2008-ലെ ഇംഗ്ലീഷ് സിനിമകളെക്കുറിച്ച് മുൻപ് ഒരു പോസ്റ്റ് എഴുതിയിരുന്നു. ഓസ്കാറിനു മുന്നെ തന്നെ കുറെ ഇംഗ്ലീഷ് സിനിമകൾ കാണാൻ അവസരമൊത്തപ്പോൾ എന്നാൽ ഇത്തവണ ഓസ്കാർ ഫോളോ ചെയ്യാമെന്നും ഒരു സീരീസായി പോസ്റ്റുകൾ എഴുതാമെന്നും, പറ്റുമെങ്കിൽ ഒരു പ്രവചനം തന്നെ നടത്താമെന്നും ഒക്കെ കരുതി. പക്ഷെ ഓസ്കാറിനു കുറെദിവസം മുന്നെ പനി പിടിച്ചു കിടപ്പിലായി, ഒന്നും നടന്നില്ല. ഇപ്പോൾ പശു ചത്തു, മോരിലെ പുളിയും പോയി...എങ്കിലും ഒന്നാം ഭാഗം എഴുതിയതുകൊണ്ട് ഒരു രണ്ടാം ഭാഗം ഉണ്ടാവുന്നതല്ലേ നാട്ടുനടപ്പ് എന്നു കരുതി എഴുതുന്നത്...
സിനിമകളെ സംബന്ധിച്ചിടത്തോളം 2008 എന്നല്ല ഒരു വർഷവും മോശമല്ല എന്നാണെനിക്കു തോന്നുന്നത്, കാരണം ഓരോ വർഷവും ഒരുപാടു നല്ല സിനിമകൾ പുറത്തിറങ്ങുന്നുണ്ട്. ആശയപരമായും സാങ്കേതികമായും ഘടനാപരമായും ഒത്തിരി പുതുമകൾ ഓരോ വർഷവും കാണാനാകുന്നു. എന്നാൽ ഇംഗ്ലീഷ് സിനിമകളെക്കുറിച്ചാണ് ഈ പോസ്റ്റും. മുൻ പോസ്റ്റിലേതു പോലെ സിനിമകളെക്കുറിച്ച് ഷോർട്ട് റിവ്യൂ എഴുതുന്നതിനു പകരം ചില പാസിംഗ് കമന്റ്സ് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. പതിവിനു വിപരീതമായി ചിത്രങ്ങൾക്ക് റേറ്റിംഗ് നൽകിയിട്ടുണ്ട്.
മിൽക്-സ്വവർഗ്ഗാനുരാഗിയായി അറിയപ്പെട്ടിരുന്നിട്ടും അമേരിക്കയിൽ ഒരു ഔദ്യോഗികസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയായ ഹാർവി മിൽക്കിന്റെ ജീവിതത്തിലെ അവസാനത്തെ പത്തു വർഷങ്ങളാണ് സിനിമയുടെ കഥാതന്തു. സ്വവർഗ്ഗാനുരാഗം പ്രമേയമായി മുൻപും ചിത്രങ്ങളെടുത്തിട്ടുള്ള സ്വവർഗ്ഗാനുരാഗിയായ സംവിധായകനാണ് ഗുസ് വാൻ സന്ത്. മിൽക്കിനെ വ്യത്യസ്തമാക്കുന്നത് അവിശ്വസനീയമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ഷോൺ പെന്നിന്റെ അഭിനയ പ്രകടനമാണ്. ശരീരഭാഷയിലെ പ്രകടമായ മാറ്റത്തോടെ അസാധാരണമായ കൈയടക്കത്തോടെയാണ് ഹാർവി മിൽക്കിനെ പെൻ അവിസ്മരണീയമാക്കുന്നത്.(7/10)
ദി വിസിറ്റർ-അമേരിക്കൻ സിനിമയിൽ സാധാരണമല്ലാത്ത അടക്കമുള്ള ഒരു ഡ്രാമ. ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചവർ വളരെ ഭംഗിയായി ചെയ്തു എന്നതു കൂടാതെ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളും പരിചരണവും പുതുമയുതായിരുന്നു. ആദ്യചിത്രമായ സ്റ്റേഷൻ ഏജന്റ് എന്ന ചിത്രത്തിൽ തന്നെ പ്രതിഭ പ്രകടമാക്കിയ മക്കാർത്തി പ്രതീക്ഷ നൽകുന്നു. അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന ടെറെക് ഖലീലിനെ വളരെ നിയന്ത്രിതമായി അവതരിപ്പിച്ച Haaz Sleiman-ന് ഒരു ഓസ്കാർ നോമിനേഷൻ ഞാൻ ന്യായമായും പ്രതീക്ഷിച്ചിരുന്നു.(7/10)
