മേല്‍പറഞ്ഞത് ഒട്ടും സമഗ്രമല്ലാത്ത ഒരു വര്‍ഗീകരണമാണ്. ഒരു പക്ഷേ ഒരു വര്‍ഗീകരണമേ ആകുന്നില്ലായിരിക്കാം. അടുത്ത കാലത്ത് ലോകശ്രദ്ധയാകര്‍ഷിച്ച ചില സിനിമകള്‍ കാലാതിവര്‍ത്തികളായ ബെര്‍ഗ്‌മാന്റെയും തര്‍കോവ്‌സ്കിയുടെയും സിനിമകളുമായി എങ്ങനെ സാമ്യപ്പെടുന്നു എന്ന ആലോചനയിലാണ് ഇങ്ങനെ കാടു കയറിയത്. ഒരു സിനിമയുണ്ടാകുമ്പോള്‍ യാഥാര്‍ത്‌ഥ്യത്തെ മാറ്റി നിര്‍ത്താനാകാത്ത വിധം അത്രമേല്‍ ശക്തമാണ് അതിന്റെ സാനിധ്യം. എന്നാല്‍ ഒരു ഉയര്‍ന്ന തലത്തിലുള്ള യാഥാര്‍ത്‌ഥ്യത്തെ പ്രാപിക്കാനായി സംവിധായകന് മറ്റൊരു അതീതലോകത്തെ തന്നെ സൃഷ്‌ടിക്കേണ്ടതായി വരും. അദൃശ്യമായതിനെ ദൃശ്യമാക്കേണ്ടി വരും. ഇത് അതിസങ്കീര്‍ണ്ണമായ ഒരു കാര്യമായതിനാല്‍ തന്നെ ഇതില്‍ വിജയിക്കുക എളുപ്പമല്ല. സിനിമയെ ഇങ്ങനെ ഒരു സ്വപ്ന തലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയുമൊക്കെ വിജയം. Izgnanie(2007) ഈയൊരു തലത്തിലാണു നില്‍ക്കുന്നത്.
റഷ്യന്‍ സംവിധായകനായ Andrey Zvyagintsev ന്റെ ആദ്യ ചിത്രമായ The Return(2003) അന്താരാഷ്ട്രീയതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെക്ക് തിരിച്ചെത്തുന്ന ഒരു പിതാവും അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകാതെ പോകുന്ന തിരിച്ചറിവിലേക്കെത്തുന്ന മക്കളുമായുള്ള സങ്കീര്‍ണ്ണമായ ബന്ധമായിരുന്നു 'തിരിച്ചുവരവി'ന്റെ പ്രമേയം. ഏറെ വൈകി ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് കാര്യങ്ങള്‍ കൈവിട്ടു പോയപ്പോഴായിരുന്നു മക്കള്‍ അപ്പനിലേക്കെത്തുന്നത്. Banishmentലെത്തുമ്പോള്‍ ഏറെക്കുറെ പഴയതു തന്നെ. അമ്മ, അമ്മയെ മനസ്സിലാക്കുകയോ സ്നേഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത അപ്പന്‍, തിരിച്ചറിവിലേയ്ക്കെത്തുന്ന മക്കള്‍, കുടുംബാംഗങ്ങള്‍ക്കിടയിലെ സ്നേഹം/സ്നേഹരാഹിത്യം ഒക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളെങ്കിലും സിനിമ എന്ന നിലയില്‍ Banishment, The Returnനെക്കാള്‍ ഏറെ സങ്കീര്‍ണ്ണമാണ്. മനോഹരമായൊരു ചിത്രപ്രശ്നം പോലെ സങ്കീര്‍ണ്ണം.
റഷ്യയിലെ വിജനമായൊരു പട്ടണപ്രാന്തപ്രദേശത്തു കൂടി ഭ്രാന്തമായ വേഗത്തില്‍ ഒരാള്‍ കാറോടിച്ചു പോകുന്ന അതിസുന്ദരമായൊരു ഷോട്ടിലാണ് ചിത്രം തുടങ്ങുന്നത്. കാറിനെ പിന്തുടരുന്ന ക്യാമറ, തന്റെ കൈയില്‍ തറഞ്ഞ ഒരു വെടിയുണ്ടയെടുത്തു മാറ്റാന്‍ സഹോദരനായ അലക്സിന്റെ (Konstantin Lavronenko) അടുക്കലേക്കു പോകുന്ന Markനെയും സഹോദരനായ അലക്സിനെയും അടുത്ത രംഗത്തില്‍ പരിചയപ്പെടുത്തുന്നു. മാര്‍ക്കിന്റെ കൈയിലെ വെടിയുണ്ട നീക്കിയ ശേഷം തന്റെ കൈയിലെ ചോര അലക്സ് 'പീലാത്തോസിന്റെ കൈ കഴുകല്‍' ഓര്‍മ്മിപ്പിച്ചു കൊണ്ട് കഴുകി കളയുന്നു. ഒരു ത്രില്ലറിന്റേതു പോലുള്ള തുടക്കം. അടുത്ത രംഗത്തില്‍ ഗ്രാമത്തിലുള്ള തന്റെ കുട്ടിക്കാലത്തെ വീട്ടിലേയ്ക്കു പുറപ്പെടുന്ന അലക്സിനേയും കുടുംബത്തേയുമാണ് നാം കാണുന്നത്. നഗരത്തിലെ ഇടുങ്ങിയ പാര്‍പ്പിടത്തില്‍ നിന്നും തുറസ്സായ ഗ്രാമീണാന്തരീക്ഷം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ അകലം വര്‍ദ്ധിപ്പിക്കുന്നു. ഉരുകാത്ത മൗനം അവരുടെ ജീവിതത്തില്‍ നിറയുന്നു. പെട്ടെന്നൊരുനാള്‍ ഭാര്യയായ 'വേര' ഭര്‍ത്താവിനോടു പറയുന്നു: താന്‍ ഗര്‍ഭിണിയാണെന്ന്; അത് അലക്സിന്റെ കുട്ടിയല്ലെന്ന്. തോല്‍പിക്കപ്പെട്ട ആണത്തത്തിന്റെയും വഞ്ചനയുടെയും ഓര്‍മ്മകള്‍ മഥിക്കുമ്പോള്‍ ഭാര്യയെ കൊല്ലണോ അതോ ക്ഷമിക്കണോ എന്ന സന്ദേഹത്തിലാണ് അലക്സ്. ഒടുവില്‍ കുട്ടികളെ പ്രതി ഭാര്യയോടു ക്ഷമിക്കാനും ഗര്‍ഭഛിദ്രം നടത്താനും അലക്സ് തീരുമാനിക്കുന്നു.
