Sunday, November 18, 2007

പര്‍സാനിയ (2005)

2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ അവലംബിച്ച്‌ രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രമാണ്‌ പര്‍സാനിയ. അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ(നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഇന്ത്യന്‍ ചരിത്രത്തെ, ജനതയെ ആഴത്തില്‍ മുറിപ്പെടുത്തിയ ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നു പോകുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. സൈറസിന്റെ മകനായ പര്‍സാനിന്റെ സ്വപ്നസ്വര്‍ഗമാണ്‌ പര്‍സാനിയ. പര്‍സാനിയയെക്കുറിച്ച്‌ അവന്‍ തന്നെ വിവരിക്കുന്നത്‌ ചോക്കലേറ്റുകൊണ്ടുള്ള കെട്ടിടങ്ങളും ഐസ്‌ക്രീം കൊണ്ടുള്ള മലകളുമുള്ള ക്രിക്കറ്റിന്‌ മാത്രം സര്‍വ്വപ്രാധാന്യവുമുള്ളയിടമെന്നാണ്‌. ഏരെക്കുറെ ബോളിവുഡ്‌ സിനിമകളില്‍ കാണുന്ന, കേവല ഇന്ത്യാക്കാരന്റെ സ്വപ്നലോകത്തോട്‌ സമാനം. ഇന്ത്യന്‍ സമൂഹത്തിലെ കേവലഭൂരിപക്ഷം മറ്റൊരു 'പര്‍സാനിയ' തിരശീലയില്‍ കണ്ട്‌ നിത്യജീവിതത്തിന്റെ തിക്താനുഭവങ്ങളിലേക്ക്‌ മടങ്ങുന്നവരാണ്‌. പര്‍സാന്‍ തന്റെ സ്വര്‍ഗം വിവരിക്കുന്നതിനു ശേഷം വരുന്ന സീനില്‍ നാം കാണുന്നത്‌ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ തെരുവിലുടനീളം മോഡിയുടെ ചിത്രം പതിയ്ക്കുന്നതും കാവിക്കൊടികള്‍ സ്ഥാപിക്കുന്നതുമാണ്‌.

സൈറസിന്റെ കുടുംബത്തിന്റെ മധ്യവര്‍ഗ സ്വപ്നങ്ങളും അവരുടെ ഉല്ലാസങ്ങളും സുഹൃദ്‌വലയത്തില്‍ വരുന്ന ഗാന്ധി ഭക്തനായ വൃദ്ധനും, ഗാന്ധിയെക്കുറിച്ചു പഠിക്കാന്‍ വന്ന മദ്യപാനിയായ അലന്‍ എന്ന വിദേശി യുവാവും, കള്ളവാറ്റുകാരനായ ഒരു സമീപവാസിയും മറ്റ്‌ അയല്‍വാസികളുമെല്ലാമടങ്ങുന്ന ഒരു ഗുജറാത്തി സമൂഹത്തെ താളാത്‌മകമായി അവതരിപ്പിക്കുകയാണ്‌ സിനിമയുടെ ആദ്യഭാഗം. ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത്‌. അതിനു മുഖ്യകാരണം ഗുജറാത്ത്‌ ഗാന്ധിജിയുടെ നാടാണെന്നുള്ളതല്ല, മറിച്ച്‌, സംസ്ഥാനം ഭരിക്കുന്ന പരിഷത്തിന്റെ ഐഡിയോളജി മദ്യപാനം അംഗീകരിക്കുന്നില്ല എന്നതാണ്‌. ഹിറ്റ്‌ലറുടെ നാസികളടക്കം ചരിത്രത്തിലെ അപകടകരമായ എല്ലാ തത്വശാസ്ത്രങ്ങളും സദാചാരപരത്യ്ക്ക്‌ വലിയ പ്രാധാന്യം കൊടുത്തിരുന്നു എന്നത്‌ ചരിത്രത്തിന്റെ ഐറണി. മദ്യപിച്ച്‌ മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറാനൊരുങ്ങുന്ന അലനെ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ മൃഗീയമായി അക്രമിക്കുന്നത്‌ നാം കാണുന്നുണ്ട്‌.


