Saturday, August 29, 2009

ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് (2009)

"I steal from every single movie ever made. If people don't like that, then tough tills, don't go and see it, all right? I steal from everything. Great artists steal, they don't do homages." -
-Quentin Tarantino Empire magazine interview in 1994


ടരന്റിനോയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ ഏറ്റവും പ്രധാനപെട്ടത് അദ്ദേഹത്തിന്റെ സിനിമകളുടെ ഒറിജിനാലിറ്റിയെക്കുറിച്ചുള്ളവയാണെന്നു തോന്നുന്നു. പഴയ തലമുറയിലെ പല പ്രമുഖസംവിധായകരുടെയും സ്വാധീനം തന്റെ സിനിമകളിൽ പ്രകടമാണെങ്കിലും, ആശയവും ഘടനയും ചില ഷോട്ടുകൾ പോലും ഇത്തരത്തിൽ കടം കൊള്ളാറുണ്ടെങ്കിലും, ആത്യന്തികമായി ഓരോ ടരന്റിനോ ചിത്രവും പ്രകടമായ ഒരു ‘ടരന്റിനോ ടച്ച്’ പേറുന്നുണ്ട്. ഈ ടരന്റിനോ ടച്ച്, അസാധാരണമായ ഒരു ആഖ്യാനോപകരണമോ (പൾപ് ഫിക്ഷനിലെ നോൺലീനിയർ നറേഷൻ, കിൽ ബിൽ, ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ് എന്നിവയിലെ പോലെ സിനിമയെ ഓരോ ചാപ്റ്ററുകളായി വിഭജിക്കുന്നത്-ഗൊദാർദ്), സംവിധായകന്റെ തന്നെ ചെറിയ റോളുകൾ(സ്കോർസേസി), കഥപറച്ചിലിൽ സംവിധായകന്റെ ബോധപൂർവ്വമായ ഇടപെടൽ(ഹാനേക്, ചാപ്ലിൻ), മൿഗഫിൻ പോലുള്ള ടെക്നിക്കുകൾ(ഹിച്കോക്ക്), കാറിന്റെ ട്രങ്കിൽ നിന്നുള്ള ഒരു ഷോട്ട്(ഹിച്ച്കോക്കിന്റെ ബാത്ത് റൂം ഷോട്ടുകൾ ഓർമ്മിക്കുക), കൈകളുടെ ചടുലമായ ക്ലോസപ്പ്(ബ്രയാൻ ഡി പാമ), stylyzed ആക്ഷൻ, തമാശ ദ്യോതിപ്പിക്കുന്ന മൂർച്ചയുള്ള സംഭാഷണങ്ങൾ, ദൈർഘ്യമേറിയ ട്രാക്കിംഗ് ഷോട്ടുകൾ, ഓഫ്-സ്ക്രീൻ വയലൻസ്, അപ്രധാനമായ കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ കേൾക്കുന്നവരെ ചിത്രീകരിക്കുക-തുടങ്ങി നീണ്ടു പോകുന്ന ഒരു പട്ടികയാണ്. എന്നാൽ ടരന്റിനോയെ വ്യതിരിക്തനാക്കുന്ന പ്രമുഖ ഘടകം, ഇതൊന്നുമല്ല, മറിച്ച് സിനിമകളോടുള്ള അയാളുടെ അടങ്ങാത്ത അഭിനിവേശമാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമ, ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സ്, എല്ലാ അർത്ഥത്തിലും ഒരു റ്റരന്റിനോ ചിത്രമാണ്; ഇതിലുണ്ട്, പഴയ സിനിമകളിലേക്കും സിനിമയുടെ ചരിത്രത്തിലേക്കും എണ്ണിയാലൊടുങ്ങാത്ത റെഫറൻസുകൾ-മാത്രമല്ല, അവയുടെ രാഷ്ട്രീയമായ ഉപയോഗവും.

ഇൻ‌ഗ്ലോറിയസ് ബാസ്റ്റാർഡ്സ് എന്നത് പഴയൊരു ഇറ്റാലിയൻസിനിമയുടെ പേരാണ്. ഡേർട്ടി ഡസൻ അടക്കം പഴയ പല യുദ്ധചിത്രങ്ങളേയും ടരന്റിനോ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഈ സിനിമയുടെ അന്തരീക്ഷം, 1941-1944 കാലഘട്ടത്തിലെ നാസി അധീനതയിലുള്ള ഫ്രാൻസിലേതാണ്. ഹിറ്റ്ലറും ഗീബത്സും അടക്കമുള്ള നാസി പ്രമുഖർ ഇവിടെ കഥാപാത്രങ്ങളാണ്. പ്രതികാരമാണ്-കുടുംബാംഗങ്ങളെല്ലാം നാസികളാൽ വധിക്കപ്പെട്ട ഒരു യുവതി(ഷോഷാന)യുടെയും, നാസികളെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയ ഏതാനും അമേരിക്കൻ ജൂതരുടെയും (ബാസ്റ്റേർഡ്സ്) - ഈ സിനീമയുടെ മുഖ്യപ്രമേയം. എന്നിരുന്നാലും, എനിക്കു തോന്നുന്നു ടരന്റിനോയുടെ ഈ ചിത്രം ഇതിനേക്കാളെല്ലാമുപരി ‘സിനിമ’യെക്കുറിച്ചാണെന്ന്.

