Tuesday, January 08, 2008

ദി ബാനിഷ്മെന്റ് (2007)

സിനിമകളെ genre അനുസരിച്ചാണ്‌ സാധാരണ തരംതിരിക്കാറുള്ളത്‌. എങ്കിലും അത്രമേല്‍ കൃത്യമല്ലാത്ത ചില മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ അര്‍ത്‌ഥപൂര്‍ണ്ണമായ സിനിമകളെ തരംതിരിക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നോക്കി ഈയിടെ. ഏതെങ്കിലും ചരിത്ര സംഭവത്തിന്റെയോ വ്യക്തിജീവിതത്തിന്റെയോ യഥാതഥമായ അഖ്യാനം നിര്‍വഹിച്ച്‌ ചരിത്രപരമായും രാഷ്ട്രീയപരമായും സ്വയം അടയാളപ്പെടുത്തുന്ന സിനിമകള്‍. ഓള്‍ഗ, സോഫി ഷോള്‍, ഡൗണ്‍ഫാള്‍, Motorcycle Diaries എന്നിവ സമീപകാല ഉദാഹരണങ്ങള്‍. ഇനി മറ്റൊരു തരം, ഫിക്സനോ നോണ്‍ഫിക്ഷനോ ആയ ഒരു അഖ്യാനത്തിലൂടെ ചില പ്രത്യേക ജീവിതാവസ്ഥകളെ തൊട്ടുകൊണ്ട്‌ നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്‌ചകള്‍ സമ്മാനിക്കുന്നവ. The Sea Inside, City of God, Paradise Now എന്നിവയൊക്കെ ഉദാഹരണങ്ങളാക്കാം. ഇനി മൂന്നാമതൊരു വിഭാഗം ദാര്‍ശനിക സമസ്യകളെന്നോ അതീത യാഥാര്‍ത്‌ഥ്യങ്ങളെന്നോ ഒക്കെ വിളിക്കാവുന്ന പ്രാപഞ്ചികമാനങ്ങളുള്ള വിഷയങ്ങളെ തൊട്ടുകൊണ്ട്‌ ജീവിതത്തെക്കുറിച്ച്‌ പറയാതെ പറയുന്ന സിനിമകള്‍. ഇവ അപൂര്‍വവും കാലത്തെ അതിജീവിക്കുന്നതുമാണ്‌. ബെര്‍ഗ്‌മാന്‍, തര്‍കോവ്‌സ്കി, അന്റോണിയോണി തുടങ്ങിയവരുടെയൊക്കെ സിനിമകള്‍ ഇങ്ങനെയൊരു ഉയര്‍ന്ന തലത്തില്‍ ജീവിതത്തെ തൊടുന്നു. ആധുനികതയ്ക്കു ശേഷം ഇത്തരം സിനിമകള്‍ ഏറെ വിരളമായിത്തീര്‍ന്നു. എന്നാല്‍ ഈ ഗണത്തില്‍ ഉള്‍പെടുത്താവുന്ന ഒരു സിനിമ 'Izgnanie' (The Banishment) കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ സിനിമാചരിത്രത്തില്‍ സ്ഥാനം പിടിച്ചു.


