Sunday, April 10, 2016

അടൂരിന്റെ ഇടപെടൽ !

കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നിൽ മരിയ റോസ് ഇങ്ങനെ എഴുതുന്നു.
നെഗറ്റീവ് സ്വഭാവങ്ങളും പ്രവര്‍ത്തികളുമുള്ള ഒരു കഥാപാത്രമാണ് സക്കറിയയുടെ ഭാസ്കരപട്ടേലര്‍. നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ പട്ടേലരുടെ വേഷം മമ്മൂട്ടിയെപ്പോലെ ഒരു ജനപ്രിയ താരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഏല്‍പ്പിച്ചതില്‍ ഒരളവ് വെല്ലുവിളിയുണ്ട്.ഒരു ദുഷ്ടകഥാപാത്രത്തെ ഒരു ജനപ്രിയനടന്‍ അവതരിപ്പിക്കുമ്പോള്‍ അയാള്‍ ചെയ്യുന്ന ദുഷ്ടത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഹീറോയിസമാകാനും ജനം അത് കൈയടിച്ച് സ്വീകരിക്കാനുമുള്ള സാധ്യതയുണ്ട്. പക്ഷെ സംവിധായകന്‍ ക്യാമറയിലൂടെ എങ്ങനെ ആ കഥാപാത്രത്തെ പ്രേക്ഷര്‍ക്ക് കാണിച്ചു തരുന്നു, സംഗീതവും സംഭാഷണവും രംഗസജ്ജീകരണങ്ങളും കൊണ്ട് എങ്ങനെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ആശ്രയിച്ചാണ്‌ അതിരിക്കുന്നത്.മമ്മൂട്ടിയെപ്പോലെ ഒരു ജനപ്രിയ നടനെ ഭാസ്കരപട്ടേലര്‍ എന്ന അധികാരരൂപത്തെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രേക്ഷകര്‍ അയാളെ കണ്ട് കയ്യടിക്കില്ല എന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍റെ രാഷ്ട്രീയവും ക്രാഫ്റ്റുമാണ്.
വിധേയനിൽ ഹീറോയിസം ഇല്ലാതാക്കുവാനും പ്രേക്ഷകർക്ക് പട്ടേലരോട് വീരാരാധന തോന്നാതിരിക്കാനും അടൂരെന്താണു ക്രാഫ്റ്റിൽ ചെയ്തത് എന്ന ആലോചനയിൽ തോന്നിയ ചില കാര്യങ്ങളാണ് ഈ പോസ്റ്റ്.

ഞാനാദ്യം ആലോചിച്ചത് കഥാപാത്രങ്ങൾ തമ്മിലുള്ള ഇടപെടലുകൾ കാണിക്കാൻ അടൂർ സാധാരണയായി സ്വീകരിക്കാറുള്ള മാർഗങ്ങളെക്കുറിച്ചാണ്. തീർച്ചയായും ആദ്യം ഓർമ്മയിൽ വരുന്നത് quasi-objective എന്നു പറയാവുന്ന ഒരു കോന്പോസിഷനാണ്. രണ്ടുകഥാപാത്രങ്ങളെ നേർരേഖയിൽ, അഭിമുഖമായോ അല്ലാതെയോ നിർത്തി, കാണുന്നയാളുടെ upper body-യും, കാണപ്പെടുന്നയാളിന്റെ full body-യും ഫ്രെയിമിൽ വരത്തക്കവിധമുള്ള ഒരു കോന്പോസിഷനാണിത്. സാധാരണ സബ്ജക്‌‌ടീവ് ദൄശ്യങ്ങളവതരിപ്പിക്കാനുപയോഗിക്കുന്ന ഓവർ-ദ-ഷോൾഡർ ഷോട്ടുമല്ല, എന്നാൽ തികച്ചും ഒബ്‌‌ജക്ടീവായ ഷോട്ടുമല്ലാതെ, ഇതിനുരണ്ടിനുമിടയിൽ, ഒരു കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങളിലേക്ക് സൂചന തരുന്പോഴും, പൂർണമായും അയാളുടെ സബ്‌‌ജക്‌‌ടീവ് ദൄശ്യമാകാൻ മടിക്കുന്ന, രണ്ടും പേരും തമ്മിലുള്ള ഇന്ററാക്ഷനെക്കുറിച്ച് non-verbal സൂചനകൾ തരുന്നതാണ് ഈ   quasi-objective ഫ്രെയിമിംഗ്. എലിപ്പത്തായം മുതലുള്ള അടൂർ സിനിമകളിലെല്ലാം ഈ കോന്പോസിഷനും അതിന്റെ ചില വേരിയേഷനുകളും പലതവണ ആവർത്തിച്ചിട്ടുണ്ട്.

