Thursday, November 19, 2009

സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ (1966)

ഈ കുറിപ്പ് അല്പം പഴയൊരു സിനിമയെക്കുറിച്ചാണ്; ചെക്കോസ്ലോവാക്യയിൽ നിന്നുള്ള പ്രമുഖ സംവിധായകരിൽ ഒരാളായ യിരി മെൻസിലിന്റെ 1966-ലെ Closely Observed Trains അഥവാ, ‘സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന തീവണ്ടികൾ’ എന്ന ചലച്ചിത്രം, അതിന്റെ പ്രമേയം കൊണ്ടും ആഖ്യാനത്തിലെ ലാളിത്യം കൊണ്ടും, നർമ്മസ്വഭാവം, മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയകാഴ്ചപ്പാട് എന്നിവകൊണ്ടും നമ്മെ ആകർഷിക്കുന്നു. ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ റെയിൽ‌വേ സ്റ്റേഷനാണ് സിനിമയുടെ രംഗപരിസരം. കാലം, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ പടയോട്ടം നടക്കുന്ന സമയം. യുദ്ധത്തെയും യുദ്ധകാലത്തെ ജീവിതത്തെയും കടുംവർണ്ണങ്ങളിൽ വരയാനല്ല, മറിച്ച് ഒട്ടൊരു നർമ്മത്തോടെ, ചില ജീവിതങ്ങളെ സമീപത്തു നിന്നും വീക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.

റെയിൽ‌വേ സ്റ്റേഷനിൽ സിഗ്നൽ കൊടുക്കുന്നയാളുടെ ജോലിയ്ക്ക് ചേരാനൊരുങ്ങുകയാണ് ചെറുപ്പക്കാരനായ മിലോസ് ഹ്‌ർമ. മിലോസ് ഈ ജോലി തെരഞ്ഞെടുക്കാനുള്ള കാരണം, സിഗ്നൽ കൊടുക്കുക എന്നതിലുപരി യാതൊരു അധ്വാനവും ഈ ജോലിക്കു വേണ്ടതില്ല എന്നതു തന്നെ. ബാക്കി സമയം മുഴുവൻ വെറുതെയിരിക്കാം. (മിലോസിന്റെ അച്ഛൻ, 48-വയസ്സിൽ റിട്ടയർ ചെയ്ത്, പെൻഷൻ വാങ്ങി വെറുതെയിരിക്കുന്നു. മുത്തച്ഛൻ ഹിപ്നോട്ടിസം പരിശീലിച്ചത് മറ്റു അധ്വാനമുള്ള ജോലികൾ ചെയ്യാനുള്ള മടി കൊണ്ടാണെന്നു നാട്ടുകാർ പറയുന്നു).

