Sunday, December 14, 2014

രാജീവ് രവിയോട്...സ്നേഹപൂർവം !! *

സൌത്ത് ലൈവിൽ വന്ന രാജീവ് രവിയുടെ അഭിമുഖം ഉണർത്തിവിട്ട ചില ചിന്തകളെ അടുക്കിവെക്കാനുള്ള ശ്രമമാണ്. പലതും മുൻപ് പലയിടത്തായി എഴുതിയിട്ടുള്ളതുമാണ്. ആദ്യമേ പറയട്ടെ, സാധാരണ മലയാളത്തിലെ സിനിമാക്കാരുടെ അഭിമുഖങ്ങൾ പോലെയല്ല രാജീവിന്റെ അഭിമുഖം. പാരായണക്ഷമമാണ്, ചിന്തിപ്പിക്കുന്നതും പ്രൊവോക്ക് ചെയ്യുന്നതുമാണ്. രാജീവ് രവി പറഞ്ഞതിൽ ചില കാര്യങ്ങൾ ചെറിപിക്ക് ചെയ്ത് പലയിടത്തും ചർച്ചയായിക്കഴിഞ്ഞു. രാജീവ് പറഞ്ഞതിന്റെ സമഗ്രതയിൽ വ്യക്തമാകുന്ന കാര്യം രാജീവിന്റെ പൊളിറ്റിക്കൽ കമ്മിറ്റ്മെന്റാണ്. ആദ്യം ബ്ലർബുകളും പിന്നീട് വിവാദവുമായ പ്രസ്താവനകളെല്ലാം ഈ പൊളിറ്റിക്കൽ കമ്മിറ്റ്മെന്റ് എന്ന ലക്ഷ്യത്തിലേക്കുള്ള പടവുകൾ മാത്രമാണ്. രാജീവ് പറഞ്ഞതിനോട് ചില യോജിപ്പുകളും വിയോജിപ്പുകളും അവതരിപ്പിക്കാനൊരു ശ്രമം. ‌

ആദ്യം വിവാദമായ ചെറിപ്പിക്കുകൾ തന്നെയാകാം.


ഇന്ത്യൻ സിനിമ നശിപ്പിച്ചത് ആരാണെന്നറിയാമോ? തൊണ്ണൂറുകളില്റോജാ എന്ന പടവുമായി ഒരു പാര്ട്ടി ഇറങ്ങി. അതുകഴിഞ്ഞിട്ട് അങ്ങിനെ ചിലരെല്ലാം കൂടി വന്ന് നമ്മുടെ സെന്സിബിലിറ്റി നശിപ്പിച്ചു. മണിരത്നത്തിന് ഉത്തരവാദിത്തമുണ്ട്. വലിയൊരു സംഘം ചെറുപ്പക്കാരെ നശിപ്പിച്ചു. ഒരു തരത്തിലുള്ള പൊളിറ്റിക്സുമില്ലാതെ റൂട്ടഡ് അല്ലാത്ത, ഒരു കാര്യവുമില്ലാത്ത സ്പെക്റ്റക്കിള്സ് സൃഷ്ടിച്ചു. എന്തിനാണെന്ന് ആര്ക്കുമറിയില്ല. കാണുന്നത് ഭംഗിയുണ്ടാകണം. അത്രയെയൊള്ളു. അതിനൊരു വോളിയമില്ലെന്നു മാത്രമല്ല വളരെ തിന്ആണ്.
മണിരത്തിനം ഇന്ത്യൻ സിനിമയെ നശിപ്പിച്ചു എന്നൊന്നും അഭിപ്രായമില്ലെന്കിലും പൊതുവെ മണിരത്തിനത്തെപ്പറ്റി പറഞ്ഞതിനോട് യോജിക്കുന്നു. ഈ വിഷയത്തിൽ മൂന്നുകൊല്ലം മുൻപെഴുതിയ ഒരു നോട്ട് ഷെയറു ചെയ്യട്ടെ. ഭൂരിപക്ഷരാഷ്ട്രീയം ഷെയറു ചെയ്യുന്ന spectacle മെലോഡ്രാമകൾ എന്നതിലധികം പരിഗണനകളൊന്നും മണിരത്തിനം  ചലച്ചിത്രങ്ങളർഹിക്കുന്നാതി തോന്നിയിട്ടില്ല, കലാപരമായും അല്ലാതെയും.