എലിപ്പത്തായത്തിൽ, അയൽപക്കത്തെ സ്ത്രീയുടെ ലൈംഗികചുവയുള്ള നോട്ടത്തിനു മുന്നിൽ പകച്ചുപോകുന്ന ഉണ്ണിക്കുഞ്ഞിനെ കാണിക്കാൻ ഈ ഷോട്ട് ഉപയോഗിക്കുന്നുണ്ട്.


(എലിപ്പത്തായത്തിൽ മറ്റുചിലരംഗങ്ങളിലും ഈ രീതിയിലുള്ള കോന്പോസിഷൻ ഉപയോഗിക്കുന്നുണ്ടെന്കിലും, ഇതേ ഷോട്ടിന്റെ പിൽക്കാലത്തെ ഉപയോഗവുമായി-understated interaction- ചേർന്നുപോകുന്ന ഒന്ന് ഇതാണ്.)

മുഖാമുഖത്തിൽ പലതവണ ഈ കോന്പോസിഷൻ വരുന്നുണ്ട്. സഖാവ് ശ്രീധരനും കെപിഎസി ലളിതയുടെ കഥാപാത്രവുമായുള്ള understated romance പലതവണ ഈ കോന്പോസിഷനിലൂടെ പറയാതെ പറയുന്നുണ്ട്. ലളിതയുടെ കഥാപാത്രം ആദ്യം സ: ശ്രീധരനെ കാണുന്പോഴും, പിന്നീട് അപ്രത്യക്ഷനാകുന്ന ശ്രീധരൻ വർഷങ്ങൾക്ക് ശേഷം മടങ്ങി വരുന്പോൾ അവർ തമ്മിൽ കാണുന്പോഴും ഈ കോന്പോസിഷൻ ഉപയോഗിക്കുന്നുണ്ട്

മുഖാമുഖത്തിൽത്തന്നെ ഇതിന്റെ മനോഹരമായ ഒരു വേരിയേഷനുണ്ട്.
പാർട്ടി ഓഫീസിൽ, ഒരു യോഗത്തിനു ശേഷം എല്ലാവരും പിരിഞ്ഞതിനു ശേഷം, ലളിതയുടെ കഥാപാത്രം സ:ശ്രീധരനോട്, “സഖാവിനെന്താണു സ്ത്രീകളോടിത്ര വിദ്വേഷം” എന്നു ചോദിക്കുന്നു. ലളിതയുടെ കഥാപാത്രത്തിന്റെ, പ്രേമം കലർന്ന സൂചനകൾ സ:ശ്രീധരൻ നിരസിക്കുന്നതാണു ഇവിടെ വംഗ്യമെന്ന് വ്യക്തം. അതിനു ശേഷം പടികളിറങ്ങിപോകുന്ന ലളിതയെ സ:ശ്രീധരൻ ജനലഴികളിലൂടെ നോക്കുന്നു. ലളിത തിരിഞ്ഞുനോക്കുന്പോൾ സഖാവ് നോട്ടം മാറ്റുന്നു.


