Sunday, March 02, 2014

2013-ലെ സിനിമകളും ഓസ്കാറും



2013-ലെ ആദ്യത്തെ ആർട്ട് ഹൗസ് സെൻസേഷൻ ഹോംഗ് കോങ്ങിൽ നിന്നുള്ള കർ-വായ് വോങിന്റെ ‘ഗ്രാൻഡ്മാസ്റ്റേഴ്സ്’(www.imdb.com/title/tt1462900/) ആയിരുന്നെന്ന് തോന്നുന്നു. ബെർളിൻ ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം ആയിരുന്നു ഇത്. പത്തു വർഷങ്ങൾ നീണ്ട പ്രൊഡക്ഷൻ പ്രോസസിനു ശേഷം റിലീസ് ചെയ്ത ഫിലിം ഒരു ഇന്റർനാഷണൽ കൊമേഴ്സ്യൽ ഹിറ്റും കൂടിയായി. ഒരേ സിനിമയുടെ പല വേർഷനുകൾ ഇറക്കുന്നതിൽ പ്രസിദ്ധനായ കർ-വായ് വോംഗ് ഗ്രാൻഡ്‌മാസ്റ്ററിനു മൂന്നു പതിപ്പുകളാണിറക്കിയത്. ഒന്നു ചൈനീസ് റിലീസിന്, ഒന്നു യൂറോപ്പിലെ ഫെസ്റ്റിവൽ വേർഷൻ, മറ്റൊന്ന് വിൻസ്റ്റീനുമായി ചേർന്ന് അമേരിക്കൻ തിയറ്റർ റിലീസിന്. ഈ മൂന്നു പതിപ്പുകളും തമ്മിലുള്ള താരതമ്യത്തിനും, സിനിമയെക്കുറിച്ചുള്ള വിശദമായി മനസ്സിലാക്കുന്നതിനും ഫിലിം സ്കോളർ ഡേവിഡ് ബോർ‌ഡ്‌വെല്ലിന്റെ ഈ ബ്ലോഗ് പോസ്റ്റ് കാണുക.

Bruno Dumont, Sang-soo Hong, Ulrich Seidl, Gus Van Sant, Steven Soderbergh, Jafar Panahi എന്നിവരാണു ബെർളിനിലുണ്ടായിരുന്ന മറ്റു പ്രമുഖർ. ഫെസ്റ്റിവലിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് Child's Pose ആയിരുന്നു. ഇക്കൂട്ടത്തിൽ Sang-soo Hong-ന്റെ Nobody's Daughter Haewon, സോഡർബെർഗിന്റെ Side Effects, ഗസ് വാൻ സന്തിന്റെ Promised Land, Sebastián Lelio-യുടെ Gloria എന്നിവ മാത്രമേ എനിക്ക് ഇതുവരെ കാണാനായുള്ളൂ.

എല്ലാ വർഷത്തെയും പോലെ ‘ക്രീം ഓഫ് ദി ഇയർ’ എന്നു വിശേഷിപ്പിക്കാവുന്ന സിനിമകൾ വന്നത് കാൻ ഫെസ്റ്റിവലിൽ തന്നെയാണ്. Coen brothers, Hirokazu Koreeda, Zhangke Jia, Claire Denis, Asghar Farhadi, Alex van Warmerdam, James Gray, Takashi Miike, François Ozon, Alexander Payne, Roman Polanski, Steven Soderbergh, Paolo Sorrentino, Nicolas Winding Refn, Jim Jarmusch എന്നിങ്ങനെ പ്രഗത്ഭരുടെ ഒരു നിര തന്നെ കാൻ ഫെസ്റ്റിവലിലുണ്ടായിരുന്നു. ഇതിൽ പല സിനിമകളും ഇനിയും തിയറ്ററിലെത്തിയിട്ടില്ല. കാൻ ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതു Blue is the warmest color എന്ന ചിത്രത്തിലെ നടികൾക്കാണ്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ അഭിനേതാക്കൾക്ക് ഈ പുരസ്കാരം നൽകുന്നത്. സംവിധായകനാണ് ഒരു സിനിമയുടെ sole author എന്നൊക്കെയുള്ള പൊതുവിലുള്ള ധാരണകളെ തിരുത്തുന്നതായി ഈ തീരുമാ‍നം.

