കോയെൻ ബ്രദേഴ്സിന്റെ
‘Inside Llewyn Davis’, ലെവിൻ ഡേവിസ് എന്നു പേരായ, 1960-കളിലെ ന്യൂയോർക്കിൽ ജീവിച്ചിരുന്ന,
ഒരു ഫിക്ഷണൽ ഫോക്ക് സംഗീതജ്ഞന്റെ ഒരാഴ്ചത്തെ ജീവിതമാണ് ആഖ്യാനവിഷയമാക്കുന്നത്. ലെവിൻ
ഡേവിസിനെ അവതരിപ്പിക്കുന്നത് ഓസ്കാർ ഐസക്ക്. ലെവിൻ യഥാർത്ഥവ്യക്തിയല്ലെങ്കിലും, ഡേവ്
വാൻ റോങ്ക് (http://en.wikipedia.org/wiki/Dave_Van_Ronk) എന്ന, ഇതേ കാലഘട്ടത്തിൽ ന്യൂയോർക്കിലെ
ഗ്രീൻവിച്ച് പ്രദേശത്ത് ജീവിച്ചിരുന്ന ഫോക്ക് മ്യൂസീഷനെ ബെയ്സ് ചെയ്താണ് കോയെൻ ഈ കഥാപാത്രത്തെ
രൂപപ്പെടുത്തിയതെന്ന് പരക്കെ അഭിപ്രായമുണ്ട്. Inside Dave Van Ronk എന്ന പേരിൽ ഒരാൽബമുണ്ട്.
അതു മാത്രമല്ല, ഈ സിനിമയിലെ ഹാംഗ് മീ തുടങ്ങിയ ചില ഗാനങ്ങൾ ഡെവ് വാൻ റോങ്കിന്റേതാണ്.
ഒരു ട്രഡീഷണൽ ബയോപിക് അല്ല ഈ സിനിമ. സിനിമ ആ ജനുസിന്റെ കെണികളിൽ പെട്ടുപോകാതെ കോയെൻ
സഹോദരങ്ങൾ സൂക്ഷിക്കുന്നുമുണ്ട്.
)
)
ലെവിൻ ഡേവിസ് ഇഷ്ടം തോന്നിക്കുന്ന
ഒരു കഥാപാത്രമായി എനിക്ക് തോന്നിയില്ല. തന്റേതായ നിർബന്ധബുദ്ധികളും വാശിയുമൊക്കെയുള്ള,
സംഗീതത്തിൽ ഒരു കരിയർ വേണമെന്ന് ആഗ്രഹിക്കുമ്പോഴും അതിനായി വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറല്ലാത്ത,
ഒരാളാണ് ലെവിൻ. സാധാരണ കഥാപാത്രകേന്ദ്രീകൃത സിനിമകളിൽ കാണാറുള്ള ‘character arch’ ഈ
സിനിമയിലില്ല. സിനിമയിലൂടെ നമ്മൾ കാണുന്ന ജീവിതകാലത്ത്, ലെവിന്റെ ജീവിതം ഒരുതരത്തിലും
കാര്യമായ മാറ്റങ്ങളിലൂടെയൊന്നും കടന്നു പോകുന്നില്ല. സിനിമ അവസാനിക്കുമ്പോഴും ലെവിൻ
തുടങ്ങിയിടത്തു തന്നെയാണ് നിലകൊള്ളുന്നത്. ചുരുക്കത്തിൽ, നഷ്ടബോധവും നിരാശയും frustration-നും
നിറഞ്ഞ ലെവിന്റെ ജീവിതം അതേ നഷ്ടബോധത്തിലും നിരാശയിലുമാണ് സിനിമയുടെ അവസാനത്തിലും തുടരുന്നത്.
There is nothing much to hope for. ജീവിതത്തെക്കുറിച്ച് പ്രസാദാത്മകമായ ഒരു വീക്ഷണം
പുലർത്തുന്നു എന്നതാകണം മുഖ്യധാരാ അമേരിക്കൻ സിനിമകളുടെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്ന്.
