Sunday, November 30, 2008

ദി ത്രീ ബറിയൽ‌സ് ഓഫ് മെൽക്വിയാദെസ് എസ്ട്രാഡ (2005)

സംവിധാനം: ടോമി ലീ ജോൺസ്

ഭാഷ: ഇംഗ്ലിഷ്, സ്പാനിഷ്

പൊലിഞ്ഞു പോകുന്ന മനുഷ്യജീവിതങ്ങൾക്ക്‌ പ്രത്യേകിച്ച്‌ ഒരു വിലയും കൽപ്പിക്കാത്ത ഒരു സമൂഹത്തിലേക്ക്‌, ഒരു കണക്കുമില്ലാതെ പുല്ലുപോലെ മനുഷ്യനെ കൊന്നു തള്ളുന്ന ഹോളിവുഡ്‌ ആക്ഷൻ സിനിമകളുടെ ഇടയിൽ നിന്നുമാണ്‌ ഒരു സിനിമ, ഒരൊറ്റ ജീവന്റെ വിലയെക്കുറിച്ച്‌, അതിനു കൊടുക്കേണ്ട മഹത്വത്തെക്കുറിച്ച്‌ വാചാലമാകുന്നത്‌. ഹോളിവുഡിലെ ആക്ഷൻ ഹീറോ ടോമി ലീ ജോൺസിന്റെ പ്രഥമസംവിധാനസംരംഭമായ The Three Burials of Melquiades Estrada(2005) ഒരു അസാധാരണ സിനിമയാകുന്നത്‌ ജീവനെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാടുകൾ കൊണ്ടു മാത്രമല്ല, സമൂഹങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വ്യക്തിജീവിതങ്ങളെക്കുറിച്ചും സർവ്വോപരി നിയമവാഴ്ചയെക്കുറിച്ചുമൊക്കെയുള്ള തെളിമയുള്ള ചില ഉൾകാഴ്ചകളുടെ പേരിലും കൂടിയാണ്‌.


Western എന്ന genre-നെക്കുറിച്ച്‌ കേൾക്കുമ്പോൾ നിങ്ങളുടെ ഓർമ്മയിൽ വരുന്നത്‌, ഒരു പക്ഷെ, പൊടി പറത്തി പായുന്ന കുതിരകളും, അരയിലെ തോക്കിന്റെ കാഞ്ചിയിൽ ഒരു വിരൽ വെച്ച്‌ ചെരിഞ്ഞ്‌ നിൽക്കുന്ന ക്ലിന്റ്‌ ഈസ്റ്റ്‌വുഡും, ക്രൂരത കലർന്ന കണ്ണുകളും വൃത്തികെട്ട പല്ലുകളുമുള്ള പരുക്കന്മാരായ മധ്യവയസ്കന്മാരുമൊക്കെയാകാം. ക്രൂരതയുടെയും, പ്രതികാരത്തിന്റെയും, നനവില്ലാത്ത പരുക്കൻ ഭാവങ്ങളുടെയും ഒക്കെ പ്രതിനിധാനമായി കണക്കാക്കപ്പെട്ടിരുന്ന ഒരു genre-നെ സ്നേഹത്തിന്റേതും മനുഷ്യത്വത്തിന്റേതും പരിഗണനയുടേയും മോക്ഷത്തിന്റെയും ഒക്കെ ഭാവങ്ങൾ കൊണ്ട്‌ കഴുകിയെടുക്കുകയാണ്‌, മെൽക്വിയാദെസ്‌ എന്ന ആരുമല്ലാത്ത ഒരുവന്റെ മൂന്ന് ശവസംസ്കാരങ്ങൾ കൊണ്ട്‌ ജോൺസ്‌ ചെയ്യുന്നത്‌.

ടെക്സാസിലെ ഒരു അതിർത്തിഗ്രാമത്തിൽ, അഴുകിത്തുടങ്ങിയ മെൽക്വിയാദെസിന്റെ മൃതശരീരം രണ്ടു വേട്ടക്കാർ കണ്ടെത്തുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. മെക്സിക്കോയിൽ നിന്നുള്ള illegal immigrant ആയ മെൽക്വിയാദെസ്‌ പീറ്റ്‌ പെർക്കിൻസിന്റെ(ടോമി ലീ ജോൺസ്‌) കന്നുകാലികളെ നോക്കുന്ന ജോലിക്കാരിലൊരുവനും ഉറ്റസുഹൃത്തുമായിരുന്നു. ഒരു പട്രോൾ പോലീസുകാരനു പറ്റുന്ന കൈയബദ്ധത്തിൽ അയാൾ വെടിയേറ്റു കൊല്ലപ്പെടുന്നു. മെൽക്വിയാദെസ്‌ ഒരു നിയമാനുസൃത പൗരനല്ലാത്തതിനാൽ കൊലപാതകിയെ ശിക്ഷിക്കാതെ പോലീസ്‌ ഒഴിഞ്ഞുമാറുകയാണെന്നു മനസ്സിലാക്കുന്ന പെർക്കിൻസ്‌, നിയമം കൈയിലെടുക്കുവാനൊരുങ്ങുകയാണ്‌. മെൽക്വിയാദെസിന്റെയും പീറ്റിന്റെയും സൗഹൃദവും അവരുടെ രഹസ്യയാത്രകളും മെൽക്വിയാദെസിന്റെ മരണവും രണ്ട്‌ ശവസംസ്കാരങ്ങളും, കൊലപാതകിയായ പോലീസുകാരൻ മൈക്ക്‌ നോർട്ടന്റെ വ്യക്തിജീവിതവും, ടെക്സാസിലെ ഗ്രാമജീവിതത്തെക്കുറിച്ച്‌ തെളിമയുള്ള ചില നോട്ടങ്ങളുമൊക്കെയായി ഒരു Non-linear ആഖ്യാനരീതിയാണ്‌ ചിത്രത്തിന്റെ first act. അലഹാന്ദ്രോ ഗോൺസാലെസ്‌ ഇനാരിട്ടുവിന്റെ Non-linear സിനിമകളുടെ തിർക്കഥകളിലൂടെ പ്രശസ്തനായ Guillermo Arriaga-യുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ.

നോർട്ടൺ എന്ന കഥാപാത്രത്തെക്കുറിച്ച്‌ അയാളുടെ ഭാര്യയുടെ അഭിപ്രായം തന്നെ 'He is beyond redemption' എന്നാണ്‌. അയാളുടെ സ്നേഹരാഹിത്യം കാരണവും വിരസത കാരണവും വ്യഭിചരിക്കാനിറങ്ങുന്ന അയാളുടെ ഭാര്യയെക്കുറിച്ച്‌ അയാൾക്കറിയാത്ത പലതും സംവിധായകൻ നമുക്ക്‌ പറഞ്ഞു തരുന്നുണ്ട്‌. മെൽക്വിയാദെസ്‌ ജീവിച്ചിരുന്നപ്പോൾ അയാളുടെ മെക്സിക്കൻ ഗ്രാമത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പീറ്റിനോടു പറയാറുണ്ടായിരുന്നു. ഒരു പക്ഷെ താൻ മരിച്ചാൽ തന്റെ മൃതദേഹം അവിടെ കൊണ്ടുപോകണമെന്നും അയാൾ പീറ്റിനോടാവശ്യപ്പെടുന്നുണ്ട്‌. മെക്സിക്കോയിലേക്കുള്ള നീണ്ട യാത്രയിൽ ഘാതകനായ നോർട്ടണെയും ഭീഷണിപ്പെടുത്തി, പീറ്റ്‌ കൂടെ കൂട്ടുന്നുണ്ട്‌.സംഭവബഹുലമായ ഈ യാത്രയാണ്‌ സിനിമയുടെ second act. യാത്രയ്ക്കിടയിൽ അന്ധനായ ഒരു വൃദ്ധനെ അവർ കണ്ടുമുട്ടുന്നുണ്ട്‌. തന്നാലാവുന്ന രീതിയിലൊക്കെ അവരെ സഹായിക്കുന്ന വൃദ്ധൻ അവരെ പിരിയുന്ന വേളയിലുന്നയിക്കുന്ന ആവശ്യം ചിത്രത്തിനുശേഷവും നമ്മെ വേട്ടയാടും.ആകസ്മികതകളുടേതായ യാത്രയുടെ അവസാനം പ്രേക്ഷകരെത്തുന്നത്‌ സമാനതകളപൂർവ്വമായ ഒരു കഥ പറച്ചിലിലേക്കാണ്‌; ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ നമ്മൾ പരിചയിച്ച, കൽപനകളെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക്‌. നമ്മുടെ ജീവിതത്തെക്കുറിച്ചും മറ്റുള്ളവരുമായുള്ള ഇടപെടലുകളെക്കുറിച്ചുമുള്ള നമ്മുടെ തന്നെ ധാരണകൾ മാത്രമാണ്‌ നമ്മുടെ അസ്ഥിത്വമെന്നും, അതിനടിസ്ഥാനമായി മറ്റൊരു സ്ഥായിയായ യാഥാർത്ഥ്യമില്ലെന്നുമുള്ള ഒരു തിരിച്ചറിവിലേക്ക്‌ ഈ സിനിമ നമ്മെ ഉണർത്തുന്നുണ്ട്‌.

പ്രമേയപരമായി സാമ്യമുള്ള രണ്ടു ചിത്രങ്ങൾ Yang Zhang-ന്റെ Getting home(2007), Sam Peckinpah-യുടെ Bring me the head of Alfredo Garcia(1974) എന്നിവയാണ്‌. Getting Home കേരളത്തിലെ ഫെസ്റ്റിവലിൽ ഒരുപാട്‌ ആഘോഷിക്കപ്പെട്ട ചിത്രമെങ്കിലും അതിലളിതവത്കരണത്തിന്റെ പരാധീനതകൾക്കു പുറമെ, വികൃതമായ ചില തമാശകളുടെ ഭാരവുമുണ്ടായിരുന്നു. Sam Peckinpah-യുടെ ചിത്രമാകട്ടെ, രാഷ്ടീയപരമായ വായനകൾക്കുപരി കഥാപാത്രങ്ങളിലും അന്തരീക്ഷസൃഷ്ടിയിലുമാണ്‌ കൂടുതൽ ശ്രദ്ധിച്ചത്‌.

ജോൺസ്‌ സമൂഹത്തെ നോക്കികാണുന്നതിലുമുണ്ട്‌ ഹോളിവുഡിനു പരിചയമില്ലാത്ത ഒരു പുതുമ. അമേരിക്കൻ സമൂഹത്തെ തങ്ങളിലേക്കൊതുങ്ങിയ, അയൽക്കാരെ സഹിക്കാനാകാത്ത, അടഞ്ഞ സമൂഹമായി ചിത്രീകരിക്കുമ്പോൾ സഹവർത്തിത്വത്തിന്റേതും, സഹകരണത്തിന്റേതുമായ ഒരു തുറന്ന സമൂഹമായാണ്‌ മെക്സിക്കൻ ഗ്രാമങ്ങൾ കാഴ്ചപ്പെടുന്നത്‌. അതിർത്തി ഭേദിക്കാൻ ശ്രമിക്കുന്ന illegal immigrants-നെ അനുഭാവപൂർവ്വം പരിചരിക്കുമ്പോൾതന്നെ അമേരിക്കൻ പൗരന്മാരെയൊന്നും നല്ല വെളിച്ചത്തിലല്ല ജോൺസിന്റെ സിനിമ കാണിക്കുന്നത്‌. മികവുറ്റ പശ്ചാത്തല സംഗീതത്തിന്റെയും ഛായാഗ്രഹണത്തിന്റേയും ഒക്കെ സാന്നിദ്ധ്യത്തിലും ആസ്വദിച്ചു കാണാനാകാത്ത, പകുതി അഴുകിയ മൃതശരീരമുൾപ്പെടുന്ന, സുദീർഘങ്ങളായ പല സീനുകളുമുണ്ട്‌ ചിത്രത്തിൽ. ഈ ചിത്രം pleasant അല്ല എന്നു സാരം, എങ്കിലും ഇതിൽ നല്ല സിനിമയുണ്ട്‌. 2005-ലെ കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ പാം നോമിനേഷൻ നേടിയതു കൂടാതെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള പുരസ്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.

Saturday, August 30, 2008

കഥ പറയുമ്പോൾ..!

ഡിസ്ക്ലൈമർ: ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന വിദേശഭാഷാ ചിത്രങ്ങളുടെ വീഡിയോ അതികഠിനമായ വയലൻസ് അടങ്ങിയിരിക്കുന്നു എന്ന കാരണത്താൽ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ കാണാതിരിക്കാൻ ശ്രദ്ധിക്കുക. ചില വീഡിയോ പകർപ്പവകാശ ലംഘനം കാരണം ചില രാജ്യങ്ങളിൽ ലഭ്യമായിരിക്കുകയില്ല.

കഥ കേൾക്കാൻ നമുക്കെല്ലാം പ്രത്യേക താത്‌പര്യമുണ്ടെന്നു തോന്നുന്നു. ഈസോപ്പ്‌ കഥകളും പഞ്ചതന്ത്രവും ഐതിഹ്യമാലയും നാടൻകഥകളും നമ്മുടെ വളർച്ചയുടെ ഭാഗമായിരുന്നു. അധുനികതയ്ക്കു മുൻപുണ്ടായിരുന്ന സാഹിത്യത്തിന്റെ പ്രധാന പരിഗണനകളിലൊന്ന് കഥ പറച്ചിൽ തന്നെയായിരുന്നു. പ്രസ്തുത കാലഘട്ടത്തിൽ രൂപപ്പെട്ടതുകൊണ്ടാകാം, കഥ പറയാൻ പുതിയൊരു മാർഗ്ഗമെന്ന നിലയിലാണ്‌ ഏതാണ്ട്‌ തുടക്കം മുതൽ സിനിമയെ ഉപയോഗപ്പെടുത്തിപോന്നത്‌. സിനിമയ്ക്ക്‌ കഥ പറയൽ മാത്രമല്ല, മറ്റ്‌ പല സാധ്യതകളുമുണ്ട്‌ എന്ന് പിന്നീട്‌ മനസ്സിലാക്കി. പാശ്ചാത്യർ ഇങ്ങനെ സിനിമയുടെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണവുമായി ഒരുപാട്‌ മുന്നോട്ടു പോയപ്പോൾ നമ്മുടെ സിനിമ ഇന്നും സിനിമ കഥ പറയാനുള്ള മാധ്യമമാണ്‌ എന്ന, ദശകങ്ങൾക്ക്‌ മുൻപുണ്ടായിരുന്ന ചിന്തയിൽ കുരുങ്ങിക്കിടക്കുന്നു. പ്രത്യേകമായ ഒരു കഥയും പറയാൻ ശ്രമിക്കാത്ത ചില സിനിമകളെക്കുറിച്ച്‌ പരാമർശിച്ച കഴിഞ്ഞ പോസ്റ്റിനു തുടർച്ചയെന്നോണം, കഥ പറയുമ്പോൾ തന്നെ, പറയുന്ന കഥയുടെ ആഖ്യാനത്തിനായി സ്വീകരിച്ച പുതുമയുള്ള ചില ശ്രമങ്ങളിലൂടെ ചലചിത്രകലയ്‌ക്ക്‌ പുതിയ മാനങ്ങൾ നൽകിയ ചില സമീപകാലസിനിമകളാണ്‌ ഇവിടെ പ്രതിപാദ്യവിഷയമാകുന്നത്‌. ചലചിത്രം എന്ന ആഖ്യായികയുടെ ചരിത്രത്തിലെ നാഴികകല്ലുകളായ The Battleship Potyomkin,The Cabinet of Dr.Caligari, Citizen Kane, The Passion of Joan of Arc, Rashomon തുടങ്ങിയ ക്ലാസ്സിക്കുകളെ അടിസ്ഥാനമാക്കിയുള്ള വിവരണമല്ല, മറിച്ച്‌ കഴിയുന്നതും സമീപകാല ചിത്രങ്ങളും സംവിധായകരുമാണധികവും ഇവിടെ പരാമർശിക്കപ്പെടുക.

