Thursday, October 02, 2014

സ്പീൽബെർഗിന്റെ വാർ ഹോഴ്സും അനുബന്ധ ചിന്തകളും...!


While watching 'war horse’ the other day, both me and my eight year daughter were screaming ‘wow’ at couple of occasions.

ഞങ്ങൾ രണ്ടുപേരെയും ഒരേപോലെ അതിശയിപ്പിക്കുകയോ, ആനന്ദിപ്പിക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ചില ചിന്തകൾ പന്കുവെയ്‌‌ക്കാനാണ് ഈ പോസ്റ്റെഴുതുന്നത്.

വാർ ഹോഴ്സ്, സംശയത്തിനിടയില്ലാതെ തന്നെ, ഒരു പോപ്പുലർ ഫിലിമാണ്. അതേസമയം, ഒരു കുതിരയെ പ്രധാനകഥാപാത്രമാക്കുന്പോൾ, മനുഷ്യർ നായകരായ കഥകൾക്കില്ലാത്ത ചില ആഖ്യാനപ്രശ്നങ്ങളുണ്ട്. കഥാഖ്യാനത്തെ മുന്നോട്ടു നയിക്കുന്ന കഥാപാത്രമാണു ‘protagonist’ എന്നതാണു പ്രധാനവീക്ഷണങ്ങളിലൊന്ന്. മനുഷ്യരെപ്പോലെ സ്വയം തീരുമാനമെടുക്കാൻ കഴിവില്ലാത്ത ജീവികളെ പ്രധാനകഥാപാത്രമാക്കുന്പോൾ കഥാഗതിയെ മുന്നോട്ടു നയിക്കാൻ മറ്റുപല ’narrative agent’ കളുടെ സഹായം സ്വീകരിക്കേണ്ടി വരും.

അതേപോലെ, ഹോളിവുഡിലെ പോപ്പുലർ സിനിമകൾക്ക് പൊതുവെയുള്ള ഫോർമാറ്റ് അനുസരിച്ച് പ്രധാനകഥാപാത്രത്തിനോ (കഥാപാത്രങ്ങൾക്കോ) രചയിതാവ്, സാഹചര്യങ്ങൾ വഴിയായി assign ചെയ്യുന്ന ഒരു ഗോൾ, അതു പരിഹരിക്കാനായി കഥാപാത്രങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എന്നിവയാണു പ്ലോട്ടിന്റെ പ്രധാനഭാഗം. ഇവിടെ, കുതിരയാണു പ്രധാന കഥാപാത്രം എന്നതുകൊണ്ട്, പ്രധാനകഥാപാത്രത്തിനു ഒരു ഗോൾ assign ചെയ്യാനാകില്ല. കൄത്യമായ ഒരു ഗോൾ assign ചെയ്തിട്ടില്ലാത്തതുകൊണ്ടു തന്നെ, പോപ്പുലർ സിനിമകളുടെ സ്‌‌ഥിരം template ഇവിടെ ഉപയോഗിക്കാനുമാകില്ല. ‘വാർ ഹോഴ്സ്’ ആഖ്യാനത്തിലുള്ള ഈ രണ്ടു വെല്ലുവിളികളെയും മനോഹരമായിത്തന്നെ പരിഹരിച്ചു എന്നാണെനിക്കു തോന്നിയത്.

കഥാപാത്രങ്ങൾ മനുഷ്യരാകുന്പോൾ, അവരുടെ perspective-ഉം കാഴ്ചയും അവതരിപ്പിക്കാൻ POV shot, OTS shot എന്നിങ്ങനെ പല മാർഗങ്ങളുണ്ട്. എന്നാൽ പ്രധാന കഥാപാത്രം കുതിരയാകുന്പോൾ ഈ മെത്തേഡുകളൊന്നും ഫലപ്രദമാകില്ല. അതിനു സ്പീൽബെർഗ് കണ്ടെത്തുന്ന പരിഹാരങ്ങളിലൊന്ന് ഇതാണ്.