മേല്‍പറഞ്ഞത്‌ ഒട്ടും സമഗ്രമല്ലാത്ത ഒരു വര്‍ഗീകരണമാണ്‌. ഒരു പക്ഷേ ഒരു വര്‍ഗീകരണമേ ആകുന്നില്ലായിരിക്കാം. അടുത്ത കാലത്ത്‌ ലോകശ്രദ്ധയാകര്‍ഷിച്ച ചില സിനിമകള്‍ കാലാതിവര്‍ത്തികളായ ബെര്‍ഗ്‌മാന്റെയും തര്‍കോവ്‌സ്കിയുടെയും സിനിമകളുമായി എങ്ങനെ സാമ്യപ്പെടുന്നു എന്ന ആലോചനയിലാണ്‌ ഇങ്ങനെ കാടു കയറിയത്‌. ഒരു സിനിമയുണ്ടാകുമ്പോള്‍ യാഥാര്‍ത്‌ഥ്യത്തെ മാറ്റി നിര്‍ത്താനാകാത്ത വിധം അത്രമേല്‍ ശക്തമാണ്‌ അതിന്റെ സാനിധ്യം. എന്നാല്‍ ഒരു ഉയര്‍ന്ന തലത്തിലുള്ള യാഥാര്‍ത്‌ഥ്യത്തെ പ്രാപിക്കാനായി സംവിധായകന്‌ മറ്റൊരു അതീതലോകത്തെ തന്നെ സൃഷ്‌ടിക്കേണ്ടതായി വരും. അദൃശ്യമായതിനെ ദൃശ്യമാക്കേണ്ടി വരും. ഇത്‌ അതിസങ്കീര്‍ണ്ണമായ ഒരു കാര്യമായതിനാല്‍ തന്നെ ഇതില്‍ വിജയിക്കുക എളുപ്പമല്ല. സിനിമയെ ഇങ്ങനെ ഒരു സ്വപ്ന തലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയുമൊക്കെ വിജയം. Izgnanie(2007) ഈയൊരു തലത്തിലാണു നില്‍ക്കുന്നത്‌.




റഷ്യന്‍ സംവിധായകനായ Andrey Zvyagintsev ന്റെ ആദ്യ ചിത്രമായ The Return(2003) അന്താരാഷ്ട്രീയതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെക്ക്‌ തിരിച്ചെത്തുന്ന ഒരു പിതാവും അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകാതെ പോകുന്ന തിരിച്ചറിവിലേക്കെത്തുന്ന മക്കളുമായുള്ള സങ്കീര്‍ണ്ണമായ ബന്ധമായിരുന്നു 'തിരിച്ചുവരവി'ന്റെ പ്രമേയം. ഏറെ വൈകി ഇനിയൊരു തിരിച്ചുവരവ്‌ അസാധ്യമെന്ന് കാര്യങ്ങള്‍ കൈവിട്ടു പോയപ്പോഴായിരുന്നു മക്കള്‍ അപ്പനിലേക്കെത്തുന്നത്‌. Banishmentലെത്തുമ്പോള്‍ ഏറെക്കുറെ പഴയതു തന്നെ. അമ്മ, അമ്മയെ മനസ്സിലാക്കുകയോ സ്നേഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത അപ്പന്‍, തിരിച്ചറിവിലേയ്ക്കെത്തുന്ന മക്കള്‍, കുടുംബാംഗങ്ങള്‍ക്കിടയിലെ സ്നേഹം/സ്നേഹരാഹിത്യം ഒക്കെയാണ്‌ ഈ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളെങ്കിലും സിനിമ എന്ന നിലയില്‍ Banishment, The Returnനെക്കാള്‍ ഏറെ സങ്കീര്‍ണ്ണമാണ്‌. മനോഹരമായൊരു ചിത്രപ്രശ്നം പോലെ സങ്കീര്‍ണ്ണം.