ഒരു കഥയ്ക്ക്‌ തീർച്ചയായും ഒരു തുടക്കവും മധ്യവും അവസാനവും വേണം പക്ഷെ അതേ ക്രമത്തിലായിരിക്കണമെന്നില്ല എന്ന് ആദ്യം അഭിപ്രായപ്പെട്ടത്‌ ഗൊദാർദ്ദ്‌ ആയിരുന്നു. കുറോസവയും ബെർഗ്ഗ്‌മാനും ഹിച്‌കോക്കുമൊക്കെ പ്രതിനിധീകരിച്ചു പോന്നിരുന്ന ഋജുവായ ആഖ്യാനശൈലിയിൽ നിന്നു വ്യത്യസ്ഥമായി സിനിമയ്ക്ക്‌ പുതിയ വ്യാകരണങ്ങൾ എഴുതിയ തലമുറയിലെ പ്രമുഖനായിരുന്നു ഗൊദാർദ്ദ്‌. ട്രാക്കിംഗ്‌ ഷോട്ടുകൾ സദാചാരത്തെ ചോദ്യം ചെയ്യലാണെന്നു പറഞ്ഞ ഗൊദാർദ്ദ്‌ ട്രോളി വാടകയ്ക്കെടുക്കാൻ കാശില്ലാതെ വീൽചെയറിൽ ക്യാമറ വെച്ച്‌ 'ബ്രെത്ത്‌ലെസ്‌' ചിത്രീകരിച്ചു. സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ ചിത്രത്തിൽ നിന്നും കുറെ ഭാഗങ്ങൾ വെറുതെ മുറിച്ചു കളഞ്ഞപ്പോൾ അത്‌ 'ജംപ്‌ കട്ട്‌' എന്ന പേരിൽ പ്രസിദ്ധമായി. അറുപതുകളിൽ ഗൊദാർദ്ദ്‌ രൂപപ്പെടുത്തിയ ആഖ്യാനശൈലി ഇന്നും പഴകിയിട്ടില്ലെന്ന് സമീപകാലത്തെ Tarantino ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നു. ഒരു പുസ്തകത്തിലേതു പോലെ അധ്യായങ്ങളായി തിരിച്ചുള്ള ആഖ്യാനം, asynchronized soundtracks, self-narration, സിനിമയെ ഒരു ലേഖനമായും കൊളാഷായുമുള്ള ഉപയോഗപ്പെടുത്തലുകൾ, self-reference എന്നിങ്ങനെ രൂപാന്തരപ്പെടുത്തി, അരാജകത്വത്തിന്റെ കലയാക്കി, സിനിമയെ സ്വതന്ത്രമാക്കിയതിൽ ഗൊദാർദ്ദിനു വലിയ പങ്കുണ്ട്‌.

സിനിമയുടെ വ്യാകരണം
അക്ഷരങ്ങൾ ചേർന്ന് വാക്കുകളും, വാക്കുകൾ ചേർന്ന് വാചകങ്ങളും, വാചകങ്ങൾ ചേർന്ന് ഖണ്ഡികകളും, അവ ചേർന്ന് അധ്യായങ്ങളുമാകുന്നത്‌ എഴുത്തിന്റെ അടിസ്ഥാന രീതി. അതു പോലെ ഷോട്ടുകൾ ചേർന്ന് സീനുകളാവുന്നതും, സീനുകൾ ചേർന്ന് സീക്വൻസുകളാകുന്നതും സ്വീകൻസുകൾ ചേർന്ന് അധ്യായങ്ങളും മുഴുവൻ സിനിമയുമാകുന്നത്‌ സിനിമയുടെ അടിസ്ഥാന വ്യാകരണം. എഴുത്തിൽ നിന്നു വ്യത്യസ്ഥമായി അടിസ്ഥാനവ്യാകരണങ്ങളിലുള്ള അട്ടിമറി ചിലപ്പോൾ സാധ്യമാണ്‌ സിനിമയിൽ.(സാഹിത്യത്തിൽ അടിസ്ഥാനരീതിയിൽ നിന്നുള്ള വ്യതിചലനം ചിലപ്പോൾ സരമാഗോയുടെ എഴുത്തിൽ ദൃശ്യമാകാറുണ്ട്‌). ഒറ്റ ഷോട്ടിൽ ഒരു സിനിമ തുടങ്ങിയ കൗതുകം ജനിപ്പിക്കുന്ന സമ്പ്രദായങ്ങൾ 1948-ൽ തന്നെ ഹിച്‌കോക്ക്‌ തുടങ്ങിയിരുന്നു. അന്നത്തെ മൂവിക്യാമറയുടെ പരിമിതികൾ കാരണം (പത്തു മിനിറ്റു നേരത്തെ ഫിലിം മാത്രമേ ക്യാമറയിൽ ലോഡ്‌ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ) Rope (1948)-ലെ കട്ടുകളെല്ലാം വളരെ തന്ത്രപരമായിരുന്നു. പിന്നീട്‌ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ Russian Ark(2002) എന്ന ചിത്രം ഒറ്റ ഷോട്ടിൽ തീർക്കാൻ അലക്സാണ്ടർ സൊകുറോവിനു കഴിഞ്ഞു. സിനിമയുടെ അടിസ്ഥാനവ്യാകരണത്തെ നിരാകരിക്കുന്ന ചില ശ്രമങ്ങൾ ടി.വി.ചന്ദ്രൻ തന്റെ സിനിമകളിൽ നടത്തിയിട്ടുണ്ട്‌. സൂസന്നയിൽ 5 സീനുകൾ ഒറ്റ ഷോട്ടിലൊതുക്കിയതും ഡാനിയിൽ രണ്ട്‌ സീനുകൾക്കിടയിൽ മുഖ്യകഥാപാത്രത്തെ സിനിമയിൽ നിന്നും പുറത്ത്‌ കൊണ്ടു വന്ന് കാലവ്യതിയാനത്തെ കാഴ്‌ചയിലൊതുക്കിയതും പരാമർശിക്കേണ്ടതാണ്‌. ഓർമ്മകളുണ്ടായിരിക്കണം(1995) എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ ഏതാണ്ടെല്ലാ ഷോട്ടുകളിലും ഉൾപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു. 1999-ൽ അമേരിക്കയിൽ നടന്ന Columbine high school massacre-നെ ആസ്പദമാക്കി Gus Van Sant സംവിധാനം ചെയ്ത Elephant(2003) പ്രഖ്യാതമായ ഒരു വിഷയം കൈകാര്യം ചെയ്തതുകൊണ്ടു മാത്രമല്ല ആഖ്യാനത്തിലെ പുതുമകൾ കൊണ്ടു കൂടി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഒരു കൂട്ടക്കൊലയിലേക്ക്‌ ചില വിദ്യാർത്ഥികളെ നയിച്ച സാഹചര്യങ്ങളേയും കൊലയാളികളുടെ മാനസികവ്യാപരങ്ങളേയുംകുറിച്ച്‌ ഒരു തിയറിയും രൂപപ്പെടുത്താൻ ഈ ചിത്രം മുതിരുന്നില്ല; ഉത്തരങ്ങൾ അവതരിപ്പിക്കുന്നില്ല എന്നതു മാത്രവുമല്ല ചോദ്യങ്ങൾ ചോദിക്കുന്നു പോലുമില്ല ഈ ചിത്രം. അന്തമില്ലാതെ നീണ്ടു പോകുന്ന ട്രോളി ഷോട്ടുകളിലൂടെ തികഞ്ഞ നിസംഗതയോടെ ചില കഥാപാത്രങ്ങളെ-അസാധാരണമായി തീർന്ന ഒരു ദിവസത്തെ കാമ്പസ്‌ ജീവിതം തികച്ചും സാധാരണമായി- പിന്തുടരുക മാത്രം ചെയ്യുന്നു ക്യാമറ ഇവിടെ. സാധാരണ medium range-നും ക്ലോസപ്പിനുമിടയിൽ വരാറുള്ള കട്ടുകൾ പോലും ഒഴിവാക്കുന്ന സംവിധായകൻ നേടുന്നതാകട്ടെ അസാധാരണമായ റിയലിസവും. തികച്ചും സമാനമായ അന്തരീക്ഷത്തിൽ, സമാനമായ അഖ്യാനരീതിയിൽ അൽപം കൂടി വ്യക്ത്യധിഷ്ഠിതമായ കഥ പറഞ്ഞ മുരളി.കെ.തല്ലൂരിയുടെ 2:37(2006) വ്യത്യസ്ഥമാകുന്നത്‌ ആഖ്യാനത്തിന്റെ അടിസ്ഥാനഘടകങ്ങളായ shot composition, editing എന്നിവയിലെ സൂക്ഷ്മമായ വ്യതിയാനം കൊണ്ടു തന്നെ. ആഖ്യാനത്തിൽ ഏറെ പുതുമകൾ ആവിഷ്കരിച്ച ക്രിസ്ത്യൻ മുങ്ങ്ജുവിന്റെ 4 months, 3 weeks and 2 days(2007) കാനിലെ ഗോൾഡൻ പാം നേടിയതുകൊണ്ടുമാത്രമല്ല സിനിമാ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്‌; അതിശയിപ്പിക്കുന്ന റിയലിസമായിരുന്നു ഈ സിനിമയുടെ പ്രധാനപ്രത്യേകത. സംവിധായകൻ ഇത്‌ ആവിഷ്കരിച്ചതാകട്ടെ ആഖ്യാനത്തിലെ ചടുലത കൊണ്ടും കൃത്യത കൊണ്ടും. ഓരോ സീനും ഓരോ ഷോട്ടുകളായിരുന്നു സിനിമയിൽ. അപ്പോൾ ദൈർഘ്യമുള്ള ഷോട്ടുകളെപറ്റി പ്രത്യേകം പറയേണ്ടല്ലോ. രണ്ട്‌ കോളേജ്‌ വിദ്യാർത്ഥിനികളുടെ സംഭവബഹുലമായ ഒരു ദിവസത്തെ കഥയിലൂടെ എൺപതുകളിലെ റുമേനിയയിലെ രാഷ്ട്രീയ അന്തരീക്ഷമാണ്‌ സംവിധായകന്റെ വിഷയം. 'സിറ്റി ഓഫ്‌ ഗോഡ്‌' പോലെ കഥനടക്കുന്നയിടം പ്രധാനകഥാപാത്രമാകുന്ന അവസ്ഥ. ഈ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള 'മീഡിയ'മായിരുന്നു മറ്റ്‌ കഥാപാത്രങ്ങൾ. പശ്ചാത്തലസംഗീതത്തിന്റെ അഭാവവും മിക്ക സീനുകളിലും ആവർത്തിക്കുന്ന ക്ലോക്കിന്റെ ടിക്‌ ടിക്‌ ശബ്ദവും ഇതിനെ ഒരു റിയൽ ടൈം സിനിമയാക്കി. സമാനമായ ഒരു കഥ പറഞ്ഞിട്ടും മലയാളത്തിലെ 'നോട്ട്ബുക്ക്‌' ഒന്നുമാവാതെ പോകുന്നത്‌ അത്‌ വെറുമൊരു കഥ മാത്രമായതുകൊണ്ടും സമാനമായ ഒരു രാഷ്ട്രീയ അനുഭവം നമുക്കില്ലാത്തതുകൊണ്ടുമാണ്‌. ദൈർഘ്യം കൂടിയ ഷോട്ടുകളിലേക്ക്‌ ചിന്ത മാറുമ്പോൾ, സമീപകാലസിനിമയിൽ ഓർമ്മയിലെത്തുന്നത്‌ ഗ്രീക്ക്‌ സംവിധായകനായ ആഞ്ജെലോപൗലോയുടെയും മെക്സിക്കൻ സംവിധായകനായ കാർലോസ്‌ റെയ്ഗദാസിന്റെയും സിനിമകളും, Alfonso Cuaron സംവിധാനം ചെയ്‌ത children of men എന്ന ചിത്രത്തിലെ ഒറ്റ ഷോട്ടിൽ തീർത്ത, അതിശയിപ്പിക്കുന്ന ചില നീണ്ട സീക്വൻസുകളുമാണ്‌ (Sequence1, Sequence2).

കഥ പറയാൻ ദൃശ്യങ്ങൾക്കു പകരം സംഭാഷണങ്ങൾ ഉപയോഗിക്കുന്ന വെർബൽ സിനിമകളാണല്ലോ നമ്മുടെ മുഖ്യധാരാ സിനിമയിൽ അധികവും. സിനിമ കാണുന്നതിനു പകരം സിനിമ കേൾക്കുന്ന ഒരു സമ്പ്രദായവുമുണ്ടായിരുന്നല്ലോ (ശബ്ദരേഖ) നമ്മുടെ നാട്ടിൽ പണ്ട്‌. ഇത്‌ നമ്മുടെ പ്രേക്ഷകരുടെ ആസ്വാദനശേഷിയെ കുറച്ചൊന്നുമല്ല അപകടപ്പെടുത്തിയത്‌. ശബ്ദത്തെക്കാളുപരി ദൃശ്യങ്ങൾ ഉപയോഗിച്ച്‌ കഥ പറയുന്ന സംവിധായകരുടെ സിനിമകളെ 'ആർട്ട്‌ സിനിമ'കളെന്നു ലേബലിട്ട്‌ പുഛിക്കുന്നു സിനിമയെന്തെന്നറിയാത്ത നമ്മുടെ മുഖ്യധാരാ സിനിമക്കാരും പ്രേക്ഷകരും. എന്നാൽ കഴിവുറ്റ സംവിധായകർക്ക്‌ സിനിമയിൽ ശബ്ദം എന്നത്‌ ദൃശ്യങ്ങൾക്ക്‌ കൂടുതൽ മിഴിവു നൽകാനുള്ള ഉപാധി മാത്രമായിരിക്കും. കൊറിയൻ സംവിധായകനായ കിം കി ദുകിനു ആഗോളതലത്തിൽ ലഭിക്കുന്ന പരിഗണനകൾക്ക്‌ കാരണവും ഏറ്റവും കുറച്ച്‌ സംഭാഷണങ്ങൾ മാത്രമുപയോഗിച്ച്‌ സിനിമ ഒരുക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കു തന്നെ. പശ്ചാത്തലസംഗീതം ഹോളിവുഡ്‌ സിനിമകളുടെ വിപണനത്തിൽ മുഖ്യഘടകമാകുമ്പോഴും പശ്ചാത്തല സംഗീതം ഉപയോഗിക്കാത്ത സംവിധായകരുമുണ്ട്‌. ശബ്ദത്തിന്റെ അഭാവം കൊണ്ടു തന്നെ ശ്രദ്ധേയമായ ചില സീക്വൻസുകൾ തന്നെയുണ്ട്‌. രണ്ടുമണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള Rififi(1955)യിലെ 40 മിനിറ്റോളം ദൈർഘ്യമുള്ള, ഒരു ഡയലോഗും പശ്ചാത്തലസംഗീതവും ഇല്ലാത്ത ആ Heist sequence ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗം കൊണ്ടും എഡിറ്റിംഗിലെ പ്രത്യേകതകൾ കൊണ്ടും ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ പ്രശസ്തമാണ് സൈക്കോയിലെ ഷവർ സീൻ. മാർട്ടിൻ സ്കോർസേസിയുടെ റേജിംഗ് ബുൾ എന്ന സിനിമയിലെ പ്രശസ്തമായ ചില ബോക്സിംഗ് സീക്വൻസുകൾ അടക്കം എണ്ണമറ്റ സിനിമാരംഗങ്ങൾക്ക് പ്രചോദനമായിട്ടുണ്ട് ഹിച്കോക്കിന്റെ പ്രതിഭയ്ക്ക് അടിവരയിടുന്ന ഈ സീക്വൻസ്.