ശ്രീനിവാസന്റെ സിനിമകള്എനിക്ക് ഭയങ്കര വെറുപ്പാണ്. അന്നും, ഇന്നും. മിഡില്ക്ലാസിന്റെ ചില സംഗതികള്എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അയാള്പറയുന്നത്? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ സമൂഹത്തിന്? ഇല്ലല്ലോ? വെറുതേ പാര്ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാള്പൈസയുണ്ടാക്കി വീട്ടില്പോയിരുന്നു. അതുകൊണ്ടെന്ത്?
ശരിക്കും ശ്രീനിവാസനെയാണു ഫ്രോഡെന്നു (a person who makes deceitful pretenses) പറയേണ്ടത്. ഇരുണ്ടനിറമുള്ളവനെന്നും ഉയരം കുറഞ്ഞവനെന്നുമുള്ള ജാമ്യത്തിൽ ഇരുണ്ട നിറമുള്ളവരെയും ഉയരം കുറഞ്ഞവരെയും പരിഹസിക്കുക, അങ്ങനെ സമൂഹത്തിലും സിനിമയിലും നിലനിൽക്കുന്ന അധികാര-സൌന്ദര്യ-ജാതി വ്യവസ്‌‌ഥയെ താങ്ങിനിർത്തുക, അതേ സമയം പുരോഗമനചിന്താഗതിക്കാരനെന്നു നടിക്കുകയും ജാതി അടക്കമുള്ള സാമൂഹ്യയാഥാർത്ഥ്യങ്ങളെ പരിഹസിക്കുന്നു എന്നു വരുത്തിത്തീർക്കുകയും ചെയ്യുക, യാതൊരു കഴിവുമില്ലാതൊരുന്നിട്ടും മക്കളെ സിനിമയിലേക്ക് കൈപിടച്ചുയർത്തുക വഴി സിനിമാക്കാരെന്ന exclusivity (പുതിയ കാലത്തെ ജാതിവ്യവസ്‌‌ഥ) നിലനിർത്തുക, സിനിമകൾക്ക് അവാർഡുകൾ വാങ്ങിക്കൊണ്ട് അവാർഡുകളെ പരിഹസിക്കുക, തനിക്കാദ്യം അവസരങ്ങൾ തന്നതും നടനാക്കിയതും ആർട്ട് സിനിമാക്കാരായിരുന്നെന്നു മറന്ന് ആർട്ട് സിനിമകളെ പുച്ഛിക്കുക, തിരക്കഥകളും ആശയങ്ങളും മോഷ്ടിക്കുക...ശ്രീനിവാൻ ചലച്ചിത്രങ്ങളിലെ അരാഷ്ട്രീയത ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന കപടനാട്യവും അതു സാംസ്കാരികവ്യവസ്‌‌ഥയിലുണ്ടാക്കുന്ന 'moral numbness’-ഉം വെച്ച് നോക്കുന്പോൾ അയാൾ പറയുന്നതിലെ ഡെക്കാഡെൻസ് നിസ്സാരമെന്നേ തോന്നുന്നുള്ളൂ.
ടരന്റീനോ ലോക ഫ്രോഡാണ്. 
വിയോജിക്കുന്നു. ടരന്റീനോ, രാജീവ് രവിയെപ്പോലെ സമൂഹത്തെ നന്നാക്കാനുള്ള ഉപാധിയായി സിനിമയെ കാണുന്നില്ലെന്നും, രാജീവ് രവി ചെയ്യുന്നതുപോലെ സോഷ്യൽ കമ്മിറ്റ്മെന്റൊന്നും വിളിച്ചുപറഞ്ഞു നടക്കുന്നില്ലെന്നതും ശരിയായിരിക്കാം. അതിന്റെ പേരിൽ ഒരാളെ ഫ്രോഡ് (a person who makes deceitful pretenses) എന്നു വിളിക്കുന്നത് ലളിതമായി പറഞ്ഞാൽ അധികപ്രസംഗമാണ്. എല്ലാവർക്കും ഒരേ അളവിൽ സോഷ്യൽ കമ്മിറ്റ്മെന്റ് ഉണ്ടായിരിക്കണമെന്നൊക്കെ വാശിപിടിക്കുന്നതും ഫാഷിസത്തിലേക്കുള്ള വഴി തന്നെയാണ്. അല്ലെന്കിൽത്തന്നെ രാജീവ് രവിയുടെ സമൂഹത്തിലല്ല ടരന്റീനോ ജീവിക്കുന്നത്. താൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ടരന്റീനോയ്‌‌ക്ക് വ്യക്തമായ (രാഷ്ട്രീയ)വീക്ഷണങ്ങളുണ്ട്, അഭിപ്രായങ്ങളുണ്ട്. അതു സിനിമയിലൂടെ അവതരിപ്പിക്കാറുമുണ്ട്. രാജീവ് രവിയ്‌‌ക്കതു മനസ്സിലാകുന്നുണ്ടോ എന്നത് ടരന്റീനോയുടെ വിഷയമല്ല.

ടരന്റീനോയുടെ സിനിമകൾ രാജീവ് രവി കരുതുന്നതുപോലെ രാഷ്ട്രീയമില്ലാത്ത വെറും എന്റർടെയിനറുകളല്ല. ടരന്റീനോ സിനിമകളിലെ ഫെമിനിസ്റ്റ് സ്വഭാവത്തെക്കുറിച്ച് മുൻപ് ഈ ബ്ലോഗിൽത്തെന്നെയെഴുതിയ ഒരു ചെറിയ പോസ്റ്റ്: ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ : ടരന്റിനോ വേർഷൻ. ടരന്റിനോയുടെ ഹെയിറ്റ്ഫുൾ എയ്റ്റ് എങ്ങനെ ഒരു പൊളിറ്റിക്കൽ അലിഗറിയാകുന്നു എന്ന് വിശദീകരിക്കാൻ ശ്രമിക്കുന്ന മറ്റൊരു ബ്ലോഗ് പോസ്റ്റ്. പൾപ്പ് ഫിക്ഷനിലെ പൊളിറ്റിക്കൽ മെസ്സേജിനെക്കുറിച്ച് എഴുതിയ ഒരു ബ്ലോഗ്‌‌പോസ്റ്റ്: പൾപ്പ് ഫിക്ഷനിലെ പൾപ്പ് !

