Wednesday, November 14, 2012

സിനിമയും ആസ്വാദനവും - ഒരു മറുപടി

സിനിമ ആസ്വാദനത്തെക്കുറിച്ച് ചില കാര്യങ്ങൾ ലാൽ ജോസ് പറയുന്നു. വാർത്ത മാധ്യമത്തിൽ.

ലാൽ ജോസ് പറയുന്നത് കേട്ടിട്ട് എനിക്ക് മനസ്സിലായത്...

1. നിഷ്കളങ്ക ആസ്വാദനമെന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ്. (മറ്റേ ആട്ടം കാണുന്നതുമായി ബന്ധപ്പെട്ട പ്രയോഗമാണിവിടെ ചേരുന്നത്, അതുപക്ഷേ പൊളിറ്റിക്കലി ഇൻ‌കറക്ടായിപ്പോയി)

2. ഒരു കലാസൃഷ്ടിയെ വിമര്‍ശിക്കാന്‍ നിരൂപകന് എന്തൊക്കെയോ യോഗ്യതകളുണ്ടാകണം.

3. വിദേശസിനിമ കോപ്പിയടിക്കാം, പക്ഷേ ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കരുത്.

=====================================================
ആദ്യം പോയിന്റ് 3:
മൗലികത എന്നത് വളരെ അപൂർവമായ ഒന്നാണ്. ലാൽ ജോസിൽ നിന്നും അതാരും പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. നിലനിൽക്കുന്ന ഒന്നിൽ നിന്നുമാണ് പുതിയ ഒന്ന് ഉണ്ടാകുന്നത്. അതുകൊണ്ട് കോപ്പിയടിയോട് വ്യക്തിപരമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ ലാൽ ജോസ് പറയുന്നതുപോലെ ഒരു സിനിമയും ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കാനാകില്ല. കുറെ വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാൾ ഒരിക്കലും പറയാൻ പാടില്ലാത്തൊരു മണ്ടത്തരമാണത്.

പോയിന്റ് 1:
സിനിമയുടെ ആസ്വാദനം എല്ലായ്പ്പോഴും സിനിമയെക്കുറിച്ചുള്ള നമ്മുടെ അറിവുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന്, ലാൽ ജോസിന്റെ തന്നെ മീശ മാധവൻ എന്ന പടത്തിലെ ഒരു രംഗം. ഈ വീഡിയോയിൽ 30:30 മുതൽ ഒരു മുക്കാൽമിനിറ്റ് കണ്ടു നോക്കുക. (അതിലധികം കാണുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ, പീഡനക്കേസിൽ അകത്തുപോകാൻ എനിക്കുദ്ദേശ്യമില്ല.)