ഹൈപ്പർലിങ്ക്‌ സിനിമ
ഈ പദം ആദ്യമുപയോഗിച്ചത്‌ നിരൂപകയായ ആലീസ്‌ ക്വാർട്ട്‌ ആയിരുന്നു. സിറിയാന(2005)യെക്കുറിച്ചുള്ള നിരൂപണത്തിൽ പ്രശസ്ത സിനിമാനിരൂപകൻ റോജർ എബർട്ട്‌ ഈ പദം ഉപയോഗിക്കുകയും പിന്നീട്‌ അത്‌ പോപ്പുലർ ആവുകയും ചെയ്തു. വാച്യമായ അർത്ഥത്തിൽ ഹൈപ്പർലിങ്കുകളൊന്നും ഈ സിനിമകളിലില്ല എന്നാൽ ഇന്റർനെറ്റിന്റെയും മറ്റും സ്വാധീനം എന്ന പോലെ ചിലപ്പോൾ split screen, foot notes എന്നിവയുടെ ഉപയോഗമാണ്‌ ഈ പദം ഉപയോഗിക്കാൻ ക്വാർട്ടിനെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. എബർട്ട്‌ അൽപം കൂടി മുന്നോട്ടു പോയി മറ്റൊരു വിശദീകരണം നൽകുന്നുണ്ട്‌ ഈ പദത്തിന്‌. അതായത്‌, ഒരു കഥാപാത്രത്തിന്റെ മോട്ടിവേഷൻ, പ്രവൃത്തികളുടെ ന്യായീകരണം എന്നിവ മറ്റൊരു കഥാപാത്രത്താൽ പുനരന്വേഷണത്തിനു വിധേയമാകുകയോ, വിശദമാകുകയോ, സ്ഥാപിക്കപ്പെടുകയോ ചെയ്യുമെന്ന്‌. ആദ്യത്തെ ഹൈപ്പർലിങ്ക്‌ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ റോബർട്ട്‌ ആൽട്ട്‌മാൻ സംവിധാനം ചെയ്ത Nashville(1975) ആണ്‌. split window, inner window തുടങ്ങിയ സങ്കേതങ്ങളൊക്കെ The pillow book(1996) എന്ന ചിത്രത്തിൽ പീറ്റർ ഗ്രാനവേ ഉപയോഗിച്ചിരുന്നു. എങ്കിലും, ഹൈപ്പർലിങ്ക്‌ സിനിമ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുക സമീപകാലത്ത്‌ പ്രശസ്തരായ മെക്സിക്കൻ സംവിധായകത്രയത്തിൽ ഒരാളായ Alejandro Gonzalez Inarritu-വിന്റെ Amores Perros, 21 Grams, Babel എന്നീ ചിത്രങ്ങളാണ്‌. മെക്സിക്കൻ-അർബൻ അനുഭവത്തെ പ്രതിനിധീകരിക്കുന്നു എന്നു കരുതാവുന്ന മൂന്നു ജീവിതങ്ങൾ ഒരു time-space പോയിന്റിൽ കൂട്ടിമുട്ടുന്നതിനെക്കുറിച്ചായിരുന്നു അമോറെസ്‌ പെറോസ്‌. മൂന്നു വ്യത്യസ്ത ചുറ്റുപാടുകളിലുള്ള പ്രധാനകഥാപാത്രങ്ങളെ ഒരു കഥയിൽ ഉൾചേർക്കുന്നതാകട്ടെ അവരെല്ലാം അന്വേഷിക്കുന്നത്‌ സ്നേഹം മാത്രമാണെന്ന സങ്കീർണ്ണതയും. മൂന്നുകഥാപാത്രങ്ങളേയും തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്കുപോകുന്ന ആഖ്യാനം കഥാചിത്രങ്ങളിൽ പുതിയൊരു അനുഭവമായിരുന്നു എങ്കിൽ ഒരേ കഥയുടെ disordered narration ആയിരുന്നു '21 ഗ്രാമി'ന്റെ പ്രത്യേകത. ബാബേലിലെത്തുമ്പോൾ നാലു ഭൂഖൺഡങ്ങളിലെ വ്യത്യസ്ഥജീവിതാവസ്ഥകളെ ഒരേ കഥയുടെ ചരടിൽ കോർത്തതുകൂടാതെ fragmented narraionനുമുപയോഗിച്ചു സംവിധായകൻ. ഈ മെക്സിക്കൻ സംവിധായകത്രയത്തിലെ മറ്റുരണ്ടുപേരിൽ Alfonso Cuaron നീണ്ട ടേക്കുകളിലൂടെ ശ്രദ്ധേയനായപ്പോൾ genre-കളുടെ മിശ്രണമായിരുന്നു Guilermo Del Toro-യുടെ പ്രത്യേകത. അദ്ദേഹത്തിന്റെ Pan's Labyrinth(2006) Fantasy, Drama, War, thriller എന്നീ genre-കളെയെല്ലാം ഒരുമിപ്പിച്ചതിനു പുറമെ വ്യക്തമായ രാഷ്ട്രീയബോധവും അവതരിപ്പിച്ചു. അടുത്തകാലത്ത്‌ ശ്രദ്ധേയമായ പരുത്തിവീരൻ എന്ന തമിഴ്‌സിനിമയും ശ്രദ്ധേയമാകുന്നത്‌ genre-കളുടെ മിശ്രണത്തിലാണെന്ന് ചാരുനിവേദിതയ്ക്കുള്ള മറുപടിയിൽ ഡോൺ ജോർജ്ജ്‌ നിരീക്ഷിച്ചിട്ടുണ്ട്‌.

ഹൈപ്പർലിങ്ക്‌ സിനിമയുടെ ഗണത്തിൽ ഉൾപ്പെടുത്താനാവില്ലെങ്കിലും parallel multiple story lines ഉള്ള സിനിമകളെയും ഇവിടെ പരാമർശിക്കാമെന്നു തോന്നുന്നു. Stephen Daldry സംവിധാനം ചെയ്ത The Hours(2002) ആണ്‌ ആദ്യം ഓർമ്മയിൽ വരുന്നത്‌. 1920-കളിൽ വിർജീനിയ വൂൾഫ്‌ Mrs. Dalloway എന്ന പുസ്തകമെഴുതുന്നു. 1950-കളിൽ ഒരു വീട്ടമ്മ തന്റെ ഭർത്താവിനു വേണ്ടി ഒരു ജന്മദിനവിരുന്നൊരുക്കുന്നതിന്റെ തിരക്കുകൾക്കിടയിലും അതു വായിക്കുന്നു. 2001-ൽ എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിക്കാൻ പോകുന്ന സുഹൃത്തായ എഴുത്തുകാരനു വേണ്ടി ഒരു വിരുന്നൊരുക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീ ഈ പുസ്തകം ജീവിക്കുന്നു. ഈ മൂന്ന് ആഖ്യാനങ്ങളെയും കൂട്ടിയിണക്കുന്നതാവട്ടെ മൂന്ന് പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ മാനസികാവസ്ഥയും. ട്രാഫിക്‌(2002) എന്ന സിനിമയിൽ വ്യത്യസ്ത ആഖ്യാനങ്ങളെ അടയാളപ്പെടുത്താൻ സോഡെർബെർഗ്ഗ്‌ ഉപയോഗിച്ചത്‌ മുൻപ്‌ കുബ്രിക്കും മാലികും കീസലോവ്‌സ്‌കിയുമൊക്കെ ഉപയോഗിച്ച, വിഷയത്തിനു യോജിച്ച നിറത്തിനു പ്രാമുഖ്യം കൊടുത്ത്‌ ചിത്രീകരിക്കുന്ന രീതിയായിരുന്നു. ഒരു ആഖ്യാനമെന്ന നിലയിൽ സമീപിക്കുമ്പോൾ തിൻ റെഡ്‌ ലൈൻ(1998) മൂന്ന് ആശയങ്ങളെ മൂന്ന് കഥാതന്തുക്കളിലൂടെ അവതരിപ്പിച്ചിരുന്നു. മൂന്നു വ്യത്യസ്ഥ കാലഘട്ടങ്ങളിലെ പ്രണയത്തെ അവതരിപ്പിച്ച തായ്‌വാനിൽ നിന്നുള്ള Hsiao-hsien Hou സംവിധാനം ചെയ്ത Three times(2005) ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്‌. ഈ ചിത്രത്തിന്റെ മറ്റു സവിശേഷതകൾ രണ്ടാമത്തെ സെഗ്‌മെന്റിനായി തെരഞ്ഞെടുത്ത നിശബ്ദ ചിത്രങ്ങളുടെ ആഖ്യാനരീതിയും, മൂന്നു കഥകളിലും ഒരേ നടീനടന്മാർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചതുമായിരുന്നു. കെ.ജി.ജോർജ്ജിന്റെ 'ആദാമിന്റെ വാരിയെല്ല്'(1983) ഏറെക്കുറെ ഈ ഗണത്തിൽ പെടുത്താവുന്ന സിനിമയായിരുന്നു.

വ്യത്യസ്തങ്ങളായ ഒറ്റപ്പെട്ട സംഭവങ്ങളെയും കഥകളെയും വിശാലമായൊരു പശ്ചാത്തലത്തിൽ യോജിപ്പിക്കുന്ന ആഖ്യാനരീതിയെയാണ്‌ portmanteau film എന്നു വിളിക്കുന്നത്‌. സമീപകാലത്ത്‌ ശ്രദ്ധേയമായ ചില ചിത്രങ്ങൾ, Red Violin, magnolia, Short cuts, Nine lives എന്നിവ ഈ ഗണത്തിൽ പെടുത്താവുന്നവയാണ്‌.ഒരു parallel multiple narrative ആയല്ലാതെ ആന്തോളജി ഫിലിമിന്റെ ഘടനയിൽ ഒന്നിലധികം കഥാപാത്രങ്ങളെയോ കാലഘട്ടങ്ങളെയോ അവതരിപ്പിക്കുന്ന ഷോർട്ട്‌ഫിലിമുകൾ ഒരു കഥയുടെ/ആശയത്തിന്റെ ചരടിൽ കോർത്ത്‌ അവതരിപ്പിച്ച ചിത്രങ്ങളുമുണ്ടായിട്ടുണ്ട്‌. വിപ്ലവാനതര കൂബയിലെ പ്രശസ്ത സംവിധായകനായ Humberto Solas-ന്റെ Lucia(1968), 1890-കൾ, 1930-കൾ, 1960-കൾ എന്നിങ്ങനെ മൂന്നു വ്യത്യസ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്ന 'ജൂലിയ' എന്നു പേരായ മൂന്നു സ്ത്രീകഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ പ്രസ്തുത കാലഘട്ടങ്ങളിലെ കൂബയിലെ സാമൂഹികാന്തരീക്ഷത്തെയും ചരിത്രത്തെയും സ്ത്രീജീവിതങ്ങളെയും വിശകലനം ചെയ്യുന്നു. Trilogy of Life എന്ന പേരിൽ അറിയപെടുന്ന Decameron(1971), Canterbury Tales(1972), Arabian Nights(1974) എന്നീ ചിത്രങ്ങളടങ്ങിയ ചലച്ചിത്രത്രയത്തിൽ പസോളിനി സ്വീകരിച്ചതും സമാനമായ ഒരു രീതിയായിരുന്നു. ഇതു പിന്നീട്‌ നമ്മൾ കുറോസവയുടെ ഡ്രീംസ്‌(1990), അടൂരിന്റെ നാലു പെണ്ണുങ്ങൾ, റെബേക്ക മില്ലറുടെ Personal Velocity: Three Portraits(2002) ഉൾപ്പെടെ ഒരുപാട്‌ സിനിമകളിൽ കണ്ടു.

ആന്തോളജി സിനിമകൾ
ഒന്നിലധികം സംവിധായകർ ചേർന്ന് ഒരു കഥ പറയുന്നത്‌ മലയാളികൾക്ക്‌ സുപരിചിതമാണ്‌. എന്നാൽ സ്വന്തം നിലയിൽ പ്രശസ്തരായ കഴിവുറ്റ ചില സംവിധായകർ ഇങ്ങനെയുള്ള ചില സംരഭങ്ങളിൽ ഭാഗമായിട്ടുണ്ട്‌. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ആന്തോളജി ഫിലിമുകൾ ഒന്നിലധികം ഹ്രസ്വചിത്രങ്ങളുടെ സങ്കലനമാണ്‌. എന്നാൾ ഈ ഹ്രസ്വചിത്രങ്ങളെല്ലാം ഏതെങ്കിലും ഒരു ആശയവുമായോ സംഭവവുമായോ ബന്ധപ്പെട്ടതായിരിക്കും. കാൻ ചലചിത്രമേളയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച്‌ അഞ്ച്‌ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 36 സംവിധായകർ 'സിനിമ അവരവർക്ക്‌ എന്താണ്‌' എന്ന ആശയത്തെ അധികരിച്ച്‌ തയ്യാറാക്കിയ 3 മിനിറ്റ്‌ വീതമുള്ള 34 ഷോർട്ട്‌ ഫിലിമുകൾ അടങ്ങിയ To each his own cinema ആന്തോളജി സിനിമകൾക്ക്‌ നല്ല ഉദാഹരണമാണ്‌. 1895-ൽ ലൂമിയർ സഹോദരന്മാർ രൂപപ്പെടുത്തിയ സിനിമാട്ടോഗ്രാഫ്‌ ഉപകരണമുപയോഗിച്ച്‌ അന്നത്തെ സാങ്കേതികവിദ്യ മാത്രമുപയോഗിച്ച്‌ ലോകപ്രശസ്തരായ 40 സംവിധായകർ നിർമ്മിച്ച 52 സെക്കന്റിൽ താഴെ ദൈർഗ്ഘ്യമുള്ള ഷോർട്ട്‌ ഫിലിമുകളുടെ സങ്കലനമായ Lumi�re and Company(1995), ലൈംഗികതയെ കേന്ദ്രപ്രമേയമാക്കി അന്തോണ്യോണി, വോങ്ങ്‌ കർ വായ്‌, സോഡർബെർഗ്ഗ്‌ എന്നിവർ സംവിധാനം ചെയ്ത മൂന്ന് ഷോർട്ട്‌ ഫിലിമുകൾ അടങ്ങിയ ഇറോസ്‌(2004), പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള 11 സംവിധായകർ 9/11 സംഭവത്തെ അധികരിച്ച്‌ നിർമ്മിച്ച 11 മിനിറ്റു വീതമുള്ള 11 ഹ്രസ്വചിത്രങ്ങളടങ്ങിയ 11'09''01 - September 11(2002) എന്നിവ സമീപകാലത്തെ ശ്രദ്ധേയങ്ങളായ സിനിമാസംരംഭങ്ങളായിരുന്നു.