മിലോസിനെ ജോലിയിൽ പരിശീലിപ്പിക്കുന്നത് ഹുബിക്കയാണ്. പക്ഷേ, ജോലിയെക്കാൾ ഹുബിക്കയുടെ താത്പര്യം സ്ത്രീകളുമായി സല്ലപിക്കുന്നതിലാണ്. രാത്രി ജോലിക്കിടയിൽ മിക്കപ്പൊഴും സംഭവിക്കുന്ന ലൈംഗികവേഴ്ചകളുടെ ആലസ്യത്തിൽ, പ്രഭാതത്തിൽ പ്ലാറ്റ്ഫോമിൽ കോട്ടുവായിട്ടു നിൽക്കുന്ന ഹുബിക്കയുടെ ദൃശ്യം പലതവണ ആവർത്തിക്കുന്നുണ്ട്, ഹുബിക്കയുടെ നേരമ്പോക്കുകൾ സ്റ്റേഷൻ മാസ്റ്റർ ലാൻസ്കയെ ഒട്ടൊന്നുമല്ല അരിശപ്പെടുത്തുന്നത്. ഹുബിക്കയുടേതിൽ നിന്നു വ്യത്യസ്തമാണ് മിലോസിന്റെ അനുഭവം. തന്റെ പെൺസുഹൃത്തുമായി ഉണ്ടാകുന്ന ആദ്യസമാഗമത്തിന്റെ തുടക്കത്തിൽ തന്നെ മിലോസിന്റെ ലൈംഗികത ദയനീയമായി പരാജയപ്പെടുന്നു. തന്റെ പൌരുഷത്തെക്കുറിച്ച് ഉത്കണ്ഠാകുലനായ മിലോസ് ആത്മഹത്യയ്ക്കു ശ്രമിക്കുന്നു, എങ്കിലും മരിക്കുന്നില്ല. മിലോസിന്റെ പ്രശ്നം ശീഘ്രസ്ഖലനമാണെന്നും, പ്രവൃത്തിപരിചയമുള്ള ഒരു സ്ത്രീയിൽ നിന്നും പരിശീലനം നേടണമെന്നും ഡോക്ടർ (അവതരിപ്പിക്കുന്നത് സംവിധായകൻ തന്നെ !) മിലോസിനെ ഉപദേശിക്കുന്നു. തുടർന്ന്, തന്നെ പരിശീലിപ്പിക്കാൻ മിലോസ് പലരോടും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ലൈംഗികകാര്യങ്ങളിൽ തന്നെ പരിശീലിപ്പിക്കാൻ സഹായമഭ്യർത്ഥിച്ച് മിലോസ് ഒരു മധ്യവയസ്കയായ സ്ത്രീയെ കാണുന്ന രംഗം അന്നത്തെ സിനിമയുടെ സദാചാരനിയങ്ങളനുസരിച്ച് വിപ്ലവകരമാകുന്നത്, ആ സ്ത്രീ തന്റെ കൈകൾ കൊണ്ട് എന്തു ചെയ്യുന്നു എന്നതിലല്ല, മറിച്ച്, അതെന്തു ദ്യോതിപ്പിക്കുന്നു എന്നതിലാണ്. ഇതിനിടയിൽ, തന്റെ സ്ഥിരം നേരമ്പോക്കുകൾക്കിടയിൽ, ജർമ്മൻ മുദ്രയുള്ള സീലുകൾ ഒരു സ്ത്രീയുടെ ശരീരഭാഗങ്ങളിൽ ഉപയോഗിച്ചതിനെ തുടർന്ന് ഹുബിക്ക കുഴപ്പത്തിലാകുന്നുണ്ട്. സിനിമയുടെ മുഴുവൻ ടോണും ഏതാണ്ട് ഇതുപോലെയാണ്, theatre of the absurd-നെയൊക്കെ ഓർമ്മിപ്പിക്കുന്ന തരത്തിൽ.

ഈ ചലചിത്രത്തിന്റെ കാലഘട്ടം രണ്ടാം ലോകയുദ്ധമാണെന്നു സൂചിപ്പിച്ചതോർക്കുക, യുദ്ധം വാതിൽ‌പ്പടിയിൽ വരുന്നതു വരെ ഈ കഥാപാത്രങ്ങൾ യുദ്ധത്തെക്കുറിച്ച് ആകുലരല്ല; എന്നാൽ യുദ്ധം സമീപത്തെത്തുമ്പോൾ അവർ വീരോചിതമായി പ്രതികരിക്കുന്നുമുണ്ട്. മിലോസ് ഒരു സ്റ്റുഡിയോയിലായിരിക്കുന്ന സമയം സ്ഫോടനങ്ങൾ നടക്കുന്നുണ്ടെങ്കിലും സിനിമ, യുദ്ധത്തിന്റെ അലോസരപ്പെടുത്തുന്ന വിശദാംശങ്ങളിൽ തങ്ങിനിൽക്കുന്നില്ല, ബോധപൂർവ്വം. ആ ചെറിയ തീവണ്ടി സ്റ്റേഷനിൽ കൂടി കടന്നുപോകുന്ന തീവണ്ടികളിൽ ചിലത് ജർമ്മൻ പട്ടാളത്തിനാവശ്യമായ വെടിക്കോപ്പുകൾ വഹിക്കുന്നവയാണ്, ഇവയാണ് സൂക്ഷ്മമായി നിരീ‍ക്ഷിക്കപ്പെടുന്ന തീവണ്ടികൾ, കാരണം അവ കൃത്യസമയം പാലിക്കുന്നു എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇവയിലൊന്നു ബോംബിട്ടു തകർക്കുന്നതിനാണ് ഹുബിക്കയും മിലോസുമൊക്കെ പദ്ധതി തയ്യാറാക്കുന്നത്. അതിനാവശ്യമായ ബോംബുമായി വരുന്ന ഒരു വിപ്ലവപ്രവർത്തക, ഹുബിക്കയുടെ അഭ്യർത്ഥനപ്രകാരം മിലോസിനെ തന്റെ പൌരുഷം തിരിച്ചറിയാൻ പരിശീലിപ്പിക്കുന്നുണ്ട്. അതിനു ശേഷം, മിലോസിനെ നമ്മൾ കാണുന്നതിൽ പോലും വ്യത്യാസമുണ്ട്, പിന്നീടൊരിക്കലും സ്ക്രീനിന്റെ ഉപരിഭാഗത്തല്ലാതെ നമ്മൾ മിലോസിനെ കാണുന്നില്ല.