ഉൾക്കരുത്ത് നഷ്ടപ്പെട്ട് ഉപരിപ്ലവമായിപ്പോകുന്ന, എംടിവി ജെനറേഷനു ശേഷമുള്ള അമേരിക്കൻ പോപ്പ് കൾച്ചറിന്റെ പൊള്ളത്തരത്തെക്കുറിച്ചുള്ള സാമൂഹ്യവിമർശനമാണ് പൾപ്പ് ഫിക്ഷന്റെ മെസ്സേജ് (ഉള്ളടക്കം) എന്നു പറയാം. എന്നാൽ ടരന്റീനോയുടെ ഇമേജ് ഇതേ അമേരിക്കൻ പോപ്പ്കൾച്ചറിന്റെ പോസ്റ്റർബോയ് എന്നതായിപ്പോയി ടരന്റീനോ എന്ന വ്യക്തിത്വത്തെ പരിഗണിക്കുന്പോഴുള്ള രസകരമായ ഐറണി. എന്നാൽ ഈ ഇമേജാകട്ടെ ടരന്റീനോയുടെ സിനിമകൾക്ക് സമാന്തരവും, ബോധപൂർവം സൄഷ്ടിക്കപ്പെട്ടതുമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഉള്ളടക്കത്തിനു കടകവിരുദ്ധമായ റെസ്പോൺസ് പ്രേക്ഷകരിലുണ്ടാക്കുന്നതുപോലെ, താൻ പറയുന്നതിനു നേർവിപരീതമായ സാംസ്കാരികതയുടെ വക്താവായി അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുന്നു.

എന്നാൽ തന്റെ സിനിമകളിലെ മെസ്സേജിനെപ്പറ്റിയോ തന്റെ ഫിലോസഫിയെപ്പറ്റിയോ ടരന്റീനോ ഒന്നും തന്നെ തുറന്നു സംസാരിക്കാറില്ല.
The main reason that I don’t go on record is because I really believe in what the audience brings. . . . People come up to me and tell me what they think it means and I am constantly astounded by their creativity and ingenuity. As far as I’m concerned, what they come up with is right, they’re 100 percent right.(1)
തന്റെ സിനിമകളുടെ മെറിറ്റിനെപ്പറ്റിയും അയാൾക്ക് അവകാശവാദങ്ങളില്ല. താനുണ്ടാക്കുന്നത് സിനിമകളല്ലെന്നും ‘മൂവി മൂവി’കളാണെന്നുമാണ് ടരന്റീനോ പറയുക. ബെർഗ്മാനെയോ അന്റോണിയോണിയെ പോലെയുള്ള ഒരു ഫിലിം മേക്കറല്ല താനെന്നും, തന്റെ പരിമിതികളെക്കുറിച്ചും അയാൾ തികച്ചും ബോധവാനുമാണ്.

ഞാൻ ടരന്റീനോ ഫാനല്ല. അയാളുടെ സെൻസിബിലിറ്റിയെക്കുറിച്ചും അയാളുടെ സിനിമകളിലെ വയലൻസിനെക്കുറിച്ചും കോംപ്രമൈസുകളെക്കുറിച്ചും എനിക്ക് വിയോജിപ്പുകളുണ്ട്. എന്നാൽ പോലും അയാൾക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നതും സെൻസിബിലിറ്റിയുണ്ടെന്നതും, രാജീവ് രവി ചെയ്യുന്നതുപോലെ അവകാശവാദങ്ങളുന്നയിക്കാത്തതും ഞാൻ ബഹുമാനിക്കുന്നു. ഫിലിം മേക്കറെന്ന നിലയിൽ അയാളുടെ സിനിമകൾ എന്റെ അഭിപ്രായത്തിലെ മികച്ചതും ഞാൻ ബഹുമാനിക്കുന്നതുമായ സിനിമകളല്ലെന്കിൽ പോലും അയാൾ ചെയ്യുന്ന innovative craft നിസ്സാരമല്ലെന്ന് ഞാൻ കരുതുന്നു. എന്റെ അഭിപ്രായത്തിൽ ടരന്റീനോ ‘ഫ്രോഡ്’ എന്നതിന്റെ എതിർ എന്താണോ, അതാണ്. ഒരു ഫ്രോഡ് തനിക്കില്ലാത്ത ഗുണങ്ങളുള്ളതായി ഭാവിക്കുന്പോൾ ടരന്റീനോ തനിക്കുള്ള ഗുണങ്ങളെപ്പോലും എടുത്തുകാണിക്കാതെ ഉപരിപ്ലവതയുടെയും പോപ്പ് കൾച്ചറിന്റെയും പ്രവാചകനെന്ന മോശം ഇമേജുമായി നടക്കുന്നു, അതാസ്വദിക്കുകയും ചെയ്യുന്നു.