ദി എസ്കേപിസ്റ്റ്- Rupert Wyatt സംവിധാനം ചെയ്ഹ prison break ഡ്രാമ പ്രമേയം കൊണ്ട് ഷോഷാങ്ക് റിഡംപ്‌ഷനെയും ഡോണി ഡാർക്കോ-യെയും ഓർമ്മിപ്പിച്ചു. എങ്കിലും കാണികളെ ആകർഷിക്കുന്ന താരങ്ങളുള്ള ഒരു ഹോളിവുഡ് പ്രൊഡൿഷനായിരുന്നെങ്കിൽ ഈ സിനിമ ഒരു കൾട്ട് ക്ലാസിക്ക് ആയേനെ.(6/10)
ദി ബാങ്ക് ജോബ്- Heist സിനിമകളോടുള്ള താത്പര്യം കൊണ്ടാണ് ഞാൻ ഈ സിനിമ കാണുന്നത്. സമയം നഷ്ടമായി എന്നു തോന്നിപ്പിക്കാത്ത ഒരു ശരാശരി വിനോദചിത്രം.(5/10)
ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ- സെവൻ, ഫൈറ്റ് ക്ലബ് തുടങ്ങിയ കൾട്ട് ക്ലാസ്സിക്കുകൾ ഒരുക്കിയ ഡേവിഡ് ഫിഞ്ചർ ഒരുക്കിയ ചിത്രം പക്ഷെ ഓസ്കാർ നോമിനേഷനുകൾ നേടിയെങ്കിലും താരതമ്യേന ദുർബലമായിരുന്നു. അവതരണം കൊണ്ടും പ്രമേയം കൊണ്ടും ദൈർഘ്യം കൊണ്ടും ഒരു ടിപ്പിക്കൽ ഓസ്കാർ ചിത്രമായിരുന്ന ബട്ടൺ എന്നെ നിരാശപ്പെടുത്തി.(4/10)
സ്ലംഡോഗ് മില്ല്യണയർ- ഇന്ത്യൻ സാഹചര്യങ്ങളെയും കഥാപാത്രങ്ങളെയും ആദ്യമായി ഹോളിവുഡിന്റെ മുഖ്യധാരയിലെത്തിച്ച സ്ലംഡോഗിന്റെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ശരാശരി എന്റർടൈനർ മാത്രമായിരുന്നെങ്കിലും 2008 സ്ലംഡോഗിന്റെ വർഷമായിരുന്നു.(6/10)
ചെ- ലാറ്റിനമേരിക്കൻ വിപ്ലവകാരിയായിരുന്ന ചെഗുവേരയെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള സോഡർബെർഗിന്റെ ചലചിത്രം. ഓസ്കാർ നോമിനേഷൻ ലഭിച്ചില്ലെങ്കിലും 2008-ന്റെ കഥാപാത്രം ചെ തന്നെ. അസാധാരണവ്ം അത്യപൂർവ്വവുമായ സൂക്ഷ്മതയോടെയാണ് ഡെൽ ടോറോ ചെഗുവേരയെ സ്ക്രീനിലും അനശ്വരമാക്കുന്നത്.Must see എന്നു പറയാവുന്ന സിനിമകളിൽ ഒന്ന്. (8/10)
ഫ്രോസൺ റിവർ- അമേരിക്കൻ സ്വതന്ത്രസിനിമയുടെ ശക്തി പ്രകടമാക്കുന്ന, സ്ത്രീകൾ മുഖ്യകഥാപാത്രങ്ങളായുള്ള ഒരു ക്രൈം ഡ്രാമ. മെലിസ ലിയോ എന്ന നടിയുടെ മികച്ച പ്രകടനം, മികവുറ്റ തിരക്കഥ എന്നിവ കൂടാതെ ചിത്രത്തിന്റെ പ്രമേയം- ഹ്യൂമൻ ട്രാഫിക്കിംഗ്- സാമൂഹ്യപ്രാധാന്യമുള്ളതുമായിരുന്നു. ശ്രദ്ധിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്.(7/10)
