Thursday, May 24, 2007

Cache (2005)

സിനിമ, നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണെന്ന്‌ പറഞ്ഞത്‌ ഫ്രഞ്ച്‌ ചലചിത്രകാരന്‍ ഗൊദാര്‍ദ്‌ ആണ്‌. ഫ്രെഞ്ച്‌ ഭാഷയില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആസ്ത്രിയന്‍ സംവിധായകന്‍ മിഷേല്‍ ഹാനേക്‌(Michael Haneke) പറഞ്ഞത്‌ സിനിമ നിമിഷത്തില്‍ 24 ഫ്രെയിമുള്ള നുണയാണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ നാം കാണുന്നതല്ല നാം കാണുന്നതെന്ന്‌ വിചാരിക്കുന്നത്‌ എന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്‌ ഹാനേകിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ Cache(hidden)(2005). മനശാസ്ത്രപരമായ സാധ്യതകളുള്ള ഒരു ത്രില്ലര്‍, സാമൂഹ്യവിമര്‍ശനം സാധ്യമാക്കുന്ന, ഉന്നതമായ കലാമൂല്യമുള്ള ഗൗരവമേറിയ ഒരു കലാസൃഷ്ടി, ചരിത്രത്തെക്കുറിച്ച്‌ നൂതനമായ ഒരു കാഴ്ചപ്പാട്‌ ഇവയിലേതെങ്കിലും ഒന്ന്‌ നേടാനായാല്‍ തന്നെ അത്‌ സിനിമയെ ശ്രദ്ധാര്‍ഹമാക്കുന്നുവെങ്കില്‍ Cache ഒരേ സമയം ഇതെല്ലാമാണ്‌.




Cache തീര്‍ച്ചയായും എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു Entertainer അല്ല. തന്റെ സിനിമയുടെ കാഴ്ചക്കാര്‍ ഏതു തരം ആളുകളാണെന്ന്‌ ഹാനേക്കിന്‌ കൃത്യമായറിയാം. തന്റെ കാണികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത അവര്‍ (നമ്മള്‍) സ്വയം തങ്ങളെക്കുറിച്ച്‌ വംശവെറിയുള്ളവരെന്നോ ജാതിവ്യത്യാസങ്ങള്‍ പരിഗണിക്കുന്നവരെന്നോ ഒരിക്കലും കരുതാത്ത വിദ്യാസമ്പന്നരും, ലിബറലുമായ മധ്യവര്‍ഗക്കാരാണെന്നാണ്‌. മാത്രമല്ല അവര്‍ ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായ ജോര്‍ജ്ജിനേയും ആനിയേയും പോലെ കലയിലും സാഹിത്യത്തിലും താത്‌പര്യമുള്ളവരാണെന്ന്‌ കൂടി സംവിധായകന്‍ പ്രതീക്ഷിക്കുന്നു.



സിനിമ തുടങ്ങുന്നത്‌ പാരീസിന്റെ പ്രാന്തങ്ങളിലുള്ള ഒരു വീടിന്റെ, അനേകം മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഒരു static medium range ഷോട്ടിലൂടെയാണ്‌. ദമ്പതികളായ ജോര്‍ജും ആനിയും ഒരു വീഡിയോ കാണുകയാണ്‌. ഇത്‌ നമുക്ക്‌ ആദ്യം മനസ്സിലാവുകയില്ല. അത്‌ അവരുടെ വീടിന്റെ പുറമെ നിന്ന്‌ കിട്ടിയതാണ്‌. പിന്നീട്‌ നാം മനസ്സിലാക്കുന്നു ഇത്‌ അവരുടെ തന്നെ വീടിന്റെതാണ്‌. ഈ വീഡിയോ അതില്‍ തന്നെ അപകടകരമല്ല. പക്ഷെ അതിന്റെ ഉറവിടം അജ്ഞാതമാണെന്നതാണ്‌ ഇവിടെ ഭീതിജനകം.


