Friday, April 09, 2010

അഗോറ(2009)

The Sea Inside എന്ന സിനിമയിലൂടെ അന്താരാഷ്ട്രപ്രശസ്തിയിലേക്കുയർന്ന ചിലിയൻ/സ്പാനിഷ് സംവിധായകൻ അലഹാന്ദ്രോ അമനേബാറിന്റെ ഏറ്റവും പുതിയ ചിത്രം അഗോറ(2009), അഞ്ചാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ വധിച്ച തത്വചിന്തകയും ഗണിതജ്ഞയുമായിരുന്ന അലക്സാണ്ട്രിയയിലെ ഹൈപേഷ്യയുടെ ജീവിതത്തെയും മരണത്തെയും വീണ്ടും ഓർമ്മയിൽ കൊണ്ടുവരുന്നു.

തിയോൺ എന്ന ഗണിതജ്ഞന്റെ മകളായി A.D.350-370 കാലഘട്ടത്തിലെപ്പോഴോ ആണു ഹൈപേഷ്യ ജനിച്ചതെന്ന് കരുതപ്പെടുന്നു. തത്വചിന്തയിൽ പ്ലേറ്റോയുടെ സ്കുൾ ഓഫ് തോട്ട് പിന്തുടർന്ന അവർ അധ്യാപികയും ഗണിത-ജ്യോതിശാസ്ത്ര-ഗവേഷകയുമായിരുന്നു. Empirical എന്നതിലുപരി theoretical രീതിയിലുള്ള ഗവേഷണങ്ങൾക്കാണ് അവർ പ്രാമുഖ്യം കൊടുത്തിരുന്നത്. ഹൈപേഷ്യയുടെ വർക്കുകളൊന്നും പൂർണരൂപത്തിൽ അവശേഷിച്ചിട്ടില്ല എന്ന് കരുതപ്പെടുന്നു. സ്ത്രീകൾ പൊതുധാരയിൽ വരുന്നതിനെ അസഹിഷ്ണുതയോടെയാണ് ബൈബിൾ കാണുന്നത്. ഹൈപേഷ്യയുടെ പഠനഗവേഷണങ്ങളിൽ അസഹിഷ്ണുക്കളായ അലക്സാണ്ട്രിയയിലെ ക്രിസ്ത്യാനികൾ (കത്തോലിക്കരുടെ വിശുദ്ധരിൽ ഒരാളായ) വി.സിറിലിന്റെ നേതൃത്വത്തിലാണ് ഹൈപേഷ്യയെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തത്.

തന്റെ ശിഷ്യന്മാരെ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും തത്വചിന്തകൾ പഠിപ്പിക്കുന്ന ഹൈപേഷ്യയുടെ തത്വചിന്താ-ക്ലാസ്സോടെയാണ് ചിത്രം തുടങ്ങുന്നത്. ക്രിസ്ത്യൻ മതപ്രചാരകർ പൊതുനിരത്തിൽ പേഗൻ വിശ്വാസികളായ അലക്സാണ്ട്രിയയിലെ ജനങ്ങളെയും അവരുടെ പേഗൻ ദൈവങ്ങളെയും അപഹസിക്കുന്ന രംഗങ്ങൾ ആദ്യഭാഗത്തുണ്ട്. പരിഹാസം സഹിക്കാനാവാതെ ക്രിസ്ത്യാനികളെ വധിക്കാൻ ആയുധമെടുത്തിറങ്ങുന്ന പേഗനിസ്റ്റുകൾ ക്രിസ്ത്യാനികളുടെ വർദ്ധിച്ച അംഗസംഖ്യയ്ക്കു മുന്നിൽ പരാജയമറിയുന്നു. ക്രിസ്ത്യൻ-പേഗൻ മതസംഘട്ടനങ്ങളുടെ വിശദമായ ദൃശ്യങ്ങൾ സിനിമയുടെ ആദ്യഭാഗത്തുണ്ട്. പിന്നീട് പ്രധാനമന്ദിരങ്ങളും അലക്സാണ്ട്രിയയിലെ പ്രസിദ്ധമായ ലൈബ്രറിയും കൈയേറുന്ന ക്രിസ്ത്യാനികൾ അവിടുത്തെ അമൂല്യങ്ങളായ ഗ്രന്ഥങ്ങളെല്ലാം തീയിട്ടു നശിപ്പിക്കുന്നു. കൈയിൽ കിട്ടിയ ഗ്രന്ഥങ്ങളുമായി രക്ഷപെടാൻ ഹൈപേഷ്യയും ശിഷ്യന്മാരും നിർബന്ധിക്കപ്പെടുന്നു. ക്രിസ്ത്യാനികൾ ലൈബ്രറി നശിപ്പിക്കുന്ന സാമാന്യം ദൈർഘ്യമേറിയ രംഗത്തിനൊടുവിൽ, ക്യാമറ കുത്തനെ മുകളിലേക്കുയർന്ന് ഒരു bird’s eye view (അതോ God’s eye view ആണോ?)-ലെത്തുമ്പോൾ, പുസ്തകങ്ങളെടുത്ത് തീയിലിടുന്ന, കറുത്ത കുപ്പായമിട്ട ക്രിസ്ത്യാനികൾ ഉറുമ്പുകളെപ്പോലെ തോന്നിപ്പിക്കുന്നു.

