Wednesday, January 05, 2011

അങ്കിൾ ബൂണ്മിയുടെ പൂർവജീവിതങ്ങൾ

സിനിമയെന്ന മാധ്യമത്തിന്റെ കലാപരമായ സാധ്യതകളെ അന്വേഷിക്കുന്നവരും വ്യവസായ സാധ്യതകളെ അന്വേഷിക്കുന്നവരും തമ്മിലുള്ള അവസാനമില്ലാത്ത തർക്കങ്ങളിൽ കലാസ്വാദകർക്ക് ലഭിച്ച അപ്രതീക്ഷിതവിജയമായിരുന്നു 2010-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ തായ്‌ലാൻഡിൽ നിന്നുള്ള Apichatpong Weerasethakul-ന്റെ Uncle Boonmee Who Can Recall His Past Lives ന്ന സിനിമയ്ക്ക് ലഭിച്ച പാം ഡി’ ഓർ. പ്രേക്ഷക-അഭിപ്രായങ്ങളെ ധ്രുവീകരിക്കുന്ന, യാതൊരു തരത്തിലുള്ള മാർക്കെറ്റിംഗിനും നിന്നുകൊടുക്കാത്ത, പോപുലിസ്റ്റ് സിനിമാ നിരീക്ഷണങ്ങളെ ഒരുതരത്തിലും തൃപ്തിപ്പെടുത്താൻ ശ്രമിക്കാത്ത, അപരിചിതമായ ദൃശ്യശൈലി അവതരിപ്പിക്കുന്ന ഈ ചിത്രത്തിനുള്ള അംഗീകാരം, പരീക്ഷണ സിനിമ ചെറിയ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് തുരത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, കലാസിനിമയ്ക്കു ലഭിക്കുന്ന ഉത്തേജകം തന്നെ. സമീപകാലത്ത് ഫെസ്റ്റിവൽ സർക്യൂട്ടുകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പുതുതലമുറ സംവിധായകരിൽ Weerasethakul-നെപ്പോലെ വേറിട്ടൊരു ദൃശ്യശൈലി അവതരിപ്പിച്ച മറ്റൊരു സംവിധായകനില്ല എന്നതോർക്കുമ്പോൾ, ഈ അംഗീകാരം അങ്കിൾ ബൂണ്മി എന്ന ഒറ്റ ചലച്ചിത്രത്തിനുള്ളതല്ല, മറിച്ച്, ആ ദൃശ്യശൈലിക്കുള്ളതാണെന്ന് കരുതാനാണെനിക്കിഷ്ടം.

കിഴക്കിന്റേതായ ഒരു ധ്യാനാനുഭവം എന്ന രീതിയിലാണു പടിഞ്ഞാറൻ പ്രേക്ഷകരിൽ ഭൂരിഭാഗവും ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. അനുഭവങ്ങളെല്ലാം വൈയക്തികമാണെന്നിരിക്കെ, അതു വിശദീകരിക്കുന്നതിൽ അർത്ഥമില്ല. അനുഭവതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ സിനിമയെ അറിയാൻ ശ്രമിക്കുന്നതായിരിക്കും ഉചിതം. അതിനാൽ, സിനിമാനുഭവവിവരണം എന്നതിനേക്കാൾ ഈ സിനിമയെ അറിയാനും, അതിനെ അത്മീയാനുഭവമായി സമീപിക്കുന്നതിനേക്കാൾ അതിലെ ആത്മീയതയെ/ആത്മീയതയുടെ രാഷ്ട്രീയത്തെ മനസ്സിലാക്കാനും ആഖ്യാനചരിത്രത്തിൽ ഈ ചിത്രം സ്വയം എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് തിരിച്ചറിയാനുമാണ് ഈ റിവ്യൂ ശ്രമിക്കുന്നത്.