അലക്സിന്റെ സഹോദരന്‍ മാര്‍ക്ക് ആണ് അബോര്‍ഷന്‍ നടത്താനായി ഡോക്ടര്‍മാരെ കൊണ്ടുവരുന്നത്. അപ്പോഴേയ്ക്കും കുട്ടികളെ അടുത്ത ബന്ധുവീട്ടിലേക്കയക്കുന്നു. അതിനു മുന്‍പ് എല്ലാവരുമൊന്നിച്ച് ഒരത്താഴം. തീര്‍ച്ചയായും 'അന്ത്യ അത്താഴ'ത്തെ ഓര്‍മ്മിപ്പിക്കുന്നത്. കളികള്‍ക്കിടയില്‍ കുട്ടികളെപ്പോളൊ മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങളെപറ്റി സംസാരിക്കുന്നുണ്ട്. എതിര്‍പ്പൊന്നും കൂടാതെ ഭര്‍ത്താവിന്റെ തീരുമാനപ്രകാര അബോര്‍ഷനു വിധേയയാകുകയാണ് വേര. അതേ സമയം മറ്റൊരു വീട്ടില്‍, ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിക്കുന്ന 'മംഗളവാര്‍ത്ത'യുടെ ഒരു ചിത്രപ്രശ്നം ഒരുക്കുകയാണു കുട്ടികള്‍. അവര്‍ക്കിടയിലൂടെ, ചിത്രത്തിനു മുകളിലൂടെ നടന്നുപോകുന്ന കറുത്ത പൂച്ച. മുതിര്‍ന്നൊരാള്‍ വന്ന് കുട്ടികളെ പ്രാര്‍ഥിക്കാനിരുത്തുന്നു. സെന്റ് പോള്‍ കൊരിന്ത്യന്‍സിനെഴുതിയ ലേഖനത്തിലെ സ്നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രശസ്തമായ ബൈബിള്‍ ഭാഗം കുട്ടികള്‍ വായിക്കുന്നു. അതേ സമയം മറ്റൊരു ജീവന്‍ അലക്സിന്റെ വീട്ടില്‍ 'പുറത്താക്കപ്പെടുകയാണ്.' പ്രസ്തുത ബൈബിള്‍ ഭാഗം പ്രതിപാദിക്കുന്ന പ്രശസ്തമായ രണ്ടു സിനിമകള്‍ ഓര്‍ത്തു പോകുന്നു. കീസ്‌ലോവ്‌സ്കിയുടെ Bleu(1993) പിന്നെ ബന്ധങ്ങള്‍ക്കിടയിലെ സ്നേഹത്തെ/സ്നേഹരാഹിത്യത്തെക്കുറിച്ചു തന്നെ പരാമര്‍ശിച്ച ബെര്‍ഗ്‌മാന്റെ Through a glass darkly (1961). ബൈബിളിലേക്കു കൈ ചൂണ്ടുന്ന ഷോട്ടുകള്‍ക്ക് ഇനിയും ഉദാഹരണങ്ങളുണ്ട് ഈ ചിത്രത്തില്‍.
മേല്‍ സൂചിപ്പിച്ചതു പോലെ പ്രശസ്തമായ ചില ചിത്രരചനകളെ തര്‍കോവ്‌സ്‌കി തന്റെ സിനിമകളില്‍ ഉപയോഗിച്ചിരുന്നു. 'Adoration of Magy' സാക്രിഫൈസിലും "The Lamentation over the Dead Christ" സൊളാരിസിലും കാണാനാകും. "The Lamentation over the Dead Christ" 'ദി റിട്ടേണി'ലും ഉപയോഗിച്ചിരുന്നു. വ്യക്തികള്‍ തമ്മിലുള്ള അകലത്തെയും അന്യവത്‌കരണത്തെയും കാണിക്കാന്‍ വാതിലുകളും ജനലുകളും ഉപയോഗിച്ച രീതി Robert Bresson നെയാണ് ഓര്‍മിപ്പിക്കുന്നത്. തുറസ്സായ വിജനപ്രദേശവും അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒറ്റ വീടും തീര്‍ച്ചയായും സാക്രിഫൈസിനെ ഓര്‍മ്മിപ്പിക്കുന്നു. ബെര്‍ഗ്‌മാന്‍ ചിത്രങ്ങളുടെ വിഷയങ്ങളോടു സാദൃശ്യമുള്ള ഒരു in door Drama യെ പുറത്തേയ്ക്കെടുക്കുകയാണ് സംവിധായകന്‍ ഇവിടെ. ഇങ്ങനെയുള്ള സാമ്യങ്ങള്‍ കണ്ടെടുക്കാമെങ്കിലും വെറുതെ തര്‍കോവ്‌സ്‌കിയെയും ബെര്‍ഗ്‌മാനെയും പകര്‍ത്തുകയല്ല ഈ ചിത്രം. ചിത്രത്തിന്റെ ആദ്യപകുതി മുനോട്ടു വെയ്ക്കുന്ന കഥാഗതിയെ തീര്‍ത്തും നിരാകരിക്കുകയാണ് അവസാനഭാഗം. അപ്പോഴാണ് ഏറെക്കുറെ ആത്‌മീയമെന്നു പറയാവുന്ന മറ്റൊരു തലത്തിലേയ്ക്ക് ചിത്രം ഉയരുന്നത്. മുന്‍പു പറഞ്ഞതുപോലെ ഒരു ചിത്രപ്രശ്നത്തെ അനുസ്മരിപ്പിക്കുന്ന സങ്കീര്‍ണ്ണതയും ഇതൊരു വ്യത്യസ്ഥമായ ചലചിത്രാനുഭവമാക്കുന്നു.