സിനിമയിൽ ഒന്നിലധികം തവണ അലക്സാണ്ട്രിയയുടെ വൈഡ്-ആംഗിൾ ദൃശ്യം സൂം-ഔട്ട് ചെയ്ത് ഒരു God’ eye view-വിലെത്തുന്നുണ്ട്. ചിലപ്പോൾ അതു ഭൂമിയുടെ (ഇന്നത്തെക്കാലത്ത് മാത്രം ലഭ്യമായ) ബഹിരാകാശ ചിത്രമെന്ന് തോന്നിക്കുന്ന ഇമേജിലെത്തി നിൽക്കുന്നു. മതസംഘട്ടനങ്ങൾ നടക്കുന്ന അലക്സാണ്ട്രിയയുടെ ദൃശ്യം ഇന്നത്തെ ഗൂഗിൾ-എർത്ത് ദൃശ്യമായി പരിണമിക്കുമ്പോൾ, ഗുജറാത്തും ഡാർഫറും ബെൽഫാസ്റ്റും റുവാണ്ടയുമുള്ള ഇന്നത്തെ ലോകം പഴയ മതസംഘട്ടനങ്ങളുടെ ചരിത്രകാലത്തുനിന്നും അധികമൊന്നും മാറിയിട്ടില്ല എന്നു തന്നെയാണോ ചലചിത്രകാരൻ ഉദ്ദേശിക്കുന്നത്?

സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനെ പൂർണമായും എതിർക്കുന്ന പോളിന്റെ വാക്കുകൾ ബൈബിളിൽ നിന്നും ഉദ്ധരിച്ചുകൊണ്ടാണ് ഹൈപേഷ്യയെ വധിക്കാൻ, പിൽക്കാലത്ത് വിശുദ്ധനായിത്തീർന്ന സിറിൽ ക്രിസ്ത്യാനികളെ പ്രകോപിപ്പിക്കുന്നത്. സിറിലിന്റെ വാക്കുകൾ കേട്ട് അക്രമാസക്തരാവുന്ന വിശ്വാസികളുടെ ദൃശ്യം ഇന്റർകട്ടു ചെയ്യുന്നത്, താൻ വധിക്കപ്പെടും എന്നറിഞ്ഞിട്ടും രക്ഷപെടാനുള്ള തയ്യാറെടുപ്പുകളൊന്നും കൂടാതെ, തന്റെ പഠനങ്ങളിലും ചിന്തയിലും മുഴുകിയിരിക്കുന്ന ഹൈപേഷ്യയുടെ ദൃശ്യത്തിലേക്കാണ്. അരിസ്റ്റാർക്കസ് മുന്നോട്ടു വെച്ചിരുന്നുവെങ്കിലും അക്കാലത്ത് പൊതുവെ അംഗീകാരമില്ലാതിരുന്ന ‘ഹീലിയോ‌സെൻ‌ട്രിക് മോഡലിൽ’ ഹൈപേഷ്യയുടെ അന്വേഷണങ്ങൾ എത്തിയിരുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ഹൈപേഷ്യയുടെ ചിന്തയുടെയും ഗവേഷണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നീണ്ട പാസേജുകൾത്തന്നെ ഈ ചിത്രത്തിലുണ്ട്.

ഹോളിവുഡിലെ മേജർ ഹിറ്റുകളിലൊന്നായ ഗ്ലാഡിയേറ്ററിനെ വെല്ലുന്ന ദൃശ്യങ്ങളും സാങ്കേതികത്തികവുമൊക്കെയുണ്ടെങ്കിലും, ഭാഷ ഇംഗ്ലീഷ് തന്നെയായിട്ടും, യൂറോപ്പിൽ പലയിടത്തും സൂപ്പർഹിറ്റായിട്ടും ഈ ചിത്രം ഇതുവരെ അമേരിക്കയിൽ റിലീ‍സ് ചെയ്തിട്ടില്ല. ഗ്ലാഡിയേറ്റർ ഒരു പുരുഷ-സൂപ്പർ താരത്തിന്റെ ഹീറോയിസം ആഘോഷിക്കുന്ന പ്രതികാരകഥ മാത്രമാകുമ്പോൾ, അഗോറ, അറിവിനെ മാത്രം അന്വേഷിച്ച, ഒരിക്കലും ആയുധമെടുക്കാത്ത, പരാജയപ്പെട്ടൊരു സ്ത്രീയെ കേന്ദ്രകഥാപാത്രമാകുന്നു. യൂറോപ്യൻ പോപുലർ സിനിമ ഹോളിവുഡ് പോപുലർ സിനിമകളിൽ നിന്നും എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനു ദൃഷ്ടാന്തമാണ് അഗോറ. ഹോളിവുഡ് ഇസ്ലാം തീവ്രവാദവുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ശ്രദ്ധിക്കുമ്പോൾ ക്രിസ്ത്യാനികൾ തീവ്രവാദികളായി വരുന്ന (അമേരിക്കയിൽ ശ്രദ്ധിക്കപ്പെട്ട പാരഡൈസ് നൌ എന്ന ചിത്രത്തിൽ ഇസ്ലാം തീവ്രവാദിയായി വേഷമിട്ട അഷ്രഫ് ബാർഹോം ഇവിടെ അമ്മോണിയസ് എന്ന ക്രിസ്ത്യൻ തീവ്രവാദിയാകുന്നുണ്ട്. ) ഒരു കാലഘട്ടത്തിന്റെ കഥ ചില ഓർമ്മപ്പെടുത്തലുകൾ തന്നെയാണ് എന്നതാവാം ഈ ചിത്രം അമേരിക്കൻ മാർക്കറ്റിൽ നിരസിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്.