Tuesday, May 12, 2009

സമ്മർ പാലസ്‌ (2006)


ഊക്ഷ്മളമായൊരു വേനൽക്കാല സായന്തനത്തിൽ, കാറ്റു പോലെ, എവിടെ നിന്നോ അപ്രതീക്ഷിതമായി കടന്നു വരുന്ന ഒന്നുണ്ട്‌. അതു നിങ്ങളുടെ സമാധാനം കവരുകയും കാവൽക്കാരനില്ലാത്തതു പോലെ നിങ്ങളെ ദൗർബല്യത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നു. നിഴൽ പോലെ നിങ്ങളെ പിന്തുടരുന്ന അതിനെ ഒന്നു കുലുക്കുക പോലും സാധ്യമല്ല. അതെന്താണെന്ന് എനിക്കറിയില്ല, അതിനാൽ ഞാനതിനെ പ്രണയം എന്നു വിളിക്കുന്നു. ...Yu Hong-ന്റെ ഡയറിയിൽ നിന്ന്


ഭരണകൂടത്തിന്റെ സമ്മതമില്ലാതെ തന്റെ സമ്മർ പാലസ്‌ എന്ന സിനിമ കാൻസ്‌ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനാണ്‌ ചൈനയിലെ ഭരണകൂടം പ്രസ്തുത സിനിമ ചൈനയിൽ നിരോധിക്കുകയും, അഞ്ചു വർഷത്തേക്ക്‌ സിനിമകൾ നിർമ്മിക്കുന്നതിൽ നിന്നും സംവിധായകനായ Ye Lou-വിനെ വിലക്കുകയും ചെയ്തത്‌. 2009-ലെ കാൻ ഫെസ്റ്റിവലിന്‌ മെയ്‌ 13-നു തിരശീല ഉയരുമ്പോൾ, Jane Campion, Michael Haneke, Lars Von Trier, Gasper Noe, Pedro Almodovar, Ken Loach, Alain Resnais, Ang Lee, Quentin Tarantino, Elia Suleiman തുടങ്ങി കാൻസിൽ തന്നെ മുൻപ്‌ ആദരിക്കപ്പെട്ടിട്ടുള്ള, സമകാലീന സിനിമയിലെ പ്രഗത്ഭരായവരുടെ സിനിമകൾക്കൊപ്പം Ye Lou-വിന്റെ Spring Fever എന്ന സിനിമയും മത്സരവിഭാഗത്തിലുണ്ട്‌. ചൈനയിൽ ഇപ്പോഴും വിലക്ക്‌ നേരിടുന്ന Ye Lou അതീവരഹസ്യമായാണ്‌ തന്റെ പുതിയ സിനിമ ചൈനയിൽ തന്നെ ചിത്രീകരിച്ചത്‌.


ഉത്തരകൊറിയയ്ക്ക്‌ സമീപമുള്ള ഒരു അതിർത്തി ഗ്രാമത്തിൽ ഒരു ചെറുകിട കച്ചവടക്കാരന്റെ മകളായ യു ഹോങ്ങിനെയാണ്‌ സമ്മർ പാലസ്‌ എന്ന സിനിമ കേന്ദ്രകഥാപാത്രമാക്കുന്നത്‌. വിദ്യാർത്ഥിജീവിതങ്ങൾ സംഭവബഹുലവും സംഘർഷഭരിതവുമായ ഒരു കാലത്താണ്‌ യു ഹോങ്ങ്‌ തുടർവിദ്യാഭ്യാസത്തിനായി ബെയ്ജിംഗിലെ കോളജിൽ എത്തിച്ചേരുന്നത്‌. ഹോസ്റ്റലിൽ വെച്ചു പരിചയപ്പെട്ട Li Ti-യല്ലാതെ മറ്റാരുമായും അവൾ തുടക്കത്തിൽ സൗഹൃദം സ്ഥാപിക്കുന്നില്ല. ഒറ്റപ്പെട്ടും നിശബ്ദമായും സമൂഹത്തിൽ നിന്നും ഉൾവലിയാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ Zhou Wei-യുമായി അനിവാര്യമായതെന്നോണം അവൾ പ്രണയത്തിലാവുക തന്നെ ചെയ്യുന്നു. തീക്ഷ്ണമായൊരു പ്രണയത്തിനു പോലും അടിമയാവാതിരിക്കാൻ ആഗ്രഹിക്കാൻ മാത്രം സ്വതന്ത്രയാണു യു ഹോങ്ങ്‌. സദാചാരത്തിന്റെ നിയമങ്ങളിൽ തന്റെ ജീവിതത്തെ തളച്ചിടാൻ അവളൊരിക്കലും ശ്രമിച്ചിരുന്നുമില്ല. ലൈംഗികതയെ തന്റെ സഹജമായ കരുതലും പരിഗണനയും സഹജീവികളോടു പ്രകടിപ്പിക്കാനുള്ള ഉപാധിയായാണു അവൾ മനസ്സിലാക്കുന്നത്‌. അതു കൊണ്ടു തന്നെ പലരുമായി ശാരീരിക ബന്ധം തുടരുമ്പോഴും തന്റെ മനസ്സിൽ Zhou wei മാത്രമാണുള്ളതെന്ന് അവൾ തിരിച്ചറിയുന്നു. തന്റെ തന്നെ പ്രണയകലാപങ്ങളിൽ മുറിവേറ്റാണ്‌ ഒടുവിൽ വിദ്യാഭ്യാസം തന്നെ മതിയാക്കാൻ തീരുമാനിക്കുന്നത്‌. ഗ്രാമത്തിൽ വെച്ച്‌ തന്നെ തന്റെ സൗഹൃദവും സ്വകാര്യതയും പങ്കിട്ടിരുന്ന Xiao Jun-നൊപ്പം ഗ്രാമത്തിലേക്കു മടങ്ങുന്നത്‌. Li Ti-യും Zhou Wei-യും ചൈന വിടാനായി, ഒരു ജർമ്മൻ വിസയും പ്രതീക്ഷിച്ച്‌ ബെയ്ജിങ്ങിൽ തന്നെ തുടരുന്നു.