തെളിഞ്ഞ നിറങ്ങളും ഇരുണ്ട നിഴലുകളും നിറഞ്ഞ് അതിമനോഹരമാണ് Mikhail Krichman ന്റെ ഛായാഗ്രഹണം. ദുരന്തപൂര്‍ണ്ണമായ കഥാപാത്രങ്ങളും കഥാഗതിയും നിറഞ്ഞ ഒരു ഇരുണ്ട ചിത്രത്തിന് ഇത്ര മനോഹരമായ ഛായാഗ്രഹണത്തിന്റെ ആവശ്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍, സിനിമ ഒരു സ്വപ്നം പോലെ പുനര്‍നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്‌ഥ്യമാണെന്നും ഒരു സ്വപ്നം മനോഹരമായിരിക്കേണ്ടതുണ്ടെന്നുമാണ് സംവിധായകന്റെ മറുപടി. വീണ്ടും തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയും സിനിമകളുടെ ദൃശ്യസൗന്ദര്യം ഓര്‍മ്മയില്‍ വരുന്നു. Maria Bonnevie അവതരിപ്പിച്ച വേര കന്യാമറിയത്തിന്റെ പല ചിത്രങ്ങളിലെയും പോലെ ഇളം നീലയോ വെള്ളയോ ആണു ധരിക്കുന്നത് എന്നത് പാതിവ്രത്യത്തെ സൂചിപ്പിക്കുന്നു. അലക്സാണ്ടറിനെ അവതരിപ്പിച്ച Konstantin Lavronenko, തന്റെ അഭിനയത്തിന് കാന്‍ ചലചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടുകയുണ്ടായി. തന്റെ യഥാര്‍ത്‌ഥവ്യക്തിത്വത്തെ മറയ്ക്കാന്‍ സുതാര്യമായ ഒരുപാടു പുറന്തോടുകള്‍ അണിഞ്ഞമനുഷ്യനാണ് അലക്‌സാണ്ടര്‍. തന്റെ വിവാഹജീവിതമത്രയും ആ പുറന്തോടുകള്‍ തകര്‍ത്ത് അയാളെ സ്നേഹിക്കാനുള്ള ശ്രമത്തിലായിരുന്നു വേര. ബന്ധങ്ങളില്‍ മൗനം നിറയുമ്പോള്‍ വൈകാരികമായ ഒരു ശൂന്യത ഉടലെടുക്കുന്നു. ഈ ശൂന്യത താങ്ങാനാകാത്ത വിധം വളരുമ്പോള്‍ തന്റെ ചുറ്റിലും വളരുന്ന ഏകാന്തത വേര അറിയുന്നു. തന്റെ മകനും ഏതു വഴിയ്ക്കാണ് വളരുന്നതെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട്. തന്റെ ഭര്‍ത്താവിന്റെ വൈകാരികമായ പുറന്തോടുകള്‍ തകര്‍ക്കാനുള്ള അവസാനശ്രമവും വിഫലമാകുകയാണ്.അലക്സും സഹോദരന്‍ മാര്‍ക്കും തമ്മിലുള്ള ബന്ധത്തിലും നിറഞ്ഞു നില്‍ക്കുന്നത് മൗനം തന്നെയാണ്. ബാനിഷ്മെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന സഹോദരബന്ധവും ശ്രദ്ധയര്‍ഹിക്കുന്ന ഘടകം തന്നെയാണ്.
ഒരു തര്‍കോവ്‌സ്‌കി ചിത്രത്തിലല്ലാതെ ഇത്രമാത്രം ശാന്തതയും മൗനവും അനുഭവിക്കുന്നത് ആദ്യം.
34 comments:
2007ലെ ഏറ്റവും മികച്ച സിനിമകളിലൊന്ന്...
എന്നെ തര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍ പരിചയപ്പെടുത്തിയ നളന്, സാക്രിഫൈസിനെ കുറിച്ചെഴുതിയ ഗോപീകൃഷ്ണന്...
പിന്നെ, എല്ലാ കുടുംബജീവികള്‍ക്കും...