ജോര്‍ജ്ജ്‌ (Daniel Auteuil) ഒരു ടിവി ചാനലില്‍ സാഹിത്യപ്രധാനമായ ഒരു ചര്‍ച്ചാപരിപാടിയുടെ അവതാരകനാണ്‌. ആനിയാകട്ടെ (Juliette Binoche) ഒരു പുസ്തകപ്രസാധന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇവരെ കൂടാതെ പന്ത്രണ്ട്‌ വയസ്സുള്ള മകനാണ്‌ കുടുംബത്തിലെ മറ്റൊരംഗം. ഈ വീഡിയോ ടേപ്പ്‌ ആരുടെ സൃഷ്‌ടിയാണെന്ന്‌ തനിക്കറിയാമെന്ന്‌ ജോര്‍ജ്ജ്‌ സംശയിക്കുന്നു. ഇവിടെയാണ്‌ മജീദ്‌ കഥയിലേക്ക്‌ വരുന്നത്‌. അള്‍ജീരിയക്കാരായ മജീദിന്റെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ ചെറുപ്പകാലത്ത്‌ വീട്ടിലെ ജോലിക്കാരായിരുന്നു. അവര്‍ 1961 ല്‍ അള്‍ജീരിയന്‍ വംശീയര്‍ക്കെതിരെ പാരീസില്‍ നടന്ന കൂട്ടവെടിവെയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ജോര്‍ജ്ജിന്റെ മാതാപിതാക്കള്‍ മജീദിനെ ദത്തെടുക്കാന്‍ ശ്രമിക്കുന്നു. മജീദിനെ വംശീയമായ വ്യത്യാസങ്ങളുടെ പേരില്‍ വെറുത്തിരുന്ന ജോര്‍ജ്ജ്‌ മജീദിനെതിരെ നുണകള്‍ ആസൂത്രണം ചെയ്യുകയും അങ്ങനെ മജീദ്‌ അനാഥമന്ദിരത്തിലേക്ക്‌ മാറ്റപ്പെടുകയും ചെയ്യുന്നു.

തനിക്ക്‌ കിട്ടിയ മറ്റൊരു ടേപ്പ്‌ പിന്തുടരുന്ന ജോര്‍ജ്ജ്‌ എത്തിപ്പെടുന്നത്‌ മജീദിന്റെ വീട്ടില്‍ തന്നെയാണ്‌. മജീദാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കാനാവുന്നതു പോലെ ശ്രമിക്കുന്നുണ്ട്‌. ജോര്‍ജ്ജാകട്ടെ തന്റെ സ്വതസിദ്ധമായ അഹങ്കാരത്തോടും ധാര്‍ഷ്‌ട്യത്തോടും കൂടിയാണ്‌ മജീദിനെ നേരിടുന്നത്‌. ഇങ്ങനെ ഒരു സ്ഥിതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നതേയുള്ളൂ.

എളുപ്പത്തിലുള്ള ഒരു ഉത്തരത്തിനും Cache ശ്രമിക്കുന്നില്ല. High defenition വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ സംവിധായകന്‍ ഇവിടെ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്നത്‌. ഇതിനാല്‍ നാം കാണുന്നത്‌ സിനിമയാണോ, വീഡിയോ ടേപ്പാണോ എന്ന്‌ തിരിച്ചറിയാനോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കൃത്യമായി മനസ്സിലാക്കാനോ പ്രേക്ഷകന്‌ കഴിയുന്നില്ല. സിനിമ എന്നത്‌ നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണോ അതൊ നുണയാണോ അതോ രണ്ടിന്റെയും ഇടയിലെന്തെങ്കിലുമാണോ എന്ന സന്ദേഹം തീര്‍ച്ചയായും പ്രേക്ഷകനിലുണ്ടാവുന്നു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കുള്ള എല്ലാ സൂചനകളും സംവിധായകന്‍ പകല്‍ വെളിച്ചത്തിലെന്ന പോലെ തുറന്നു വെയ്ക്കുന്നതിനാല്‍ സൂചനകള്‍ നാം കാണാതെ പോകുന്നു. ജോര്‍ജ്ജിന്റെയും ആനിയുടേയും ആംഗിളില്‍ നിന്നാണ്‌ നാം വീഡിയോ ടേപ്പിന്റെ പ്രശ്‌നത്തെ സമീപിക്കുന്നതെങ്കിലും നാമും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നതിനാല്‍ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്ന അജ്‌ഞ്ഞാതനെപ്പോലെ ഒളിഞ്ഞുനോട്ടക്കാരനും കടന്നുകയറ്റക്കാരനുമാക്കപ്പെടുന്നു.