എന്നാൽ ഈ പ്രസാദാത്മകതയോട് പുറം തിരിഞ്ഞു നിൽക്കുമ്പോൾ, അമേരിക്കൻ മെയിൻസ്ട്രീം സിനിമാ
സമ്പ്രദായത്തോട് പുറം തിരിഞ്ഞു നിൽക്കുകയാണു ലെവിൻ ഡേവിസിലൂടെ കോയെൻ സഹോദരങ്ങൾ. ഒരുപക്ഷേ,
അക്കാദമി അവാർഡ് പരിഗണനകളിൽ നിന്നും ലെവിൻ ഡേവിസ് പാടെ തഴയപ്പെടാനുള്ള കാരണവും ഇതു
തന്നെയാകാം.
അമേരിക്കൻ ഫോക്ക് സംഗീതം
ആസ്വദിക്കാനിഷ്ടമുള്ളവരെ തൃപ്തിപ്പെടുത്തുന്ന സംഗീതം, 1960-കളിലെ അമേരിക്കൻ സംഗീതരംഗത്തിന്റെ
ചരിത്രവും അന്തരീക്ഷവും സൃഷ്ടിക്കാനുള്ള ശ്രമം, ലെവിനെ അവതരിപ്പിച്ച ഓസ്കാർ ഐസക് അടക്കമുള്ളവരുടെ
മികച്ച പെർഫോമൻസ് എന്നിങ്ങനെയുള്ള സൗന്ദര്യാത്മക ഘടകങ്ങൾക്കു പുറമെ, ഈ സിനിമ അതിന്റെ
പ്രത്യേക ഘടന കൊണ്ട് എന്നെ ആകർഷിച്ചു. തുടക്കത്തിൽ കാണുന്ന രംഗങ്ങൾ തന്നെ, നേരിയ മാറ്റങ്ങളോടെ
അവസാനഭാഗത്തും ആവർത്തിക്കുന്നു. ഇതാകട്ടെ ഒരു ഫോക്ക് ഗാനത്തിൽ ആദ്യവരികൾ പാട്ടിന്റെ
അവസാനഭാഗത്ത് ആവർത്തിക്കുന്നതുപോലെയോ, ഒരു സിഡി പ്ലേ ചെയ്തു തീർന്നതിനു ശേഷം ആദ്യത്തെ
പാട്ടു മുതൽ വീണ്ടും ആവർത്തിക്കുന്നതിനോ സമാനമാണ്. ആകെയുള്ള വ്യത്യാസം, ഒരു ആൽബം രണ്ടാമത്തെ
തവണ കേൾക്കുമ്പോൾ, ആ പാട്ടുകളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ ഇൻഫർമേഷൻ നമുക്കുണ്ടാകുമെന്നതാണ്.
ഈ സിനിമയിൽ അവസാനരംഗങ്ങൾ കാണുമ്പോൾ, ലെവിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ ഇൻഫർമേഷൻ
നമുക്കുള്ളതുകൊണ്ട് ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊരു ഇമോഷണൽ റെസ്പോൺസ്
ആകും ഈ രംഗങ്ങൾ ഉണ്ടാക്കുക. It enticed me to think more about the structure and
to analyze what it could possibly mean. ഇതിനുള്ള ശ്രമമെന്ന നിലയിൽ ഈ രണ്ടു ഭാഗങ്ങളെ
കൂടുതൽ സൂക്ഷ്മമായി കാണേണ്ടിയിരിക്കുന്നു.