ഇത് ഒരുപക്ഷേ അടൂരിനുമാത്രം സാധ്യമാകുന്ന ഒരു രംഗമാണ്. ഇവിടെ ലളിത തിരിഞ്ഞു നോക്കുന്ന പൊസിഷനും സമയവും അത്രമേൽ കൄത്യമായിരിക്കണം. പൊസിഷൻ അല്പം മാറിപ്പോയാൽ ജനലഴികൾ കൊണ്ട് മുഖം മറയും. സമയം അല്പം മാറിപ്പോയാൽ മറ്റേകഥാപാത്രത്തിന്റെ റിയാക്ഷൻ ശരിയാവില്ല. അഭിനേതാക്കൾക്ക് നടക്കാനും നിൽക്കാനുമൊക്കെ പൊസിഷൻ മാർക്ക് ചെയ്ത്, സമയം കണക്കാക്കി, കൄത്യതയോടെ ചിത്രീകരിക്കുന്ന ഒരു സംവിധായകനു മാത്രമേ ഇതു സാധ്യമാകൂ. കൄത്യമായ പ്ലാനിംഗിലൂടെയുള്ള അടൂരിന്റെ സംവിധായശൈലിയിലേക്ക് ഈ രംഗം സൂചന നൽകുന്നുണ്ട്.

അനന്തരത്തിൽ പലതവണ ഈ കോന്പോസിഷൻ ഉപയോഗിക്കുന്നുണ്ട്


മതിലുകളിൽ ബഷീർ ഏറെക്കാലത്തിനു ശേഷം മുരളിയുടെ കഥാപാത്രത്തെ കാണുന്പോഴും ഇതേ കോന്പോസിഷനാണുപയോഗിക്കുന്നത്.

മിക്കവാറും പ്രധാനകഥാപാത്രത്തിന്റെ/ അല്ലെന്കിൽ ആഖ്യാതാവിന്റെ വീക്ഷണത്തെ വ്യക്തമാക്കാനും, അതിന്റെ കൂടെ ഒരുതരം understated interaction കാണിക്കാനുമാണ് അടൂർ ഇത്തരം കോന്പോസിഷൻ സാധാരണ ഉപയോഗിക്കാറുള്ളത്. രണ്ട് കഥാപാത്രങ്ങളും സബ്‌‌ജക്ട് ആയിരിക്കുന്പോൾ തന്നെ, ആരുടെ പെഴ്സ്‌‌പെക്ടീവിൽ നിന്നാണോ ആഖ്യാനം കേന്ദ്രീകരിക്കുന്നത്, ആ കഥാപാത്രത്തിന് ഊന്നൽ കൊടുക്കാൻ ഈ കോന്പോസിഷനു കഴിയും. ഈ കോന്പോസിഷന്റെ ഒരു പ്രത്യേകത, ഇത് അക്കാദമി റേഷ്യോയിൽ ഫ്രെയിം കന്പോസ് ചെയ്യാൻ പറ്റിയ ഒന്നാണെന്നതാണ്. വൈഡ് ഫ്രെയിമുകളിൽ ഇത് ഒരുപാടു സ്ഥലം ബാക്കിയിടും. അടൂർ വൈഡ് ഫ്രെയിം ഉപയോഗിച്ച നിഴൽക്കുത്തിലും അതിനുശേഷം വന്ന രണ്ടു സിനിമകളിലും ഇത്തരം കോന്പോസിഷനുകൾ വരുന്നില്ല. 1:1.85 aspect ratio ഉപയോഗിച്ച കഥാപുരുഷനിൽ വരുന്നുണ്ട്.

വിധേയനിലേക്ക് വന്നാൽ, പട്ടേലരും തൊമ്മിയും തമ്മിലുള്ള understated interaction സിനിമയിലൊരുപാടുണ്ടെന്കിലും ഒരിക്കൽ പോലും മുകളിൽ പറഞ്ഞ കോന്പോസിഷൻ അടൂർ ഉപയോഗിക്കുന്നില്ല. മറിച്ച് detached ആയിട്ടുള്ള, ഒരു കഥാപാത്രത്തിന്റെയും perspective അല്ലാത്ത ഷോട്ടുകളാണ് വിധേയനിലുടനീളം. ഉദാഹരണത്തിന് ഒരു രംഗം നോക്കാം.