ഗോധ്രയില്‍ തീവണ്ടിക്ക്‌ തീ പിടിച്ച സംഭവത്തോടെ സ്ഥിതിഗതികളാകെ മാറുന്നു. ഗോധ്രയിലെ തീ ഗുജറാത്തിലുടനീളം പടരുന്നു. സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഹിന്ദുത്വവാദികള്‍ മറ്റു മതസ്ഥരെ കൊല ചെയ്യുന്നത്‌ പിന്നീടുള്ള രംഗങ്ങളില്‍ ഏറെക്കുറെ ദീര്‍ഘമായി എന്നാല്‍ രക്തരൂക്ഷിതമല്ലാതെ ചിത്രം document ചെയ്യുന്നു. മുസ്ലീമുകളല്ലെങ്കിലും സൈറസിന്റെ കുടുംബവും ഒഴിവാക്കപ്പെടുന്നില്ല. അയല്‍വാസികളായ ഹിന്ദുക്കളും അവര്‍ക്കുമുന്നില്‍ വാതിലടയ്ക്കുന്നു. ഒരാഴ്‌ചയോളം നീണ്ടു നിന്ന ഭീകരസംഭവങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ സൈറസ്‌ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തുന്നുണ്ട്‌. അയല്‍വാസിയായ ഒരു ഹൈന്ദവബാലന്റെ അവസരോചിതമായ സഹായത്തോടെയാണ്‌ സൈറസിന്റെ ഭാര്യയും മകളും കലാപകാരികളില്‍ നിന്നും രക്ഷപ്പെടുന്നത്‌. എന്നാല്‍ പര്‍സാനെ പിന്നീട്‌ നാം കാണുന്നില്ല. സൈറസിന്റെ പിന്നീടുള്ള യാത്രകള്‍ പര്‍സാനെ അന്വേഷിച്ചുള്ളതാണ്‌. ഈ യാത്രയിലാകട്ടെ അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത്‌ നാം കാണുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും അഴിമതിയും ഈ കൂട്ടക്കൊലയില്‍ അവര്‍ക്കുള്ള പങ്കും പ്രത്യക്ഷമായി ചിത്രം സൂചിപ്പിക്കുന്നുണ്ട്‌. കലാപകാരികളെ വിചാരണ ചെയ്യുന്ന ഒരു കോടതി രംഗത്തിലാണ്‌ ചിത്രം അവസാനിക്കുന്നത്‌. സാക്ഷികള്‍ പലരും വിലയ്ക്കെടുക്കപ്പെടുന്നു. എന്നാല്‍ സധൈര്യം സത്യത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ പലരും തയ്യാറാവുന്നുമുണ്ട്‌. യാഥാര്‍ത്‌ഥ്യത്തോട്‌ നീതി പുലര്‍ത്തുന്നതു കൊണ്ടാവാം കാര്യമായ ശുഭാപ്തിബോധമൊന്നും അവസാന രംഗത്തിലും ചിത്രം മുന്നോട്ടു വെയ്ക്കുന്നില്ല. കലാപത്തിനിടയില്‍ കാണാതായ 12 വയസ്സുകാരന്‍ അസ്‌ഹറിനെക്കുറിച്ചറിവു ലഭിക്കുന്നവര്‍ തങ്ങളെ അറിയികണമെന്ന്‌ ഒരു ഗുജറാത്തി പാഴ്‌സി കുടുംബം നമ്മോടഭ്യര്‍ഥിക്കുന്നുണ്ട്‌. ഈ അസ്‌ഹറാണ്‌ സിനിമയിലെ പര്‍സാന്‍.


ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ്‌ ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ Amu(2005), മണിരത്നത്തിന്റെ ബോംബെ(1995) എന്നിവ. എന്‍.എസ്‌ മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട്‌ ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്‌ ചോദിച്ചത്‌ എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ്‌ കൂട്ടക്കൊലയെക്കുറിച്ചായിരുന്നു. ബോംബെ കലാപത്തെ (ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്നത്തിന്റെ ബോംബെ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട്‌ ഹിന്ദുത്വ അജണ്ടയെ ഒളിച്ച്‌ കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാശ്മീരിലെ തീവ്രവാദത്തെ മസാലവത്‌കരിച്ച റോജയും അതിവിദഗ്‌ദമായി ഹൈന്ദവ ഫാസിസത്തിന്റെ വിഷം ചീറ്റുന്ന ഒന്നായിരുന്നു. മണിരത്നത്തിന്റെ രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വന്‍ വിജയമായിരുന്നെന്നത്‌ നാം ഓര്‍ക്കേണ്ടതുണ്ട്‌. നമ്മിലെത്രപേര്‍ പര്‍സാനിയയും കായാതരണും അമുവും കണ്ടിട്ടുണ്ട്‌..?


2005-ലെ മികച്ച സംവിധായകനും മികച്ച നടിയ്ക്കുമുള്ള(സരിക) ദേശീയ അവാര്‍ഡ്‌ പര്‍സാനിയ നേടുകയുണ്ടായി, എന്നാല്‍ അവാര്‍ഡു പ്രഖ്യാപനം കോടതി സ്റ്റേ ചെയ്യുക വരെയുണ്ടായി. ഈ വര്‍ഷമാണ്‌ നീണ്ട നിയമയുദ്ധത്തിനു ശേഷം പര്‍സാനിയയ്ക്ക്‌ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി ലഭിച്ചതും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതും. ഗുജറാത്തു കലാപത്തെ ഏറ്റവും സത്യ സന്ധമായി സമീപിച്ച ഈ ചിത്രം ഇനിയും ഗുജറാത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതും നാം ഓര്‍ക്കണം. എന്തിനധികം, പുരോഗമനവാദികള്‍ ഏറെയുണ്ടെന്നു കരുതപ്പെടുന്ന കോഴിക്കോട്‌ രാം കെ നാം എന്ന ചിത്രം പ്രദര്‍ശിപ്പിക്കാനെത്തിയ ആനദ്‌ പട്‌വര്‍ധനെ RSS അനുകൂലികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ജില്ലാ കളക്ടര്‍ ഇടപെട്ട്‌ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു തന്നെ മടക്കി അയക്കുകയായിരുന്നു(മാധ്യമം ആഴ്ചപ്പതിപ്പില്‍ വായിച്ച ഓര്‍മ്മ).


മനുഷ്യസ്നേഹം അല്‍പമെങ്കിലും അവശേഷിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടുകള്‍ വന്നു...പോയി. അതിനെ രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ്‌ ബി ജെ പിയും പിന്നെ പൊതു സമൂഹവും തള്ളിക്കളഞ്ഞു. രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ തന്നെ സത്യം അസത്യമാകുമോ...? രാഷ്ട്രീയപ്രേരിതം എന്ന പ്രയോഗം ഇന്ത്യയില്‍ ഇന്ന്‌ വളരെ ഫലപ്രദമായൊരായുധമാണ്‌. (ഐസ്ക്രീം കേസു വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയും, വിമാനക്കേസു വന്നപ്പോള്‍ ജോസഫും, ലാവ്‌ലിന്‍ വന്നപ്പോള്‍ പിണറായിയും, തങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ വന്നപ്പോള്‍ കുരുവിളയും ചെന്നിത്തലയും പറഞ്ഞത്‌ രാഷ്‌ട്രീയപ്രേരിതമെന്നാണ്‌.) ഗുജറാത്തിലെ കൂട്ടക്കൊലയെക്കുറിച്ച്‌ റാല്‍മിനോവ്‌ എന്നൊരു ബ്ലോഗര്‍ തികച്ചും നിരുത്തരവാദപരമായി പ്രതികരിച്ചത്‌ വേദനയോടെയാണ്‌ വായിച്ചത്‌.


