Sunday, November 29, 2009

എറിക്കിനെ അന്വേഷിക്കുമ്പോൾ (2009)


ലോകസിനിമയുടെ മുൻപേ നിന്ന ചരിത്രമാണ് കാൻസ് ഫിലിം ഫെസ്റ്റിവലിനുള്ളത്. ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഇരുപത് സിനിമകളിൽ ബഹുഭൂരിപക്ഷത്തിന്റെയും പൊതുസ്വഭാവം സൂചിപ്പിക്കുന്നത്, ഇന്നത്തെ ലോകസിനിമ, പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഒന്നാകുന്നു എന്നാണ്. സിനിമയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സാമ്പ്രദായികമായി നിലവിലുള്ള ധാരണകൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്ന വസ്തുത വരും കാലസിനിമയുടെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ വരുത്തിയേക്കാം. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നായിരുന്നു റിയലിസ്റ്റിക് സ്വഭാവമുള്ള സോഷ്യൽ ഡ്രാമകളിലൂടെ ലോകസിനിമയിൽ സ്വന്തമായ സ്ഥാനമുറപ്പിച്ച കെൻ ലോച്ചിന്റെ പുതിയ ചിത്രം Looking for Eric (2009). ഈ ചിത്രം, നമ്മെ വേദനിപ്പിച്ചുകൊണ്ട് തുടങ്ങി, ചിരിപ്പിച്ചുകൊണ്ട് അവസാനിക്കുന്നു. ഗൌരവത്തോടെ തുടങ്ങി, നിസ്സാരതയിൽ അവസാനിക്കുന്നു.

ചിത്രത്തിൽ രണ്ട് എറിക്ക് ഉണ്ട്. ഒന്ന് വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന, ശാരീരികമായും മാനസികമായും തളർന്ന, പരാജയപ്പെട്ടൊരു പോസ്റ്റ്മാൻ, എറിക് ബിഷപ്പ്. രണ്ടാമത്തേത്ത് flawed genius എന്നു വിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എറിക് കാന്റൊണ. ആകെ തകർന്ന ഒരു മനുഷ്യനെയാണു ആദ്യത്തെ എറിക്കിലൂടെ നമ്മളാദ്യം കാണുന്നത്. നിസ്സാരനായൊരു മനുഷ്യൻ. നിസ്സാരമായൊരു ജോലി. അയാളുടെ മക്കളാകട്ടെ അയാളെ ഒട്ടുമേ വകവെക്കുന്നുമില്ല. കൂടെ പരാജയപ്പെട്ടൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കുറ്റബോധവും. എറിക് കാന്റൊണ ഈ പോസ്റ്റ്മാന്റെ റോൾ മോഡലാണ്. തന്റെ സങ്കടങ്ങളെല്ലാം ഈ മനുഷ്യൻ തുറന്നു പറയുന്നത് മറ്റേ എറിക്കിനോടാണ്. ഹൃദയസ്പർശിയായ തുടക്കം. പക്ഷേ പിന്നീട് സംവിധായകനു താളം തെറ്റുന്നു. താളം തെറ്റുന്നു എന്നല്ലാതെ താളം നഷ്ടപ്പെടുന്നില്ല. മറ്റൊരു ട്രാക്കിലേക്ക് സിനിമ കയറുന്നു. നമ്മൾ കണ്ടു തുടങ്ങുന്ന സിനിമയിലല്ല നമ്മൾ അവസാനിക്കുന്നത്.

ആദ്യപകുതി മുഴുവൻ പ്ലോട്ടിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയാണു സംവിധായകൻ. ഒരു കഥാപാത്ര-കേന്ദ്രീകൃത ഡ്രാമയെന്നു തോന്നിക്കുന്ന ചലച്ചിത്രം പിന്നീട് പ്ലോട്ട്-കേന്ദ്രീകൃതമാകുന്നു. എറിക് കാന്റൊണയുടെ സഹായത്തോടെ പോസ്റ്റ്മാൻ എറിക് സ്വയം കണ്ടെത്തുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു. സംഗതി ശുഭം. ഇടയ്ക്ക് നല്ലൊരു ചിരിക്കും വക നൽകുന്നുണ്ട് സംവിധായകൻ. ഒറ്റയൊരു ജനുസ്സിൽ പെടുത്തി ഈ ചിത്രത്തെ നിർവചിക്കുക എളുപ്പമല്ല. ഏറെ വൈകാരികമായ ഡ്രാമയിൽ തുടങ്ങി, കോമഡിയിലവസാനിക്കുന്നു. ഇടയ്ക്ക് ഫാന്റസിയും ക്രൈമും സ്പോർട്സുമെല്ലാം വരുന്നുമുണ്ട്.

ഫുട്ബോളിന്റെയും കോമഡിയുടെയും സാനിധ്യം കാരണം, മൊത്തത്തിലുള്ള ഫീൽ-ഗുഡ് സ്വഭാവം കാരണം വരാൻ പോകുന്ന IFFK–യിൽ പ്രേക്ഷകരെ ആസ്വദിക്കാൻ സാധ്യതയുള്ള സിനിമകളിൽ ഒന്ന്.

Sunday, November 22, 2009

ആൺനോട്ടങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾ : ടരന്റിനോ വേർഷൻ

സാമ്പ്രദായികമായി സിനിമയിൽ പുരുഷന്റെ കുത്തകയായിരുന്ന ക്രൈം, നു‌ആർ(Noir), ആക്ഷൻ, ത്രില്ലർ ജനുസ്സുകളാണു ടരന്റിനോയുടെ തട്ടകം. അദ്ദേഹത്തിന്റെ തീമുകളാകട്ടെ, വിശദമായി പ്ലാൻ ചെയ്യപ്പെട്ട (പ്രതികാരമടക്കം) കുറ്റകൃത്യങ്ങളെക്കുറിച്ചും, അക്രമവാസനയെന്ന മനുഷ്യമനസ്സിന്റെ അധോലോകങ്ങളെക്കുറിച്ചുമാകുമ്പോൾ തന്നെ സിനിമയുടെ ചരിത്രത്തെ കാര്യമായി ഉപയോഗപ്പെടുത്തുന്നു. പുരുഷന്മാരുടെ കുത്തകയായ സിനിമാറ്റിക്-ജനുസ്സുകളിൽ ഇടപെടുന്നു എന്നതുകൊണ്ടു തന്നെ ടരന്റിനോ ചിത്രങ്ങളുടെ ടാർഗെറ്റ് ഓഡിയൻസ് പുരുഷന്മാർ തന്നെ. IMDb-പോലുള്ള ഒരു പോപുലർ ഡാറ്റാബെയ്സിലെ user rating ഗ്രാഫുകൾ ഒരു മാനദണ്ഡമായി കരുതിയാൽ, അദ്ദേഹത്തിന്റെ സിനിമകൾ കാര്യമായി ആസ്വദിച്ചിട്ടുള്ളവരും പുരുഷന്മാർ തന്നെ.

മെയിൻസ്ട്രീം ഹോളിവുഡിൽ ടരന്റിനോ തന്റെ സ്ഥാനമുറപ്പിക്കുന്നത് റിസർവോയർ ഡോഗ്സ്, പൾപ്പ് ഫിക്ഷൻ എന്നീ ക്രൈം ഡ്രാമകളിലൂടെയാണ്. പുരുഷപ്രേക്ഷകനെ ഉന്നം വെയ്ക്കുന്ന സംവിധായകൻ തന്റെ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങളെന്ന നിലയിൽ, സ്വഭാവികമായും ഈ രണ്ടു ചിത്രങ്ങളും പുരുഷന്മാരെ (കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പുരുഷമനസ്സുകളെ) കുറിച്ചുള്ളവയായിരുന്നു. എന്നാൽ, അവഗണിക്കപ്പെടാനാവാത്ത പ്രാധാന്യം ഹോളിവുഡിൽ നേടിയെടുത്തതിനു ശേഷമുള്ള ടരന്റിനോ ചിത്രങ്ങളിലെ ആവർത്തിക്കപ്പെടുന്ന പൊതുഘടകമായ സ്ത്രീസാന്നിദ്ധ്യത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

ജാക്കിബ്രൌൺ മുതൽ ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് വരെയുള്ള സിനിമകളെല്ലാം പുരുഷന്മാരിൽ നിന്നും ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളെയാണ് കേന്ദ്രസ്ഥാനത്തു നിർത്തുന്നത്. ജാക്കി ബ്രൌണിൽ ജാക്കിയുടെ സാമ്പത്തികമായ പരാധീനതകളെ ചൂഷണം ചെയ്യുന്നവനാണു മുഖ്യപുരുഷകഥാപാത്രമായ ഓർഡെൽ റോബി (Samuel L. Jackson). ഷൂൾസ് ഡാസിൻ, ഴാങ്-പിയറി മെൽവിൽ തുടങ്ങിയവരൊക്കെചേർന്ന് രൂപപ്പെടുത്തിയ ആദ്യകാല നിയോ-നു‌ആർ മാതൃകയിലാണു ടരന്റിനോ ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ‘കിൽ-ബിൽ’ സീരീസിൽ താനനുഭവിച്ച കൊടിയ വഞ്ചനയ്ക്കു പ്രതികാരം ചെയ്യാനിറങ്ങുന്നവളാണു നായിക. കിൽ-ബിൽ ചിത്രങ്ങളുടെ മാതൃക, ടരന്റിനോയുടെ ചെറുപ്പകാലത്ത്, ജനക്കൂട്ടത്തെ ആകർഷിച്ചിരുന്ന മാർഷ്യൽ ആർട്സ് ചിത്രങ്ങളുടേതാണെങ്കിലും ഘടനാപരമായി ഗൊദാർദിന്റെ My life to Live എന്ന ചിത്രവുമായി ഏറെ സാമ്യമുണ്ട്. 70-കളിലെ ബി-മൂവിയുടെ മാതൃകയിലാണു ഡെത്ത് പ്രൂഫ് എന്ന ചലച്ചിത്രം. സുഹൃത്തായ റോബർട്ട് റോഡ്രിഗസിന്റെ Planet Terror–മായി ചേർന്ന് ഡബിൾ ഫീച്ചർ ആയാണ് ഈ സിനിമ റിലീസ് ചെയ്തത്. 70-കളിലെ നിലവാരമില്ലാത്ത ചലചിത്രങ്ങൾ കാണിച്ചിരുന്ന നിലവാരമില്ലാത്ത തിയറ്ററുകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ, ഫിലിം പൊട്ടുന്നതും ഇമേജ് തെളിയാതെ വരുന്നതും വലിയുന്നതുമെല്ലാം രസകരമായി അവതരിപ്പിക്കുന്നുണ്ട് ഈ സിനിമയിൽ. അകാരണമായി സ്ത്രീകളെ ആക്രമിക്കുന്ന, സ്റ്റണ്ട്മാൻ മൈക്ക് ആണ് ചിത്രത്തിലെ മുഖ്യപുരുഷകഥാപാത്രം. ഒരു ടെസ്റ്റ് ഡ്രൈവിനു പോകുന്ന, ഹോളിവുഡ് സ്റ്റണ്ട് ഡബിൾ സോയ് ബെൽ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സംഘത്തെ മൈക്ക് ആക്രമിക്കുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. പുരുഷന്മാരെ വെല്ലുന്ന സ്റ്റണ്ട് പ്രകടനങ്ങളാണ് ഓടുന്ന കാറിന്റെ മുകളിൽ സോയ് ബെൽ അവതരിപ്പിക്കുന്നത്. ഒടുവിൽ മൈക്കിന്റെ പരാജയത്തോടെ സിനിമ അവസാനിക്കുന്നു. ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സിലാവട്ടെ സാക്ഷാൽ ഹിറ്റ്ലർ തന്നെയാണു വില്ലൻ. ഹോളിവുഡിലെ ബ്രാഡ് പിറ്റ് ഉൾപ്പെടുന്ന പ്ലോട്ട്, ഷോഷാന നായികയാവുന്ന മെയിൻ പ്ലോട്ടിനു സമാന്തരമായി നീങ്ങുന്നതേയുള്ളൂ. ടൈറ്റിൽ റോൾ ചെയ്യുന്ന ബ്രാഡ് പിറ്റിന്റെ നായകസംഘം പരാജയപ്പെടുന്നിടത്ത്, ഷോഷാന വിജയം കാണുന്നു. Western, Fantasy, war ഒന്നിലധികം ജനുസ്സുകളുടെ സ്വഭാവങ്ങൾ ഈ ചിത്രത്തിൽ ഉൾചേർന്നിരിക്കുന്നു.

ടരന്റിനോയുടെ സ്ത്രീകൾ സുന്ദരികളും ലൈംഗികമായി പുരുഷനെ ആകർഷിക്കാൻ കഴിവുള്ളവരുമാണെങ്കിലും, അത്യന്തികമായി ടരന്റിനോ ചിത്രങ്ങൾ ഈ സ്ത്രീജീവിതങ്ങളിലേക്കുള്ള നോട്ടം തന്നെയാണെങ്കിലും ഈ ‘കഥാപാത്രങ്ങളെ’ കഥാപരമായോ മറ്റു തരത്തിലോ ലൈംഗികമായി സംവിധായകൻ ഉപയോഗിക്കുന്നില്ല, അഥവാ ഇവരുടെ ലൈംഗികത പ്രേക്ഷകന്റെ കാഴ്ചയ്ക്കു വെച്ചുകൊടുക്കുന്നില്ല. എന്നാൽ ഈ സ്ത്രീകളെല്ലാവരും തങ്ങളുടെ ലൈംഗികതയെ സമർഥമായി ഉപയോഗിക്കുന്നവരാണു താനും. ജാക്കി ബ്രൌൺ എന്ന ചിത്രത്തിൽ, തന്റെ പദ്ധതിയിൽ ഭാഗമാകാൻ ‘മാക്സ് ചെറി’യെ (അറുപതുകളിലെ ഫ്രെഞ്ച് നോയിർ ഫിലിമുകളിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന ശരീരഭാഷയും മിതത്വമുള്ള അഭിനയവും കൊണ്ട് മാക്സ് ചെറിയെ അവതരിപ്പിക്കുന്നത് Robert Forster) ജാക്കി ആകർഷിക്കുന്നത് തന്റെ ലൈംഗികതയുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിലൂടെയാണ്. ഒരുവേള, ജാക്കി തന്നെ പ്രണയിച്ചേക്കുമെന്ന ചിന്തയും ആഗ്രഹവും അയാളിലുണ്ടാകുന്നുണ്ട്. ജാക്കി ബ്രൗൺ എന്ന കേന്ദ്രകഥാപാത്രമായി പാം ഗ്രിയർ എന്ന നടിയെ കാസ്റ്റ് ചെയ്തതിലുമുണ്ട് അല്പം സിനിമാചരിത്രം. 70- sexploitation, blacksploitation ജനുസ്സുകളിൽ പെട്ട ബി-മൂവികളിലെ സ്ഥിരം നായികയായിരുന്നു പാം ഗ്രിയർ. അവരുടെ ആദ്യകാലവേഷങ്ങളിൽ പ്രമുഖമായ ഒന്നാണ് ഫോക്സി ബ്രൗൺ (1974) എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ജാക്കി ബ്രൗൺ എന്ന ടരന്റീനോ ചിത്രത്തിന്റെ പേരും ആ കഥാപാത്രവും ഫോക്സി ബ്രൗണിനെ തീർച്ചയായും ഓർമ്മയിൽ കൊണ്ടുവരും. ഫോക്സി ബ്രൗൺ എന്ന ചിത്രത്തിന്റെ പ്രമേയവുമായി ജാക്കി ബ്രൗണിന് പല സമാന്തരങ്ങളും കാണാൻ സാധിക്കും. രണ്ടു ചിത്രങ്ങളിലും ഒരു പറ്റം ഗാംഗ്സ്റ്റർമാരെ നേരിടുന്ന സ്ത്രീയുടെ വേഷമാണു പാം ഗ്രിയറിന്. ഫോക്സി ബ്രൗണിൽ ആ നേരിടൽ കൂടുതലും ശാരീരികമാണെങ്കിലും ജാക്കി ബ്രൗണിൽ അതു കൂടുതലും മാനസികമാണ്. ഫോക്സി ബ്രൗണിൽ സ്ത്രീലൈംഗികതയുടെ ഉപയോഗം ഏറെ പ്രത്യക്ഷമാണെങ്കിൽ, ജാക്കി ബ്രൗണിൽ അത് ഏറെ സമർത്ഥവും subtle-ലുമാണ്.

ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സിൽ, ജർമ്മൻ പട്ടാളക്കാരനു തന്നോടുള്ള അഭിനിവേശത്തെയാണ് ഷോഷന സമർത്ഥമായി ഉപയോഗിക്കുന്നത്. ഡെത്ത് പ്രൂഫിൽ, സ്റ്റണ്ട്മാൻ മൈക്ക് സ്ത്രീകളെ ആക്രമിക്കാൻ കാരണം sexual frustration ആയിരിക്കാമെന്നതിനു സൂചനയായി മൈക്കിന്റെ വൈരൂപ്യത്തെ കാണാവുന്നതാണ്. ടരന്റിനോയുടെ നായികമാരാരും തന്നെ കഥാന്ത്യത്തിൽ ആൺകൂട്ട് തേടി പോകുന്നവരല്ല. ഏതെങ്കിലുമൊക്കെ തരത്തിൽ അതിജീവനത്തിനു ശ്രമിക്കുന്നവരാകുമ്പോൾ തന്നെ (ഷോഷാനയുടെ അതിജീവനശ്രമത്തിനു രാഷ്ട്രീയ-സാമൂഹ്യമാനങ്ങളാണുള്ളത്, അതേസമയം ജാക്കിയുടെ ശ്രമം സാമ്പത്തികമായ അതിജീവനമാണ്. ഡെത്ത് പ്രൂഫിലെ പെൺകുട്ടികളുടേതാകട്ടെ ജീവന്മരണ പോരാട്ടമാണ്) അതൊരിക്കലും വൈകാരികമോ ലൈംഗികമോ അല്ല. സ്ത്രീയെന്നാൽ വികാരജീവിയും ലൈംഗികജീവിയും പുരുഷന്റെ തണലിൽ നിൽക്കേണ്ടവളുമാണെന്ന, ജനപ്രിയ സിനിമയുടെ കാലങ്ങളായുള്ള പാഠങ്ങളെയാണ് ഈ കഥാപാത്രങ്ങൾ വെല്ലുവിളിക്കുന്നത്.

സ്ത്രീകളെ ഹീറോയിക് പരിവേഷത്തോടെ അവതരിപ്പിക്കുന്ന ഹോളിവുഡിലെ ഏക ജനപ്രിയ സംവിധായകനൊന്നുമല്ല ടരന്റിനോ. കോയെൻ ബ്രദേഴ്സിന്റെ ‘ഫാർഗോ’ എന്ന സിനിമയിലെ മാർജിയെ ഓർമ്മയില്ലേ? സ്ത്രീയെന്ന ‘പോരായ്മ’യ്ക്കു പുറമെ ഗർഭിണികൂടിയായിരിക്കെയാണ് മാർജി രണ്ട് കൊലയാളികളെ പിന്തുടരുന്നത്. പക്ഷേ, ഇവിടെ മാർജിയ്ക്ക് സ്വത്വപ്രശ്നങ്ങളില്ല; അതിജീവനമല്ല മാർജിയുടെ വിഷയം. കൂടാതെ പോലീസ് എന്ന അധികാരവും കൂട്ടിനുണ്ട്. എന്നാൽ ജാക്കിയും ഷോഷാനയും സ്വത്വപ്രശ്നങ്ങളുള്ളവരാണ്. തൊലിയുടെ നിറവും പ്രായവും ഭൂതകാലവും ജാക്കിയ്ക്ക് പ്രതികൂലഘടകങ്ങളാകുമ്പോൾ, ഷോഷാനയ്ക്ക് തന്റെ ‘ജൂതസത്വം’ തന്നെയാണ് പ്രശ്നം.

സ്ത്രീകളെ ഹീറോയിക് പരിവേഷത്തോടെ അവതരിപ്പിക്കുമ്പോഴും ടരന്റിനോയുടേത് സ്ത്രീപക്ഷ സിനിമകളല്ല. ജാക്കിയുടെയോ സോയിയുടെയോ ഷോഷാനയുടേയോ വീക്ഷണകോണിൽ നിന്നല്ല നമ്മളൊരിക്കലും സംഭവങ്ങളെ കാണുന്നത്. മറിച്ച്, പ്രേക്ഷകൻ വെറുമൊരു കാഴ്ചക്കാരനും, സംവിധായകൻ, ഈ കാഴ്ചകൾ നമ്മെ കാണിച്ചു തരുന്ന facilitator-ഉം മാത്രമാണ്. ജാക്കിയുടെ നീണ്ട നടത്തങ്ങളെ കാഴ്ചപ്പെടുത്തുന്ന ദൈർഘ്യമേറിയ ട്രാക്കിംഗ് ഷോട്ടുകളുടെ വീക്ഷണകോൺ ശ്രദ്ധിക്കുക. കിൽ-ബിൽ ചിത്രങ്ങളിൽ ട്രാക്കിംഗ് ഷോട്ടുകളിലൂടെ ബ്രൈഡിനെ പിന്തുടരുമ്പോഴും ക്യാമറ കഥാപാത്രവുമായി ഇതേ അകലം സൂക്ഷിക്കുന്നു. കഥാപാത്രങ്ങളെ യാതൊരുവിധ പ്രത്യേക മമതയും കൂടാതെ detached ആയി അവതരിപ്പിക്കുമ്പോൾ, അതിവൈകാരികത എന്ന കെണിയിൽ നിന്നും ഈ സ്ത്രീകളെ സംവിധായകൻ സംരക്ഷിക്കുന്നു. ഒരുപക്ഷേ അതു തന്നെയാണ് ഈ സ്ത്രീകളുടെ ശക്തിയും.

Thursday, November 19, 2009

സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ (1966)

ഈ കുറിപ്പ് അല്പം പഴയൊരു സിനിമയെക്കുറിച്ചാണ്; ചെക്കോസ്ലോവാക്യയിൽ നിന്നുള്ള പ്രമുഖ സംവിധായകരിൽ ഒരാളായ യിരി മെൻസിലിന്റെ 1966-ലെ Closely Observed Trains അഥവാ, ‘സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ’ എന്ന ചലച്ചിത്രം, അതിന്റെ പ്രമേയം കൊണ്ടും ആഖ്യാനത്തിലെ ലാളിത്യം കൊണ്ടും, നർമ്മസ്വഭാവം, മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയകാഴ്ചപ്പാട് എന്നിവകൊണ്ടും നമ്മെ ആകർഷിക്കുന്നു. ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് സിനിമയുടെ രംഗപരിസരം. കാലം, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ പടയോട്ടം നടക്കുന്ന സമയം. യുദ്ധത്തെയും യുദ്ധകാലത്തെ ജീവിതത്തെയും കടുംവർണ്ണങ്ങളിൽ വരയാനല്ല, മറിച്ച് ഒട്ടൊരു നർമ്മത്തോടെ, ചില ജീവിതങ്ങളെ സമീപത്തു നിന്നും വീക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.

റെയിൽ‌വേ സ്റ്റേഷനിൽ സിഗ്നൽ കൊടുക്കുന്നയാളുടെ ജോലിയ്ക്ക് ചേരാനൊരുങ്ങുകയാണ് ചെറുപ്പക്കാരനായ മിലോസ് ഹ്‌ർമ. മിലോസ് ഈ ജോലി തെരഞ്ഞെടുക്കാനുള്ള കാരണം, സിഗ്നൽ കൊടുക്കുക എന്നതിലുപരി യാതൊരു അധ്വാനവും ഈ ജോലിക്കു വേണ്ടതില്ല എന്നതു തന്നെ. ബാക്കി സമയം മുഴുവൻ വെറുതെയിരിക്കാം. (മിലോസിന്റെ അച്ഛൻ, 48-വയസ്സിൽ റിട്ടയർ ചെയ്ത്, പെൻഷൻ വാങ്ങി വെറുതെയിരിക്കുന്നു. മുത്തച്ഛൻ ഹിപ്നോട്ടിസം പരിശീലിച്ചത് മറ്റു അധ്വാനമുള്ള ജോലികൾ ചെയ്യാനുള്ള മടി കൊണ്ടാണെന്നു നാട്ടുകാർ പറയുന്നു).