സക്കറിയയുടെ കഥയുടെ പേര്, ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ എന്നായിരുന്നു. ആ കഥ തൊമ്മിയുടെ വേർഷനാണ്. തൊമ്മിയാണ് ആഖ്യാതാവ്. എന്നാൽ വിധേയനിൽ ഈ സബ്‌‌ജക്ടീവ് നറേഷൻ അടൂർ ഒഴിവാക്കുന്നു. തൊമ്മിയുടെ പക്ഷത്തുനിന്നല്ല വിധേയന്റെ ആഖ്യാനം. മറിച്ച് തൊമ്മിയെയും പട്ടേലരെയും മാറിനിന്ന് വീക്ഷിക്കുന്ന ഒരു omnipotent നറേറ്ററുടെ പെഴ്‌‌സ്‌‌പെക്‌‌ടീവിലാണ്. വിധേയൻ അധികാരത്തെയും വിധേയത്വത്തെയും കുറിച്ചുള്ള പഠനമാണെന്നിരിക്കെ, അധികാരഘടനയിൽ ആരുടെയും പക്ഷം ചേരാതിരിക്കാൻ അടൂർ ശ്രമിക്കുന്നു. ഈ നിക്ഷ്പക്ഷതയാണ് വിധേയനെ ഒരു പൊളിറ്റിക്കൽ മൂവിയെന്നതിനപ്പുറം കാലാതീതവും ഒരളവുവരെ തത്വചിന്താപരവുമാക്കുന്നത്.

വിധേയനിലും പാലേരിമാണിക്യത്തിലും ഫ്യൂഡൽ അധികാരവും അതിൽനിന്നു വരുന്ന വയലൻസും ചിത്രീകരിച്ചതിലെ വ്യത്യാസങ്ങളെക്കുറിച്ച് ഒരു വീഡിയോ എസ്സേ താഴെ.

* തലക്കെട്ടിന് മേതിലിന്റെ ‘ഹിച്ച്കോക്കിന്റെ ഇടപെടൽ’ എന്ന പേരിനോട് കടപ്പാട് !

Saturday, January 16, 2016

Hateful Eight എന്ന അമേരിക്കൻ യാഥാർത്ഥ്യം !ടരന്റീനോയുടെ സിനിമകൾ പൊതുവെ subtle ആയി മാത്രം പൊളിറ്റിക്സ് കൈകാര്യം ചെയ്യുന്നവയാണ്. പൾപ് ഫിക്ഷനിലെ പോപ് കൾച്ചർ ക്രിട്ടിസിസം ആയാലും ജാക്കി ബ്രൌണിലും ഡെത്ത് പ്രൂഫിലും കിൽ ബില്ലിലുമുള്ള ഫെമിനിസ്റ്റ് തീമായാലും ജാക്കി ബ്രൌണിലും ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സിലുമുള്ള റേസിസവുമായി ബന്ധപ്പെട്ട തീമുകളായാലും, അതെല്ലാം നറേറ്റീവിനു പിന്നിലാണ്. അതുകൊണ്ടു തന്നെ ആവറേജ് ടരന്റീനോ ആരാധകർ ഈ പൊളിറ്റിക്കൽ സബ്‌‌ടെക്സ്റ്റ് തിരിച്ചറിയണമെന്നില്ല.