ഈ ബ്ലോഗ് സമൂഹത്ത് സിനിമയെ കുറിച്ച് ഒത്തിരി അറിയാം എന്നൊക്കെ പറഞ്ഞ് മല മറിച്ചു നടക്കുന്ന കുറേ ലവന്മാര്‍ ഉണ്ട്. ഒരു കൊബ്ബന്‍ മലയാളം മൂവി റിവ്യൂസ് എന്നും പറഞ്ഞ് എല്ലാം ശ്രീനി എന്ന കൊണാപ്പനു ഇഷ്ടപെട്ടില്ല അതു കൊണ്ട് തനിക്കും ഇഷ്ട്ടം ആയില്ല എന്നൊക്കെ പറഞ്ഞ് ചുമ്മാ മനുഷ്യരെ കളിയാക്കുന്നു. ആരേലും എന്തേലും പറഞ്ഞാല്‍ ലോകസിനിമയില്‍ ബെര്‍ഗ്മാന്‍ അതു ചെയ്തു അന്റൊണിയൊ ഇതു ചെയ്തു നിങ്ങള്‍ അത് കണ്ടീട്ടൂണ്ടോ എന്നൊക്കെ പറഞ്ഞ് വലിയ വാചകവും അടിക്കും.
ഇങ്ങനെ ഉള്ള സകല യോഗ്യന്മാരും റ്റ്യൂഷന്‍ ഫീസ് കൊടുത്ത് വായീക്കേണ്ട ബ്ലോഗാണു റോബിയുടേത്. മനോഹരമായ വിവരണം, അതിലും മനോഹരമായി ലോക സിനിമയെ പരിചയപ്പെടുത്തുന്നു. ആഴ്ചയില്‍ ഒന്നൊ രണ്ടോ ഫോറിന്‍ ഫിലിംസ് കാണാറുണ്ടായിരുന്ന പതിവു 2007 ല്‍ തെറ്റിയിരുന്നു. ഈ ബ്ലോഗ് വായിച്ചപ്പോള്‍ വല്ലാത്തൊരു കുറ്റബോധം കാരണം കാണാന്‍ ഉള്ള ലിസ്റ്റിലെ ഫിലിമുകളില്‍ ഒന്നാണ് റോബി ഇപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീര്‍ച്ചയായും ഈ ഫിലിം ഉടന്‍ തന്നെ കാണുന്നതായിരിക്കും. ഒരിക്കല്‍ കൂടി വളരെ മനോഹരമായ അവതരണം.
നല്ല ലേഖനം.
ആശംസകള്‍
റോബീ,
എന്തിനാണെന്നെയിങ്ങനെ പീഡിപ്പിക്കുന്നത്?
എന്നു ചോദിക്കാനാണ് തോന്നിയത്.അതു ചിലപ്പോള്‍ തെറ്റിദ്ധരിച്ചാലോ എന്നു കരുതി
വളരെ മനോഹരമായി എഴുതി എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ശരിയാണ് സനാതനന്‍... റോബിയുടെ പരിചയപ്പെടുത്തലുകള്‍ ഒരുതരത്തില്‍ പീഢാനുഭവങ്ങള്‍തന്നെയാണ്. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും!
പരിചയപ്പെടുത്തലിനു നന്ദി റോബി. ഈ സംവിധായകന്റേതായി ഒന്നും ഇതുവരെ കാണാനായിട്ടില്ല. ഇതു കാണണം എന്ന് തോന്നുനു. ഡിവിഡി കിട്ടുമോ എന്ന് നോക്കട്ടെ.
പതിവുപോലെ വളരെ നല്ല പരിചയപ്പെടുത്തലുകള്‍, ആഴത്തിലുള്ള നിരീക്ഷണങ്ങള്‍..
ബ്ലോഗിന്റെ, ഹൈപ്പര്‍ ലിങ്കിന്റെ സാധ്യതകളെ നീ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.
റോബീ,
റിവ്യൂ വായിച്ചപ്പോള്‍ തന്നെ തോന്നി അടുത്ത ലിസ്റ്റിലേക്കുള്ള ഒരു സിനിമകൂടിയെന്ന്..
ഈ വീക്കെന്‍ഡ് മജെസ്റ്റിക്കിലേക്ക്..(നെറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ ???)
റിവ്യൂ നന്നായീന്നു പ്രത്യേകം പറയേണ്ടല്ലോ..
- സിജിത്
വിന്‍സ്, അനോമണി, ഗുപ്തന്‍, ലാപൂട, ഇടിവാള്‍...നന്ദി.
സനാതനാ...ബാംഗ്ലൂരിലല്ലേ...നാഷണല്‍ മാര്‍ക്കറ്റു വരെ ഒന്നു പോയാല്‍ മതി...സാധനം കിട്ടിയേക്കും. റിട്ടേണ്‍ ഞാനവിടുന്നാണു വാങ്ങിയത്.
(ഗുപ്തന്റെ സ്ഥലം എവിടെയാണ്...?)
സിജിത്തേ...ഈ ലിങ്ക് ഒന്നു നോക്കിക്കേ..അല്ലെങ്കില്‍ ഗൂഗിളില്‍ ഒന്നു നോക്കൂ
റോബീ ലോകസിനിമകളെ നിങ്ങളുടേതായ കാഴ്ചപാടുകളിലൂടെയുള്ള വിലയിരുത്തല്‍ നന്നായിരിക്കുന്നു. അടച്ചുപൂട്ടിയ ഞങ്ങളുടെ ഫിലിം സൊസൈറ്റി ഈ ലിസ്റ്റിലെ മോട്ടോര്‍ സൈക്കിള്‍ ഡയറി മാത്രമേ എനിക്ക് കാണിച്ചുതന്നുള്ളൂ
ഇക്കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായിരുന്നു ഇത്. മറ്റൊന്ന് റഷ്യയില്‍ നിന്നു തന്നെയുള്ള അലക്സാന്‍ഡ്ര.സക്കുറോവിന്റേത്.ദ റിട്ടേണും തിരുവനന്തപുരം ഫെസ്റ്റിവലില്‍ നിന്നാണ് കണ്ടത്.അതിന്റെ തുടക്കം ,കടല്‍ത്തീരത്തെ ഉന്നതഗോപുരത്തില്‍ നിന്ന് ചാടാനാകാതെ പേടിച്ചു നിലവിളിക്കുന്ന കുട്ടിയെ കണ്ടപ്പോള്‍ താര്‍ക്കോവ്സ്ക്കി ഓടി വന്നു.ബാനിഷ്മെന്റിലും താര്‍കോവ്സ്ക്കി നല്ല വണ്ണമുണ്ട്.അലക്സാണ്ടര്‍ എന്ന പേര്‍ ഉള്‍പ്പെടെ.എന്നാല്‍ രണ്ടു ചിത്രങ്ങളും അനുകരണം എന്ന ആരോപണങ്ങളേക്കാളും എത്രയോ എത്രയോ ഉയരത്തില്‍.നീ നിരീക്ഷിച്ച പോലെ ഒരേ സ്വത്വത്തിന്റെ തുടര്‍ച്ചയായി ഇവയെ വായിക്കാം.സക്കുറോവിന്റെ സിനിമകളെ ഇടര്‍ച്ചകളായും.ആഴത്തില്‍ അവ ചേര്‍ന്നിരിക്കുന്നു!