ദിലീപ് കുറെ ഡയലോഗടിച്ചിട്ട് പോകുമ്പോൾ കാവ്യ മാധവന്റെ കഥാപാത്രം ദിലീപിന്റെ കൈയിൽ പിടിക്കുന്നു. ഈ രംഗം കാണുമ്പോൾ ലവൾക്ക് ലവനോട് പ്രേമമാണെന്ന് ശരാശരി പ്രേക്ഷകൻ മനസ്സിലാക്കും. എന്തുകൊണ്ട്? നമുക്കിതുപോലുള്ള രംഗങ്ങൾ പരിചയമുള്ളതുകൊണ്ട് എന്നുത്തരം. മുൻപ് പല സിനിമകളിലും ഇതുപോലുള്ള രംഗങ്ങൾ കണ്ടിട്ടുണ്ട്, പരിചയത്തിൽ നിന്നും, പരിചയം കൊണ്ടുള്ള അറിവിൽ നിന്നും സംവിധായകനുദ്ദേശിക്കുന്നത് നമ്മൾ മനസ്സിലാക്കുന്നു. ഈ അറിവ് പ്രേക്ഷകർക്കില്ലെങ്കിൽ ലാൽ ജോസ് ഊഞ്ഞാലാടുകയേ നിവൃത്തിയുള്ളൂ.
ഇനി അവിടെ പെട്ടെന്ന് രണ്ടു കുട്ടികളെ കാണാം. ആരാണീ കുട്ടികൾ...ശരാശരി പ്രേക്ഷകന് പെട്ടെന്നു തന്നെ മനസ്സിലാകും, ലത് ലവരുടെ ചെറുപ്പകാലമാണ്. ഫ്ലാഷ് ബാക്കാണ് എന്നൊക്കെ.
ഇതേ സിനിമ മറ്റൊരു നാട്ടിൽ, ഇന്ത്യക്ക് വെളിയിൽ കൊണ്ടുപോയി കാണിക്കുന്നു എന്നിരിക്കട്ടെ. ഇവിടെ പറഞ്ഞതിൽ ഫ്ലാഷ്ബാക്ക് എല്ലാവർക്കും മനസ്സിലാകും. എന്നാൽ കൈയിൽ പിടിക്കുന്നതിന്റെ ഗുട്ടൻസ് അവർക്ക് മനസ്സിലാകില്ല. കാരണം സമാനമായ രീതിയിൽ ഫ്ലാഷ്ബാക്ക് അവതരിപ്പിക്കുന്നത് നിശബ്ദസിനിമയുടെ കാലം മുതലുള്ള ടെക്നിക്കാണ്. (ആരാണിത് ആവിഷ്കരിച്ചത് എന്നെനിക്കറിയില്ല.) അതുമായി എല്ലാനാടുകളിലുമുള്ളവർക്ക് പരിചയമുണ്ടാകും. എന്നാൽ പെണ്ണ് ആണിന്റെ കൈയിൽ പിടിച്ചാൽ അതു പ്രേമമാണെന്ന് ഒരുമാതിരിയുള്ള നാടുകളിലെ ആളുകൾക്കൊന്നും മനസ്സിലാകില്ല, എന്നാൽ ഇന്ത്യയിലുള്ളവർക്ക് മനസ്സിലാകും. കാരണം...പരിചയം.

ഇക്കാര്യം ‘താൽ‘ എന്ന ബോളിവുഡ് സിനിമയ്ക്കെഴുതിയ റിവ്യൂവിൽ പ്രശസ്ത അമേരിക്കൻ നിരൂപകനായ റോജർ ഇബെർട്ട് പറയുന്നുണ്ട്.

The boy wanders up to a high mountain pasture, loses his footing, and falls off. He grabs a tree. The girl, who happens to find herself in the same high pasture, throws him a rope, and she and her two friends and a few of the guys in pantaloons pull the guy up to where he can grasp her hand, just like Cary Grant and Eva Marie Saint in "North by Northwest."

"Ah!" says Uma. "They are holding hands!"

"She is saving his life," I say.

"Yes, that is the excuse for holding hands," she says. "It is not right to touch the bride before marriage."

So thrilled is the hero to have his hand held that he inadvertently pulls the heroine over with him, and both of them dangle at the end of the rope. He takes her photograph before they are hauled up by the pantaloon squad. Soon after, she sings another song, while he watches, unobserved.

ഇവിടെ ഐശ്വര്യ റായ് അക്ഷയ് ഖന്നയുടെ കൈ പിടിച്ചതിന്റെ ഗുട്ടൻസ് ആയിരക്കണക്കിനു സിനിമ കാണുകയും നിരൂപിക്കുകയും ചെയ്ത റോജർ ഇബെർട്ടിനു മനസ്സിലായില്ല. കാരണം, അയാൾ വരുന്ന സംസ്കാരത്തിൽ ഒരു പെണ്ണ് ആണിന്റെ കൈയിൽ പിടിക്കുന്നതിന് പ്രേമമെന്നൊരർത്ഥമില്ല. അത്തരമൊരറിവ് സിനിമയുടെ അടിസ്ഥാ‍നഭാഷയുടെ ഘടകമല്ല. എന്നാൽ ഫ്ലാഷ്ബാക്ക് സിനിമയുടെ അടിസ്ഥാനഭാഷയുടെ ഘടകമാണ്.