റഷ്യയിലെ വിജനമായൊരു പട്ടണപ്രാന്തപ്രദേശത്തു കൂടി ഭ്രാന്തമായ വേഗത്തില്‍ ഒരാള്‍ കാറോടിച്ചു പോകുന്ന അതിസുന്ദരമായൊരു ഷോട്ടിലാണ്‌ ചിത്രം തുടങ്ങുന്നത്‌. കാറിനെ പിന്തുടരുന്ന ക്യാമറ, തന്റെ കൈയില്‍ തറഞ്ഞ ഒരു വെടിയുണ്ടയെടുത്തു മാറ്റാന്‍ സഹോദരനായ അലക്സിന്റെ (Konstantin Lavronenko) അടുക്കലേക്കു പോകുന്ന Markനെയും സഹോദരനായ അലക്സിനെയും അടുത്ത രംഗത്തില്‍ പരിചയപ്പെടുത്തുന്നു. മാര്‍ക്കിന്റെ കൈയിലെ വെടിയുണ്ട നീക്കിയ ശേഷം തന്റെ കൈയിലെ ചോര അലക്സ്‌ 'പീലാത്തോസിന്റെ കൈ കഴുകല്‍' ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ കഴുകി കളയുന്നു. ഒരു ത്രില്ലറിന്റേതു പോലുള്ള തുടക്കം. അടുത്ത രംഗത്തില്‍ ഗ്രാമത്തിലുള്ള തന്റെ കുട്ടിക്കാലത്തെ വീട്ടിലേയ്ക്കു പുറപ്പെടുന്ന അലക്സിനേയും കുടുംബത്തേയുമാണ്‌ നാം കാണുന്നത്‌. നഗരത്തിലെ ഇടുങ്ങിയ പാര്‍പ്പിടത്തില്‍ നിന്നും തുറസ്സായ ഗ്രാമീണാന്തരീക്ഷം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ അകലം വര്‍ദ്ധിപ്പിക്കുന്നു. ഉരുകാത്ത മൗനം അവരുടെ ജീവിതത്തില്‍ നിറയുന്നു. പെട്ടെന്നൊരുനാള്‍ ഭാര്യയായ 'വേര' ഭര്‍ത്താവിനോടു പറയുന്നു: താന്‍ ഗര്‍ഭിണിയാണെന്ന്; അത്‌ അലക്സിന്റെ കുട്ടിയല്ലെന്ന്. തോല്‍പിക്കപ്പെട്ട ആണത്തത്തിന്റെയും വഞ്ചനയുടെയും ഓര്‍മ്മകള്‍ മഥിക്കുമ്പോള്‍ ഭാര്യയെ കൊല്ലണോ അതോ ക്ഷമിക്കണോ എന്ന സന്ദേഹത്തിലാണ്‌ അലക്സ്‌. ഒടുവില്‍ കുട്ടികളെ പ്രതി ഭാര്യയോടു ക്ഷമിക്കാനും ഗര്‍ഭഛിദ്രം നടത്താനും അലക്സ്‌ തീരുമാനിക്കുന്നു.




അലക്സിന്റെ സഹോദരന്‍ മാര്‍ക്ക്‌ ആണ്‌ അബോര്‍ഷന്‍ നടത്താനായി ഡോക്ടര്‍മാരെ കൊണ്ടുവരുന്നത്‌. അപ്പോഴേയ്ക്കും കുട്ടികളെ അടുത്ത ബന്ധുവീട്ടിലേക്കയക്കുന്നു. അതിനു മുന്‍പ്‌ എല്ലാവരുമൊന്നിച്ച്‌ ഒരത്താഴം. തീര്‍ച്ചയായും 'അന്ത്യ അത്താഴ'ത്തെ ഓര്‍മ്മിപ്പിക്കുന്നത്‌. കളികള്‍ക്കിടയില്‍ കുട്ടികളെപ്പോളൊ മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങളെപറ്റി സംസാരിക്കുന്നുണ്ട്‌. എതിര്‍പ്പൊന്നും കൂടാതെ ഭര്‍ത്താവിന്റെ തീരുമാനപ്രകാര അബോര്‍ഷനു വിധേയയാകുകയാണ്‌ വേര. അതേ സമയം മറ്റൊരു വീട്ടില്‍, ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിക്കുന്ന 'മംഗളവാര്‍ത്ത'യുടെ ഒരു ചിത്രപ്രശ്നം ഒരുക്കുകയാണു കുട്ടികള്‍. അവര്‍ക്കിടയിലൂടെ, ചിത്രത്തിനു മുകളിലൂടെ നടന്നുപോകുന്ന കറുത്ത പൂച്ച. മുതിര്‍ന്നൊരാള്‍ വന്ന്‌ കുട്ടികളെ പ്രാര്‍ഥിക്കാനിരുത്തുന്നു. സെന്റ്‌ പോള്‍ കൊരിന്ത്യന്‍സിനെഴുതിയ ലേഖനത്തിലെ സ്നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രശസ്തമായ ബൈബിള്‍ ഭാഗം കുട്ടികള്‍ വായിക്കുന്നു. അതേ സമയം മറ്റൊരു ജീവന്‍ അലക്സിന്റെ വീട്ടില്‍ 'പുറത്താക്കപ്പെടുകയാണ്‌.' പ്രസ്തുത ബൈബിള്‍ ഭാഗം പ്രതിപാദിക്കുന്ന പ്രശസ്തമായ രണ്ടു സിനിമകള്‍ ഓര്‍ത്തു പോകുന്നു. കീസ്‌ലോവ്‌സ്കിയുടെ Bleu(1993) പിന്നെ ബന്ധങ്ങള്‍ക്കിടയിലെ സ്നേഹത്തെ/സ്നേഹരാഹിത്യത്തെക്കുറിച്ചു തന്നെ പരാമര്‍ശിച്ച ബെര്‍ഗ്‌മാന്റെ Through a glass darkly (1961). ബൈബിളിലേക്കു കൈ ചൂണ്ടുന്ന ഷോട്ടുകള്‍ക്ക്‌ ഇനിയും ഉദാഹരണങ്ങളുണ്ട്‌ ഈ ചിത്രത്തില്‍.


