മലയാളത്തിലെ
സിനിമാക്കാരുമായുള്ള അഭിമുഖങ്ങളിൽ സാധാരണ കേൾക്കാറുള്ള ഒരു വാചകമാണ്, “Art സിനിമ
Commercial സിനിമ എന്നീ രണ്ടു തരം സിനിമകളില്ല” എന്നത്. അങ്ങനെ കരുതാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നിരിക്കിലും
അതു ശരിയാണെന്ന് തോന്നുന്നില്ല.
Commercial സിനിമ എന്നതിനേക്കാൾ ‘പോപുലർ സിനിമ’ എന്ന പ്രയോഗമാകും കുടുതൽ യോജ്യം എന്നുമാത്രം.
ആഖ്യാനസ്വഭാവത്തിൽ തന്നെ രണ്ടുതരം സിനിമകളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. Art സിനിമ
പൊതുവെ ഏറെക്കുറെ സ്വതന്ത്രമായ ആഖ്യാനപദ്ധതികൾ ഉപയോഗിക്കുമ്പോൾ പോപുലർ സിനിമ, പരമ്പരാഗതമെന്ന്
വിശേഷിപ്പിക്കാവുന്ന ആഖ്യാനരീതികളുപയോഗിക്കും. Art സിനിമ അതിന്റെ ആസ്വാദനത്തിന് പ്രേക്ഷകരുടെ
സജീവപങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്, അതുകൊണ്ടുതന്നെ Art സിനിമയുടെ ആസ്വാദനം താരതമ്യേന
എളുപ്പമല്ല. എന്നാൽ പോപ്പുലർ സിനിമ പൊതുവെ പ്രേക്ഷകരുടെ സജീവപങ്കാളിത്തം ആവശ്യപ്പെടുന്നില്ല;
മറിച്ച് അത് പ്രേക്ഷകരെ കാഴ്ചക്കാരായി മാത്രം പരിഗണിക്കുന്നു. ക്രിസ്റ്റഫർ നൊളാൻ സംവിധാനം
ചെയ്ത ഒന്നിലധികം ആഖ്യാനങ്ങൾ ഒരേ ചരടിൽ കോർത്ത ചില സിനിമകൾ, വാച്ചോവ്സ്കി സഹോദരങ്ങളുടെ
മേയ്ട്രിക്സ് ട്രിലജി, Eternal sunshine of the spotless mind തുടങ്ങി സമീപകാലത്തെ
ചില ചിത്രങ്ങൾ മാറ്റിനിർത്തിയാൽ പോപുലർ സിനിമയുടെ ആസ്വാദനം, അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ
എളുപ്പമാണ്.
ആർട്ട് സിനിമയും പോപുലർ സിനിമയും
തമ്മിലുള്ള ചില ആഖ്യാനവ്യത്യാസങ്ങൾ ചിലതാരതമ്യങ്ങളിലൂടെ മനസ്സിലാക്കാനാണ് ഇവിടെ
ശ്രമിക്കുന്നത്. Veiko Õunpuu സംവിധാനം ചെയ്ത ഈസ്റ്റോണിയൻ ചിത്രമായ Autumn Ball
(2007), Jeffrey Nachmanoff-ന്റെ സംവിധാനത്തിൽ പാരമൗണ്ട് സ്റ്റുഡിയോ വിതരണം ചെയ്ത
ഹോളിവുഡ് ചിത്രമായ ‘ദി ട്രെയിറ്റർ (2008)’ എന്നീ സിനിമകളാണ് ഇവിടെ
താരതമ്യത്തിനുപയോഗിക്കുന്നത്. ട്രെയിറ്റർ ഒരു ആവറേജ് പോപുലർ സിനിമയാണെങ്കിൽ Autumn
Ball ഒരു ആവറേജ് ആർട്ട് ഫിലിമാണ്. ഈ ആവറേജ് എന്താണെന്ന് കൂടി വിശദമാക്കാം.