പതിവുപോലെ കുറച്ച് നല്ല സിനിമകളും വിചിത്രമായ അവാർഡ് തീരുമാനങ്ങളും അതിലേറെ വിവാദങ്ങളുമായി വെനീസ് ഫെസ്റ്റിവലും കടന്നുപോയി. Ming-liang Tsai, Kelly Reichardt, Hayao Miyazaki, Amos Gitai, Terry Gilliam, Philippe Garrel, Stephen Frears, Xavier Dolan എന്നിവരായിരുന്നു വെനീസിലെത്തിയ പ്രമുഖർ. ഇവരുടേതടക്കം മികച്ച സിനിമകൾ പലതുണ്ടായിട്ടും  റോമിലെ റോഡുകളെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നൽകിയത് പൊതുവെ വിമർശിക്കപ്പെട്ടു. വെനീസിൽ തന്നെ അനവധി പുരസ്കാരങ്ങൾ നേടിയ സ്റ്റീഫൻ ഫ്രിയേഴ്സിന്റെ ഫിലൊമീന സാമാന്യം ഭേദപ്പെട്ട രീതിയിൽ ബോക്സാഫീസ് കളക്ഷൻ നേടുകയും നാലു അക്കാദമി അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. വെനീസിലെ പല സിനിമകളും ഇനിയും തിയറ്ററുകളിലെത്തിയിട്ടില്ല. ടൊറോണ്ടോ, തെല്ലൂറൈഡ് ഫെസ്റ്റിവലുകൾ പോലെ ഓസ്കാറിന്റെ ബ്രീഡിംഗ് ഗ്രൗണ്ട് ആകാൻ വെനീസ് വിസമ്മതിക്കുന്നതുകൊണ്ട് അമേരിക്കൻ സിനിമകൾ വെനീസ് ഫെസ്റ്റിവലിനയക്കുന്നില്ലെന്നും, അഥവാ അയക്കാൻ തയ്യാറായാൽ കൂടുതൽ നിബന്ധനകൾ വെക്കുന്നുമെന്നും ഫെസ്റ്റിവൽ ഡയറക്ടർ തുറന്നടിച്ചതും വിവാദത്തിനു മൂർച്ച കൂട്ടി. (സ്റ്റീവ് മക്വീന്റെ 12 Years a slave വെനീസിലയക്കാൻ നിർമ്മാതാക്കൾ വെച്ച നിബന്ധന സംവിധായകനെ കൂടാതെ 50 പേർക്ക് സിനിമയുടെ ഒപ്പം വരാനുള്ള ചെലവുകൾ ഫെസ്റ്റിവൽ വഹിക്കണമെന്നായിരുന്നു. ഫെസ്റ്റിവൽ വിസമ്മതിച്ചതുകൊണ്ട്12 Years a slave വെനീസിലെത്തിയില്ല).