സംവിധായകന്റെ ഇടപെടൽ അഥവാ Breaking the fourth wall
'ഹിച്‌കോക്കിന്റെ ഇടപെടൽ' അതേ പേരിലുള്ള മേതിലിന്റെ ചെറുകഥയിലൂടെ സിനിമ കാണാറില്ലാത്ത മലയാളികൾക്കുപോലും പരിചിതമായിരിക്കും. കഥയുടെ ആഖ്യാനത്തെ ഒരുതരത്തിലും ബാധിക്കാതെ, ഒരു ഡയലോഗ്‌ പോലും പറയാതെ ഇടയ്ക്കെപ്പോഴോ ഒന്നു തലകാട്ടി പിൻവലിയുക എന്ന ഹിച്‌കോക്കിന്റെ ശീലം ഒരുപാടു പഠനങ്ങൾക്കും അനുകരണങ്ങൾക്കും കാരണമായിട്ടുണ്ട്‌. മാർട്ടിൻ സ്കോർസ്സേസി മുതൽ ശ്യാമളൻ വരെ, എന്തിന്‌, അഭിമുഖങ്ങൾ നൽകാത്ത, തന്റെ ചിത്രം പത്രങ്ങൾക്കു പോലും നൽകാതെ ഉൾവലിഞ്ഞു ജീവിക്കുന്ന ടെറൻസ്‌ മാലിക്‌ വരെ തങ്ങളുടെ ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്‌. എങ്കിലും, കഥയുടെ രസച്ചരടു മുറുകുന്നതിനു മുൻപാണ്‌ ഹിച്‌കോക്ക്‌ വന്നു പോയിരുന്നത്‌ എന്ന വസ്തുതയും, മറ്റുള്ള സംവിധായകർ ചെയ്യുന്ന ചെറുതോ വലുതോ ആയ റോളുകൾ ആഖ്യാനത്തിന്റെ തന്നെ ഭാഗമായതിനായാലും, സംവിധായകന്റെ ഇടപെടലായോ, breaking the fourth wall എന്നോ കരുതുക യുക്തമല്ല. ചലച്ചിത്രത്തിൽ ആഖ്യാതാവിനും പ്രേക്ഷകനുമിടയിൽ അദൃശ്യമായ ഒരു ഭിത്തി-ഒരാളെ ആഖ്യാതാവും മറ്റേയാളെ പ്രേക്ഷകനുമാക്കി വേർത്തിരിക്കുന്ന എന്തോ ഒന്ന്-നിലനിൽക്കുന്നു എന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. ചില സംവിധായകർ ബ്രെഹ്‌തിന്റെ ഏലിയനേഷൻ എന്ന തിയറ്റർ മെത്തേഡിനെയൊക്കെ പിൻപറ്റി, ആഖ്യാനത്തിലൂടെ മനപൂർവ്വം ഈ നാലാംഭിത്തിയെ തകർക്കാറുണ്ട്‌. സമീപകാല സിനിമയിൽ ഏറ്റവും പ്രകടമായി ഈ തന്ത്രം ഉപയോഗിക്കാറുള്ളത്‌, ഒരു പക്ഷേ, മിഷേൽ ഹാനേക്‌ ആയിരിക്കും. അദ്ദേഹത്തിന്റെ funny games എന്ന ചിത്രത്തിൽ പ്രശസ്തമായ 'റിമോട്ട്‌ കൺട്രോൾ സീൻ' അടക്കം പല തവണ അദ്ദേഹം ഈ സങ്കേതം ഉപയോഗിക്കുന്നുണ്ട്. ഹനേക്കിന്റെ തന്നെ Cache എന്ന സിനിമയിലാകട്ടെ ഈ 'നാലാം ഭിത്തി' ഇല്ല എന്നു തന്നെ പറയാം; അതിനാൽ ഒരോ പ്രേക്ഷകനും കാണുന്ന സിനിമ വ്യത്യസ്ഥമായിരിക്കും. ഈയൊരർത്ഥത്തിൽ സിനിമയുടെ ആഖ്യാനചരിത്രത്തിൽ തന്നെ Cache ഒരു നാഴികകല്ലായിരുന്നു. അബ്ബാസ്‌ കിയരോസ്താമിയുടെ The taste od cherry-യുടെ അവസാനരംഗത്തിലെ ഈ സങ്കേതത്തിന്റെ ഉപയോഗം സിനിമയെക്കുറിച്ച്‌ അന്നുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളെ തന്നെ തിരുത്തിയെഴുതി. ഡാനിയുടെ ആരംഭത്തിലെ 'മമ്മൂട്ടി പറയുന്ന' ഡയലോഗ്‌ ഒർമ്മയില്ലേ; അസാധാരണമായ വിധത്തിൽ കലയിൽ രാഷ്ട്രീയം കലർത്തിയ ബ്രെഹ്ത്തിനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ താൻ പറയുന്നത്‌ കഥയല്ല രാഷ്ട്രീയമാണ്‌ എന്ന മുന്നറിയിപ്പ്‌ നൽകുന്ന, chandranisque എന്നു വിശേഷിപ്പിക്കാവുന്ന നാലാംഭിത്തി തകർക്കൽ. ഡാനിയിൽ പിന്നീട്‌ രണ്ട്‌ കല്യാണങ്ങളുടെ ഒരു സീനിലും, സൂസന്നയിലെ താൻ തന്നെ അവതരിപ്പിച്ച കഥാപാത്രത്തെ വാണി വിശ്വനാഥിന്റെ കഥാപാത്രം വിമർശിക്കുന്നിടത്തുമൊക്കെ ഇത്‌ പ്രകടമാണ്‌. ഡാനിയിലെ ചവരോ എന്ന കഥാപാത്രമാകട്ടെ കഥാവശേഷനിലും വരുന്നുണ്ട്‌. വർഷങ്ങൾക്ക്‌ മുൻപ്‌ 'ആദാമിന്റെ വാരിയെല്ല്' എന്ന സിനിമയിൽ അതുവരെയുള്ള സിനിമയുടെ പൊതു ആഖ്യാനങ്ങളിൽ നിന്ന് വേറിട്ട്‌ നിൽക്കുന്ന അവസാന സീനിൽ, ഓടിവരുന്ന കുറെ സ്ത്രീകൾ സംവിധായകനായ കെ.ജി.ജോർജ്ജിനെയും മറ്റ്‌ ടെക്നീഷ്യന്മാരെയും തള്ളിമാറ്റുന്ന ഒരു കാഴ്ചയുണ്ട്‌. എന്താണ്‌ ശ്രീ. ജോർജ്ജ്‌ പറയുന്നത്‌; ഒരു 'സ്ത്രീ പക്ഷ സിനിമ' എന്നു തന്നെ വിളിക്കാവുന്ന 'ആദാമിന്റെ വാരിയെല്ല്' സൃഷ്ടിച്ച തന്നെ തന്നെ നിരാകരിച്ചുകൊണ്ട്‌ സ്ത്രീകളെക്കുറിച്ചുള്ള പുരുഷപക്ഷകാഴ്ചകളെ തട്ടിമറിക്കേണ്ട കാലമായെന്നോ..?

സിനിമ, ക്രമം, കാലം
ഒരു സിനിമയ്ക്ക്‌ തീർച്ചയായും ആദിയും മധ്യഭാഗവും അന്ത്യവും വേണം, പക്ഷെ ഈ ക്രമത്തിലാകണമെന്നില്ല എന്നു പറഞ്ഞ ഗൊദാർദ്ദിനെക്കുറിച്ച്‌ മുൻപ്‌ സൂചിപ്പിച്ചിരുന്നല്ലോ. ഒരു ജിഗ്‌സൊ പസിൽ പോലെ കുഴമറിഞ്ഞുകിടക്കുന്ന ക്രമത്തെക്കുറിച്ച്‌ '21 ഗ്രാം' എന്ന സിനിമയെക്കുറിച്ചെഴുതിയപ്പോൾ സൂചിപ്പിച്ചിരുന്നു. ക്രമമില്ലായ്മ കാലം എന്ന അടിസ്ഥാനസങ്കൽപത്തെത്തന്നെ വെല്ലുവിളിക്കാനായി എന്നാതായിരുന്നു ടരന്റിനൊയുടെ 'പൾപ്‌ ഫിക്ഷൻ(1995)' ശ്രദ്ധയാകർഷിക്കാൻ കാരണം. ജോൺ ട്രവോൾട്ടയും ബ്രൂസ്‌ വില്ലിസും സാമുവൽ ജാക്സണും എല്ലാം പങ്കെടുക്കുന്ന ഒരു ആക്ഷൻ സിനിമ കാണാനെത്തിയ ഹോളിവുഡിന്റെ കാണികളെ 'പൾപ്‌ ഫിക്ഷൻ' ആശയക്കുഴപ്പത്തിലാക്കി. സിനിമ മനസ്സിലാവാൻ തന്നെ ഒന്നിലധികം തവണ കാണണമെന്ന സ്ഥിതി വന്നു. ഹോളിവുഡിന്റെ ആക്ഷൻ ലേബലിൽ നിന്നുകൊണ്ടു തന്നെ സിനിമയുടെ ആഖ്യാനത്തിന്റെ അടിസ്ഥാനവ്യാകരണത്തിൽ തന്നെ പുതിയൊരു ശൈലി കൊണ്ടുവന്നതിനാലാകണം കാനിലെ Palme D'Or തന്നെ പൾപ്‌ ഫിക്ഷൻ നേടുകയുണ്ടായി. കാലം, ഇടം, വ്യക്തിത്വം, ഓർമ്മ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെയെല്ലാം പ്രശ്‌നവത്‌കരിച്ചു എന്ന നിലയിലാണ്‌ Alain Resnais സംവിധാനം ചെയ്‌ത Last Year at Marienbad(1961) ലോകസിനിമയുടെ ചരിത്രത്തിൽ ഇടം നേടുന്നത്‌. ധിഷണയ്‌ക്കോ കാലത്തിനോ വഴങ്ങാത്ത സങ്കീർണ്ണതയുമായി വർഷങ്ങൾക്കുശേഷവും ഇന്നും പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

ജിഗ്‌സോ പസിലിന്റെ സ്വഭാവസങ്കീർണ്ണതയുള്ള സിനിമകളെക്കുറിച്ചു പറയുമ്പോൾ കഥയുടെ അന്ത്യത്തിൽ ആരംഭിച്ച്‌ പുറകോട്ടു പോകുന്ന സിനിമകളെക്കുറിച്ചും പറയേണ്ടതുണ്ട്‌. ഹാരോൾഡ്‌ പിന്ററുടെ Betrayal(1983) ഇക്കൂട്ടത്തിൽ ആദ്യത്തേത്‌. പിന്നീട്‌ ഓർമ്മഭ്രംശമുള്ള നായകന്റെ പ്രതികാരകഥ പറഞ്ഞ്‌ 'കൾട്ട്‌ ഹിറ്റ്‌' പദവി നേടിയ, ക്രിസ്റ്റഫർ നൊളാൻ സംവിധാനം ചെയ്ത Memento(2000) വന്നു. പൊതുവെ anti-narrative എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആഖ്യാനരീതിയുടെ വക്താവായ ഗാസ്പർ നോയിയുടെ Irreversible(2002) ലോകമെമ്പാടുമുള്ള ചലചിത്രാസ്വാദകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ഒരു സിനിമയായിരുന്നു. Irreversible-നെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം പരിഗണനയ്ക്കു വരിക എന്തുകൊണ്ട്‌ സംവിധായകൻ ഈ reverse narrative തെരെഞ്ഞെടുത്തു എന്നതായിരിക്കും. സാധാരണ സമയക്രമത്തിൽ അവതരിപ്പിക്കുകയാണെങ്കിൽ ഒരു ബി-മൂവിയേക്കാൾ മെച്ചമാകാൻ സാധ്യതയില്ലാത്ത ഒരു സിനിമ അതിന്റെ കഥയെ ബലികൊടുക്കുമ്പോൾ തീർച്ചയായും ചിലതൊക്കെ സംഭവിക്കുന്നുണ്ട്‌. ഇവിടെ അതികഠിനമായ വയലൻസ്‌ ആണ്‌ സംവിധായകൻ ആദ്യം തന്നെ കാണികൾക്ക്‌ തരുന്നത്‌. പ്രേക്ഷകന്റെ അസ്വസ്ഥത വർദ്ധിപ്പിക്കാനായി തലകറക്കവും തലവേദനയും ചിലരിൽ ഛർദ്ദിയും ഉണ്ടാക്കുന്ന, കേൾവിയുടെ പരിധിക്കു താഴെയുള്ള ശബ്ദതരംഗങ്ങൾ സംവിധായകൻ ഉപയോഗിക്കുന്നുണ്ട്‌; അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾക്കൊപ്പം. അതിനുശേഷം ഒരു static medium range ഷോട്ടിലൂടെ അതിക്രൂരവും സുദീർഘവുമായ ഒരു ബലാത്സംഗം അതിന്റെ എല്ലാ വിശദീകരണങ്ങളോടെയും കാഴ്ചപ്പെടുത്തുന്നു ഈ ചിത്രം. അവിടെയും സിനിമ തീരുന്നില്ല, ഏകദേശം ഒരു മണിക്കൂർ സിനിമയുടെ മുന്നിലിരിക്കാൻ വീണ്ടും പ്രേക്ഷകൻ നിർബന്ധിതനാകുന്നു...കഥ കഴിയുന്നതു വരെ അഥവാ തുടങ്ങുന്നതു വരെ. സാധാരണ ആഖ്യാനത്തിൽ ഒരു കഥ പറഞ്ഞ സംതൃപ്തി പ്രേക്ഷകനു നൽകി ഒരു ബി-മൂവിയായി പരിണമിക്കേണ്ടിയിരുന്ന സിനിമ ഇവിടെ ബലാത്‌സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ ഘടനാപരമായി വാദിക്കുന്നു. ഇതിനെക്കുറിച്ച്‌ കൂടുതൽ ചിന്തിക്കാൻ പ്രേക്ഷകനെ നിർബന്ധിക്കുന്നു.

ഡോഗ്‌മ 95
പുതിയകാലത്തെ സിനിമയിലെ ചില പ്രവണതകൾക്കെതിരെ 1995-ൽ കോപ്പൻഹേഗനിൽ Lars Von Trier, Thomas Vinterberg എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സിനിമാപ്രവർത്തക സംഘടനയാണ്‌ 'ഡോഗ്മ 95'. ബൂർഷ്വാ സിനിമകളെ പ്രതിരോധിക്കാനായി 1960-കളിൽ രൂപംകൊണ്ട ന്യൂവേവ്‌ എന്ന ബൂർഷ്വാവിരുദ്ധ സിനിമാസങ്കൽപത്തിനും ആധാരമായുണ്ടായിരുന്നത്‌ ബൂർഷ്വാ ഭാവുകത്വം തന്നെയായിരുന്നെന്നും ന്യൂവേവിനു ചുക്കാൻ പിടിച്ച സംവിധായകർ ന്യൂവേവിനേക്കാൾ ഉയരത്തിലായത്‌ ഈ സിനിമാസങ്കൽപത്തിൽ വ്യക്തിപരതയ്‌ക്കുണ്ടായിരുന്ന പ്രാമുഖ്യം മൂലമായിരുന്നെന്നും ഉള്ള തിരിച്ചറിവുകളാണ്‌ ഡോഗ്‌മ 95-ന്‌ കാരണമായത്‌. പുതിയകാലത്ത്‌ അനുഭവവേദ്യമാകുന്ന സാങ്കേതികവിദ്യയുടെ വളർച്ചയും ൽഭ്യതയും സിനിമയെ കൂടുതൽ ജനാധിപത്യവത്‌കരിക്കുന്നു. ആർക്കും സിനിമയെടുക്കാം എന്ന അവസ്ഥ വ്യക്തിഗത സിനിമയ്‌ക്ക്‌ വഴി വെക്കുന്നു-ഇതാകട്ടെ സിനിമയെത്തന്നെ നശിപ്പിക്കും എന്നതിനാൽ കൂടുതൽ അച്ചടക്കത്തോടെ സിനിമയെ സമീപിക്കുക എന്നതായിരുന്നു ഡോഗ്‌മ 95-ന്റെ ആദർശം.സിനിമയിലെ വ്യക്തിപരതയെയും സാങ്കേതികതയുടെ കടന്നുകയറ്റത്തെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ സ്വീകരിക്കേണ്ടിയിരുന്ന Vow of Chastity-യിലെ നിബന്ധനകളിൽ ചിലത്‌ ഇവയായിരുന്നു.
1. ഷൂട്ടിംഗ്‌ ലൊകേഷനിൽ തന്നെ നടത്തുക, കൃത്രിമമായ സെറ്റുകൾ ഉപയോഗിക്കാൻ പാടില്ല.
2. ശബ്ദലേഖനവും ഷൂട്ടിംഗിനൊപ്പം നടത്തണം. മറ്റു ശബ്ദങ്ങളോ diagetic music ഒഴികെയുള്ള പശ്ചാത്തലസംഗീതമോ ഉപയോഗിക്കരുത്‌.
3. Hand held ക്യാമറ മാത്രമേ ഉപയോഗിക്കാവൂ.
4. സിനിമ കളറിലായിരിക്കണം, കൃത്രിമമായ ലൈറ്റിംഗ്‌/ഫിൽറ്റേഴ്‌സ്‌ ഉപയോഗിക്കരുത്‌.
5. ഉപരിപ്ലവമായ ആക്ഷൻ(കൊലപാതകങ്ങൾ, തോക്കുകൾ തുടങ്ങിയവ) സിനിമയിൽ ഉണ്ടായിരിക്കരുത്‌.
6. നടീനടന്മാർ മേക്കപ്പ്‌ ഉപയോഗിക്കരുത്‌.
7. സംവിധായകനു ക്രെഡിറ്റ്‌ നൽകാൻ പാടില്ല.

ഡോഗ്മ95 ആരംഭിച്ച്‌ 13 വർഷം പിന്നിട്ടു കഴിയുമ്പോൾ ഇരുന്നൂറിനു മേൽ ഡോഗ്മ ചിത്രങ്ങൾ വന്നു കഴിഞ്ഞെങ്കിലും തുടക്കക്കാരായ Lars Von Trier, Thomas Vinterberg തുടങ്ങിയവരൊക്കെ ഡോഗ്മയിൽ നിന്നും വഴിപിരിയുന്ന കാഴ്ചയാണു ബാക്കിയാവുന്നത്‌.

ഉപസംഹാരം
ചലചിത്രകലയിലെ ആഖ്യാനരീതികളെക്കുറിച്ച്‌ ഉപരിതലസ്പർശിയായ ഒരു ലേഖനമായിരുനു ഉദ്ദേശിച്ചത്‌. പക്ഷെ എഴുതും തോറും വളരുന്ന ഈ വിഷയത്തിന്റെ അരികിൽ പോലും തൊടാനായോ എന്നു സംശയം. ശബ്ദത്തിന്റെയും സംഭാഷണത്തിന്റെയും ഉപയോഗം, നിറങ്ങളുടെ വിന്യാസം തുടങ്ങിയ പല വിഷയങ്ങളും സ്പർശിച്ചിട്ടില്ല. തുടർസിനിമകൾ, Double bill സിനിമകൾ തുടങ്ങിയവയും, സോഡർബെർഗ്ഗിന്റെ പുതിയ ചലചിത്രദ്വയമായ Argentine, Guerrilla ഉൾപ്പെടുന്ന Che പോലുള്ള സിനിമാ സംരംഭങ്ങളെയും വേണ്ടവിധം പരാമർശിച്ചിട്ടില്ലെന്നു തോന്നുന്നു. അതുപോലെ തന്നെ റീമേക്ക്‌ സിനിമകളും. ഏതാനും വർഷങ്ങൾക്കു ശേഷം ഈ വിഷയത്തെ സമീപിച്ചാൽ അമ്പരിപ്പിക്കുന്ന മാറ്റങ്ങളും പരീക്ഷണങ്ങളും ചലചിത്രകലയിൽ ദൃശ്യമാകും എന്നുറപ്പ്‌. അത്രമാത്രം അമ്പരപ്പിക്കുന്ന പുതിയ പുതിയ കാഴ്ചകളാണ്‌ ഓരോ ദിവസവുമെന്നപോലെ ലോകസിനിമ അവതരിപ്പിക്കുന്നത്‌.