ട്രെയിറ്റർ, 22 മില്യൺ ഡോളർ ചെലവിൽ
നിർമ്മിക്കപ്പെട്ട്, ഏതാണ്ട് അത്രതന്നെ കളക്ഷൻ നേടിയ, വൻ
താരസാന്നിധ്യമൊന്നുമില്ലാത്ത ചിത്രമാണ്. ചെലവിലും വരവിലും, വൻമുതൽമുടക്കുള്ള
ടെന്റ്പോൾ പടങ്ങൾക്കും, തീരെ ചെലവു കുറഞ്ഞ ഇൻഡിപെൻഡന്റ് സിനിമകൾക്കും ഇടയിലാണ്
ട്രെയിറ്റർ. വൻ ജനപ്രീതി നേടിയ ചിത്രമല്ല, എന്നാൽ ഏതാണ്ട് 38000 വോട്ടുകളിൽ നിന്ന്
7.0/10 എന്ന IMDb റേറ്റിംഗ് അത്ര മോശവുമല്ല. ആർട്ട് സിനിമകളുടെ കാര്യത്തിൽ
വരവുചെലവുകളുടെ കാര്യത്തിൽ വലിയ പ്രാധാന്യമില്ല. Autumn Ball സാധാരണ ആർട്ട്
സിനിമകൾ പോലെ ഒരു പ്രധാന ഫെസ്റ്റിവലിൽ (വെനീസ്) പ്രദർശിപ്പിച്ചു, ശേഷം ലോകത്തിന്റെ
പലസ്ഥലങ്ങളിലുള്ള ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. പല ഫെസ്റ്റിവലുകളിൽ നിന്നായി
കുറെ അവാർഡുകളൊക്കെ കിട്ടി. തീരെ ശ്രദ്ധിക്കപ്പെടാത്ത ആർട്ട് സിനിമകൾക്കും, കാൻ
ഫെസ്റ്റിവലിലൊക്കെ വന്ന് കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ആർട്ട് സിനിമകൾക്കുമിടയിലാണ് Autumn
Ball. IMDb റേറ്റിംഗ്, ഏതാണ്ട് ആയിരത്തിലധികം വോട്ടുകളിൽ നിന്ന് 7.1/10. രണ്ടു
സിനിമകളുടെയും വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ, ട്രെയിറ്റർ കണ്ടവരിൽ ഏതാണ്ട് 6%
പേരാണ് അതിന് 10/10 റേറ്റിംഗ് നൽകിയതെങ്കിൽ, Autumn Ball കണ്ടവരിൽ 25% പേർ
കരുതുന്നത് അത് വളരെ മികച്ച സിനിമയാണെന്നാണ്.
ഇനി ആർട്ട് സിനിമയുടെ ചില
ആഖ്യാനരീതികൾ മനസ്സിലാക്കാൻ, Autumn Ball-ന്റെ ആരംഭത്തിലെ ഏതാനും രംഗങ്ങളെടുക്കാം. സിനിമയിലെ ഒരു പ്രധാനകഥാപാത്രത്തെ
ക്ലോസ് ഷോട്ടിൽ അവതരിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം തുടങ്ങുന്നത്. രണ്ട് ക്ലോസ്
ഷോട്ടുകൾക്ക് ശേഷം ഒരു ലോംഗ് ഷോട്ടിൽ നിന്നുകൊണ്ടും ഈ കഥാപാത്രത്തെ
വീക്ഷിക്കുന്നുണ്ട്.
ആദ്യത്തെ ഈ ഷോട്ടുകൾക്ക് തന്നെ ഏതാണ്ട് രണ്ടുമിനിറ്റ് സമയമെടുക്കുന്നുണ്ട്. ഈ ഷോട്ടുകളിലൂടെ സിനിമ ആദ്യമേ തന്നെ അതിന്റെ നറേറ്റീവ് സ്വഭാവം വ്യക്തമാക്കുന്നു.
1. കഥാപാത്രങ്ങളെ നിരീക്ഷിക്കുകയാവും സിനിമ പ്രധാനമായും
ചെയ്യുന്നത്.