കവിതയുടെ ഘടനയാണ് ഇത്തരം സിനിമകള്‍ക്ക്.കവിതകള്‍ ഇടത്തു നിന്നും വലത്തോട്ടു മാത്രമല്ലല്ലോ വായിക്കാനാകുക.താഴേക്കും വികര്‍ണ്ണങ്ങളിലേക്കും ഒക്കെ വായിക്കാം എന്ന പോലെ ഈ സിനിമകള്‍.
നന്ദി.
ഒരു കാര്യം നേരത്തേ പറയാന്‍ വിട്ടുപോയി.അതീതയാഥാര്‍ത്ഥ്യങ്ങള്‍ എന്നതിനേക്കാള്‍ ഇത്തരം സിനിമകള്‍ ചരിത്രത്തെ ബന്ധങ്ങളുടെ, പൊതുവേ ജീവിതത്തിന്റെ ,സൂക്ഷ്മയാഥാര്‍ത്ഥ്യങ്ങളില്‍ തെരയുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.സമകാലാനുഭവങ്ങളുടെ സാന്ദ്രതയാകാം പലപ്പോഴും അതീതതയായി തോന്നുന്നത്
കിനാവിന്റെ ഫിലിം സൊസൈറ്റി കൂടുതല്‍ ഊര്‍ജിതമാകട്ടെ എന്നാശംസിക്കുന്നു.
ഗോപികൃഷ്ണന്‍,
കമന്റിനും തിരുത്തലിനും നന്ദി. ഒരു hyper reality അല്ല ഞാനും ഉദ്ദേശിച്ചത്. ഗോപീകൃഷ്ണന്‍ പറഞ്ഞ സൂക്ഷ്മയാഥാര്‍ഥ്യം പോലെയൊന്നാണ് എന്റെ മനസ്സിലും ഉണ്ടായിരുന്നത്. ആ വാക്കു കിട്ടിയില്ല. പരത്തിപ്പറഞ്ഞാല്‍ അതിന്റെ വായനാക്ഷമത നഷ്‌ടപ്പെടും എനു തോന്നി. എന്റെ ഭാഷയുടെ പിടിപ്പുകേട്...ഇപ്പോള്‍ ബ്ലോഗല്ലാതെ മറ്റു മലയാളം വായന ഇല്ല. vocabulary തീര്‍ത്തും മോശമാണ്.
ഈ സിനിമ കണ്ടുവെന്നറിയുന്നതില്‍ സന്തോഷം.
റിട്ടേണിന് ചില political and religious subtexts ഉള്ളത് ശ്രദ്ധിച്ചിരുന്നോ...
അതില്‍ അപ്പനെ സോവിയറ്റ് യൂണിയനായും മക്കളെ വിവിധ ജനവിഭാഗങ്ങളായും സങ്കല്പിച്ചു നോക്കിക്കേ..
അല്ലെങ്കില്‍,
അപ്പനെ ക്രിസ്തുവായും, മക്കളെ അദ്ദേഹത്തെ മനസ്സിലാക്കാതെ പോയ ശിഷ്യന്മാരായും സങ്കല്പിച്ചു നോക്കിക്കേ...വേറെ ചില dimentions ഉണ്ടായി വരുന്നതായി കാണാം.
റോബി, ഇങ്ങിനെ നല്ല സിനിമ കാണിച്ച് കാണിച്ച് നന്നായിപ്പോവുംട്ടോ ഞാനൊക്കെ. നിരത്തിപ്പിടിച്ചാണ് നെറ്റ്ഫ്ലിക്സില്‍ റോബി സജസ്റ്റ് ചെയ്യുന്ന സിനിമ.
വളരെ നന്ദി ഇതുപോലെ അറിവു പങ്ക് വെക്കുന്നതിനും പുതിയ കാഴ്ചകള്‍ കാട്ടിത്തരുന്നതിനും.
ചില വിശദീകരിക്കാനാകാത്ത സമാനതകള്‍ ഒരോരുത്തരുടെ ജീവിതത്തിലും പിന്തുടരുന്നതായി കാണാം.അങ്ങനത്തെ ഒന്നാണ് റഷ്യന്‍ ദ്വന്ദ്വങ്ങള്‍.ടോള്‍സ്റ്റോയ്-ഡോസ്റ്റോയേവ്സ്കി,ഐസന്‍സ്റ്റൈന്‍-സിഗോ വെര്‍തോവ്...അങ്ങനെ.ഒരു കൊല്ലം തിരുവനന്തപുരം ഫെസ്റ്റിവലില്‍ കുറേ പടങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ആത്മ സുഹൃത്തും ചലച്ചിത്ര നിരൂപകനുമായ വെങ്കിടിയോട് പറഞ്ഞു“മനശാസ്ത്രം സിനിമയില്‍ ചത്തു എന്നു തോന്നുന്നു”.പിറ്റേന്നതാ രണ്ടു ഗമണ്ടന്‍ മനശാസ്ത്ര പടങ്ങള്‍.ഒന്ന്, സക്കുറോവിന്റെ ഫാദര്‍ ആന്‍ഡ് സണ്‍,അടുത്തത് റിട്ടേണ്‍.