ഒരു യഥാർത്ഥ ഫിലിം മേക്കർ ആണെങ്കില്‍, അവന്റെ തലയില്സിനിമയുണ്ടെങ്കിൽഅവന് തിരക്കഥയുടെ ആവശ്യമൊന്നുമില്ല. 1, 2, 3 എന്നൊക്കെ പറഞ്ഞ് അവന്റെ തലയില്ഒരു ധാരണ മതി. മിസ്സ് ആവാതിരിക്കാന്എന്തെങ്കിലും എഴുതിവെക്കാം. അല്ലാതെ ഒരു പേജ് എന്ന് പറഞ്ഞാല്ഇത്ര മിനിറ്റ്, മൂന്ന് പേജ് ഒരു ദിവസം ഷൂട്ട് ചെയ്യണം, 90 പേജ് ആയിരിക്കണം ഒരു സ്ക്രിപ്റ്റ് എന്നൊക്കെ പറഞ്ഞുള്ള ഒരു കണക്ക്. സ്റ്റുഡിയോവിനുള്ളില്കലാകാരനെ പൂട്ടിയിടുന്ന ഒരേർപ്പാടാണ്. തിരക്കഥ കത്തിച്ച് കളഞ്ഞിട്ട് വേണം ഒരു സിനിമയെടുക്കാന്ഇറങ്ങാൻ.
രാജീവ് രവി പറഞ്ഞതിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ഈ ക്വോട്ട് ചെയ്തതിലെ 'തിരക്കഥ കത്തിച്ച് കളഞ്ഞിട്ട് വേണം ഒരു സിനിമയെടുക്കാന്‍ ഇറങ്ങാൻ’ എന്ന വാചകം എന്നു തോന്നുന്നു. തിരക്കഥ കത്തിച്ചുകളയണമെന്ന രാജീവ് രവിയുടെ പ്രസ്ഥാവന അക്ഷരാർത്ഥത്തിലെടുക്കേണ്ട ഒന്നാണെന്നു തോന്നുന്നില്ല. ക്രിയേറ്റിവിറ്റിയിലെ ഹോളിവുഡിന്റെ സാംസ്കാരിക സ്വാധീനത്തെ ചെറുക്കണമെന്നാണതിനർത്ഥം എന്നാണു ഞാൻ കരുതുന്നത്. അങ്ങനെയാണെന്കിൽ അതിനോട് പൊളിറ്റിക്കലായി യോജിക്കുകയും ചെയ്യുന്നു.  എന്കിൽത്തന്നെ മറ്റു ചില തലങ്ങളിൽ വിയോജിക്കാവുന്ന വാചകമാണതെന്നത് വേറെ കാര്യം. ഹോളിവുഡിൽ നിന്നു വരുന്ന തിരക്കഥയിലെ act structure ഒക്കെ കൂടുതൽ ഓർഗനൈസ്ഡ് ആയ നറേറ്റീവുകൾക്കുള്ള ശ്രമങ്ങളാണ്. ജനപ്രിയസിനിമകളിൽ ഇതുപലപ്പോഴും ഗുണകരമാണെന്നും കാണാം. സമീപകാലത്ത് ഹോളിവുഡ് സ്റ്റൈലിലുള്ള തിരക്കഥാരചനാരീതിയുപയോഗിച്ച രണ്ടു മലയാളസിനിമകളാണ് മുംബൈ പോലീസ്, മെമ്മറീസ് എന്നിവ. ഒരു ഓർഗനൈസ്ഡ് ഘടന ഈ രണ്ടു സിനിമകളെ കൂടുതൽ ഗുണകരമായി സഹായിച്ചതായി എനിക്കു തോന്നി. എന്നാൽ ലൂസായ ഘടന കൊണ്ട് സഫർ ചെയ്ത വർക്കായിരുന്നു രാജീവ് രവിയുടെ ‘അന്നയും റസൂലും’ എന്നു പറഞ്ഞാൽ രാജീവ് പിണങ്ങുമോ? മുംബൈ പോലീസ് ഒക്കെ വെറും കൊമേഴ്സ്യൽ സിനിമകളും തന്റേത് ഉദാത്തമായ പൊളിറ്റിക്കൽ സിനിമയുമാണെന്നാണു വാദമെന്കിൽ ഞാനതു വാങ്ങുന്നില്ല എന്നു ഖേദപുർവം പറയട്ടെ. എന്നെ സംബന്ധിച്ചിടത്തോളം രണ്ടും കൊമേഴ്സ്യൽ സിനിമകൾ തന്നെയാണ്. അതിലേക്ക് പിന്നീട് വരാം.