2. ഇതു കാണാൻ സാമാന്യം ക്ഷമ പ്രേക്ഷകനിൽ നിന്നും സിനിമ
ആവശ്യപ്പെടുന്നുണ്ട്.
രണ്ടാമത്തെ ഷോട്ടിലെ ഡീപ് ഫോക്കസ്
ശ്രദ്ധിക്കുക. കഥാപാത്രങ്ങളെ അവർ ജീവിക്കുന്ന ചുറ്റുപാടുകളുടെ പശ്ചാത്തലത്തിൽ
നിരീക്ഷിക്കുകയാവും സിനിമ ചെയ്യുക എന്നൊരു സൂചന ഈ ഷോട്ട് തരുന്നുണ്ട്.
തുടർന്നു വരുന്നത്, ഇതേ കഥാപാത്രം,
മുറിയ്ക്കുള്ളിലാണ്. ഒരു സ്ത്രീ അവിടേക്ക് വരുന്നു. അവരുടെ കൈയിൽ
യാത്രയ്ക്കൊരുങ്ങിയതുപോലെ ബാഗൊക്കെയുണ്ട്. വളരെ അടുത്ത സ്നേഹബന്ധമുള്ളവർ
പിരിയുന്നതുപോലെ, അവർ കെട്ടിപ്പിടിക്കുന്നു. ഇതുവരെ ഡയലോഗൊന്നുമില്ല. ഇവർ
തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിനിമ ഒന്നും തന്നെ പറയുന്നില്ല.
തുടർന്ന് അയാൾ അവരെ സെക്സിനു
നിർബന്ധിക്കുന്നു, വിസമ്മതിക്കുന്ന അവരെ ബലാത്കാരം ചെയ്യാൻ ശ്രമിക്കുന്നു.
ഈ രണ്ടു ഫ്രെയിമുകളിലും കഥാപാത്രങ്ങളെയോ അവരുടെ മുഖമോ കാണുന്നില്ല. ആദ്യത്തെ ഫ്രെയിമിൽ ചുവരുകൊണ്ടും, രണ്ടാമത്തെ ഫ്രെയിമിൽ ബുക്ക് ഷെൽഫ് കൊണ്ടും അവരെ മറച്ചിരിക്കുകയാണ്….or the director limits exposition and withholds information. ഇത് പലപ്പോഴും ആർട്ട് സിനിമകളിൽ ആവർത്തിക്കാറുള്ള ഒരു ടെക്നിക്കാണ്. മറ്റൊരു ഉദാഹരണത്തിന് ‘ടിങ്കർ ടെയിലർ സോൾജ്യർ സ്പൈ’ എന്ന ചിത്രത്തിൽ നിന്നുള്ള ഒരു ഫ്രെയിം ശ്രദ്ധിക്കുക.
ഒന്നിലധികം സംഭവങ്ങളുടെ ഒരു
സീരീസിന് തുടക്കം കുറിക്കുന്ന ഒരു ഫോൺ കോളാണ് ഈ രംഗത്തിൽ. പക്ഷേ അത് വിളിക്കുന്നത്
ആരാണെന്ന് വ്യക്തമായി കാണിക്കുന്നില്ല. ശ്രദ്ധാപൂർവമുള്ള കോമ്പോസിഷനിലൂടെ
പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ സംവിധായകൻ മറച്ചു വെക്കുന്നു. (ഈ ചിത്രത്തിലുള്ളത്
വളരെ താരമൂല്യമുള്ള ഒരു നടനായിട്ടും).
Autumn Ball-ലേക്ക് തിരികെ
വരാം. മുൻപു കാണിച്ച അതേ പുരുഷ കഥാപാത്രം
വരുന്ന രണ്ടു സീനുകളാണ് തുടർന്ന് വരുന്നത്. രണ്ട് സീനിലും രണ്ട് വ്യത്യസ്ഥ
സ്ത്രീകളുണ്ട്. ലൈറ്റിംഗിന്റെ പ്രത്യേകത കൊണ്ട് ആദ്യത്തേത് ഫ്ലാഷ്ബാക്ക് ആണെന്ന്
തോന്നിക്കും. രണ്ടാമത്തേത് ഒരു ഭക്ഷണശാലയിൽ. ഈ സ്ത്രീ കഥാപാത്രങ്ങൾ
ആരൊക്കെയാണെന്നും ഇവിടെ വിശദമാക്കുന്നില്ല.