സക്കുറോവിനെ മുമ്പേ പരിചയപ്പെട്ടിരുന്നു. എന്നാല്‍ റിട്ടേണ്‍ പേടിപ്പിച്ചു.അച്ഛന്റേയും മക്കളുടേയും ഇടയില്‍ കിടന്നു കളീക്കുന്ന അധികാരത്തിന്റെ വൈവിധ്യമാര്‍ന്ന സിമ്ഫണി കേട്ടും കണ്ടും.
ജയിലിലായിപ്പോയ മകനെ കാണാന്‍ അന്ന അഖ്മത്തോവ കൊടും മഞ്ഞില്‍ ക്യൂ നിന്നത് എഴുതിയത് ഓര്‍മ്മ വരുന്നുണ്ടായിരുന്നു അപ്പോള്‍.ഒരു പക്ഷേ ഒരമ്മയേയും മകനേയും കൊണ്ട് മുന്നില്‍ കാണുന്ന അച്ഛനേയും മക്കളേയും മറക്കാന്‍,മറയ്ക്കാന്‍
റോബീ,തുടരണം.. നല്ല ഭാഷയാണെന്ന് ഇതിനാല്‍ സര്‍ട്ടിഫൈ ചെയ്യുന്നു
ഇഞ്ചിയെപ്പോലെ ഒരാളെയെങ്കിലും വഴിതെറ്റിക്കാന്‍ സാധിച്ചുവോ...!! സന്തോഷമുണ്ട്.
ഗോപീകൃഷ്ണന്‍,
പ്രചോദനത്തിനു നന്ദി.
‘റഷ്യന്‍ ആര്‍ക്’ ഒക്കെ കേട്ടിട്ടുണ്ട് എന്നല്ലതെ സക്കുറോവിനെ എനിക്കറിയില്ലായിരുന്നു. മുന്‍പത്തെ കമന്റു വായിച്ച് ഒന്നു വിശദമായി നോക്കി. ഇനി സക്കുറോവ് തന്നെ അടുത്ത ഉന്നം.
മനശാസ്ത്രസിനിമകള്‍ അപൂര്‍വമായെങ്കിലും ഇന്നുമുണ്ട്. തിയോ ആഞ്ചെലോപൌലോ ഒക്കെ ഇപ്പോഴും സിനിമയെടുക്കുന്നുണ്ടല്ലോ...അദ്ദേഹത്തിന്റെ സിനിമകള്‍ അങ്ങേയറ്റം രാഷ്ട്രീയപരവും ചരിത്രപരവും പിന്നെ ഈ കവിതാസ്വഭാവം ഉള്ളതുമാണ്. ദൃശ്യങ്ങളും സംഗീതത്തിന്റെ ഉപയോഗവും എല്ലാം വളരെ സുന്ദരം.
dear robi
i was reffering just a comment.thanks for mentioning theo angelo paulose. his 'eternity and a day' is one of the best movies i have ever seen.as a one who want to write poetry that movie was so inspiring. do u remember the old poet in that movie buying words from others?he spent so much money to revive a language which he lost once in mind.do u remember the riding of the three cyclists as the kings in bible?do u remember the algerian orphan?do u remember the great artist who perform the role of poet?yes.that film is etching inside me as a sacred place.thanks .the only grief is that in this computer no malayalam script to express me in malayalam.
'eternity and a day' മായാതെ മനസ്സില്‍ നില്‍ക്കുന്നതു കാരണം എനിക്കാ ചിന്തകള്‍ മുഴുവന്‍ മനസ്സിലാവും...മാറ്റം ജൈവികമാണെന്നറിയാമെങ്കിലും സമൂഹവും ജീവിതവും എല്ലാം മാറി എന്ന് ഇടയ്ക്കൊക്കെ ആകുലപ്പെടുന്നു. അപ്പോഴൊക്കെ മാറാത്തത് ഇനിയും ചിലതുണ്ടെന്ന്, ചിലരുണ്ടെന്ന് ഈ സിനിമകള്‍ ഓര്‍മ്മിപ്പിക്കുന്നു.
(ലാപൂടയെ ഈ സിനിമ കാണിക്കണമെന്ന് എന്നും കരുതാറുണ്ട്.)
അനുഭവങ്ങള്‍ ഇവിടെ കുറിച്ചിട്ടതിനു നന്ദി.
റോബീ,ഗെറ്റിങ്ങ് ഹോം കണ്ടോ,ചൈനീസ്..തിരുവനന്തപുരത്തുണ്ടായിരുന്നു.അനേകം കലക്കങ്ങള്‍ കണ്ടറിഞ്ഞ ഒരു ലാളിത്യം അതിനുണ്ട്.
thank you for your feedback in my blog post നാനോ ടെക്‍നോളജി
blog-malayalam-blog.blogspot.com
ഇന്ന് കാല്പുരുഷ്(ബുദ്ധദേവ് ദാസ് ഗുപ്ത) രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടു.ഇന്ത്യയില്‍ ഉണ്ടായ സിനിമകളില്‍ എണ്ണം പറഞ്ഞ ഒന്നാണത്.കണ്ടോ?