മേല്‍ സൂചിപ്പിച്ചതു പോലെ പ്രശസ്തമായ ചില ചിത്രരചനകളെ തര്‍കോവ്‌സ്‌കി തന്റെ സിനിമകളില്‍ ഉപയോഗിച്ചിരുന്നു. 'Adoration of Magy' സാക്രിഫൈസിലും "The Lamentation over the Dead Christ" സൊളാരിസിലും കാണാനാകും. "The Lamentation over the Dead Christ" 'ദി റിട്ടേണി'ലും ഉപയോഗിച്ചിരുന്നു. വ്യക്തികള്‍ തമ്മിലുള്ള അകലത്തെയും അന്യവത്‌കരണത്തെയും കാണിക്കാന്‍ വാതിലുകളും ജനലുകളും ഉപയോഗിച്ച രീതി Robert Bresson നെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. തുറസ്സായ വിജനപ്രദേശവും അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒറ്റ വീടും തീര്‍ച്ചയായും സാക്രിഫൈസിനെ ഓര്‍മ്മിപ്പിക്കുന്നു. ബെര്‍ഗ്‌മാന്‍ ചിത്രങ്ങളുടെ വിഷയങ്ങളോടു സാദൃശ്യമുള്ള ഒരു in door Drama യെ പുറത്തേയ്ക്കെടുക്കുകയാണ്‌ സംവിധായകന്‍ ഇവിടെ. ഇങ്ങനെയുള്ള സാമ്യങ്ങള്‍ കണ്ടെടുക്കാമെങ്കിലും വെറുതെ തര്‍കോവ്‌സ്‌കിയെയും ബെര്‍ഗ്‌മാനെയും പകര്‍ത്തുകയല്ല ഈ ചിത്രം. ചിത്രത്തിന്റെ ആദ്യപകുതി മുനോട്ടു വെയ്ക്കുന്ന കഥാഗതിയെ തീര്‍ത്തും നിരാകരിക്കുകയാണ്‌ അവസാനഭാഗം. അപ്പോഴാണ്‌ ഏറെക്കുറെ ആത്‌മീയമെന്നു പറയാവുന്ന മറ്റൊരു തലത്തിലേയ്ക്ക്‌ ചിത്രം ഉയരുന്നത്‌. മുന്‍പു പറഞ്ഞതുപോലെ ഒരു ചിത്രപ്രശ്നത്തെ അനുസ്മരിപ്പിക്കുന്ന സങ്കീര്‍ണ്ണതയും ഇതൊരു വ്യത്യസ്ഥമായ ചലചിത്രാനുഭവമാക്കുന്നു.