മിലോസിനെ ജോലിയിൽ പരിശീലിപ്പിക്കുന്നത് ഹുബിക്കയാണ്. പക്ഷേ, ജോലിയെക്കാൾ ഹുബിക്കയുടെ താത്പര്യം സ്ത്രീകളുമായി സല്ലപിക്കുന്നതിലാണ്. രാത്രി ജോലിക്കിടയിൽ മിക്കപ്പൊഴും സംഭവിക്കുന്ന ലൈംഗികവേഴ്ചകളുടെ ആലസ്യത്തിൽ, പ്രഭാതത്തിൽ പ്ലാറ്റ്ഫോമിൽ കോട്ടുവായിട്ടു നിൽക്കുന്ന ഹുബിക്കയുടെ ദൃശ്യം പലതവണ ആവർത്തിക്കുന്നുണ്ട്, ഹുബിക്കയുടെ നേരമ്പോക്കുകൾ സ്റ്റേഷൻ മാസ്റ്റർ ലാൻസ്കയെ ഒട്ടൊന്നുമല്ല അരിശപ്പെടുത്തുന്നത്. ഹുബിക്കയുടേതിൽ നിന്നു വ്യത്യസ്തമാണ് മിലോസിന്റെ അനുഭവം. തന്റെ പെൺസുഹൃത്തുമായി ഉണ്ടാകുന്ന ആദ്യസമാഗമത്തിന്റെ തുടക്കത്തിൽ തന്നെ മിലോസിന്റെ ലൈംഗികത ദയനീയമായി പരാജയപ്പെടുന്നു. തന്റെ പൌരുഷത്തെക്കുറിച്ച് ഉത്കണ്ഠാകുലനായ മിലോസ് ആത്മഹത്യയ്ക്കു ശ്രമിക്കുന്നു, എങ്കിലും മരിക്കുന്നില്ല. മിലോസിന്റെ പ്രശ്നം ശീഘ്രസ്ഖലനമാണെന്നും, പ്രവൃത്തിപരിചയമുള്ള ഒരു സ്ത്രീയിൽ നിന്നും പരിശീലനം നേടണമെന്നും ഡോക്ടർ (അവതരിപ്പിക്കുന്നത് സംവിധായകൻ തന്നെ !) മിലോസിനെ ഉപദേശിക്കുന്നു. തുടർന്ന്, തന്നെ പരിശീലിപ്പിക്കാൻ മിലോസ് പലരോടും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ലൈംഗികകാര്യങ്ങളിൽ തന്നെ പരിശീലിപ്പിക്കാൻ സഹായമഭ്യർത്ഥിച്ച് മിലോസ് ഒരു മധ്യവയസ്കയായ സ്ത്രീയെ കാണുന്ന രംഗം അന്നത്തെ സിനിമയുടെ സദാചാരനിയങ്ങളനുസരിച്ച് വിപ്ലവകരമാകുന്നത്, ആ സ്ത്രീ തന്റെ കൈകൾ കൊണ്ട് എന്തു ചെയ്യുന്നു എന്നതിലല്ല, മറിച്ച്, അതെന്തു ദ്യോതിപ്പിക്കുന്നു എന്നതിലാണ്. ഇതിനിടയിൽ, തന്റെ സ്ഥിരം നേരമ്പോക്കുകൾക്കിടയിൽ, ജർമ്മൻ മുദ്രയുള്ള സീലുകൾ ഒരു സ്ത്രീയുടെ ശരീരഭാഗങ്ങളിൽ ഉപയോഗിച്ചതിനെ തുടർന്ന് ഹുബിക്ക കുഴപ്പത്തിലാകുന്നുണ്ട്. സിനിമയുടെ മുഴുവൻ ടോണും ഏതാണ്ട് ഇതുപോലെയാണ്, theatre of the absurd-നെയൊക്കെ ഓർമ്മിപ്പിക്കുന്ന തരത്തിൽ.

ഈ ചലചിത്രത്തിന്റെ കാലഘട്ടം രണ്ടാം ലോകയുദ്ധമാണെന്നു സൂചിപ്പിച്ചതോർക്കുക, യുദ്ധം വാതിൽ‌പ്പടിയിൽ വരുന്നതു വരെ ഈ കഥാപാത്രങ്ങൾ യുദ്ധത്തെക്കുറിച്ച് ആകുലരല്ല; എന്നാൽ യുദ്ധം സമീപത്തെത്തുമ്പോൾ അവർ വീരോചിതമായി പ്രതികരിക്കുന്നുമുണ്ട്. മിലോസ് ഒരു സ്റ്റുഡിയോയിലായിരിക്കുന്ന സമയം സ്ഫോടനങ്ങൾ നടക്കുന്നുണ്ടെങ്കിലും സിനിമ, യുദ്ധത്തിന്റെ അലോസരപ്പെടുത്തുന്ന വിശദാംശങ്ങളിൽ തങ്ങിനിൽക്കുന്നില്ല, ബോധപൂർവ്വം. ആ ചെറിയ തീവണ്ടി സ്റ്റേഷനിൽ കൂടി കടന്നുപോകുന്ന തീവണ്ടികളിൽ ചിലത് ജർമ്മൻ പട്ടാളത്തിനാവശ്യമായ വെടിക്കോപ്പുകൾ വഹിക്കുന്നവയാണ്, ഇവയാണ് സൂക്ഷ്മമായി നിരീ‍ക്ഷിക്കപ്പെടുന്ന തീവണ്ടികൾ, കാരണം അവ കൃത്യസമയം പാലിക്കുന്നു എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇവയിലൊന്നു ബോംബിട്ടു തകർക്കുന്നതിനാണ് ഹുബിക്കയും മിലോസുമൊക്കെ പദ്ധതി തയ്യാറാക്കുന്നത്. അതിനാവശ്യമായ ബോംബുമായി വരുന്ന ഒരു വിപ്ലവപ്രവർത്തക, ഹുബിക്കയുടെ അഭ്യർത്ഥനപ്രകാരം മിലോസിനെ തന്റെ പൌരുഷം തിരിച്ചറിയാൻ പരിശീലിപ്പിക്കുന്നുണ്ട്. അതിനു ശേഷം, മിലോസിനെ നമ്മൾ കാണുന്നതിൽ പോലും വ്യത്യാസമുണ്ട്, പിന്നീടൊരിക്കലും സ്ക്രീനിന്റെ ഉപരിഭാഗത്തല്ലാതെ നമ്മൾ മിലോസിനെ കാണുന്നില്ല.

ചെക്കോസ്ലോവാക്യ അന്ന് സോവിയറ്റ് ഭരണത്തിൻ കീഴിലായിരുന്നതിനാൽ, ചിത്രത്തിൽ പ്രതിസ്ഥാനത്തുള്ളത് നാസികളാണെങ്കിലും ഇത് ഒരു ആന്റി-കമ്യൂണിസ്റ്റ് ചിത്രമായിട്ടാണ്‌ പരക്കെ സ്വീകരിക്കപ്പെട്ടത്. ശീതയുദ്ധം കൊടുമ്പിരികൊണ്ട ആ കാലത്ത് മികച്ച വിദേശഭാഷാ-ചലചിത്രത്തിനുള്ള ഓസ്കാറും ഈ സിനിമയ്ക്കു ലഭിക്കുകയുണ്ടായി. മെൻസിലിന്റേതായി ഇതിനു ശേഷം പുറത്തുവന്ന സിനിമകൾ തൊണ്ണൂറുകളുടെ ആരംഭം വരെ നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. ഏതായാലും ലോകസിനിമയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം ഈ കൊച്ചു ചിത്രത്തിനുണ്ട്.

Friday, September 18, 2009

ആന്റി ക്രൈസ്റ്റ് (2009)

"No man can carry a lead performance like a woman, you just lose interest"-Lars Von Trier

(ഇത് ഈ സിനിമയുടെ പരിപൂർണ്ണമായ വായനയല്ല, അതിസങ്കീർണ്ണമായ ഒരു സിനിമയെ മനസ്സിലാക്കാനുള്ള ചില സൂചനകൾ മാത്രമാണ്. ഈ സിനിമയും ലേഖനവും പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.)


സ്വതവെ ദഹനക്കേടുണ്ടാക്കുന്ന ഭക്ഷണം രുചികരമല്ല എന്നു കൂടിയായാലോ? ലാര്‍സ് വോണ്‍ ട്രെയറുടെ സിനിമകളുടെ പൊതുസ്വഭാവം ഇങ്ങനെയാണെന്നു തോന്നുന്നു. സിനിമ 'ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലു പോലെ'യായിരിക്കണമെന്നാണു വോണ്‍ ട്രെയറുടെ മതം. 'ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലിനെ' 'കണ്ണിലെ കരട്' എന്നു മലയാളത്തിലാക്കാമെന്നു തോന്നുന്നു. ഏതായാലും സിനിമയെടുക്കാന്‍ തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വലിയൊരു ഭൂരിപക്ഷത്തിനും കണ്ണിലെ കരടാണ്‌. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്ന, ലോകത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ താനാണെന്നും ഈഗോ കാരണം മറ്റാരുടെയും സിനിമകള്‍ കാണാറില്ല എന്നും അവകാശപ്പെടുന്ന, താന്‍ സിനിമയെടുക്കുന്നത് തനിക്കു വേണ്ടി മാത്രമാണെന്നു പറയുന്ന, Anti-hollywood എന്നും Anti-American എന്നും സ്വയം വിശേഷിപ്പിക്കുന്ന, വോണ്‍ ട്രയര്‍ ആന്റിക്രൈസ്റ്റ് എന്ന പേരില്‍ ഒരു ചലചിത്രമൊരുക്കുമ്പോള്‍ എന്തൊക്കെയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടിയിരുന്നത്? പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നാലും ആന്റിക്രൈസ്റ്റ് എന്ന സിനിമ എല്ലാ ധാരണകളെയും അതിരുകളെയും അതിലംഘിക്കുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കാന്‍ ഫെസ്റ്റിവലിലെ ആദ്യപ്രദര്‍ശനം മുതല്‍ ആന്റിക്രൈസ്റ്റ്, പ്രേക്ഷകരെ തങ്ങളുടെ അഭിപ്രായങ്ങളില്‍ വല്ലാതെ ധ്രുവീകരിക്കുന്നു. ഈ സിനിമ ഒരുപാട് ഇഷ്ടമായവരോ ഒട്ടും ഇഷ്ടമാകാതിരുന്നവരോ ആയിരിക്കും ഭൂരിഭാഗവും. സിനിമകളിലെ ആത്മീയതയും മാനവികതും മുന്‍നിര്‍ത്തി അവാര്‍ഡു നല്‍കാറുള്ള കാനിലെ ecumenical jury സിനിമയിലടങ്ങിയിരിക്കുന്ന പ്രകടമായ സ്ത്രീവിരുദ്ധതയെ മുന്‍നിര്‍ത്തി ആന്റിക്രൈസ്റ്റിനു ഒരു പ്രത്യേക anti-award നല്‍കുകയുണ്ടായി.
സിനിമയിൽ ലൈംഗികബന്ധം ദൃശ്യവത്കരിക്കുന്നതിൽ ഇന്നു നിലനിൽക്കുന്ന സാധാരണ നിയമങ്ങളെ അതിലംഘിക്കുന്ന ഒരു സുരതദൃശ്യത്തോടെയാണ് ആന്റിക്രൈസ്റ്റ് തുടങ്ങുന്നത്. ഈ സിനിമയിൽ രണ്ടു കഥാപാത്രങ്ങളേ ഉള്ളൂ, അവനും(He) അവളും(She). മാതാപിതാക്കൾ സുരതത്തിൽ വ്യാപൃതരായിരിക്കുന്ന സമയം, മറ്റൊരു മുറിയിൽ ഉറക്കമായിരുന്ന അവരുടെ കുഞ്ഞ് ഉറക്കമുണരുകയും തുറന്നുകിടന്ന ജനാലയിലൂടെ മഞ്ഞുകണങ്ങളെ കൈയെത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ താഴെവീണ് മരണമടയുകയും ചെയ്യുന്നു. കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അമ്മയുടെ കുറ്റബോധമാണ്, ചലചിത്രത്തിന്റെ തുടർ‌ഗതിയെ നിർണ്ണയിക്കുന്നത്.
കുറ്റബോധത്താലും ഭയത്താലും രോഗബാധിതയായി, മനശ്ശാസ്ത്ര ചികിത്സയ്ക്കു വിധേയയാകുന്ന ‘അവളോ’ട് (she) മരുന്ന് നിർത്താനും, അവളെ താൻ തന്നെ ചികിത്സിക്കാമെന്നും പറയുകയാണ് അയാൾ/അവൻ(He). Cognitive therapy–യാണ്ചികിത്സയ്ക്ക് അവൻ അവലംബിക്കുന്ന മാർഗം. കുറ്റബോധത്തെ യുക്തിപരമായി വിശകലനം ചെയ്യാനാണ് അവൻ അവളെ നിർബന്ധിക്കുന്നത്. അവളുടെ ഭയങ്ങളെ അടയാളപ്പെടുത്തുന്ന സ്വപ്നങ്ങളെ ഓർത്തെടുക്കാൻ (അവയെ അതിജീവിക്കുന്നതിനായി) അവൻ ആവശ്യപ്പെടുന്നു; അവളോർമ്മിക്കുന്നത് ഒരു വനമാണ്. തുടർന്ന് അവർ വനത്തിനു നടുവിലെ ഏകാന്തമായൊരു വീട്ടിലേക്ക് താമസം മാറുകയാണ്. സ്തോഭജനകമായ, ഭൌതികവും ലൈംഗികവും മാനസികവുമായ തലങ്ങളിൽ പടരുന്ന അതികഠിനമായ വയലൻസിലേക്കാണു സിനിമ തുടരുന്നത്. Prologue, epilogue എന്നിവ കൂടാതെ ‘Grief’, ‘Pain (Chaos Reigns)’, ‘Despair (Gynocide)’ and ‘The Three Beggars’ എന്നിങ്ങനെ നാലു അധ്യായങ്ങളാണ് ഈ സിനിമയ്ക്കുള്ളത്. അതിസങ്കീർണ്ണവും അതിവൈകാരികവുമായ കഥാതന്തുവും ആഖ്യാനവും ഈ സിനിമയുടെ വായനയെയും വിഷമകരമാക്കുന്നുവെങ്കിലും ഒരു താക്കോൽ സംവിധായകൻ നമുക്ക് തരുന്നുണ്ട്-അത് സിനിമയുടെ പേരുതന്നെയാണ്.Antichrist എന്ന ഒറ്റവാക്കല്ല, Anti-christ എന്നു മുറിച്ചെഴുതിയിരിക്കുന്നതാണ് സിനിമയുടെ പേര്. അതുകൊണ്ടുതന്നെ, വെളിപാടിന്റെ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്ന അന്തിക്രിസ്തുവല്ല ഇവിടെ വിവക്ഷ, മറിച്ച് Christ അഥവാ Christianity എന്ന ആശയം തന്നെയാണ്. മറ്റൊന്ന് തലക്കെട്ടിലെ ‘t’ എഴുതിയിരിക്കുന്ന രീതിയാണ്. ജെനിറ്റിക്സിൽ സ്ത്രീലിംഗത്തെ സൂചിപ്പിക്കുന്ന സിംബലാണ് ഇവിടെ ‘t’-ക്ക് പകരം. പേരു തരുന്ന സൂചനകൾ ഈ സിനിമയുടെ ആന്റി-ബിബ്ലിക്കൽ സ്വഭാവവും സ്ത്രീ-യ്ക്കുള്ള പ്രധാന്യവും ദ്യോതിപ്പിക്കുന്നു. (ഒരു ആഖ്യാനം സ്ത്രീ കേന്ദ്രീകൃതം ആകുമ്പോൾ തന്നെ അത് ആന്റി-ബിബ്ലിക്കൽ ആകുന്നുണ്ടോ എന്നുള്ള ആലോചനകൾ അവിടെ നിൽക്കട്ടെ !)
തന്റെ മുൻ‌കാല സിനിമകളിലൂടെ സ്ത്രീവിരുദ്ധ ആശയങ്ങൾക്ക് ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള ഒരാളാണ് ലാർസ് വോൺ ട്രയർ. ഇത്തവണ കാൻ ഫെസ്റ്റിവലിൽ സമാനതകളില്ലാത്ത ഒരു ആന്റി-അവാർഡ് നൽകുമ്പോൾ ജൂറി ചൂണ്ടിപ്പറയുന്നതും ഈ സ്ത്രീവിരുദ്ധത തന്നെ. ശരിക്കും ആന്റി-ക്രൈസ്റ്റ് അത്രമേൽ സ്ത്രീവിരുദ്ധമാണോ? ഒരേസമയം ഒരു സൃഷ്ടിക്ക് ബൈബിൾ വിരുദ്ധവും സ്ത്രീവിരുദ്ധവും ആകാൻ കഴിയുമോ എന്നൊരു സംശയം ഉയരുന്നുണ്ടോ? ട്രയറുടെ മുൻ‌സിനിമകൾ മിക്കതിലും സ്ത്രീകളായിരുന്നു മുഖ്യകഥാപാത്രങ്ങൾ എന്നുമാത്രമല്ല അവരൊക്കെയും സ്നേഹത്തിന്റെയും മറ്റ് നന്മ എന്നു വിലയിരുത്താവുന്ന സ്വഭാവങ്ങളുടെയും പേരിൽ മാനസിക സംഘർഷങ്ങൾക്കു വിധേയരായി അവിശ്വസനീയമായ സ്വഭാവ വൈചിത്ര്യങ്ങളിലേക്കു വഴുതി വീഴുന്നവരായിരുന്നു, പ്രത്യേകിച്ചും ട്രയറുടെ Golden Heart trilogy എന്നറിയപ്പെടുന്ന ബ്രേക്കിംഗ് ദി വേവ്സ്, ഇഡിയറ്റ്സ്, ഡാൻസർ ഇൻ ദി ഡാർക്ക് എന്നീ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങൾ. ‘സ്ത്രീയെന്നാൽ തിന്മയാണെന്ന’ പാഠം, ആദത്തിന്റെയും ഹവ്വയുടെയും കഥ മുതൽ സെന്റ് പോളിന്റെ ലേഖനങ്ങൾ വരെയുള്ള പുസ്തകങ്ങളിലൂടെ ബൈബിൾ സമർത്ഥിക്കുന്നു. സെമിറ്റിക് മതങ്ങളെല്ലാം അഗ്രസീവ് ആയ പുരുഷപ്രകൃതിയുടെയും സബ്മിസീവ് ആയ സ്ത്രൈണപ്രകൃതിയുടെയും വാർപ്പു മാതൃകകളെയാണു അവതരിപ്പിക്കുന്നതും അനുകൂലിക്കുന്നതും. എന്നാൽ ഇവിടെയാകട്ടെ, സ്ത്രീ ചില സമയങ്ങളിൽ സബ്മിസീവ് ആയിരിക്കുമ്പോൾ തന്നെ ചിലയവസരങ്ങളിൽ അഗ്രസീവുമാണ്. (അവളുടെ സുരതപടുതികളിലെ നിലകളിലൂടെ സംവിധായകൻ ഇക്കാര്യം അവ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.) അവൾ അഗ്രസീവാകുന്നതാകട്ടെ, സ്ത്രൈണപ്രകൃതിയെക്കുറിച്ചും അതിൽ അന്തർലീനമായതെന്ന് അവൾ തന്നെ വിശ്വസിക്കുന്ന തിന്മയെക്കുറിച്ചുമൊക്കെയുള്ള അവരുടെ സംവാദത്തിന്റെ അവസരത്തിലാണ്. (‘സ്ത്രീപീഡനങ്ങളുടെ ചരിത്രപരമായ വീക്ഷണം’ അവളുടെ തീസിസ് ആണ് !). പ്രകൃതി വന്യവും ക്രൂരവുമാണെങ്കിൽ, പ്രകൃതിയുടെ നേരടയാളമായ സ്ത്രീ തിന്മയാണെന്നുള്ള അവളുടെ വിശ്വാസത്തെ, അവളിൽ രൂഢമൂലമായ കുറ്റബോധത്തിന്റെയും അവളുടെ കുഞ്ഞിന്റെ മരണത്തിന്റെയും അവളുടെ സ്വഭാവപ്രത്യേകതകളിൽ പെടുന്ന ‘Postpartum depression’ എന്ന രോഗത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. (പ്രസവാനന്തരം ഹോർമോൺ ബാലന്‍സിലുണ്ടാകുന്ന വലിയ വ്യതിയാനമാണ് ഈ രോഗത്തിനു മുഖ്യകാരണം. ഈ വേളയില്‍ പുറത്തുനിന്ന് കിട്ടേണ്ടുന്ന സം‌രക്ഷണവും സ്നേഹപരിചരണവും ഇല്ലാതാകുന്നത് സംഗതികളെ വഷളാക്കും. ഒപ്പം മാതൃത്വത്തെപ്രതിയുള്ള ഉയര്‍ന്ന പ്രതീക്ഷകള്‍ , അവ നിറവേറ്റുന്നതിനെ ഓര്‍ത്തുള്ള വേവലാതി - ഇവയൊക്കെ മനസിനെയും അതുവഴി മസ്തിഷ്കത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലക്രമേണ, താൻ പ്രസവിച്ച കുഞ്ഞിനോട് വെറുപ്പ് തോന്നുന്ന അവസ്ഥയിലെത്തുന്നു.)