അപ്പോൾ സിനിമയുടെ ആസ്വാദനം ഒരേ സമയം സാംസ്കാരികമായ അറിവിന്റെയും സിനിമാറ്റിക്കായ അറിവിന്റെയും ഉപോത്പന്നമാണ്.
സാംസ്കാരികമായ അറിവ് കണ്ടും കേട്ടും വായിച്ചുമൊക്കെ മനസ്സിലാക്കാം, സിനിമയെ സംബന്ധിച്ച അറിവുണ്ടാകുന്നത് സിനിമ കണ്ടും സിനിമയെക്കുറിച്ച് വായിച്ചുമൊക്കെയാണ്. ഇതിനായി ഓരോരുത്തരും ചെലവിടുന്ന സമയത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് സിനിമയെക്കുറിച്ചുള്ള ഓരോരുത്തരുടെയും അറിവ് വ്യത്യസ്ഥമായിരിക്കും. അതുകൊണ്ട് ചില സിനിമകൾ ചിലർക്ക് മനസ്സിലാകില്ല, ചിലർക്ക് മനസ്സിലാകും.
ഈ പറഞ്ഞതിനും ഒരുദാഹരണം. (ഇത് വ്യക്തമാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു വീഡിയോ നിർഭാഗ്യവശാൽ യൂട്യൂബ് അംഗീകരിക്കുന്നില്ല, കോപ്പി റൈറ്റ് പ്രശ്നം കാരണം)

ടിങ്കർ ടെയിലർ സോൾജ്യർ സ്പൈ (2011)‘ എന്ന സിനിമയിൽ നിന്നും.






35-മത്തെ മിനിട്ടിൽ ഒരു പാർട്ടി രംഗമുണ്ട്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളെയൊക്കെ ഈ രംഗത്ത് നാം കാണുന്നു.
തന്റെ ഭാര്യ ആനിന്(ചുവന്ന വേഷത്തിലുള്ള സ്ത്രീ) ബില്ലുമായി (കോളിൻ ഫിർത്ത്) വിവാഹേതരബന്ധമുണ്ടെന്ന്  സ്മൈലി (ഗാരി ഓൾഡ്മാൻ) മനസ്സിലാക്കുന്നത് ഈ രംഗത്താണ്. സ്മൈലി ഒരു സ്ത്രീയെ ചുംബിക്കുന്നത് ഇടയ്ക്കു കാണാം (ചിത്രം 1). അങ്ങനെയാണ് അവരാണ് സ്മൈലിയുടെ ഭാര്യ എന്നറിയുന്നത്. സ്മൈലി തന്റെ ഭാര്യയെ നോക്കിയിരിക്കുന്നു (ചിത്രം 2). പെട്ടെന്ന് സ്മൈലിയുടെ പുറകിലൂടെ ബിൽ അവിടെയെത്തുന്നു (ചിത്രം 3). ബിൽ വരുന്നത് സ്മൈലി ആദ്യം അറിയുന്നില്ല, പക്ഷേ പിന്നീട് ആരോ വന്നെന്നറിഞ്ഞ്, ആരാണു വന്നതെന്നറിയാൻ തിരിഞ്ഞു നോക്കുന്നു. (ചിത്രം 4)
തന്റെ പുറകിൽ ആരോ വന്നെന്നും, വന്നയാളിൽ ഭാര്യയ്ക്ക് എന്തോ പ്രത്യേക താത്പര്യമുണ്ടെന്നും സ്മൈലിയ്ക്ക് തോന്നുന്നത് ഭാര്യയുടെ മുഖത്തുള്ള ഭാവമാറ്റത്തിലൂടെയാകണം. എന്നാൽ ഈ ഭാഗം സംവിധായകൻ സമർത്ഥമായി ഒളിപ്പിച്ചിരിക്കുന്നു. പകരം സ്മൈലിയുടെ മുഖം മാത്രം കാണിക്കുന്നു. ഭാര്യയുടെ മുഖത്തുണ്ടായ ഭാവമാറ്റം സ്മൈലിയിൽ പ്രതിഫലിക്കുന്നത് വളരെ subtle ആയി അവതരിപ്പിച്ചിരിക്കുന്നു. (This is what I call great acting and great direction). ഈ സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ബോർഡ്‌വെല്ലിന്റെ ഈ ബ്ലോഗ് എണ്ട്രി വായിക്കാം. ബോർഡ്‌വെൽ സൂചിപ്പിച്ച ഒരു പോയിന്റാണ് ഞാനിവിടെ ഉദാഹരിച്ചിരിക്കുന്നതും.
ഇവിടെ കുറെയേറെ കാര്യങ്ങൾ സംവിധായകൻ പ്രേക്ഷകന്റെ ആലോചനയ്ക്കു വിടുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള പരിചയത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും. ഈ മനസ്സിലാക്കലില്ലെങ്കിൽ ആസ്വാദനമില്ല.
ചുരുക്കത്തിൽ നിഷ്കളങ്കമാ‍യ ആസ്വാദനം എന്നൊന്നില്ല.