Saturday, April 26, 2008

കഥ പറയാതിരിക്കുമ്പോള്‍...!!

സമീപകാലത്തെ മലയാളസിനിമ കാണുന്നവരില്‍ നിന്നും സാധാരണയായി കേള്‍ക്കാറുള്ള പരാതികളില്‍ ചിലത്‌ സിനിമയ്ക്ക്‌ കഥയില്ല, അല്ലെങ്കില്‍ കഥയ്ക്ക്‌ പുതുമയില്ല എന്നൊക്കെയാണ്‌. സിനിമ ഒരു ആഖ്യാനമാണെന്ന് ഏവരും അംഗീകരിക്കുന്ന കാര്യമാണെന്നു തോന്നുന്നു. എന്നാല്‍ സിനിമ എന്ന ഒരു narrative narrate ചെയ്യുന്നത്‌ കഥ തന്നെയാവണമെന്നുണ്ടോ? നിയതമായ ഒരു plot അഥവാ കഥ ഇല്ലാതെ ഫീച്ചര്‍ സിനിമ സാധ്യമാണോ? ഫീച്ചര്‍ ഫിലിം എന്ന സംജ്ഞക്ക്‌ മുമ്പുള്ള അര്‍ത്ഥത്തില്‍ നിന്നു വ്യതിചലിച്ച്‌ ഇന്ന് ആ പദം, ഒരു സിനിമയുടെ സമയദൈര്‍ഘ്യത്തെമാത്രം കുറിയ്ക്കുന്നു. ഒന്നിലധികം കഥകള്‍ പറയുന്ന സിനിമകള്‍ ഒരുപാട്‌ ഉണ്ടായിട്ടുണ്ട്‌. പല സിനിമകളിലും പ്രതിപാദ്യവിഷയമാകുന്ന കാലദൈര്‍ഘ്യം, സ്ഥലം എന്നിവ വ്യത്യസ്ഥമായിരിക്കും. എന്നാല്‍ നിയതമായ ഒരു കഥയോ, എടുത്തുപറയാവുന്ന കഥാപാത്രങ്ങളോ, കൃത്യമായ കാലഗണനയോ ഇല്ലാത്ത രണ്ടു സിനിമകള്‍ അടുത്തിടെ കാണാനിടയായി. അവയുടെ വര്‍ത്തമാനമാണ്‌ ഈ കുറിപ്പ്‌.


സ്വീഡിഷ്‌ സംവിധായകനായ റോയ്‌ ആന്‍ഡേഴ്‌സന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ച്‌ ആസ്വാദനമെഴുതുക എളുപ്പമുള്ള കാര്യമല്ല. Du Levande എന്നാല്‍ You, the living എന്നാണര്‍ത്ഥം. സിനിമ കാഴ്ചപ്പെടുത്തുന്നതും അതു തന്നെ, ജീവിതം; അതിന്റെ ഭിന്നമുഖങ്ങള്‍, നിസ്സാരത, സംഘര്‍ഷങ്ങള്‍, വിശ്വാസങ്ങള്‍, സ്വപ്നങ്ങള്‍, ഉത്‌കണ്ഠകള്‍, പരാതികള്‍, വിലാപങ്ങള്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം...അങ്ങനെയെന്തെല്ലാം. 86 മിനിറ്റുള്ള ഈ സിനിമ 57-ഓളം വ്യത്യസ്ഥ ദൃശ്യഖണ്ഡങ്ങളുടെ(vignettes) ഒരു സമാഹാരമാണ്‌. മിക്കവാറും ഖണ്ഡങ്ങള്‍ സ്ഥായിയായ കാമറയില്‍, ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചവയാണ്‌. ഇവയില്‍ ചില രംഗങ്ങളൊക്കെ പൊതുവായ ചില കഥാപാത്രങ്ങളുടെയും തുടര്‍ച്ചയുള്ള ആശയത്തിന്റെയും സാനിധ്യത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. മറ്റു സീനുകള്‍ക്കൊന്നും പരസ്പരബന്ധമില്ല. മുഖ്യകഥാപാത്രങ്ങളില്ലാത്ത, കഥാപാത്രങ്ങള്‍ പല സീനുകളിലും മാറി വരുന്ന ഈ ചിത്രത്തില്‍ ആ കഥാപാത്രങ്ങള്‍ക്ക്‌ പൊതുവിലുള്ളത്‌ ആള്‍ക്കൂട്ടത്തിനു നടുവിലും അവര്‍ അനുഭവിക്കുന്ന ഏകാന്തതയാണ്‌.
ജീവിതത്തിന്റെ ബഹുമുഖമായ സങ്കീര്‍ണ്ണതകളില്‍ നമുക്ക്‌ അല്‍പമെങ്കിലും രക്ഷയാവുന്നത്‌ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍ മാത്രമാണെന്ന തിരിച്ചറിവിനെ അടിവരയിടുന്നവണ്ണം സിനിമയിലുടനീളം അല്‍പം കറുത്തതെങ്കിലും ഹാസ്യത്തിന്റെ അടിയൊഴുക്ക്‌ കാണാം. ഒരുദാഹരണം പറയാം. കമനീയമായ രീതിയില്‍ അലങ്കരിച്ച്‌ ഒരു വലിയ മേശയില്‍ ഒരു സദ്യ ഒരുക്കിയിരിക്കുന്നു. കുറെപ്പേര്‍ ഭക്ഷിക്കാനൊരുങ്ങി ചുറ്റിലും നില്‍ക്കുന്നു. 200 വര്‍ഷത്തോളം പഴക്കമുള്ള സ്ഫടികപാത്രങ്ങളാണതൊക്കെ എന്ന് ആതിഥേയ പലതവണ ആവര്‍ത്തിക്കുന്നുണ്ട്‌. മധ്യവയസുപിന്നിട്ട ഒരാള്‍ വളരെ പതിയെ മേശവിരിയുടെ ചെറിയ ചുളിവുകള്‍ പോലും മാറ്റുന്നു. ഒടുവില്‍ അയാള്‍തന്നെ മേശവിരിയുടെ ഒരരികില്‍ പിടിച്ച്‌ ഒരുക്കി വെച്ച സദ്യയാകെ തറയിലേക്ക്‌ വലിച്ചിടുന്നു. നഗ്നമായ മേശപ്പുറത്ത്‌ സ്വസ്തികയുടെ അടയാളം ദൃശ്യമാകുന്നു.(നാസിസത്തിന്റെ കാലത്ത്‌ സ്വീഡനിലെ മധ്യവര്‍ഗക്കാര്‍ ഹിറ്റ്‌ലറെ പിന്തുണച്ചിരുന്നു എന്നതിന്റെ സൂചനയാകാം ഇത്‌). അടുത്ത രംഗത്തില്‍ പ്രസ്തുതകുറ്റത്തിന്‌ ആ മനുഷ്യനെ വധശിക്ഷക്ക്‌ വിധിക്കുന്നു. വൈദ്യുതകസേരയിലിരിക്കുന്ന അയാളുടെ ദേഹത്ത്‌ ഇലക്ട്രോഡുകളൊക്കെ ഘടിപ്പിച്ച്‌ മരണത്തിനായൊരുക്കുന്നു ഒരുദ്യോഗസ്ഥന്‍. പെട്ടെന്ന് കരച്ചിലടക്കാന്‍ കഴിയാതെ വരുന്ന അയാളോട്‌ ഉദ്യോഗസ്ഥന്‍: മറ്റ്‌എന്തെങ്കിലും ആലോചിക്കൂ...!
"all human communications are miscommunications" എന്ന ആശയം അവതരിപ്പിച്ചത്‌ ആസ്ത്രിയന്‍ തത്വചിന്തകനായിരുന്ന വിറ്റ്‌ഗന്‍സ്റ്റീന്‍ ആയിരുന്നു. ഈ ആശയത്തെ പിന്തുണക്കുന്നതു പോലെയാണ്‌ ഈ സിനിമയിലുടനീളം സംവിധായകന്‍ സൂക്ഷിക്കുന്ന, സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ആഖ്യാനശൈലി. ഇവിടെ കഥാപാത്രങ്ങള്‍ മറ്റൊരാളിലേക്ക്‌ എത്താന്‍ ശ്രമിക്കുമ്പോഴും തങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തുന്നു. ബുനുവലിന്റെ അതിപ്രശസ്തമായ The Discreet Charm of the Bourgeoisie-യിലേതു പോലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാനൊരു സ്വപ്നം കണ്ടു എന്നു പറയുമ്പോഴെല്ലാം പ്രേക്ഷകനും ആ സ്വപ്നം കാണേണ്ടതുണ്ട്‌, ഈ സിനിമയിലും. ബോംബര്‍ വിമാനങ്ങളെ സ്വപ്നം കാണുന്ന പ്രായമായ മനുഷ്യനും, യുവാവായ റോക്ക്‌ താരത്തെ വിവാഹം ചെയ്തതായി കണ്ട സ്വപ്നം ആരോടെന്നില്ലാതെ ക്യാമറയിലേക്കു നോക്കി വിശദീകരിക്കുന്ന യുവതിയുമെല്ലാം സ്വപ്നം/യാഥാര്‍ത്ഥ്യം എന്ന ദ്വന്ദത്തെ ചിന്തയ്‌ക്കായി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അന്തരീക്ഷം സ്വീഡനിലാനെങ്കിലും ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ആകുലതകളെ അത്‌ സ്വാംശീകരിക്കുന്നുണ്ട്‌. മങ്ങിയ നിറങ്ങളും വിളറിയ കഥാപാത്രങ്ങളുമുള്ള ഈ ചിത്രം നമ്മെ മനുഷ്യന്മാരാക്കുന്നതെന്താണെന്ന അന്വേഷണത്തിലേക്കുള്ള യാത്രയാണ്‌. ഒരു പക്ഷെ, നാം ജീവിക്കുന്നു എന്നു മനസ്സിലാക്കുന്നതും ഇങ്ങനെയൊക്കെയാവാം.
ഈ ചിത്രം പ്രശസ്തമായ കാനിലെ ചലചിത്രമേളയില്‍ മത്സരവിഭാഗത്തിനു പുറമെയുള്ള 'Un certain regard' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


1960-ല്‍ ഇസ്രയേലിലെ നസറേത്തില്‍ ജനിച്ച, ഇന്ന് പാലസ്തീനിലെ രമള്ളയില്‍ സിനിമ പഠിപ്പിക്കുന്ന ഏലിയ സുലൈമാന്‍, പാലസ്തീന്‍-ഇസ്രയേല്‍ തര്‍ക്കത്തെ ഉപജീവിച്ച്‌ നിര്‍മ്മിച്ച ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍സ്‌, ഒരേസമയം സങ്കീര്‍ണ്ണവും സുതാര്യവുമാണ്‌. മനോഹരമായി ചിത്രീകരിച്ച ദൃശ്യങ്ങളും, മികച്ച സംഗീതവും, ഹാസ്യവും, ആക്ഷനുമൊക്കെയുണ്ടെങ്കിലും ഈ സിനിമയിലും നിയതമായ കഥയോ നായകനോ നായികയോ ഇല്ല...ഒരു പക്ഷെ, സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്നതിനാല്‍ ആ അന്തരീക്ഷം തന്നെ ഇവിടെ മുഖ്യകഥാപാത്രമാകുന്നു. ഇടയ്ക്കിടെ ഉപരിതലത്തിലേക്കു വരുന്ന കറുത്ത ഹാസ്യം നമ്മെ ചിരിപ്പിക്കുക എന്നതിലുപരി അവ പ്രത്യക്ഷമാക്കുന്ന ആശയം സംഘര്‍ഷപൂര്‍ണ്ണമായ ജീവിതത്തില്‍ ഹാസ്യാത്മകമായ എന്തിനോടും രൂപപ്പെടുന്ന ഇമ്യൂണിറ്റിയും വൈകാരികമായ യാഥാര്‍ത്ഥ്യങ്ങളോടുള്ള നിര്‍മമതയും വെളിവാക്കുന്നു. ഒരുപക്ഷെ നിര്‍വികാരത തന്നെയാണ്‌ ചിത്രത്തിലുടനീളം സംവിധായകന്‍ പുലര്‍ത്തുന്ന മനോഭാവവും.
ചിത്രം ആരംഭിക്കുന്നതു തന്നെ ബെത്‌ലെഹേമില്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ഒരു സാന്താക്ലോസിനെ പിന്തുടരുന്ന സീനോടെയാണ്‌. സാന്താ താനോടുന്ന വഴിയിലാകമാനം ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വിതറുന്നു. തന്നെ പിന്തുടരുന്നവരില്‍ നിന്നും രക്ഷപ്പെടാനായി ഒരു ദേവാലയത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന അയാളെ അവര്‍ കൊലപ്പെടുത്തുന്നു. ഈ സിനിമ കഥയൊന്നും പറയുന്നില്ലെങ്കിലും പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പല സീനിലും ആവര്‍ത്തിക്കുന്നുണ്ട്‌. സംവിധായകന്‍ തന്നെ അവതരിപ്പിക്കുന്ന, ഇസ്രയേല്‍ക്കാരനായ E.S എന്ന കഥാപാത്രം അതിര്‍ത്തിയില്‍ വെച്ച്‌, അതിര്‍ത്തിഭടന്മാരുടെ കണ്ണു വെട്ടിച്ച്‌ പാലസ്തീന്‍കാരിയായ കാമുകിയുമായി സന്ധിക്കുന്ന രംഗം പലതവണ ആവര്‍ത്തിക്കുന്നു. പരസ്പരം തലോടുന്ന അവരുടെ കൈകള്‍ മാത്രം ഒരു സമീപദൃശ്യത്തിലൂടെ കാഴ്ചപ്പെടുത്തുന്ന ഈ സമാഗമരംഗങ്ങള്‍ ഇതുവരെ ഒരു സിനിമയില്‍ ദൃശ്യമായതില്‍ ഏറ്റവും ഇറോട്ടിക്‌ എന്നു വിശേഷിപ്പിക്കാവുന്നവയാണ്‌. സര്‍റിയലിസ്റ്റിക്‌ എന്നു വിളിക്കാവുന്ന ഒട്ടനവധി രംഗങ്ങള്‍ ഈ സിനിമയിലുണ്ട്‌. ഒരു സീനില്‍ അതിര്‍ത്തി ഭേദിച്ച്‌ ഒരു റാമ്പിലെന്ന പോലെ cat walk നടത്തുന്ന സുന്ദരിയെ പട്ടാളക്കാര്‍ വെറുതെ മിഴിച്ച്‌ നോക്കി നില്‍ക്കുന്നു. മറ്റൊരു സീനില്‍ ഒരു മുസ്ലിം സ്ത്രീയെ ലക്ഷ്യമായി വെച്ച്‌ നൃത്തസമാനമായ ചുവടുകളോടെ വെടി വെച്ച്‌ പരിശീലിക്കുന്നു. തുടര്‍ന്നു വരുന്ന രംഗങ്ങള്‍ കാഴ്ചയ്ക്കു മാത്രമേ വിശദീകരിക്കാനാകൂ. ആശുപത്രിയില്‍ കിടക്കുന്ന ഹൃദ്‌രോഗി, രാത്രിയില്‍ തന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള monitoring equipments എല്ലാം വേര്‍പെടുത്തി, പുറമെ വന്ന് പുക വലിച്ച ശേഷം പോയി കിടക്കുന്നു. (ഈ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റു സ്റ്റാഫും നിര്‍ത്താതെ പുക വലിക്കുന്നവരാണ്‌.) സുലൈമാന്‍ സിനിമയില്‍ ദൃശ്യവത്‌കരിക്കുന്ന ചില കറുത്ത രംഗങ്ങള്‍ ഹിറ്റ്‌ലറുടെ concentration campകളെ ഓര്‍മ്മിപ്പിക്കുന്നു. ജൂതന്മാര്‍ തങ്ങള്‍ നാസികളില്‍ നിന്നും അനുഭവിച്ചത്‌ തങ്ങള്‍ക്ക്‌ ഭൂമി നല്‍കിയവരെ അനുഭവിപ്പിക്കുന്നു.
ഈ സിനിമയിലെ രംഗങ്ങളെല്ലാം വളരെ പ്രതീകാത്മകമാണ്‌. ആവര്‍ത്തിച്ചു വരുന്ന മറ്റൊരു രംഗത്തില്‍ ഒരാള്‍ ഒരു ബസ്റ്റോപ്പില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നു. മറ്റൊരാള്‍ വന്ന് 'ബസില്ല' എന്നു പറയുമ്പോള്‍ ആദ്യത്തെയാള്‍ എനിക്കറിയാം എന്നു മാത്രം പറയുന്നു. ഇത്തരം രംഗങ്ങള്‍ മൊത്തം സമൂഹത്തിന്റെയും പ്രത്യാശ നശിച്ച മാനസികാവസ്ഥയെ അടയാളപ്പെടുത്തുന്നു. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാറിന്‌ നോമിനേഷന്‍ ലഭിച്ചിരുന്നു ഈ ചിത്രത്തിന്‌; പിന്നീട്‌ പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമല്ല എന്ന വാദത്തില്‍ മത്സരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയുണ്ടായി. കാന്‍ ചലചിത്രമേളയുടെ രാഷ്ട്രീയം ഹോളിവുഡിന്റെ രാഷ്ട്രീയത്തെക്കാള്‍ വ്യത്യസ്ഥമായതിനാല്‍ കാനിലെ മികച്ച ചിത്രങ്ങളുടെ ഗണമായ മത്സരവിഭാഗത്തില്‍ തന്നെ ഇടം കിട്ടുകയും രണ്ട്‌ ജൂറി പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.