തുടർന്നു വരുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ കഥാപാത്രങ്ങളുള്ള ഒരു രംഗമാണ്. ഒരു പാർട്ടി. അവരിൽ ചിലരെങ്കിലും വിദ്യാർത്ഥികളാണെന്ന് സൂചനയുണ്ട്. ഏതോ അപ്പാർട്ട്മെന്റിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്.
ഇവർ ആരൊക്കെയാണെന്നോ തമ്മിലുള്ള ബന്ധമെന്താണെന്നോ ഒന്നും സിനിമ വിശദമാക്കുന്നില്ല. ഇവരിൽ ചില കഥാപാത്രങ്ങൾ ആവർത്തിച്ച് വരുന്ന, കാര്യമായ ഡയലോഗൊന്നുമില്ലാത്ത, ഒറ്റപ്പെട്ട ഷോട്ടുകളാണ് തുടർന്നു വരുന്നത്. അതിൽ സുഹൃത്തുക്കളെന്ന് തോന്നിക്കുന്ന രണ്ടുപേരുണ്ട്, ഒരമ്മയും മകളുമുണ്ട്, ഒരു അപ്പാർട്ട്മെന്റിലേക്ക് ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന ഒരാളുണ്ട്, ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റുകൾ രണ്ടുപേരുണ്ട്.
ഇത്രയും കൊണ്ട് 30 മിനിറ്റ്. സിനിമയുടെ നാലിലൊന്ന് നീളമായിട്ടും, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമോ അവരുടെ ഐഡന്റിറ്റിയോ, പ്രത്യേകിച്ചൊരു പ്ലോട്ടോ കഥാസന്ദർഭമോ ഒന്നും സിനിമ അവതരിപ്പിക്കുന്നില്ല. സാമ്പ്രദായികമായ ഒരു കഥ പറയാൻ ശ്രമിക്കാതെ, ഈസ്റ്റോണിയയിലെ ഒരു പഴയ അപ്പാർട്ട്മെന്റ് കോംപ്ലെക്സിന്റെ പശ്ചാത്തലമാക്കി, 6 കഥാപാത്രങ്ങളിലൂടെ ഏകാന്തതയെയും നിരാശയെയുമൊക്കെക്കുറിച്ചുള്ള ഒരു ധ്യാനമാണ് ഈ സിനിമയെന്ന് പറയാം. ഇത്തരം സിനിമകൾ കണ്ട് പരിചയവും, ക്ഷമയും, സിനിമയെന്ന മീഡിയത്തിന്റെ വിശാലസാധ്യതകളെക്കുറിച്ച് ബോധവും, എല്ലാറ്റിനുമുപരി മിനിമം സഹൃദയത്വവുമുള്ള വളരെ ചെറിയ ശതമാനം ആളുകളോടു മാത്രമേ ഈ സിനിമ സംവദിക്കുന്നുള്ളൂ. സിനിമയിലൂടെ വിനോദം മാത്രം തെരയുന്നവർക്ക് ഈ സിനിമ നിരാശയായിരിക്കും. എന്നാൽ കൂടുതൽ ചിന്തോദ്ദീപകമായ, വൈകാരികമായ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടേക്കാം.
ഇത്തരം ആർട്ട് സിനിമകളെ
അപേക്ഷിച്ച്, പോപ്പുലർ സിനിമകൾ വളരെ വ്യത്യസ്ഥമാണ്. പ്രേക്ഷകരിൽ നിന്നും മിനിമം
ചിന്താശേഷിയോ സഹകരണമോ ആവശ്യമില്ലാത്തതാണ് ഒട്ടുമിക്ക പോപ്പുലർ സിനിമകളും.