വെറുമൊരു ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തം. അസാധാരണമായ രീതിയിലുള്ള Editing, പശ്‌ചാത്തല സംഗീതത്തിന്റെ അസാനിധ്യം, ഞൊടിയിടയില്‍ രൂപപ്പെടുന്നതും അതികഠിനവുമായ വയലന്‍സ്‌ എന്നിവയിലൂടെ ഒരു Entertainer അല്ല തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. മറിച്ച്‌, ജോര്‍ജ്ജ്‌, ആനി എന്നീ മുഖ്യകഥാപാത്രങ്ങളുടെ ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക പടിഞ്ഞാറന്‍ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും മൂന്നാം ലോക രാജ്യങ്ങളോടും പടിഞ്ഞാറിന്റെ സമീപനത്തിന്റെ ഫ്രെയിമിലൂടെ പരിശോധിക്കുന്നു അദ്ദേഹം. സാമൂഹികമായ ഈ മാനത്തിനു പുറമെ, ചരിത്രപരമായ കുറ്റബോധം സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, സൂക്ഷ്‌മതലത്തില്‍ അതായത്‌ വ്യക്തി ജീവിതത്തില്‍ അത്‌ എങ്ങനെ പ്രകാശിതമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ ഒരു മാനം കൂടി ഈ ചിത്രത്തിനുണ്ട്‌.
വീഡിയോ ടേപ്പുകള്‍ സൃഷ്ടിക്കുന്ന ഭീതിയെക്കുറിച്ചും തന്റെ മകനെക്കുറിച്ചും ഭര്‍ത്താവിന്റെ വിശ്വസ്‌തതയെക്കുറിച്ചും എല്ലാം ഉത്‌കണ്ഠയില്‍ വളരുന്ന ആനിയെ അവതരിപ്പിച്ച Juliette Binoche കഥയുടെ പുരോഗതിയെയും സസ്‌പെന്‍സിനെയും മുറുക്കമുള്ളതാക്കുന്നു. Binoche യുടെ സ്വതവെയുള്ള Vulnerable face ആനിക്ക്‌ തികച്ചും അനുയോജ്യമാണ്‌. എന്നാല്‍ സ്വന്തം കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ വിസമ്മതിക്കുന്ന, കുറ്റബോധത്തെ മനസ്സിന്റെ അടിത്തട്ടില്‍ മൂടിവെയ്ക്കുന്ന ജോര്‍ജ്ജിനെ അവതരിപ്പിച്ച ദാനിയേല്‍ ആഷ്‌ലി (Daniel Auteuil) യാണ്‌ സിനിമയുടെ മുഖ്യ ആശയത്തെ തോളിലേറ്റുന്നത്‌. അള്‍ജീരിയന്‍ വംശജരോടുള്ള ക്രൂരതകളുടെ ചരിത്രത്തെ മൂടി വെയ്ക്കുന്ന മുഖ്യധാരാ ഫ്രഞ്ച്‌ സമൂഹം, മാത്രമല്ല മുഴുവന്‍ പടിഞ്ഞാറന്‍ സാംസ്കാരിക ചരിത്രത്തിനു തന്നെ ജോര്‍ജ്ജ്‌ ഒരു metaphor ആകുന്നു. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളാല്‍ അസ്വസ്‌ഥനാക്കപ്പെടുന്ന ജോര്‍ജ്ജ്‌ തന്റെ മുറിയില്‍ കയറി വാതിലുകളും ജനലുകളും അടച്ച്‌, ഉറക്കഗുളികകള്‍ കഴിച്ച്‌ ഉറങ്ങി വിശ്രമിക്കാനാണ്‌ ശ്രമിക്കുന്നത്‌...
Cache കണ്ടു കഴിയുമ്പോള്‍ ഏറ്റവും ഉപരിതലത്തിലുണ്ടാവുന്ന ചോദ്യം ആരാണ്‌ വീഡിയോ ടേപ്പുകള്‍ സൃഷ്‌ടിച്ചത്‌ എന്നതാവാം...ഈ ചോദ്യം ഗൗരവമായെടുക്കുന്ന പ്രേക്ഷകന്‌ ഉത്തരം കണ്ടുപിടിക്കുക എന്നത്‌ ബുദ്ധിപരമായ ഒരു വെല്ലുവിളിയാണ്‌. ഇനി നിങ്ങള്‍ എത്തിച്ചേരുന്ന ഉത്തരമാകട്ടെ നിങ്ങളുടെ ചിന്താരീതിയെയും സാമ്പത്തിക - സാമൂഹിക നിലകളേയും ആശ്രയിച്ചു കൂടിയിരിക്കും. ഈ ചോദ്യത്തിന്‌ എനിക്കു കിട്ടിയ ഉത്തരം ഇവിടെ പങ്കു വെയ്ക്കുന്നില്ല. ചിത്രം കാണുന്നവരുണ്ടെങ്കില്‍ അവരുടെ കൂടി താത്‌പര്യപ്രകാരം പിന്നീട്‌ ചര്‍ച്ച ചെയ്യാനായി മാറ്റി വെയ്‌ക്കുന്നു. ചിത്രത്തിലൊരിക്കല്‍ ജോര്‍ജ്ജ്‌ അവതരിപ്പിക്കുന്ന ടിവി പ്രോഗ്രാമിനു ശേഷം പരിപാടിയുടെ end credits കഴിയുന്നതു വരെ ഇരിപ്പിടത്തില്‍ തന്നെയിരിക്കാന്‍ നിര്‍മ്മാതാവ്‌ ആവശ്യപ്പെടുന്നുണ്ട്‌. ഇത്‌ പ്രേക്ഷകനോടുള്ള സംവിധായകന്റെ നിര്‍ദ്ദേശമാണ്‌...End credits വരെ ശ്രദ്ധയോടെ കാണുക....