തെളിഞ്ഞ നിറങ്ങളും ഇരുണ്ട നിഴലുകളും നിറഞ്ഞ്‌ അതിമനോഹരമാണ്‌ Mikhail Krichman ന്റെ ഛായാഗ്രഹണം. ദുരന്തപൂര്‍ണ്ണമായ കഥാപാത്രങ്ങളും കഥാഗതിയും നിറഞ്ഞ ഒരു ഇരുണ്ട ചിത്രത്തിന്‌ ഇത്ര മനോഹരമായ ഛായാഗ്രഹണത്തിന്റെ ആവശ്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍, സിനിമ ഒരു സ്വപ്നം പോലെ പുനര്‍നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്‌ഥ്യമാണെന്നും ഒരു സ്വപ്നം മനോഹരമായിരിക്കേണ്ടതുണ്ടെന്നുമാണ്‌ സംവിധായകന്റെ മറുപടി. വീണ്ടും തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയും സിനിമകളുടെ ദൃശ്യസൗന്ദര്യം ഓര്‍മ്മയില്‍ വരുന്നു. Maria Bonnevie അവതരിപ്പിച്ച വേര കന്യാമറിയത്തിന്റെ പല ചിത്രങ്ങളിലെയും പോലെ ഇളം നീലയോ വെള്ളയോ ആണു ധരിക്കുന്നത്‌ എന്നത്‌ പാതിവ്രത്യത്തെ സൂചിപ്പിക്കുന്നു. അലക്സാണ്ടറിനെ അവതരിപ്പിച്ച Konstantin Lavronenko, തന്റെ അഭിനയത്തിന്‌ കാന്‍ ചലചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടുകയുണ്ടായി. തന്റെ യഥാര്‍ത്‌ഥവ്യക്തിത്വത്തെ മറയ്ക്കാന്‍ സുതാര്യമായ ഒരുപാടു പുറന്തോടുകള്‍ അണിഞ്ഞമനുഷ്യനാണ്‌ അലക്‌സാണ്ടര്‍. തന്റെ വിവാഹജീവിതമത്രയും ആ പുറന്തോടുകള്‍ തകര്‍ത്ത്‌ അയാളെ സ്നേഹിക്കാനുള്ള ശ്രമത്തിലായിരുന്നു വേര. ബന്ധങ്ങളില്‍ മൗനം നിറയുമ്പോള്‍ വൈകാരികമായ ഒരു ശൂന്യത ഉടലെടുക്കുന്നു. ഈ ശൂന്യത താങ്ങാനാകാത്ത വിധം വളരുമ്പോള്‍ തന്റെ ചുറ്റിലും വളരുന്ന ഏകാന്തത വേര അറിയുന്നു. തന്റെ മകനും ഏതു വഴിയ്ക്കാണ്‌ വളരുന്നതെന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ട്‌. തന്റെ ഭര്‍ത്താവിന്റെ വൈകാരികമായ പുറന്തോടുകള്‍ തകര്‍ക്കാനുള്ള അവസാനശ്രമവും വിഫലമാകുകയാണ്‌.അലക്സും സഹോദരന്‍ മാര്‍ക്കും തമ്മിലുള്ള ബന്ധത്തിലും നിറഞ്ഞു നില്‍ക്കുന്നത്‌ മൗനം തന്നെയാണ്‌. ബാനിഷ്മെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന സഹോദരബന്ധവും ശ്രദ്ധയര്‍ഹിക്കുന്ന ഘടകം തന്നെയാണ്.

ഒരു തര്‍കോവ്‌സ്‌കി ചിത്രത്തിലല്ലാതെ ഇത്രമാത്രം ശാന്തതയും മൗനവും അനുഭവിക്കുന്നത്‌ ആദ്യം.