ഈ സിനിമയിൽ 'അവൾ'ക്ക് കുഞ്ഞിനെപ്രതി അമിതമായ ഉത്കണ്ഠയും ഒരു തരം പൊസസീവ്നെസും ഉണ്ടായിരുന്നതായി സൂചനയുണ്ട്; (കുഞ്ഞ് ദൂരേയ്ക്ക് പോകാതിരിക്കാൻ ഷൂ മാറിയിടുന്നത്), മാത്രമല്ല ഭർത്താവിൽ നിന്നും താൻ ആഗ്രഹിച്ച രീതിയിലുള്ള വൈകാരിക പിന്തുണ അവൾക്കു ലഭിക്കുന്നുമില്ല. അവൻ അവളെ വിധേയമാക്കുന്ന Cognitive തെറാപ്പിയിലാകട്ടെ പുരുഷസ്വഭാവമായ അധീശത്വം പ്രകടമാണ്‌. ഈ രംഗങ്ങളിൽ അവൻ ഏല്പിക്കുന്ന സൈക്കോളജിക്കൽ ടോർച്ചർ, പിന്നീടു വരുന്ന ഫിസിക്കൽ ടോർച്ചറിനോളം ഭീകരമാണെന്നു പ്രശസ്ത നിരൂപകൻ റോജർ എബർട്ട് നിരീക്ഷിക്കുന്നുണ്ട്.
ഈ ചിത്രം സ്ത്രീവിരുദ്ധം എന്നതിലുപരി സ്ത്രീവിരുദ്ധതയെ വിഷയമാക്കുന്നു എന്നാണ്‌ എന്റെ അഭിപ്രായം. സെമിറ്റിക് മതപാരമ്പര്യങ്ങളനുസരിച്ച് സ്ത്രൈണതയും പ്രകൃതിയും എങ്ങനെ തിന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്‌ ഈ രണ്ട് ദമ്പതികൾ തമ്മിലുള്ള വൈകാരികവും സംഘർഷഭരിതവുമായ ബന്ധത്തിലൂടെ സിനിമ പറയാൻ ശ്രമിക്കുന്നത്. സൂക്ഷ്മനോട്ടത്തിൽ, ഈ സിനിമയിലെ സ്ത്രീ-പുരുഷ ബന്ധം പടിഞ്ഞാറൻ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ ബന്ധങ്ങളുടെ തീവ്ര-താത്വിക മാതൃകയായി വർത്തിക്കുന്നതു കാണാം. സ്ത്രീ ഭയം, കുറ്റബോധം, വേദന എന്നിവയുടെ കലവറയും അതിവൈകാരികമായി പെരുമാറുന്നവളുമാകുമ്പോൾ പുരുഷൻ ലോജിക്/യുക്തി അനുസരിച്ച് ചിന്തിക്കുന്നവനും, അവളുടെ വേദനയിൽ നിന്നും ഭയത്തിൽ നിന്നും അവളെ മോചിപ്പിക്കാനൊരുങ്ങുന്നവനുമാണ്‌(ഹീറോ?). ആദിപാപത്തിൽ സ്ത്രീ സാത്താന്റെ സഹകാരിണി ആയിരുന്നു. സ്ത്രീ പ്രകൃതിയുടെ അടയാളമാണെങ്കിൽ, 'പ്രകൃതി സാത്താന്റെ പള്ളിയാകുന്നു' എന്ന ഒരു മെറ്റഫോറാണ്‌ ഇവിടെ ഉരുത്തിരിയുന്നത്. ഓരോന്നായി എടുത്തു പരിശോധിക്കുമ്പോൾ ഇവയോരോന്നും സ്ത്രീവിരുദ്ധമെന്നു തോന്നിക്കുമെങ്കിലും സിനിമ എന്ന 'വലിയ ചിത്രം' നൽകുന്ന ആശയം സമൂഹത്തിൽ നിലനിൽക്കുന്ന അടിസ്ഥാനചിന്താധാരകളെ അതിസൂക്ഷ്മമായി ചോദ്യം ചെയ്യുക എന്നതാണ്‌. ചരിത്രത്തിലിന്നോളം സ്ത്രീകൾക്കു നേരിട്ടിട്ടുള്ള ക്രൂരതകളെയും പീഡനങ്ങളെയും സൂചിപ്പിക്കാൻ 'gynocide' എന്നൊരു പുതിയ വാക്കു തന്നെ ട്രയർ ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തെ സീൻ ശ്രദ്ധിക്കുക, ഒരു വനത്തിലൂടെ 'അവനെ' ലക്ഷ്യമാക്കി നീങ്ങുന്ന മുഖമില്ലാത്ത അസംഖ്യം സ്ത്രീകൾ, ചരിത്രത്തിലിന്നോളം gynocide-ന്‌ ഇരയായ സ്ത്രീകൾ തന്നെയല്ലേ?സാമാന്യ വർഗീകരണങ്ങളനുസരിച്ച്, ഈ സിനിമ ഹൊറർ ജനുസ്സിലായിരിക്കും ഉൾപ്പെടുക. ഹൊറർ സിനിമകളുടെ സ്ഥിരം തീമുകളിൽ പലതും - ഭയകാരണമാകുന്ന സ്ത്രീകഥാപാത്രം, അവളുടെ ലൈംഗികത, നായകന്റെ കൈകളാലുള്ള മരണം- ഇവിടെ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും ഇതൊരു സാധാരണ ഹൊറർ ചിത്രമല്ല.സിനിമയുടെ പ്രാരംഭത്തിൽ തന്നെ സംഭവിക്കുന്ന ‘കുഞ്ഞിന്റെ വീഴ്ച’ മുൻപ് പരാമർശിച്ചിരുന്നുവല്ലോ. ബൈബിളിൽ, മനുഷ്യന്റെ പതനമാണ് മനുഷ്യപുത്രന്റെ മരണകാരണമായി തീരുന്നത്. ഈ പതനം/മരണം ബൈബിൾ കഥകളുടെ തുടക്കവും പരിസമാപ്തിയുമായിത്തീരുന്നു, യഥാക്രമം. എന്നാൽ ഇവിടെ കുഞ്ഞിന്റെ(പുത്രന്റെ) മരണം ബൈബിളിലെ വീഴ്ചയേയും മരണത്തേയും സൂചിപ്പിക്കുന്നു. ഒരു കഥ ഇവിടെ തുടങ്ങുന്നു എങ്കിൽത്തന്നെയും, അത് മറ്റൊരു കഥയുടെ അവസാനം കൂടിയാണ്. ആഖ്യാനത്തിന്റെ ഈ തലതിരിച്ചിലിലാണെന്നു തോന്നുന്നു ഈ സിനിമ ഏറ്റവും ബൈബിൾ വിരുദ്ധമാകുന്നത്. ബൈബിളിൽ ഒറ്റയാനായ പുരുഷനിൽ നിന്നും സ്ത്രീയുടെ സൃഷ്ടിയിലേക്കും അവിടെ നിന്ന് പാപത്തിലേക്കും പിന്നീട് പതനത്തിലേക്കും അവിടെ നിന്ന് മരണത്തിലേക്കുമാണ് കഥ പുരോഗമിക്കുന്നതെങ്കിൽ, ഇവിടെ മരണത്തിൽ/പതനത്തിൽ തുടങ്ങുന്നു; ഈ പതനമാണു പിന്നീട് പാപത്തിലേക്കും പുരുഷന്റെ ഏകാന്തതയിലേക്കും നയിക്കുന്നത്. ബൈബിളിൽ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടാണു അവനും അവളും ‘ലോക’ത്തിലെത്തുന്നതെങ്കിൽ, സിനിമയിൽ, ‘ലോക’ത്തെ ഉപേക്ഷിച്ചാണ് അവർ ഏദെൻ (വിജനമായ വനം) തേടി പോകുന്നത്. ഇവിടെ ഏദൻ തന്നെ, ഒരുതരം anti-paradise ആണ്. പറുദീസയിലെ ശാന്തി, സമാധാനം, സന്തോഷം എന്നിവയ്ക്കു പകരം ദുഖവും വേദനയും നിരാശയും ആണിവിടെ നിറഞ്ഞു നിൽക്കുന്നത്.
ഓരോ അധ്യായത്തിലും അവളുടെ മാനസിക വ്യാപരങ്ങളെ സൂചിപ്പിക്കുന്നതിനായി ഓരോ വിഷ്വൽ മോട്ടിഫ് സംവിധായകൻ ഉപയോഗിക്കുന്നുണ്ട്. ‘Grief’ എന്ന അധ്യായത്തിൽ ചത്തുപോയ കുഞ്ഞിനെ പ്രസവിക്കുന്ന ഒരു മാനാണ് ദുഖത്തെ സൂചിപ്പിക്കുന്നത്. മരിച്ചുപോയ തന്റെ കുഞ്ഞുമായുള്ള അവളുടെ ബന്ധത്തെ ഇത് പ്രതിനിധീകരിക്കുന്നു. ‘Pain (Chaos Reigns)’ എന്ന അധ്യായത്തിലാകട്ടെ സ്വന്തം ശരീരം തിന്നുന്ന, സംസാരിക്കുന്ന ഒരു കുറുക്കനെയാണു നാം കാണുക. തന്റെ അനുഭവം തന്നെത്തന്നെ കാർന്നു തിന്നാൻ അവൾ അനുവദിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ‘Despair (Gynocide) എന്ന അധ്യായത്തിലാകട്ടെ, പരിതാപകരമായ അവസ്ഥയിലുള്ള ഒരു കാക്കയാണ് അവളുടെ നിരാശയെ അടയാളപ്പെടുത്തുന്നത്.അതികഠിനവും വിവിധമാനങ്ങളുള്ളതുമാണ് ഈ സിനിമയിലെ വയലൻസ്. ഒട്ടുമേ റിയലിസ്റ്റിക് അല്ലാത്തതുകൊണ്ട് താത്വികമായിത്തന്നെയാവണം ഈ വയലൻസിനെ മനസ്സിലാക്കുന്നതും. ആധുനികസമൂഹത്തിൽ സ്ത്രീയുടെ അവസ്ഥകളെ പുരുഷൻ മനസ്സിലാക്കാത്തതു പോലെ അവളുടെ മാനസ്സികാവസ്ഥകളെ അവനും മനസ്സിലാക്കുന്നില്ല. ഫെമിനിസ്റ്റുകൾ പുരുഷസമൂഹത്തിനു നേരെ ഉന്നയിക്കാറുള്ള തീവ്രവിമർശനങ്ങളെ ഓർക്കുക; അവൾ അവന്റെ ലിംഗത്തെ അക്രമിക്കുന്ന (penis envy?) രംഗത്തെ ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കാമെന്നു തോന്നുന്നു. കുറ്റബോധവും ദുഖവും വേദനയും നിരാശയും ചേർന്ന് സ്ത്രീയെന്നാൽ തിന്മയാണെന്ന വിശ്വാസത്തിലേക്ക് അവളെ നയിക്കുന്നതായി നമ്മൾ കണ്ടു. ചരിത്രപരമായി സ്ത്രീകൾ അനുഭവിച്ച വേദനകളറിയുന്ന അവൾ, ഈ സ്ത്രൈണതയിൽ നിന്നെ തന്നെത്തന്നെ മോചിപ്പിക്കുന്നതിനാണ് തന്റെ ഭഗശിശ്നിക മുറിച്ചു കളയുന്നത്. അതികഠിനമായ, അവയവഛേദനമടക്കമുള്ള വയലൻസ് പക്ഷെ ഈ സിനിമയെ ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ പോലെയോ തകാഷി മീക്കെയുടെ സിനിമകൾ പോലെയോ saw, hostel തുടങ്ങിയ സ്ലാഷർ ഫിലിമുകൾ പോലെയോ ഉള്ള ഒരു ടോർച്ചർ പോൺ അല്ല, കാരണം ഇവിടെ ഈ വയലൻസ് പ്രേക്ഷകൻ വെറുതെ കാണുകയല്ല ചെയ്യുന്നത്, മറിച്ച് അനുഭവിക്കുകയാണ്. പ്രകൃതി സൃഷ്ടിക്കപ്പെട്ടത് ദൈവത്താലല്ല, മറിച്ച് തിന്മ(പിശാച്)യാലാണെന്ന, തികച്ചും ബൈബിൾ വിരുദ്ധമായ alternate theology-യാണ് ആത്യന്തികമായി സിനിമ അവതരിപ്പിക്കുന്നത്. സിനിമയിലെ വയലൻസ് ഈ ആശയപരമായ വയലൻസിന്റെ സ്വഭാവിക സൂചനകൾ മാത്രമാണ്.


Saturday, August 29, 2009

ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009)

"I steal from every single movie ever made. If people don't like that, then tough tills, don't go and see it, all right? I steal from everything. Great artists steal, they don't do homages." -
-Quentin Tarantino Empire magazine interview in 1994


ടരന്റിനോയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ ഏറ്റവും പ്രധാനപെട്ടത് അദ്ദേഹത്തിന്റെ സിനിമകളുടെ ഒറിജിനാലിറ്റിയെക്കുറിച്ചുള്ളവയാണെന്നു തോന്നുന്നു. പഴയ തലമുറയിലെ പല പ്രമുഖസംവിധായകരുടെയും സ്വാധീനം തന്റെ സിനിമകളിൽ പ്രകടമാണെങ്കിലും, ആശയവും ഘടനയും ചില ഷോട്ടുകൾ പോലും ഇത്തരത്തിൽ കടം കൊള്ളാറുണ്ടെങ്കിലും, ആത്യന്തികമായി ഓരോ ടരന്റിനോ ചിത്രവും പ്രകടമായ ഒരു ‘ടരന്റിനോ ടച്ച്’ പേറുന്നുണ്ട്. ഈ ടരന്റിനോ ടച്ച്, അസാധാരണമായ ഒരു ആഖ്യാനോപകരണമോ (പൾപ് ഫിക്ഷനിലെ നോൺലീനിയർ നറേഷൻ, കിൽ ബിൽ, ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് എന്നിവയിലെ പോലെ സിനിമയെ ഓരോ ചാപ്റ്ററുകളായി വിഭജിക്കുന്നത്-ഗൊദാർദ്), സംവിധായകന്റെ തന്നെ ചെറിയ റോളുകൾ(സ്കോർസേസി), കഥപറച്ചിലിൽ സംവിധായകന്റെ ബോധപൂർവ്വമായ ഇടപെടൽ(ഹാനേക്, ചാപ്ലിൻ), മൿഗഫിൻ പോലുള്ള ടെക്നിക്കുകൾ(ഹിച്കോക്ക്), കാറിന്റെ ട്രങ്കിൽ നിന്നുള്ള ഒരു ഷോട്ട്(ഹിച്ച്കോക്കിന്റെ ബാത്ത് റൂം ഷോട്ടുകൾ ഓർമ്മിക്കുക), കൈകളുടെ ചടുലമായ ക്ലോസപ്പ്(ബ്രയാൻ ഡി പാമ), stylyzed ആക്ഷൻ, തമാശ ദ്യോതിപ്പിക്കുന്ന മൂർച്ചയുള്ള സംഭാഷണങ്ങൾ, ദൈർഘ്യമേറിയ ട്രാക്കിംഗ് ഷോട്ടുകൾ, ഓഫ്-സ്ക്രീൻ വയലൻസ്, അപ്രധാനമായ കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ കേൾക്കുന്നവരെ ചിത്രീകരിക്കുക-തുടങ്ങി നീണ്ടു പോകുന്ന ഒരു പട്ടികയാണ്. എന്നാൽ ടരന്റിനോയെ വ്യതിരിക്തനാക്കുന്ന പ്രമുഖ ഘടകം, ഇതൊന്നുമല്ല, മറിച്ച് സിനിമകളോടുള്ള അയാളുടെ അടങ്ങാത്ത അഭിനിവേശമാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമ, ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ്, എല്ലാ അർത്ഥത്തിലും ഒരു റ്റരന്റിനോ ചിത്രമാണ്; ഇതിലുണ്ട്, പഴയ സിനിമകളിലേക്കും സിനിമയുടെ ചരിത്രത്തിലേക്കും എണ്ണിയാലൊടുങ്ങാത്ത റെഫറൻസുകൾ-മാത്രമല്ല, അവയുടെ രാഷ്ട്രീയമായ ഉപയോഗവും.

ഇൻ‌ഗ്ലോറിയസ് ബാസ്റ്റാർഡ്സ് എന്നത് പഴയൊരു ഇറ്റാലിയൻസിനിമയുടെ പേരാണ്. ഡേർട്ടി ഡസൻ അടക്കം പഴയ പല യുദ്ധചിത്രങ്ങളേയും ടരന്റിനോ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഈ സിനിമയുടെ അന്തരീക്ഷം, 1941-1944 കാലഘട്ടത്തിലെ നാസി അധീനതയിലുള്ള ഫ്രാൻസിലേതാണ്. ഹിറ്റ്ലറും ഗീബത്സും അടക്കമുള്ള നാസി പ്രമുഖർ ഇവിടെ കഥാപാത്രങ്ങളാണ്. പ്രതികാരമാണ്-കുടുംബാംഗങ്ങളെല്ലാം നാസികളാൽ വധിക്കപ്പെട്ട ഒരു യുവതി(ഷോഷാന)യുടെയും, നാസികളെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയ ഏതാനും അമേരിക്കൻ ജൂതരുടെയും (ബാസ്റ്റേർഡ്സ്) - ഈ സിനീമയുടെ മുഖ്യപ്രമേയം. എന്നിരുന്നാലും, എനിക്കു തോന്നുന്നു ടരന്റിനോയുടെ ഈ ചിത്രം ഇതിനേക്കാളെല്ലാമുപരി ‘സിനിമ’യെക്കുറിച്ചാണെന്ന്.

1941-ഷോഷാന(Mélanie Laurent) എന്ന ജൂതയുവതിയാണു സിനിമയിലെ മുഖ്യ കഥാപാത്രം. ഫ്രാൻസിലെ ഒരു കാർഷികകുടുംബത്തിന്റെ സഹായത്തോടെ ഒളിവിൽ താമസിച്ചിരുന്ന ഷോഷാനയുടെ കുടുംബാംഗങ്ങളെ നാസിയുടെ കേണൽ ഹാൻസ് ലാണ്ട(Christoph Waltz) വധിക്കുന്നതും ഷോഷാന മാത്രം രക്ഷപ്പെടുന്നതുമാണ് സിനിമയുടെ ആദ്യത്തെ അധ്യായം-Once upon a time…in Nazi-Occupied France.

നാസികൾ ജൂതന്മാരോടു ചെയ്യുന്ന പാതകങ്ങൾക്കു പകരമായി അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന അമേരിക്കൻ ജൂതന്മാരുടെ ഒരു കൂട്ടമാണ് ബാസ്റ്റേർഡ്സ്. ല്യൂട്ടനന്റ് ആൽഡോ റെയിൻ(Brad Pitt) ആണ് ഇവരുടെ നേതാവ്. നാസികളെ കൊന്ന്, മൃതദേഹങ്ങളോട് മൃഗീയമായ ക്രൂരത കാണിക്കുകയാണ് ബാസ്റ്റേർഡുകളുടെ രീതി.

1944-രക്ഷപ്പെട്ട ഷോഷാന പാരീസിനടുത്ത് ചെറിയൊരു പട്ടണത്തിൽ ചെറിയൊരു സിനിമാകൊട്ടക നടത്തുന്നു. തനിച്ച് 200-ലധികം പട്ടാളക്കാരെ കൊന്ന ഒരു നാസി-യുദ്ധവീരന്റെ യുദ്ധാഭ്യാസങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു പ്രൊപ്പഗാൻഡ-സിനിമയുടെ പ്രീമിയറിനായി തെരഞ്ഞെടുക്കുന്നത് ഷോഷാനയുടെ കൊട്ടകയാണ്. ഹിറ്റ്ലറും ഗീബത്സുമടക്കമുള്ള നാസി പ്രമുഖന്മാരെല്ലാം ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. നാസികളെ തന്റെ തിയറ്ററിലിട്ട്, പെട്ടെന്നു തീ പിടിയ്ക്കുന്ന ഫിലിം റോളുകളുപയോഗിച്ച് കത്തിക്കാൻ ഷോഷാന തയ്യാറെടുക്കുന്നു. നാസി പ്രമുഖരെല്ലാം എത്തുമെന്നറിഞ്ഞ ബാസ്റ്റേർഡുകളും തങ്ങളുടേതായ രീതിയിൽ പ്രതികാരനടപടികൾ ആസൂത്രണം ചെയ്യുന്നു. ഇത്രയൊക്കെയാണ് സിനിമയുടെ പ്ലോട്ട്. ശേഷം (സ്ക്രീനിലല്ല, തിയറ്ററിൽ…) എന്തു സംഭവിച്ചിരിക്കും എന്ന്, ചരിത്രമറിയാവുന്ന നിങ്ങൾക്ക് അറിവുണ്ടായിരിക്കുമെന്നതിനാൽ കുടുതൽ വിശദീകരിക്കുന്നില്ല.

ഇൻ‌ഗ്ലോറിയസ് ബാസ്റ്റേർഡ്സ് ഒന്നാന്തരമൊരു ‘വിനോദചിത്ര’മല്ല. യുദ്ധചിത്രമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും യുദ്ധരംഗങ്ങളൊന്നും ഇതിലില്ലെന്നു മാത്രമല്ല, സാമ്പ്രദായികമായ യുദ്ധസിനിമകളെ ഒട്ടൊക്കെ പരിഹസിക്കുന്നുമുണ്ട് സംവിധായകൻ. ടരന്റിനോയുടെ മുൻ‌ചലചിത്രങ്ങളിലേതുപോലെ സംഭാഷണങ്ങൾ ജീവൻ നൽകുന്ന രംഗങ്ങൾ ഏറെയുണ്ടുതാനും. ഈ സംഭാഷണങ്ങളാകട്ടെ അധികവും ജർമ്മൻ, ഫ്രെഞ്ച് ഭാഷകളിലാണ്. സാധാരണ ഹോളിവുഡ് സിനിമകളിലേതുപോലെ വിദേശികളെല്ലാവരും അമേരിക്കൻ-ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. (നല്ലൊരു ശതമാനം ഭാഗത്തും സബ്‌ടൈറ്റിൽ ഉണ്ട് എന്നർത്ഥം). ഹോളിവുഡ് ആക്ഷൻ/വാർ സിനിമകളുടെ പാരമ്പര്യത്തിൽ നിന്നു പാടെ വ്യതിചലിക്കുന്നതിലൊതുങ്ങുന്നില്ല, ഈ സിനിമ കാഴ്ചവെക്കുന്ന പുതുമകൾ; ഗീബത്സ്, ബോർമാൻ എന്നീ നാസിപ്രമുഖരെ കാണിക്കുമ്പോൾ അവരുടെ പേര് എഴുതിക്കാണിക്കുക, പഴയകാലത്തെ ഫിലിമിന്റെ ജ്വലനശേഷി വിശദീകരിക്കാനായി ഡ്രാമയ്ക്കിടയിൽ പൊടുന്നനെ ഒരു ഡോക്യുമെന്ററിയിലേക്ക് മാറുക, തുടങ്ങി തന്റേതായ കുസൃതികൾ ഒരുപാട് അവതരിപ്പിക്കുന്നുണ്ട് ടരന്റിനോ.

നിസ്സാരമെന്നു തോന്നിയേക്കാവുന്ന ദൃശ്യങ്ങളിൽ പോലും രാഷ്ട്രീയം ചികയാൻ സാധ്യതയുള്ള കാഴ്ചാശീലങ്ങളെ വിസ്മയിപ്പിക്കുന്ന ചില ഫ്രെയിമുകൾ ടരന്റിനോ സിനിമയിൽ അവിടവിടെയായി വിദഗ്ദമായി തിരുകിയിട്ടുണ്ട്. നാസി-പ്രൊപഗാൻഡ ഫിലിം ഷോഷാന എഡിറ്റു ചെയ്ത ക്ലിപ്പിലേക്കു മാറുമ്പോൾ, തിരശ്ശീലയുടെ പിന്നിൽ നിന്നാണു കാഴ്ച. ആനി ഫ്രാങ്കിനെ ഓർമ്മിപ്പിക്കുന്ന മുഖവുമായി ഷോഷാന ഹിറ്റ്ലറടക്കമുള്ള നാസികളോടു സംസാരിക്കുമ്പോൾ, തിയറ്റർ കത്തിക്കാനായി കൂട്ടിയൊരുക്കിയിരിക്കുന്ന ഫിലിം കൂമ്പാരത്തിനു സമീപം കത്തിച്ച സിഗരറ്റുമായി തന്റെ സമയം കാത്തു നിൽക്കുന്ന കറുത്തവർഗക്കാരൻ മാഴ്‌സെലിന്റെ രൂപം, ജെസി ഓവൻസടക്കം കുറെയേറെപ്പേരെ ഓർമ്മയിലേക്കു കൊണ്ടുവരുന്നുണ്ട്. സിനിമയുടെ പ്രീമിയർ ഷോ നടന്നുകൊണ്ടിരിക്കെ, ഒരു ടവറിൽ നിന്നും ശത്രുസൈനികരെ ഒന്നടങ്കം വെടിവെച്ചു വീഴ്ത്തുന്ന നാസിപട്ടാളക്കാരന്റെ ദൃശ്യം (ഈ ദൃശ്യം അസാധാരണമായ വിധത്തിൽ, സ്പീൽബെർഗ്ഗിന്റെ ആഘോഷിക്കപ്പെട്ട യുദ്ധചിത്രമായ സേവിംഗ് പ്രൈവറ്റ് റ്യാനിലെ സ്നൈപ്പർ രംഗത്തെ ഓർമ്മിപ്പിക്കുന്നുണ്ട്) കണ്ടുകൊണ്ട് ഹിറ്റ്ലർ ഗീബത്സിനോടു പറയുന്നു, ഇതുവരെയുള്ളതിൽ മികച്ച സിനിമയാണതെന്ന്. (സേവിംഗ് പ്രൈവറ്റ് റ്യാൻ മികച്ച സിനിമയാണെന്നു കരുതുന്നവർ ഇന്നുമുണ്ടാകുമല്ലോ, അല്ലേ…!)