17 comments:

Roby said...

ഒരു ഇടവേളയ്ക്ക്‌ ശേഷം ലോകസിനിമയുടെ വര്‍ത്തമാനങ്ങളുമായി...
പുതിയ പോസ്റ്റ്‌ cache(2005)

ടി.പി.വിനോദ് said...

ഇവിടെ വീണ്ടും ആള്‍പ്പെരുമാറ്റം കണ്ടതില്‍ ഒരുപാട് സന്തോഷം...:)
എഴുത്ത് പതിവുപോലെ നന്നായിരിക്കുന്നു. ആ സിനിമയിലേക്ക് കൊതിപ്പിക്കുന്നു നീയെന്നെ..:)
മെറ്റാഫിക് ഷന്‍ നമ്മെ എറ്റവും കൂടുതല്‍ ഭ്രമിപ്പിക്കാനും ജാഗരൂഗനാക്കാനും കഴിയുന്ന സങ്കേതമാണ്. പ്രത്യേകിച്ചും സിനിമ പോലെ ഒരു മാധ്യമത്തില്‍ അത് വരുമ്പോള്‍ ..അല്ലേ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

റോബീ,

വീണ്ടും കണ്ടതില്‍ സന്തോഷം..ഇതിന്റെ ഡിവിഡി കയ്യില്‍ ഉണ്ടോ..

ഇപ്പോള്‍ എവിടെയാണു..ബാംഗ്ലൂര്‍ വിട്ടോ..???

സിജിത്

ചില നേരത്ത്.. said...

cache- കണ്ടു.അതിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ തപ്പിയിട്ടാണ് സിനിമ കാണാനിരുന്നത്. ഇതുപോലെയുള്ളൊരു നിരീക്ഷണം വേറെ ഒരിടത്തും ഈ സിനിമയെ കുറിച്ച് വായിക്കാനൊത്തില്ല. മനോഹരമായ അവലോകനമാണ് റോബി എഴുതിയിരിക്കുന്നത്.ഈ സിനിമയെ കുറിച്ച്, കുറച്ച് സാധ്യമായ നിരീക്ഷണങ്ങളുമായി സാവധാനം തിരിച്ചെത്താം .

വെള്ളെഴുത്ത് said...