ഹംഗർ-സ്റ്റീവ് മൿക്വീൻ സംവിധാനം ചെയ്ത ആദ്യ ചിത്രം, ഐറിഷ് നാഷണൽ ലിബറേഷൻ ആർമി അംഗമായിരുന്ന ബോബി സാൻഡ്‌സ്, IRAഅംഗങ്ങളായിരുന്ന രാഷ്ട്രീയ തടവുകാരെ മറ്റു കുറ്റവാളികൾക്കൊപ്പം പരിഗണിക്കുന്നതിനെതിരെ, 1981-ൽ ജയിലിൽ നടത്തിയ നിരാഹാര സമരമാണ് ഹംഗർ എന്ന സിനിമയുടെ പ്രമേയം. ബോബിയുടെ ജീവിതത്തിലെ അവസാനത്തെ ആറ് ആഴ്ചകളാണ് സിനിമ കാഴ്ചപ്പെടുത്തുന്നത്. ചുരുക്കം സീക്വൻസുകളും ദൈർഘ്യമേറിയ ഷോട്ടുകളുമായി ഘടനാപരമായും അവതരിപ്പിക്കുന്ന വിഷയത്തിന്റെ രാഷ്ടിയ പ്രാധാന്യം കൊണ്ട് പ്രമേയപരമായും ഞെട്ടിപ്പിക്കുന്ന റിയലിസമാണു ചിത്രത്തിന്റെ പ്രത്യേകത. കാനിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ വാക്കൗട്ടുകളും പ്രതിഷേധങ്ങളും പ്രദർശ്ശനത്തിനു ശേഷം നിലയ്‌ക്കാത്ത കൈയടികളുമൊക്കെയായി പ്രതികരണം. ചിത്രത്തിലെ പ്രാധാന്യമേറിയ ഒരു രംഗം-നിരാഹാരസമരത്തിന്റെ നൈതികതയെക്കുറിച്ച് ഒരു പുരോഹിതനുമായി ബോബി നടത്തുന്ന വാഗ്വാദം-17 മിനിട്ടുള്ള ഒറ്റ medium range-static ഷോട്ടാണ്.വ്യക്തിപരമായ അഭിപ്രായത്തിൽ 2008-ലെ ഏറ്റവും മികച്ച ഇംഗ്ലീഷ് ചിത്രം.(8/10)
ബ്ലൈൻഡ്‌നെസ് - നൊബേൽ ജേതാവായ സരമാഗുവിന്റെ പ്രമുഖ കൃതിയായ അന്ധതയുടെ ചലചിത്രാഖ്യാനം. പുസ്തകത്തോടുള്ള ഇഷ്ടം കൊണ്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും Fernando Meirellius-ന്റെ ബ്ലൈൻഡ്‌നെസ് എന്നെ നിരാശപ്പെടുത്തി. ഒരു അർബൻ അനുഭവമായി നിലനിർത്തിക്കൊണ്ട് അന്ധതയെ ദാർശനികമായി വിവർത്തനം ചെയ്യുന്നതിന്റെ പ്രമേയസാധ്യതകൾ പരിഗണിച്ചാലും ഒരു സിനിമയെന്ന നിലയിൽ അവതരണത്തിൽ വന്ന പിഴവുകൾ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. അധികാരം എന്ന സമസ്യയെ 'അന്ധതയുടെ വെളിച്ചത്തിൽ' പരിശോധിക്കാൻ മുതിരുന്നുണ്ടെങ്കിലും അധികാരത്തിന്റെ ആൾരൂപമായ 'മൂന്നാം വാർഡിലെ രാജാവി'നെ അവതരിപ്പിച്ച ഗായേൽ ഗാർസിയ ബർണാൽ ദയനീയമായി പരാജയെപ്പെടുന്നു. കഥാപാത്ര സൃഷ്ടിയിലും കാസ്റ്റിംഗിലുമെല്ലാം ഗുരുതരമായ പിഴവുകൾ വന്നിട്ടുണ്ട്. ഇത് ഒരു അമേരിക്കൻ പ്രൊഡൿഷൻ ആയതു തന്നെ ആദ്യത്തെ തെറ്റ്. ഹാനേക്കിന്റെ സംവിധാനത്തിലുള്ള ഒരു യൂറോപ്പ്യൻ ഫിലിമായിരുന്നു ഇതെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു. (5/10)
ഇവിടെ പരാമർശിച്ചവയിൽ കൂടാതെ Valkyrie, Indiana Jones, Vicky Cristina Barcelona, Burn after Reading, Body of Lies, Revolutionary Road തുടങ്ങിയ സിനിമകൾ കണ്ടു എങ്കിലും പരാമർശയോഗ്യമെന്നു തോന്നാത്തതിനാൽ പറയാതെ വിടുന്നു.
(സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ആയ ഡാർക്ക് നൈറ്റ് പോലും കാണാതെ എഴുതുന്ന ഈ കുറിപ്പ് ഒട്ടും സമഗ്രവും ആധികാരികവും അല്ലെന്നും തികച്ചും വ്യക്തിപരമായ ചില അഭിപ്രായങ്ങൾ മാത്രമാണെന്നുമുള്ള അവകാശവാദങ്ങളുടെ ആവശ്യമില്ലല്ലോ..!)
18 comments:
good one. But i think Oscar is not a final word. We have lot of talents that Oscar winners can never be compaired to.
Indian Jones അല്ലല്ലോ ?
Indiana Jones അല്ലേ ?
Dark Knight കാണാഞ്ഞത് വളരെ മോശം ആയി പോയി..
റോബി,
ഓസ്കാറിനു വരുന്ന സിനിമകള്‍ മാത്രം കണക്കിലെടുത്താണ് 2008 മോശം വര്‍ഷം എന്ന് കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിക്കുക ഉണ്ടായത്.
ഫിലിം ഫെസ്റ്റിവലുകളില്‍ എത്തിച്ചേരാന്‍ കഴിയാറില്ല. അത് കൊണ്ട് അടുത്തുള്ള തിയേറ്ററുകളില്‍ എത്തുന്ന സിനിമകല്‍ മാത്രമേ അതാത് വര്‍ഷം കാണാന്‍ സാധിക്കാറുള്ളൂ എന്നൊരു ദോഷമുണ്ട്. മറ്റുള്ളവ നല്ല പ്രിന്റുകള്‍ കയ്യിലെത്തും വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ...
ഇന്റര്‍നെറ്റിലെ പ്രിന്റുകള്‍ കണ്ടാല്‍ ഒരിക്കലും സിനിമകള്‍ ആസ്വദിക്കാന്‍ കഴിയാറില്ല.. നല്ല പ്രിന്റുകള്‍ തന്നെ വേണം...
ചെ കാണണം എന്ന് റിവ്യൂ വായിച്ചപ്പോല്‍ മുതല്‍ കരുതുന്നതാണ് നടന്നില്ല.. അതു സംഘടിപ്പിക്കേണം...
ക്യൂരിയസ് വാണിജ്യ സിനിമ എന്ന രീതിയില്‍ ദോഷമില്ലായിരുന്നു എന്നാണ് തോന്നിയത് ( ഓസ്കാറിനു വേണ്ടി മനപൂര്‍വം സൃഷ്ടിച്ചതാണോ എന്ന് തോന്നിപ്പോവുന്നുണ്ടെങ്കിലും)..
സ്ലം ഡോഗിനു നല്‍കിയ റേറ്റിംഗ് ആപ്റ്റ് ആണെന്ന് തോന്നുന്നു....
ഹംഗര്‍ ലിസ്റ്റിലേക്കെടുക്കുന്നു..
എ.ജെ,
ഡാര്‍ക്ക് നൈറ്റ് ഒരു മസ്റ്റ് സീ ആണോ? സൂപ്പര്‍ ഹീറോ സിനിമകളും ആക്ഷന്‍ സിനിമകളും പൊതുവേ ഇഷ്ടമല്ല... ഡാര്‍ക്ക് നൈറ്റിലെ ഫിലോസഫി എന്താണ് എന്ന് കണ്ടിട്ട് പിടികിട്ടിയും ഇല്ല... പക്ഷേ സൂപ്പര്‍ ഹീറോ സിനിമകള്‍ക്കും സാമാന്യം നന്നാവാം എന്ന് മാത്രം തോന്നി.