വ്യക്തിയും സിനിമയും

കിഡ്നിരോഗം ബാധിച്ച് അത്യാസന്ന നിലയിലായ ഒരു കർഷകൻ, തന്റെ പുരാജീവിതങ്ങളെ ഓർത്തെടുക്കുന്നതാണു സിനിമയുടെ പ്ലോട്ട്. Weerasethakul-ന്റെ തന്നെ വാക്കുകളെടുത്താൽ, അങ്കിൾ ബൂണ്മി എന്ന സിനിമ പ്രഥമമായും സിനിമയെക്കുറിച്ചാണെന്നാണു സംവിധായകൻ പറയുന്നത്. ഓരോ ഖണ്ഡങ്ങളും, ഇന്നത്തെക്കാലത്ത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ഥ ദൃശ്യശൈലികളെ പിന്തുടരുന്നു. ബൂണ്മി എന്ന കഥാപാത്രം തന്റെ മരണത്തിനു സമീപമാണെന്നതു പോലെ, കാഴ്ചക്കാരനെ സുഖിപ്പിക്കാത്ത, സ്വന്തം സ്വത്വം തേടുന്ന സിനിമയും അത്യാസന്നനിലയിലാണെന്നാണു സംവിധായകന്റെ പക്ഷം. മരണമുണ്ടാക്കുന്ന ഭീതിയുടെമുന്നിൽ (ഭീതിയല്ല excitement ആണതെന്ന് ബൂണ്മി സിനിമയിൽ) തന്റെ പൂർവജീവിതങ്ങളെക്കുറിച്ചോർത്ത്, ആത്മാവിന്റെ ജീവിതം തുടരാനുള്ള സാധ്യതകളെക്കുറിച്ചന്വേഷിക്കുകയാണു ബൂണ്മി. ആകസ്മികമായൊരു അന്ത്യത്തിനു മുന്നിലെത്തി നിൽക്കുന്ന ‘സിനിമ’ പഴയകാലത്ത്, എങ്ങനെയാണു പ്രേക്ഷകമനസ്സുകളിലേക്കുള്ള പ്രവേശനം സാധിച്ചതെന്ന് ഓർമ്മിച്ചെടുക്കുകയാണ്, പുതിയൊരു സിനിമാ-ഭാഷയുടെ കണ്ടെത്തലിലൂടെ ഒരു തുടർച്ചയ്ക്കുള്ള സാധ്യതകളന്വേഷിക്കുകയാണ്. അന്ത്യത്തെക്കുറിച്ചുള്ള ഭയാശങ്കകൾക്കിടയിൽ-അത് തായ്ലാന്റ് എന്ന രാഷ്ട്രീയ സ്വത്വത്തിന്റേതാകാം, ബൂണ്മി എന്ന മനുഷ്യന്റേതാകാം, സിനിമ എന്ന മീഡിയത്തിന്റേതാകാം-പുതിയ തുടക്കങ്ങൾക്കും സമാശ്വാസങ്ങൾക്കും കാരണങ്ങളും സാധ്യതകളും കണ്ടെത്തുകയാണു Weerasethakul-ന്റെ സിനിമ.

ബൂണ്മിയുടെ വ്യത്യസ്ഥജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത്, ആത്മാവെന്ന അടിസ്ഥാനഘടകമാണെങ്കിൽ, സിനിമയിലെ വ്യത്യസ്ഥ ദൃശ്യശൈലികളെ ബന്ധിപ്പിക്കുന്നത് അതെല്ലാം സിനിമയെന്ന ഒരേ മാധ്യമത്തിന്റെ തന്നെ വ്യത്യസ്ഥ രൂപങ്ങളാണെന്നതാണ്. അഥവാ വിവിധശൈലികളുടെ പ്രകാശനത്തിലും മാറാതെ പൊതുഘടകമായി നിലനിൽക്കുന്ന സിനിമയുടെ അടിസ്ഥാനഭാഷ തന്നെയാണു സിനിമയുടെ ആത്മാവെന്നാണു ഈ ചിത്രം സമർത്ഥിക്കുന്നത്. ആത്മാവിന്റെ തുടർച്ച അങ്കിൾ ബൂണ്മിയെന്ന കഥാപാത്രത്തിന്റെ ആകുലതയാകുമ്പോൾ, സിനിമയെന്ന ഭാഷയുടെ തുടർച്ച അങ്കിൾ ബൂണ്മിയെന്ന സിനിമയുടെ ആകുലതയാകുന്നു.