കണ്മുന്നിലെ സ്ക്രീനിൽ കാണുന്ന വിഷ്വലുകളുടെ ഭംഗിയിലൂടെയും obvious എന്നുതന്നെ
വിശേഷിപ്പിക്കാവുന്ന ഒരു കഥയുടെ ആഖ്യാനത്തിലൂടെയും തിയറ്ററിലായിരിക്കുന്ന അത്രയും
സമയം പ്രേക്ഷകരെ വിനോദിപ്പിക്കുക എന്നതാണ് പോപ്പുലർ സിനിമയുടെ ലക്ഷ്യം. ആർട്ട് സിനിമകൾ
ഇൻഫർമേഷൻ ലിമിറ്റ് ചെയ്ത് പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നെങ്കിൽ,
പോപ്പുലർ സിനിമകൾ, ഒരേ ഇൻഫർമേഷൻ ഒന്നിലധികം തവണ നൽകി കാഴ്ച കുടുതൽ
എളുപ്പമുള്ളതാക്കാനാണു ശ്രമിക്കുന്നത്.
ട്രെയിറ്റർ എന്ന ചലചിത്രത്തിന്റെ
ഉദാഹരണത്തിലേക്ക് വന്നാൽ, മുസ്ലിം ഐഡന്റിറ്റിയുള്ള നായകനെ ഒരു ചാരനായി ഉപയോഗിച്ച്,
അയാളുടെ സഹായത്തോടെ എഫ്.ബ്.ഐ ഒരു തീവ്രവാദിആക്രമണം തടയുന്നതാണ് സിനിമയുടെ
പ്ലോട്ട്. സാമീർ ഹോൺ എന്ന നായകന്റെ പിതാവ് ഒരു തീവ്രവാദി ആക്രമണത്തിൽ
കൊല്ലപ്പെട്ടതാണെന്നുള്ളത് സിനിമയിലെ ഒരു പ്രധാനപ്പെട്ട ഇൻഫർമേഷനാണ്. അതുകൊണ്ടാണ്
അയാൾക്ക് തീവ്രവാദികളോട് അടങ്ങാത്ത പകയുള്ളത്.
സാമീറിന്റെ ഭൂതകാലം സംബന്ധിക്കുന്ന ഈ പ്രധാനപ്പെട്ട അറിവ് സിനിമയിൽ പലതവണ
അവതരിപ്പിക്കപ്പെടുന്നുണ്ട്.
തുടക്കത്തിൽ ഒരു ഫ്ലാഷ്ബാക്കിലൂടെ
നായകന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നു.
തന്റെ പിതാവിന്റെ മരണം സാമീർ കാണുന്നത് സിനിമ വ്യക്തമായിത്തന്നെ അവതരിപ്പിക്കുന്നു.
ഈ രണ്ട് ഫ്രെയിമുകൾ തമ്മിലുള്ള സാമ്യം ശ്രദ്ധിക്കുക. ബാലനായ സാമീറിന്റെ ഫുൾ ക്ലോസപ്പിൽ നിന്ന് കട്ട് ചെയ്യുന്നത് സമീറിന്റെ വർത്തമാനകാലത്തിലെ ഒരു ഫുൾ ക്ലോസപ്പിലേക്കാണ്. മിക്ക സിനിമകളിലും കാണാറുള്ള ഇതുപോലെ ഒരു ലളിതമായ എഡിറ്റിലൂടെ ഇത്രനേരവും കണ്ടത് സാമീറിന്റെ ഭൂതകാലം തന്നെയെന്ന് പ്രേക്ഷകരിലുറപ്പിക്കുന്നു.
ഇതേ ഇൻഫർമേഷൻ, വൈകി വരുന്നവർക്കും,
മറന്നു പോയവർക്കും വേണ്ടി സിനിമയിൽ പലതവണ ആവർത്തിക്കുന്നത് നോക്കാം. ആദ്യം
സാമീറിനെപ്പറ്റിയുള്ള ഇൻഫർമേഷൻ മറ്റ് ഏജന്റുമാർക്ക് ബ്രീഫ് ചെയ്യുന്നതിനിടയിൽ.