തുടക്കം
ലെവിൻ ഒരു ക്ലബിൽ, ഹാംഗ്
മീ എന്ന പാട്ടു പാടുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. പാട്ടുകഴിയുമ്പോൾ പുറത്തൊരാൾ
ലെവിനെ കാത്തുനിൽക്കുന്നുണ്ടെന്ന് ക്ലബിലെയാൾ പറയുന്നു, പുറത്തിറങ്ങുന്ന ലെവിനെ, തലേദിവസം
രാത്രിയിൽ ക്ലബിൽ മറ്റാളുകൾ പാടുമ്പോൾ ശല്യമുണ്ടാക്കിയതിന് പുറത്തു കാത്തുനിന്നയാൾ
മർദ്ദിക്കുന്നു. തന്നെ സഹായിക്കുന്ന ഫാമിലിയുടെ അപ്പാർട്ട്മെന്റിൽ പോയി കിടന്നുറങ്ങുന്ന
ലെവിനെ, പിറ്റേദിവസം രാവിലെ അവിടുത്തെ പൂച്ച ഉണർത്തുന്നു. അപ്പാർട്ട്മെന്റിന്റെ ഇടനാഴിയിൽ
നിന്നൊരു ഷോട്ട് തുടർന്നു വരുന്നു. വസ്ത്രമെല്ലാം മാറി പുറത്തിറങ്ങാനൊരുങ്ങുന്ന ലെവിൻ,
അപ്പാർട്ട്മെന്റിന്റെ കതകടയ്ക്കുന്നതിനു മുന്നെ പൂച്ചയും പുറത്തു കടക്കുന്നു. ലെവിന്
പൂച്ചയെ തന്റെയൊപ്പം എടുക്കേണ്ടി വരുന്നു.
ഒടുക്കം
സമാനമായ രംഗങ്ങൾ സിനിമയുടെ
അവസാനഭാഗത്തും ആവർത്തിക്കുന്നു. എങ്കിലും നേരിയ ചില വ്യത്യാസങ്ങൾ ഇവിടെയുണ്ട്. അവസാനഭാഗത്തെ
രംഗങ്ങളുടെ ക്രമം ഇങ്ങനെയാണ്. ക്ലബിൽ മറ്റു പാട്ടുകാരെ ശല്യപ്പെടുത്തിയതിനു ലെവിനെ
ആളുകൾ പുറത്താക്കുന്നു. ലെവിൻ തന്നെ സഹായിക്കുന്ന ഫാമിലിയുടെ അപ്പാർട്ട്മെന്റിൽ പോയി
കിടന്നുറങ്ങുന്നു. അവരുടെ നഷ്ടപ്പെട്ടുപോയ പൂച്ച മടങ്ങി വന്നിരിക്കുന്നത് ലെവിൻ കാണുന്നു.
പിറ്റേദിവസം രാവിലെ അവിടുത്തെ പൂച്ച ലെവിനെ ഉണർത്തുന്നു. അപ്പാർട്ട്മെന്റിന്റെ ഇടനാഴിയിൽ
നിന്നൊരു ഷോട്ട് തുടർന്നു വരുന്നു. വസ്ത്രമെല്ലാം മാറി പുറത്തിറങ്ങാനൊരുങ്ങുന്ന ലെവിൻ,
ഇത്തവണ അപ്പാർട്ട്മെന്റിന്റെ കതകടയ്ക്കുന്നതിനു മുന്നെ പൂച്ച പുറത്തുകടക്കുന്നില്ലെ
എന്നുറപ്പുവരുത്തുന്നു. പതിവു പോലെ, ലെവിൻ വൈകുന്നേരം ക്ലബിൽ പാടുന്നു. അതു കഴിയുമ്പോൾ
പുറത്തൊരാൾ ലെവിനെ കാത്തുനിൽക്കുന്നുണ്ടെന്ന് ഒരാൾ പറയുന്നു, പുറത്തിറങ്ങുന്ന ലെവിനെ,
തലേദിവസം രാത്രിയിൽ ക്ലബിൽ മറ്റാളുകൾ പാടുമ്പോൾ ശല്യമുണ്ടാക്കിയതിന് പുറത്തു കാത്തുനിന്നയാൾ
മർദ്ദിക്കുന്നു. തന്നെ മർദ്ദിച്ചയാൾ കാറിൽ കയറി പോകുന്നത് നോക്കി നിൽക്കുന്ന ലെവിൻ,
au revoir എന്നു പറയുന്നു.