ഈ ചിത്രത്തിലെ ഓരോ ഖണ്ഡങ്ങളും, വ്യത്യസ്ഥ ദൃശ്യശൈലികളെ പിന്തുടരുന്നു എന്നു നേരത്തെ സൂചിപ്പിച്ചു. ആദ്യഭാഗത്തെ രംഗങ്ങളെല്ലാം Weerasethakul-ന്റെ സ്വഭാവികശൈലിയിലാണു ചിത്രീകരിച്ചിരിക്കുന്നത്. വാഹനത്തിലെ യാത്രയുടെ ദൈർഘ്യമേറിയ ഷോട്ടുകൾ Blissfully yours എന്ന ചിത്രത്തിലെ സമാനമായ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. ഡ്രൈവറൊഴികെ മൂന്നു യാത്രക്കാരുള്ള വാഹനത്തിൽ, മധ്യത്തിലായാണു ക്യാമറയുടെ സ്ഥാനം. പ്രേക്ഷകനെ ബൂണ്മിയുടെ ജീവിതത്തിന്റെയും ബൂണ്മിയെന്ന സിനിമാഖ്യാനത്തിന്റെയും മധ്യത്തിൽ പ്ലേസ് ചെയ്യുന്നത് ഈ രംഗമാണ്. ബൂണ്മിക്ക് ഡയാലിസിസ് നടത്തുന്നതിന്റെ ദൈർഘ്യമേറിയ രംഗങ്ങളാണു തുടർന്നു വരുന്നത്. മാതാപിതാക്കൾ ഡോക്ടർമാരായതിനാലും കുട്ടിക്കാലവുമായി ബന്ധപ്പെട്ട ഓർമ്മകൾ അധികവും ആശുപത്രികളുമായി ബന്ധപ്പെട്ടതായതിനാലും രോഗവും രോഗശുശ്രൂഷയും Weerasethakul-ന്റെ സിനിമയ്ക്ക് എന്നു വിഷയങ്ങളായിരുന്നു. Blissfully yours, Syndromes and a century എന്നീ മുൻ‌ചിത്രങ്ങളിലെല്ലാം ആശുപത്രിയും രോഗശുശ്രൂഷയും പ്രമേയഭാഗമാകുന്നുണ്ട്.

രണ്ടാമത്തെ ഭാഗം, ബൂണ്മിയും കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി അത്താഴത്തിനിരിക്കുന്ന രംഗം, rigid ആയ അഭിനയം, ക്യാമറ ചലനത്തിന്റെ അഭാവം, സംഭാഷണങ്ങളുടെ ആധിക്യം എന്നിവകൊണ്ട് പഴയകാലത്തെ ടിവി ഡ്രാമയെ ഓർമ്മിപ്പിക്കുന്നു. ഈ രംഗത്തു തന്നെ ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും വിചിത്രരൂപികളുടെയും സാനിധ്യം പഴയകാല തായ് സിനിമകളിലേക്കുള്ള റെഫറൻസ് ആണെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ട്. മൂന്നാമത്തെ ഭാഗം, പുളിത്തോട്ടത്തിലെ രംഗം, ഒരു ഡോക്യുമെന്ററി സ്വഭാവത്തോടെയാണു വർത്തിക്കുന്നത്. ബൂണ്മിയുടെ സാമൂഹ്യജീവിതം, ബൂണ്മിയും ഭാര്യാസഹോദരിയും തമ്മിലുള്ള ബന്ധം, കൃഷിയെ സംബന്ധിച്ച ചില വിശദാംശങ്ങൾ ഒക്കെ ഡോക്യുമെന്റ് ചെയ്യുകയാണിവിടെ. അന്തരീക്ഷവും സംഭാഷണവും ഫ്രെഞ്ച് സിനിമയെയും ഓർമ്മിപ്പിക്കും. രാജകുമാരിയും മത്സ്യവുമൊക്കെയുള്ള നാലാം ഭാഗം ഒരു ഫാന്റസി ഡ്രാമയോടടുത്തു നിൽക്കുന്നു. രംഗങ്ങൾക്കു തുടർച്ചയുണ്ടെങ്കിലും ഈ ഖണ്ഡത്തിൽ സമയം രേഖീയമായല്ല അടയാളപ്പെടുന്നത്. ബൂണ്മിയുടെ പൂർവജന്മങ്ങളെന്നു മനസ്സിലാക്കാവുന്ന പല്ലക്കു ചുമക്കുന്നയാളും (മുഷി)മത്സ്യവും തൊട്ടടുത്ത ഷോട്ടുകളിൽ രാജകുമാരിയുടെ സമീപം വരുന്നതോർക്കുക.