വാല്‍ക്കഷ്ണം: ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ നിന്നും അടൂരിന്റെ 'നാലു പെണ്ണുങ്ങള്‍' നിഷ്കരുണം തഴയപ്പെട്ടതിനു കാരണം ചിത്രത്തിലെ നാലു വ്യത്യസ്ഥ കഥാതന്തുക്കള്‍ തമ്മില്‍ ബന്ധമൊന്നും കണ്ടെത്താന്‍ ജൂറിക്കായില്ല എന്നതായിരുന്നു.

Sunday, March 09, 2008

ഫാസിസം സിനിമയില്‍: എലൈറ്റ്‌ സ്‌ക്വാഡ്‌ (2007)

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന്‌ സമാപിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡെന്‍ ബെയര്‍' പുരസ്കാരം നേടിയ ബ്രസീലിയിയന്‍ ചിത്രമാണ്‌ എലൈറ്റ്‌ സ്‌ക്വാഡ്‌. ബസ്‌-174 എന്ന ഒറ്റ ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയ Jose Padilha എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ.
സാമ്പത്തികമായും സാമൂഹ്യപരമായും സാമ്യമുള്ളതാണ്‌ ഇന്ത്യയിലെയും ബ്രസീലിലെയും നഗരങ്ങള്‍. ലോകത്തില്‍ ഏറ്റവും അധികം ചേരിനിവാസികളുള്ള നഗരങ്ങളാണ്‌ റിയോ ഡി ജനീറോയും ചെന്നൈയും. റിയോയിലെ ദരിദ്രരുടെ ദുരിതങ്ങളും മയക്കുമരുന്ന് കച്ചവടവും കഴിവു കെട്ടതും അക്രമാസക്തവുമായ പോലീസിന്റെ ഇടപെടലുകളും മാധ്യമങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം ഫലപ്രദമായി വരച്ചുകാണിച്ച ബസ്‌-174 ഒരു ഗംഭീര ചലചിത്രസൃഷ്‌ടി തന്നെയായിരുന്നു. ഫവേല(slum എന്നതിന്റെ ബ്രസീലിലെ വാക്ക്‌)കളിലെ മയക്കുമരുന്ന് വ്യാപാരത്തെയും അനുബന്ധമായ ആയുധ വ്യാപാരത്തെയും മറ്റു കുറ്റകൃത്യങ്ങളെയും ഒരു ചേരിനിവാസിയുടെ കാഴ്‌ചയിലൂടെ അനാവരണം ചെയ്ത സിറ്റി ഓഫ്‌ ഗോഡ്‌ ഈ പതിറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. യാദൃശ്ചികമെന്നോണം സിറ്റി ഓഫ്‌ ഗോഡ്‌ നിര്‍ത്തിയിടത്തു നിന്നുമാണ്‌ എലൈറ്റ്‌ സ്ക്വാഡ്‌ തുടങ്ങുന്നത്‌. പക്ഷെ ഇവിടെ വീക്ഷണകോണ്‍ പോലീസിന്റെ ഭാഗത്തുനിന്നുമാണ്‌.

BOPE(ബ്രസീലിലെ പ്രത്യേക പോലീസ്‌ സേനാ വിഭാഗം)-ലെ ക്യാപ്റ്റനായ നാസിമെന്റോ തന്റെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിക്കാനാഗ്രഹിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്തിയാല്‍ മാത്രമേ ക്യാപ്റ്റന്‌ വിരമിക്കാനാകൂ എന്നതിനാല്‍ പുതിയ റിക്രൂട്ട്‌മെന്റില്‍ പെട്ട മത്തിയാസ്‌, നെറ്റോ എന്നിവര്‍ ആഖ്യാനത്തിന്റെ മുഖ്യധാരയിലെത്തുന്നു. BOPE-ലെ അഴിമതികളും, കൈക്കൂലിയും മറ്റ്‌ ദുഷ്‌പ്രവണതകളും ദൃശ്യപ്പെടുത്താനായി തന്നെ സിനിമ കുറച്ച്‌ സമയം ചെലവഴിക്കുന്നുണ്ട്‌. പരിശീലനത്തിനിടയില്‍ മത്തിയാസ്‌ ഒരു നിയമപഠന കോഴ്‌സില്‍ വിദ്യാര്‍ഥിയായി ചേരുകയും ഫവേലകളില്‍ നിന്നുള്ള ചില വിദ്യാര്‍ഥികളുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. 1997-ല്‍ ബ്രസീലിലെ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയുടെ ഒരാഗ്രഹം റിയോയിലെ ചേരികളിലൊന്നില്‍ താമസിക്കണമെന്നതായിരുന്നു. ഇതിനായി ചേരികളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നാസിമെന്റോ അതു സാധിക്കുന്നത്‌ മത്തിയാസിന്റെയും നെറ്റോയുടെയും കാര്യമായ സഹായത്തോടെയായിരുന്നു. BOPE-ലെ നിയമന-പരിശീലന പ്രക്രിയകള്‍ മുഴുവന്‍ വിശദമായി തന്നെ സിനിമ പ്രതിപാദിക്കുന്നുണ്ട്‌. ചുരുക്കം പറഞ്ഞാല്‍ എലൈറ്റ്‌ സ്‌ക്വാഡ്‌, പേരു സൂചിപ്പിക്കുന്നതു പോലെ ഒരു 'പോലീസ്‌ സിനിമ' തന്നെയാണ്‌.

ഔദ്യോഗിക റിലീസിനു മുന്‍പ്‌ ഇന്റര്‍നെറ്റിലൂടെ ഈ ചിത്രം പുറത്താകുകയും ദശലക്ഷക്കണക്കിനാളുകള്‍ ഈ ചിത്രം കാണുകയും ചെയ്തു. റിലീസായതിനു ശേഷവും ബ്രസീലില്‍ ചിത്രത്തിനു വലിയ സ്വീകരണമാണു കിട്ടിയത്‌. ബ്രസീലിലെ ഏറ്റവും വലിയ ഹിറ്റ്‌ എന്നു വരെ വിളിക്കാം. നാസിമെന്റോ എന്ന പോലീസ്‌ ഓഫീസറെ അവതരിപ്പിച്ച വാഗ്‌നര്‍ മോറ(Wagner Moura)യ്ക്ക്‌ ഒരു ദേശീയനായകന്റെ പരിവേഷമാണിന്ന്‌. മയക്കുമരുന്നിനും കുറ്റകൃത്യങ്ങള്‍ക്കും ഏകപരിഹാരമായി BOPE-നെ അവതരിപ്പിച്ചത്‌ മധ്യവര്‍ഗത്തിനു രുചിച്ചു എന്നര്‍ത്‌ഥം. ഈ ചിത്രത്തെ ഫാസിസ്റ്റ്‌ എന്നു വിശേഷിപ്പിച്ച നിരൂപകര്‍ക്ക്‌ ഫാസിസം എന്തെന്നറിയില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. ഫാസിസം ആത്യന്തികമായി പുതിയൊരു വ്യവസ്ഥിതിയുടെ സൃഷ്‌ടിയെ ഉന്നം വെയ്ക്കുന്നുവെന്നുവെങ്കില്‍ ഈ ചിത്രം നിലവിലുള്ള വ്യവസ്ഥിതിയുടെ പരിണാമത്തിനായി ഒരു കണ്‍വെന്‍ഷണല്‍ ഫോഴ്‌സിനെ ഉപയോഗിക്കുന്നു എന്നൊക്കെ സങ്കേതിക ന്യായം പറയാമെങ്കിലും ഈ ചിത്രം ഫാസിസത്തിന്റെ അതിരില്‍ നില്‍ക്കുന്ന ഒരു തീവ്ര-വലതുപക്ഷ ചിത്രം തന്നെ. എലൈറ്റ്‌ സ്‌ക്വാഡ്‌ മയക്കുമരുന്നുകള്‍ നിയമാനുസൃതമാക്കുന്നതിനായാണു വാദിക്കുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്‌-ചിത്രത്തിനു പുറമെയാണെന്നു മാത്രം. ഇനി BOPE-ലെ അഴിമതിയും ക്രൂരതയും ദൃശ്യവത്‌കരിച്ചതിലൂടെ തീരുമാനമെടുക്കാനുള്ള ഒരു open space ഉണ്ടാക്കുകയാണു ചെയ്തതെന്നൊക്കെ വാദിക്കുന്നുവെങ്കിലും ഇത്തരം സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രക്ഷേപണം ചെയ്യുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. മത്തിയാസിന്റെ സഹപാഠികളും അധ്യാപകരുമായ ലിബറല്‍ അകാദമിക്‌ സമൂഹത്തെ സാമൂഹികയാഥാര്‍ത്‌ഥ്യങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരായോ തെറ്റായ അറിവുള്ളവരായോ ആണ്‌ സിനിമ ചിത്രീകരിക്കുന്നത്‌. ചിത്രത്തിലൊരിക്കല്‍ സമൂഹത്തിലെ വയലന്‍സിനെതിരായുള്ള ഒരു പൗരജാഥയെ മത്തിയാസ്‌ ആക്രമിക്കുന്നുമുണ്ട്‌.

പരാമര്‍ശവിധേയമായ വിഷയം, ആഖ്യാനരീതി എന്നിവയിലെ സാമ്യം കൊണ്ട്‌ ഏറ്റവുമാദ്യം താരതമ്യം ചെയ്യപ്പെടുന്നത്‌ സിറ്റി ഓഫ്‌ ഗോഡുമായാണ്‌. വാര്‍ഫിലിം, ഡോകുമെന്ററി, മെലോഡ്രാമ എന്നിങ്ങനെ വ്യത്യസ്തശൈലികളുടെ മിശ്രിതമാണെങ്കിലും സാങ്കേതികമായി സിറ്റി ഓഫ്‌ ഗോഡിനു വളരെ താഴെയാണ്‌ എലൈറ്റ്‌ സ്‌ക്വാഡിനു സ്ഥാനം. തികച്ചും പ്രതിലോമകരമായ രാഷ്ട്രീയം അവതരിപ്പിക്കുന്ന, സാങ്കേതികമായി ശരാശരി മാത്രമായ ഒരു ചിത്രം ബെര്‍ലിന്‍ പോലെ അംഗീകരിക്കപ്പെടുന്ന ഒരു ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത്‌ ആശങ്കയോടെ മാത്രമേ കാണാനാകുകയുള്ളൂ...പ്രത്യേകിച്ചും ഇടതുപക്ഷ സ്വഭാവമുള്ള പൊളിറ്റിക്കല്‍ ത്രില്ലറുകളിലൂടെ പ്രശസ്തനായ സംവിധായകന്‍ 'കോസ്റ്റ ഗാവ്‌ര' ജൂറി അധ്യക്ഷനായിരിക്കുമ്പോള്‍. ഈ ചിത്രത്തിന്റെ വടക്കേ അമേരിക്കയിലെ വിതരണാവകാശം ഹാര്‍വി വിന്‍സ്റ്റീന്‍ നേടിയിട്ടുള്ളതിനാല്‍ അവാര്‍ഡും അദ്ദേഹത്തിന്റെ തീരുമാനമായിരിക്കാമെന്ന്‌ അരോപണങ്ങളുണ്ട്‌. ഏതായാലും തെറ്റായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ ബെര്‍ലിന്‍ ചലചിത്രോത്‌സവത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

Saturday, March 01, 2008

സിനിമാഭിനയത്തെക്കുറിച്ചും ഡാനിയെല്‍ ഡേ ലൂയിസിനെക്കുറിച്ചും

സിനിമ കാണുമ്പോള്‍ നിങ്ങളെന്താണു ശ്രദ്ധിക്കുക...കഥ, സംഭാഷണം, സംവിധാനശൈലി, ചിത്രീകരണത്തിലെ പ്രത്യേകതകള്‍, സിനിമയുടെ രാഷ്ട്രീയം, അഭിനയം...? അഭിനയത്തിന്‌ മറ്റു മേഖലകളിലേതിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവര്‍ക്കാണ്‌ ഈ പോസ്റ്റ്‌.

സിനിമയിലെ അഭിനയം തിയറ്റര്‍ അഭിനയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ എന്നതു കൊണ്ടു തന്നെ സിനിമാഭിനയത്തിലെ പല രീതികളും തിയറ്ററിനോടു കടപ്പെട്ടിരിക്കുന്നു. സിനിമാഭിനയത്തില്‍ പ്രധാനമായി രണ്ട്‌ രീതികളാണുള്ളത്‌.
1.Substitution
കഥാപാത്രത്തിന്റെ സ്വഭാവത്തിലെ പ്രധാനഘടന മനസ്സിലാക്കി, ഒരു പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രം എങ്ങനെ പ്രതികരിക്കുമെന്നത്‌ സമാനമായ സ്വന്തം ജീവിതാനുഭവങ്ങള്‍കഥാപാത്രത്തിലാരോപിക്കുന്ന രിതി. മലയാളത്തിലെ കഴിവുറ്റ നടന്മാരെല്ലാം ഈ രീതിയായിരുന്നു പിന്തുടര്‍ന്നത്‌. ഇവിടെ നടന്‍ കഥാപാത്രത്തെ സംബന്ദ്ധിച്ചിടത്തോളം ഒരു പുറംകാഴ്ചക്കാരന്‍ മാത്രമാകുന്നു.

2.Method Acting
ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ കഥാപാത്രമായി ജീവിക്കുക. കഥാപാത്രം ജീവിക്കെന്നതെന്നു കരുതുന്ന വൈകാരിക-ഭൗതിക സാഹചര്യങ്ങളില്‍ നടന്‍ പ്രവേശിച്ച്‌ കഥാപാത്രം തന്നെയാകുന്ന രീതി. ഒരുപാട്‌ അധ്യാപകരിലൂടെയും തിയറ്റര്‍ സംഘങ്ങളിലൂടെയും നടന്മാരിലൂടെയും ഈ സങ്കേതത്തിന്‌ ഒരുപാട്‌ മാറ്റങ്ങളും വളര്‍ച്ചയും കൈവന്നിട്ടുണ്ട്‌.