രണ്ടാം ലോകയുദ്ധത്തിനു മുന്‍പുള്ള കാലത്ത്, കിംഗ് കോങ്ങ് ഒരു സൂചകമായിരുന്നു. കറുത്ത മനുഷ്യനെയും വെള്ളക്കാരന്റെ ശത്രുവിനെയും അത് ഒരുപോലെ സൂചിപ്പിച്ചു. ഈ ചിത്രത്തില്‍ രണ്ടുതവണ കിംഗ് കോങ്ങ് റെഫറെന്‍സ് വരുന്നുണ്ട്. ഒന്ന്‌, ടാവേണിലെ ആ കളിക്കിടയില്‍. ബാസ്റ്റേര്‍ഡ്‌സിന്റെ കൂടെയിരുന്ന ഒരേയൊരു നാസിയുടെ നെറ്റിയിലെഴുതിയിരുന്നത് കിംഗ് കോങ്ങ് എന്ന പേരായിരുന്നു. അതയാള്‍ ശരിയായി തന്നെ ഊഹിക്കുന്നുമുണ്ട്. സിനിമയില്‍ ഒരേയൊരു കറുത്ത മനുഷ്യനെ ഉള്ളൂ, ഷോഷാനയുടെ തിയറ്ററിലെ മാഴ്സെല്‍. അവസാനം, വംശവെറിയുടെ ഉപാസകരായിരുന്ന ഒരു കൂട്ടത്തോടു പ്രതികാരത്തിനു ഒരുങ്ങുന്നത് ഈ കറുത്ത മനുഷ്യനാണ്‌. മനുഷ്യന്റെ പുരോഗതിയ്ക്കു വിഘാതമായിരുന്ന ഒരു ഐഡിയോളജിയോടുള്ള പ്രതികാരമായി വായിച്ചാല്‍, പുതിയ കാലം, നാസികളെ കിംഗ് കോങ്ങുകളായി വിലയിരുത്തുന്നതിന്റെ ചരിത്രപരമായ ഐറണി വ്യക്തമാകും.

ഇവിടെ ഷോഷാനയെ ഒരു പ്രതീകമായി കാണാം, നാസി അധിനിവേശത്തിനിരയായ അനേകം ജൂത-ജീവിതങ്ങളുടെ പ്രതീകം. അവരുടെ പ്രതിഷേധത്തിനും പ്രതികാരത്തിനുമായി അവര്‍ തെരഞ്ഞെടുത്തത് ഒരു cinema ആയിരുന്നു. cinema-എന്ന വാക്കിന്റെ ആദ്യകാലത്തെ അര്‍ത്ഥം 'ഫിലിം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍' എന്നതായിരുന്നു. പിന്നീടു cinema-യ്ക്ക് മറ്റൊരു അര്‍ത്ഥം(any movie, esp. movie as an art) കൂടി പ്രയോഗത്തില്‍ വന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ന് ജൂതന്മാര്‍ ഇരകളുടെയല്ല, മറിച്ച് യുദ്ധക്കൊതിയന്മാരായ അധിനിവേശക്കാരുടെ റോള്‍ കൈയാളുന്നു. ലോകമെമ്പാടും റീച്ച് ഉള്ള ഹോളിവുഡിന്റെ മുഖ്യ നിയന്ത്രണശക്തികള്‍ ഇന്നു ജൂതന്മാരാണ്‌, (അന്ന് അത് നാസികളായിരുന്നു). അതേ സമയം, ഇന്നു ഇരകളുടെ വേഷത്തിലുള്ളത് അറബ് വംശജരോ മറ്റ് ന്യൂനപക്ഷങ്ങളോ ഒക്കെയാണ്‌. അന്ന്, ഇരകള്‍ അവരുടെ പ്രതികാരത്തിനും പ്രതിഷേധത്തിനുമായി (ആദ്യത്തെ അര്‍ത്ഥത്തിലെ) cinema തെരഞ്ഞെടുത്തതു പോലെ, ഇന്നത്തെ ഇരകള്‍ക്ക് പ്രതിഷേധിക്കാനായുള്ള മാധ്യമം (രണ്ടാമത്തെ അര്‍ത്ഥത്തിലെ) cinema-യാണെന്നാണോ ടരന്റിനോ പറയുന്നത്?

സിനിമയുടെ ചരിത്രത്തെക്കുറിച്ചും ഫാസിസ്റ്റ് ആധിപത്യകാലങ്ങളിലെ ജർമ്മൻ സിനിമയെക്കുറിച്ചുമെല്ലാം വാചാലമാകുന്നുണ്ട് ടരന്റിനോ പലപ്പോഴും. 1920-കളിലും 30-കളുടെ ആദ്യപകുതിയിലുമായി ഏറെ പുഷ്കലമായിരുന്ന, എക്സ്‌പ്രഷനിസം പോലെ മഹത്തായ ആശയങ്ങളെ സാസ്കാരികലോകത്തിനു സമ്മാനിച്ച, ഒരു ഭൂതകാലം ജർമ്മൻ സിനിമയ്ക്കുണ്ടായിരുന്നു. നാസികളുടെ കാലത്തോടെ പല പ്രമുഖരും-ഫ്രിറ്റ്സ് ലാംഗ് അടക്കം- അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും രക്ഷപ്പെടുകയായിരുന്നു. ഗീബത്സിനെയായിരുന്നു നാസി-സിനിമയുടെ അമരക്കാരനായി ഹിറ്റ്ലർ നിയമിച്ചത്. ഗീബത്സിന്റെ മേൽനോട്ടത്തിൽ പ്രൊപഗാൻഡയായി അധപതിച്ച ജർമ്മൻ സിനിമയുടെ പുനരുദ്ധാനം നടന്നത് യുദ്ധത്തിനും നാസികൾക്കും ശേഷമായിരുന്നു.

ഒരു ഫാന്റസി സിനിമയ്ക്ക് അരങ്ങാകാൻ സാധ്യതയുള്ളയിടങ്ങളിൽ അവസാനത്തേതായിരിക്കും രണ്ടാം ലോകമഹായുദ്ധവും നാസികളുടെ ലോകവുമെല്ലാം. അപ്രതീക്ഷിതമെന്നു കരുതാവുന്ന ഇടങ്ങളിലാണു ടരന്റിനോയുടെ സ്വപ്നം അക്ഷരാർത്ഥത്തിൽ കാടു കയറുന്നത്. പഴകിയ കുറെ ഫിലിം റോളുകൾ കൊണ്ട് ഷോഷാനയും ടരന്റിനോയും കത്തിച്ചു കളയുന്നത്, ഫാന്റസി/സ്വപ്നം എന്നിവയെക്കുറിച്ചൊക്കെ സിനിമയിൽ ഇത്രനാളും നിലനിന്നു പോന്നിരുന്ന ചില വിശ്വാസങ്ങളെയും ശീലങ്ങളെയുമൊക്കെയാണ്. ഈ സിനിമയെക്കുറിച്ച് ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം…

Hell of a Dream…!!

Tuesday, June 09, 2009

അനന്തരം: ഒരു യുവാവിന്റെ ആത്മഗതങ്ങൾ മലയാളിയോടു പറഞ്ഞത്

(കുറിപ്പ്: അജയൻ എന്ന കഥാപാത്രത്തിന്റെ Psycho-sexuality അപഗ്രഥിക്കാൻ സഹായിച്ച ഡോ.സൂരജ് രാജനോട് കൃതജ്ഞത അറിയിക്കുന്നു. വസ്തുതാപരമായ തെറ്റുകൾ ഒഴിവാക്കാൻ ഡോ.സൂരജിന്റെ വാചകങ്ങൾ ചിലയിടങ്ങളിൽ മാറ്റമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. ചില വിശദാംശങ്ങളിൽ സഹായിച്ച, വെള്ളെഴുത്ത്, എതിരൻ കതിരവൻ, ദേവൻ, പരാജിതൻ, മൂർത്തി എന്നിവർക്കും ചില സംശയങ്ങൾക്കു മറുപടി നൽകാൻ സൌമനസ്യം കാണിച്ച ശ്രീ.അടൂരിനും നന്ദി പറയുന്നു.)

ഒരു സർഗപ്രക്രിയയ്‌ക്ക് ഏതുതരത്തിലുമുള്ള അടവിയെ(closure) നിഷേധിക്കുന്ന ആഖ്യാനോപകരണമാണ്, അനന്തരം എന്ന വാക്ക്. കഥാഖ്യാനത്തിൽ, പരിണാമഗുപ്തിക്കു തൊട്ടുമുൻപാണു സാധാരണ ആ വാക്കു വരാറുള്ളത്. അഥവാ ആഖ്യാനത്തിൽ, അനന്തരം എന്ന വാക്കിനുമുൻപ് എന്തൊക്കെയോ സംഭവിച്ചിരിക്കണം. അജയൻ(അശോകൻ, സുധീഷ്) എന്നു പേരായ ഒരു യുവാവിന്റെ ജീവിതം, അജയന്റെ തന്നെ ശബ്ദത്തിൽ, അജയന്റെ തന്നെ ഓർമ്മകളിലൂടെ നമ്മോടു പറയപ്പെടുന്ന ചില സംഭവങ്ങളിലൂടെ വികാസം പ്രാപിക്കുന്ന ക്രമരഹിതവും തുടർച്ചയില്ലാത്തതുമായ ആഖ്യാനമാണ് ‘അനന്തരം’ എന്ന സിനിമയുടെ പ്രത്യക്ഷശരീരം.

സംവിധായകൻ ഈ സിനിമയ്ക്ക് നൽകിയ ആംഗലേയനാമം ‘monologue’ എന്നാണെന്ന് ഓർമ്മിക്കുക. സൂക്ഷ്‌മമായ നോട്ടത്തിൽ, ഈ സിനിമയ്ക്ക് ഒരു ആത്മഗതത്തിന്റെ ഘടനയാണുള്ളതെന്നു കാണാം. ഒരു വ്യക്തി തന്റെ സ്വന്തം ജീവിതം പറയുമ്പോഴെന്നപോലെ, ഏറെക്കുറെ കാലാനുക്രമമായിത്തന്നെയാണ് അജയനും കഥ പറഞ്ഞു തുടങ്ങുന്നത്. സ്വന്തം കഴിവുകളെയും നേട്ടങ്ങളെയും പെരുപ്പിച്ചുകാണിക്കുക എന്ന മാനുഷികദൌർബല്യം അജയന്റെ ആഖ്യാനത്തിലും പ്രകടമാണ്. പിന്നീട്‌, തന്റെ മനസ്സികനിലകളെത്തന്നെ തകിടം മറിച്ച സംഭവഗതികളുടെ വിവരണമാകുമ്പോൾ, തന്റെ മനസ്സിലെ കാലുഷ്യം ആഖ്യാനത്തിലേക്കും പടർന്നു കയറുന്നു. നിശബ്ദം, അതിസൂക്ഷ്മങ്ങളായ ചില നോട്ടങ്ങളെ കാഴ്‌ചപ്പെടുത്തുന്ന സമീപദൃശ്യങ്ങളിലൂടെയാണ്, ഏറെ വൈകാരികവും സങ്കീർണ്ണവുമായ ഈ ഘട്ടത്തിൽ, കഥയുടെ ആഖ്യാനം സാധ്യമാക്കുന്നത്. പരിണാമഗുപ്തിയോളം പുരോഗമിക്കുന്ന ആഖ്യാനം, അനന്തരം എന്ന വാക്ക് എവിടെ വരുന്നുവോ, അവിടെവെച്ച് സ്തബ്ധമാകുന്നു. വിട്ടുപോയതൊക്കെ പൂരിപ്പിക്കാനായി, അജയൻ വീണ്ടും കഥ പറഞ്ഞു തുടങ്ങുകയാണ്. കഥപറച്ചിലിന്റെ ഈ രണ്ടാംഘട്ടത്തിലാണ്, അജയനെ നമ്മൾ അടുത്തു കാണുന്നത്.

അനാഥനായിരുന്ന അജയൻ, ജനിച്ച ആശുപത്രിയിൽതന്നെയാണു വളരുന്നത്. ഡോക്ടറങ്കിൾ എന്തിനാണു തന്നെ മകനെപ്പോലെ വളർത്തുന്നതെന്ന് അജയനു ഒരിക്കലും മനസ്സിലാവുന്നില്ല. കുട്ടിയായിരിക്കുമ്പോൾതന്നെ അജയൻ എല്ലാക്കാര്യങ്ങളിലും അതീവസമർഥനും മിടുക്കനുമായിരുന്നു. സ്വതവെ ഏകാകിയായിരുന്ന അജയനു കൂട്ട് പലപ്പോഴും ഡോക്ടറങ്കിളും പിന്നെ, വല്ലപ്പോഴും അവധിക്കു വരാറുള്ള, ഡോക്ടറങ്കിളിന്റെ മെഡിസിനു പഠിക്കുന്ന മകൻ ബാലു(മമ്മൂട്ടി)വുമാണ്. പ്രസവിച്ച ആശുപത്രിയിൽതന്നെ ഉപേക്ഷിച്ചു പോയ തന്റെ അമ്മയോട് തനിക്ക് അടങ്ങാത്ത പകയാണെന്ന് ബാലുവിനോട് അജയൻ ഒരിക്കൽ പറയുന്നുമുണ്ട്. അജയനു ആദ്യമായി പ്രേമം തോന്നിയ പെൺ‌കുട്ടി മറ്റൊരുവനെയാണു പ്രേമിക്കുന്നതെന്ന് അവനറിയുന്നത് ആ പെൺ‌കുട്ടിതന്നെ അവനു വായിക്കാൻ നൽകിയ ഒരു പുസ്തകത്തിനുള്ളിൽ(അതെ, ചെമ്മീൻ തന്നെ) മറന്നുവെച്ച, മറ്റൊരാൾക്കുള്ള ഒരു പ്രേമലേഖനത്തിൽ നിന്നാണ്. അജയൻ കോളജിൽ പഠിക്കുന്ന കാലത്താണ് ഡോക്ടറങ്കിളിന്റെ മരണം. പക്ഷെ മരണവിവരം മനപൂർവ്വം വൈകിയാണ് ബാലു അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾ അജയനെ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ മരണാനന്തരചടങ്ങുകൾക്കോ മറ്റു കർമ്മങ്ങൾക്കോ അജയനു ഭാഗഭാഗിത്വം ഇല്ലാതെ പോകുന്നു. പിന്നീടാണു ബാലുവിന്റെ വിവാഹം. ബാലുവിന്റെ ഭാര്യ സുമ(ശോഭന)യെ കാണുന്ന നിമിഷം മുതൽ അജയന്റെ പെരുമാറ്റത്തിൽ സാരമായ മാറ്റം നമുക്ക് കാണാനാകുന്നുണ്ട്. അജയന്റെ തീക്ഷ്ണമായ നോട്ടങ്ങളെ ആദ്യം കൌതുകത്തോടെ കാണുന്ന സുമയ്ക്ക് പിന്നീട് അതു അസഹ്യവും ശല്യപ്പെടുത്തുന്നതുമായി തോന്നുന്നു. സുമയോട് അജയന് പ്രണയം എന്നു വിളിക്കാവുന്ന തരത്തിലുള്ള ഒരു infatuation രൂപപ്പെടുന്നു എന്ന് സംവിധായകൻ നമ്മോടു പറയുന്നതാകട്ടെ, സുദീർഘങ്ങളായ തീക്ഷ്‌ണനോട്ടങ്ങളുടെ സമീപദൃശ്യങ്ങളിലൂടെയാണ്. അവധി തീരും മുൻപേ കോളജിലേക്കു മടങ്ങുന്ന അജയൻ, ബാലുവിന്റെ കുടുംബജീവിതത്തിൽ നിന്നും കഴിയുന്നത്ര അകലം പാലിക്കുന്നു. തന്റെ മാനസികാവസ്ഥയും സുമയെക്കുറിച്ചുള്ള ചിന്തകളും തുറന്നെഴുതാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒരിക്കലും അയാൾക്കതു സാധ്യമാകുന്നില്ല.

അനന്തരം….എന്തോ സംഭവിക്കുന്നുണ്ട്.

തന്റെ കഥാഖ്യാനം പൂർണ്ണമല്ല എന്ന തിരിച്ചറിവിൽ വിട്ടുപോയ കാര്യങ്ങൾ കൂട്ടിചേർത്ത് തന്റെ ജീവിതാഖ്യാനം കഴിയുന്നത്ര കുറ്റമറ്റതാക്കാനാണ്, അഥവാ സഹോദരഭാര്യയോടു തോന്നിയ അഭിനിവേശം വരുത്തിയ കുറ്റബോധത്തെ ലഘൂകരിക്കാൻ ഒരു self justification എന്ന നിലയിലാണ് അജയൻ വീണ്ടും കഥ പറഞ്ഞു തുടങ്ങുന്നത്. രണ്ടാമത്തെ ആഖ്യാനത്തിൽ നമുക്ക് അജയനെ, അവന്റെ ഏകാന്തതയെ കുറച്ചുകൂടി സമീപത്തുനിന്ന് കാണാനാകുന്നുണ്ട്. ഏറെ വിഷയനിഷ്ഠമായ ഈ രണ്ടാം ആഖ്യാനം അജയന്റെ വിഭ്രാന്തികൾക്ക് കാരണങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നു. ഡോക്ടറങ്കിൾ മിക്കപ്പോഴും യാത്രയിലും ബാലു ദൂരെ പട്ടണത്തിലും ആയതിനാലും സമപ്രായക്കാരായ കൂട്ടുകാർ ഇല്ലാത്തതിനാലും അജയന്റെ കുട്ടിക്കാലം തികച്ചും ഏകാന്തമായിരുന്നു. വീട്ടിലെ ജോലികൾ ചെയ്തിരുന്ന മൂന്നു വയസ്സന്മാരായിരുന്നു ചെറുപ്പത്തിൽ അജയനു കൂട്ട് (അങ്ങനെ പറയാമെങ്കിൽ). കോളജിൽ പഠിക്കാനെത്തുന്ന യുവാവായ അജയനും ഏറെക്കുറെ ഏകാകിതന്നെയായിരുന്നു. സമരദിനങ്ങളിലൊന്നിൽ ബസുകാത്തു നിൽക്കുമ്പോഴാണ് നളിനിയെ അജയൻ ആദ്യമായി കാണുന്നത്. ദീർഘകാലമായി പരിചയമുള്ള ഒരാളെപ്പോലെയാണ് ഒരുദിവസം നളിനി ബസിൽ നിന്നിറങ്ങി അജയന്റെ സമീപത്തേക്കു വരുന്നത്. മുൻപുതന്നെ നിശ്ചയിക്കപ്പെട്ടിരുന്നതു പോലെ അവർ പ്രണയത്തിലാകുന്നു. നളിനിയെ അന്വേഷിച്ച് അവൻ പോകുന്ന അവസരങ്ങളിലൊന്നും അവളെ അവനു കണ്ടെത്താനാകുന്നില്ല; അവളാണെപ്പോഴും അവനെ അന്വേഷിച്ചു വരുന്നത്. ഒരുദിവസം അജയനെ തേടി വരുന്നത് നളിനിയുടെ അച്‌ഛൻ തന്നെയാണ്. നളിനിയുടെ വിവാഹമായെന്നും, അജയൻ ഇനിയൊരിക്കലും നളിനിയെ കാണാൻ ശ്രമിക്കരുതെന്നും മിതമായ ഭാഷയിൽ അയാൾ അജയനോട് ആവശ്യപ്പെടുന്നു. ഇതിനു ശേഷവും നളിനി അയാളെ തേടി വരികയും, തന്റെ അച്‌ഛൻ ഏഴു വർഷം മുന്പു മരിച്ചു പോയെന്ന് അജയനോട് പറയുന്നുമുണ്ട്. പക്ഷെ, പിന്നീടൊരുദിവസം മുതൽ നളിനി വരാതാകുന്നു, അജയനാകട്ടെ പിന്നീടവളെ കാണുന്നുമില്ല. തുടർന്നാണു ബാലുവിന്റെ വിവാഹവും ഏടത്തിയമ്മയായി നളിനിയുമായി രൂപസാദൃശ്യങ്ങളുള്ള സുമയെ അജയൻ കാണുന്നതും. ഇത്രയും മാത്രമേ അജയൻ നമ്മോടു പറയുന്നുള്ളൂ. പുഴയിലേക്കുള്ള പടവുകൾ എണ്ണിയിറങ്ങുകയും എണ്ണിക്കൊണ്ടുതന്നെ തിരിച്ചു കയറുകയും ചെയ്യുന്ന കുട്ടിയായ അജയനെ ദൃശ്യപ്പെടുത്തുന്ന ഒരു ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.

ഇത്രയുമാണ് അജയന്റെ കഥയുടെ രത്നച്ചുരുക്കം, അഥവാ സിനിമയിൽ കാണപ്പെടുന്ന യാഥാർത്ഥ്യം. ക്യാമറ ഒപ്പിയെടുക്കുന്നതും, തിരശ്ശീ‍ലയിൽ നമ്മൾ കാണുന്നതും അതിൽത്തന്നെയുള്ള ഒരു യാഥാർത്ഥ്യമെങ്കിൽ, അതിനുപുറമെയും ഒരു യാഥാർത്ഥ്യം ഉണ്ടായിരിക്കണം എന്ന് അടൂർ തന്നെ ഒരഭിമുഖത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.2 വരികൾക്കിടയിലെ വായന എന്നു പറയുന്നതുപോലെ, സീനുകൾക്കും ഷോട്ടുകൾക്കും ഫ്രെയിമുകൾക്കും ഇടയിൽ രൂപമെടുക്കുന്ന യാഥാർത്ഥ്യത്തെക്കുറിച്ചാണ്, ഇനി പറയുന്നത്.

അജയന്റെ പിതൃത്വം
ചില വ്യവഹാരങ്ങളിൽ പിതൃത്വം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പിതാവിനെക്കൂടാതെ മാതാവിനെയും കൂടി ആകുന്നതിൽ തെറ്റില്ലല്ലോ. (അച്‌ഛന്റെ നിഴലിൽ അമ്മയെകൂടി ഒതുക്കുന്നതല്ലേ നാട്ടുനടപ്പ്.) അജയന്റെ പിതാവോ മാതാവോ ആരാണെന്നതിനു വ്യക്തമായ സൂചനകളൊന്നും സിനിമയിലില്ല. (ഉണ്ടാവാൻ വഴിയുമില്ല, കാരണം അജയന്റെ ചിന്തകളാണു സിനിമയെന്ന് മുൻപുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.) സാധ്യതകൾ വിരൽ ചൂണ്ടുന്നത്, ഡോക്ടറങ്കിളാവാം അജയന്റെ പിതാവ് എന്ന വസ്തുതയിലേക്കാണ്. വീട്ടിൽ നിന്നും ദൂരെയുള്ള ഒരു ആശുപത്രിയിലായിരുന്നു ഡോക്ടറങ്കിളിന്റെ ജോലി. ആ ആശുപത്രിയിൽ വേറെയും അനാഥകുട്ടികൾ(അവിഹിതസന്തതികൾ എന്നതാവും സാങ്കേതികമായി ശരി) ജനിച്ചിട്ടുണ്ട് എങ്കിലും അജയനെമാത്രമേ ഡോക്ടറങ്കിൾ മകനെപ്പോലെ കരുതി പരിപാലിക്കുന്നുള്ളൂ. അജയനെ പ്രസവിച്ച സ്ത്രീ മരിച്ചുപോയതായി സൂചനകളില്ല. മാത്രമല്ല, ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ഡോക്ടറങ്കിൾ അജയനെക്കൂടി തന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. ഡോക്ടറങ്കിൾ മരിക്കുമ്പോൾ മരണവിവരം ബന്ധുക്കൾ അജയനെ അറിയിക്കുന്നില്ല എന്നതുമോർമ്മിക്കുക; കാരണമായി പറയുന്നത് മരണാനന്തരകർമ്മങ്ങളിൽ അജയനും അവകാശം നൽകേണ്ടി വന്നേക്കാം എന്ന് ബന്ധുക്കൾക്കുണ്ടാവുന്ന ഭീതിയാണ്. പിതൃത്വം ഒളിച്ചുവെക്കാമെങ്കിലും മരണം, ആത്മാവ് തുടങ്ങിയ കാര്യങ്ങളിൽ നുണ പറയാൻ ബന്ധുക്കൾക്കും സ്വഭാവികമായും മടി തോന്നിയിരിക്കണം; (എൺപതുകളിലെ കേരളമാണല്ലോ സിനിമയുടെ കാലം).

