Wednesday, February 11, 2009

2008-ലെ ഇംഗ്ലീഷ് സിനിമകള്‍-1

ദി റീഡർ (2008)

യുദ്ധാനന്തര ജർമ്മനിയിൽ, അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ Stephen Daldry സംവിധാനം ചെയ്ത ദി റീഡർ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്‌. 'റീഡർ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പ്രമേയത്തിന്റെ വളർച്ച സാഹിത്യവുമായും വായനയുമായുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ്‌ വാചാലമാകുന്നത്‌. സാധാരണക്കാരനായ ഒരു പുരുഷൻ പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഒരുവേള പ്രേമം തോന്നുവാനും മാത്രം നന്മകളുള്ള ഒരു സ്ത്രീ ഭൂതകാലത്തെ ഒരു ഫാസിസ്റ്റ്‌ കൂട്ടക്കൊലയ്ക്ക്‌ കൂട്ടുത്തരവാദിയാണെന്നു വന്നാൽ..?

ഹിറ്റ്‌ലറുടെ കാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന, ജൂതന്മാരല്ലാത്തവരുടെ മനുഷ്യത്വത്തെക്കുറിച്ച്‌ നിങ്ങൾ കരുതുന്നതെന്താണ്‌? ഒരു പ്രത്യേക കാലത്ത്‌ ഒരു ദേശത്തു ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുർബലമായ മനസാക്ഷിയുടെ ഉടമകളായിരുന്നുവെന്നു നമുക്ക്‌ വിശ്വസിക്കാമോ? ഈ ചിത്രം പറയുന്നത്‌ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ഭരണത്തെ നടപ്പിൽ വരുത്തുവാൻ അപ്രധാനമായ റോളുകൾ കൈകാര്യം ചെയ്ത പലരും എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരായിരുന്നു എന്നാണ്‌. അവിടെ ഉയരുന്ന ചോദ്യമാകട്ടെ, സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്നാണ്‌?എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്‌. അധികം പേരും, സമാനമായ സാഹചര്യങ്ങളിൽ, ലോകത്തെവിടെയായാലും എളുപ്പമുള്ള വഴി തെരഞ്ഞെടുക്കുവാൻ ശ്രമിക്കുമെന്നതാണ്‌, ഭീകരമെങ്കിലും, യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്‌.

മത-വർഗ്ഗീയ-ഫാസിസ്റ്റ്‌ ശക്തികളാൽ ജനാധിപത്യബോധവും മനുഷ്യത്വവും മനസ്സാക്ഷിയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളെന്തു ചെയ്യും എന്നു തന്നെയാണ്‌ ഈ ചിത്രം നമ്മോടു ചോദിക്കുന്നത്‌? ആ ഇരുണ്ടകാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന അനേകരെപ്പോലെ നിങ്ങളും ഫാസിസ്റ്റുകളോടു ചേർന്നു നിൽക്കുമോ? അതോ സോഫി ഷോൾ ഒക്കെ ചെയ്തതു പോലെ ആകുന്നത്ര ശബ്ദത്തിൽ ഫാസിസ്റ്റുകളോടു പ്രതികരിക്കുമോ?

നമ്മൾ ഉത്തരങ്ങൾ പറയേണ്ടത്‌ നമ്മോടു തന്നെയാണ്‌.