ഗോപിയേട്ടാ..(അങ്ങനെ വിളിക്കുന്നതല്ലേ അതിന്റെ ഒരിദ്...)
കാല്‍ പുരുഷ് മാത്രമല്ല, പല നല്ല ഇന്ത്യന്‍ സിനിമകളും കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ദൂരദര്‍ശനും
ടിവിയും ഒന്നും ഇല്ലായിരുന്നു...സിനിമ കാണാറായപ്പോള്‍ പലതും കിട്ടാനുമില്ല. നമുക്കെന്തെങ്കിലും ചെയ്യണം...
ഗെറ്റിംഗ് ഹോം കണ്ടു...ലാളിത്യമുള്ള സിനിമ. അതന്വേഷിച്ചു ചെന്നപ്പോള്‍ പാന്‍ നളിന്റെ പുതിയ സിനിമ കിട്ടി.
സക്കുറോവിന്റെ മദര്‍ ആന്റ് സണ്‍ ആമസോണില്‍ നിന്നും വാങ്ങി...മറ്റു സിനിമകള്‍ക്കായി നോക്കിയിരിക്കുന്നു...
അസ്സല്‍ സിനിമയാണത്..കണ്ടെഴുതൂ
കാല്പുരുഷില്‍ സുമന്തോ അച്ഛന്റെ ആത്മാവിനോട് ഇങ്ങനെ പറയുന്നുണ്ട്...”ജീവിതം എന്നാല്‍ ഒരു വലിച്ചുകെട്ടിയ കയറില്‍ കൂടി നടക്കുമ്പോലെയാണ്.എങ്കിലും എനിക്കത് ദിവസവും പ്രത്യാശ തരുന്നു”.ദൂരെ നിന്ന് ഒരു അന്ധനും മകനും ഓടക്കുഴല്‍ വിളിച്ചു പോകുന്നത് നമുക്ക് ഇടക്കിടെ കേള്‍ക്കാം... ഇപ്പോഴും കേള്‍ക്കുന്നു!
റോബി
സിനിമയുടെ രാഷ്ട്രീയത്തെ, അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ, ഇത്ര ശക്തമായ വാങ്മയമാക്കി മാറ്റുന്ന രാസവിദ്യ എവിടെനിന്നു പഠിച്ചു താങ്കള്‍? അല്പം വൈകിയാണെങ്കിലും എല്ലാം വിടാതെ വായിക്കുന്നുണ്ട് (കഥാസംഗ്രഹം മാത്രം ചിലപ്പോള്‍ ഒഴിവാക്കാറുണ്ട്, എന്നെങ്കിലും കാണാന്‍ ഇടവന്നാല്‍ ‘രസം’ നഷ്ടപ്പെടരുതല്ലോ എന്നു കരുതി)
ഷാര്‍ജയില്‍ നടന്ന ഫിലിം ഫെസ്റ്റിവലില്‍ ബൂലോഗത്തുനിന്നുള്ള ആരുടെയും മഹനീയസാന്നിദ്ധ്യം ഉണ്ടായില്ല. അഥവാ,എന്റെ അറിവില്‍ ഉണ്ടായിട്ടില്ല എന്ന്.
താങ്കള്‍ ഈ പംക്തിയില്‍ സൂചിപ്പിച്ചിട്ടുള്ള ചില സിനിമകള്‍ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നറിയാന്‍ താത്പര്യം. ദയവുചെയ്ത്, rajeeve.chelanat@gmail.com വഴി കഴിയുന്നതും വേഗം ബന്ധപ്പെടുക. ഇ-മെയിലില്‍ ഫോണ്‍നമ്പറുകളും തരാന്‍ അപേക്ഷ.
തുടര്‍ന്നും നല്ല സിനിമകളെക്കുറിച്ച് നിരന്തരം എഴുതുക.
അഭിവാദ്യങ്ങളോടെ,
രാജീവ്,
കഥാസംഗ്രഹം എഴുതുന്നത് സിനിമ എന്തിനെക്കുറിച്ചാനെന്ന സൂചന തരാനാണ്. ഇനി അതൊഴിവാക്കി നോക്കാം...
ഷാര്‍ജ ഫിലിംഫെസ്റ്റിവലില്‍ ഗംഭീരന്‍ സിനിമകളുണ്ടായിരുന്നോ...?
ഇതും ഞാന്‍ ഡൌണ്ലോഡ് ചെയ്തു കണ്ടു, പല നല്ല സിനിമകളും mininova.org- യില്‍ ടോരെന്റ്റ് ആയി കിട്ടാനുണ്ട് , eternity and a day, three burials...,lemon tree, amores perros, the return, red, blue, white, തുടങ്ങി അനവധി..ഞാന്‍ ഡൌണ്ലോഡ് ചെയ്തു തളര്‍ന്നു (illegal ആണു എന്നാലും )
banishment എന്തോ എനിക്ക് retrurn പോലെ തന്നെ തോന്നി, അത്ര striking ആയില്ല എന്നും. എന്നാലും നല്ല സിനിമ ഉണ്ടാവുന്നതും ആളുകള്‍ കാണുന്നതും നല്ലത് തന്നെ..റോബി thanks , ഞാന്‍ ലാസ്റ്റ് കണ്ട രണ്ടു സിനിമകളും നിങ്ങളുടെ ബ്ലോഗില്‍ റിവ്യൂ വായിച്ചവയാണ്. ഞാന്‍ download ചെയ്തതും നിങ്ങള്‍ തന്ന ലിന്കില്‍ നിന്നു തന്നെ. നന്ദി
the moment i saw your name in mathrubumi weekly's "blogana", i was sure that its you. not because u r d only roby kuryan but d only one i know. anyway u did a pretty good job. regards.............