മര്‍ലിന്‍ ബ്രാണ്ടോ, ജാക്ക്‌ നിക്കോള്‍സണ്‍, റോബര്‍ട്ട്‌ ഡി നിറോ, അല്‍ പചിനോ തുടങ്ങിയ പ്രമുഖരിലൂടെയാണ്‌ സിനിമയിലെ മെത്തേഡ്‌ ആക്റ്റിംഗിന്‌ ഇന്നുള്ള പ്രാധാന്യവും പദവിയും ലഭിക്കുന്നത്‌. റേജിംഗ്‌ ബുള്‍ എന്ന ചിത്രത്തില്‍ ബോക്‌സിംഗ്‌ ലോകചാമ്പ്യനായിരുന്ന 'ല മോട്ട'യെ അവതരിപ്പിക്കാന്‍ ബോക്സിംഗ്‌ പരിശീലിക്കുകയും , ഷൂട്ടിംഗിനിടെ ചില ബോക്സിംഗ്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിക്കുകയും ചെയ്തു ഡി നിറോ. ഇതേ ചിത്രത്തിലെ അവസാന രംഗങ്ങള്‍ക്കായി പിന്നീട്‌ ശരീരഭാരം 60 പൗണ്ട്‌ കൂട്ടുകയും ചെയ്തപ്പോള്‍ അതു മെതേഡ്‌ അക്‌ടിംഗിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമായി. ഗാന്ധിയെ അവതരിപ്പിച്ച കിംഗ്‌സ്‌ലി വെജിറ്റേറിയനാകുകയും, ഗാന്ധിയെപ്പോലെ വസ്ത്രധാരണരീതികള്‍ ശീലിക്കുകയും, ചര്‍ക്ക ഉപയോഗിക്കാന്‍ പഠിക്കുകയും, നിലത്തു കിടന്നുറങ്ങാന്‍ ശീലിക്കുകയും ഗാന്ധിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിക്കുകയും ചെയ്തു സിനിമയ്ക്കു വേണ്ടി.


എണ്‍പതുകളുടെ മധ്യത്തോടെയാണ്‌ ഡാനിയേല്‍ ഡേ ലൂയിസ്‌ സിനിമയില്‍ സജീവമാകുന്നത്‌. മിലന്‍ കുന്‌ദേരയുടെ Unbearable lightness of being ഫിലിപ്പ്‌ കോഫ്‌മാന്‍ ചലച്ചിത്രമാകിയപ്പോള്‍ സങ്കീര്‍ണ്ണമായ ലൈംഗികജീവിതത്തിനുടമയായ തോമാസിനെ അവതരിപ്പിച്ചത്‌ ലൂയിസായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്‌ കഥാപാത്രത്തെ 'ബ്രേക്ക്‌' ചെയ്യാതിരിക്കാന്‍ അദ്ദേഹം ശീലിക്കുന്നത്‌. ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ക്കായി പ്രേഗില്‍ രണ്ടുമാസം വിന്‍ഡോ ക്ലീനറായി ജോലിചെയ്ത്‌ പരിശീലിക്കുകയുമുണ്ടായി. അടുത്ത ചിത്രം ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത My left foot ആയിരുന്നു. cerebral palsy എന്ന രോഗത്താല്‍ ഇടതുകാലൊഴികെ മറ്റൊരവയവവും നിയന്ത്രണവിധേയമല്ലാതിരുന്ന ക്രിസ്റ്റി ബ്രൗണ്‍ എന്ന എഴുത്തുകാരനെ-അദ്ദേഹം ചിത്രകാരനുമായിരുന്നു-അവതരിപ്പിക്കുമ്പോളാണ്‌ ലൂയിസിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പരീക്ഷണങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്‌. ഷൂട്ടിംഗ്‌ കാലത്തുടനീളം വീല്‍ചെയറില്‍ നിന്നും സ്വമേധയ എഴുന്നേല്‍ക്കുകയോ നടക്കുകയോ ചെയ്തില്ല ലൂയിസ്‌. രണ്ടാംനിലയിലെ രംഗങ്ങള്‍ ചിത്രീകരിക്കാനയി അദ്ദേഹത്തെ വീല്‍ചെയറോടെ എടുത്തുകൊണ്ടു-പോകണമായിരുന്നത്രേ. ഏതായാലും ആഴ്‌ചകളോളം വീല്‍ചെയറില്‍ കുന്തിച്ചിരുന്നതു കാരണം രണ്ടു വാരിയെല്ലൊടിഞ്ഞതു മിച്ചം.

ലൂയിസിന്റെ അടുത്ത ചിത്രം ജെയിംസ്‌ കൂപ്പറുടെ ക്ലാസിക്‌ നോവലിന്റെ ചലചിത്രാവിഷ്‌കാരമായ Last of the Mohicans ആയിരുന്നു. 'ഹോക്‌ ഐ' എന്ന കാനനവാസിയെ അവതരിപ്പിക്കാന്‍ ഷൂട്ടിംഗിനു മുന്‍പ്‌ മാസങ്ങളോളം വനത്തില്‍ താമസിക്കുകയുണ്ടായി അദ്ദേഹം. സ്വയം വേട്ടയാടിയ മൃഗങ്ങളും മീനും മാത്രമായിരുന്നത്രേ ഭക്ഷണം. ഓടുന്നതിനിടയില്‍ ഒരു കെന്റക്കി റൈഫിള്‍ തിര നിറക്കാനും നിറെയൊഴിക്കാനും ശീലിച്ചു അദ്ദേഹം. മാര്‍ട്ടിന്‍ സ്കോര്‍സേസിയുടെ സംവിധാനത്തില്‍ age of innocence ആയിരുന്നു അടുത്ത ചിത്രം. വൈകാരികമായ വയലന്‍സ്‌ നിറഞ്ഞ ഈ ചിത്രത്തിലെ സങ്കീര്‍ണ്ണമായ മുഖ്യകഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചു ലൂയിസ്‌. പിന്നീടു വന്ന In the name of the father, Crucible എന്നീ സിനിമകളെക്കുറിച്ച്‌ ഞാന്‍ മുന്‍പൊരു പോസ്റ്റിലെഴുതിയിരുന്നു. In the name of the father എന്ന ചിത്രത്തില്‍ ജയിലിലടക്കപ്പെട്ട ജെറിയെ അവതരിപ്പിക്കാനായി നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞു അദ്ദേഹം. ഈ കാലത്ത്‌ പുറമെയുള്ളവരോട്‌ തന്നെ തെറി പറയാനും ദേഹത്ത്‌ തണുത്ത വെള്ളം ഒഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. ഐറിഷ്‌ പൗരനായ ജെറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഐറിഷ്‌ പൗരത്വം സ്വീകരിക്കുകയുമുണ്ടായി. അടുത്ത ചിത്രമായ ക്രൂസിബിളിനു വേണ്ടി മസാചുസെറ്റ്‌സിലെ ജനവാസമില്ലാത്ത ഒരു ദ്വീപില്‍ പതിനേഴാം നൂറ്റാണ്ടിലെ കൃഷിരീതികളുമായി അദ്ദേഹം കുറെക്കാലം ജീവിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ ജോണ്‍ പ്രോക്ടര്‍ എന്ന ഡാനിയലിന്റെ കഥാപാത്രം ജീവിക്കുന്ന വീട്‌ ഒരു ആശാരി കൂടിയായ ഡാനിയെല്‍ നിര്‍മ്മിച്ചതായിരുന്നു. ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത ബോക്‌സര്‍ ആയിരുന്നു അടുത്ത ചിത്രം. ഈ വേഷത്തിനായി രണ്ടുവര്‍ഷത്തിലധികം ബോക്സിംഗ്‌ പരിശീലിച്ചു ലൂയിസ്‌.
സംവിധായകര്‍ പ്രഗത്‌ഭരാകുമ്പോള്‍ അഭിനേതാക്കള്‍ 'മാസ്‌ക്‌' ചെയ്യപ്പെടുക സ്വഭാവികം. കുറസോവ ചിത്രങ്ങളില്‍ Mifune-ഉം തകാഷി ഷിമുറയും തിളങ്ങിയിരുന്നതായി കാണാം. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും മികച്ച കഥാപാത്രങ്ങളെല്ലാം കുറസോവ ചിത്രങ്ങളില്‍ തന്നെയായിരുന്നു. അന്റോണ്യോണിയുടെയും ഫെല്ലിനിയുടെയും ചില സിനിമകളില്‍ Marcello Mastroianniയും ചില ബെര്‍ഗ്‌മാന്‍ സിനിമകളില്‍ Erland Josephson, Liv Ulman എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അപവാദങ്ങള്‍ വിരളം. ഇവരിലാരും സംവിധായകനെ മാസ്‌കു ചെയ്യാനായിട്ടില്ല എന്നതും ശ്രദ്ധേയം. സ്കോര്‍സെസി എന്ന സംവിധായകന്റെ മികച്ച സംവിധാനവും, ഡികാപ്രിയോ പോലെ വലിയൊരു താരവുമുണ്ടായിട്ടും Gangs of NewYork എന്ന ബ്രഹ്‌മാണ്ഡചിത്രത്തെ രക്ഷിക്കുന്നത്‌ ഡാനിയലിന്റെ ബില്‍ എന്ന കശാപ്പുകാരന്‍ തന്നെ. ഈ ചിത്രത്തോടെ ഡാനിയലിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പുതിയ തലങ്ങളിലെത്തി. ഇറ്റലിയിലെ കൊടും ശൈത്യത്തിലും ഷൂട്ടിംഗിനിടെ 'കോട്ട്‌' ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ന്യൂയോര്‍ക്കില്‍ കോട്ട്‌ നിര്‍മ്മിച്ച വസ്തുക്കള്‍ ഇല്ലായിരുന്നു എന്നതു തന്നെ. ഒടുവില്‍ ന്യുമോണിയ വന്നപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാനും തയ്യാറായില്ല. കാരണം മേല്‍പറഞ്ഞതു തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്റിബയോട്ടിക്കുകള്‍ ഇല്ലായിരുന്നു...അക്ഷരാര്‍ഥത്തില്‍ കഥാപാത്രമായി ജിവിക്കുകയായിരുന്നു അദ്ദേഹം ഈ ചിത്രത്തിലും.

ഭാര്യ റെബേക്ക മില്ലറുടെ സംവിധാനത്തില്‍ വന്ന Ballad of Jack and Rose ആയിരിക്കും ഡാനിയലിന്റെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം. പ്രകൃതിയെക്കുറിച്ചും സാംസ്കാരിക-വ്യതിയാനങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട്‌ വാചാലമായ ഈ ചിത്രം ആശയപരമായും വൈകാരികമായും സങ്കീര്‍ണ്ണമായ ഒന്നായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അകാദമി അവാര്‍ഡ്‌ ഡാനിയലിനു നേടിക്കൊടുത്തത്‌ P.T.Andersonന്റെ സംവിധാനത്തില്‍ എണ്ണവേട്ടയുടെയും വെറുപ്പിന്റെയും ദുരയുടെയും കഥ പറഞ്ഞ There will be Blood എന്ന ചിത്രത്തിലെ മനുഷ്യവിരോധിയായ ഡാനിയല്‍ പ്ലെയിന്‍വ്യൂ എന്ന കഥാപാത്രമാണ്‌. ചിലയിനം നായ്ക്കളെ വളര്‍ത്തുമ്പോള്‍ ശൗര്യവും ആക്രമവീര്യവും വരാനായി ദീര്‍ഘകാലം അടച്ചിടുമെന്നു കേട്ടിട്ടുണ്ട്‌. ആരോടും സ്നേഹമില്ലാത്ത, ദുരയും വിദ്വേഷവും നിറഞ്ഞ ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി ഏഴുമാസത്തോളം ഒരു മുറിയില്‍ തനിച്ചു താമസിക്കുകയുമുണ്ടായി ലൂയിസ്‌.
അഭിനയം വെറും അനുകരണമോ പ്രകടനമോ അല്ലെന്ന് തെളിയിക്കാന്‍, മെത്തേഡ്‌ ആക്‌ടിംഗില്‍ പുതിയ അധ്യായങ്ങള്‍ എഴുതാന്‍ ഇറ്റലിയിലെ ഒരു ചെറുപട്ടണത്തില്‍ ഒരു ചെരുപ്പുകുത്തിയായി ആരുമറിയാതെ ജീവിക്കുന്ന ഈ മനുഷ്യന്‍ ഇനിയും വരുമെന്നു പ്രതീക്ഷിക്കാം.

എഡിറ്റ്: ഏപ്രിൽ 20, 2013

ലിങ്കൺ(2012) എന്ന ചിത്രത്തിലെ ഡേ ലൂയിസിന്റെ ചില ചിത്രങ്ങൾ കൂടി ചേർക്കുന്നു.
അടിമത്തം അവസാനിപ്പിക്കാനുള്ള ബിൽ കോൺഗ്രസിൽ പാസാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ക്ഷീണിതനും stressed out-മായ ലിങ്കണെ ഡേ ലൂയിസ് അവതരിപ്പിക്കുന്ന രീതി കുടുതൽ subtle and feel oriented ആണെന്ന് പറയാം. (മേക്കപ്പിന്റെ സഹായം മാറ്റിനിർത്താവുന്നതല്ലെങ്കിലും മുഖത്തെ ചുളിവുകൾ എങ്ങനെ ലിങ്കന്റെ മാനസിക-ശാരീരികാവസ്ഥകളെ അവതരിപ്പിക്കുന്നു എന്നു ശ്രദ്ധിക്കുക.)എഡിറ്റ് : 12 മെയ് 2015
അഭിനയത്തിന്റെ ചരിത്രത്തെക്കുറിച്ചും മെത്തേഡ് ആക്ടിംഗിനെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്തവിവരണം ഈ വീഡിയോയിൽ കാണാം.


The Origins of Acting and "The Method" from FilmmakerIQ.com on Vimeo.

Tuesday, January 08, 2008

ദി ബാനിഷ്മെന്റ് (2007)

സിനിമകളെ genre അനുസരിച്ചാണ്‌ സാധാരണ തരംതിരിക്കാറുള്ളത്‌. എങ്കിലും അത്രമേല്‍ കൃത്യമല്ലാത്ത ചില മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ അര്‍ത്‌ഥപൂര്‍ണ്ണമായ സിനിമകളെ തരംതിരിക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നോക്കി ഈയിടെ. ഏതെങ്കിലും ചരിത്ര സംഭവത്തിന്റെയോ വ്യക്തിജീവിതത്തിന്റെയോ യഥാതഥമായ അഖ്യാനം നിര്‍വഹിച്ച്‌ ചരിത്രപരമായും രാഷ്ട്രീയപരമായും സ്വയം അടയാളപ്പെടുത്തുന്ന സിനിമകള്‍. ഓള്‍ഗ, സോഫി ഷോള്‍, ഡൗണ്‍ഫാള്‍, Motorcycle Diaries എന്നിവ സമീപകാല ഉദാഹരണങ്ങള്‍. ഇനി മറ്റൊരു തരം, ഫിക്സനോ നോണ്‍ഫിക്ഷനോ ആയ ഒരു അഖ്യാനത്തിലൂടെ ചില പ്രത്യേക ജീവിതാവസ്ഥകളെ തൊട്ടുകൊണ്ട്‌ നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്‌ചകള്‍ സമ്മാനിക്കുന്നവ. The Sea Inside, City of God, Paradise Now എന്നിവയൊക്കെ ഉദാഹരണങ്ങളാക്കാം. ഇനി മൂന്നാമതൊരു വിഭാഗം ദാര്‍ശനിക സമസ്യകളെന്നോ അതീത യാഥാര്‍ത്‌ഥ്യങ്ങളെന്നോ ഒക്കെ വിളിക്കാവുന്ന പ്രാപഞ്ചികമാനങ്ങളുള്ള വിഷയങ്ങളെ തൊട്ടുകൊണ്ട്‌ ജീവിതത്തെക്കുറിച്ച്‌ പറയാതെ പറയുന്ന സിനിമകള്‍. ഇവ അപൂര്‍വവും കാലത്തെ അതിജീവിക്കുന്നതുമാണ്‌. ബെര്‍ഗ്‌മാന്‍, തര്‍കോവ്‌സ്കി, അന്റോണിയോണി തുടങ്ങിയവരുടെയൊക്കെ സിനിമകള്‍ ഇങ്ങനെയൊരു ഉയര്‍ന്ന തലത്തില്‍ ജീവിതത്തെ തൊടുന്നു. ആധുനികതയ്ക്കു ശേഷം ഇത്തരം സിനിമകള്‍ ഏറെ വിരളമായിത്തീര്‍ന്നു. എന്നാല്‍ ഈ ഗണത്തില്‍ ഉള്‍പെടുത്താവുന്ന ഒരു സിനിമ 'Izgnanie' (The Banishment) കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ സിനിമാചരിത്രത്തില്‍ സ്ഥാനം പിടിച്ചു.