ആദ്യഭാഗവും അവസാനഭാഗവും,
അതിനിടയിൽ വരുന്ന ലെവിന്റെ ജീവിതവും ഏതു രീതിയിൽ മനസ്സിലാക്കണമെന്നതാണ് ഇവിടെ പ്രേക്ഷകരെ
കുഴക്കുന്ന ചോദ്യം. ഇവിടെ അവശേഷിക്കുന്ന പല സാധ്യതകളെക്കുറിച്ചൊന്ന് ചിന്തിക്കാം.
- ആദ്യഭാഗങ്ങളും അവസാനഭാഗങ്ങളും ഒരേ സംഭവത്തിന്റെ രണ്ട് കാഴ്ചകൾ മാത്രമാണ്. ഇടയിലുള്ളതെല്ലാം ലെവിന്റെ മനസ്സിലും ചിന്തയിലുമാണു നടക്കുന്നത്. ഒരു വലിയ സ്വപ്നം പോലെ. (The famous ‘Fight Club argument’). Inside Llewyn Davis എന്ന പേര് ഇതിനൊരു ന്യായീകരണമായി പറയാം.
പക്ഷേ ഈ ആർഗ്യുമെന്റ്
ശരിയാകണമെങ്കിൽ, ചിത്രത്തിന്റെ തുടക്കത്തിലെ രംഗങ്ങളും അവസാനത്തെ രംഗങ്ങളും തമ്മിലുള്ള
പ്രകടമായ വ്യത്യാസങ്ങളെ അവഗണിക്കണം
- തുടക്കത്തിലെ രംഗങ്ങളും അവസാനത്തെ രംഗങ്ങളും ഒരേ സംഭവത്തിന്റെ രണ്ട് അവതരണങ്ങൾ മാത്രം. ആദ്യത്തെ രംഗങ്ങൾക്ക് ശേഷം വരുന്നതൊക്കെ ഒരു ഫ്ലാഷ്ബാക്ക്. അതു തുടർന്ന് ആദ്യത്തെ രംഗത്തിന്റെ പുനരവതരണത്തോടെ നറേറ്റീവ് അവസാനിക്കുന്നു.
ഈ ആർഗ്യുമെന്റും ശരിയാകണമെങ്കിൽ,
തുടക്കത്തിലെ രംഗങ്ങളും അവസാനത്തെ രംഗങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങളെ അവഗണിക്കണം.
അതുമാത്രമല്ല, കോയെൻ ബ്രദേഴ്സ് ഫ്ലാഷ്ബാക്ക് എന്ന നറേറ്റീവ് ടെൿനിക്കിനോട് വലിയ മമതയൊന്നും
കാണിച്ചിട്ടില്ലാത്ത സംവിധായകരാണെന്നതും അവഗണിച്ചുകൂട.
- സിനിമ മുഴുവൻ ഒരൊറ്റ ക്രൊണോളജിക്കൽ നറേറ്റീവ്. ഓരോ ആഴ്ചയും അയാൾ ആ ക്ലബിൽ പോയി പാട്ടു പാടുന്നു. തന്റെ ഫ്രസ്ട്രേഷനിൽ നിന്നും ബഹളമുണ്ടാക്കുന്നു, അതിന്റെ പേരിൽ പിറ്റേ ദിവസം തല്ലു വാങ്ങുന്നു. എവിടെയെങ്കിലും അന്തിയുറങ്ങുന്നു. സംഗീതം കൊണ്ട് ഒരു കരിയറുണ്ടാക്കാൻ ശ്രമിക്കുന്നു. എന്നാൽ എങ്ങുമെത്തുന്നില്ല.