ചെക്കോസ്ലോവാക്യ അന്ന് സോവിയറ്റ് ഭരണത്തിൻ കീഴിലായിരുന്നതിനാൽ, ചിത്രത്തിൽ പ്രതിസ്ഥാനത്തുള്ളത് നാസികളാണെങ്കിലും ഇത് ഒരു ആന്റി-കമ്യൂണിസ്റ്റ് ചിത്രമായിട്ടാണ്‌ പരക്കെ സ്വീകരിക്കപ്പെട്ടത്. ശീതയുദ്ധം കൊടുമ്പിരികൊണ്ട ആ കാലത്ത് മികച്ച വിദേശഭാഷാ-ചലചിത്രത്തിനുള്ള ഓസ്കാറും ഈ സിനിമയ്ക്കു ലഭിക്കുകയുണ്ടായി. മെൻസിലിന്റേതായി ഇതിനു ശേഷം പുറത്തുവന്ന സിനിമകൾ തൊണ്ണൂറുകളുടെ ആരംഭം വരെ നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. ഏതായാലും ലോകസിനിമയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം ഈ കൊച്ചു ചിത്രത്തിനുണ്ട്.

11 comments:

നതാഷ said...

haven't watched this... will try to get it .....

ഉപാസന || Upasana said...

:-)

Haree | ഹരീ said...

കാണുവാന്‍ ശ്രമിക്കട്ടെ. :-)

“മിലോസിന്റെ ലൈംഗികത ദയനീയമായി പരിചയപ്പെടുന്നു.” - തിരുത്ത്.
--

Shaji T.U said...

2007-ലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ Jiri Menzel-ന്റെ Retrospective ഉള്‍പ്പെടുത്തിയിരുന്നു. 'Closely Observed Trains'-ഉം 'My Sweet Little Village'-ഉം കാണുവാനിട വരികയും ചെയ്‌തിരുന്നു. രണ്ടു നല്ല ചലച്ചിത്രാനുഭവങ്ങള്‍... :)

വികടശിരോമണി said...

അനുഭവിച്ച മികച്ചൊരു സിനിമയാണിത്.

വെള്ളെഴുത്ത് said...

മറ്റൊരു തീവണ്ടി സ്റ്റേഷന്‍ “സ്റ്റേഷന്‍ ഏജന്റ്’ ഏതാണ്ടിതേപോലത്തെയൊക്കെ വ്യക്തിഗതമായ പ്രശ്നങ്ങള്‍ അതിലെ പൊക്കം കുറഞ്ഞ മനുഷ്യന്‍ അനുഭവിക്കുനുണ്ട് .

റോബി said...

ഹരീ നന്ദി, തിരുത്തി.

ഷാജി, മെൻസിലിന്റെ നാലഞ്ചെണ്ണം കൈയിലുണ്ട്. ഇതേ കണ്ടുള്ളൂ.

നതാഷ, ഉപാസന, വി.ശിരോമണി...നന്ദി.

വെള്ളേ, സ്റ്റേഷൻ ഏജന്റ് കണ്ടിരുന്നു. നല്ല സിനിമ.

Vinayan said...

Nice review...didnt see it yet.. Would be watching soon..

Vinayan said...

സിനിമയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. അതൊഴിച്ചാല്‍ സിനിമ നല്ല അനുഭവമായിരുന്നു. ചില സീനുകള്‍ വളരെ ഇഷ്ട്ടപ്പെട്ടു. തന്റെ ആദ്യ ലൈഗിക വേഴ്ച്ചക്ക് ശേഷം അടുത്ത ദിവസം പുലര്‍ച്ചെ വളരെ ഉന്മേഷവാനായി ഒരു കൊട്ടുവായയും ഇട്ട് നില്‍ക്കുന്ന മിലോസിന്റെ രംഗം അത്തരത്തിലോന്നയിരുന്നു...

ജിക്കുമോന്‍ - Thattukadablog.com said...

വളരെ നന്ദി

sreejith nk said...

നോവല്‍ വായിച്ച ശേഷം കണ്ട് ഇഷ്ടപെട്ട സിനിമകളില്‍ മികച്ചത് ....