പോയിന്റ് 2:

വളരെ പ്രശ്നമുള്ളൊരു പോയിന്റാണത് വാസ്തവത്തിൽ. സിനിമയല്ലാതെ മറ്റൊരു കലയെക്കുറിച്ചും, അതാതു കലകളിൽ പ്രൊഫഷണലോ അമേച്വറോ ആയ അറിവും പരിചയവുമില്ലാത്തവർ നിരൂപണത്തിനൊരുങ്ങാറില്ല. എന്നാൽ സിനിമയുടെ കാര്യം വ്യത്യസ്ഥമാകുന്നത് അതിന്റെ ജനകീയത കൊണ്ടാണ്. അതുമാത്രമല്ല, നിരൂപണങ്ങൾ അധികവും ഒപ്പീനിയൻ പീസുകളാണ്. അഭിപ്രായപ്രകടനം ആർക്കുമാകാമല്ലോ. അതു പാടില്ല എന്നു പറയുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. നിരൂപണങ്ങൾ തന്നെ രണ്ടു തരമുണ്ട്. ജേർണലിസ്റ്റിക് ക്രിട്ടിസിസവും അകാദമിക് ക്രിട്ടിസിസവും. ഇതിൽ ജേർണലിസ്റ്റിക് ക്രിട്ടിസിസത്തിനു മലയാളത്തിലെ ഉദാഹരണം പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന, കോഴിക്കോടന്റെ ‘ചിത്രശാല’ ആയിരിക്കും. പിൽക്കാലത്ത് അതു നിന്നു പോയി. സമാനമായ ഒന്ന് ഇന്ന് മലയാളം പത്രങ്ങളിലില്ലെന്ന് തോന്നുന്നു. അകാദമിക് ക്രിട്ടിസിസവും മലയാളത്തിൽ ഉള്ളതായി അറിവില്ല. ഗ്രാൻഡ് തിയറിയെ അടിസ്ഥാനമാക്കിയുള്ള കുറെ ‘ചലച്ചിത്രപാഠവായനകൾ‘ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നതൊഴിച്ചാൽ സിനിമയെക്കുറിച്ചുള്ള അകാദമിക് എഴുത്തുകൾ മലയാളത്തിൽ ഉള്ളതായി അറിയില്ല. സിനിമയെന്ന ജനകീയ കലയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ശൂന്യതയാണ്. ഈ ശൂന്യതയെയാണ് ഓൺലൈൻ എഴുത്തുകൾ അഡ്രസ് ചെയ്യുന്നത്.

മറ്റൊന്ന് സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച സിനിമാ-എഴുത്തുകൾ ഉണ്ടായത് സിനിമയെക്കുറിച്ച് പ്രൊഫഷണൽ വിദ്യാഭ്യാസമില്ലാത്ത ആളുകളിൽ നിന്നാണ്. ആന്ദ്രെ ബസീനും ‘കഹേ ദു സിനിമ‘യും ഒന്നാമത്തെ ഉദാഹരണം. അവർ കണ്ടും വായിച്ചും സിനിമ പഠിച്ചു, സിനിമയെക്കുറിച്ചെഴുതി. അത് ഇന്നും ആളുകൾക്ക് ചെയ്യാവുന്നതേയുള്ളൂ. ഇന്നാണെങ്കിൽ ഇന്റർനെറ്റ് ഉള്ളതു കാ‍രണം ഈ പഠനം കൂടുതൽ എളുപ്പവുമാണ്. എന്നാൽ സിനിമയെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും നിരൂപണം നടത്താനൊരുങ്ങുന്നവർ മിനിമം സന്നദ്ധത കാണിക്കേണ്ടതുമുണ്ട്. ഏതൊരു അകാദമിക് വിഷയത്തെയും പോലെ സിനിമയും ഒരു അകാദമിക് വിഷയമാണ്. ഓരോ സിനിമയും ഒരു പുതിയ അറിവാണ്. നിലവിലുള്ള അറിവിന്റെ മുകളിൽ പടുത്തുയർത്തിയ പുതിയ അറിവ്. ആ അർത്ഥത്തിൽ ‘നിലവിലുള്ള അറിവ്‘ എന്തൊക്കെയാണെന്ന് നിരൂപകർ മനസ്സിലാക്കേണ്ടതുണ്ട്.