ഇനി മേലെ ക്വോട്ടു ചെയ്ത ഭാഗം വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ സിനിമയെടുക്കണമെന്നാണു പറയുന്നതെന്കിൽ അതിനോട് ശക്തമായി വിയോജിക്കേണ്ടി വരുന്നു. കാരണം, ഫിലിം മേക്കിംഗ് ശൈലികൾ വലിയൊരു സ്പെക്ട്രം പോലെയാണെന്നും അതിലെ അതിശക്തമായൊരു ശൈലിയെ അത് അവഗണിക്കുന്നു എന്നതുമാണ് കാരണം.

ഫിലിം മേക്കിംഗ് എന്ന സ്പെക്ട്രം
ഫിലിം മേക്കിംഗ് ശൈലികൾ വലിയൊരു സ്പെക്ട്രം പോലെയാണെന്നു പറഞ്ഞു. ഇതിന്റെ ഒരു ഭാഗത്ത് ഓരോ വിശദാംശങ്ങളും വ്യക്തമായി, വിശദമായി പ്ലാൻ ചെയ്ത് ഷൂട്ട് ചെയ്യുന്ന രീതിയാണെന്കിൽ, മറ്റേയറ്റത്ത് ഇംപ്രോവൈസേഷനൊക്കെയുപയോഗിച്ച് കുറെയെറെ ഷൂട്ട് ചെയ്യുകയും എഡിറ്റിംഗ് ടേബിളിൽ സിനിമയ്ക്ക് അന്തിമരൂപം കൊടുക്കുകയും ചെയ്യുന്ന രീതിയാണ്. ആദ്യത്തെ രീതിയിലെ സംവിധായകരെ പ്രിസിഷൻ ഫിലിം മേക്കേഴ്സ് എന്നു പറയും. യാസുജിറോ ഓസു, ബ്രെസ്സോൺ, ബേലാ താർ, മൈക്കൽ ഹാനേക്ക്, ഹിച്ച്കോക്ക്, ബെർഗ്മാൻ, സത്യജിത് റേ തുടങ്ങി ഹോളിവുഡിലെ ഫിഞ്ചറും മലയാളത്തിലെ അടൂരും വരെയുള്ളവർ ഈ രീതി പിന്തുടരുന്നവരാണ്. ഈ സ്പെക്ട്രത്തിന്റെ മറ്റേയറ്റത്താണ് തിരക്കഥയില്ലാതെ, ഇംപ്രോവൈസേഷൻ രീതിയിൽ ഷൂട്ട് ചെയ്യുന്ന മൈക്ക് ലീ, വോംഗ് കർ വായ്, തിരക്കഥയെഴുതിയിട്ട് ഇംപ്രോവൈസ് ചെയ്യുന്ന ജോൺ കാസാവെറ്റിസ്, ഔട്ട് ലൈൻ എഴുതിയിട്ട് ഒത്തിരിയേറെ ഷൂട്ട് ചെയ്യുന്ന ടെറൻസ് മാലിക് തുടങ്ങിയ സംവിധായകർ. ഇതിൽ ഒരു ശൈലിയെയും തീർത്തും എഴുതിത്തള്ളാനാവില്ല എന്നാണെന്റെ അഭിപ്രായം. ഓരോ സംവിധായകരും ഓരോ ശൈലി ഡെവലപ്പ് ചെയ്യുന്നു. ബേലാ താർ ഒക്കെ ഇംപ്രോവൈസേഷൻ ശൈലിയിൽ തുടങ്ങി പ്രിസിഷൻ ശൈലിയിലേക്ക് മാറിയതാണ്. സ്കോർസേസിയാകട്ടെ കൈകാര്യം ചെയ്യുന്ന വിഷയമനുസരിച്ച് രണ്ടു ശൈലികളും സ്വീകരിക്കാറുണ്ട്. അന്നയും റസൂലും കണ്ടപ്പോൾ തോന്നിയത് രാജീവ് രവി ഈ പറഞ്ഞതിൽ രണ്ടാമത്തെ ശൈലിയോട് കൂടുതൽ അടുത്തു നിൽക്കുന്നു എന്നാണ്. എന്നു കരുതി മറ്റൊരു ശൈലി പിന്തുടരുന്നവരെ ഇകഴ്‌‌ത്തുന്നത് ശരിയായ നിലാപാടാണെന്ന് തോന്നുന്നില്ല. ഹിച്ച്കോക്കിനും ഓസുവിനും ബ്രെസോണിനുമൊന്നും മനസ്സിൽ സിനിമയില്ലായിരുന്നു എന്നു പറഞ്ഞാൽ അതു വിവരക്കേടല്ലാതെ മറ്റൊന്നുമല്ല.

ഇനി ഹോളിവുഡ് സിനിമകളെ പാടെ പുച്ഛിക്കുന്നതാണ് രാജീവ് രവിയുടെ അഭിമുഖത്തിൽ കാണുന്ന സ്ഥിരമായ നിലപാട്. എന്നാൽ ഈ പറയുന്ന രാജീവ് രവി പോലും ഹോളിവുഡ് സ്വാധീനത്തിൽ നിന്നും പാടെ മുക്തമല്ല എന്നതാണു വസ്തുത. 