സിനിമയിലൊരിടത്തേ യോഗിനിയമ്മ(കവിയൂർ പൊന്നമ്മ) എന്ന സ്ത്രീയെക്കുറിച്ചു പരാമർശമുള്ളൂ. അവരുടെ മരണത്തോടെ ഡോക്ടറങ്കിൾ വൈകാരികമായി ആകെ തകരുന്നു; കൂടുതൽ ഏകാകിയാകുന്നു. അജയന്റെ ചെറുപ്പത്തിലൊരിക്കൽ അസുഖം വന്നു കിടക്കുന്ന നാളുകളിൽ, അവനെ കാണാൻ യോഗിനിയമ്മ വരുന്നതും, കരയുന്നതും അജയനു നേരിയ ഓർമ്മയുണ്ട്. ഈ യോഗിനിയമ്മതന്നെയാകാം അജയന്റെ അമ്മ. അസുഖം വന്നു കിടക്കുന്ന ഒരു കുട്ടിയെ കണ്ടിട്ടുള്ള ആ കരച്ചിൽ, അവരും ഡോക്ടറങ്കിളുമായുള്ള ബന്ധം, സമീപത്തെ ആശ്രമം, വിഭാര്യനായ ഡോക്ടർ, ദൂരെയുള്ള ആശുപത്രിയിൽ ഇരുചെവിയറിയാതെയുള്ള പ്രസവിക്കാനുള്ള സാധ്യത…സൂചനകൾ വ്യക്തമാണ്. (സിനിമാനിരൂപണമെന്നാൽ ഇതുപോലെ ഡിറ്റക്ടീവുകളിയാണോ എന്നും ഈ വിവരങ്ങൾ സിനിമയെ മനസ്സിലാക്കാൻ ആവശ്യമാണോ എന്നും ചോദിച്ചാൽ, അല്ല എന്നാണുത്തരം. ചില രംഗങ്ങൾക്കും കഥാപാത്രങ്ങൾക്കും ന്യായീകരണം എന്ന രീതിയിൽ മാത്രമാണ് ഇതെഴുതിയത്.)

ഡോക്ടറങ്കിൾ അജയന്റെ അറിവിൽ, അവന്റെ അച്‌ഛനല്ല, എന്നാൽ അച്ഛനെപ്പോലെയാണ്; അതുപോലെ ബാലു അവന്റെ ജ്യേഷ്ഠനല്ലെങ്കിലും ജ്യേഷ്ഠനെപ്പോലെയാണ്. ഇതുപോലെ തന്റെ അസ്തിത്വത്തെക്കുറിച്ചുള്ള dual perception യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിനുള്ള കഴിവിനുതന്നെ പരിക്കേൽ‌പ്പിക്കുന്നു(2).

അജയനും ബാലുവും
അജയന് ഓർമ്മയുള്ള കാലത്തെല്ലാം ബാലു പക്വതയും അറിവും പെരുമാറ്റമര്യാദകളും എല്ലാമുള്ള, സ്ഥിരോത്സാഹിയായ, ഒരു പരിധി വരെ ജീവിതത്തിൽ വിജയിക്കുകയും ചെയ്ത തികഞ്ഞ പുരുഷനായിരുന്നു; എന്നു വച്ചാൽ ഒരു മാതൃകാപുരുഷൻ. മലയാളിയുടെ പൊതുബോധത്തിൽ ‘മാതൃകാപുരുഷ’നായ മമ്മൂട്ടിയെതന്നെ ഈ റോളിൽ കാസ്റ്റ് ചെയ്തത് തികച്ചും ഉചിതം. രണ്ടുപേരും ഒന്നിച്ചിരുന്നു പഠിക്കുന്ന സീൻ ഓർമ്മിക്കുക; പഠിച്ചു വലിയ ഡോക്ടറാവുക, വലിയ സ്ത്രീധനം വാങ്ങി ഒരു സുന്ദരിയെ വിവാഹം ചെയ്യുക തുടങ്ങിയ സാധാരണസ്വപ്നങ്ങൾ മാത്രമുള്ള സാധാരണ മനുഷ്യനായിരുന്നു അയാൾ. എന്നാൽ അജയനാകട്ടെ, സാധാരണക്കാരനല്ലെന്നു മാത്രമല്ല, അവനു സ്വപ്നങ്ങളും ഇല്ലായിരുന്നു. എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട എന്നും ബാലുവിനെപ്പോലെ ആകണ്ട എന്നുമൊക്കെ അവൻ പൊതുബോധങ്ങളെ നിരാകരിക്കുന്നുണ്ട്. ഒരിക്കലും താൻ ബാലുവാകില്ല എന്ന് അജയനു തീർച്ചയുണ്ടായിരിക്കണം.

അജയന് അമ്മയുണ്ടായിരുന്നില്ല, എന്നാൽ ബാലുവിന് അമ്മയുണ്ടായിരുന്നു എന്ന അടിസ്ഥാനപരവും ലളിതവുമായതു മുതലുള്ള വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നത്, അജയനു ബാലുവിനോട് അസൂയ രൂപപ്പെട്ടിരുന്നു എന്നു തന്നെയാണ്; അതായത്, തന്റെ alter ego ആയി അവൻ ബാലുവിനെ അംഗീകരിക്കുന്നുണ്ട്. താൻ എന്തൊക്കെ അല്ല, അല്ലെങ്കിൽ തനിക്ക് എന്തൊക്കെ ആവാനാവില്ല എന്ന് അജയൻ കരുതുന്നുവോ, അതിന്റെയൊക്കെ പ്രതിരൂപം. സാധാരണഗതിയില്‍ ഒരു സഹോദരവൈരത്തിലാരംഭിച്ച് (sibling rivalry) വികസിക്കേണ്ടുന്ന ഒരു ബന്ധമാണ് ഇതെങ്കിലും ബാലുവും അജയനും തമ്മിലുള്ള പ്രായവ്യത്യാസം ‘സഹോദരവൈര’ത്തിനു പറ്റിയതല്ല എന്നതുകൊണ്ടാവാം ആ ബന്ധം അജയന്റെ മനസില്‍ Idealization-ഓളം എത്തിച്ചിട്ട് തന്റെ “കാമുകിയെ തട്ടിയെടുത്തവ”നോടുള്ള ഒരു ഗൂഢവൈരമായി ചലച്ചിത്രകാരന്‍ വ്യാഖ്യാനിക്കുന്നത്. എന്നാൽ ബാലു അജയന് മാതൃകാപുരുഷനും alter ego-യും മാത്രമല്ല, തനിക്കൊരിക്കലും എതിർക്കാൻ കഴിയാത്ത ഒരു അധികാരകേന്ദ്രം കൂടിയാണ്. അയാളുടെ സാന്നിധ്യത്തിൽ അജയന്‍ അസ്തപ്രജ്ഞനാണ് - adolescent rebellion പോലും പ്രകടിപ്പിക്കാനാവാത്തവിധം മാനസികമായി കീഴൊതുങ്ങിയവൻ. പഠിത്തം മതിയാക്കി നേരത്തെ ഉറങ്ങാൻ പോവുന്ന തന്റെ ചെവിക്ക് പിടിക്കുന്ന ബാലുവിനെ വെറുക്കാൻ പോലും അജയനാവുന്നില്ല, അതിനു മുൻപേ ബാലു അവന്റെ ദേഷ്യത്തെ വാത്സല്യം കൊണ്ട് അണച്ചുകളയുന്നു.

ബാലുവും അജയനും ഒരുമിച്ച് കുളിക്കടവിലേക്കു പോകുന്ന രംഗം ഓർമ്മിക്കുക. കുളി കഴിഞ്ഞു വരുന്ന പെൺ‌കുട്ടിയെ ബാലു അത്ര മാന്യമല്ലാത്ത രീതിയിൽ തുറിച്ചു‌നോക്കി നിൽക്കുന്നത് അജയൻ കാണുന്നുണ്ട്. തീർച്ചയായും അജയന്റെ മനസ്സിലെ alter ego ആയ ബാലു, തനിക്ക് അപ്രാപ്യമായ സ്നേഹബന്ധങ്ങൾ (രതിസാധ്യതകൾ) നേടാൻ കഴിവുള്ളവനാണെന്ന് അജയനു തിരിച്ചറിയാം. ബാലുവിന്റെ വിവാഹം താൻ കലക്കുമെന്ന് അവൻ അന്നുരാത്രി(?) ബാലുവിനോടു പറയുന്നുമുണ്ട്. ഇനിയാണു നമ്മൾ ബാലുവിന്റെ വിവാഹത്തിലേക്കു വരുന്നത്.

ജ്യേഷ്ഠന്റെ ഭാര്യയെ അജയൻ ആദ്യം കാണുന്നത്, വിവാഹശേഷം കിടപ്പറയിൽനിന്നും, ഒരു ലൈംഗികബന്ധത്തിനുശേഷം എന്നു തോന്നിപ്പിക്കുന്ന ഉലഞ്ഞവേഷത്തിൽ അതിരാവിലെ, പുറത്തിറങ്ങുമ്പോഴാണ്. മുൻപു പരിചയമുള്ള ഒരുവളെ എന്നതുപോലെ, (നാടൻ ഭാഷയിൽ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തവനെപ്പോലെ) അജയൻ സുമയെ തുറിച്ചുനോക്കുന്നത്, ഒരു സദാചാരഭ്രംശത്തിന്റെ സാധ്യതകളാലാവണം, സുമയിലെന്നതുപോലെ പ്രേക്ഷകനിലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.

നളിനി, സുമ, അജയന്റെ ദ്വൈതയാഥാർത്ഥ്യം
തന്റെ കഥ കുറ്റമറ്റതാക്കാനെന്നതുപോലെ അജയൻ രണ്ടാമതും നടത്തുന്ന ആഖ്യാനത്തിലാണു നളിനിയെ നാം കാണുന്നത്. യുവാവായിരിക്കെ, കോളജിൽ പഠിക്കുന്ന കാലത്താണ്, ഒരു ബസ്‌സ്റ്റോപ്പിൽ വച്ച് അജയനവളെ ആദ്യം കാണുന്നത്, ‘ഒരുവാതിൽകോട്ട’യ്ക്കുള്ള ബസിൽ. അജയന്റെ മനസ്സ് ഒരു പ്രതീതി യാഥാർത്ഥ്യത്തിലേക്ക് വഴുതിപ്പോകുന്ന, അതിസങ്കീർണ്ണവും പ്രാധാന്യമേറിയതുമായ ഈ സീക്വൻസുകളെ വിശദമായിത്തന്നെ അപഗ്രഥിക്കേണ്ടതുണ്ട്.

തുടരെയുള്ള രണ്ടു സമരദിവസങ്ങളിൽ, ബസ് കാത്തുനിൽക്കുമ്പോൾ അജയൻ നളിനിയെക്കാണുന്നുണ്ട്. മൂന്നാംദിവസം, ഭൂതത്തെയും ഭാവിയെയും അവഗണിക്കാനും വർത്തമാനകാലത്തെ മാത്രം ശ്രദ്ധിക്കാനും പറയുന്ന പാഠഭാഗത്തുനിന്നുമാണ് പേരറിയാത്ത ആ പെൺകുട്ടിയെ കാണാനായി, അജയൻ ഇറങ്ങി നടക്കുന്നത്. അന്നാദ്യം വരുന്നത് ‘പെരുങ്കോട്ട’യ്ക്കുള്ള ബസാണ്; പിന്നീട് ‘ഒരുവാതിൽകോട്ട’യ്ക്കുള്ള ബസ് വരുന്നു. അതിനുശേഷം വരുന്ന, മറ്റു യാത്രക്കാരില്ലാത്ത, ഒരു ബസിൽ നിന്നുമാണു നളിനി അജയനെക്കാണാനായി ഇറങ്ങുന്നത്. ഒരുവാതിൽകോട്ട ഒരു ‘യഥാർത്ഥ’ സ്ഥലനാമമാണെന്നിരിക്കെ, പെരുങ്കോട്ട അജയന്റെ പ്രതീതിലോകത്തെ ഇടമാണ്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ട അജയന്റെ മനസ്സിലേക്കാണ് നളിനി വരുന്നത്. നളിനി അജയന്റെ മനസ്സിലെ കല്പിതയാഥാർത്ഥ്യം മാത്രമാണെന്നിരിക്കെ, നളിനിയും സുമയും തമ്മിലുള്ളത് രൂപപരമായ സാ‍ദൃശ്യം തന്നെയാണോ?

തന്റെ പ്രണയിനിയായിരുന്ന നളിനിയുമായുള്ള രൂപസാദൃശ്യമാണ് സുമയോട് തനിക്കു തോന്നിയ അഭിനിവേശത്തിനു കാരണമെന്ന് നാം മനസ്സിലാക്കണമെന്നാണ് അജയൻ ആഗ്രഹിക്കുന്നത്. അതയാൾക്കുള്ള ന്യായീകരണമാവുകയും അയാളുടെ കുറ്റബോധം ലഘൂകരിക്കപ്പെടുകയും ചെയ്യും. അതിനുവേണ്ടിത്തന്നെയാണ് നളിനിയെ അയാൾ അവതരിപ്പിക്കുന്നതും. എന്നാൽ സത്യമതല്ല; തന്റെ സങ്കല്പത്തിലെ സ്ത്രീയ്ക്ക് സുമംഗലയുടെ രൂപം ആരോപിക്കുകയാണ് അയാൾ ചെയ്യുന്നത്. തന്റെ alter-ego ആയ ബാലു സ്വന്തമാക്കുക, തനിക്കവകാശപ്പെട്ട പെണ്ണിനെയായിരിക്കും എന്ന ഭീതി അജയന്റെ ഉപബോധമനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ബാലുവിന്റെ വിവാഹം താൻ കലക്കുമെന്ന് അവൻ രണ്ടു തവണ ആവർത്തിച്ച് പറയുന്നത്. നളിനിയുടെ രൂപമല്ല സുമയ്ക്ക്, മറിച്ച് സുമയുടെ രൂപമാണ് നളിനിക്ക് എന്നതിനാലാണ് സുമയെ നാം ആദ്യം കാണുന്നതും.

ഇനി, എന്തുകൊണ്ട് അജയന്റെ ‘സങ്കൽ‌പത്തിലെ സ്ത്രീ’ ‘നളിനി’യായി എന്നൊരു ചോദ്യത്തിനു പ്രസക്തിയുണ്ടോ? ഒരു നളിനിയെ മലയാളിക്ക് മുന്നെ അറിയാം; താൻ പ്രണയിച്ചയാൾ ലൌകിക ജീവിതം വെറുത്ത് സന്യാസിയായിട്ടും, അവനെത്തന്നെ പ്രണയിച്ച, അവന്റെ ഒരാശ്രിതയായി കഴിയാൻ ഇഷ്ടപ്പെട്ട, ഒടുക്കം അവന്റെ കൈകളിൽക്കിടന്നു മരിച്ച, കുമാരനാശാന്റെ നളിനി. നിഷേധിക്കപ്പെട്ട ലൈംഗികത സ്വന്തമായുള്ള, അമ്മയുടെയോ സഹോദരിയുടെയോ രൂപത്തിൽ പോലും സ്ത്രീസാമീപ്യം അനുഭവിച്ചിട്ടില്ലാത്ത അജയൻ, സ്വഭാവികമായും രതിയെ ഭയപ്പെടുന്നുണ്ടാവണം. ദിവാകരനെപ്പോലെ(കുമാരനാശാന്റെ കഥാപാത്രം) ഒരു സന്യാസിയെ അലൈംഗികമായി, ജീവിതാവസാനം വരെ പ്രണയിച്ച നളിനിയെപ്പോലെ ഒരു സ്ത്രീയെ ആയിരിക്കണം, അയാൾ ആഗ്രഹിച്ചതും സങ്കല്പിച്ചതും.

പ്രതീതിയാഥാർത്ഥ്യങ്ങൾ
ഡോക്ടറങ്കിൾ, ബാലു എന്നിവരുമായുള്ള തന്റെ ബന്ധങ്ങളിലൂടെ, തന്റെ അസ്തിത്വത്തെക്കുറിച്ചുതന്നെ ഒരുതരം dual perception അജയനുണ്ടായിരുന്നതായി മുൻപ് സൂചിപ്പിച്ചല്ലോ. ജീവിതത്തെക്കുറിച്ചുള്ള ഈ dual perception അജയന്റെ സ്വഭാവത്തിന്റെ ഭാഗമായതെങ്ങിനെ എന്നതിനെക്കുറിച്ചും അജയൻ തന്റെ രണ്ടാമത്തെ കഥയിൽ പറയാൻ ശ്രമിക്കുന്നുണ്ട്. ഡോക്ടറങ്കിളിന്റെ വീട്ടുജോലികൾ ചെയ്തിരുന്ന മൂന്നു വൃദ്ധന്മാരുടെ-പാചകക്കാരൻ രാമൻ‌നായർ (വെമ്പായം തമ്പി), ഡ്രൈവർ മത്തായി(ബഹദൂർ), ഡിസ്‌പെൻസറിയിലെ കമ്പോണ്ടർ(ബി.കെ നായർ)- കൂടെയായിരുന്നു, ബാല്യത്തിൽ അജയന്റെ സഹവാസം. ഡ്രൈവറായിരുന്ന മത്തായി ഒരിക്കലും വണ്ടിയോടിക്കുന്നത് അജയൻ കണ്ടിട്ടില്ല. പാചകക്കാരൻ പാചകം ചെയ്തിരുന്നതിൽ അധികവും സ്വയം ഭക്ഷിക്കുകയും, കമ്പോണ്ടർ മരുന്നു വാങ്ങാൻ ആളുകൾ വരുന്നതുപോലുമറിയാതെ, കിടന്നുറങ്ങുകയുമായിരുന്നു പതിവ്. ചുരുക്കത്തിൽ, തനിക്കു ചുറ്റുമുള്ളവർ എന്താണോ, അതായിട്ടല്ല അവർ അജയന് അനുഭവപ്പെട്ടിരുന്നത്. ഇതുകൂടാതെ, ഭ്രമാത്മകമായ ചില അനുഭവങ്ങൾ ഈ മൂന്നുപേർ അജയനു നൽകുന്നുണ്ട്, കെട്ടുകഥകളിലൂടെയും അല്ലാതെയും. പുഴുങ്ങിവെച്ചിരിക്കുന്ന മുട്ടകളത്രയും മത്തായി ഇട്ടതാണെന്നു പറയുന്ന രാമൻ‌നായരും, പെരുമഴയത്ത് കിണറ്റിൽ നിന്നു വെള്ളം കോരി, ഉഷ്ണമാണെന്നു പറയുന്ന മത്തായിയും-മഴയത്തുനിന്നും വരാന്തയിലേക്കു കയറുന്ന മത്തായിയുടെ ദേഹം അല്പംപോലും നനഞ്ഞിട്ടില്ല എന്നതും, വലിയൊരു ചെമ്പുകുടത്തിനുള്ളിൽ നിന്നും അയാൾ മറ്റൊരു ചെറിയ കുടം പുറത്തെടുക്കുന്നതും അജയൻ കാണുന്നുണ്ട്-എല്ലാം അജയന്റെ, ഭാവനകളെ യാഥാർത്ഥ്യത്തിൽ നിന്നും വേർതിരികുന്ന കഴിവുകളെ നശിപ്പിക്കുകയായിരുന്നു. ഏകാകിയായ അജയനാകട്ടെ, അനുഭവങ്ങൾ പങ്കുവെയ്ക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. കാഴ്ച ചിന്തയെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിന് രണ്ട് ഉദാഹരണങ്ങൾ- മതിലിനപ്പുറത്തുകൂടെ വായുവിൽ തെന്നിനീങ്ങുന്ന കോഴിയുടെ ദൃശ്യവും, മത്തായി കാറോടിക്കുന്ന ദൃശ്യവും- അജയന്റെ കാഴ്ചകളായി അവതരിപ്പിച്ചുകൊണ്ട്, തന്റെ അനുഭവങ്ങൾ അജയനെ എങ്ങനെ വഞ്ചിച്ചു എന്ന് ഈ സ്വീകൻസുകളിൽ സംവിധായകൻ വിശദീകരിക്കുന്നുണ്ട്.

അജയന്റെ മനഃശാസ്ത്രവും ലൈംഗികതയും
അജയന്റെ മുറിയിൽ ചിതറിക്കിടക്കുന്ന വസ്തുക്കളുടെ കൂട്ടത്തിൽ Psycho analysis എന്നൊരു പുസ്തകം നമുക്ക് വ്യക്തമായും കാണാം. അജയനിലെ സങ്കീർണ്ണവ്യക്തിത്വം മനസ്സിലാക്കാൻ ഇത്തരം പാഠ്യപദ്ധതികൾ ആവശ്യമെന്ന് സംവിധായകൻതന്നെ നിർദ്ദേശിക്കുമ്പോൾ, നമുക്ക് അവിടെ നിന്നുതന്നെ തുടങ്ങാം. വ്യക്തിത്വവൈകല്യങ്ങള്‍ ഒരു വലിയ spectrum-ന്റെ ഭാഗമാണെന്നും അതിന്റെ താഴെയറ്റത്ത് ചില്ലറ വ്യക്തിത്വ വൈകല്യങ്ങളും മുകളറ്റത്ത് സ്കീറ്റ്സഫ്രീനിയ എന്ന ചിത്തരോഗവും ആണെന്നുള്ള ഒരു സിദ്ധാന്തം മസ്തിഷ്കപഠനങ്ങളെ മുന്‍നിര്‍ത്തി ആധുനിക മന:ശാസ്ത്രം മുന്നോട്ടുവയ്ക്കുന്നുണ്ട് (Schizotypy Spectrum). ഇതൊരു മനോവൈകല്യ സ്പെക്റ്റ്രമായതിനാലും ചികിത്സകള്‍ ഏറെക്കുറേ ഒരുപോലെയായതിനാലും ഓരോന്നിനെയും വെവ്വേറേ കാണേണ്ടതില്ലെന്നും വകഭേദങ്ങളായി കണ്ട് ഡയഗ്നോസ് ചെയ്താല്‍ മതിയെന്നും ഒരു പൊതു അഭിപ്രായം രൂപപ്പെട്ടുവരുന്നുമുണ്ട്. സൂക്ഷ്‌മങ്ങളായ കുറേയേറേ ഡയഗ്നോസ്റ്റിക് പോയിന്റുകൾ സംവിധായകൻ ചിത്രത്തില്‍ അവിടവിടെയായി വാരി വിതറിയിട്ടുണ്ട്; സൂചനകൾ വിരൽ ചൂണ്ടുന്നത്, അജയന്റേത് സ്കീറ്റ്സോയിഡ് വ്യക്തിത്വവൈകല്യമാണ് (schizoid Personality Disorder) എന്നാണ്. സ്കീറ്റ്സോയിഡ് വ്യക്തിത്വവൈകല്യമുള്ളവർ പൊതുവെ ഏകാകികളും, ഉൾ‌വലിഞ്ഞവരും, വ്യക്തിബന്ധങ്ങളെ ആസ്വദിക്കാൻ കഴിവില്ലാത്തവരും ഭാവനയിൽ ജീവിക്കുന്നവരുമായിരിക്കും. സിനിമയിൽ സംവിധായകൻ നൽകുന്ന സൂചനകളിലേക്കു വരാം.