അമേരിക്കൻ സിനിമകൾ
അമേരിക്കൻ സിനിമയിലേക്ക് വന്നാൽ 2013-ൽ ബോക്സ് ഓഫീസ് കളക്ഷനിൽ കഴിഞ്ഞ വർഷത്തേക്കാൾ അല്പം വർദ്ധനയുണ്ടായെങ്കിലും ടിക്കറ്റ് വില്പനയിൽ ഇടിവുണ്ടായി. ഹോളിവുഡിൽ കഴിഞ്ഞ പതിറ്റാണ്ടോടെ തുടങ്ങിയ ടെന്റ് പോൾ മൂവികളെ കേന്ദ്രീകരിച്ചുള്ള സിനിമാനിർമ്മാണം പൊതുവെ നഷ്ടമായി 2013-ൽ. വേനലിൽ വരുന്ന ടെന്റ് പോൾ ഫിലിമുകളിൽ മിക്കതും ബോക്സ് ഓഫീസ് ഫ്ലോപ്പുകളായി. 2013-ലെ ഏറ്റവും കളക്റ്റ് ചെയ്ത സിനിമകളിൽ അധികവും ആനിമേഷനുകളും സീക്വലുകളുമാണ്. അയൺ മാൻ-3 മാത്രമാണ് തകർത്തോടിയ സൂപ്പർ ഹീറോ ഫ്രാഞ്ചൈസി. ഫാളിൽ റിലീസ് ചെയ്ത ഗ്രാവിറ്റി ഓക്സോഫീസിലും അവാർഡ് പരിഗണനയിലും മുന്നിട്ടു നിൽക്കുന്നു.സൂപ്പർതാരങ്ങളുടെ കാലം ഹോളിവുഡിൽ ഏതാണ്ട് കഴിഞ്ഞു എന്നുപറയാം. താരങ്ങൾ സൂപ്പർ ഹീറോകളെ അവതരിപ്പിക്കുന്നതാകും വരും വർഷങ്ങളിലെ സേഫ് ബെറ്റ്. (അയൺ മാനെ അവതരിപ്പിക്കുന്ന റോബർട്ട് ഡൗണി ജൂനിയറിന്റെ കഴിഞ്ഞ വർഷത്തെ ശമ്പളം 75 മില്യൺ ആയെന്നാണു വാർത്ത). കോയെൻ ബ്രദേഴ്സിന്റെ ‘ഇൻസൈഡ് ലെവിൻ ഡേവിസ്’ ഒഴിച്ചുനിർത്തിയാൽ അമേരിക്കൻ സിനിമകൾ മേജർ ഫെസ്റ്റിവലുകളിലൊന്നും പുരസ്കാരങ്ങൾ നേടിയില്ല. റിട്ടയർമെന്റിന്റെ വർഷത്തിൽ സോഡർബെർഗ് ബെർലിൻ, കാൻ ഫെസ്റ്റിവലുകളിൽ സാനിധ്യമായി.

എന്റെ അഭിപ്രായത്തിൽ 2013-ലെ അമേരിക്കൻ സിനിമയിലെ ‘സംഭവം’ എന്നു വിശേഷിപ്പിക്കാവുന്ന സിനിമകൾ ഹാർമണി കൊറൈൻ സംവിധാനം ചെയ്ത സ്പ്രിംഗ് ബ്രേക്കേഴ്സ്, മാർട്ടിൻ സ്കോർസേസിയുടെ ‘വൂൾഫ് ഓഫ് വാൾസ്ട്രീറ്റ്’, അൽഫോൺസോ കുവറോൺ സംവിധാനം ചെയ്ത ‘ഗ്രാവിറ്റി’, കോയെൻ സഹോദരങ്ങളുടെ ഇൻസൈഡ് ലെവിൻ ഡേവിസ് എന്നിവയാണ്.

Form adds to the content എന്ന ക്ലാസിക് സിനിമാപാഠത്തെ നിരാകരിക്കുന്ന അപൂർവം സിനിമകളിലൊന്നായി സ്പ്രിംഗ് ബ്രേക്കേഴ്സ്. ഈ സിനിമയുടെ കാര്യത്തിൽ സിനിമയുടെ ഫോം, അതിന്റെ ഉള്ളടക്കത്തെ നിരാകരിക്കുന്നു, അതുപോലെ ഉള്ളടക്കം ഫോമിനെയും. ഈ സിനിമയുടെ പാഠം/ഉള്ളടക്കം മതപരമായൊരു മൊറാലിറ്റിയ്ക്കുവേണ്ടി വാദിക്കുമ്പോൾ സിനിമയുടെ ഫോം അതിന്റെ കഥാപാത്രനിർമ്മിതി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും അതിരുവിട്ട ആഘോഷങ്ങളെ ദൃശ്യപ്പെടുത്തൽ, വയലൻസ് എന്നിവകൊണ്ട് മതപരമായ മൊറാലിറ്റിയിൽ വിശ്വസിക്കുന്നരെ പ്രകോപിപ്പിക്കുന്നു. അങ്ങനെ പരസ്പരം എതിർ ദിശയിലുള്ള ഫോമിനെയും ഉള്ളടക്കത്തെയും ഒരേ നറേറ്റീവിൽ സം‌യോജിപ്പിച്ചു എന്നതാണ് സ്പ്രിംഗ് ബ്രേക്കേഴ്സിനെ വേറിട്ടു നിർത്തുന്നത്.