1941-ഷോഷാന(Mélanie Laurent) എന്ന ജൂതയുവതിയാണു സിനിമയിലെ മുഖ്യ കഥാപാത്രം. ഫ്രാൻസിലെ ഒരു കാർഷികകുടുംബത്തിന്റെ സഹായത്തോടെ ഒളിവിൽ താമസിച്ചിരുന്ന ഷോഷാനയുടെ കുടുംബാംഗങ്ങളെ നാസിയുടെ കേണൽ ഹാൻസ് ലാണ്ട(Christoph Waltz) വധിക്കുന്നതും ഷോഷാന മാത്രം രക്ഷപ്പെടുന്നതുമാണ് സിനിമയുടെ ആദ്യത്തെ അധ്യായം-Once upon a time…in Nazi-Occupied France.

നാസികൾ ജൂതന്മാരോടു ചെയ്യുന്ന പാതകങ്ങൾക്കു പകരമായി അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്ന അമേരിക്കൻ ജൂതന്മാരുടെ ഒരു കൂട്ടമാണ് ബാസ്റ്റേർഡ്സ്. ല്യൂട്ടനന്റ് ആൽഡോ റെയിൻ(Brad Pitt) ആണ് ഇവരുടെ നേതാവ്. നാസികളെ കൊന്ന്, മൃതദേഹങ്ങളോട് മൃഗീയമായ ക്രൂരത കാണിക്കുകയാണ് ബാസ്റ്റേർഡുകളുടെ രീതി.

1944-രക്ഷപ്പെട്ട ഷോഷാന പാരീസിനടുത്ത് ചെറിയൊരു പട്ടണത്തിൽ ചെറിയൊരു സിനിമാകൊട്ടക നടത്തുന്നു. തനിച്ച് 200-ലധികം പട്ടാളക്കാരെ കൊന്ന ഒരു നാസി-യുദ്ധവീരന്റെ യുദ്ധാഭ്യാസങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു പ്രൊപ്പഗാൻഡ-സിനിമയുടെ പ്രീമിയറിനായി തെരഞ്ഞെടുക്കുന്നത് ഷോഷാനയുടെ കൊട്ടകയാണ്. ഹിറ്റ്ലറും ഗീബത്സുമടക്കമുള്ള നാസി പ്രമുഖന്മാരെല്ലാം ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. നാസികളെ തന്റെ തിയറ്ററിലിട്ട്, പെട്ടെന്നു തീ പിടിയ്ക്കുന്ന ഫിലിം റോളുകളുപയോഗിച്ച് കത്തിക്കാൻ ഷോഷാന തയ്യാറെടുക്കുന്നു. നാസി പ്രമുഖരെല്ലാം എത്തുമെന്നറിഞ്ഞ ബാസ്റ്റേർഡുകളും തങ്ങളുടേതായ രീതിയിൽ പ്രതികാരനടപടികൾ ആസൂത്രണം ചെയ്യുന്നു. ഇത്രയൊക്കെയാണ് സിനിമയുടെ പ്ലോട്ട്. ശേഷം (സ്ക്രീനിലല്ല, തിയറ്ററിൽ…) എന്തു സംഭവിച്ചിരിക്കും എന്ന്, ചരിത്രമറിയാവുന്ന നിങ്ങൾക്ക് അറിവുണ്ടായിരിക്കുമെന്നതിനാൽ കുടുതൽ വിശദീകരിക്കുന്നില്ല.