പര്‍സാനിയ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സെന്‍സര്‍ ബോര്‍ഡ്‌ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തിലെ മുറിപാടുകളെ മൂടി വെയ്ക്കാനാണ്‌ നാം ഇന്നോളം പരിശ്രമിച്ചത്‌. അതിനാല്‍ തന്നെ കാലാകാലങ്ങളില്‍ കലാപങ്ങള്‍ ആവര്‍ത്തിയ്ക്കുകയുണ്ടായി. ഗുജറാത്ത്‌ നാം നമ്മുടെ സജീവ ചര്‍ച്ചയില്‍ നില നിറുത്തേണ്ടതുണ്ട്‌. ഇതും നാം മറക്കുകയാണെങ്കില്‍ ഇനിയും ഗുജറാത്തുകള്‍ ആവര്‍ത്തിക്കപ്പെടും...ഒരു സുഹൃത്തു പറഞ്ഞതു പോലെ നാമൊക്കെ കലാപത്തിന്റെ സന്താനങ്ങളാണെന്നു നാം മറക്കരുത്‌. ഹിറ്റ്‌ലറെയും ഫാസിസത്തെയും വിഷയമാക്കുന്ന ഒട്ടനവധി പുസ്തകങ്ങളും ചലചിത്രങ്ങളും പുറത്തു വന്നു കഴിഞ്ഞു. ഇനിയും വരും. അമേരിക്കയിലെ നിയോനാസിസം പോലെയുള്ള അപകടകരമായ പ്രവണതകളെക്കുറിച്ചു പ്രതിപാദിക്കുന്ന Amerian History X പോലെയുള്ള ചിത്രങ്ങള്‍ ഹോളിവുഡില്‍ നിന്നു പോലും വരുന്നു. സമൂഹത്തിലെ അപകടകരമായ പ്രവണതകള്‍ക്കെതിരെ വലിയൊരു പ്രതിരോധം തന്നെയാണ്‌ ഈ സിനിമകള്‍ തീര്‍ക്കുന്നത്‌. പടിഞ്ഞാറന്‍ സമൂഹത്തിന്‌ ഈ സിനിമകള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്‌...നമുക്കോ...? (പാശ്‌ചാത്യ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ദേശി-ബോളിവുഡ്‌-കച്ചവട-മസാല സിനിമകളാണ്‌ കാണാറുള്ളത്‌ എന്നതു കൊണ്ടാവാം സംഘപരിവാറിന്‌ ഏറ്റവും പണം ലഭിക്കുന്നതും പാശ്ചാത്യരാജ്യങ്ങളിലുള്ള ഇന്ത്യക്കാരില്‍ നിന്നാണ്‌.)


ഇതുപോലുള്ള വിഷയങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ സിനിമകള്‍ മുദ്രാവാക്യസിനിമകളായി മാറുന്നത്‌ ഇന്ത്യയില്‍ സാധാരണമാണ്‌. ജാനു ബറുവയുടെ Maine Gandhi ko nahi maara(2005), ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ എന്നിവ ഉദാഹരണം. ഈ അപകടം പര്‍സാനിയയ്ക്ക്‌ സംഭവിക്കുന്നില്ലെന്നത്‌ ചിത്രത്തിന്റെ വിജയം.


ഗുജറാത്തിലെ കൂട്ടക്കൊലയ്ക്കുശേഷം ഞാന്‍ 2002-ല്‍ ഗോധ്രയില്‍ പോയിരുന്നു. കരിഞ്ഞ ആ തീവണ്ടിയുടെ അവശിഷ്‌ടങ്ങള്‍ കാണാന്‍...ഒന്നു കരയാന്‍...നാട്ടിലേയ്ക്കു തിരിയ്കാനായി ട്രെയിനില്‍ കയറിയ ഉടനെ ഉറങ്ങുകയായിരുന്ന ഒരു കറുത്ത വര്‍ഗക്കാരന്‍ വിദേശി ഞെട്ടിയുണര്‍ന്ന് എന്നോടു ചോദിച്ചു....ഇതേതാണ്‌ സ്ഥലമെന്ന്‌...ഞാന്‍ പറഞ്ഞു ഗോധ്ര..


ദി സെയിം ഇന്‍ഫേമസ്‌ ഗോധ്ര...?


എന്തോ അയാള്‍ പിന്നീടുറങ്ങുന്നത്‌ ഞാന്‍ കണ്ടില്ല.