സ്കോർസേസിയുടെ വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് ശ്രദ്ധേയമാകുന്നത് അതിലെ പ്രകടമായ സ്ത്രീ വിരുദ്ധത അടക്കമുള്ള പൊളിറ്റിക്കൽ ഇൻ‌കറക്ട്നെസ് കൊണ്ടും മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന‘ ടൂർ ഡി ഫോഴ്സ്’ നറെഷൻ കൊണ്ടുമാണ്. മധ്യവർഗ അമേരിക്കൻ മനസ്സിലെ പ്രഖ്യാപിത വില്ലന്മാരിൽ ഒരാളായ ജോർഡാൻ ബെൽഫോർഡിനെക്കുറിച്ച് ആർക്കും എതിരഭിപ്രായമില്ലാത്ത ഒരു സെയ്ഫായ പൊളിറ്റിക്കലി കറക്ട് സിനിമയെടുക്കാൻ, അങ്ങനെ രണ്ടാമതൊരു ഓസ്കാർ നേടാൻ സ്കോർസേസിയ്ക്കു അറിയാത്തതല്ല എന്നു വ്യക്തം. സ്കോർസേസിയുടെ ശൈലി മറ്റൊന്നാണ്. പൊതുസമൂഹത്തെ പ്രൊവോക്ക് ചെയ്തവയാണു സ്കോർസേസിയുടെ കരിയറിലെ മികച്ച സിനിമകളെല്ലാം. അവയെല്ലാം ആഘോഷിക്കപ്പെട്ടത് റിലീസായി പത്തും ഇരുപതും വർഷം കഴിഞ്ഞതിനു ശേഷമാണ്. വൂൾഫ് ഓഫ് വാൾസ്ട്രീറ്റും അങ്ങനെ തന്നെ. ഇത്രയധികം നെഗറ്റീവ് റിവ്യൂസ് കിട്ടിയ മറ്റൊരു മേജർ റിലീസ് അടുത്തൊന്നും അമേരിക്കയിലുണ്ടായിട്ടില്ല. ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനങ്ങളിലൊന്നിൽ സ്കോർസേസിയ്ക്കു വ്യക്തിപരമായ ഇൻസൾട്ട് പോലും നേരിടേണ്ടി വന്നു.

കോയെൻ ബ്രദേഴ്സിന്റെ ‘ഇൻസൈഡ് ലെവിൻ ഡേവിസ്’ കഴിഞ്ഞ വർഷത്തെ സിനിമാറ്റിക് പസിലുകളിലൊന്നാണ്. അതിനെക്കുറിച്ച് വിശദമായി പിന്നീട്.

ഒരുപക്ഷേ, ചരിത്രത്തിലെ ആദ്യത്തെ Avant-Garde ബ്ലോക്ക്ബസ്റ്ററാണു ഗ്രാവിറ്റി. ഗ്രാവിറ്റിയെ ബ്ലോക്ക്ബസ്റ്റർ മോഡേണിസം എന്നു വിളിച്ച ഹോബർമാൻ പറയുന്നത് ഗ്രാവിറ്റി, ഡി. ഡബ്ല്യു ഗ്രിഫിത്തിന്റെ intolerance, ഗാൻസിന്റെ Napoleon, ഹിച്ച്കോക്കിന്റെ The Birds, കുബ്രിക്കിന്റെ 2001: Space Odyssey എന്നീ ചിത്രങ്ങളുടെ പാരമ്പര്യമവകാശപ്പെടാവുന്ന ഒന്നാണെന്നാണ്. ഫിലിം സ്കോളറായ ക്രിസ്റ്റിൻ തോം‌പ്സൺ പറയുന്നു ഗ്രാവിറ്റി 2001: Space Odyssey-യെക്കാളൊക്കെ മികച്ച ചിത്രമാണെന്ന് !! (ലിങ്ക് 1, ലിങ്ക് 2)