cache എന്ന സിനിമയും click എന്ന സിനിമയും തമ്മില്‍ എനിക്ക് തിരിഞ്ഞു പോയിരുന്നു. ഇപ്പോള്‍ ഇതു വായിച്ചപ്പോഴാണ് കാര്യങ്ങള്‍ ഓര്‍മ്മ വരുന്നത്.. ഇത് തിരുവനന്തപുരത്ത ഫെസ്റ്റിവലിനു കാണിച്ചപ്പോള്‍ പേര് hidden എന്നായിരുന്നു.. അതോ സിനിമയിലെ പേരോ..? ആരാണ് ആ വീഡിയോ അയയ്ക്കുന്നതെന്ന് ആ സിനിമയില്‍ തന്നെ ഉത്തരമുണ്ടെന്നായിരുന്നു എന്റെ ഓര്‍മ്മ.. പോട്ടെ സ്വകാര്യങ്ങള്‍ അന്യമാവുന്നു ആരോ നമ്മെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്നു എന്നൊക്കെയുള്ള തോന്നലുകള്‍ തന്നെ ഭീകരമാണ്..നമ്മുടെ സൃഷ്ടിയായ സാങ്കേതികത നമ്മെ വിഴുങ്ങാന്‍ തുടങ്ങുന്നതിന്റെ ചില പ്രഭാതരേഖകള്‍..’ഒറാങ് ഒട്ടാങ്’ എന്ന നാടകത്തില്‍ തല മാറ്റി വയ്ക്കപ്പെട്ട ഒരു മനുഷ്യന്‍ (അത് ഒരാള്‍ മാത്രമുള്ള നാടകമാണ്) ഇങ്ങനെ മറ്റാരുടേയോ നോട്ടത്തിനു വിധേയമാവുന്നതിന്റെ ഒരു പ്രശ്നം അവതരിപ്പിക്കുന്നുണ്ട്..ഒരു വിദൂര താരതമ്യം!

Anonymous said...

Roby,
Thankalude niroopanangal vayikkarundu....
Oru padu nall cinema kale parichayappeduthi tharunnathinu nandhi.
Thankal 'Motorcycle Diary' ye kurichu ezhuthiyittundo?

Nishanth
P.S. Nattil Pala ano desam?

Roby said...

നിശാന്ത്, ഞാന്‍ മോട്ടോര്‍ സൈക്കിള്‍ ഡയറികളെക്കുറിച്ച് എഴുതിയിട്ടില്ല. സിനിമ കണ്ടിരുന്നു. അതു കേരളത്തില്‍ ഒരുപാടു ചര്‍ച്ച ചെയ്യപ്പെട്ടതല്ലേ...
ഈ ബ്ലോഗ് വായിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം...
ഞാന്‍ പാലാക്കാരനല്ല...കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ്‌ സ്വദേശം.

Anonymous said...

Dey. did you get a chance to watch "Men of honour". If not, do watch it. Its my alltime favourite

prabha said...

hi roby....twas nice meeting you,ya i do find from your profile that we read almost the same books...and saramago...yep...i forgot to add that chettan...thanks for reminding me...i liked the gospel,and blindness of him...see ya..

The Prophet Of Frivolity said...

ശരിയാണ്, രണ്ട് വര്‍ഷം പഴകിയ പോസ്റ്റ്. റോബി ആ വീഡിയോകളുടെ സ്രോതസ് ഏതാന്നാ വിചാരിക്കുന്നത്?ഈ സിനിമ വല്ലാതെ കുഴക്കുന്ന ഒന്നായി.

“കോഡ്”-നെ പറ്റി എഴുതാന്‍ പദ്ധതിയുണ്ടോ?

Roby said...

പ്രോഫറ്റ്, ഞാൻ കരുതുന്നത്, സം‌വിധായകൻ തന്നെയാണ്‌ ആ വീഡീയോ ടേപ്പുകൾ നിർമ്മിക്കുന്നതെന്നാണ്‌.
ക്ലൂ 1. ഏകദേശം പത്താമത്തെ മിനിട്ടിൽ, ജോർജ്ജിന്റെയും ആനിയുടെയും വീട്ടിലേക്കു വരുന്ന ഒരു കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു മൂവിക്യാമറയുടെ നിഴൽ നമുക്ക് വ്യക്തമായി കാണാം. അതൊരു ഗൂഫ് അല്ല, deliberate ആയി കാണിച്ചതാണെന്നു തോന്നിക്കുന്ന രീതിയിലാണ്‌ നിഴലിന്റെ സ്ക്രീനിലെ പൊസിഷൻ.
2. ചിത്രത്തിൽ ടിവിന്യൂസ് അടക്കം മറ്റു 'വീഡിയോ'കൾ പലതവണ വരുന്നുണ്ട്. സിനിമയിൽ നിന്നും ഈ വീഡിയോകളെ നമുക്ക് കൃത്യമായി തിരിച്ചറിയാം. എന്നാൽ അജ്ഞാതൻ ഷൂട്ടു ചെയ്ത വീഡിയോ സിനിമയിൽ നിന്നും തിരിച്ചറിയാൽ കഴിയാത്ത രീതിയിൽ ക്വാളിറ്റി ഉള്ളതാണ്‌. Couple of times, we are confused whether we are watching the video or cinema.