ഈ ഒരു ആർഗ്യുമെന്റിനോടാണ്
എനിക്ക് കൂടുതൽ താത്പര്യം. ഒരേ സംഭവങ്ങളുടെ തന്നെ ആവർത്തനങ്ങളാണു ലെവിൻ ഡേവിസിന്റെ
ജീവിതം. സിസിഫൂസിനെപ്പോലെ ഒരേ ജീവിതം ആവർത്തിച്ചുകൊണ്ടിരിക്കുക
എന്നതാണു അയാളുടെ വിധി. സ്ട്രഗിൾ ചെയ്യുന്ന ആർട്ടിസ്റ്റുകൾ പലർക്കും ലെവിന്റെ ജീവിതത്തോട്
ഐഡന്റിഫൈ ചെയ്യാനാകുമെന്നാണു ഞാൻ കരുതുന്നത്. തന്നെ മർദ്ദിക്കുന്ന ആളോട് സിനിമയുടെ
അവസാനം ലെവിൻ പറയുന്നത് au revoir എന്നാണല്ലോ. ഫ്രെഞ്ചിൽ രണ്ടു യാത്രാമൊഴിയുണ്ട്. ഒന്ന്,
adieu. പിന്നീട് കാണാൻ സാധ്യതയില്ലാത്തവരോട് വേർപിരിയുമ്പോൾ പറയുന്നത്. രണ്ടാമത്തേത്
au revoir. പിന്നെ കാണാം എന്ന അർത്ഥം വരുന്ന യാത്രാമൊഴി. അതായത് തന്നെ മർദ്ദിച്ചയാളെ
വീണ്ടും കാണേണ്ടിവരുമെന്ന് ലെവിനറിയാം. അതായത്, ഈ ജീവിതം അയാൾ കുറെ നാളായി ജീവിച്ചുകൊണ്ടിരിക്കുന്നു
എന്ന്.
ഏതായാലും രണ്ടാമത്തെ വട്ടമെത്തുമ്പോൾ
തീരെ പുരോഗതിയില്ലാതില്ല. രണ്ടാമത്തെ തവണ പൂച്ചയെ മുറിയ്ക്കകത്താക്കി വാതിലടയ്ക്കാൻ
അയാൾ ഓർമ്മിക്കുന്നു. ആദ്യത്തെ മിസ്റ്റേക്കിൽ നിന്നും അയാൾ പാഠം പഠിച്ചു കഴിഞ്ഞു. ഇങ്ങനെയുള്ള
end less iterations കുറെ കഴിയുമ്പോൾ തന്റെ തെറ്റുകൾ കറക്ട് ചെയ്യാനും താനാഗ്രഹിക്കുന്ന
കരിയർ രൂപപ്പെടുത്താനും അയാൾക്ക് കഴിയുമായിരിക്കും എന്ന തിയററ്റിക്കൽ സംഭാവ്യത സിനിമ
മുന്നോട്ടു വെക്കുന്നുമുണ്ട്.
ഒന്നാമത്തെയും രണ്ടാമത്തെയും
ആവർത്തനങ്ങൾ തമ്മിലെ പ്രധാന വ്യത്യാസം പൂച്ച പുറത്താണോ അകത്താണോ എന്നതാണല്ലോ. ഈ സിനിമയിൽ
പൂച്ചയെങ്ങനെ വന്നു എന്നതിനെക്കുറിച്ചും ആലോചനയ്ക്കു വകയുണ്ട്. പൂച്ച ലെവിൻ തന്നെയാണെന്നും,
അതല്ല ലെവിന്റെ കലയെയാണ് അതു പ്രതിനിധീകരിക്കുന്നതെന്നുമൊക്കെ പറയുന്ന അനേകം ഇന്റർപ്രേട്ടെഷനുകൾ
ഇതിനോടകം ഇന്റർനെറ്റിൽ ലഭ്യമാണ്. (Anyway, these are all interpretations and I
don’t take them seriously). പൂച്ചയുടെ പേര് യുളീസസ് എന്നാണ്. കോയെൻ ബ്രദേഴ്സ് ഗ്രീക്ക്
ഇതിഹാസങ്ങൾ പലപ്പോഴായി സിനിമയിൽ ഉപയോഗിച്ചിട്ടുള്ളവരാണ്. എന്നാൽ ഞാനാദ്യം ആലോചിച്ചത്
ക്വാണ്ടം മെക്കാനിക്സുമായി ഇതിനെ കണക്ട് ചെയ്യാനുള്ള സാധ്യതകളാണ്. കാരണം കോയെൻ ബ്രദേഴ്സ്
രണ്ടുസിനിമകളിൾ (The man who wasn’t there, A serious man) ക്വാണ്ടം ഫിലോസഫി ഉപയോഗിച്ചിട്ടുണ്ട്.