മേല്‍പറഞ്ഞത്‌ ഒട്ടും സമഗ്രമല്ലാത്ത ഒരു വര്‍ഗീകരണമാണ്‌. ഒരു പക്ഷേ ഒരു വര്‍ഗീകരണമേ ആകുന്നില്ലായിരിക്കാം. അടുത്ത കാലത്ത്‌ ലോകശ്രദ്ധയാകര്‍ഷിച്ച ചില സിനിമകള്‍ കാലാതിവര്‍ത്തികളായ ബെര്‍ഗ്‌മാന്റെയും തര്‍കോവ്‌സ്കിയുടെയും സിനിമകളുമായി എങ്ങനെ സാമ്യപ്പെടുന്നു എന്ന ആലോചനയിലാണ്‌ ഇങ്ങനെ കാടു കയറിയത്‌. ഒരു സിനിമയുണ്ടാകുമ്പോള്‍ യാഥാര്‍ത്‌ഥ്യത്തെ മാറ്റി നിര്‍ത്താനാകാത്ത വിധം അത്രമേല്‍ ശക്തമാണ്‌ അതിന്റെ സാനിധ്യം. എന്നാല്‍ ഒരു ഉയര്‍ന്ന തലത്തിലുള്ള യാഥാര്‍ത്‌ഥ്യത്തെ പ്രാപിക്കാനായി സംവിധായകന്‌ മറ്റൊരു അതീതലോകത്തെ തന്നെ സൃഷ്‌ടിക്കേണ്ടതായി വരും. അദൃശ്യമായതിനെ ദൃശ്യമാക്കേണ്ടി വരും. ഇത്‌ അതിസങ്കീര്‍ണ്ണമായ ഒരു കാര്യമായതിനാല്‍ തന്നെ ഇതില്‍ വിജയിക്കുക എളുപ്പമല്ല. സിനിമയെ ഇങ്ങനെ ഒരു സ്വപ്ന തലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയുമൊക്കെ വിജയം. Izgnanie(2007) ഈയൊരു തലത്തിലാണു നില്‍ക്കുന്നത്‌.
റഷ്യന്‍ സംവിധായകനായ Andrey Zvyagintsev ന്റെ ആദ്യ ചിത്രമായ The Return(2003) അന്താരാഷ്ട്രീയതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെക്ക്‌ തിരിച്ചെത്തുന്ന ഒരു പിതാവും അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകാതെ പോകുന്ന തിരിച്ചറിവിലേക്കെത്തുന്ന മക്കളുമായുള്ള സങ്കീര്‍ണ്ണമായ ബന്ധമായിരുന്നു 'തിരിച്ചുവരവി'ന്റെ പ്രമേയം. ഏറെ വൈകി ഇനിയൊരു തിരിച്ചുവരവ്‌ അസാധ്യമെന്ന് കാര്യങ്ങള്‍ കൈവിട്ടു പോയപ്പോഴായിരുന്നു മക്കള്‍ അപ്പനിലേക്കെത്തുന്നത്‌. Banishmentലെത്തുമ്പോള്‍ ഏറെക്കുറെ പഴയതു തന്നെ. അമ്മ, അമ്മയെ മനസ്സിലാക്കുകയോ സ്നേഹിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത അപ്പന്‍, തിരിച്ചറിവിലേയ്ക്കെത്തുന്ന മക്കള്‍, കുടുംബാംഗങ്ങള്‍ക്കിടയിലെ സ്നേഹം/സ്നേഹരാഹിത്യം ഒക്കെയാണ്‌ ഈ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളെങ്കിലും സിനിമ എന്ന നിലയില്‍ Banishment, The Returnനെക്കാള്‍ ഏറെ സങ്കീര്‍ണ്ണമാണ്‌. മനോഹരമായൊരു ചിത്രപ്രശ്നം പോലെ സങ്കീര്‍ണ്ണം.

റഷ്യയിലെ വിജനമായൊരു പട്ടണപ്രാന്തപ്രദേശത്തു കൂടി ഭ്രാന്തമായ വേഗത്തില്‍ ഒരാള്‍ കാറോടിച്ചു പോകുന്ന അതിസുന്ദരമായൊരു ഷോട്ടിലാണ്‌ ചിത്രം തുടങ്ങുന്നത്‌. കാറിനെ പിന്തുടരുന്ന ക്യാമറ, തന്റെ കൈയില്‍ തറഞ്ഞ ഒരു വെടിയുണ്ടയെടുത്തു മാറ്റാന്‍ സഹോദരനായ അലക്സിന്റെ (Konstantin Lavronenko) അടുക്കലേക്കു പോകുന്ന Markനെയും സഹോദരനായ അലക്സിനെയും അടുത്ത രംഗത്തില്‍ പരിചയപ്പെടുത്തുന്നു. മാര്‍ക്കിന്റെ കൈയിലെ വെടിയുണ്ട നീക്കിയ ശേഷം തന്റെ കൈയിലെ ചോര അലക്സ്‌ 'പീലാത്തോസിന്റെ കൈ കഴുകല്‍' ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ കഴുകി കളയുന്നു. ഒരു ത്രില്ലറിന്റേതു പോലുള്ള തുടക്കം. അടുത്ത രംഗത്തില്‍ ഗ്രാമത്തിലുള്ള തന്റെ കുട്ടിക്കാലത്തെ വീട്ടിലേയ്ക്കു പുറപ്പെടുന്ന അലക്സിനേയും കുടുംബത്തേയുമാണ്‌ നാം കാണുന്നത്‌. നഗരത്തിലെ ഇടുങ്ങിയ പാര്‍പ്പിടത്തില്‍ നിന്നും തുറസ്സായ ഗ്രാമീണാന്തരീക്ഷം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ അകലം വര്‍ദ്ധിപ്പിക്കുന്നു. ഉരുകാത്ത മൗനം അവരുടെ ജീവിതത്തില്‍ നിറയുന്നു. പെട്ടെന്നൊരുനാള്‍ ഭാര്യയായ 'വേര' ഭര്‍ത്താവിനോടു പറയുന്നു: താന്‍ ഗര്‍ഭിണിയാണെന്ന്; അത്‌ അലക്സിന്റെ കുട്ടിയല്ലെന്ന്. തോല്‍പിക്കപ്പെട്ട ആണത്തത്തിന്റെയും വഞ്ചനയുടെയും ഓര്‍മ്മകള്‍ മഥിക്കുമ്പോള്‍ ഭാര്യയെ കൊല്ലണോ അതോ ക്ഷമിക്കണോ എന്ന സന്ദേഹത്തിലാണ്‌ അലക്സ്‌. ഒടുവില്‍ കുട്ടികളെ പ്രതി ഭാര്യയോടു ക്ഷമിക്കാനും ഗര്‍ഭഛിദ്രം നടത്താനും അലക്സ്‌ തീരുമാനിക്കുന്നു.
അലക്സിന്റെ സഹോദരന്‍ മാര്‍ക്ക്‌ ആണ്‌ അബോര്‍ഷന്‍ നടത്താനായി ഡോക്ടര്‍മാരെ കൊണ്ടുവരുന്നത്‌. അപ്പോഴേയ്ക്കും കുട്ടികളെ അടുത്ത ബന്ധുവീട്ടിലേക്കയക്കുന്നു. അതിനു മുന്‍പ്‌ എല്ലാവരുമൊന്നിച്ച്‌ ഒരത്താഴം. തീര്‍ച്ചയായും 'അന്ത്യ അത്താഴ'ത്തെ ഓര്‍മ്മിപ്പിക്കുന്നത്‌. കളികള്‍ക്കിടയില്‍ കുട്ടികളെപ്പോളൊ മാതാപിതാക്കള്‍ തമ്മിലുള്ള കലഹങ്ങളെപറ്റി സംസാരിക്കുന്നുണ്ട്‌. എതിര്‍പ്പൊന്നും കൂടാതെ ഭര്‍ത്താവിന്റെ തീരുമാനപ്രകാര അബോര്‍ഷനു വിധേയയാകുകയാണ്‌ വേര. അതേ സമയം മറ്റൊരു വീട്ടില്‍, ഗബ്രിയേല്‍ മാലാഖ മറിയത്തെ അറിയിക്കുന്ന 'മംഗളവാര്‍ത്ത'യുടെ ഒരു ചിത്രപ്രശ്നം ഒരുക്കുകയാണു കുട്ടികള്‍. അവര്‍ക്കിടയിലൂടെ, ചിത്രത്തിനു മുകളിലൂടെ നടന്നുപോകുന്ന കറുത്ത പൂച്ച. മുതിര്‍ന്നൊരാള്‍ വന്ന്‌ കുട്ടികളെ പ്രാര്‍ഥിക്കാനിരുത്തുന്നു. സെന്റ്‌ പോള്‍ കൊരിന്ത്യന്‍സിനെഴുതിയ ലേഖനത്തിലെ സ്നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രശസ്തമായ ബൈബിള്‍ ഭാഗം കുട്ടികള്‍ വായിക്കുന്നു. അതേ സമയം മറ്റൊരു ജീവന്‍ അലക്സിന്റെ വീട്ടില്‍ 'പുറത്താക്കപ്പെടുകയാണ്‌.' പ്രസ്തുത ബൈബിള്‍ ഭാഗം പ്രതിപാദിക്കുന്ന പ്രശസ്തമായ രണ്ടു സിനിമകള്‍ ഓര്‍ത്തു പോകുന്നു. കീസ്‌ലോവ്‌സ്കിയുടെ Bleu(1993) പിന്നെ ബന്ധങ്ങള്‍ക്കിടയിലെ സ്നേഹത്തെ/സ്നേഹരാഹിത്യത്തെക്കുറിച്ചു തന്നെ പരാമര്‍ശിച്ച ബെര്‍ഗ്‌മാന്റെ Through a glass darkly (1961). ബൈബിളിലേക്കു കൈ ചൂണ്ടുന്ന ഷോട്ടുകള്‍ക്ക്‌ ഇനിയും ഉദാഹരണങ്ങളുണ്ട്‌ ഈ ചിത്രത്തില്‍.


മേല്‍ സൂചിപ്പിച്ചതു പോലെ പ്രശസ്തമായ ചില ചിത്രരചനകളെ തര്‍കോവ്‌സ്‌കി തന്റെ സിനിമകളില്‍ ഉപയോഗിച്ചിരുന്നു. 'Adoration of Magy' സാക്രിഫൈസിലും "The Lamentation over the Dead Christ" സൊളാരിസിലും കാണാനാകും. "The Lamentation over the Dead Christ" 'ദി റിട്ടേണി'ലും ഉപയോഗിച്ചിരുന്നു. വ്യക്തികള്‍ തമ്മിലുള്ള അകലത്തെയും അന്യവത്‌കരണത്തെയും കാണിക്കാന്‍ വാതിലുകളും ജനലുകളും ഉപയോഗിച്ച രീതി Robert Bresson നെയാണ്‌ ഓര്‍മിപ്പിക്കുന്നത്‌. തുറസ്സായ വിജനപ്രദേശവും അവിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒറ്റ വീടും തീര്‍ച്ചയായും സാക്രിഫൈസിനെ ഓര്‍മ്മിപ്പിക്കുന്നു. ബെര്‍ഗ്‌മാന്‍ ചിത്രങ്ങളുടെ വിഷയങ്ങളോടു സാദൃശ്യമുള്ള ഒരു in door Drama യെ പുറത്തേയ്ക്കെടുക്കുകയാണ്‌ സംവിധായകന്‍ ഇവിടെ. ഇങ്ങനെയുള്ള സാമ്യങ്ങള്‍ കണ്ടെടുക്കാമെങ്കിലും വെറുതെ തര്‍കോവ്‌സ്‌കിയെയും ബെര്‍ഗ്‌മാനെയും പകര്‍ത്തുകയല്ല ഈ ചിത്രം. ചിത്രത്തിന്റെ ആദ്യപകുതി മുനോട്ടു വെയ്ക്കുന്ന കഥാഗതിയെ തീര്‍ത്തും നിരാകരിക്കുകയാണ്‌ അവസാനഭാഗം. അപ്പോഴാണ്‌ ഏറെക്കുറെ ആത്‌മീയമെന്നു പറയാവുന്ന മറ്റൊരു തലത്തിലേയ്ക്ക്‌ ചിത്രം ഉയരുന്നത്‌. മുന്‍പു പറഞ്ഞതുപോലെ ഒരു ചിത്രപ്രശ്നത്തെ അനുസ്മരിപ്പിക്കുന്ന സങ്കീര്‍ണ്ണതയും ഇതൊരു വ്യത്യസ്ഥമായ ചലചിത്രാനുഭവമാക്കുന്നു.

തെളിഞ്ഞ നിറങ്ങളും ഇരുണ്ട നിഴലുകളും നിറഞ്ഞ്‌ അതിമനോഹരമാണ്‌ Mikhail Krichman ന്റെ ഛായാഗ്രഹണം. ദുരന്തപൂര്‍ണ്ണമായ കഥാപാത്രങ്ങളും കഥാഗതിയും നിറഞ്ഞ ഒരു ഇരുണ്ട ചിത്രത്തിന്‌ ഇത്ര മനോഹരമായ ഛായാഗ്രഹണത്തിന്റെ ആവശ്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍, സിനിമ ഒരു സ്വപ്നം പോലെ പുനര്‍നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്‌ഥ്യമാണെന്നും ഒരു സ്വപ്നം മനോഹരമായിരിക്കേണ്ടതുണ്ടെന്നുമാണ്‌ സംവിധായകന്റെ മറുപടി. വീണ്ടും തര്‍കോവ്‌സ്‌കിയുടെയും ബെര്‍ഗ്‌മാന്റെയും സിനിമകളുടെ ദൃശ്യസൗന്ദര്യം ഓര്‍മ്മയില്‍ വരുന്നു. Maria Bonnevie അവതരിപ്പിച്ച വേര കന്യാമറിയത്തിന്റെ പല ചിത്രങ്ങളിലെയും പോലെ ഇളം നീലയോ വെള്ളയോ ആണു ധരിക്കുന്നത്‌ എന്നത്‌ പാതിവ്രത്യത്തെ സൂചിപ്പിക്കുന്നു. അലക്സാണ്ടറിനെ അവതരിപ്പിച്ച Konstantin Lavronenko, തന്റെ അഭിനയത്തിന്‌ കാന്‍ ചലചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടുകയുണ്ടായി. തന്റെ യഥാര്‍ത്‌ഥവ്യക്തിത്വത്തെ മറയ്ക്കാന്‍ സുതാര്യമായ ഒരുപാടു പുറന്തോടുകള്‍ അണിഞ്ഞമനുഷ്യനാണ്‌ അലക്‌സാണ്ടര്‍. തന്റെ വിവാഹജീവിതമത്രയും ആ പുറന്തോടുകള്‍ തകര്‍ത്ത്‌ അയാളെ സ്നേഹിക്കാനുള്ള ശ്രമത്തിലായിരുന്നു വേര. ബന്ധങ്ങളില്‍ മൗനം നിറയുമ്പോള്‍ വൈകാരികമായ ഒരു ശൂന്യത ഉടലെടുക്കുന്നു. ഈ ശൂന്യത താങ്ങാനാകാത്ത വിധം വളരുമ്പോള്‍ തന്റെ ചുറ്റിലും വളരുന്ന ഏകാന്തത വേര അറിയുന്നു. തന്റെ മകനും ഏതു വഴിയ്ക്കാണ്‌ വളരുന്നതെന്ന്‌ അവള്‍ തിരിച്ചറിയുന്നുണ്ട്‌. തന്റെ ഭര്‍ത്താവിന്റെ വൈകാരികമായ പുറന്തോടുകള്‍ തകര്‍ക്കാനുള്ള അവസാനശ്രമവും വിഫലമാകുകയാണ്‌.അലക്സും സഹോദരന്‍ മാര്‍ക്കും തമ്മിലുള്ള ബന്ധത്തിലും നിറഞ്ഞു നില്‍ക്കുന്നത്‌ മൗനം തന്നെയാണ്‌. ബാനിഷ്മെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന സഹോദരബന്ധവും ശ്രദ്ധയര്‍ഹിക്കുന്ന ഘടകം തന്നെയാണ്.

ഒരു തര്‍കോവ്‌സ്‌കി ചിത്രത്തിലല്ലാതെ ഇത്രമാത്രം ശാന്തതയും മൗനവും അനുഭവിക്കുന്നത്‌ ആദ്യം.