അങ്ങനെ ചിന്തിക്കുമ്പോൾ സം‌വിധായകൻ ഇതിലൊരു അദൃശ്യനായ(Hidden, Cache) കഥാപാത്രമാണ്‌.
Again, constant participation from the viewer is required, to decode the film or to classify images into various sources. ഓരോ പ്രേക്ഷകനും വേറെ വേറെ സിനിമയാണു കാണുക. വേറെ രീതിയിലാണു മനസ്സിലാക്കുക. ഇത് പ്രേക്ഷകന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ധാരണകളെ ആശ്രയിച്ചിരിക്കുന്നു. ആ ഒരർത്ഥത്തിൽ പ്രേക്ഷകനും ഇവിടെ ഒരു അദൃശ്യ(hidden, Cache) സാനിദ്ധ്യമാണ്‌. പ്രേക്ഷകനും സം‌വിധായകനും ഒരേസമയം സിനിമയുടെ ഭാഗമാകുന്നു എന്ന നിലയിൽ, 'ഫോർത്ത് വാൾ' ഇല്ലാത്ത ഒന്ന്.

Obviously, work of a genious. ഈ ആർട്ടിക്കിളിൽ, സിനിമയിലെ 'ഇസ്ലാമോഫോബിയ ആംഗിൾ' ചേർത്ത് അപ്ഡേറ്റു ചെയ്യാൻ കരുതിയിട്ടു കാലം കുറെയായി. മടി.

വീഡിയോയുടെ ഉറവിടത്തെക്കുറിച്ച് പ്രോഫറ്റിന്റെ തോന്നലുകൾ എങ്ങനെയാണ്‌?

The Prophet Of Frivolity said...

രണ്ട് വ്യത്യസ്ഥമായ സാധ്യതകളാണുള്ളത് - ഒന്ന് - സാധാരണ കഥകളിലെപ്പോലെ ഒരു കഥാപാത്രം ചെയ്യുന്നതാവുക. രണ്ട് - സാമ്പ്രദായിക നറേറ്റീവുകളില്‍നിന്ന് വ്യത്യസ്തമായി കഥയ്ക്ക് പുറത്തുള്ളവരാവുക. രണ്ടാമത്തെ വിഭാഗമാണെങ്കില്‍ പ്രേക്ഷകന്‍ എന്നാണ് എന്റെ അനുമാനം. പ്രേക്ഷകന്‍ എന്നത് സിനിമാ തിയറി വെച്ച് സംവിധായകന്‍ തന്നെയാണോ? എവിടെയും ഒരു ലേഖനത്തിലും വ്യക്തമായി ഉത്തരം ആരും പറയുന്നില്ല, അത്രത്തോളം സംവിധായകന്‍ വിജയിച്ചു എന്ന് പറയാം. പക്ഷെ, ആര് എന്ന് അന്വേഷിച്ചുനടക്കുക വഴി നമ്മള്‍ ഈ സിനിമയെ തരംതാഴ്ത്തുകയാണോ എന്നാണ് എന്റെ ശങ്ക.
ഇവിടെ ഒരു റിവ്യൂ ഉണ്ട്, കണ്ടിരുന്നോ? Sue-വിന്റെ കമന്റ് കാണൂ.
ഒരുപാട് കാലമായി ചോദിക്കണമെന്ന് വിചാരിക്കുന്നു, “റ്റേസ്റ്റ് ഓഫ് ചെറി“ എങ്ങനെ റോബീടെ ഫേവ് ആയി? എനിക്കതില്‍ ഒന്നും...അറിയില്ല, എനിക്ക് സിനിമേടെ സാങ്കേതികതയെപ്പറ്റി ഒന്നും അറിയില്ല. അതു കൊണ്ടാണ്, അധികം സിനിമയെപ്പറ്റി സംസാരിക്കാത്തത്.

Roby said...

പ്രോഫറ്റ്, ഇപ്പോഴാണു ഒന്നിവിടെ തിരിച്ചു വരാനായത്. മടി..സോറി.