1. ജനിതകപരമായ സാധ്യത - അജയന്റെ അമ്മയാവാന്‍ സാധ്യതയുള്ള യോഗിനിയമ്മ ഒരു ടിപ്പിക്കല്‍ സ്കീറ്റ്സോയിഡ് പേഴ്സനാലിറ്റി ഡിസോഡര്‍ സ്പെസിമനാണ്. ആത്മീയതയുടെയും കടുത്ത മതപരമായ അനുഭവങ്ങളുടെയും (religious experiences) മന:ശാസ്ത്ര അപഗ്രഥനങ്ങളത്രയും ചൂണ്ടുന്നത് സ്കീറ്റ്സഫ്രീനിയയുമായുള്ള അതിന്റെ ബന്ധത്തിലേയ്ക്കാണ്. അങ്ങനെവരുമ്പോള്‍ (യോഗിനി?) അമ്മയില്‍ നിന്ന് അജയനിത് ലഭിക്കാനുള്ള സാധ്യത വലുതാണ്.

2. വ്യക്തിത്വം രൂപപ്പെടുന്ന (formative) കുട്ടിക്കാലത്തെ ഏകാന്തത - ഇത് വ്യക്തിബന്ധങ്ങളെയും സൌഹൃദങ്ങളെയും അവയുടെ ഊഷ്മളതയെയും തിരിച്ചറിയാനോ ആസ്വദിക്കാനോ ഉള്ള കഴിവുകളെ സാരമായി ബാധിക്കുന്നുണ്ട്. തനിക്ക് ആരുമായും ഒന്നും സംസാരിക്കാനില്ല എന്ന് ഒരിടത്ത് അജയന്‍ നമ്മോട് പറയുന്നുണ്ട്. അതിന്റെ ന്യായീകരണമായാണ് “ഞാനൊരു സംഭവമാണേ” എന്ന് ധ്വനിപ്പിക്കുന്ന ആദ്യഭാഗത്തെ, narcissistic എന്നു വിളിക്കാവുന്നിടത്തോളം പോകുന്ന സ്വയവര്‍ണ്ണന.

3. സമപ്രായക്കാരല്ലാത്തവരുമായുള്ള കുട്ടിക്കാലത്തെ സഹവാസം - തന്റെ വികാരവിചാരങ്ങളെ നിഷ്കരുണം തള്ളിക്കളയുന്ന, ഒരു തലത്തിലും അപ്രീഷിയേറ്റ് ചെയ്യാത്ത ഒരു കൂട്ടം വയസന്മാരുമായിട്ടാണ് അജയന്റെ ബാല്യകാലമത്രയും കടന്നുപോകുന്നത്. ആകെയുള്ള ആശാസം, ചേട്ടൻ ബാലു പോലും വളരെ മുതിർന്നയാളാണ്. അജയന്റെ ഏകാന്ത ലോകത്തിലെ ആകെയുള്ള യാഥാര്‍ത്ഥ്യങ്ങൾ മൂന്ന് വയസന്മാരും ഒന്നിലും ഇടപെടാത്ത ഒരു അങ്കിളും താന്‍ അകന്ന് നിന്ന് ആരാധിക്കുന്ന ഒരു പ്രായമായ ചേട്ടനും മാത്രമാണ്.

4. മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിൽ തിരിച്ചറിയാനാവാത്ത വിധമുള്ള ബാല്യകാല‘അനുഭവങ്ങൾ’ - വീട്ടില് കറങ്ങിനടക്കുന്ന യക്ഷിയും, മത്തായിയെ ബാധിക്കുന്ന ജലപ്പിശാചും നിര്‍ത്താതെ മുട്ടയിടുന്ന മാന്ത്രികക്കോഴിയും, അങ്ങനെ അജയന്റെ ലോകം വല്ലാതെ വളച്ചൊടിക്കപ്പെടുന്നുണ്ട്. (ജലപ്പിശാചുബാധയുള്ളവന്‍ കൊടിയ ദാഹം കാണിക്കും എന്നൊരു സങ്കല്പമുണ്ട്. ചിലരാകട്ടെ കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയാവാത്ത കൈകളെപ്പറ്റിയും കുളിച്ചിട്ടും വൃത്തിയാവാത്ത ശരീരത്തെപ്പറ്റിയുമാണ് പരിഭവിക്കുന്നത്. ആധുനിക മനഃശാസ്ത്രത്തില്‍ ഇത് Obsessive Compulsive Disorder ആണ്). സാമാന്യത്തില്‍ കവിഞ്ഞ ഐ.ക്യു ഉള്ള അജയന്റെ ഭാവനകളും അത്രകണ്ട് vivid ആണ്.

5. ചെറിയ കാര്യങ്ങള്‍ക്കു കിട്ടുന്ന കടുത്തതെന്ന് വിളിക്കാവുന്ന ശിക്ഷ – മൂന്നു വയസ്സന്മാരിൽ ഒരാൾ തന്റെ ഉറക്കം മുടക്കിയതിന് കുട്ടിയായ അജയനെ സാമാന്യത്തിൽക്കവിഞ്ഞ് ശിക്ഷിക്കുന്നത് വളരെ സൂക്ഷ്മമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. കുട്ടിക്കാലത്ത് രക്ഷകര്‍തൃസ്ഥാനത്തുള്ളവരില്‍ നിന്നും കിട്ടുന്ന ഇത്തരം out-of-proportion-ലുള്ള ശിക്ഷകൾ സ്കീറ്റ്സോയിഡ് വ്യക്തിത്വത്തിലേയ്ക്കുള്ള ഒരു കാരണമാകാം എന്ന് മന:ശാസ്ത്രത്തിൽ വിശകലനമുണ്ട്. അടൂര്‍ ഇത് നന്നായി അറിഞ്ഞു തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും.

6. സ്കിറ്റ്സൊ-ടിപ്പി സ്പെക്ട്രത്തില്‍ വരുന്ന മനോവൈകല്യക്കാരിൽ കൌമാരത്തിൽ കാണുന്ന മാനസികപ്രതിരോധങ്ങൾ (Level-2 Defence Mechanism) ചിത്രത്തിൽ അങ്ങിങ്ങായി സംവിധായകൻ ഒളിപ്പിച്ചുവെച്ചിരിക്കുന്നതിലെ കൃത്യത അത്ഭുതപ്പെടുത്തുന്നതാണ്. ഇതില്‍ തന്നെ Fantasy (ഭ്രമകല്പന), Projection (സ്വന്തം വികാരങ്ങൾ അന്യരിൽ ആരോപിക്കുക) , Idealization (നല്ലതെന്ന് താൻ കരുതുന്ന ഗുണങ്ങളെ മറ്റൊരാളിൽ ആരാധനാപൂർവ്വം കാണുക) എന്നിങ്ങനെയുള്ള അജയന്റെ “പ്രതിരോധങ്ങളെ” മുഴപ്പിച്ചു നിര്‍ത്തിയിട്ടുമുണ്ട്.

സ്കീറ്റ്സോയിഡ്/സ്കിറ്റ്സടൈപ്പൽ വ്യക്തിത്വക്കാരുടെ മുഖ്യപ്രശ്നങ്ങളിലൊന്നാണ് വികലമായി വികസിക്കുന്ന ലൈംഗികതയാണ്. അമ്മയുടെയോ സഹോദരിയുടെയോ സുഹൃത്തിന്റെയോ കാമുകിയുടെയോ രൂപത്തിലാകട്ടെ, അർത്ഥപൂർണ്ണമായ സ്ത്രീസാമീപ്യത്തിന്റെ അഭാവം, കൌമാരകാലത്ത് ഉണ്ടാകുന്ന പ്രണയനഷ്ടത്തിന്റേതായ അനുഭവം എന്നിവയൊക്കെ അജയന്റെ ലൈംഗികതയുടെ സ്വഭാവികവികാസത്തെ ബാധിക്കുന്നുണ്ട്. പൊതുജീവിതത്തില്‍ ഇത്തരക്കാര്‍ ലൈംഗികച്ചുവയുള്ള സംസാരങ്ങൾ, വായിൽ നോട്ടം, തുടങ്ങി സെക്സ് സംബന്ധിയായ വിഷയങ്ങളോടെല്ലാം അവഗണനയോ വെറുപ്പോ പ്രകടിപ്പിക്കുമെങ്കിലും സ്വകാര്യതയിൽ പലതരത്തിലുള്ള ലൈംഗികവ്യതിയാനങ്ങളെ താലോലിക്കുന്നവരായിരിക്കും. ബാലു കുളക്കടവിലെ സ്ത്രീയെ ചൂഴ്ന്നു നോക്കുന്നതിനെപ്രതിയുള്ള അജയന്റെ അവജ്ഞയെ ഇതിലേക്കുള്ളൊരു സൂചനയായി കാണാം. തന്നെ ഞെട്ടിച്ചുകൊണ്ട് നളിനി ഹോസ്റ്റൽ മുറിയില്‍ കേറിവരുമ്പോള്‍ “അപവാദ”ങ്ങളെക്കുറിച്ചാണ് അജയന്‍ ആദ്യം ഭയക്കുന്നത് എന്നും ഓര്‍ക്കുക.

സ്കിറ്റ്സോടിപ്പി സ്പെക്ട്രത്തിൽപ്പെടുന്ന മനോവൈകല്യമുള്ള വ്യക്തികൾക്ക് രതിയെന്നത് മുഖ്യമായും സ്വയംഭോഗത്തിൽ അധിഷ്ഠിതമാണ്‍. മറ്റൊരു വ്യക്തിയുമായി ശാരീരികമായി ബന്ധപ്പെടാനുള്ള അവസരം ഉണ്ടായാൽപോലും സ്വയംഭോഗത്തിലൂടെ മാത്രം തൃപ്തിവരുത്തേണ്ടിവരുന്ന ഒരുതരം അവസ്ഥയിലേക്ക് പോകും ഇത്തരക്കാര്‍. എന്നാൽ ലൈംഗികതയെ ‘വഷളത്തരം’ ആയി കാണാനുള്ള അടൂരിന്റെ പ്രവണതമൂലമാവാം ഈ സുപ്രധാന വിഷയത്തിൽ മാത്രം സൂചകങ്ങൾ വളരെ നേർത്തതാവുന്നത്.
അജയൻ തന്റെ രണ്ടാമത്തെ കഥാഖ്യാനം തുടങ്ങുന്ന ഷോട്ടിൽ‌ത്തന്നെ സ്റ്റഫ് ചെയ്തു പക്ഷികളെ നമുക്ക് കാണാം. തീർച്ചയായും, സ്റ്റഫ് ചെയ്ത പക്ഷികൾ നമ്മെ ആദ്യമോർമ്മിപ്പിക്കുന്നത് ഹിച്ച്‌കോക്കിന്റെ ‘സൈക്കോ’ തന്നെയാണ്. സൈക്കോയിലെന്നതുപോലെ ഒന്നിലധികം സീനുകളിൽ സ്റ്റഫ് ചെയ്യപ്പെട്ട പക്ഷികൾ കാഴ്ചയുടെ പരിധിയിൽ വരുന്നുണ്ട്. സൈക്കോ‌യിലെ നോർമാനെപ്പോലെ അജയനും, അമ്മയെ സംബന്ധിച്ച ചിന്തകളാൽ വേട്ടയാടപ്പെടുന്നയാളും സ്ത്രീകളുമായി ഇടപെടലുകൾ സാധ്യമാകാത്തയാളുമാണ്. നോർമാന്റെ കിടപ്പുമുറിയിലെന്നതുപോലെ(ഒരു പൊട്ടിയ കളി-ട്രക്ക്, കീറിയ പാവ, സ്റ്റഫ് ചെയ്ത ഒറ്റചെവിയൻ മുയൽ) അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന വസ്തുക്കൾ അജയന്റെ മുറിയിലും കാണാം. നിഷേധിക്കപ്പെട്ട ലൈംഗികത നോർമാനെ പ്രത്യക്ഷമായ വയലൻസിലേക്കു നയിക്കുന്നുവെങ്കിൽ, അജയനിലെ വയലൻസ് വൈകാരികതലത്തിലാണെന്നു മാത്രം. മനശ്ശാസ്ത്രപരമായി നോർമാനും അജയനും ഒരേ വ്യക്തിവൈകല്യങ്ങൾക്കുടമകൾ അല്ലെങ്കിലും ചില കാരണങ്ങൾ താരത‌മ്യ‌ങ്ങളവശേഷിപ്പിക്കുന്നു.

തന്റെ ലൈംഗികമായ ആകുലതകളെ ഭൌതികമായി നിവർത്തിക്കാൻ അയാളുടെ പാപബോധം അനുവദിക്കാതെ വരുമ്പോളാണ് അജയൻ നളിനിയെ സൃഷ്ടിക്കുന്നത്. നളിനി ഒരിക്കലും അജയനുമായല്ലാതെ മറ്റാരുമായും ഇടപഴകുന്നില്ല. തന്റെ ഹോസ്റ്റൽ മുറിയിലേക്ക് കയറിവരുന്ന സാങ്കല്പികസൃഷ്ടിയായ നളിനിയെപ്പോലും ലൈംഗികമായ പാപബോധത്തോടെയേ അയാൾക്ക് അഭിമുഖീകരിക്കാനാവുന്നുള്ളൂ. അപവാദങ്ങളെ ഭയപ്പെടുന്നതിനെ നളിനി പരിഹസിക്കുമ്പോൾ, കതക് അടച്ചിടാനൊരുങ്ങുന്ന അയാളെ നളിനി തടയുമ്പോൾ അജയൻ സ്വന്തം ഭാവനയിൽ തന്റെ പാപബോധം ഉണ്ടാക്കുന്ന വൈകാരികസംഘർഷം അനുഭവിക്കുകയാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ അയാളെ ഭരിക്കുന്ന പാപബോധത്തിന്റെ ഒരു സൂചകമായി, ഹോസ്റ്റൽ മുറിയിലെ മാര്‍പ്പാപ്പയുടെ പോസ്റ്റർ ചിത്രത്തെ കാണാം. നളിനി അല്പമൊരു പരിഹാസത്തോടെ, ഇത്രപേടിയാണോ അജയന് എന്നു ചോദിക്കുന്നത് ആ ചിത്രത്തിലേയ്ക്ക് നോക്കിക്കൊണ്ടാണെന്നതും ശ്രദ്ധിക്കുക. തന്റെ മാതൃകാ പുരുഷനു കിട്ടിയ ഭാര്യ, തന്റെ സ്വപ്നത്തിലെ നളിനിയാണ് എന്ന് ആരോപിക്കുകവഴി ഒരർത്ഥത്തിൽ അജയൻ ചെയ്യുന്നത് താൻ അർ‌ഹിക്കാത്ത നളിനിയെ തന്റെ മാതൃകാപുരുഷനു ‘കല്യാണം കഴിച്ചുകൊടുക്കുക’യാണ്. ആ മിഥ്യാ അവകാശബോധത്തോടെയാണ് സുമംഗലയെ ആദ്യം മുതല്‍ക്കെ തന്നെ അജയൻ നോക്കുന്നത്.

ഇവയിൽ ഏതു കുറ്റബോധമാണ്/നഷ്ടബോധമാണ് അജയനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ചോദ്യത്തിന്, ഇതെല്ലാത്തിന്റെയും കൂടി ആകെത്തുകയായിരുന്നു അജയന്റെ ജീവിതവും മരണവും എന്നേ ഉത്തരമുള്ളൂ. കാരണം, തുടർച്ചയില്ലായ്മ അജയന്റെ മനസ്സിന്റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നായിരുന്നു. അവസാനത്തെ ഷോട്ടിൽ, ഒന്നിടവിട്ട അക്കങ്ങൾ കൊണ്ട് പടവുകൾ എണ്ണിയിറങ്ങുന്ന അജയൻ മറ്റെന്താണു നമ്മോടു പറയുന്നത്…

മറ്റു വായനകൾ

സർഗപ്രക്രിയയുമായും എഴുത്തുകാരന്റെ മനസ്സുമായുമൊക്കെ ബന്ധപ്പെടുത്തി അജയന്റെ കഥയെ വിശദീകരിക്കാനാണ് സംവിധായകൻ തയ്യാറായത്(2). ഭ്രാന്ത് ചാനലൈസ് ചെയ്യാൻ കഴിയുമ്പോഴാണ് സർഗസൃഷ്ടി ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അനന്തരം എന്ന സിനിമ, സ്വപ്നങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും അവസ്ഥകളെക്കുറിച്ചാണെന്നും അദ്ദേഹം പറയുന്നുണ്ട്. എലിപ്പത്തായം, നിഴൽക്കുത്ത് എന്നിവ ഒഴികെയുള്ള സിനിമകളൊന്നും ഡിവിഡിയിലോ മറ്റു രീതികളിലോ ലഭ്യമല്ലാത്തതിനാലാവാം, അടൂരിന്റെ സിനിമകളെക്കുറിച്ച് ഗൌരവപൂർണ്ണമായ അക്കാദമിക് പഠനങ്ങൾ ഉണ്ടാവാത്തതെന്നാണ് ബൌൾ‌ഡറിലെ കൊളറാഡോ സർവ്വകലാശാലയിലെ സുരഞ്ജൻ ഗാംഗുലിയുടെ അഭിപ്രായം(3). അടൂരിന്റേതായി എൺപതുകളിൽ പുറത്തുവന്ന മൂന്നു സിനിമകളെ-മുഖാമുഖം, അനന്തരം, മതിലുകൾ-അടിസ്ഥാനമാക്കി സർഗാത്മകതയും അപരത്വവും അടൂരിന്റെ സിനിമകളിൽ എന്ന പ്രബന്ധത്തിൽ, അജയനെ, യാഥാർത്ഥ്യത്തെ ഭാവനയിൽ നിന്നു വേർതിരിക്കാനറിയാത്ത സ്കീറ്റ്സൊഫ്രീനിക്(schizophrenic) എന്നാണു മനസ്സിലാക്കുന്നത്. സർഗാത്മകതയെ സംബന്ധിച്ചിടത്തോളം, അനന്തരം, അടൂരിന്റെ നാളിതുവരെയുള്ള ചലച്ചിത്രജീവിതത്തിലെ ഏറ്റവും റിഫ്ലക്സീവായ സൃഷ്ടി എന്നാണു ഡോ.ഗാംഗുലി വിലയിരുത്തുന്നത്.

അടൂർ ‘ഒരു പെണ്ണും രണ്ടാണും’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ മികച്ചസിനിമ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ സംസ്ഥാന അവർഡുകൾ നേടിയ വാർത്ത അടൂരിനെയും സിനിമയെയും സ്നേഹിക്കുന്നവരിൽ സന്തോഷത്തെക്കാളുപരി ഉത്കണ്ടയാണുണ്ടാക്കുന്നത്. മറ്റൊരു അടൂർ-തകഴി കോമ്പിനേഷനായ ‘നാലു പെണ്ണുങ്ങൾ’ക്ക് ഉപരിപ്ലവത പ്രകടമായിരുന്ന ‘ഹിന്ദി ന്യൂവേവ്’ സിനിമകളുമായാണു സാമ്യം എന്ന് രാജ്മോഹൻ നിരീക്ഷിക്കുന്നുണ്ട്(1). തകഴിയുടെ സാമൂഹ്യപരിഷ്കരണ കഥകൾ മലയാളി വായനക്കാർ വിസ്മരിച്ചതിന്റെ അതേ കാരണങ്ങളാൽ-മീഡിയോക്രിറ്റി, ഉപരിപ്ലവത-അടൂരിന്റെ ‘തകഴി സിനിമ’കളും വിസ്മരിക്കപ്പെടും. രാജ്മോഹൻ പറയുന്നതുപോലെ, സാമൂഹ്യപ്രശ്നങ്ങളെ വളരെ ഉപരിപ്ലവമായി കൈകര്യം ചെയ്യുന്ന ഇന്ത്യൻ സിനിമയിലെ ഒരു വലിയ സംഘം ചലച്ചിത്രകാരന്മാരുടെ കൂട്ടത്തിലേക്ക്‌ അടൂർ ഗോപാലകൃഷ്ണനും നടന്നു നീങ്ങുന്ന ദുഃഖകരമായ കാഴ്ച നാം കാണുന്നു. ‘അതിഗഹനത’ ആരോപിച്ച് മലയാളി തിരസ്കരിക്കാൻ ശ്രമിച്ച, 22 വർഷം പഴക്കമുള്ള ഒരു സിനിമയെക്കുറിച്ചുള്ള പഠനം അതുകൊണ്ടുതന്നെ ഗൃഹാതുരതയല്ല, മറിച്ച് ഓർമ്മപ്പെടുത്തലാണ്. തകഴിയിൽ നിന്നും അടൂരിലേക്ക് നമുക്ക് തിരിച്ചു പോകേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.

References

1. http://www.cinemaofmalayalam.net/pennungal_mal.html

2. C.S.Venkiteswaran, “A Door to Adoor”, Interview with Adoor Gopalakrishnan, in Joshi and Venkiteswaran, eds, A Door to Adoor

3. S Ganguly, “Constructing the Imaginary: Creativity and Otherness in the Films of Adoor Gopalakrishnan”, The Journal of Commonwealth Literaturr., 2008, 43, 43-55.

Tuesday, May 12, 2009

സമ്മർ പാലസ്‌ (2006)


ഊക്ഷ്മളമായൊരു വേനൽക്കാല സായന്തനത്തിൽ, കാറ്റു പോലെ, എവിടെ നിന്നോ അപ്രതീക്ഷിതമായി കടന്നു വരുന്ന ഒന്നുണ്ട്‌. അതു നിങ്ങളുടെ സമാധാനം കവരുകയും കാവൽക്കാരനില്ലാത്തതു പോലെ നിങ്ങളെ ദൗർബല്യത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നു. നിഴൽ പോലെ നിങ്ങളെ പിന്തുടരുന്ന അതിനെ ഒന്നു കുലുക്കുക പോലും സാധ്യമല്ല. അതെന്താണെന്ന് എനിക്കറിയില്ല, അതിനാൽ ഞാനതിനെ പ്രണയം എന്നു വിളിക്കുന്നു. ...Yu Hong-ന്റെ ഡയറിയിൽ നിന്ന്


ഭരണകൂടത്തിന്റെ സമ്മതമില്ലാതെ തന്റെ സമ്മർ പാലസ്‌ എന്ന സിനിമ കാൻസ്‌ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനാണ്‌ ചൈനയിലെ ഭരണകൂടം പ്രസ്തുത സിനിമ ചൈനയിൽ നിരോധിക്കുകയും, അഞ്ചു വർഷത്തേക്ക്‌ സിനിമകൾ നിർമ്മിക്കുന്നതിൽ നിന്നും സംവിധായകനായ Ye Lou-വിനെ വിലക്കുകയും ചെയ്തത്‌. 2009-ലെ കാൻ ഫെസ്റ്റിവലിന്‌ മെയ്‌ 13-നു തിരശീല ഉയരുമ്പോൾ, Jane Campion, Michael Haneke, Lars Von Trier, Gasper Noe, Pedro Almodovar, Ken Loach, Alain Resnais, Ang Lee, Quentin Tarantino, Elia Suleiman തുടങ്ങി കാൻസിൽ തന്നെ മുൻപ്‌ ആദരിക്കപ്പെട്ടിട്ടുള്ള, സമകാലീന സിനിമയിലെ പ്രഗത്ഭരായവരുടെ സിനിമകൾക്കൊപ്പം Ye Lou-വിന്റെ Spring Fever എന്ന സിനിമയും മത്സരവിഭാഗത്തിലുണ്ട്‌. ചൈനയിൽ ഇപ്പോഴും വിലക്ക്‌ നേരിടുന്ന Ye Lou അതീവരഹസ്യമായാണ്‌ തന്റെ പുതിയ സിനിമ ചൈനയിൽ തന്നെ ചിത്രീകരിച്ചത്‌.