അഞ്ചാംഭാഗം ഒരു വനത്തിലും ഗുഹയിലുമായാണു ചിത്രീകരിച്ചിരിക്കുന്നത്. Weerasethakul-തന്റെ മിക്കചിത്രങ്ങളിലും കഥാപാത്രങ്ങളെ വനത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. മനുഷ്യചരിത്രത്തിലെ ആദ്യകാലവാസസ്ഥലമെന്ന അർത്ഥത്തിൽ വനത്തിലേക്കും ഗുഹയിലേക്കുമുള്ള മടക്കം വീട്ടിലേക്കും പ്രകൃതിയിലേക്കുമുള്ള മടക്കമാണ്. മിക്കചിത്രങ്ങളിലും സുപ്രധാനരംഗങ്ങൾ വനത്തിൽ വെച്ചാണു നടക്കുന്നത്. എന്നാൽ, ബൂണ്മിയിലെ വനം Blissfully yours, Tropical Malady എന്നീ സിനിമകളിലെ വനത്തെ അപേക്ഷിച്ച് ദൃശ്യപരമായി വ്യത്യസ്ഥമാണ്. നിബിഡമായ പ്രകൃതിയും ഇരുട്ടിന്റെ സാനിധ്യവും റാഷോമോൺ അടക്കമുള്ള പഴയകാലസിനിമകളിലെ വനത്തെയാണോർമ്മിപ്പിക്കുന്നത്. നിശ്ചലദൃശ്യങ്ങളുടെ ഫ്ലാഷ്ബാക്കിലൂടെ ബൂണ്മി തന്റെ രാഷ്ട്രീയാനുഭവങ്ങൾ പറയുന്നതും ഇതേ ഗുഹയിൽ വെച്ചാണ്. നിശ്ചലചിത്രങ്ങളുടെ ഉപയോഗവും ഫ്ലാഷ്ബാക്ക് സങ്കേതവും സിനിമയുടെ ആദ്യകാലത്തെ ആഖ്യാനോപാധികളായിരുന്നു. ബൂണ്മിയുടെ മരണത്തിനുശേഷമുള്ള രംഗങ്ങളിൽ സിനിമ വീണ്ടും Weerasethakul-ന്റെ സ്വഭാവികഭാഷയിലേക്ക് മടങ്ങിയെത്തുന്നു. പടിഞ്ഞാറു നിന്നുള്ള avant-garde സിനിമാരീതികളെ കിഴക്കിന്റെ ആത്മീയതയും ബുദ്ധദർശനങ്ങളുമായി ചേർക്കുകയാണീ ചിത്രത്തിൽ Weerasethakul ചെയ്യുന്നത്. ഇതിന്റെ വ്യക്തമായ സൂചനയായി അവസാനഖണ്ഡത്തിലെ സുദീർഘമായ ബുദ്ധമത-ചടങ്ങുകളെ മനസ്സിലാക്കാം. കഥാപാത്രങ്ങളുടെ ദ്വിമാനസ്വഭാവവും സിനിമാഖ്യാനങ്ങളിലെ സമയത്തിന്റെ തുടർച്ചയില്ലായ്മയും വിവിധതലങ്ങളിൽ വർത്തിക്കാനുള്ള സിനിമയുടെ കഴിവും സൂചിപ്പിക്കാനാകണം, കഥാപാത്രങ്ങളെ ഇരട്ടിപ്പിക്കുന്നൊരു സങ്കേതം ഇവിടെ അവതരിപ്പിക്കുന്നത്.