ആ ക്യാമറയുടെ ചോദ്യം ഉപരിപ്ലവമാണെന്ന് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. പക്ഷേ ആ ചോദ്യത്തിനുത്തരം തേടുമ്പോൾ ഈ ചിത്രം അന്വേഷിച്ച ഘടനാപരമായ സാധ്യതകളെക്കുറിച്ച് കൂടുതൽ ബോധ്യങ്ങൾ ലഭിക്കും.
രാഷ്ട്രീയവും ആശയവും മാറ്റിവെച്ചാൽ പോലും സിനിമാഖ്യാനത്തിൽ ഈ സിനിമ ഒരു നാഴികകല്ലാണ്.

ടേസ്റ്റ് ഓഫ് ചെറി...ഈ ചോദ്യത്തിനുത്തരം, ഞാനൊരു പോസ്റ്റിടാം. ആദ്യമതു കണ്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ല, ബോറഡിച്ചു. പിന്നീട് മാസങ്ങൾക്കു ശേഷം, ഒരു ബസ് യാത്രയ്ക്കിടയിൽ ഒരു കാരണവുമില്ലാതെ ഇതു മനസ്സിലേക്കു വന്നു. അന്നാണ് ആകൊച്ചു സിനിമയുടെ ഗ്രേറ്റ്നെസ് എനിക്കു പിടി തന്നത്.

soulmate said...

Hi

Have you seen German Movie "Adam's Apfel" ( I think it is adam's apple)

Please see it and comment on it in your blog

Roby said...

സോൾ‌മേറ്റ്,
ആഡംസ് ആപ്പിൾ കണ്ടിരുന്നു. അവസാനം മതവുമായി കൂട്ടിക്കെട്ടുന്ന അന്ത്യം എനിക്കിഷ്ടപ്പെട്ടില്ല എന്നാണ് ഓർമ്മ.

റോഷ്|RosH said...

പടം കണ്ടു.
പോസ്റ്റില്‍ പറയുന്നതുപോലെ, ജോര്‍ജെസ്‌ ബാല്യത്തില്‍ മജീദിനെ വെറുക്കുന്നതിനു കാരണം വംശീയതയാണ് എന്ന് തോന്നിയില്ല.
പിന്നെ കാറിന്‍റെ വെളിച്ചത്തില്‍ കാണുന്ന കാമെറ, കാറില്‍ വരുന്നത് ജോര്‍ജെസ്‌ തന്നെയാണ്. അപ്പോള്‍ അയാള്‍ കാമെറ കാണുന്നില്ലേ എന്ന് ഒരു മണ്ടന്‍ ചോദ്യം.

സിവില്‍ എഞ്ചിനീയര്‍ said...

2007ലേ ഒരു പോസ്റ്റിനു ഇപ്പൊ കമന്റ് ഇടുന്നതിലെ കാര്യം എന്തെന്ന് ചോദിക്കരുത് . . സിനിമ നില നില്‍ക്കുന്ന കാലത്തോളം സിനിമയുടെ റിവ്യൂയും നിലനില്‍ക്കുന്നുണ്ട്. .

എന്തായാലും മജിദോ അവന്റെ മകനോ അല്ല വീഡിയോ ഉണ്ടാക്കുന്നത്‌ . . കാരണം അവസാന ഷോട്ടും ഒരു സ്റ്റാറ്റിക്ക് ഷോട്ട് ആണല്ലോ. . . സിനിമയില്‍ ടേപ്പ് വീഡിയോ കാണിക്കാന്‍ ഉപയോഗിച്ച അതെ ശൈലിയില്‍ . . . .അതില്‍ മജിധിന്റ്റ് മകന്‍ വരുന്നുണ്ട് അത് കണ്ടല്ലോ. . . ഈ സിനിമ എന്നെ അമ്പരിപ്പിച്ചു കളഞ്ഞു എന്തായാലും. . .

എന്‍റെ ഒരു ഊഹം. . . . ഈ വീഡിയോ ഉണ്ടാക്കിയത് ഷോ പരിഗണിക്കുന്നുണ്ട് ഉണ്ട് എനിക്കും വീഡിയോ കിട്ടി എന്ന് പറയുന്ന ആള്‍ ആണ് എന്നാണു. . . അസൂയ എന്നൊരു വികാരം കൂടി ഉണ്ടല്ലോ. . . ആ വീഡിയോ എവിടെ എന്ന് ചോധിക്കുമ്പോ നശിപ്പിച്ചു കളഞ്ഞു എന്ന് പറയുന്നത് കൂടി ചേര്‍ത്തു വായിച്ചാല്‍ / /