ഒൻപതു ചിത്രങ്ങളാണ് ഓസ്കാർ മികച്ച ചിത്രത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടത്. എങ്കിലും പ്രധാന മത്സരം 12 Years a slave, Gravity എന്നീ ചിത്രങ്ങൾ തമ്മിലാണ്. കഴിഞ്ഞ 4-5 വർഷങ്ങളിലെ മേജർ കോമ്പറ്റീഷൻ പാറ്റേൺ (an expensive, 3D commercial hit versus a smaller historical-drama) തന്നെയാണ് ഈ വർഷവും. മുൻ‌വർഷങ്ങളിലെല്ലാം ഹിസ്റ്ററി-ഡ്രാമകൾ (Hurt Locker, Artist, Argo) പുരസ്കാരം നേടിയതുപോലെ ഈ വർഷം 12 Years a slave തന്നെയാകുമോ അതോ ഗ്രാവിറ്റി അതിനെ മറികടക്കുമോ എന്നതാണു പ്രധാന സസ്പെൻസ്. ഏതായാലും ഓസ്കാർ അവാർഡുകളെ പോലും സ്വാധീനിക്കാൻ കഴിവുണ്ടെന്ന് പരക്കെ കരുതപ്പെടുന്ന ഹാർവി വിൻസ്റ്റീനിന്റെ പരാജയവും പുതു തലമുറയിലെ നിർമ്മാതാവ് മെഗൻ എലിസന്റെ വിജയവുമാണ് ഇത്തവണത്തെ ഓസ്കാർ നോമിനേഷനുകൾ. തന്റെ സിനിമകൾക്ക് ഓസ്കാർ കിട്ടാനായി ഏതു വൃത്തികെട്ട കളിയ്ക്കും മടിയില്ലാത്ത ആളായിട്ടാണു വിൻസ്റ്റീൻ അറിയപ്പെടുന്നത്. (ഹാർവിയുടെ ഓസ്കാർ ചരിത്രം ഇവിടെ വായിക്കാം) 2009, 2011, 2012 എന്നീ വർഷങ്ങളിൽ സ്വന്തം ചിത്രങ്ങളെ വിജയിപ്പിക്കാൻ വിൻസ്റ്റീനു കഴിഞ്ഞു. കഴിഞ്ഞ വർഷം The Silver Linings Playbook എന്ന ചിത്രത്തിന്റെ കാമ്പെയ്‌നിനായി ഒബാമയുടെ ഡെപ്യൂട്ടി കാമ്പെയ്ൻ മാനേജരെത്തന്നെ വിൻസ്റ്റീൻ ഹയർ ചെയ്തു എന്നറിയുമ്പോഴാണ് അവാർഡിനു പിന്നിലെ ചരടുവലികൾ എത്രമാത്രമാണെന്നു ബോധ്യമാവുക. ഈ വർഷം August: Osage County എന്ന ചിത്രമായിരുന്നു വിൻസ്റ്റീന്റെ ബെറ്റ്. എന്നാൽ അതു മികച്ച ചിത്രത്തിനു നോമിനേഷൻ നേടിയില്ല. എന്നാൽ അതിലെ രണ്ടു നടിമാർക്ക് നോമിനേഷൻ വാങ്ങിക്കൊടുക്കുന്നതിൽ വിൻസ്റ്റീൻ വിജയിച്ചു.



ഒറക്കിൾ കോർപ്പറേഷൻ സി.ഇ.ഒ ലാറി എലിസന്റെ മകൾ മെഗൻ എലിസൺ 20-മത്തെ വയസ്സിൽ സിനിമാനിർമ്മാണത്തിനിറങ്ങുമ്പോൾ ഇത്രയുമൊന്നും ആരും പ്രതീക്ഷിച്ചിരിക്കില്ല. ഏതാനും ചെറിയ സിനിമകൾക്ക് ശേഷം മെഗന്റെ കരിയറിലെ ബ്രേക്ക് കോയെൻ ബ്രദെഴ്സിന്റെ ട്രൂ ഗ്രിറ്റ് നിർമ്മിച്ചതായിരുന്നു. അതിനു ശേഷം, അക്ഷരാർത്ഥത്തിൽ അമേരിക്കയിലെ ക്വാളിറ്റി സിനിമയുടെ രക്ഷകയായിരിക്കുകയാണിപ്പോൾ മെഗൻ. ഈ വർഷം തന്നെ മെഗൻ നിർമ്മിച്ച രണ്ടു സിനിമകളാണു ബെസ്റ്റ് പിക്ചർ നോമിനേഷൻ നേടിയിരിക്കുന്നത്. ഫോറിൻ ഫിലിം വിഭാഗത്തിലുള്ള ഗ്രാൻ‌ഡ്മാസ്റ്ററിന്റെ നിർമ്മാണത്തിനും മെഗനു പങ്കുണ്ട്.