സിനിമയിലെ പ്രധാനപ്പെട്ട ഒരധ്യായത്തിന്റെ തുടക്കമാണിത്. കുതിരയുടെ ലോകത്തേയ്‌‌ക്കു കടന്നുവരുന്ന പുതിയൊരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നൊരു function കൂടിയുണ്ട് ഈ ഷോട്ടിന്. ഒരു ഇരുണ്ട തൊഴുത്തിൽ പൂട്ടിയ കുതിരയുടെ അടുത്തേയ്‌‌ക്ക് വാതിൽ തുറന്നു വരുന്ന പെൺകുട്ടി കുതിരയെ കണ്ട് ഭയന്ന് പിന്തിരിഞ്ഞോടുന്നു. ഇത്, കുതിരയുടെ കണ്ണിൽ പ്രതിഫലിക്കുന്ന രീതിയിൽ ഒരൊറ്റ ഷോട്ടിൽ അവതരിപ്പിക്കുന്നതിലൂടെ, ആ കഥാപാത്രത്തെ കുതിരയുടെ കഥയുമായി കൂട്ടിയിണക്കുന്നു.

'വാർ ഹോഴ്സ്' ഒരു വാർ മൂവിയല്ല. ഒന്നാം ലോകയുദ്ധം പ്രധാനപശ്ചാത്തലമായി വരുന്നെന്കിലും യുദ്ധമല്ല ഇവിടെ പ്രധാന വിഷയം. പലനാടുകളിലുള്ള കുറെ ആളുകളെയും സംഭവങ്ങളെയും, അതുവഴി അവരിലെ മാനവികതയെയും കൂട്ടിയിണക്കുന്ന കണ്ണിയാണിവിടെ കുതിരയെന്ന പ്രധാനകഥാപാത്രം. ആ കഥയുടെ പശ്ചാത്തലം എന്ന രീതിയിലുള്ള പ്രാധാന്യം മാത്രമേ യുദ്ധത്തിനുള്ളൂ. അതുകൊണ്ടു തന്നെ, യുദ്ധത്തിന്റെ ഭീകരതകൾ ഈ സിനിമയിലില്ല. എന്നാൽ കൌമാരപ്രായക്കാരായ രണ്ടു ആൺകുട്ടികളെ പട്ടാളക്കാർ വെടിവെച്ചു കൊല്ലുന്ന ഒഴിവാക്കാനാകാത്ത ഒരു രംഗമുണ്ടു സിനിമയിൽ. ആ രംഗത്താവട്ടെ, ശ്രദ്ധാപൂർവമുള്ള staging and blocking ഉപയോഗിച്ച് വയലൻസ് മ്യൂട്ടു ചെയ്യുകയാണു സ്പീൽബെർഗ് ചെയ്യുന്നത്.

ഒരു കാറ്റാടിയന്ത്രത്തിന്റെ ബ്ലേഡുകൾക്കൊണ്ട് ദൄശ്യം ഭാഗികമായി മറയുന്ന രീതിയിൽ, മുകളിൽ നിന്നുള്ള ഒരു extreme long shot ആയിട്ടാണു സ്പീൽബെർഗ് ഈ രംഗം സ്റ്റേജു ചെയ്യുന്നത്. ശരിക്കും ഒന്നിലധികം ഷോട്ടുകളിൽ വരേണ്ട ഒരാക്ഷനെ സ്പീൽബെർഗ് ഒരൊറ്റ ഷോട്ടിലേക്കു ഒതുക്കുന്നു. ഈ ഷോട്ടിന്റെ ആദ്യഭാഗം, ഒരു 'establishing shot' പോലെ വർക്ക് ചെയ്യുന്നു. പട്ടാളക്കാരെയും കൊല്ലപ്പെടാൻ പോകുന്ന കുട്ടികളെയുമൊക്കെ ഹെഡ്‌‌ലൈറ്റിന്റെ പരിമിതമായ വെളിച്ചത്തിൽ നമുക്കു കാണാം.