ടരന്റീനോയുടെ പുതിയ ഫിലിം ‘Hateful Eight’ ആണു വളരെ പ്രത്യക്ഷത്തിൽ തന്നെ പൊളിറ്റിക്സ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ടരന്റിനോ ഫിലിം എന്നു തോന്നുന്നു. വംശീയത കൂടുതൽ കൂടുതൽ ചർച്ചാവിഷയമാകുന്ന സമൂഹത്തോട് ടരന്റീനോ പറയുന്ന, സിവിൽ വാറിന്റെ അലിഗറിയെന്നു പറയാവുന്ന, വൈരാഗ്യത്തിന്റെയും പകയുടെയും വയലൻസിന്റെയും കഥയാണു ‘Hateful Eight’. ഈ കാലഘട്ടം ഇതാവശ്യപ്പെടുന്നു എന്നു തിരിച്ചറിഞ്ഞ് കലാകാരൻ തന്റെ മീഡിയത്തിലൂടെ സമൂഹത്തോട് സംവദിക്കാൻ ശ്രമിക്കുന്നു എന്നാണു ഞാൻ മനസ്സിലാക്കുന്നത്.

വെള്ളക്കാരനും കറുത്തവനും ലാറ്റിനോയും തമ്മിൽതമ്മിലുള്ള വൈരാഗ്യം, ഗൺ കൾച്ചർ, നിയമപാലനമെന്ന ഓമനപ്പേരിലുള്ള വയലൻസ്, ഓർഗനൈസ്‌‌ഡ് ക്രൈം എന്നിങ്ങനെ അമേരിക്കൻ രാഷ്ട്രീയയാഥാർത്ഥ്യത്തെ പ്രശ്നഭരിതമാക്കുന്ന ഘടകങ്ങളെല്ലാം കഥയിലുണ്ട്.

കഥാസംഗ്രഹം-(സ്പോയിലറില്ലാതെ !!) സിവിൽവാറിനു ശേഷമുള്ള കാലഘട്ടം. കലുഷിതമായ കാലാവസ്ഥയിൽ നിന്നും രക്ഷപെടാനായി വയോമിംഗിലെ ഒരു സത്രത്തിലെത്തുന്ന എട്ടുപേരാണു പ്രധാനകഥാപാത്രങ്ങൾ. ആറ് അധ്യായങ്ങളുള്ള സിനിമയിൽ ആദ്യത്തെ ചാപ്റ്റർ സത്രത്തിനു മുൻപാണ്. നാലുകഥാപാത്രങ്ങളെ ഇവിടെ അവതരിപ്പിക്കുന്നു. ബൌണ്ടി ഹണ്ടറായ ജോൺ റൂത്ത് (), ക്രിമിനലായ ഡെയ്സി ഡോമെർഗ്യൂവിനെ() പോലീസിലേല്പിക്കാൻ കൊണ്ടുപോകുന്നു. അവരുടെ കുതിരവണ്ടിയിലിടം തേടി ആദ്യം മറ്റൊരു ബൌണ്ടി ഹണ്ടറായ മേജർ മാർക്വി വാറനും (), പിന്നീട് അവർ പോകുന്ന സ്ഥലത്തെ ഷെറീഫായി സ്ഥാനമേറ്റെടുക്കാൻ പോകുന്ന ക്രിസ് മാനിക്സുമെത്തുന്നു (). ഇവർ സത്രത്തിലെത്തുന്പോൾ നാലുപേരവിടെയുണ്ട്. മെക്സിക്കൻ ബോബ് (), ബ്രിട്ടീഷുകാരനായ ഓസ്‌‌വാൾഡോ (), മറ്റൊരു വെള്ളക്കാരനായ ജോ ഗേജ് (), പിന്നെ സിവിൽ വാറിൽ സൌത്തിനു വേണ്ടി ഫൈറ്റ് ചെയ്ത ജെനറൽ സാൻഡി സ്മിതേഴ്സ് () എന്നിവർ.
കറുത്തവനായ മാർക്വി വാറനോട് സ്മിതേഴ്സിനും മാനിക്സിനും തോന്നുന്ന വംശീയമായ ശത്രുതയിൽനിന്നാണു കഥ തുടരുന്നത്. മാർക്വി വാറനും സ്മിതേഴ്സും തമ്മിലുള്ള സംഘർഷത്തിനിടെ ആരും കാണാതെ ഒരാൾ കാപ്പിയിൽ വിഷം കലക്കുകയും, അതുകുടിച്ച് രണ്ടുപേർ മരിക്കുകയും ചെയ്യുന്നതോടെ കഥ ഒരു whodunit മിസ്റ്ററിയുടെ രൂപത്തിലേക്ക് മാറുന്നു. അവിടുന്ന് അന്നു കാലത്തു സംഭവിച്ച കഥപറയുന്ന ഫ്ലാഷ്ബാക്കിലൂടെ ഓർഗനൈസ്ഡ് ക്രൈമിലെത്തുന്നു.  3, 4, 5 അധ്യായങ്ങൾ അതിഭീകരമായി bloody & violent ആണ്.