ബൂണ്മിയുടെ ഇടവും രാഷ്ട്രീയവും

ഈ സിനിമ, തായ്ലാന്റിന്റെ വടക്കുകിഴക്കൻ പ്രവിശ്യയെക്കുറിച്ചുള്ളൊരു അന്വേഷണം കൂടിയാണെന്ന് സംവിധായകൻ പറയുന്നു. തായ്ലന്റിലെ സിനിമയിൽ പോലും പ്രതിനിധീകരിച്ചിട്ടില്ലാത്ത ഈ പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ നാബു‌വ എന്നൊരു ഗ്രാമത്തിലെത്തുകയുണ്ടായി സംവിധായകൻ. ജനത്തിൽ നല്ലൊരു പങ്കും കർഷകരാണെങ്കിലും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതല്ല ഇവിടുത്തെ കാലാവസ്ഥയും മണ്ണും. നാബു‌വയ്ക്ക് രക്തരൂക്ഷിതമായൊരു ചരിത്രം കൂടിയുണ്ട്. 1965-ൽ കമ്യൂണിസ്റ്റ് കർഷകരെ ഭരണകൂടം കൂട്ടക്കൊല ചെയ്തത് ഇവിടെയാണ്. ഈ സംഘട്ടനത്തിന്റെ ഓർമ്മകൾ സിനിമയിലുമുണ്ട്. തന്റെ മരണത്തിനു മുൻപ്, ജീവിതത്തിൽ അവസാനമായി, നിശ്ചലദൃശ്യങ്ങളിലൂടെ ബൂണ്മി പങ്കുവെയ്ക്കുന്ന ഓർമ്മ ഈ സംഘട്ടനത്തെക്കുറിച്ചാണ്. സിനിമയിലെ ബൂണ്മിയുടെ ജനനങ്ങളെല്ലാം ജീവിതത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത ഈ പ്രദേശത്താണ്. തന്റെ പഴയ ജന്മങ്ങളടക്കം ഒരുപാടു കാര്യങ്ങൾ ഓർമ്മിക്കാൻ കഴിവുള്ള ബൂണ്മിയുടെ നാട്ടിലെ ആളുകൾക്ക് ഒന്നും ഓർമ്മിക്കാൻ താത്പര്യമില്ല എന്ന വിരോധാഭാസമായിരിക്കണം ഓർമ്മയെ പ്രധാനപ്രമേയമാക്കി ദേശരാഷ്ട്രീയം പറയാൻ സംവിധായകനെ പ്രേരിപ്പിച്ചത്.

Primitive എന്ന പേരിൽ Weerasethakul- ആരംഭിച്ച ഒരു ആർട്ട് ഇൻസ്റ്റലേഷൻ പ്രോജക്ടിന്റെ ഭാഗമാണീ സിനിമ. ബൂണ്മിയും ബൂണ്മിയെ പരിചരിക്കുന്ന കുടുംബാംഗങ്ങൾ രണ്ടുപേരും ബൂണ്മിയുടെ ഭാര്യയുടെ പ്രേതവും കൂടി ഒരു ഗുഹയിലേക്ക് പോകുന്നൊരു രംഗമുണ്ട് സിനിമയിൽ. ഈ ഗുഹയിൽ വെച്ചാണു ബൂണ്മിയുടെ മരണം സംഭവിക്കുന്നത്. ഗുഹ, മനുഷ്യജീവിതത്തിലെ ഏറ്റവും Primitive അനുഭവമായ ഗർഭപാത്രത്തിന്റെയും, മനുഷ്യചരിത്രത്തിലെ ഏറ്റവും Primitive കാലഘട്ടങ്ങളിലൊന്നായ ഗുഹാജീവിതകാലത്തിന്റെയും സൂചകങ്ങളായി മനസ്സിലാക്കാം. അതേസമയം, നമ്മുടെയൊക്കെ കുട്ടിക്കാലത്തെ വായനാനുഭവങ്ങളിൽ സാധാരണമായിരുന്ന സാഹസിക കഥകളുടെ ഓർമ്മയായും ഈ ഗുഹയെ പരിഗണിക്കാം. രാഷ്ട്രീയസാഹചര്യങ്ങൾ എങ്ങനെ, തായ്ലാന്റിന്റെ ഈ ഭൂഭാഗത്തെ Primitive ആയി നിലനിർത്തി എന്നതിനെക്കുറിച്ചുള്ള അന്വേഷണമായി ഈ ഗുഹാരംഗത്തെ വായിക്കണമെന്നാണു സംവിധായകൻ പറയുന്നത്; അതാവാം, സിനിമയിൽ ബൂണ്മിയുടെ മരണം സൂചിപ്പിക്കാൻ, നിശ്ചലനായ ബൂണ്മിയിൽ നിന്നും നേരിട്ട്, തുറസായ ഒരു നാട്ടുപ്രദേശത്തിന്റെ സ്റ്റാറ്റിക് ഷോട്ടിലേക്ക് കട്ടു ചെയ്തിരിക്കുന്നത്.