മറ്റൊന്ന് രണ്ട് ഏജന്റുമാർ
തമ്മിലുള്ള സംഭാഷണത്തിനിടയിൽ
പ്രധാനപ്പെട്ട ഏത് ഇൻഫർമേഷനും
മിനിമം മൂന്നു തവണ പ്രേക്ഷകർക്ക് നൽകിയിരിക്കണം എന്നതാണ് ഹോളിവുഡ് തിരക്കഥകളിലെ
അടിസ്ഥാനനിയമം. ഇവിടെ മൂന്നു തവണയും ഇതേ ഇൻഫർമേഷൻ കിട്ടിക്കഴിഞ്ഞ്, എന്നിട്ടും
മറന്നുപോകാൻ സാധ്യതയുള്ള അരണബുദ്ധികൾക്കായി സാമീറിന്റെ അമ്മയെക്കൊണ്ട് ഒന്നുകൂടി
ഒരു സൂചനയിലൂടെ ആവർത്തിക്കുന്നുണ്ട്.
(ഇങ്ങനെ ഒരേ ഇൻഫർമേഷൻ പലതവണ
ആവർത്തിക്കുമ്പോഴാണ്, സിനിമ എന്റെ ബുദ്ധിയെ പരിഹസിക്കുന്നതുപോലെ എനിക്ക്
തോന്നുന്നത്).
ട്രെയിറ്റർ ഒരു one dimentional
ത്രില്ലറാണ്. സിനിമയിൽ അവതരിപ്പിക്കുന്ന ഉപരിതലസ്പർശിയായ ഒരു കഥ എന്നതിലപ്പുറം
അതിലൊന്നുമില്ല. കാണുന്ന അത്രയും സമയം, മുൻപ് സൂചിപ്പിച്ചതുപോലുള്ള
ഇൻസൾറ്റുകളൊന്നും വകവെക്കാത്തവരാണെങ്കിൽ പടം എന്റർടെയിനറാണ്. അല്പം കൂടി
രാഷ്ട്രീയബോധമുള്ളവർക്കാണെങ്കിൽ, സ്റ്റീരിയോടൈപ്പ് പൊതുബോധങ്ങളുടെ ഉപയോഗം കൊണ്ട്
നല്ല രീതിയിൽ ഒഫൻസീവുമാണ് ഈ ചിത്രം. Autumn Ball പ്രേക്ഷകരുടെ ശ്രദ്ധയെയും
ചിന്താശേഷിയെയും പരീക്ഷിക്കുമെങ്കിൽ ട്രെയിറ്റർ ഇതു രണ്ടിനെയും പരിഹസിക്കും.
പൊതുവെ ആളുകൾ പരിഹാസം പൊറുക്കും, പരീക്ഷണം പൊറുക്കില്ല എന്നു തോന്നുന്നു.
Exposition-ലുള്ള ഈ വ്യത്യാസം മാത്രമല്ല ആർട്ട് സിനിമയും പോപ്പുലർ സിനിമയും തമ്മിലുള്ളത്. ഇത്തരം വ്യത്യാസങ്ങളൊക്കെ
ഒരുത്തിരിഞ്ഞുവരുന്നത് 1960-കളോടെയാണെന്നാണ് എന്റെ ധാരണ. അതുകൊണ്ട് അതിനുമുൻപു
തുടങ്ങിയ മാസ്റ്റർ സംവിധായകരുടെ സിനിമകൾക്ക് ഇതൊന്നും അപ്ലൈ ചെയ്യാനാകില്ല. എന്നാൽ, സമകാലീന സിനിമകളിൽത്തന്നെ ഇതിനു രണ്ടിനും ഇടയിൽ
നിൽക്കുന്ന സിനിമകളുമുണ്ട്. ജുലി ബെർട്ടുച്ചെല്ലിയുടെ ദി ട്രീ, ഹോംഗ്കോങിൽ നിന്നുള്ള
ജോണി തോ അടക്കമുള്ള സംവിധായകരുടെ സിനിമകൾ ഒക്കെ ഉദാഹരണം. ഏതായാലും സമകാലീന ആർട്ട് സിനിമയും
പോപ്പുലർ സിനിമയും തമ്മിലുള്ള പ്രധാനവ്യത്യാസങ്ങളിലൊന്ന് Exposition-ലാണെന്ന് പറയാം.