ഓസ്കര്‍ കിട്ടുന്നതിനു മുന്നെ മില്‍ക്ക് കണ്ടിട്ടും പെന്നിന്റെ അഭിനയം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. മിക്കവാറും കാസ്റ്റിംഗ് തന്നെ വളരെ നന്നായിട്ടുണ്ട്. RAW വീഡിയോ ചിത്രത്തില്‍ മിക്സ് ചെയ്തിരിക്കുന്നതും വളരെ സ്മൂത്തായിട്ടാണ്. പക്ഷേ, ആ സിനിമയുടെ മൊത്തത്തിലുള്ള മെസ്സേജ് അത്ര പോസിറ്റീവ് അല്ല എന്നു തോന്നി. ഹോമോ സെക്ഷ്വലുകളുടെ നേതാവ് എന്നതിനേക്കാള്‍ അധികാരത്തിലേയ്ക്കെത്താന്‍ സ്ട്രീറ്റ് ഗേകളെ സംഘടിപ്പിക്കുന്നയാള്‍ എന്നാണ് ഹാര്‍വിയെപ്പറ്റി തോന്നിയത്. അധികാരത്തിലെത്തിയിട്ടും ടിപ്പിക്കല്‍ L.A. രാഷ്ട്രീയമാണ് അയാള്‍ കളിക്കുന്നതും. 'സെക്സ് അറ്റ് ഫസ്റ്റ് സൈറ്റ്' ആണ് അയാളുടെ ജീവിത ശൈലി തന്നെ. ഗേകളെ സംഘടിപ്പിച്ച് കലാപം നടത്തുമെന്ന ഭീഷണിയാണ് അയാളുടെ ഒരു പ്രധാന ആയുധം.
ഇതൊക്കെകൊണ്ട് ഈ സിനിമ ഇതുവരെ ആര്‍ക്കും റെക്കമെന്റ് ചെയ്തില്ല.
Can you please email me the font you used to write this to k.vince.k@gmail.com
chilathokkey boxes aayittanu kaanunnathu. I really appreciate it if you could send me the font.
ഇംഗ്ലീഷ് സിനിമകളെ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗിന് എല്ലാ വിജയാശംസകളും.
ഓസ്കാര്‍ നല്ല സിനിമയുടെ അന്ത്യവാക്കായി ആരും കണക്കാക്കുന്നില്ല എന്നതാണ് സത്യം. പക്ഷേ ഓസ്കാര്‍ നല്‍കുന്ന പ്രശസ്തി നല്ല സിനിമകളെ വളരെയധികം സഹായിക്കുന്നുണ്ട്.
പോസ്റ്റ് ഇഷ്റ്റപെട്ടു. പക്ഷെ revews കുറച്ച് ഉപരിപ്ലവമായോന്ന് സംശയം
സിനിമയുടെ ആതമാവിനെ തൊടുന്ന കുറച്ച് നിരീക്ഷണങൾ കൂടി ആവാം
ഈ പോസ്റ്റ് വായിച്ചപ്പോൾ വർഷങൾക്കപ്പുറമുള്ള ഒരു സമ്മർ ആണ്
ഓർമ്മവന്നത്.എന്റെ സുഹൃത്ത് പുറം രാജ്യത്ത് നിന്ന് വേനലവധിക്ക്
നാട്ടിൽ എത്തിയിരിക്കുന്നു.കക്ഷിയുടെ കയ്യിൽഏതൊരു ഫിലിം ബഫിനെയും
കൊതിപ്പിക്കുന്ന സിഡികൾ . പക്ഷെ അതെല്ലാം കണ്ടുതീർക്കാൻ എനിക്ക്
ഒരാഴ്ച സമയം മാത്രമേയുള്ളൂ. അങിനെയാണ് ഒരാഴ്ച്ച അവധിയുമെടുത്ത്
അതെല്ലാം ഞാൻ കാണാനിരുന്നത്.എന്നിട്ടും രാവുകളത്രയും പകലുകളാക്കേണ്ടി
വന്നു എനിക്കതെല്ലാം കണ്ടുതീർക്കാൻ...sound of music, gone with the wind,
Dr.shivago,vertigo,rear window....,cassablanca, seventh seal,rashomon,
come september,...അങിനെ ഒരു പാട് പടങൾ.ശ്രദ്ധയിൽ പെട്ട ഒരു കാര്യം
ഈ ഫിലിമുകളിൽ നിന്നൊക്കെ എത്രവിദഗ്ദമായാണ്.ഇന്ത്യൻ ഫിലിമുകളിൽ
സംഗീതം കോപ്പിചെയ്തിരിക്കുന്നത് എന്നാണ്.ശരിക്കും ഒരു പകൽകൊള്ള..
all the best.