ദി റെസ്‌ലര്‍ (2008) -ഡാരന്‍ അറോണോവ്‌സ്‌കി

റസ്‌ലിംഗ് പോലെയൊരു കായികവ്യാപാരം ഒരിക്കലെങ്കിലും ആസ്വദിക്കാനെനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. എങ്കിലും ഈ സിനിമയിലെ റെസ്‌ലറെ എനിക്കു മനസ്സിലാകുന്നുണ്ട്. ചെറുപ്പത്തില്‍ റെസ്‌ലിംഗ് ആസ്വദിച്ചിരുന്ന കൂട്ടുകാരില്‍ നിന്നും അവര്‍ കളിച്ചിരുന്ന ശീട്ടുകളില്‍ നിന്നും ഹക് ഹോഗനെയും ബ്രിട്ടീഷ് ബുള്‍ഡോഗിനെയും അണ്ടര്‍ടേക്കറെയുമൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവരോടൊന്നും ഒരു താത്പര്യവും ഒരു കാലത്തും തോന്നിയിട്ടുമില്ല. എങ്കിലും ഈ ചിത്രത്തിലെ റെസ്‌ലറോട്‌ എനിക്കു സ്നേഹം തോന്നുന്നു. അധോസമൂഹങ്ങളെയും അധോലോകങ്ങളെയും അവതരിപ്പിക്കുന്ന സിനിമകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഒരു ഉപരിലോകത്തിലെ, മുഖ്യധാരാസമൂഹത്തില്‍ പെട്ടുപോയ, ചില അധോജീവിതങ്ങളാണ്‌ ഇവിടെ സിനിമയുടെ കേന്ദ്രം. പ്രതാപമെല്ലാം നഷ്ടപ്പെട്ട, പ്രായവും രോഗവും ആക്രമിച്ചു തുടങ്ങുന്ന, തന്റെ രൂപം നിലനിര്‍ത്താനാവശ്യമായ സ്റ്റിറോയ്ഡുകള്‍ വാങ്ങാനായി ചെറുകിട ജോലികള്‍ ചെയ്ത് ജീവിക്കുന്ന ഒരു റെസ്‌ലറും അയാളുടെ ശൂന്യമായ രതിയും സ്നേഹത്തിനു വേണ്ടിയുള്ള അന്വേഷണവും ഒക്കെയാണ്‌ ഈ സിനിമ. വേദനയാഗ്രഹിക്കുന്ന അയാളുടെ ശരീരം വീണ്ടും വീണ്ടും അയാളെ മത്സരവേദിയിലേക്കു നയിക്കുന്നുണ്ട്. ശരീരത്തിനു മുന്നില്‍ നിസ്സഹയനാവുന്ന മനുഷ്യന്‍. ശരീരം കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുന്ന, യൌവനം പിന്നിട്ട നഗ്നനൃത്തക്കാരിയായ ഒരു സ്ത്രീയാണു മറ്റൊരു കഥാപാത്രം. ഈ രണ്ടു കഥാപാത്രങ്ങളാണു ഈ സിനിമ.


ഗ്രാന്‍ ടൊരീനോ(2008)-ക്ലിന്റ് ഈസ്റ്റ്‌വുഡ്

ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പഴയ വെസ്റ്റേണ്‍ സിനിമകള്‍ കണ്ടിട്ടില്ലേ? നിറതോക്കുമായി എതിരാളികള്‍ക്ക് നേര്‍ക്കുനേരെ നിന്ന് ഞൊടിയിടയില്‍ തോക്കു പുറത്തെടുത്ത് എതിരാളികളെ നിഗ്രഹിക്കുന്ന ഹീറോ. ഗ്രാന്‍ ടൊരീനോയിലാകട്ടെ തന്റെ തന്നെ ഇമേജിനെ ഡീ-കണ്‍സ്റ്റ്രക്ടു ചെയ്യാനുള്ള ഒരു ശ്രമം ഈസ്റ്റ്‌വുഡ് നടത്തുന്നുണ്ട്. ഇസ്സ്റ്റ്വുഡ് തന്നെ അവതരിപ്പിക്കുന്ന വാള്‍ട്ട് കൊവാല്‍സ്കി എന്ന കഥാപാത്രമാകട്ടെ, പരുക്കനും റേസിസ്റ്റുമായ, പ്രായം ചെന്ന ഒരു അമേരിക്കന്‍ കോക്കേഷ്യന്റെ പ്രോട്ടോടൈപ്പ് ആണ്‌. ഏതാണ്ട് ഡേര്‍ട്ടി ഹാരി പെന്‍ഷനായതു പോലെ ഒരു കഥാപാത്രം. പരുക്കനും ഒറ്റയാനും ഊര്‍ജ്ജ്വസ്വലനുമായ ഈ കഥാപാത്രം തന്റെയുള്ളിലെ നന്‍മ കണ്ടെത്തുന്നതാണു സിനിമയുടെ കഥ. പക്ഷെ സിനിമയുടെ രാഷ്ട്രീയം, കഥ പോലെ അത്ര തെളിമയുള്ളതല്ല എന്നതാണു വാസ്തവം. കാരണം റേസിസത്തെ അത്രയെളുപ്പം കറുപ്പും വെളുപ്പുമായി കള്ളികളിലാക്കാന്‍ പറ്റില്ല എന്നതു തന്നെ. അതുകൊണ്ടുതന്നെയാണു ഈസ്റ്റുവുഡിന്റെ ന്യായീകരണശ്രമങ്ങൾ പൊള്ളയാകുന്നതും.