കോളജിൽ ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം പല വഴിക്കായി പിരിയുകയാണ്‌.Li Ti, Zhou Wei എന്നിവർ ബെർലിനിലെത്തുന്നു. യു ഹോങ്ങ്‌ മറ്റൊരു ചെറിയ പട്ടണത്തിൽ ചെറിയ ജോലികൾ ചെയ്ത്‌ തികഞ്ഞ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. അവൾ തന്റെ സ്വകാര്യതകൾ പലരുമായും പങ്കിടുന്നുണ്ടെങ്കിലും അവർക്കൊന്നും തന്റെ മനസ്സിൽ പ്രവേശനം നൽകുന്നില്ല. ബെർലിനിലെത്തിയ Zhou wei ഏതാണ്ട്‌ ഏകാന്തമായി തന്നെ തന്റെ ജീവിതം തുടരുന്നു. ഒടുവിൽ ചൈനയിലേക്ക്‌ ഒരു മടങ്ങിവരവിനായി ഒരുങ്ങുമ്പോൾ സുഹൃത്തായ Li Ti ആത്മഹത്യയിൽ അഭയം പ്രാപിക്കുകയാണ്‌. Zhou Wei പിന്നീട്‌ യു ഹോങ്ങിനെ കാണുന്നുമുണ്ട്‌. ഏതാണ്ട്‌ ഇതൊക്കെയാണ്‌ സിനിമയുടെ ശരീരം.


തികച്ചും വ്യക്തിതലത്തിൽ നിന്ന് ഈ കഥകളെല്ലാം പറയുന്നതിനിടെയാണ്‌ 1989-ലെ ടിയാനെൻമെൻ സ്‌ക്വയറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കു നേരെ നടന്ന ഭരണകൂടത്തിന്റെ അക്രമങ്ങൾ ഒട്ടൊക്കെ വിശദമായി ദൃശ്യവത്‌കരിക്കുകയും ലോകമെമ്പാടും അക്കാലങ്ങളിൽ നടന്ന രാഷ്ട്രിയ സംഭവഗതികളെ നറേറ്റീവിൽ ഉൾചേർക്കുകയും ചെയ്യുന്നത്‌. സമ്മർ പാലസിലെ മുഖ്യകഥാപാത്രങ്ങളെല്ലാം 1989-ൽ ബെയ്‌ജിംഗിൽ വിദ്യാർത്ഥികളും ടിയാനെൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുമായിരുന്നു. ഒരർത്ഥത്തിൽ അവരെയെല്ലാം ചിതറിച്ചത്‌ ബെയ്ജിംങ്ങിൽ നിന്നുമുള്ള അവരുടെ പലായനം തന്നെയായിരുന്നു. അത്ര സുവ്യക്തമല്ലാത്ത ചില വായനകളിൽ ഈ സിനിമ, ഭരണകൂടത്താൽ തകർക്കപ്പെട്ട വ്യക്തിബന്ധങ്ങളെക്കുറിച്ചു തന്നെയാണ്‌.


തീക്ഷ്ണമായ രതിരംഗങ്ങൾ നിരവധിയുണ്ട്‌ ഈ സിനിമയിൽ. എന്നാൽ അതൊന്നും നഗ്നശരീരങ്ങളിലോ വിശദാംശങ്ങളിലോ തങ്ങി നിൽക്കാതെ രതിയുടെ തീക്ഷ്ണതയെ മാത്രം ദൃശ്യവത്‌കരിക്കുന്നു. ലൈംഗികമായി തുറവിയുള്ള രംഗങ്ങളൊന്നും ചൈനീസ്‌ സെൻസർ ബോർഡിന്റെ കത്രികയിൽ നിന്നും രക്ഷപെടാറില്ലെങ്കിലും സമ്മർ പാലസും സംവിധായകനെത്തന്നെയും നിരോധിക്കാൻ മുഖ്യകാരണം ലൈംഗികതയെക്കാളുപരി സിനിമയുടെ രാഷ്ട്രീയം തന്നെയായിരുന്നു. സെൻസർ ബോർഡിന്റെ അനുവാദമില്ലാതെ സിനിമ പ്രദർശിപ്പിച്ചതിന്‌ 2000-ലും Ye Lou-വിനു വിലക്ക്‌ കിട്ടിയിട്ടുണ്ട്‌. ആത്യന്തികമായി ചൈനയെക്കുറിച്ച്‌ സംസാരിക്കുന്ന ഈ സിനിമയുടെ ആഖ്യാനത്തിൽ ഇടയ്ക്ക്‌ കടന്നു വരുന്ന രാജ്യങ്ങൾ -ഉത്തര കൊറിയ, റഷ്യ, പോളണ്ട്‌, കിഴക്കൻ ജർമ്മനി- എല്ലാം (മുൻ)കമ്യൂണിസ്റ്റ്‌ രാജ്യങ്ങളാണെന്നത്‌ യാദൃശ്ചികമായിരിക്കുമോ?