റോബി ഫോണ്ട് അയച്ചു തന്നതിനു താങ്ക്സ്. പിന്നെ എന്നതാണെന്നറിയില്ല ചിലരുടെ ബ്ലോഗില്‍ ന്‍, ല്‍, ള്‍, ര്‍ എന്നിവയൊക്കെ ബോക്സ് ആയിട്ടാണു കാണുന്നത്. ആര്‍ക്കെങ്കിലും ഒന്നു ഫിക്സ് ചെയ്യാന്‍ അറിയാമെങ്കില്‍ അതെങ്ങനെ എന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ ഉപകാരം ആയേനെ.
പിന്നെ റോബി.... ഇതിലെ പല സിനിമകളും ഞാന്‍ കണ്ടിരുന്നില്ല ലാസ്റ്റ് ഇയര്‍. ഇപ്പോള്‍ സിനിമകള്‍ കാണാന്‍ ടൈം കിട്ടാറില്ല. വല്ലാത്ത ബുദ്ധിമുട്ടൊണ്ട് അതു കാരണം. പിന്നെ റോബിയുടെ ലിസ്റ്റില്‍ ഉള്ള കാണാത്ത ഫിലിംസ് കാണാന്‍ ശ്രമിക്കുന്നുണ്ട്.
പിന്നെ ഡാര്‍ക്ക് നൈറ്റ് സൂപ്പര്‍ ഹീറോ ഫിലിം എന്ന കാരണം കൊണ്ട് കാണാതിരുന്നാല്‍ 2008 ഇലെ ഏറ്റവും മികച്ച ഒരു ഫിലിം ആയിരിക്കും മിസ്സ് ആകുന്നത്. തീര്‍ച്ച ആയും കഴിയുമെങ്കില്‍ ഹോം തിയേറ്റര്‍ സിസ്റ്റത്തില്‍ തന്നെ ഇട്ടു കാണേണ്ട ചിത്രം ആണത്. മസ്റ്റ് സീ ഫിലിം എന്നു വേണമെങ്കില്‍ പറയാം. കണ്ടിട്ടു
അഭിപ്രായം അറിയിക്കണം.
ശ്രീ ഹരിയുടെ കമന്റ് ഇപ്പോള്‍ ആണു കണ്ടത്. ഡാര്‍ക്ക് നൈറ്റ് മസ്റ്റ് സീ തന്നെ ആണു മച്ചാന്‍സ്..... ഇഷ്ടപെട്ടില്ലേല്‍ അതിന്റെ പൈസ ഞാന്‍ വെസ്റ്റേണ്‍ യൂണിയന്‍ ചെയ്തേക്കാം. അല്ലെങ്കില്‍ റെഡ് ക്രോസില്‍ ശ്രീ ഹരിയുടെ പേരില്‍ ഡൊണേറ്റ് ചെയ്തേക്കം :)
വിന്‍സ്,
ഞാന്‍ ഡാര്‍ക്ക് നൈറ്റ് കണ്ടൂ. തീയെടടില്‍ വച്ച് തന്നെ.. സിനിമ എനിക്കിഷ്ടമാവുകയും ചെയ്തു... ( പൊതുവേ ബാറ്റ്മാന്‍ സിനിമയൊന്നും ഇഷ്റ്റമല്ലെങ്കിലും..)
എങ്കിലും ഇത്ര മാത്രം പ്രശസ്തി കിട്ടാന്‍ മാത്രം ഉണ്ടോ എന്നാണ് എന്റെ ചോദ്യം...
ജോക്കറിന്റെ പെര്‍ഫോര്‍മന്‍സിനു നമോവാകം.. ആ ക്യാരക്ടറിനും... ക്ലൈമാക്സില്‍ ജോക്കര്‍ മൗഷ്യമനസ്സുകളെ എടുത്ത് അമ്മാനമാടുന്നതിനും...
അതല്ലാതെ ആ സിനിമയ്ക്ക് എക്സ്ട്രാ മീനിംഗ്സ് വല്ലതും ഉണ്ടായിരുന്നോ എന്നാണ് സംശയം...