സിനിമയെ നിരൂപണം ചെയ്യാനൊരുങ്ങുന്നവരുടെ യോഗ്യതയെക്കുറിച്ചും ലാൽ ജോസ് ചോദിക്കുന്നുണ്ട്. സിനിമയെടുക്കാൻ ലാൽ ജോസിനുള്ള യോഗ്യതയെക്കുറിച്ച് തിരിച്ചൊരു ചോദ്യം വന്നാൽ..?

Thursday, March 29, 2012

പൊള്ളോക്ക് (2000)

അമേരിക്കൻ അബ്സ്ട്രാക്ട് എക്സ്പ്രെഷനിസ്റ്റ് പെയിന്ററായ ജാക്സൺ പൊള്ളോക്കിന്റെ ജീവിതം വിഷയമാക്കി എഡ് ഹാരിസ് സംവിധാനം ചെയ്ത പൊള്ളോക്ക് (2000) ചിത്രകാരന്റെ സർഗാത്മകജീവിതത്തെ വിട്ടുവീഴ്ചകളില്ലാതെ ആവിഷ്കരിക്കാനുള്ള ഒരു ശ്രമം എന്ന നിലയിൽ ശ്രദ്ധേയമായ സിനിമയാണ്. മേൽ വാചകത്തിലെ ‘ചിത്രകാരന്റെ സർഗാത്മകജീവിതത്തെ വിട്ടുവീഴ്ചകളില്ലാതെ ആവിഷ്കരിക്കാനുള്ള ഒരു ശ്രമം’ എന്ന വിശേഷണം, പ്രേക്ഷകൻ എന്ന നിലയിൽ സിനിമയോടുള്ള എന്റെ റിയാക്ഷൻ ആണ്. ഈ സിനിമയുടെ form എങ്ങനെ പ്രേക്ഷകനിൽ ഈ റിയാക്ഷനുണ്ടാക്കുന്നു എന്ന് ചില ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാനാണ് ഈ കുറിപ്പ്. (സിനിമയിലെ ഓരോ ചെറിയ ഘടകവും perceive ചെയ്യപ്പെടുന്ന മുഴുവൻ പാറ്റേണിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട് സിനിമയെന്ന total system ആണ് ഇവിടെ form എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.)

ലൈഫ് മാഗസിനിൽ തന്നെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ആർട്ടിക്കിൾ പേജിൽ ഓട്ടോഗ്രാഫ് നൽകുന്ന പൊള്ളോക്കിന്റെ ദൃശ്യത്തിലാണ് സിനിമ തുടങ്ങുന്നത്. ഈ രംഗത്തിനു ശേഷം 9 വർഷം മുൻപുള്ള പൊള്ളോക്കിന്റെ ജീവിതത്തിലേക്ക് സിനിമ പോകുന്നു. തുടർന്ന് ഒരു ഫ്ലാഷ് ബാക്കിലാണ് സിനിമയുടെ ആഖ്യാനം രൂപം പ്രാപിക്കുന്നത്. ഇതുപോലൊരു തുടക്കത്തിനൊരു കാരണമുണ്ട്.
പൊള്ളോക്ക് എന്ന ചിത്രകാരനെ പരിചയമില്ലാത്ത പ്രേക്ഷകനു പോലും, പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചാണ് താൻ കാണാൻ പോകുന്ന സിനിമ എന്ന ധാരണ ലഭിക്കുന്നു. ലൈഫ് മാഗസിന്റെ കവറിന്റെ ഒരു ക്ലോസപ്പ് ഷോട്ടിൽ തന്നെ സിനിമ തുടങ്ങുന്നത് ഈ പ്രാധാന്യം പ്രേക്ഷകനു മനസ്സിലാകുന്നു എന്ന് ഉറപ്പാക്കാനാണ്. ഓട്ടോഗ്രാഫ് നൽകിയതിനു ശേഷം ആൾക്കൂട്ടത്തിനു നടുവിൽ എന്തോ ശ്രദ്ധയിൽ/ചിന്തയിൽ നഷ്ടപ്പെട്ട് നിൽക്കുന്ന പൊള്ളോക്കിന്റെ ദൃശ്യത്തിലാണ് ഈ ഷോട്ട് അവസാ‍നിക്കുന്നത്. കഥാപാത്രത്തിന്റെ eccentric സ്വഭാവത്തെക്കുറിച്ചും ഈ ഷോട്ട് ചില സൂചനകൾ നൽകുന്നുണ്ട്.