പൊളിറ്റിക്കൽ അലിഗറി
സിവിൽ വാറിനു ശേഷമുള്ള കാലഘട്ടത്തിലാണു കഥ നടക്കുന്നതെന്ന് സൂചിപ്പിച്ചു. എന്നാൽ ഈ കഥ തന്നെ സിവിൽ വാറിന്റെ അലിഗറിയായി മനസ്സിലാക്കാം. (അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിലായിരുന്നു സിവിൽ വാറെന്നും, ലിന്കൺ അതിൽ വടക്കരുടെ നേതാവായിരുന്നെന്നും, സിവിൽ വാറിൽ തെക്കൻ സംസ്ഥാനങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് അമേരിക്കയിൽ അടിമത്തം അവസാനിപ്പിച്ചതെന്നുമുള്ള മിനിമം ചരിത്രബോധമില്ലാതെ ഈ സിനിമ കാണരുത് !) സത്രത്തെ അവർ ആദ്യം നോർത്തും സൌത്തുമായി വിഭജിക്കുന്നുണ്ട്. ബാർ ഉള്ള ഭാഗം (culturally liberal) നോർത്ത്. ഫയർപ്ലേസുള്ള സ്ഥലം സൌത്ത്. (സിവിൽ വാറിൽ യുദ്ധം കൂടുതലും തെക്കൻ സംസ്ഥാനങ്ങളിലായിരുന്നു, പ്രത്യേകിച്ചും ജോർജിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ !). ഫയർപ്ലേസിനരികിലുള്ള ജോ ഗേജിന്റെ കൈയിൽ നിന്നും തോക്ക് വാങ്ങാൻ ബാറിനരികിലുള്ള ജോൺ റൂത്ത് ഫയർപ്ലേസിനരികിലേക്ക് ചെല്ലുന്നു. ഇതിൽ ജോൺ റൂത്തിനെ കറുത്തവനായ മാർക്വി സഹായിക്കുന്നു. സിവിൽ വാറിൽ സംഭവിച്ചതും ഇതുതന്നെയായിരുന്നു. തെക്കിനെതിരെ വടക്കർ യുദ്ധത്തിനുപോകുന്നു, വടക്കരെ കറുത്തവർ സഹായിക്കുന്നു. (ഇതിനു സമകാലീന അമേരിക്കൻ രാഷ്ട്രീയത്തിൽ മറ്റൊരു അനാലജിയുണ്ട്. ഗൺ വയലൻസ് തടയാൻ ഒബാമയും വടക്കുനിന്നുള്ള ഡെമോക്രാറ്റുകളും background check പോലുള്ള നിയമം കൊണ്ടുവരാൻനോക്കുന്നു, തെക്കുനിന്നുള്ള റിപ്പബ്ലിക്കൻമാർ തടയാൻ നോക്കുന്നു. Black Lives Matter മൂവ്മെന്റുകളൊക്കെ ഡെമോക്രാറ്റ്സിനെ പിന്തുണക്കുന്നു.)