...ഇവിടെ പുതിയ വായനക്കാരനാണ് മാഷെ ...
വളരെ നന്നായിരിക്കുന്നു എന്ന് പ്രത്യേകം പറയുന്നില്ല .
//അതില്‍ അപ്പനെ സോവിയറ്റ് യൂണിയനായും മക്കളെ വിവിധ ജനവിഭാഗങ്ങളായും സങ്കല്പിച്ചു നോക്കിക്കേ..
അല്ലെങ്കില്‍,
അപ്പനെ ക്രിസ്തുവായും, മക്കളെ അദ്ദേഹത്തെ മനസ്സിലാക്കാതെ പോയ ശിഷ്യന്മാരായും സങ്കല്പിച്ചു നോക്കിക്കേ...വേറെ ചില dimentions ഉണ്ടായി വരുന്നതായി കാണാം.//...
....വളരെ ശരിയാണ് . ഇത്തരം സിംബോളിക് മാനങ്ങള്‍ക്ക് ചില ശക്തമായ സൂചനകള്‍ സംവിധായകന്‍ അവശേഷിപ്പിക്കുന്നുണ്ട്. റഷ്യയുടെ രാഷ്ട്രീയ പശ്ചാതലങ്ങള്‍ക്ക് പുറമേ
bibilcal മിത്തുകളുടെ ഒരു വലിയ തലവും...അതിനുണ്ട് .
...ഇവാന്‍ അച്ഛനെ ആദ്യമായി കണ്ടതിനു ശേഷം , തട്ടിന്‍ പുറത്തേക്കോടി അവരുടെ ഒരു പഴയ ഫാമിലി ഫോട്ടോ എടുത്തു നോക്കുന്ന ദൃശ്യം ശ്രദ്ധിച്ചോ ..?
അവന്‍ അതെടുക്കുന്നത് ...ഒരു സചിത്ര ബൈബിളിലെ ...,അബ്രഹാം മകനെ ബലി നല്‍കാന്‍ പോകുന്ന ദ്രിശ്യമുള്ള ...,ഒരു പേജില്‍ നിന്നുമാണ് .
....തുടര്‍ന്ന് അരങ്ങേറുന്നതും ....ബലിക്കു മുമ്പ് അബ്രഹാം മകനുമായി നടത്തിയ യാത്രയെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് . എങ്ങോട്ടാണ് അച്ഛന്‍ തന്നെ കൊണ്ട് പോവുന്നത് ഏന് ഒരിക്കലും മകന്‍ അറിയുന്നില്ല . മക്കളോടുള്ള സ്നേഹത്തെക്കാള്‍ അയാള്‍ പ്രാധാന്യം കൊടുക്കുന്ന (?)..ഒരു അധികാരസ്ഥാപനം ഉണ്ട് . (..ബൈബിളില്‍...അത് ദൈവം ആണ്...).
.......ഈ മിത്തിന്റെ രണ്ടാം വരവില്‍ ...,ബൈബിളില്‍ നിന്നും ചിത്രത്തിലേക്കുള്ള മാറ്റത്തില്‍ ....ആകെ സംഭവിക്കുന്ന വ്യത്യാസം 'ബലി' ആണ് . ഇവിടെ അച്ഛന്‍ സ്വയം ബലി നല്‍കപ്പെടുന്നു . ആത്മത്യാഗം തന്നെ ..
വിവിധ ഭാവങ്ങളിലുള്ള ...ജലത്തിന്റെയും അഗ്നിയുടെയും സാന്നിധ്യം ......tharkovskiyan സിനിമകളില്‍ എന്ന പോലെ ഇവിടെയും കാണാം ...return ലും ബാനിഷ്മെന്റ് ലും .
ഒരു ചെറിയ കുന്നിന്‍ മുകളില്‍ നിന്ന് ആരംഭിക്കുന്ന ----ഒരു മരത്തിനടിയില്‍ നിന്നും --
ഒരു സിംഗിള്‍ പാന്‍ ഷോട്ട് ബാനിഷ്മെന്റ് ല ഉള്ളത് ശ്രദ്ധിച്ചോ ...?
...മഴ പതുക്കെ തുടങ്ങി ......കെട്ടിക്കിടന്നിരുന്ന വെള്ളം ചലനാത്മകമായി ...പതുക്കെ താഴേക്കു ഒഴുകിയിറങ്ങി ....അഴുക്ക് കലര്‍ന്ന്‍ ....പുല്ലിനിടയിലൂടെ വീണ്ടും ഒഴുകിയിറങ്ങി ......തെളിഞ്ഞ വെള്ളത്തില്‍ വന്നു ചേര്‍ന്ന് .....ഒഴുക്ക് വലുതാവുന്ന .....ഒരു സീക്വന്‍സ് .
അടുത്ത ഷോട്ട് , കനക്കുന്ന മഴയാണ് ....
നോസ്ടാല്ജിയ യിലും മിറരിലും...ഏറെ കണ്ട ..പരിചരണ രീതി ..!
പലപ്പോഴും ഒഴുകുന്ന വെള്ളവും മഴയുമാണ് ഇവിടെയും --ബാനിഷ്മെന്ടിലും --പശ്ചാത്തല സംഗീതമായി പോലും വരുന്നത് .
....contemporary world സിനിമ യിലെ ഏറ്റവും പ്രോമിസിംഗ് ആയ സംവിധായകന്‍ ആണ് Andrei Zvyagintsev എന്നാണു എനിക്ക് തോന്നുന്നത് ...
നല്ല ലേഖന. നന്ദി
Post a Comment