ആത്മീയതയും ആഖ്യാനവും

തനിക്ക് കിഡ്നിരോഗം വരാനിടയായതിന്റെ കാരണത്തെക്കുറിച്ച് ബൂണ്മി പറയുന്നുണ്ട്. താൻ ഒട്ടനവധി കമ്യൂണിസ്റ്റുകളെയും കീടങ്ങളെയും കൊന്നിട്ടുണ്ട് എന്നതാണ് കിഡ്നിരോഗത്തിനു കാരണമായി ബൂണ്മി കണ്ടെത്തുന്നത്. രാഷ്ട്രീയപരവും ചരിത്രപരവുമായ കുറ്റബോധം, കിഴക്കൻ ആത്മീയതയുടെ അടിസ്ഥാനചിന്തകളിൽ ഒന്നായ കർമ്മഫലവിശ്വാസങ്ങൾ, നിസാരമെന്ന് കരുതുന്ന ജീവജാലങ്ങളെപോലും മനുഷ്യർക്ക് സമമായി കരുതുന്ന ബൗദ്ധദർശനത്തിന്റെ സ്വാധീനം, പ്രകൃതിയോടിഴചേർന്നുകിടക്കുന്ന ഒരു ജീവിതവീക്ഷണം എന്നിങ്ങനെ ഒട്ടനവധി ആശയങ്ങൾ ഈ സിനിമയെ ചൂഴ്ന്നു നില്‍പ്പുണ്ട്. പ്രകൃതിയോടും ആത്മീയതയോടുമുള്ള ഈ ഗാഡമായ ബന്ധം ആഖ്യാനത്തിൽ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നന്വേഷിക്കുന്നത്, ഈ സിനിമയുടെ പ്രത്യേകമെന്നു വിളിക്കാവുന്ന ദൃശ്യസ്വഭാവത്തെ മനസ്സിലാക്കാൻ സഹായിക്കും.

പ്ലോട്ട് എന്ന ഘടകത്തിലൂന്നി സിനിമയെ സമീപിക്കുന്ന പ്രേക്ഷകനെ ഒട്ടൊന്നു നിരാശപ്പെടുത്തുന്നതാണിതിന്റെ ആഖ്യാനം. കഥകളെപ്പോഴും മനുഷ്യരെ ചുറ്റിപ്പറ്റിയാകുന്നതാണു നമുക്ക് താത്പര്യം. എന്നാൽ Weerasethakul-ന്റെ സിനിമയിൽ കഥാപാത്രങ്ങളും അവരുടെ ചലനങ്ങളും അപ്രത്യക്ഷമായാലും ആ ഷോട്ട് അതേപടി തുടരുന്നത് ഒരു സാധാരണകാഴ്ചയാണ്. മനുഷ്യൻ അപ്രത്യക്ഷനാകുന്നതോടെ അവസാനിക്കുന്നതല്ല ആഖ്യാനം ഇവിടെ. പ്രകൃതിക്കും അതിലെ ചെറുജീവികൾക്കും മനുഷ്യനെപ്പോലെതന്നെ പ്രാമുഖ്യമുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ അഭാവത്തിലും പ്രകൃതിയുടെ ആഖ്യാനം തുടരാം. അതുപോലെ തന്നെ മനുഷ്യനിർമ്മിതമായ സംഗീതമൊന്നുംതന്നെ ഇതിലില്ല. എന്നാൽ നിശബ്ദതയുമില്ല, പകരം ചീവീടുകളും വണ്ടുകളും മറ്റു ചെറുജീവികളുമുണ്ടാക്കുന്ന സ്വാഭാവികശബ്ദങ്ങളാണു സിനിമയിലെമ്പാടും. കൃത്രിമശബ്ദങ്ങളുടെ അഭാവവും പ്രകൃതിയെ മാത്രം ദൃശ്യപ്പെടുത്തുന്ന മനോഹരങ്ങളായ സ്റ്റാറ്റിക് ഷോട്ടുകളും മനുഷ്യന്റെ കഥകൾ പ്രകൃതിയിൽ എങ്ങനെ സ്വയം സ്ഥാനപ്പെടുന്നു എന്നു അന്വേഷിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്.

എന്നാൽ ഈ സിനിമ ഒരു തരത്തിലും മതാത്മകമായൊരു ആത്മീയതയെ പിൻ‌പറ്റുന്നില്ല എന്നതാണു കൂടുതൽ ശ്രദ്ധേയം. അവതാരങ്ങൾ, പുനർജ്ജന്മങ്ങൾ എന്നിവയിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും, മറിച്ച് പുനർജ്ജന്മങ്ങളുടെ തത്വചിന്താപരമായ അർത്ഥങ്ങളിലാണു തനിക്ക് താത്പര്യമെന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.