8 comments:
thanks :)
ഏയ് .... വളരെ വിശദം ... വളരെ ഉപകാരപ്രദം :)
നന്നായി എഴുതി
ചില ധാരണകളെയെങ്കിലും തിരുത്തേണ്ടിവന്നു. :)
Thanks 4 the nice writeup
Happy to read u again :)
ലേഖനം നന്നായിരുന്നു .... പ്രേക്ഷകന്റെ ബുദ്ധിപരമായ സാന്നിധ്യം വേണ്ടതും unconventional ലും അയസിനിമകൽകും പോപ്പുലർ സിനിമ പ്രേക്ഷകരെ ലഭിക്കും എന്നതിന്റെ ഉദാഹരണം ആണ് christopher nolan ൻറെ മിക്ക സിനിമ കളും . അല്ലെങ്കിൽ അത്തരം സിനിമകളിലേക് പോപ്പുലർ പ്രേക്ഷകരെ അകര്ഷികുന്നതാണ് അദ്ദേഹതിന്റെ ടാലെന്റ്റ്. രണ്ടു തരം പ്രേക്ഷകരെയും ത്രിപ്തിപെടുത്തുന്ന വേറെയും ധാരാളം സിനിമകളുണ്ട് ( fransis ford cappola യുടെ godfather ,Quentin Tarantino വിന്റെ pulp fiction എന്നിവ ചില ഉദാഹരനഗൽ മാത്രം ). വേറെ ഒരുകര്യമെന്താനെന്നുവച്ചാൽ പ്രേക്ഷകരിൽ ബുദ്ധിമാൻ മാർ നമ്മൾ കരുതുന്നതിലും കൂടുതൽ ഉണ്ട് . എന്നാൽ മനസിലെ മുൻവിധി കാരണം ആർട്ട് സിനിമ എന്ന് കേൾകുമ്പോൾ തന്നെ അവർകു ബോർ അടിക്കു കയാണ് .ശരിക്കും അവർ ആസിനിമകൾ എങ്ങനെയിരികുമെന്നുപൊലും നോക്കാൻ മുതിരാറില്ല . ആർട്ട് സിനിമ എടുക്കുനവരും സാധാരനകര്കിടയിൽ അത് എത്തിക്കാൻ ശ്രമിക്കാരും ഇല്ല .പോപ്പുലർ സിനിമയുടെ പ്രധാന ആയുധം പരസ്യ പ്രചാരണമാണ് .പോപ്പുലർ സിനിമയിൽ ,സിനിമയുടെ മേറ്റ് എന്ത് ഫാക്ടരിനു ഒപ്പമോ അതിനെക്കാൾ പ്രധാനമായോ സിനിമയുടെ വിജയം അസ്രയികുന്നത് marketing ലാണ് . ആർട്ട് സിനിമയും കുറച്ചു കൂടി ബുദ്ധിപരമായി മാർക്കറ്റ് ചെയ്യുകയനെകിൽ കുറേകൂടി പ്രേക്ഷകർ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു .christopher nolan നു ഈകാര്യത്തിൽ ചെറിയ advantege ഉണ്ട് .മൂലധനം ആർട്ട് സിനിമകൾക്ക് വലിയ മാർകെട്ടിങ്ങിനു തടസം ആയിരിക്കാം .എങ്കിലും കുറച്ചുകൂടി ശ്രദ്ധ ആ മേഖലയിൽ നൽകിയാൽ ആസ്വാദകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാതിരിക്കില്ല .
നന്നായിരിക്കുന്നു !