അന്നയും റസൂലും- ഹോളിവുഡ് സ്വാധീനം

ഏതാനും കഥാപാത്രങ്ങളെ ഒരു നിശ്ചിതകാലയളവിലേക്ക് പിന്തുടരുകയും അവരുടെ ജീവിതാനുഭവങ്ങളിലൂടെ പ്രേക്ഷകരിൽ വൈകാരികാനുഭവം സൄഷ്ടിക്കുകയും ചെയ്യുന്ന രീയിയായിരുന്നു ‘അന്നയും റസൂലും’ എന്ന ചിത്രത്തിൽ രാജീവ് രവി സ്വീകരിച്ചത്. ഇത് മലയാളത്തിൽ താരതമ്യേന പുതിയരീതിയാണെന്കിലും ലോകസിനിമയിൽ 1960-കൾ മുതൽ നിലവിലുള്ള രീതിയാണ്. പൂർണമായും Hand held camera, subjective shots, സൂം, റീഫ്രെയിമിംഗ്, ക്ലോസപ്പ് പോലെയുള്ള പോലെയുള്ള സന്കേതങ്ങളുടെ ഉപയോഗം എന്നിവയൊക്കെയാണു ഈ രീതിയുടെ പ്രകടമായ അടയാളങ്ങൾ.
എന്റെയറിവിൽ അമേരിക്കൻ സംവിധായകനായ ജോൺ കാസവേറ്റിസാണ് ഈ ശൈലി ശ്രദ്ധേയമാക്കിയ ആദ്യത്തെ സംവിധായകൻ (A woman under the influence, Minnie and Moskowits, Shadows). അതിനുശേഷം പല രാജ്യങ്ങളിൽ നിന്നുള്ള അനേകം സംവിധായകർ ശൈലി പരീക്ഷിച്ചിട്ടുണ്ട്. ഹംഗറിയിൽ നിന്നുള്ള ബേലാ താർ ആദ്യകാലത്ത് ശൈലിയിൽ സിനിമകളെടുത്തിരുന്നു. വോൺ ട്രയർ, ബെൽജിയത്തിൽ നിന്നുള്ള Dardenne brothers, ഫ്രാൻസിൽ നിന്നുള്ള Abdellatif Kechiche, ഗിയും കാനെ (Little White Lies) എന്നിവരൊക്കെ ശൈലി വിജയകരമായി പരീക്ഷിച്ചവരാണ്

അന്നയും റസൂലും എന്ന ചിത്രത്തിൽ ആദ്യഭാഗത്തെ ചില ഷോട്ടുകൾ നോക്കാം.
ആദ്യകാലത്ത് ക്യാമറകളിൽ സൂം ചെയ്യനുള്ള ടെക്നിക്കൊന്നുമില്ലാതിരുന്ന കാലത്ത്, നാടകീയത കൂട്ടാനും കഥാപാത്രത്തെ കൂടുതൽ സമീപത്ത് കാണിക്കാനുമായി ഹോളിവുഡിലെ സംവിധായകർ രൂപം കൊടുത്ത സന്കേതമാണ് നേർരേഖയിൽ ക്യാമറ മുന്നോട്ടു നീക്കി ചിത്രീകരിക്കുന്ന ആക്സിയൽ കട്ട്.


ഈ ഷോട്ടുകളിലെ കോന്പോസിഷൻ ശ്രദ്ധിക്കുക. ദൂരെ നിന്നു തുടങ്ങി ക്രമേണ കൂടുതൽ കൂടുതൽ കഥാപാത്രത്തിനടുത്തേക്കു നീങ്ങുന്ന രീതി, ആക്സിയൽ കട്ടിന്റെ വേറൊരു വകഭേദമാണെന്നു പറയാം. (ഈ ഷോട്ടുകൾ തീർത്തും തുടർച്ചയായിട്ടല്ല വരുന്നത്.) ഇതാണു നായകനെന്നും, ഇയാളെയാണു ശ്രദ്ധിക്കേണ്ടതെന്നും പ്രേക്ഷകർക്ക് സൂചന നൽകുന്ന ഈ സന്പ്രദായവും ഹോളിവുഡിൽ തുടങ്ങിയതു തന്നെ. ക്രമേണ കഥാപാത്രവുമായുള്ള പ്രോക്സിമിറ്റി കൂടി വരികയും, പ്രേക്ഷകർ കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ചു വരികയും ചെയ്യുന്നു. അല്പം കൂടി കഴിയുന്പോൾ കാറിനുള്ളിൽ നിന്ന് റസൂലെന്ന കഥാപാത്രത്തെ കൂടുതൽ സമീപത്തു നിന്നു ചിത്രീകരിക്കുന്ന ദൈർഘ്യം കൂടുതലുള്ള ഷോട്ടുകളും കാണാം. ഈ ചിത്രത്തിൽ രാജീവ് രവി ഉപയോഗിച്ചിരിക്കുന്ന മറ്റ് അടിസ്ഥാന സന്കേതങ്ങളും റഷ്യയിലും ഹോളിവുഡിലുമായി തുടങ്ങിയതു തന്നെ. ‘അന്നയും റസൂലും’ കോപ്പിയാണെന്ന് പറയാനൊന്നുമല്ല ഞാനുദ്ദേശിക്കുന്നത്. മറിച്ച്, ഹോളിവുഡ് അടക്കമുള്ള ഇതര ഫിലിം മേക്കിംഗ് സന്പ്രദായങ്ങളുടെ സ്വാധീനമില്ലാതെ പൂർണമായും സ്വതന്ത്രമായ സിനിമയെടുക്കാൻ ഇന്നത്തെ കാലത്ത് സാധ്യമല്ലെന്ന് സൂചിപ്പിക്കാനാണ്. അടിസ്ഥാനത്തിലേക്കു പോകുന്പോൾ രാജീവ് രവി ഉപയോഗിക്കുന്നതും ഹോളിവുഡിലൊക്കെ വികസിപ്പിച്ചെടുത്ത ദൄശ്യഭാഷ തന്നെ ! നമുക്കു മുൻപുണ്ടായിരുന്നവരുടെ തോളിലാണ് നമ്മളൊക്കെ നിൽക്കുന്നത് എന്നു തിരിച്ചറിയുന്നതിൽ അഭിമാനപ്രശ്നമൊന്നും തോന്നേണ്ടതില്ല.