11 comments:

Calvin H said...

മൊത്തത്തില്‍ ക്ഷീണം പിടിച്ച ഒരു വര്‍ഷം ആയിരുന്നു.. ആനിമേറ്റഡ് ഫിലിം Wall-E ആണ് കൂട്ടത്തില്‍ ഏറ്റവും മികച്ചതായി തോന്നിയത്... സത്യം പറഞ്ഞാല്‍ ഇത്തവണത്തെ ഓസ്കാര്‍ റിസള്‍ട്ട് അറിയാനും വലിയ താല്പര്യം ഒന്നുമില്ല.. സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ഫിലിം വേണ്ടേ...

ബാക്കി കൂടെ ഉടന്‍ പോസ്റ്റുക .. ഏതൊക്കെ കാണണം കാണാതെ വിടേണം എന്നതിനൊരു തീരുമാനമാവുമല്ലോ...

jinsbond007 said...

റിഡറും, റസ്‌ലറും ഞാന്‍ കണ്ടു. ഗ്രാന്‍ ടൊറീനോ കണ്ടില്ല.

എനിക്കു തോന്നിയത്, വാള്‍-ഇ, ബാറ്റ്മാന്‍(ഡാര്‍ക്ക് നൈറ്റ്), എന്നിവയാണ് ഞാന്‍ കണ്ടതില്‍ ഏറ്റവും നിലവാരമുള്ളത്(പിന്നെയും കാണുമായിരിക്കും, എന്റെ ഇഷ്ടം ഒരു സിനിമ കാണുമ്പോള്‍ എത്രമാത്രം അതില്‍ മുഴുകാനാവുന്നു എന്നതിനെ ആശ്രയിച്ചാണ്).

പാമരന്‍ said...

മൂന്നും നല്ല ചിത്രങ്ങള്‍.

ദ റീഡറില്‍ പശ്ചാത്തലത്തേക്കാളും 'റീഡിംഗി'നാണ്‌ പ്രാധാന്യം കൂടുതല്‍ എന്നാണെനിക്കു തോന്നിയത്‌. മറ്റെല്ലാം പുറകില്‍ വിരിച്ചിരുന്ന ഒരു ശീല മാത്രം. വായന ആയിരുന്നു ആ പയ്യനുമായി അടുക്കുന്നതിനുള്ള കാരണം. തനിക്കു എഴുതാനറിയില്ലെന്നതു വെളിപ്പെടാതിരിക്കാന്‍ ആണു ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയത്‌.. അവസാനം ജയിലില്‍ നിന്നു കാസറ്റുകളിലൂടെ എഴുതാനും വായിക്കാനും പഠിക്കുന്നു.. തീപിടുത്തത്തില്‍ നിന്നു രക്ഷപ്പെട്ട കുട്ടിയ്ക്ക്‌ തന്‍റെ ജീവിത സമ്പാദ്യം മുഴുവന്‍ കൊടുക്കാനേല്‍പ്പിക്കുന്നു. മൊറാലിറ്റിയും ജൂതകൂട്ടക്കൊലയും മറ്റും കഥാപാത്രങ്ങളാവുന്നുണ്ടോ?