ആരംഭത്തിലെ രംഗത്തിനു ശേഷം 9 years earlier എന്ന ശീർഷകത്തോടെ സിനിമ തുടരുമ്പോൾ, പ്രശസ്തനായി തീർന്ന ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്നു പറയാവുന്ന കാലഘട്ടങ്ങളാണ് സിനിമയുടെ വിഷയമെന്ന് പ്രേക്ഷകനു വ്യക്തമാകുന്നു. ഇത് അസാധാരണനായ ഒരു വ്യക്തിയുടെ ജീവിതത്തിലെ വളർച്ചയും മാറ്റവും കാണാനുള്ള ആകാംക്ഷ പ്രേക്ഷകനിൽ വളർത്തുന്നതോടൊപ്പം, അസാധാരണമായ രംഗങ്ങൾക്കായി പ്രേക്ഷകമനസ്സിലെ സജ്ജമാക്കുകയും ചെയ്യുന്നു.

പൊള്ളോക്ക് എന്ന ചിത്രകാരന്റെ സർഗാത്മകത, പൊള്ളോക്ക് എന്ന വ്യക്തിയുടെ ചിന്തകളുടെയും മനോവ്യാപാരങ്ങളുടെയും ഉത്പന്നമാണെന്നൊരു ആശയമാണ് ഈ ചിത്രം ആവർത്തിച്ച് അവതരിപ്പിക്കുന്നത്. യുക്തിപ്പുർവമുള്ള ഫ്രെയിം കോമ്പോസിഷന്റെയും ഷോട്ട് സെലക്ഷന്റെയും സഹായത്തോടെയാണ് സംവിധായകൻ ഇത് സാധിക്കുന്നത്.

ഉദാഹരണം 1
പൊള്ളോക്ക് ചിത്രരചനയ്ക്കൊരുങ്ങുന്നു. ശൂന്യമായ കാൻ‌വാസിലേക്ക് നോക്കി ആലോചനാമഗ്നനായി നിൽക്കുന്ന പൊള്ളോക്ക്. അയാളുടെ പൂർണരൂപവും കാൻ‌വാസിൽ വീഴുന്ന നിഴൽ പ്രതിരൂപവും കാണാം. തന്നെത്തന്നെയാണ് ചിത്രകാരൻ ആവിഷ്കരിക്കാൻ പോകുന്നതെന്ന് സംവിധായകൻ ഹിന്റ് ചെയ്യുന്നതായി വ്യാഖ്യാനിക്കാവുന്ന ഫ്രെയിം. (മുൻപൊരു രംഗത്ത് പൊള്ളോക്കും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ, ചിത്രത്തിൽ ജീവിതമില്ലെങ്കിൽ അതു കലയല്ല എന്നോ മറ്റോ ഭാര്യ പറയുമ്പോൾ I am life എന്ന പൊള്ളോക്കിന്റെ മറുപടി ഓർമ്മിക്കുക)


പൊള്ളോക്ക് ആലോചനാമഗ്നനായി ഇരിക്കുന്നതിന്റെ മറ്റൊരു ഷോട്ട്. ഫ്രെയിം കോമ്പോസിഷൻ ശ്രദ്ധിക്കുക. പൊള്ളോക്കിനോട് കുറച്ചുകൂടി സമീപത്താണു ക്യാമറ.