എനിക്ക് ഒന്നും മനസിലായില്ല...
വിന്‍സ് ഫോണ്ടിന്റെ പ്രശ്നം... ഏറ്റവും ലേറ്റസ്റ്റ് അഞ്ജലി ഓള്‍ഡ് ലിപി ഉപയോഗിക്കാത്തതാണ്. എനിക്കും ആ പ്രശ്നം ഉണ്ടായിരുന്നു.... version 0.730 ആണ് ഏറ്റവും പുതിയത് എന്നാണ് അറിവ്...
ശ്രീഹരി...വല്ല മീനിങ്ങും ഉണ്ടായിരുന്നോ എന്നു ചോദിച്ചാ ഇപ്പം എന്തു പറയാനാ. എന്റെര്‍ടെയിന്മെന്റ് ആയിരുന്നു ഫിലിം. ജോക്കര്‍ ജാക്ക് നിക്കോള്‍സനെ കോപ്പി അടിച്ചതാണു. വലിയ മാറ്റം ഒന്നും എനിക്കു തോന്നിയില്ല.
ഓഫിനു സോറി പക്ഷെ റോബി എനിക്കു ലേറ്റസ്റ്റ് വെര്‍ഷന്‍ തന്നെ ആണു അയച്ചു തന്നതു. എന്നിട്ടു പ്രോബ്ലം സോള്‍വ് ആകുന്നില്ല. ചിലരുടെ ബ്ലൊഗില്‍ മാത്രമേ പ്രശ്നം ഉള്ളു.
അയ്യോ റോബി, ഡാര്‍ക്ക് നൈറ്റ് കാണാതെ വിടരുത്. വന്‍ ഹിറ്റായതു കൊണ്ടല്ല. കള്‍ട്ട് പടമാകുന്നു.
ഹിന്ദിയില്‍ കഴിഞ്ഞ വര്‍ഷം മൂന്നു നല്ല സിനിമകളുണ്ടായിരുന്നു, റോബി.
ആമിര്‍ , എ വെനസ്ഡേ, മുംബൈ മേരി ജാന്‍ എന്നിവ.. കാണാന്‍ ശ്രമിക്കൂ.
വിന്‍സ്,
നമ്മുടെ ഒരു കുഴപ്പം എന്താ ന്നു വെച്ചാ കൊമേഴ്സ്യല്‍ സിനിമകളില്‍ ചിലതൊന്നും അങ്ങ് ദഹിക്കില്ല... അല്ലാണ്ട് ഡാര്‍ക് നൈറ്റിനു വേറേ ഒന്നും ഉണ്ടായിട്ടല്ല... :) ( ഇന്‍ ഫാക്ട് അതൊരു നല്ല പടം തന്നെ ആണ്)
പിന്നെ ആക്ഷന്‍ സിനിമകള്‍ തീരെ പഥ്യം ല്ല... അല്ലെങ്കില്‍ ഈ പള്‍പ് ഫിക്ഷന്‍ ഒക്കെ പോലെ മുടിഞ്ഞ ഫിലോസഫി ഐറ്റം ആവണം.... :)
ഇപ്പോള്‍ റോബിയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലത്തെ സിനിമകള്‍ കണ്ടു തുടങ്ങുന്നു...
റോബി,
പോസ്റ്റുമായി ബന്ധം ഇല്ലാത്ത പടങ്ങളെക്കൂറിച്ച് ചര്‍ച്ചിക്കുന്നതിന് സോറി.. ഇത് ലാസ്റ്റാ.... :)
ച്ഛായ്. ശ്രീഹരീടെ കമന്റ്സ് മൊത്തം ഇപ്പഴാണു കണ്ടത്.
എന്റെ കാഴ്ച്ചപ്പാടില്‍, ഡാര്‍ക്ക് നൈറ്റ് ഒരു ആക്ഷന്‍ ഫിലിം "അല്ല".
Who -is- a hero?
What is the -trade-off- he had to make to be a -hero- ?
The 'civilized people' (as Joker calls) : do they -need- a hero, or do they -deserve- a hero?
And, is there something called a -villain- ?
ഇത്രേമൊക്കെ വളരെ നന്നായി വിശകലനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നു എന്ന കാരണത്താലാണത് എന്റെ കണ്ണില്‍ അത് ഒരു കള്‍ട്ട് ഫിലിമാവുന്നത്.
Post a Comment