ഉത്തരകൊറിയയ്ക്ക്‌ സമീപമുള്ള ഒരു അതിർത്തി ഗ്രാമത്തിൽ ഒരു ചെറുകിട കച്ചവടക്കാരന്റെ മകളായ യു ഹോങ്ങിനെയാണ്‌ സമ്മർ പാലസ്‌ എന്ന സിനിമ കേന്ദ്രകഥാപാത്രമാക്കുന്നത്‌. വിദ്യാർത്ഥിജീവിതങ്ങൾ സംഭവബഹുലവും സംഘർഷഭരിതവുമായ ഒരു കാലത്താണ്‌ യു ഹോങ്ങ്‌ തുടർവിദ്യാഭ്യാസത്തിനായി ബെയ്ജിംഗിലെ കോളജിൽ എത്തിച്ചേരുന്നത്‌. ഹോസ്റ്റലിൽ വെച്ചു പരിചയപ്പെട്ട Li Ti-യല്ലാതെ മറ്റാരുമായും അവൾ തുടക്കത്തിൽ സൗഹൃദം സ്ഥാപിക്കുന്നില്ല. ഒറ്റപ്പെട്ടും നിശബ്ദമായും സമൂഹത്തിൽ നിന്നും ഉൾവലിയാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ Zhou Wei-യുമായി അനിവാര്യമായതെന്നോണം അവൾ പ്രണയത്തിലാവുക തന്നെ ചെയ്യുന്നു. തീക്ഷ്ണമായൊരു പ്രണയത്തിനു പോലും അടിമയാവാതിരിക്കാൻ ആഗ്രഹിക്കാൻ മാത്രം സ്വതന്ത്രയാണു യു ഹോങ്ങ്‌. സദാചാരത്തിന്റെ നിയമങ്ങളിൽ തന്റെ ജീവിതത്തെ തളച്ചിടാൻ അവളൊരിക്കലും ശ്രമിച്ചിരുന്നുമില്ല. ലൈംഗികതയെ തന്റെ സഹജമായ കരുതലും പരിഗണനയും സഹജീവികളോടു പ്രകടിപ്പിക്കാനുള്ള ഉപാധിയായാണു അവൾ മനസ്സിലാക്കുന്നത്‌. അതു കൊണ്ടു തന്നെ പലരുമായി ശാരീരിക ബന്ധം തുടരുമ്പോഴും തന്റെ മനസ്സിൽ Zhou wei മാത്രമാണുള്ളതെന്ന് അവൾ തിരിച്ചറിയുന്നു. തന്റെ തന്നെ പ്രണയകലാപങ്ങളിൽ മുറിവേറ്റാണ്‌ ഒടുവിൽ വിദ്യാഭ്യാസം തന്നെ മതിയാക്കാൻ തീരുമാനിക്കുന്നത്‌. ഗ്രാമത്തിൽ വെച്ച്‌ തന്നെ തന്റെ സൗഹൃദവും സ്വകാര്യതയും പങ്കിട്ടിരുന്ന Xiao Jun-നൊപ്പം ഗ്രാമത്തിലേക്കു മടങ്ങുന്നത്‌. Li Ti-യും Zhou Wei-യും ചൈന വിടാനായി, ഒരു ജർമ്മൻ വിസയും പ്രതീക്ഷിച്ച്‌ ബെയ്ജിങ്ങിൽ തന്നെ തുടരുന്നു.


കോളജിൽ ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം പല വഴിക്കായി പിരിയുകയാണ്‌.Li Ti, Zhou Wei എന്നിവർ ബെർലിനിലെത്തുന്നു. യു ഹോങ്ങ്‌ മറ്റൊരു ചെറിയ പട്ടണത്തിൽ ചെറിയ ജോലികൾ ചെയ്ത്‌ തികഞ്ഞ ദാരിദ്ര്യത്തിൽ ജീവിക്കുന്നു. അവൾ തന്റെ സ്വകാര്യതകൾ പലരുമായും പങ്കിടുന്നുണ്ടെങ്കിലും അവർക്കൊന്നും തന്റെ മനസ്സിൽ പ്രവേശനം നൽകുന്നില്ല. ബെർലിനിലെത്തിയ Zhou wei ഏതാണ്ട്‌ ഏകാന്തമായി തന്നെ തന്റെ ജീവിതം തുടരുന്നു. ഒടുവിൽ ചൈനയിലേക്ക്‌ ഒരു മടങ്ങിവരവിനായി ഒരുങ്ങുമ്പോൾ സുഹൃത്തായ Li Ti ആത്മഹത്യയിൽ അഭയം പ്രാപിക്കുകയാണ്‌. Zhou Wei പിന്നീട്‌ യു ഹോങ്ങിനെ കാണുന്നുമുണ്ട്‌. ഏതാണ്ട്‌ ഇതൊക്കെയാണ്‌ സിനിമയുടെ ശരീരം.


തികച്ചും വ്യക്തിതലത്തിൽ നിന്ന് ഈ കഥകളെല്ലാം പറയുന്നതിനിടെയാണ്‌ 1989-ലെ ടിയാനെൻമെൻ സ്‌ക്വയറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കു നേരെ നടന്ന ഭരണകൂടത്തിന്റെ അക്രമങ്ങൾ ഒട്ടൊക്കെ വിശദമായി ദൃശ്യവത്‌കരിക്കുകയും ലോകമെമ്പാടും അക്കാലങ്ങളിൽ നടന്ന രാഷ്ട്രിയ സംഭവഗതികളെ നറേറ്റീവിൽ ഉൾചേർക്കുകയും ചെയ്യുന്നത്‌. സമ്മർ പാലസിലെ മുഖ്യകഥാപാത്രങ്ങളെല്ലാം 1989-ൽ ബെയ്‌ജിംഗിൽ വിദ്യാർത്ഥികളും ടിയാനെൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുമായിരുന്നു. ഒരർത്ഥത്തിൽ അവരെയെല്ലാം ചിതറിച്ചത്‌ ബെയ്ജിംങ്ങിൽ നിന്നുമുള്ള അവരുടെ പലായനം തന്നെയായിരുന്നു. അത്ര സുവ്യക്തമല്ലാത്ത ചില വായനകളിൽ ഈ സിനിമ, ഭരണകൂടത്താൽ തകർക്കപ്പെട്ട വ്യക്തിബന്ധങ്ങളെക്കുറിച്ചു തന്നെയാണ്‌.


തീക്ഷ്ണമായ രതിരംഗങ്ങൾ നിരവധിയുണ്ട്‌ ഈ സിനിമയിൽ. എന്നാൽ അതൊന്നും നഗ്നശരീരങ്ങളിലോ വിശദാംശങ്ങളിലോ തങ്ങി നിൽക്കാതെ രതിയുടെ തീക്ഷ്ണതയെ മാത്രം ദൃശ്യവത്‌കരിക്കുന്നു. ലൈംഗികമായി തുറവിയുള്ള രംഗങ്ങളൊന്നും ചൈനീസ്‌ സെൻസർ ബോർഡിന്റെ കത്രികയിൽ നിന്നും രക്ഷപെടാറില്ലെങ്കിലും സമ്മർ പാലസും സംവിധായകനെത്തന്നെയും നിരോധിക്കാൻ മുഖ്യകാരണം ലൈംഗികതയെക്കാളുപരി സിനിമയുടെ രാഷ്ട്രീയം തന്നെയായിരുന്നു. സെൻസർ ബോർഡിന്റെ അനുവാദമില്ലാതെ സിനിമ പ്രദർശിപ്പിച്ചതിന്‌ 2000-ലും Ye Lou-വിനു വിലക്ക്‌ കിട്ടിയിട്ടുണ്ട്‌. ആത്യന്തികമായി ചൈനയെക്കുറിച്ച്‌ സംസാരിക്കുന്ന ഈ സിനിമയുടെ ആഖ്യാനത്തിൽ ഇടയ്ക്ക്‌ കടന്നു വരുന്ന രാജ്യങ്ങൾ -ഉത്തര കൊറിയ, റഷ്യ, പോളണ്ട്‌, കിഴക്കൻ ജർമ്മനി- എല്ലാം (മുൻ)കമ്യൂണിസ്റ്റ്‌ രാജ്യങ്ങളാണെന്നത്‌ യാദൃശ്ചികമായിരിക്കുമോ?


ചൈനയിലെ ഭരണകൂടത്തെയും രാഷ്‌ട്രീയ സംഭവവികാസങ്ങളെയും വിമർശനപരമായി സമീപിക്കുന്ന ആദ്യത്തെ സിനിമയല്ല സമ്മർ പാലസ്‌. സമീപകാലത്തു തന്നെ Shower, Balzac and the Little Chinese Seamstress, Getting Home തുടങ്ങിയ സിനിമകളെല്ലാം പണി തീർന്നുകൊണ്ടിരിക്കുന്ന ആ വലിയ അണക്കെട്ടിനെക്കുറിച്ചുള്ള(Three Gorges Dam) ആശങ്കകൾ പങ്കു വെച്ചിരുന്നു. Zhang Ke Jia സംവിധാനം ചെയ്ത Still life ആകട്ടെ പൂർണ്ണമായും ഈ ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ആയിരുന്നു പ്രമേയമാക്കിയത്‌. Xiaoshuai Wang സംവിധാനം ചെയ്ത In love we trust എന്ന സിനിമ, വ്യക്തിജീവിതത്തിൽ നിയമങ്ങളും ഭരണകൂടവും ഇടപെടുന്നതിനെക്കുറിച്ചായിരുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തെ ചൈനയുടെ സമകാലീന പശ്ചാത്തലത്തിൽ സമഗ്രമായി അപഗ്രഥിക്കുന്നുണ്ട്‌ ഈ സിനിമയിൽ.


1968-ലെ ഫ്രെഞ്ച്‌ വിദ്യാർത്ഥിസമരങ്ങളെ പശ്ചാത്തലത്തിൽ നിർത്തി ബെർട്ടൊലൂച്ചി ഒരുക്കിയ ഡ്രീമേഴ്‌സുമായി പെട്ടെന്നു ഓർമ്മയിലെത്തുന്ന താരതമ്യങ്ങൾ നിരവധിയാണ്‌. ബെർട്ടൊലൂച്ചിയുടെ ചിത്രം രാഷ്ട്രീയത്തെക്കുറിച്ചായിരുന്നുവെങ്കിൽ Ye Lou-വിന്റെ സിനിമ രാഷ്ട്രീയം തന്നെയാണ്‌. രാഷ്ട്രീയത്തിനും ലൈംഗികതയ്ക്കുമൊപ്പം സിനിമയായിരുന്നു ബെർട്ടൊലൂച്ചിയുടെ പരിഗണനയെങ്കിൽ ഇവിടെ സിനിമയ്ക്കു പകരം പ്രണയമാണ്‌. പ്രണയമെന്നാൽ ഏകാന്തതയും വേദനയും തന്നെയെന്ന് ഈ കഥാപാത്രങ്ങൾ സമർത്ഥിക്കുന്നു. ബെർട്ടൊലൂച്ചിയുടെ കഥാപാത്രങ്ങൾ സമൂഹത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ നിന്നും ഒരുതരം ഒളിച്ചോട്ടം നടത്തുമ്പോൾ(അത്‌ ഒളിച്ചോട്ടം തന്നെയായിരുന്നുവോ എന്നത്‌ മറ്റൊരു ചോദ്യം‌!) സമ്മർ പാലസിലെ കഥാപാത്രങ്ങൾ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്കിടയിൽ തന്നെ തങ്ങളുടെ ജീവിതത്തെ കണ്ടെടുക്കുവാൻ ശ്രമിക്കുകയാണ്‌. ബെർട്ടൊലൂച്ചിയുടെ സിനിമ ഒരുതരം ആഘോഷമായിരുന്നെങ്കിൽ സമ്മർ പാലസ്‌ പരാജയത്തെയും വേദനയെയും കുറിച്ചാണ്‌. പ്രണയം, ലൈംഗികത, മൊറാലിറ്റി, വ്യക്തിജീവിതത്തിൽ അധികാരത്തിന്റെ ഇടപെടൽ എന്നതിനെക്കുറിച്ചൊക്കെ സങ്കീർണ്ണമായ ചോദ്യങ്ങൾ സമ്മർ പാലസ്‌ ഉയർത്തുന്നുണ്ട്‌.

Friday, April 10, 2009

അബ്‌സ്വേർഡിസ്ഥാൻ (2008)

മാർക്ക്വേസിന്റെ മക്കൊണ്ടൊ പോലെ, സ്വിഫ്റ്റിന്റെ ലാപുട പോലെ വിചിത്രകൽപനകളും വിചിത്രാനുഭവങ്ങളും നിറഞ്ഞ ഒരു വിചിത്ര ദേശമാണു അബ്‌സ്വേർഡിസ്ഥാൻ (Absurdistan). പഴയ സോവിയറ്റു യൂണിയൻ വിഭജിച്ചുണ്ടായ അനേകം കൊച്ചു രാജ്യങ്ങൾക്കിടയിലെവിടെയോ ആണ്‌, ഈ കൊച്ചു ദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം; അതേ സമയം ഒരു രാജ്യത്തിന്റെയും അതിർത്തിക്കുള്ളിലല്ലാത്തതു കൊണ്ട്‌ ഒരു ഗവണ്മെന്റിന്റെയും കീഴിലുമല്ല. ഭൂപടത്തിൽ പോലും സ്ഥാനം ലഭിക്കാത്ത ഈ കൊച്ചു പ്രദേശം ഇന്ന് എല്ലാവരും മറന്നിരിക്കുന്നു. മധ്യനൂറ്റാണ്ടുകളിൽ മംഗോളുകളുടെ അക്രമമുണ്ടായപ്പോൾ ഇവിടുത്തെ പുരുഷന്മാർ തന്ത്രപരമായി അവരെ കീഴടക്കുകയും അതിനുപകരമായി രാജ്ഞി ഏറ്റവും സുന്ദരികളായ സ്ത്രീകളെ അബ്‌സ്വേർഡിസ്ഥാനിലെയ്ക്ക്‌ നൽകുകയും ചെയ്തു. അബ്‌സ്വേർഡിസ്ഥാനിലെ ജനങ്ങളെക്കുറിച്ചും അവിടുത്തെ ജലക്ഷാമത്തെക്കുറിച്ചും രസകരമായ ഒരു പ്രണയത്തെക്കുറിച്ചുമാണ്‌ Veit Helmer സംവിധാനം ചെയ്ത Absurdistan എന്ന ചലചിത്രം.

വൈചിത്ര്യം ഭരണതലത്തിലോ സാമൂഹികതലത്തിലോ മുഖ്യപ്രതീകമായിരിക്കുന്ന ദേശങ്ങളെ സൂചിപ്പിക്കാൻ സോവിയറ്റ്‌ പെരിസ്‌ട്രോയിക്കയുടെ കാലം മുതൽAbsurdistan എന്ന വാക്ക്‌ ഉപയോഗിക്കാറുണ്ട്‌. മിക്കവാറും മുൻസോവിയറ്റു ബ്ലോക്കിൽ നിന്നും ചിതറിയ വടക്കു-കിഴക്കൻ യൂറോപ്പിലെ കൊച്ചു രാജ്യങ്ങളെയോ അവിടങ്ങളിലെ കുഗ്രാമങ്ങളെയോ ഒക്കെ വിശേഷിപ്പിക്കാനും. ചിത്രത്തിന്റെ വെബ്‌സൈറ്റു പറയുന്നത്‌ തിരക്കഥയുടെ ആശയം ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും ആണെന്നാണ്‌. 2001-ൽ തുർക്കിയിലെ Sirt എന്ന ഗ്രാമത്തിലെ സ്ത്രീകൾ, പുരുഷന്മാർ പൈപ്പുകൾ മുഴുവൻ നന്നാക്കുന്നതു വരെ ലൈംഗികസമരത്തിലേർപ്പെട്ടു. ഈ സംഭവത്തിന്റെ ആഖ്യാനപരമായ സാധ്യതകളാണു പോലും സംവിധായകനു പ്രചോദനമായത്‌.

ആദിയിൽ ദൈവം ലോകം സൃഷ്ടിച്ച്‌ ജനതകൾക്കെല്ലാം നൽകിയപ്പോൾ ഏറ്റവും വൈകി എത്തിയത്‌ അബ്‌സ്വേർഡിസ്താനിലെ ജനങ്ങളായിരുന്നു. ബാക്കി ഭൂമിയെല്ലാം വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട്‌ ദൈവം തനിക്കായി മാറ്റി വെച്ചിരുന്ന ഭൂമി ഇവർക്കു നൽകി സ്വർഗ്ഗത്തിലേക്കു പോകുകയായിരുന്നു എന്നാണ്‌ ഐതിഹ്യം. ആ സമയനിഷ്ഠ അവിടുത്തെ ജനങ്ങൾ ഇന്നും പാലിച്ചു പോരുന്നു. പത്തുമണിക്കു മുൻപ്‌ അവിടെ ഒരു കോഴി പോലും കൂവാറില്ല. ജോലികൾ വൈകി തുടങ്ങിയാലും അവർ നേരത്തെ അവസാനിപ്പിക്കും. ശേഷം പുരുഷന്മാർ അവിടുത്തെ 'ഫിലോസഫേഴ്സ്‌ ക്ലബ്‌' ആയ ചായക്കറ്റയിൽ ഒത്തുകൂടുകയും രാത്രിയോളം വെടി പറഞ്ഞിരിക്കുകയും ചെയ്യും. തങ്ങളുടെ ശൂരത്വത്തിൽ അഭിമാനിച്ചിരുന്ന പുരുഷന്മാർ എല്ലാ രാത്രികളിലും കൃത്യമായി തങ്ങളുടെ സ്ത്രീകളുടെ മുന്നിൽ ശൂരത്വം പ്രകടിപ്പിച്ചും പോന്നു. പണ്ടൊരിക്കൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ കലഹിച്ചിരുന്ന കാലത്ത്‌ അബ്സ്വേർഡിസ്താനിലെ കിണറുകളെല്ലാം വരണ്ടു. പുരുഷന്മാർ ഗുഹകളിൽ പോയി വലിയ കുഴലുകൾ സ്ഥാപിച്ച്‌ ഗ്രാമത്തിൽ ജലമെത്തിക്കുന്നതോടെ കലഹം തീർന്നു എന്നാണു കഥ. ഇന്ന് അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കുഴലുകൾ തുളകൾ വന്നും, ഇടയ്ക്ക്‌ കല്ലുകൾ വന്ന് അടഞ്ഞും നാമമാത്രമായ വെള്ളമേ ഗ്രാമത്തിലെത്തുന്നുള്ളൂ. കഠിനമായ ജലക്ഷാമം മൂലം ഗ്രാമവാസികൾ കുളിച്ചിട്ട്‌ വർഷങ്ങളായി.

കുഴലിലൂടെ വരുന്ന വെള്ളം കുടിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. എങ്കിലും ദാഹം മൂലം ചിലപ്പോൾ ഫിഷ്‌ടാങ്കുകളിൽ മിച്ചമുണ്ടായിരുന്ന വെള്ളം പോലും കുടിച്ചു തീർക്കും, ബ്രെഡിനു മാവു കുഴയ്‌ക്കുമ്പോൾ വെള്ളത്തിനു പകരം വോഡ്‌ക ഉപയോഗിക്കും; പാത്രങ്ങൾ കഴുകിയിരുന്നത്‌ മണലുകൊണ്ടായിരുന്നു. ഇങ്ങനെ കഠിനമായ ജലക്ഷാമത്തിന്റെ നാളുകളിലായിരുന്നു അയയും തെമെൽകോവും കൗമാരത്തിലെത്തുന്നത്‌.

അയയും തെമെൽക്കോവും ജനനം മുതലേ സുഹൃത്തുക്കളാണ്‌. ഒരുമിച്ചു ജനിച്ചതു കൊണ്ട്‌ അവർ വിവാഹം കഴിക്കണമെന്നാണു തെമെൽകോവിന്റെ പക്ഷം. തെമെൽകോവിന്റെ എല്ലാ പ്രവൃത്തികളും എങ്ങനെയെങ്കിലും അയയുമായി ഒരു ശാരീരികബന്ധം സ്ഥാപിക്കുക എന്നതിനെ മുൻനിർത്തിയാണ്‌. ജ്യോതിഷിയായ അയയുടെ അമ്മൂമ്മ അവർക്ക്‌ ശാരീരികബന്ധത്തിന്‌ യോജിച്ച സമയം നാലു വർഷങ്ങൾക്കു ശേഷം ഒരു ജൂലായ്‌ മാസത്തിൽ സജിറ്റേറിയസും വുർഗ്ഗോവും ഒരുമിച്ചു വരുന്ന വേളയിലാണെന്നു കണ്ടെത്തുന്നു. നാലു വർഷത്തെ ഇടവേളയിൽ തെമെൽകോവ്‌ മറ്റു ചെറുപ്പക്കാരെ പോലെ വിദ്യാഭ്യാസത്തിനായി നഗരത്തിലേക്കു പോകുന്നു. തെമെൽകോവ്‌ തിരിച്ചു വരുന്നത്‌ ജലക്ഷാമത്തിന്റെ മൂർദ്ധന്യതയിലേക്കാണ്‌. ആദ്യരാത്രിക്കു മുൻപ്‌ വെള്ളത്തിൽ കുളിച്ചാൽ 'പറക്കുന്ന അനുഭവം' ലഭിക്കുമെന്നാണ്‌ ആ നാട്ടിലെ വിശ്വാസം. അതിനായി, കുഴലിൽ ഇടയ്‌ക്ക്‌ ദ്വാരമുണ്ടാക്കി ആകെ വരുന്ന വെള്ളം കൂടി അവൻ മോഷ്ടിക്കുന്നു. ആദ്യരാത്രിയിൽ തെമെൽകോവ്‌ ഗ്രാമീണരുടെ വെള്ളം മോഷ്ടിച്ചു എന്നു കണ്ടെത്തുന്ന അയ കുഴലുകളുടെ കേടു തീർത്ത്‌ ഗ്രാമത്തിലെ ജലക്ഷാമം തീർത്താലെ തെമെൽകോവിനെ സ്വീകരിക്കുകയുള്ളൂ എന്നു പറയുന്നു. സജിറ്റേറിയസും വുർഗ്ഗോവും ആറു ദിവസം കൂടി ഒരുമിച്ചുണ്ടാകും. ഈ ആറു ദിവസത്തിനുള്ളിൽ ജലക്ഷാമം തീർത്തില്ലെങ്കിൽ അയയെ അവനു നഷ്ടപ്പെടും....

നിശബ്ദ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന സംവിധായകൻ നിശബ്ദ ചലചിത്രങ്ങളുടെ വ്യാകരണം തന്നെയാണ്‌ അധികവും ഉപയോഗിക്കുന്നത്‌. ലൈംഗികത മുഖ്യ വിഷയമായി വരുന്ന ഈ സിനിമ ചിത്രീകരിച്ചതാവട്ടെ ഇതു പോലെ ഒരു പ്രമേയം നിരോധിക്കപ്പെടാൻ സാധ്യതയുള്ള അസർബൈജാൻ എന്ന മുസ്ലിം രാജ്യത്തും. ലൈംഗികത ഇവിടെ മുഖ്യപ്രമേയമാണെങ്കിലും ഒരിക്കലും കാഴ്ചയാകുന്നില്ല. ഇസ്ലാം, ക്രിസ്ത്യൻ എന്നീ മതങ്ങളുടെ റെഫറൻസ്‌ ഉണ്ടെങ്കിലും അബ്‌സ്വേർഡിസ്ഥാനിലെ മതം ഏതെന്ന് വ്യക്തമല്ല. പ്രാഥമികമായി ഹാസ്യം ശൈലിയാക്കുന്ന ഈ സിനിമയിൽ ഒന്നും യഥാതഥമായ അർഥത്തിൽ മനസ്സിലാക്കേണ്ട എന്നു സാരം. ഇത്‌ ഏതു പ്രദേശത്തെയുമാകട്ടെ, അടിസ്ഥാനപരമായി മനുഷ്യനെക്കുറിച്ചാന്‌.