ഇടയ്ക്ക് ഭാര്യ വന്ന് ഇയാളിവിടെ വെറുതെയിരിക്കുവാണോ എന്ന് ഭാര്യ ചോദിക്കുമ്പോൾ വാതിലടച്ച് കസേരകൊണ്ട് തടയായി വെക്കുന്ന ഒരു ഷോട്ട്. ചിത്രകാരൻ തീർത്തും അയാളുടെ ലോകത്തേക്ക് ഉൾവലിഞ്ഞു കഴിഞ്ഞു.


പൊള്ളോക്ക് ഫ്രെയിമിലേക്ക് നോക്കി ചിന്തിച്ചു നിൽക്കുന്നതിന്റെ മറ്റൊരു ഷോട്ട്. ഫ്രെയിം കോമ്പോസിഷൻ ശ്രദ്ധിക്കുക, ഒരു ക്ലോസപ്പ് ഷോട്ട്. ചിത്രകാരൻ തന്റെ ആന്തരികലോകത്തായിക്കഴിഞ്ഞു എന്നു സൂചിപ്പിക്കുന്നു.


ശൂന്യമായ ഒരു കാൻ‌വാസിന്റെ റിവേഴ്സ് ഷോട്ട്


രണ്ട് ടൈറ്റ് ക്ലോസപ്പ് ഷോട്ടുകൾ, കാൻ‌വാസിന്റെ റിവേഴ്സ് ഷോട്ട് വെച്ച് ഇന്റർകട്ട് ചെയ്തതാണ് പിന്നീടു വരുന്നത്. Now, this is completely his mental process...




രണ്ടാമത്തെ ടൈറ്റ് ക്ലോസപ്പ് ഷോട്ട് വരുമ്പോൾ കൃഷ്ണമണി വിടർന്നിരിക്കുന്നു. എന്താണു ചെയ്യേണ്ടതെന്ന് ചിത്രകാരനു വ്യക്തമായറിയാം.


പൊള്ളോക്ക് ചിത്രരചന ആരംഭിക്കുന്നു. ചടുലമായ ചലനങ്ങൾ. ചിത്രകാരന്റെ നിഴൽ കാൻ‌വാസിൽ കാണാം. തന്നെത്തന്നെയാണ് അയാൾ ആവിഷ്കരിക്കുന്നതെന്ന് വ്യാഖ്യാനിക്കാവുന്ന ഫ്രെയിം.


ഉദാഹരണം 2
പൊള്ളോക്കിന്റെ ജീനിയസ്സ് എന്നു കലാലോകം അംഗീകരിക്കുന്നത് ഡ്രിപ്പിംഗ് ടെക്നിക് ആണ്. ലളിതമെന്നും ആർക്കും ചെയ്യാവുന്നതെന്നും തോന്നുന്ന ഈ രീതി പൊള്ളോക്ക് ആവിഷ്കരിച്ചതിനെ സിനിമ ദൃശ്യപ്പെടുത്തുന്നത് ലളിതമായ ഷോട്ട്-റിവേഴ്സ് ഷോട്ട് പാറ്റേണിൽ എഡിറ്റ് ചെയ്ത ഏതാനും ഷോട്ടുകളുടെ ഒരു മൊണ്ടാഷിലൂടെയാണ്.

