിമജീവിതം നയിക്കാൻ വിധിക്കപ്പെട്ട യുവതിയുടെ കഥ പറഞ്ഞ Beyond the steppes (2010) എന്ന സിനിമയിലും സമാനമായ രീതിയിലുള്ള ഫ്രെയിമിംഗ് ഉപയോഗിച്ചിട്ടുണ്ട്. ആ സിനിമയിൽ അന്തരീക്ഷം തന്നെ അതിന്റെ അസാമാന്യമായ വിസ്‌തൄതി കൊണ്ട് ഭീതി ജനിപ്പിക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു.
ഐഡയിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ള ഈ പ്രത്യേകതരം ഫ്രെയിമിംഗ് കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്നതെന്തൊക്കെയാകാം, എന്താണിതിന്റെ അർത്ഥം, അഥവാ സിനിമയുടെ മുഴുവൻ ആശയത്തോട് അതെങ്ങനെ പൊരുത്തപ്പെടുന്നു എന്ന ആലോചനയിൽ ഉയർന്നു വന്ന ചില സാധ്യതകളാണെഴുതുന്നത്. (സംവിധായകൻ ഉദ്ദേശിച്ചതെന്ത് എന്ന് എനിക്കെഴുതാനാകില്ല, ഇത് ഈ ഫ്രെയിമിംഗിനെ ഞാനെങ്ങനെ മനസ്സിലാക്കുന്നു എന്നതു മാത്രമാണ്)
ഐഡയുടെ കഥയിൽ അന്തരീക്ഷമെന്നത് ഭൂമിശാസ്ത്രപരമായ ചുറ്റുപാടുകൾ മാത്രമല്ല, ചരിത്രം കൂടിയാണ്. ഭീതിതമായൊരു ചരിത്രസംഭത്തിന്റെ അവശേഷിപ്പുകളാണ് അവരുടെ ജീവിതങ്ങൾ. ഈ ചരിത്രത്തിൽ നിന്നു വേറിട്ട് സ്വതന്ത്രമായൊരു നിലനിൽപ്പ് അവർക്ക് സാധ്യമാകാത്തതുപോലെ, അവരെ ചരിത്രത്തിന്റെയും, ചുറ്റുപാടുകളുടെയും ഭാഗമായി അവതരിപ്പിക്കുന്നു.
2. ചരിത്രത്തിലെ അവരുടെ സ്ഥാനം.
രണ്ടാം ലോകയുദ്ധത്തിന്റെയും നാസി അധിനിവേശത്തിന്റെയും ഭാഗമായി ലക്ഷക്കണക്കിനാളുകളാണു കൊല്ലപ്പെട്ടത്. ഈ ചരിത്രസംഭവങ്ങളുടെ ഗ്രാൻഡ് നറേറ്റീവിൽ, ഒരു പരാമർശം പോലുമാകാൻ സാധ്യതയില്ലാത്തത്ര നിസ്സാരമാണ്, ഐഡ എന്ന ഒരു യുവതിയുടെ കഥ. താൻ സമീപിക്കുന്ന ബൄഹത്തായ വിഷയത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ഐഡയുടെ കഥയെന്ന്, യഥാർത്ഥ ചരിത്രം ഇതിലുമെത്രയോ ഭീതിദമാണെന്ന് ഈ ഫ്രെയിമിംഗ് സൂചിപ്പിക്കുന്നു.
3. ചരിത്രത്തിന്റെ ഭാരം
അല്പം abstract ആയൊരു സന്കൽപമാണിത്. ഫ്രെയിം കോന്പോസിഷന്റെ പ്രത്യേകതയ്‌ക്കു പുറമെ, ഇരുണ്ടുമൂടിയ മൂകവും മ്ലാനവുമായ അന്തരീക്ഷം സൂചിപ്പിക്കുന്ന ലൈറ്റിംഗ് ഭീതിദമായ അവരുടെ ചരിത്രത്തെ ആവർത്തിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
4. തുറസ്സ് (openness)
ഐഡ സന്യാസിനിയാകാൻ ഒരുങ്ങുന്നവളാണെന്കിലും അപ്രതീക്ഷിതമായി വെളിപ്പെടുന്ന അവരുടെ ഐഡന്റിറ്റി അവരെ ഒരു ആശയക്കുഴപ്പത്തിലെത്തിക്കുന്നു. ജീവിതത്തിന്റെ രണ്ടു വഴികളോടും ഐഡ പ്രതികരിക്കുന്നതിലെ openness. ആദ്യഭാഗത്തെ ഐഡ പക്വതയും ലോകപരിചയവുമില്ലാത്തൊരു പെൺകുട്ടിയാണ്. അവസാനഭാഗത്ത് അവൾ കൂടുതൽ പക്വതയും ലോകപരിചയവും ആർജ്ജിക്കുന്നതോടെ, സ്വന്തം ജീവിതം നിർണയിക്കാനുള്ള പ്രാപ്തി നേടുന്നതോടെ ഫ്രെയിമിംഗിൽ അവൾ കൂടുതൽ സെന്ററിലേക്ക് വരുന്നു.
സിനിമയുടെ അവസാനഭാഗത്തെ ഒരു ഫ്രെയിമാണിത്. ഈ ഷോട്ട് അതുവരെയുള്ള സിനിമയിൽ നിന്നും ഏറെ distinct ആണ്...because of the centered composition, use of a slightly longer lens and hand held camera. ഷാലോ ഫോക്കസിലുള്ള ഫ്രെയിമുകൾ എപ്പോഴും കഥാപാത്രത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പശ്ചാത്തലത്തെ അപ്രസക്തമാക്കുന്നതിനുമായി ഉപയോഗിക്കുന്നതാണ്. ചരിത്രം സൂചിപ്പിക്കുന്ന ഭീതിയെ, അതിന്റെ ഭാരത്തെ, അവൾ മറികടന്നെന്നും, തന്റെ ജൂതസ്വത്വത്തെ സംബന്ധിച്ച അറിവുകളുയർത്തിയ പ്രതിസന്ധികളെയും സന്യാസം സംബന്ധിച്ച അനിശ്ചിതത്വത്തെയും അതിജീവിച്ചെന്നുമായിരിക്കണം ഈ അവസാന ഷോട്ടിലെ കോന്പോസിഷൻ സൂചിപ്പിക്കുന്നത്.