‘ഒരു സീരിയസ് ടിം ബർട്ടൺ ഫിലിം’ എന്നൊരു കമന്റ് ഈ സിനിമയെക്കുറിച്ചെവിടെയോ വായിക്കാനിടയായി. ഹോളിവുഡ് സംവിധായകനായ ടിം ബർട്ടൺ കുട്ടികൾക്ക് ആസ്വദിക്കാവുന്ന സിനിമകളുടെ പേരിലും മുൻപൊരിക്കളും സ്ക്രീനിൽ വന്നിട്ടില്ലാത്ത തരം ദൃശ്യങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലുമായിരിക്കണം സിനിമയുടെ ലോകത്ത് സ്വയം അടയാളപ്പെടുത്തുന്നത്. ഈ സിനിമയിലെ ചില ദൃശ്യങ്ങളെങ്കിലും ടിം ബർട്ടൺ സ്വന്തം സിനിമയിലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകണം. പ്രത്യേകിച്ചും, ഇരുട്ടിൽ തിളങ്ങുന്ന ചുവന്ന കണ്ണുകളുള്ള പ്രേതങ്ങളും മനുഷ്യർക്കൊപ്പം അത്താഴമേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കുന്ന വികൃതരൂപിയായ ആൾക്കുരങ്ങു മനുഷ്യനുമെങ്കിലും. എന്നാൽ, ഇതിലെ ഫാന്റസി സീക്വൻസ് (രാജകുമാരിയും (മുഷി)മത്സ്യവുമുള്ള സീക്വൻസ്) ടിം ബർട്ടന്റെ ഹോളിവുഡ് ഫാന്റസിയേക്കാൾ ദശാബ്ദങ്ങൾ മുന്നിലാണ്. മത്സ്യവും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം ചിത്രീകരിക്കാൻ മാത്രം വന്യമാണു Weerasethakul-ന്റെ ഭാവന. ഒരുപക്ഷേ, സിനിമയിലെ തന്റെ പ്രത്യേകപരിധിയിലുള്ള വിഷയങ്ങളെ നൂതനമായൊരു തലത്തിലേയ്ക്കുയർത്തി എന്നത് കാൻസ് ജൂറിയുടെ അധ്യക്ഷപദവിയിലിരിക്കുമ്പോൾ ടിം ബർട്ടണെ സ്വാധീനിച്ചിട്ടുണ്ടാവുമോ? ക്രൈം-ഡ്രാമ സിനിമളെടുക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് കാൻസിലെ ജൂറി അധ്യക്ഷനായിരുന്ന വർഷം ക്രൈം-ഡ്രാമ ജനുസ്സിനെ ആഖ്യാനത്തിന്റെ പുതിയൊരു തലത്തിലേകുയർത്തിയ പൾപ് ഫിക്ഷനു പാം ഡി’ ഓർ നൽകിയതുപോലെ, പാശ്ചാത്യ ആത്മീയതയ്ക്കു പുതിയൊരു നാഗരികഭാഷ്യമൊരുക്കാൻ ശ്രമിച്ച, സിനിമയ്ക്കൊരു transcendental ഭാഷ രൂപപ്പെടുത്താൻ ശ്രമിച്ച മാർട്ടിൻ സ്കോർസേസി ജൂറി അധ്യക്ഷനായിരുന്ന വർഷം ആഞ്ജലോ പൗലോയുടെ Eternity and a Day എന്ന സിനിമയ്ക്ക് പാം ഡി’ ഓർ നൽകിയതുപോലെ..?

മേതിലിന്റെ പ്രശസ്തമായ ആ വാചകത്തെ വേറിട്ടൊരു രീതിയിൽ തന്റെ സിനിമയിലൂടെ Weerasethakul ആവിഷ്കരിക്കുകയാണ്. തന്റെ സിനിമ ഭൗമികമാകുന്നു. എല്ലാ മനുഷ്യനും അവന്റെ ചലനങ്ങളും അവസാനിച്ചാലും, സ്ക്രീനിൽ അവശേഷിക്കുന്ന ഒരു പുല്ലിന്റെ ചലനത്തിനു വേണ്ടി, ഒരു ചീവീടിന്റെ കരച്ചിലിനു വേണ്ടി തന്റെ സിനിമ തുടരുക തന്നെ ചെയ്യും എന്ന്...

(Apichatpong Weerasethakul-ന്റെ അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ നൽകിയ വിശദീകരണങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയത്)