ചിത്രരചനയ്ക്കിടയിൽ കാൻ‌വാസിലേക്ക് നോക്കിയിരിക്കുന്ന പൊള്ളോക്ക്


ബ്രഷിൽ നിന്നും പെയിന്റ് ഡ്രിപ്പ് ചെയ്ത് താഴെ വീഴുന്നു


താഴെ വീണ പെയിന്റ് പൊള്ളോക്ക് കാണുന്നതിന്റെ ഒരു റിവേഴ്സ് ഷോട്ട്


കൗതുകം കൊണ്ട് ബ്രഷിൽ പെയിന്റ് കോരി നിലത്തെറിഞ്ഞ് നോക്കുന്ന പൊള്ളോക്ക്


പുതിയൊരു പാറ്റേൺ രൂപപ്പെടുന്നതിന്റെ റിവേഴ്സ് ഷോട്ട്


ആവേശം കേറിയ പൊള്ളോക്ക് ബ്രഷ് കൊണ്ട് പെയിന്റ് കുടയുന്നു


കൂടുതൽ മിഴിവാർന്നു വരുന്ന പുതിയ പാറ്റേൺ


പുതിയ പാറ്റേണിലേക്ക് നോക്കിയിരിക്കുന്ന പൊള്ളോക്ക്. കോമ്പോസിഷൻ ശ്രദ്ധിക്കുക. Close-up implies its his mental process now.


തുടർന്നു വരുന്നത് പുതിയ സങ്കേതമുപയോഗിച്ച് ചിത്രരചന നടത്തുന്ന പൊള്ളോക്കിന്റെ ഏതാനും ഷോട്ടുകളാണ്.



ചിത്രത്തിന്റെ അവസാനഘട്ടത്തിൽ പൊള്ളോക്ക് തന്റെ മദ്യപാനാസക്തിയിലേക്ക് തിരിച്ചുപോകുമ്പോൾ ജീവിതം താളം തെറ്റുന്നു. മാനസികനില കൂടുതൽ അസ്ഥിരമായി വരുന്നു. ആദ്യഭാഗത്ത് സ്റ്റാറ്റിക് ഷോട്ടുകൾ ഉപയോഗിച്ചെങ്കിൽ, ഈ അവസാന ഭാഗത്ത് ഹാൻഡ് ഹെൽഡ് ക്യാമറയിലാണു ചിത്രീകരണം. ഇത് കഥാപാത്രത്തിന്റെ അസ്ഥിരമായ മനോഘടന പ്രേക്ഷകനും അനുഭവിക്കാനിടയാക്കുന്നു. ഈ ചിത്രം കാണുന്നവർ അവസാനഭാഗത്തെ ഈ ഷോട്ട് ശ്രദ്ധിക്കുക.


ഈ ഷോട്ട് കണ്ടപ്പോൾ പൊള്ളോക്ക് തലകറങ്ങി വീഴാൻ പോകുന്നതുപോലെയാണ് എനിക്കാദ്യം തോന്നിയത്. അതുകൊണ്ടാണ് കൂടുതൽ ശ്രദ്ധിച്ചത്. vertigo shot എന്ന ഓമനപ്പേരിലറിയപ്പെടുന്ന reverse tracking shot ആണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഷോട്ടുകൾ സ്വാഭാവികമായിത്തന്നെ unsettling ആണ്. ഇവിടെ റിവേഴ്സ് ട്രാക്ക് ചെയ്യുന്നതിന്റെ കൂടെ ചെറുതായി ആംഗിൾ ഷിഫ്റ്റ് ചെയ്യുകയും സബ്ജെക്ട് പുറം തിരിയുകയും ചെയ്യുന്നുണ്ട്. ഇതിന്റെയൊക്കെകൂടെയുള്ള combined effect ആണ് തലകറങ്ങി വീഴാൻ പോകുന്നതായി എനിക്ക് തോന്നിയത്. കഥാപാത്രത്തിന്റെ മനോഘടന അവതരിപ്പിക്കാനുള്ള വഴികളിലൊന്ന് നടനെക്കൊണ്ട് അഭിനയിപ്പിക്കുക എന്നതാണ്. ഇതു പക്ഷേ മെലോഡ്രാമയായി പോകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, അതു സിനിമയിലെ ഇമോഷണൽ കണ്ടന്റ് ആയി അവശേഷിക്കും. ഇവിടെ കഥാപാ‍ത്രത്തെ അഭിനയിപ്പിക്കുന്നതിനു പകരം സിനിമയുടെ ദൃശ്യപദ്ധതിയെ പുതുക്കി നിർണയിക്കുന്നതിലൂടെ സിനിമയിൽ നിന്നും ഇമോഷണൽ കണ്ടന്റ് എടുത്ത് കളഞ്ഞ്, പകരം ആ വികാരം പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നു...and that's good cinema.