ദ റസ്ലറില്‍ റാന്‍ഡീയുടെ മകളുടെ കാരക്റ്റര്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.
സ്റ്റ്രിപ്പറും റസ്ലറും ശരീരം വിറ്റു ജീവിക്കുന്നവരാണെന്നതല്ലേ സമാനത.
"വേദനയാഗ്രഹിക്കുന്ന അയാളുടെ ശരീരം വീണ്ടും വീണ്ടും അയാളെ മത്സരവേദിയിലേക്കു നയിക്കുന്നുണ്ട്" അതു ശരിയാണോ?

"ഏതാണ്ട് ഡേര്‍ട്ടി ഹാരി പെന്‍ഷനായതു പോലെ ഒരു കഥാപാത്രം." അതു കലക്കി. :)


ബാക്കിയുള്ളവ കാത്തിരിക്കുന്നു.

t.k. formerly known as thomman said...
This comment has been removed by the author.
t.k. formerly known as thomman said...

ഇതുവരെ കണ്ടതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Dark Knight. രണ്ടുവട്ടം കണ്ടിട്ടും മതിയായിട്ടില്ല. wall-e യും നല്ലതുതന്നെ. അവ രണ്ടും നല്ല പടത്തിന് നോമിനേറ്റ് ചെയ്യപ്പെടാത്ത ഇത്തവണത്തെ ഓസ്ക്കര്‍ ശ്രീഹരി പറഞ്ഞതുപോലെ കാണാന്‍ ഒരു താല്‍പര്യവും തോന്നുന്നില്ല.

ഈയാഴ്ചത്തെ ന്യൂ യോര്‍ക്കറില്‍, 2008-ലെ ഓസ്ക്കറിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട പടങ്ങളെ ചീത്തവിളിച്ചുകൊണ്ട് നല്ല ഒരു ലേഖനമുണ്ട്. വായിച്ചിരിക്കേണ്ടതാണ്. സ്ലം ഡോഗിന്നെപ്പോലെയുള്ള സാധാരണ പടങ്ങള്‍ക്ക് ശ്രദ്ധകിട്ടാന്‍ 2008-ലെ പടങ്ങളുടെ മികവ് കുറവ് സഹായിച്ചെന്നു തോന്നുന്നു.

വിന്‍സ് said...

kazhinja kollam orupaadu chithrangal kaanan kazhinjillengilum kandathil vachu eettavum mikacha chithrangalil onnaayirunnu GRAN TORINO....I loved it. aa padam racism allallo kaanikkunnathu? Atho enikkini aa padam manassilayilley??? Racism ennathilupari eastwoodinte personality differences aanu kaanikkunnathu ennaanu enikku thoonniyathu.

Roby said...

സത്യം പറഞ്ഞാൽ മടിച്ചു മടിച്ചാണ് പോസ്റ്റിട്ടത്. വെറുതെയായില്ല എന്ന് പാമരന്റെയും വിൻസിന്റെയും കമന്റു കാണുമ്പോൾ തോന്നുന്നു.

പാമരൻ,
തനിക്കു എഴുതാനറിയില്ലെന്നതു വെളിപ്പെടാതിരിക്കാന്‍ ആണു ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയത്‌.
അതൊരു സില്ലി റീസണിംഗ് അല്ലേ? ആരെങ്കിലും അങ്ങനെ ചിന്തിക്കുമെന്നു കരുതാൻ തന്നെ പ്രയാസം. മറിച്ച് അവരുടെ കുറ്റബോധം ആണ് കുറ്റം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നത് എന്നു എനിക്കു തോന്നി. ഇനി നിരക്ഷരത, അന്നു ജർമ്മനിയിലുണ്ടായിരുന്ന ജൂതന്മാരല്ലാത്തവരുടെ naivete-യെ symbolize ചെയ്യുന്നു എന്നും കരുതാം.