രാജീവ് രവിയിലെ ഹോളിവുഡ് സ്വാധീനം അവിടം കൊണ്ടും നിൽക്കുന്നില്ല.
അന്നയും റസൂലും എന്ന ചിത്രത്തിൽ ആദ്യഭാഗം റസൂൽ എന്ന പ്രധാനകഥാപാത്രത്തെയും അയാളുടെ ചുറ്റുപാടുകളും അവതരിപ്പിക്കലാണ്. ഹോളിവുഡിൽ നിന്നുളള തിരക്കഥാപുസ്തകങ്ങളനുസരിച്ച് set up, character development എന്നൊക്കെ വിളിക്കുന്ന ആദ്യത്തെ ആക്ടാണിത്.
28-മത്തെ മിനിറ്റിൽ നമുക്കീ രണ്ടു ഷോട്ടുകൾ കിട്ടുന്നു.



റസൂൽ അന്നയെ കാണുന്നത് 28-മത്തെ മിനിറ്റിലാണ്. ഇതാണ് പ്രണയകഥയുടെ തുടക്കം, അഥവാ inciting event. രണ്ടു മണിക്കൂറിലധികം നീളമുള്ള സിനിമകളിൽ എതാണ്ട് 30 മിനിറ്റിനോടടുപ്പിച്ച് inciting event വരുന്നതാണു പതിവ്.

ഏതാണ്ട് ഒരു മണിക്കൂറിനോടടുപ്പിച്ച് റസൂൽ അന്നയോടുള്ള പ്രണയം തുറന്നു പറയുന്നു.

1 മണിക്കൂർ 25 മിനിറ്റാകുന്പോൾ അന്നയ്‌‌ക്ക് തിരിച്ചും പ്രണയമാണെന്ന് തത്വത്തിൽ സമ്മതിക്കുന്നു.

ഏതാണ്ട് അരമണിക്കൂർ ഇടവേളയിലാണ് സിനിമയിലെ പ്രധാന പ്ലോട്ട് പോയിന്റുകൾ സംഭവിക്കുന്നത്. ഇത് രാജീവ് രവി തിരക്കഥാപുസ്തകം നോക്കി ബോധപൂർവം ചെയ്തതായിരിക്കില്ല, യാദൄച്ഛികമായി സംഭവിച്ചതാകാം. പക്ഷേ, in effect ഹോളിവുഡിലെ സാന്പ്രദായിക രീതിയിലാണിതു സംഭവിച്ചത് എന്നത് ചൂണ്ടിക്കാണിക്കാതെ വയ്യ. ചുരുക്കത്തിൽ തിരക്കഥാ പുസ്തകങ്ങൾ നോക്കി ചെയ്യുന്നത് മോശവും നോക്കാതെ ചെയ്യുന്നത് മഹത്തരവുമാകുന്നതെങ്ങനെയെന്ന് രാജീവ് രവിയുടെ സിനിമയിൽ നിന്നും എനിക്ക് മനസ്സിലാക്കാനാകുന്നില്ല.