സംവിധായകനായി ഗ്രാവിറ്റിയുടെ Alfonso Cuarón തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. നടനായി Matthew Mcconaughey-യുടെ പേരാണു പൊതുവെ പരിഗണിക്കപ്പെടുന്നതെങ്കിലും അവസാനദിവസങ്ങളിൽ ഡികാപ്രിയോ വാർത്തകളിൽ സ്ഥാനം പിടിയ്ക്കുന്നുണ്ട്. വൂഡി അലന്റെ ബ്ലൂ ജാസ്മിനിലെ പ്രകടനത്തിനു Cate Blanchett മികച്ച നടിയായേക്കുമെന്നും കരുതപ്പെടുന്നു. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരം പൗലോ സോറെന്റീനോയുടെ ‘ദി ഗ്രേറ്റ് ബ്യൂട്ടി’ നേടുമെന്ന് കരുതപ്പെടുന്നു. നൂറുകണക്കിന് അത്താഴവിരുന്നുകളിലും മറ്റു പ്രചാരണവേദികളിലും വ്യക്തിതലത്തിലുമായി നടത്തുന്ന കാംപെയ്നുകൾ ഏതാണ്ട് 7000-ത്തോളം വരുന്ന അക്കാദമി അംഗങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നത് സസ്പെൻസ്. ഏതായാലും ലോകത്തെ ഏറ്റവും പ്രസിദ്ധമായ സിനിമാ അവാർഡുകളുടെ ജനപ്രീതിയ്ക്ക് പ്രധാനകാരണം അവയുടെ ജനാധിപത്യസ്വഭാവവും ജനപ്രിയതയോടുള്ള സമരസപ്പെടലും തന്നെ.

വ്യക്തിപരമായി ഓസ്കാർ ചിത്രങ്ങളേക്കാൾ എനിക്ക് കൂടുതൽ താത്പര്യം ഓസ്കാറിനെത്താത്ത ഫെസ്റ്റിവൽ സർക്യൂട്ട് ചിത്രങ്ങളോടാണ്. 2013-ലെ പല സിനിമകളും ഇനിയും കാണാനൊത്തിട്ടില്ല. കാണാൻ സാധിച്ചതിൽ വെച്ച് എനിക്കിഷ്ടപ്പെട്ട ചില സിനിമകളുടെ ലിസ്റ്റ് താഴെ. (ഇത് മികച്ച സിനിമകളുടെ ലിസ്റ്റല്ല, കൂടുതൽ സിനിമകൾ കാണാൻ താത്പര്യമുള്ളവർക്കുള്ള ഒരു സജഷൻ മാത്രമാണ്).

Drug War
The Great Beauty
The Grandmaster
The Past
A Touch of sin
Like Father, Like Son
Prisoners
Only God forgives
Inside Llewyn Davis
Frances Ha
Neighboring sounds

3 comments:

ajith said...

ലേഖനം ഇഷ്ടപ്പെട്ടു. (മേല്‍പ്പറഞ്ഞ ലിസ്റ്റിലെ ഒണ്‍ലി ഗോഡ് ഫൊര്‍ഗിവ്സ് മാത്രമേ കണ്ടിട്ടുള്ളു.ബാക്കിയൊക്കെ കാണണം. ലിസ്റ്റിന് താങ്ക്സ്)

Rajesh said...
This comment has been removed by the author.
Rajesh said...

Thats a good list.
Would you write a review on The Great Beauty and Grand Master. I found both of them as cinematic master peices.
Also, La Via de Adele - Blue is the warmest colour (terrible translation!), and Stories we tell were also excellent.