സമീപകാലത്ത് police brutality-ക്കെതിരെയുള്ള പ്രതിഷേധപരിപാടികളിൽ ടരന്റിനോ സജീവമായി പന്കെടുത്തിരുന്നു. ഇതിനു പകപോക്കലെന്നോണം Hateful Eight ബഹിഷ്കരിക്കാൻ പോലീസുകാരുടെ സംഘടന ആഹ്വാനം ചെയ്യുകയുമുണ്ടായി. എന്തായാലും ഹെയ്റ്റ്‌‌ഫുൾ എയ്റ്റിലെ നിയമപാലകരെല്ലാം വയലൻസിനൊരു മടിയുമില്ലാത്തവരാണ്. മാർക്വി നുണയനും മാനിപ്പുലേറ്ററുമാണെന്കിൽ, ജോൺ റൂത്ത് ഒരു ദാക്ഷിണ്യവുമില്ലാതെയാണു സ്ത്രീയായ ഡെയ്സിയെ മർദ്ദിക്കുന്നത്. മാനിക്സാകട്ടെ കടുത്ത വർണവെറിയനാണ്. മാർക്വിയുടെ കൈയിലുള്ള ലിന്കന്റെ കത്ത് സിനിമയിൽ പലതവണ, അതീവപ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ അവസാനരംഗത്താണ് ഈ കത്തിന്റെ ഉള്ളടക്കം വായിച്ചുകേൾക്കുന്നത്. കത്തുവായിച്ച മാനിക്സ് കരുതുന്നത് ആ കത്ത് കൄത്രിമമായി ഉണ്ടാക്കിയതാണെന്നാണ്. അതിനെ ശരിവെക്കുന്ന രീതിയിലാണു മാർക്വി പ്രതികരിക്കുന്നതും. കത്ത് വ്യാജമാണെന്കിലും അല്ലെന്കിലും അടിമത്തം നിർത്തലാക്കിയ ലിന്കന്റെ കത്ത് ചുരുട്ടിക്കൂട്ടി വലിച്ചെറിയുന്ന വെളുത്ത നിയമപാലകന്റെ ഇമേജിലാണു സിനിമയവസാനിക്കുന്നത്. പോലീസുകാരുൾപ്പെട്ട വംശീയത കലർന്ന കൊലപാതകങ്ങൾ വാർത്തയായിക്കൊണ്ടിരിക്കുന്ന സമകാലീന അമേരിക്കൻ പശ്ചാത്തലത്തോട് പരോക്ഷമായെന്കിലും ഈ ദൄശ്യം സംവദിക്കുന്നുണ്ടെന്ന് കരുതുന്നു.

പകനിറഞ്ഞ എട്ടുപേരും വന്നെത്തുന്നു ഹാബെർഡാഷെറി സമകാലീന അമേരിക്കൻ അവസ്ഥയുടെ അനാലജിയായും കാണാം. It’s like a boiling pot with all races, colors, genders and it’s about to explode. പുറത്ത് കൊടുന്കാറ്റ് വളരെ മോശമായിരിക്കുന്പോഴും കതകടച്ച് അവരുടേതു മാത്രമായ വർണവെറിയുടെയും വയലൻസിന്റെയും ലോകത്തായിരിക്കാനാണ് ഓരോ കഥാപാത്രവും ശ്രമിക്കുന്നത്. കാലാവസ്ഥാവ്യതിയാനമടക്കമുള്ള അടിയന്തിരപ്രശ്നങ്ങളോട് ആവറേജ് അമേരിക്കക്കാരൻ പ്രതികരിക്കുന്ന വിധവും ഇതുതന്നെ.

ഒറ്റക്കാഴ്ചയിൽ നിന്നാണിതെഴുതിയത്. തീർച്ചയായും ഈ സിനിമ (with all it’s flaws and internal inconsistencies) കൂടുതൽ വിശദമായ കാഴ്ചയും എഴുത്തും അർഹിക്കുന്നു എന്നതിൽ തർക്കമില്ല.