രാഷ്ട്രീയത്തിന്റെ അസ്കിത
വിനോദത്തിനായി സിനിമയെടുക്കുന്നു എന്നതിനോട് പുച്ഛമാണ് രാജീവ് രവി പറയുന്ന മറ്റൊരു കാര്യം. പുച്ഛമൊക്കെ നല്ല കാര്യം. ചില നിലപാടുകൾ എത്തേണ്ടിടത്തെത്തിക്കാൻ പുച്ഛവും വേണ്ടി വരും. എന്നാൽ വിനോദത്തിനായി സിനിമയെടുത്തതുകൊണ്ടും സിനിമ ആളുകളെ വിനോദിപ്പിച്ചതുകൊണ്ടുമാണ് സിനിമ ഒരു നൂറ്റാണ്ട് കാലം നില നിന്നതെന്ന വസ്തുതയെ മറന്നുകൂട. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ സിനിമയും വിനോദത്തിനു വേണ്ടിയുള്ളതാണ്. വിനോദം എന്നത് മൂന്നു തലത്തിലുണ്ടെന്നാണ് എന്റെ അഭിപ്രായം. കാലുകൾക്കിടയിലെ വിനോദവും തോളുകൾക്കിടയിലെ വിനോദവും ചെവികൾക്കിടയിലെ വിനോദവും. കിന്നാരത്തുന്പികൾ പോലെയുള്ള ഇറോട്ടിക് സിനിമകളും മറ്റും ലക്ഷ്യമിടുന്നത് തൊലിപ്പുറമെയുള്ള (കാലുകൾക്കിടയിലെ) വിനോദമാണ്. തനിയാവർത്തനവും ആകാശദൂതും മുതൽ അന്നയും റസൂലും വരെയുള്ള ചില സിനിമകൾ ലക്ഷ്യമിടുന്നത് വൈകാരികമായ (തോളുകൾക്കിടയിലുള്ള) വിനോദമാണ്. അതേസമയം അനന്തരം പോലെയുള്ള സിനിമകൾ ലക്ഷ്യമിടുന്നത് കൂടുതൽ ബൌദ്ധികമായ (ചെവികൾക്കിടയുള്ള) വിനോദമാണ്.  
സാന്പ്രദായിക രീതിയിൽ ഒട്ടുമേ വിനോദിപ്പിക്കാത്ത ഗൊദാർദിന്റെ ചില സിനിമകൾ പോലും (Film Socialism) ചിലർക്ക് വിനോദമായിരിക്കും. ആ സിനിമയിലെ മനോഹരമായ ചില കോന്പോസിഷനുകളും, അതിന്റെ നിഗൂഢമായ ഘടനയും ആ സിനിമയിലൂടെ ഗൊദാർദ് പന്കുവെക്കുന്ന രാഷ്ട്രീയം മനസ്സിലാക്കുന്പോഴുള്ള സന്തോഷവും ആ നിലപാടിനോടുള്ള യോജിപ്പുമാണു എന്നെ സംബന്ധിച്ചിടത്തോളം ആ സിനിമ നൽകുന്ന വിനോദം. പ്രൊപ്പഗാൻഡ സിനിമകൾ പോലും അതാതു രാഷ്ട്രീയവുമായി യോജിക്കുന്നവരെ പല തലത്തിലും ഉത്തേജിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുന്നു.

സിനിമകളെല്ലാം രാഷ്ട്രീയം പറയണമെന്ന രാജീവ് രവിയുടെ വാദത്തിനോടും എനിക്കൊട്ടും യോജിപ്പില്ല. നല്ല സിനിമയെന്നാൽ വ്യക്തമായി രാഷ്ട്രീയം പറയുന്ന സിനിമയാണെന്ന് കേരളം പോലെ രാഷ്ട്രീയത്തിന്റെ അസ്കിതയുള്ള ഒരു പ്രദേശത്തു ജീവിക്കുന്നവരിൽ പലർക്കും തെറ്റിദ്ധാരണയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇവർക്ക് പൊളിറ്റിക്കൽ സിനിമയുടെ ആചാര്യനായ ഗൊദാർദിനെ പോലും മനസ്സിലായിട്ടില്ല എന്നതാകും കാരണം. രാജീവ് രവി പറയുന്ന, കൄഷി ചെയ്തും മറ്റും സമൂഹത്തെ ഉദ്ധരിക്കാനുള്ള (റൊമാന്റിക്) സോഷ്യൽ കമ്മിറ്റ്മെന്റിനോട് എനിക്ക് അനുഭാവമുണ്ട്, എത്രമാത്രം പ്രായോഗികമാണെന്നറിയില്ലെന്കിലും...!
എന്നാൽ സിനിമയെ രാഷ്ട്രീയം പറയാനുള്ള ടൂൾ മാത്രമായി കാണുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. അങ്ങനെയാകുന്പോൾ രാഷ്ട്രീയം കൂടുതൽ സുപ്പീരിയറയാ എന്തോ ആണെന്നും സിനിമ ഇൻഫീരിയറായ എന്തോ ആണെന്നും വരുന്നു. ആ കാഴ്ചപ്പാടിനോടാണു വിയോജിപ്പ്. സിനിമയും രാഷ്ട്രീയം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണെന്നു ഞാൻ കരുതുന്നു.

* തലക്കെട്ടിന്, ദീപക് ശന്കരനാരായണന്റെ പഴയൊരു ബ്ലോഗ് പോസ്റ്റിനോട് കടപ്പാട്.

(1) “Reservoir Dogs Press Conference,” in Quentin Tarantino Interviews, ed. Gerald Peary (Oxford: University of Mississippi Press, 1998), 38.