ചൈനയിലെ ഭരണകൂടത്തെയും രാഷ്‌ട്രീയ സംഭവവികാസങ്ങളെയും വിമർശനപരമായി സമീപിക്കുന്ന ആദ്യത്തെ സിനിമയല്ല സമ്മർ പാലസ്‌. സമീപകാലത്തു തന്നെ Shower, Balzac and the Little Chinese Seamstress, Getting Home തുടങ്ങിയ സിനിമകളെല്ലാം പണി തീർന്നുകൊണ്ടിരിക്കുന്ന ആ വലിയ അണക്കെട്ടിനെക്കുറിച്ചുള്ള(Three Gorges Dam) ആശങ്കകൾ പങ്കു വെച്ചിരുന്നു. Zhang Ke Jia സംവിധാനം ചെയ്ത Still life ആകട്ടെ പൂർണ്ണമായും ഈ ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ആയിരുന്നു പ്രമേയമാക്കിയത്‌. Xiaoshuai Wang സംവിധാനം ചെയ്ത In love we trust എന്ന സിനിമ, വ്യക്തിജീവിതത്തിൽ നിയമങ്ങളും ഭരണകൂടവും ഇടപെടുന്നതിനെക്കുറിച്ചായിരുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തെ ചൈനയുടെ സമകാലീന പശ്ചാത്തലത്തിൽ സമഗ്രമായി അപഗ്രഥിക്കുന്നുണ്ട്‌ ഈ സിനിമയിൽ.


1968-ലെ ഫ്രെഞ്ച്‌ വിദ്യാർത്ഥിസമരങ്ങളെ പശ്ചാത്തലത്തിൽ നിർത്തി ബെർട്ടൊലൂച്ചി ഒരുക്കിയ ഡ്രീമേഴ്‌സുമായി പെട്ടെന്നു ഓർമ്മയിലെത്തുന്ന താരതമ്യങ്ങൾ നിരവധിയാണ്‌. ബെർട്ടൊലൂച്ചിയുടെ ചിത്രം രാഷ്ട്രീയത്തെക്കുറിച്ചായിരുന്നുവെങ്കിൽ Ye Lou-വിന്റെ സിനിമ രാഷ്ട്രീയം തന്നെയാണ്‌. രാഷ്ട്രീയത്തിനും ലൈംഗികതയ്ക്കുമൊപ്പം സിനിമയായിരുന്നു ബെർട്ടൊലൂച്ചിയുടെ പരിഗണനയെങ്കിൽ ഇവിടെ സിനിമയ്ക്കു പകരം പ്രണയമാണ്‌. പ്രണയമെന്നാൽ ഏകാന്തതയും വേദനയും തന്നെയെന്ന് ഈ കഥാപാത്രങ്ങൾ സമർത്ഥിക്കുന്നു. ബെർട്ടൊലൂച്ചിയുടെ കഥാപാത്രങ്ങൾ സമൂഹത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്നും ഒരുതരം ഒളിച്ചോട്ടം നടത്തുമ്പോൾ(അത്‌ ഒളിച്ചോട്ടം തന്നെയായിരുന്നുവോ എന്നത്‌ മറ്റൊരു ചോദ്യം‌!) സമ്മർ പാലസിലെ കഥാപാത്രങ്ങൾ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്കിടയിൽ തന്നെ തങ്ങളുടെ ജീവിതത്തെ കണ്ടെടുക്കുവാൻ ശ്രമിക്കുകയാണ്‌. ബെർട്ടൊലൂച്ചിയുടെ സിനിമ ഒരുതരം ആഘോഷമായിരുന്നെങ്കിൽ സമ്മർ പാലസ്‌ പരാജയത്തെയും വേദനയെയും കുറിച്ചാണ്‌. പ്രണയം, ലൈംഗികത, മൊറാലിറ്റി, വ്യക്തിജീവിതത്തിൽ അധികാരത്തിന്റെ ഇടപെടൽ എന്നതിനെക്കുറിച്ചൊക്കെ സങ്കീർണ്ണമായ ചോദ്യങ്ങൾ സമ്മർ പാലസ്‌ ഉയർത്തുന്നുണ്ട്‌.