അബ്‌സ്വേർഡിസ്ഥാൻ ഒരേ സമയം ചിരിയുണർത്തുന്ന ഒരു അലിഗറിയും മനുഷ്യന്റെ സ്വാർത്ഥതയ്ക്കു നേരെയുള്ള നേരെയുള്ള പരിഹാസവുമാണ്‌. നിങ്ങൾ സിനിമയിൽ ലളിത്യവും ചിരിയും സർവ്വോപരി സിനിമയുടെ ഭാഷയും ഇഷ്ടപ്പെടുന്നുവെങ്കിൽ ഈ ചിത്രം നിങ്ങൾക്കുതാണ്‌.

Saturday, March 28, 2009

2008-ലെ ഇംഗ്ലീഷ്‌ സിനിമകൾ-2

2008-ലെ ഇംഗ്ലീഷ്‌ സിനിമകളെക്കുറിച്ച്‌ മുൻപ്‌ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. ഓസ്കാറിനു മുന്നെ തന്നെ കുറെ ഇംഗ്ലീഷ്‌ സിനിമകൾ കാണാൻ അവസരമൊത്തപ്പോൾ എന്നാൽ ഇത്തവണ ഓസ്കാർ ഫോളോ ചെയ്യാമെന്നും ഒരു സീരീസായി പോസ്റ്റുകൾ എഴുതാമെന്നും, പറ്റുമെങ്കിൽ ഒരു പ്രവചനം തന്നെ നടത്താമെന്നും ഒക്കെ കരുതി. പക്ഷെ ഓസ്കാറിനു കുറെദിവസം മുന്നെ പനി പിടിച്ചു കിടപ്പിലായി, ഒന്നും നടന്നില്ല. ഇപ്പോൾ പശു ചത്തു, മോരിലെ പുളിയും പോയി...എങ്കിലും ഒന്നാം ഭാഗം എഴുതിയതുകൊണ്ട്‌ ഒരു രണ്ടാം ഭാഗം ഉണ്ടാവുന്നതല്ലേ നാട്ടുനടപ്പ്‌ എന്നു കരുതി എഴുതുന്നത്‌...

സിനിമകളെ സംബന്ധിച്ചിടത്തോളം 2008 എന്നല്ല ഒരു വർഷവും മോശമല്ല എന്നാണെനിക്കു തോന്നുന്നത്‌, കാരണം ഓരോ വർഷവും ഒരുപാടു നല്ല സിനിമകൾ പുറത്തിറങ്ങുന്നുണ്ട്‌. ആശയപരമായും സാങ്കേതികമായും ഘടനാപരമായും ഒത്തിരി പുതുമകൾ ഓരോ വർഷവും കാണാനാകുന്നു. എന്നാൽ ഇംഗ്ലീഷ്‌ സിനിമകളെക്കുറിച്ചാണ്‌ ഈ പോസ്റ്റും. മുൻ പോസ്റ്റിലേതു പോലെ സിനിമകളെക്കുറിച്ച്‌ ഷോർട്ട്‌ റിവ്യൂ എഴുതുന്നതിനു പകരം ചില പാസിംഗ്‌ കമന്റ്സ്‌ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. പതിവിനു വിപരീതമായി ചിത്രങ്ങൾക്ക്‌ റേറ്റിംഗ്‌ നൽകിയിട്ടുണ്ട്‌.


മിൽക്‌-സ്വവർഗ്ഗാനുരാഗിയായി അറിയപ്പെട്ടിരുന്നിട്ടും അമേരിക്കയിൽ ഒരു ഔദ്യോഗികസ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയായ ഹാർവി മിൽക്കിന്റെ ജീവിതത്തിലെ അവസാനത്തെ പത്തു വർഷങ്ങളാണ്‌ സിനിമയുടെ കഥാതന്തു. സ്വവർഗ്ഗാനുരാഗം പ്രമേയമായി മുൻപും ചിത്രങ്ങളെടുത്തിട്ടുള്ള സ്വവർഗ്ഗാനുരാഗിയായ സംവിധായകനാണ്‌ ഗുസ്‌ വാൻ സന്ത്‌. മിൽക്കിനെ വ്യത്യസ്തമാക്കുന്നത്‌ അവിശ്വസനീയമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ഷോൺ പെന്നിന്റെ അഭിനയ പ്രകടനമാണ്‌. ശരീരഭാഷയിലെ പ്രകടമായ മാറ്റത്തോടെ അസാധാരണമായ കൈയടക്കത്തോടെയാണ്‌ ഹാർവി മിൽക്കിനെ പെൻ അവിസ്മരണീയമാക്കുന്നത്‌.(7/10)

ദി വിസിറ്റർ-അമേരിക്കൻ സിനിമയിൽ സാധാരണമല്ലാത്ത അടക്കമുള്ള ഒരു ഡ്രാമ. ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചവർ വളരെ ഭംഗിയായി ചെയ്തു എന്നതു കൂടാതെ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളും പരിചരണവും പുതുമയുതായിരുന്നു. ആദ്യചിത്രമായ സ്റ്റേഷൻ ഏജന്റ്‌ എന്ന ചിത്രത്തിൽ തന്നെ പ്രതിഭ പ്രകടമാക്കിയ മക്കാർത്തി പ്രതീക്ഷ നൽകുന്നു. അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന ടെറെക്‌ ഖലീലിനെ വളരെ നിയന്ത്രിതമായി അവതരിപ്പിച്ച Haaz Sleiman-ന്‌ ഒരു ഓസ്കാർ നോമിനേഷൻ ഞാൻ ന്യായമായും പ്രതീക്ഷിച്ചിരുന്നു.(7/10)


ദി എസ്കേപിസ്റ്റ്‌- Rupert Wyatt സംവിധാനം ചെയ്ഹ prison break ഡ്രാമ പ്രമേയം കൊണ്ട്‌ ഷോഷാങ്ക്‌ റിഡംപ്‌ഷനെയും ഡോണി ഡാർക്കോ-യെയും ഓർമ്മിപ്പിച്ചു. എങ്കിലും കാണികളെ ആകർഷിക്കുന്ന താരങ്ങളുള്ള ഒരു ഹോളിവുഡ്‌ പ്രൊഡൿഷനായിരുന്നെങ്കിൽ ഈ സിനിമ ഒരു കൾട്ട്‌ ക്ലാസിക്ക്‌ ആയേനെ.(6/10)


ദി ബാങ്ക്‌ ജോബ്‌- Heist സിനിമകളോടുള്ള താത്പര്യം കൊണ്ടാണ്‌ ഞാൻ ഈ സിനിമ കാണുന്നത്‌. സമയം നഷ്ടമായി എന്നു തോന്നിപ്പിക്കാത്ത ഒരു ശരാശരി വിനോദചിത്രം.(5/10)


ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിൻ ബട്ടൺ- സെവൻ, ഫൈറ്റ്‌ ക്ലബ്‌ തുടങ്ങിയ കൾട്ട്‌ ക്ലാസ്സിക്കുകൾ ഒരുക്കിയ ഡേവിഡ്‌ ഫിഞ്ചർ ഒരുക്കിയ ചിത്രം പക്ഷെ ഓസ്കാർ നോമിനേഷനുകൾ നേടിയെങ്കിലും താരതമ്യേന ദുർബലമായിരുന്നു. അവതരണം കൊണ്ടും പ്രമേയം കൊണ്ടും ദൈർഘ്യം കൊണ്ടും ഒരു ടിപ്പിക്കൽ ഓസ്കാർ ചിത്രമായിരുന്ന ബട്ടൺ എന്നെ നിരാശപ്പെടുത്തി.(4/10)


സ്ലംഡോഗ്‌ മില്ല്യണയർ- ഇന്ത്യൻ സാഹചര്യങ്ങളെയും കഥാപാത്രങ്ങളെയും ആദ്യമായി ഹോളിവുഡിന്റെ മുഖ്യധാരയിലെത്തിച്ച സ്ലംഡോഗിന്റെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ശരാശരി എന്റർടൈനർ മാത്രമായിരുന്നെങ്കിലും 2008 സ്ലംഡോഗിന്റെ വർഷമായിരുന്നു.(6/10)


ചെ- ലാറ്റിനമേരിക്കൻ വിപ്ലവകാരിയായിരുന്ന ചെഗുവേരയെക്കുറിച്ച്‌ രണ്ടു ഭാഗങ്ങളുള്ള സോഡർബെർഗിന്റെ ചലചിത്രം. ഓസ്കാർ നോമിനേഷൻ ലഭിച്ചില്ലെങ്കിലും 2008-ന്റെ കഥാപാത്രം ചെ തന്നെ. അസാധാരണവ്ം അത്യപൂർവ്വവുമായ സൂക്ഷ്മതയോടെയാണ്‌ ഡെൽ ടോറോ ചെഗുവേരയെ സ്ക്രീനിലും അനശ്വരമാക്കുന്നത്‌.Must see എന്നു പറയാവുന്ന സിനിമകളിൽ ഒന്ന്. (8/10)


ഫ്രോസൺ റിവർ- അമേരിക്കൻ സ്വതന്ത്രസിനിമയുടെ ശക്തി പ്രകടമാക്കുന്ന, സ്ത്രീകൾ മുഖ്യകഥാപാത്രങ്ങളായുള്ള ഒരു ക്രൈം ഡ്രാമ. മെലിസ ലിയോ എന്ന നടിയുടെ മികച്ച പ്രകടനം, മികവുറ്റ തിരക്കഥ എന്നിവ കൂടാതെ ചിത്രത്തിന്റെ പ്രമേയം- ഹ്യൂമൻ ട്രാഫിക്കിംഗ്‌- സാമൂഹ്യപ്രാധാന്യമുള്ളതുമായിരുന്നു. ശ്രദ്ധിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്.(7/10)


ഹംഗർ-സ്റ്റീവ്‌ മൿക്വീൻ സംവിധാനം ചെയ്ത ആദ്യ ചിത്രം, ഐറിഷ്‌ നാഷണൽ ലിബറേഷൻ ആർമി അംഗമായിരുന്ന ബോബി സാൻഡ്‌സ്‌, IRAഅംഗങ്ങളായിരുന്ന രാഷ്ട്രീയ തടവുകാരെ മറ്റു കുറ്റവാളികൾക്കൊപ്പം പരിഗണിക്കുന്നതിനെതിരെ, 1981-ൽ ജയിലിൽ നടത്തിയ നിരാഹാര സമരമാണ്‌ ഹംഗർ എന്ന സിനിമയുടെ പ്രമേയം. ബോബിയുടെ ജീവിതത്തിലെ അവസാനത്തെ ആറ്‌ ആഴ്ചകളാണ്‌ സിനിമ കാഴ്ചപ്പെടുത്തുന്നത്‌. ചുരുക്കം സീക്വൻസുകളും ദൈർഘ്യമേറിയ ഷോട്ടുകളുമായി ഘടനാപരമായും അവതരിപ്പിക്കുന്ന വിഷയത്തിന്റെ രാഷ്ടിയ പ്രാധാന്യം കൊണ്ട്‌ പ്രമേയപരമായും ഞെട്ടിപ്പിക്കുന്ന റിയലിസമാണു ചിത്രത്തിന്റെ പ്രത്യേകത. കാനിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ വാക്കൗട്ടുകളും പ്രതിഷേധങ്ങളും പ്രദർശ്ശനത്തിനു ശേഷം നിലയ്‌ക്കാത്ത കൈയടികളുമൊക്കെയായി പ്രതികരണം. ചിത്രത്തിലെ പ്രാധാന്യമേറിയ ഒരു രംഗം-നിരാഹാരസമരത്തിന്റെ നൈതികതയെക്കുറിച്ച്‌ ഒരു പുരോഹിതനുമായി ബോബി നടത്തുന്ന വാഗ്വാദം-17 മിനിട്ടുള്ള ഒറ്റ medium range-static ഷോട്ടാണ്‌.വ്യക്തിപരമായ അഭിപ്രായത്തിൽ 2008-ലെ ഏറ്റവും മികച്ച ഇംഗ്ലീഷ്‌ ചിത്രം.(8/10)


ബ്ലൈൻഡ്‌നെസ്‌ - നൊബേൽ ജേതാവായ സരമാഗുവിന്റെ പ്രമുഖ കൃതിയായ അന്ധതയുടെ ചലചിത്രാഖ്യാനം. പുസ്തകത്തോടുള്ള ഇഷ്ടം കൊണ്ട്‌ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും Fernando Meirellius-ന്റെ ബ്ലൈൻഡ്‌നെസ്‌ എന്നെ നിരാശപ്പെടുത്തി. ഒരു അർബൻ അനുഭവമായി നിലനിർത്തിക്കൊണ്ട്‌ അന്ധതയെ ദാർശനികമായി വിവർത്തനം ചെയ്യുന്നതിന്റെ പ്രമേയസാധ്യതകൾ പരിഗണിച്ചാലും ഒരു സിനിമയെന്ന നിലയിൽ അവതരണത്തിൽ വന്ന പിഴവുകൾ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. അധികാരം എന്ന സമസ്യയെ 'അന്ധതയുടെ വെളിച്ചത്തിൽ' പരിശോധിക്കാൻ മുതിരുന്നുണ്ടെങ്കിലും അധികാരത്തിന്റെ ആൾരൂപമായ 'മൂന്നാം വാർഡിലെ രാജാവി'നെ അവതരിപ്പിച്ച ഗായേൽ ഗാർസിയ ബർണാൽ ദയനീയമായി പരാജയെപ്പെടുന്നു. കഥാപാത്ര സൃഷ്ടിയിലും കാസ്റ്റിംഗിലുമെല്ലാം ഗുരുതരമായ പിഴവുകൾ വന്നിട്ടുണ്ട്‌. ഇത്‌ ഒരു അമേരിക്കൻ പ്രൊഡൿഷൻ ആയതു തന്നെ ആദ്യത്തെ തെറ്റ്‌. ഹാനേക്കിന്റെ സംവിധാനത്തിലുള്ള ഒരു യൂറോപ്പ്യൻ ഫിലിമായിരുന്നു ഇതെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു. (5/10)

ഇവിടെ പരാമർശിച്ചവയിൽ കൂടാതെ Valkyrie, Indiana Jones, Vicky Cristina Barcelona, Burn after Reading, Body of Lies, Revolutionary Road തുടങ്ങിയ സിനിമകൾ കണ്ടു എങ്കിലും പരാമർശയോഗ്യമെന്നു തോന്നാത്തതിനാൽ പറയാതെ വിടുന്നു.

(സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആയ ഡാർക്ക്‌ നൈറ്റ്‌ പോലും കാണാതെ എഴുതുന്ന ഈ കുറിപ്പ്‌ ഒട്ടും സമഗ്രവും ആധികാരികവും അല്ലെന്നും തികച്ചും വ്യക്തിപരമായ ചില അഭിപ്രായങ്ങൾ മാത്രമാണെന്നുമുള്ള അവകാശവാദങ്ങളുടെ ആവശ്യമില്ലല്ലോ..!)

Wednesday, February 11, 2009

2008-ലെ ഇംഗ്ലീഷ് സിനിമകള്‍-1

ദി റീഡർ (2008)

യുദ്ധാനന്തര ജർമ്മനിയിൽ, അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ Stephen Daldry സംവിധാനം ചെയ്ത ദി റീഡർ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്‌. 'റീഡർ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പ്രമേയത്തിന്റെ വളർച്ച സാഹിത്യവുമായും വായനയുമായുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ്‌ വാചാലമാകുന്നത്‌. സാധാരണക്കാരനായ ഒരു പുരുഷൻ പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഒരുവേള പ്രേമം തോന്നുവാനും മാത്രം നന്മകളുള്ള ഒരു സ്ത്രീ ഭൂതകാലത്തെ ഒരു ഫാസിസ്റ്റ്‌ കൂട്ടക്കൊലയ്ക്ക്‌ കൂട്ടുത്തരവാദിയാണെന്നു വന്നാൽ..?

ഹിറ്റ്‌ലറുടെ കാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന, ജൂതന്മാരല്ലാത്തവരുടെ മനുഷ്യത്വത്തെക്കുറിച്ച്‌ നിങ്ങൾ കരുതുന്നതെന്താണ്‌? ഒരു പ്രത്യേക കാലത്ത്‌ ഒരു ദേശത്തു ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുർബലമായ മനസാക്ഷിയുടെ ഉടമകളായിരുന്നുവെന്നു നമുക്ക്‌ വിശ്വസിക്കാമോ? ഈ ചിത്രം പറയുന്നത്‌ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ഭരണത്തെ നടപ്പിൽ വരുത്തുവാൻ അപ്രധാനമായ റോളുകൾ കൈകാര്യം ചെയ്ത പലരും എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരായിരുന്നു എന്നാണ്‌. അവിടെ ഉയരുന്ന ചോദ്യമാകട്ടെ, സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്നാണ്‌?എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്‌. അധികം പേരും, സമാനമായ സാഹചര്യങ്ങളിൽ, ലോകത്തെവിടെയായാലും എളുപ്പമുള്ള വഴി തെരഞ്ഞെടുക്കുവാൻ ശ്രമിക്കുമെന്നതാണ്‌, ഭീകരമെങ്കിലും, യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്‌.

മത-വർഗ്ഗീയ-ഫാസിസ്റ്റ്‌ ശക്തികളാൽ ജനാധിപത്യബോധവും മനുഷ്യത്വവും മനസ്സാക്ഷിയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളെന്തു ചെയ്യും എന്നു തന്നെയാണ്‌ ഈ ചിത്രം നമ്മോടു ചോദിക്കുന്നത്‌? ആ ഇരുണ്ടകാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന അനേകരെപ്പോലെ നിങ്ങളും ഫാസിസ്റ്റുകളോടു ചേർന്നു നിൽക്കുമോ? അതോ സോഫി ഷോൾ ഒക്കെ ചെയ്തതു പോലെ ആകുന്നത്ര ശബ്ദത്തിൽ ഫാസിസ്റ്റുകളോടു പ്രതികരിക്കുമോ?

നമ്മൾ ഉത്തരങ്ങൾ പറയേണ്ടത്‌ നമ്മോടു തന്നെയാണ്‌.ദി റെസ്‌ലര്‍ (2008) -ഡാരന്‍ അറോണോവ്‌സ്‌കി

റസ്‌ലിംഗ് പോലെയൊരു കായികവ്യാപാരം ഒരിക്കലെങ്കിലും ആസ്വദിക്കാനെനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. എങ്കിലും ഈ സിനിമയിലെ റെസ്‌ലറെ എനിക്കു മനസ്സിലാകുന്നുണ്ട്. ചെറുപ്പത്തില്‍ റെസ്‌ലിംഗ് ആസ്വദിച്ചിരുന്ന കൂട്ടുകാരില്‍ നിന്നും അവര്‍ കളിച്ചിരുന്ന ശീട്ടുകളില്‍ നിന്നും ഹക് ഹോഗനെയും ബ്രിട്ടീഷ് ബുള്‍ഡോഗിനെയും അണ്ടര്‍ടേക്കറെയുമൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവരോടൊന്നും ഒരു താത്പര്യവും ഒരു കാലത്തും തോന്നിയിട്ടുമില്ല. എങ്കിലും ഈ ചിത്രത്തിലെ റെസ്‌ലറോട്‌ എനിക്കു സ്നേഹം തോന്നുന്നു. അധോസമൂഹങ്ങളെയും അധോലോകങ്ങളെയും അവതരിപ്പിക്കുന്ന സിനിമകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഒരു ഉപരിലോകത്തിലെ, മുഖ്യധാരാസമൂഹത്തില്‍ പെട്ടുപോയ, ചില അധോജീവിതങ്ങളാണ്‌ ഇവിടെ സിനിമയുടെ കേന്ദ്രം. പ്രതാപമെല്ലാം നഷ്ടപ്പെട്ട, പ്രായവും രോഗവും ആക്രമിച്ചു തുടങ്ങുന്ന, തന്റെ രൂപം നിലനിര്‍ത്താനാവശ്യമായ സ്റ്റിറോയ്ഡുകള്‍ വാങ്ങാനായി ചെറുകിട ജോലികള്‍ ചെയ്ത് ജീവിക്കുന്ന ഒരു റെസ്‌ലറും അയാളുടെ ശൂന്യമായ രതിയും സ്നേഹത്തിനു വേണ്ടിയുള്ള അന്വേഷണവും ഒക്കെയാണ്‌ ഈ സിനിമ. വേദനയാഗ്രഹിക്കുന്ന അയാളുടെ ശരീരം വീണ്ടും വീണ്ടും അയാളെ മത്സരവേദിയിലേക്കു നയിക്കുന്നുണ്ട്. ശരീരത്തിനു മുന്നില്‍ നിസ്സഹയനാവുന്ന മനുഷ്യന്‍. ശരീരം കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുന്ന, യൌവനം പിന്നിട്ട നഗ്നനൃത്തക്കാരിയായ ഒരു സ്ത്രീയാണു മറ്റൊരു കഥാപാത്രം. ഈ രണ്ടു കഥാപാത്രങ്ങളാണു ഈ സിനിമ.


ഗ്രാന്‍ ടൊരീനോ(2008)-ക്ലിന്റ് ഈസ്റ്റ്‌വുഡ്

ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പഴയ വെസ്റ്റേണ്‍ സിനിമകള്‍ കണ്ടിട്ടില്ലേ? നിറതോക്കുമായി എതിരാളികള്‍ക്ക് നേര്‍ക്കുനേരെ നിന്ന് ഞൊടിയിടയില്‍ തോക്കു പുറത്തെടുത്ത് എതിരാളികളെ നിഗ്രഹിക്കുന്ന ഹീറോ. ഗ്രാന്‍ ടൊരീനോയിലാകട്ടെ തന്റെ തന്നെ ഇമേജിനെ ഡീ-കണ്‍സ്റ്റ്രക്ടു ചെയ്യാനുള്ള ഒരു ശ്രമം ഈസ്റ്റ്‌വുഡ് നടത്തുന്നുണ്ട്. ഇസ്സ്റ്റ്വുഡ് തന്നെ അവതരിപ്പിക്കുന്ന വാള്‍ട്ട് കൊവാല്‍സ്കി എന്ന കഥാപാത്രമാകട്ടെ, പരുക്കനും റേസിസ്റ്റുമായ, പ്രായം ചെന്ന ഒരു അമേരിക്കന്‍ കോക്കേഷ്യന്റെ പ്രോട്ടോടൈപ്പ് ആണ്‌. ഏതാണ്ട് ഡേര്‍ട്ടി ഹാരി പെന്‍ഷനായതു പോലെ ഒരു കഥാപാത്രം. പരുക്കനും ഒറ്റയാനും ഊര്‍ജ്ജ്വസ്വലനുമായ ഈ കഥാപാത്രം തന്റെയുള്ളിലെ നന്‍മ കണ്ടെത്തുന്നതാണു സിനിമയുടെ കഥ. പക്ഷെ സിനിമയുടെ രാഷ്ട്രീയം, കഥ പോലെ അത്ര തെളിമയുള്ളതല്ല എന്നതാണു വാസ്തവം. കാരണം റേസിസത്തെ അത്രയെളുപ്പം കറുപ്പും വെളുപ്പുമായി കള്ളികളിലാക്കാന്‍ പറ്റില്ല എന്നതു തന്നെ. അതുകൊണ്ടുതന്നെയാണു ഈസ്റ്റുവുഡിന്റെ ന്യായീകരണശ്രമങ്ങൾ പൊള്ളയാകുന്നതും.