വിൻസ്, റെഡ് ബെൽട്ടിലുള്ള സിനിയർ കോക്കേഷ്യൻസിനു സാധാരണ കാണാറുള്ള റേസിസ്റ്റ് മനോഭാവത്തെ ലളിതവത്കരിക്കുകയല്ലേ ഈസ്റ്റ്വുഡ് ചെയ്യുന്നത്? ശരിക്കും ഈസ്റ്റ്വുഡ് പറയുന്നതു പോലെയാണോ കാര്യങ്ങൾ?

ഡാർക് നൈറ്റ് ഞാൻ കണ്ടില്ല. ഇനി എന്നെങ്കിലും ഡിവിഡി കിട്ടിയാൽ കാണും. പൊതുവെ സൂപ്പർ ഹീറോ ചിത്രങ്ങളോടു താത്പര്യമില്ല എന്നതാണു പ്രശ്നം.

Nat said...

മൂന്നു സിനിമകളും കണ്ടിട്ടില്ല. കാണണം.

Nat said...

റീഡര്‍ കണ്ടു. ഇഷ്ടമായി. വായനയും പുസ്തകങ്ങളും ഇത്രയധികം ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് ഒരു വേള നിരക്ഷരത സില്ലി റീസണിംഗ് ആയിരിക്കില്ല, അല്ലേ? ജോലി ഉപേക്ഷിച്ചു പോകുന്നതും വായിക്കാനറിയാവുന്ന കുട്ടികള്‍ക്ക് ഓഷ്വിറ്റ്സില്‍ പ്രത്യേക പരിഗണന നല്‍കുന്നതും പുസ്തകം വായിച്ചു കേള്‍പ്പിക്കാന്‍ സന്നദ്ധനായ ഒരാളുമായി ബന്ധം സ്ഥാപിക്കുന്നതുമൊക്കെ ഇതിന്റെ പ്രതിഫലനങ്ങളാവാം. രാഷ്ട്രീയപരമായ കാരണങ്ങളുമുണ്ടാവാം. കുറ്റസമ്മതം നടത്തിയതിനു പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ടാവാമല്ലോ.
സംവിധായകന്‍ തന്റെ നിലപാട് പലപ്രാവശ്യം വെളിപ്പെടുത്തുന്നുമുണ്ടല്ലോ. നായകന്റെ ക്ലാസ്മേറ്റിലൂടെ, അമേരിക്കയില്‍ ജീവിക്കുന്ന പുസ്തകരചയിതാവായ സ്ത്രീയുടെ ചിത്രണത്തിലൂടെയെല്ലാം.

yempee said...

റിവാഞ്ചെ, ഇന്‍ ബ്രൂഷ്, വിക്കി ക്രിസ്റ്റീന, മില്‍ക്, ദ വിസിറ്റര്‍ ?

Jain Andrews said...

ഗ്രാന്‍ ടോറിനോയിലെ റേസിസം മറഞ്ഞിരിക്കുന്ന ഒരു സംഭവമല്ലെന്നു തോന്നുന്നു. ആ പ്രത്യകതകള്‍ ഇല്ലെങ്കില്‍ വാള്‍ട്ട് കൊവാല്‍സ്കി എന്ന കഥാപാത്രത്തിനു എന്ത് പ്രാധാന്യമാണുള്ളത്. സിനിമയ്ക്കുള്ളിലും പുറത്തും ഏറ്റവും കൂടുതല്‍ റേസിസം ഉള്ളത് മലയാള സിനിമയിലാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. :-)