അകത്തും പുറത്തുമുള്ള പൂച്ച എന്ന dual situation രൂപീകരിക്കപ്പെട്ട നിലയ്ക്ക് ഷ്രോഡിഞ്ചറുടെ
പൂച്ചയിലേക്ക് ആലോചന പോകുന്നത് ന്യായമാണല്ലോ. എന്നാൽ പൂച്ചയെ ഉൾപ്പെടുത്താനുള്ള കാരണം
സംവിധായകരിൽ ഒരാൾ വിശദീകരിച്ചത് ഇങ്ങനെയാണ്.
ബ്ലെയ്ക് സ്നൈഡർ എന്ന സ്ക്രീൻ റൈറ്റിംഗ് ഗുരു, തിരക്കഥയെഴുതുന്നവർക്ക് നൽകിയ കുറുക്കുവഴികളിലൊന്നാണ്
save the cat. നായകനോട് പ്രേക്ഷകർക്ക് മമത തോന്നാനുള്ള എളുപ്പവഴികളിലൊന്ന് നായകൻ ഒരു
പൂച്ചയെ (അല്ലെങ്കിൽ അതുപോലെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഒന്നിനെ) രക്ഷിക്കുന്ന
സീൻ ഉൾപ്പെടുത്തുക എന്നതായിരുന്നു. Alien, The Good, The Bad and the Ugly,
Frost/Nixon, എന്നിങ്ങനെ പല സിനിമകളിൽ പൂച്ചകൾ തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്. സാക്ഷാൽ
ഗോഡ്‌ഫാദറിന്റെ തുടക്കത്തിൽ ബ്രാൻഡോ ഒരു പൂച്ചയെ
മടിയിൽ വെച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്. തങ്ങൾ തിരക്കഥ എഴുതി വന്നപ്പോൾ നായകൻ അത്ര
likeable അല്ലെന്നു തോന്നിയതുകൊണ്ട് നായകനു രക്ഷിക്കാനായി ഉൾപ്പെടുത്തിയതാണു പൂച്ചയെ
എന്നാണു സംവിധായകരിലൊരാൾ പറയുന്നത്. ഇത് കോയെൻസ് സ്ഥിരമായി ചെയ്യുന്ന തെറ്റിദ്ധരിപ്പിക്കലാണെന്നാണ്
എനിക്ക് തോന്നിയത്. കോയെൻ ബ്രദേഴ്സ് പ്രേക്ഷകരെ മിസ്‌ലീഡ് ചെയ്യുന്നത് സാധാരണയാണ്.
(ഫാർഗോയിലെ തുടക്കത്തിലെ ‘Based on a true story’ എന്ന നമ്പർ ഓർമ്മയില്ലേ?)
എനിക്ക് തോന്നിയത്, ഈ
കുറിപ്പിന്റെ തുടക്കത്തിൽ പരാമർശിച്ച ഡേവ് വാൻ റോങ്കിന്റെ Inside Dave Van Ronk എന്ന
ആൽബത്തിന്റെ കവറിൽ നിന്നാണ് ഈ പൂച്ച വരുന്നതെന്നാണ്. പല ഇന്റർപ്രെട്ടേഷനുകൾക്ക് സാധ്യത
നൽകുന്ന രീതിയിൽ അവരതിനെ തിരക്കഥയിലേക്ക് ചേർത്തു എന്നു മാത്രം. അറിയില്ല. ഏതായാലും
ആസ്വദിക്കാനും ചിന്തിക്കാനുമുള്ള ഒരു സിനിമയാണ് ‘Inside Llewyn Davis’ എന്ന കാര്യത്തിൽ
മാത്രം സംശയമില്ല.