പെട്ടെന്ന്, കറങ്ങുന്ന കാറ്റാടിയന്ത്രത്തിന്റെ ബ്ലേഡു കൊണ്ട് കുട്ടികൾ നിൽക്കുന്ന ഭാഗം ഭാഗികമായി മറയുന്നു. വെടിവെക്കുന്നത് അതേ നിമിഷമാണ്.കാറ്റാടിയന്ത്രത്തിന്റെ ബ്ലേഡ് കറങ്ങിമാറിക്കഴിയുന്പോൾ വെടികൊണ്ട് മരിച്ചുകിടക്കുന്ന കുട്ടികളെ കാണാം.


ഈ രംഗം stage ചെയ്തിരിക്കുന്ന രീതിയുടെ പ്രത്യേകതകൾക്കൊണ്ട് ഇതിലെ വയലൻസിന്റെ ഭീകരത പ്രേക്ഷകരിലെത്തുന്നില്ല. ( ഈയൊരൊറ്റ രംഗം കാരണം R റേറ്റിംഗ് കിട്ടേണ്ടിയിരുന്ന സ്ഥാനത്ത് PG-13 റേറ്റിംഗിലൊതുങ്ങും). 

സിനിമയിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ, Tom Hiddleston ക്യാപ്റ്റൻ നിക്കോളാസ് കൊല്ലപ്പെടുന്ന രംഗവും എഡിറ്റിംഗ് ഉപയോഗിച്ച് വയലൻസ് മ്യൂട്ട് ചെയ്യുന്നതിനു ഉദാഹരണമാണ്. ഈ രംഗത്താകട്ടെ വൈകാരികത വരുന്നത് സ്ലോ മോഷൻ, സൈലൻസ് എന്നിവയുടെ കോന്പിനേഷനിലൂടെയാണ്. സ്പീൽബെർഗ് ഈ രംഗം സംവിധാനം ചെയ്തതെങ്ങനെയെന്ന് Tom Hiddleston വിവരിക്കുന്നത് ഈ വീഡിയോയിൽ കാണാം.

https://www.youtube.com/watch?v=n-gP9dzD4vw

ഈ സിനിമയിൽ, ആദ്യഭാഗത്ത് വളരെ മനോഹരമായി എനിക്കു തോന്നിയ ഒരു ട്രാൻസിഷൻ.

'സിനിമാറ്റിക് ആർട്ട്' രണ്ടുതരമുണ്ടെന്നാണു ഞാൻ കരുതുന്നത്. ആർട്ട് സിനിമകൾ എന്നു വിളിക്കപ്പെടുന്ന, പ്രേക്ഷകരുടെ ചിന്തയെ inspire ചെയ്യുന്ന സിനിമകൾ മാത്രമല്ല സിനിമാറ്റിക് ആർട്ട്, മറിച്ച്, ഇതുപോലെയുള്ള സൌന്ദര്യത്തെ inspire ചെയ്യുന്ന നുറുങ്ങുകളും കൂടുതൽ എഫിഷ്യന്റായ നറേറ്റീവ് ടെക്നിക്കുകളും സിനിമാറ്റിക് ആർട്ട് തന്നെയാണ്. രണ്ടാമത്തേത് ക്രാഫ്റ്റുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നു മാത്രം.