പ്ലസ് വണ്‍ പാഠത്തിൽ പഠിക്കാനുള്ള ഒരു പാഠഭാഗത്തിൽ ജനപ്രിയ സിനിമകൾ വിനിമയം ചെയ്യുന്ന കലാമൂല്യങ്ങളെ വിശകലനം ചെയ്യുന്നുണ്ട്(ഓ കെ ജോണിയുടെ ഒരു ലേഖനം-സിനിമയും സമൂഹവും ). അതിൽ ജനപ്രിയ സിനിമകൾ മിത്തുകളെ ധാരാളമായി ഉപയോഗിക്കുന്നു എന്ന പരഞ്ഞുവച്ചിരിക്കുന്നു. പുരാതനമായ മിത്തുകളെ രാഷ്ട്രീയ സാമൂഹിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് ഉപയോഗിക്കുന്നതായും, സ്റ്റീരിയോടൈപ്പ് കളും ക്ലീഷേ കളും കൊണ്ട് പുത്തൻ മിത്തുകൾ തന്നെ നിർമ്മിക്കുന്നതായും പറയുന്നു.
ഇതേക്കുറിച്ച് - കച്ചവടസിനിമകൾ നിരന്തരം വിഷയമാക്കുന്ന മിത്തുകളെക്കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാടെന്താണ്? കഴിയുമെങ്കിൽ ചില ഉദാഹരണങ്ങൾ നല്കാമോ?
താങ്കളുടെ ലേഘനത്തിലെ "അല്പം കൂടി രാഷ്ട്രീയബോധമുള്ളവർക്കാണെങ്കിൽ, സ്റ്റീരിയോടൈപ്പ് പൊതുബോധങ്ങളുടെ ഉപയോഗം കൊണ്ട് നല്ല രീതിയിൽ ഒഫൻസീവുമാണ് ഈ ചിത്രം" ഈ ഭാഗത്ത് ജോണിയുടെ ലേഘനത്തിലെ ആശയങ്ങളോട് സാമ്യം തോന്നിയതുകൊണ്ടാണ് ചോദ്യം ..
നന്ദി!
രഘു
രഘു,
ഓ കെ ജോണിയുടെ ലേഖനം വായിച്ചിട്ടില്ല. അദ്ദേഹം പറയുന്ന മിത്തുകൾ എന്തൊക്കെയാണെന്നറിയാൻ താത്പര്യമുണ്ട്.
ആശയം എളുപ്പം കൺവേ ചെയ്യാനും, ആളുകളെ രസിപ്പിക്കാനും അവരുടെ പൊതുധാരണകളെ അലോസരപ്പെടുത്താതിരിക്കാനും, ക്രിയേറ്ററുടെ inability കൊണ്ടും സ്റ്റീരിയോടൈപ്പുകൾ പോപ്പുലർ സിനിമകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്. പൊതുബോധം മിക്കപ്പോഴും യാഥാർത്ഥ്യവുമായി ബന്ധമുണ്ടാകണമെന്നില്ല എന്നറിയുന്നവർക്കും, ഇത്തരം അലസതകൾ സമൂഹത്തിലുണ്ടാക്കാൻ സാധ്യതയുള്ള വികലധാരണകളെക്കുറിച്ച് ബോധ്യമുള്ളവർക്കും ഇത് അലോസരമായി തോന്നും, എന്നാണു ഞാനുദ്ദേശിച്ചത്. എന്നാൽ അങ്ങനെയല്ലാത്ത പോപ്പുലർ സിനിമകളും ധാരാളമുണ്ട്. അതുകൊണ്ട്, ജോണിയുടെ ലേഖനത്തിലുദ്ദേശിച്ചതു തന്നെയാണിതെന്ന് തോന്നുന്നില്ല. താന്കൾ പറഞ്ഞ വാചകത്തിൽ നിന്നു കിട്ടുന്ന vague idea വെച്ച് ഞാനതിനോടു യോജിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആ ലേഖനം മുഴുവൻ രൂപത്തിൽ ഒന്നു വായിക്കാൻ കിട്ടിയാൽ കൊള്ളാമെന്നുണ്ട്.
It would be great if you could send a scanned/photographed copy to my email: roby.kurian[at]gmail.com
thanks
Post a Comment