വാർ ഹോഴ്സ്, ഓസ്കാർ നോമിനേഷനൊക്കെ കിട്ടിയെന്കിലും സ്പീൽബെർഗിന്റെ മറ്റുസിനിമകൾ പോലെ സ്വീകരിക്കപ്പെടാതെ പോയ ഒന്നാണ്. സ്പീൽബെർഗിന്റെ ഫിലിമോഗ്രഫിയിൽ പെട്ടെന്ന് ഓർമ്മ വരുന്നത് ഇ.ടി.യും ജുറാസ്സിക് പാർക്കും ഇന്ത്യാന ജോൺസും പോലുള്ള, കുട്ടികൾക്കുള്ള അഡ്വഞ്ചർ സിനിമകളും സേവിംഗ് പ്രൈവറ്റ് റയാനും ഷിൻഡ്‌‌ലേഴ്സ് ലിസ്റ്റും പോലുള്ള വാർ മൂവികളുമാണ്. വാർ ഹോഴ്സ് ആകട്ടെ, മുഖ്യമായും കുട്ടികൾക്കുള്ള നോവലിന്റെ അഡാപ്റ്റേഷനെന്ന നിലയിലും ആഖ്യാനം കൊണ്ടും കുട്ടികൾക്കുള്ള വാർ-അഡ്വഞ്ചർ ഫിലിമാണ്. യുദ്ധം പ്രധാന പശ്ചാത്തലമായി വരുന്നതുകൊണ്ടാവണം, കുട്ടികൾക്കുള്ള സിനിമ എന്ന രീതിയിലായിരുന്നില്ല 'വാർ ഹോഴ്സ്' മാർക്കെറ്റ് ചെയ്യപ്പെട്ടത്. സേവിംഗ് പ്രൈവറ്റ് റയാൻ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ ‘വാർ ഹോഴ്സ്’ നിരാശപ്പെടുത്തുകയും ചെയ്തു. സ്പീൽബെർഗിന്റെ expertise-ൽ പെടുന്ന രണ്ടു ജനുസ്സുകളുടെ മിശ്രണമായിട്ടും, പല കാരണങ്ങൾക്കൊണ്ട് ടാർഗെറ്റ് ഓഡിയൻസിലെത്താൻ കഴിയാതെപോയതാണ്, വാർ ഹോഴ്സിന്റെ ആപേക്ഷിക പരാജയത്തിനു കാരണം എന്നു തോന്നുന്നു.

റിയലിസ്റ്റിക്കല്ല, ആയിരക്കണക്കിനു മനുഷ്യർ കൊല്ലപ്പെടുന്പോൾ കുതിരയുടെ കഥ പറയുന്നു, കുതിര മനുഷ്യരെപ്പോലെ പെരുമാറുന്നു, നറേഷൻ disjointed ആയി തോന്നുന്നു എന്നിങ്ങനെ പല വിമർശനങ്ങളുണ്ട് ഈ സിനിമയ്‌‌ക്കെതിരെ. Thematic profundity എല്ലാ സിനിമകളും വലയിരുത്താനുപയോഗിക്കേണ്ട മാനദണ്ഡമാണെന്ന് എനിക്കഭിപ്രായമില്ല. എല്ലാവരും ബെർഗ്മാനല്ലല്ലോ. അതേ പോലെ, യുദ്ധത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നു എന്നത് യാഥാർത്ഥ്യമാണെന്കിലും, യുദ്ധം പശ്ചാത്തലമായി വരുന്ന എല്ലാ സിനിമയിലും ഈ വിഷയം പ്രധാനമാകണം എന്നു വാശിപിടിക്കുന്നതിലും കാര്യമില്ലെന്നു തോന്നുന്നു. ഇതു തികച്ചും വ്യത്യസ്ഥമായൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ്, ആളുകളുടെ മരണവും യുദ്ധത്തിന്റെ അനീതിയും ക്രൂരതയുമൊക്കെ കൈകാര്യം ചെയ്യുന്നത് മറ്റൊരു സിനിമയായിരിക്കും. അൽപം മുതിർന്ന കുട്ടികൾക്കുള്ള സിനിമയായി കണ്ടാൽ മറ്റു വിമർശനങ്ങളിലും കാര്യമൊന്നുമില്ലെന്നു മനസ്സിലാകും. എനിക്കു തോന്നുന്നു, വളരെ കുട്ടിക്കാലത്തെ തന്നിലുണ്ടായിരുന്ന ഒരു child like wonder പുനസൄഷ്ടിക്കാനാണു സ്പീൽബെർഗ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന്. ഈ സിനിമ ആസ്വദിക്കാനും ഒരു child like wonder പ്രേക്ഷകരിലുണ്ടായിരിക്കണമെന്നു തോന്നുന്നു.