ഇൻ‌ഗ്ലോറിയസ് ബാസ്റ്റേർഡ്സ് ഒന്നാന്തരമൊരു ‘വിനോദചിത്ര’മല്ല. യുദ്ധചിത്രമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും യുദ്ധരംഗങ്ങളൊന്നും ഇതിലില്ലെന്നു മാത്രമല്ല, സാമ്പ്രദായികമായ യുദ്ധസിനിമകളെ ഒട്ടൊക്കെ പരിഹസിക്കുന്നുമുണ്ട് സംവിധായകൻ. ടരന്റിനോയുടെ മുൻ‌ചലചിത്രങ്ങളിലേതുപോലെ സംഭാഷണങ്ങൾ ജീവൻ നൽകുന്ന രംഗങ്ങൾ ഏറെയുണ്ടുതാനും. ഈ സംഭാഷണങ്ങളാകട്ടെ അധികവും ജർമ്മൻ, ഫ്രെഞ്ച് ഭാഷകളിലാണ്. സാധാരണ ഹോളിവുഡ് സിനിമകളിലേതുപോലെ വിദേശികളെല്ലാവരും അമേരിക്കൻ-ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. (നല്ലൊരു ശതമാനം ഭാഗത്തും സബ്‌ടൈറ്റിൽ ഉണ്ട് എന്നർത്ഥം). ഹോളിവുഡ് ആക്ഷൻ/വാർ സിനിമകളുടെ പാരമ്പര്യത്തിൽ നിന്നു പാടെ വ്യതിചലിക്കുന്നതിലൊതുങ്ങുന്നില്ല, ഈ സിനിമ കാഴ്ചവെക്കുന്ന പുതുമകൾ; ഗീബത്സ്, ബോർമാൻ എന്നീ നാസിപ്രമുഖരെ കാണിക്കുമ്പോൾ അവരുടെ പേര് എഴുതിക്കാണിക്കുക, പഴയകാലത്തെ ഫിലിമിന്റെ ജ്വലനശേഷി വിശദീകരിക്കാനായി ഡ്രാമയ്ക്കിടയിൽ പൊടുന്നനെ ഒരു ഡോക്യുമെന്ററിയിലേക്ക് മാറുക, തുടങ്ങി തന്റേതായ കുസൃതികൾ ഒരുപാട് അവതരിപ്പിക്കുന്നുണ്ട് ടരന്റിനോ.

നിസ്സാരമെന്നു തോന്നിയേക്കാവുന്ന ദൃശ്യങ്ങളിൽ പോലും രാഷ്ട്രീയം ചികയാൻ സാധ്യതയുള്ള കാഴ്ചാശീലങ്ങളെ വിസ്മയിപ്പിക്കുന്ന ചില ഫ്രെയിമുകൾ ടരന്റിനോ സിനിമയിൽ അവിടവിടെയായി വിദഗ്ദമായി തിരുകിയിട്ടുണ്ട്. നാസി-പ്രൊപഗാൻഡ ഫിലിം ഷോഷാന എഡിറ്റു ചെയ്ത ക്ലിപ്പിലേക്കു മാറുമ്പോൾ, തിരശ്ശീലയുടെ പിന്നിൽ നിന്നാണു കാഴ്ച. ആനി ഫ്രാങ്കിനെ ഓർമ്മിപ്പിക്കുന്ന മുഖവുമായി ഷോഷാന ഹിറ്റ്ലറടക്കമുള്ള നാസികളോടു സംസാരിക്കുമ്പോൾ, തിയറ്റർ കത്തിക്കാനായി കൂട്ടിയൊരുക്കിയിരിക്കുന്ന ഫിലിം കൂമ്പാരത്തിനു സമീപം കത്തിച്ച സിഗരറ്റുമായി തന്റെ സമയം കാത്തു നിൽക്കുന്ന കറുത്തവർഗക്കാരൻ മാഴ്‌സെലിന്റെ രൂപം, ജെസി ഓവൻസടക്കം കുറെയേറെപ്പേരെ ഓർമ്മയിലേക്കു കൊണ്ടുവരുന്നുണ്ട്. സിനിമയുടെ പ്രീമിയർ ഷോ നടന്നുകൊണ്ടിരിക്കെ, ഒരു ടവറിൽ നിന്നും ശത്രുസൈനികരെ ഒന്നടങ്കം വെടിവെച്ചു വീഴ്ത്തുന്ന നാസിപട്ടാളക്കാരന്റെ ദൃശ്യം (ഈ ദൃശ്യം അസാധാരണമായ വിധത്തിൽ, സ്പീൽബെർഗ്ഗിന്റെ ആഘോഷിക്കപ്പെട്ട യുദ്ധചിത്രമായ സേവിംഗ് പ്രൈവറ്റ് റ്യാനിലെ സ്നൈപ്പർ രംഗത്തെ ഓർമ്മിപ്പിക്കുന്നുണ്ട്) കണ്ടുകൊണ്ട് ഹിറ്റ്ലർ ഗീബത്സിനോടു പറയുന്നു, ഇതുവരെയുള്ളതിൽ മികച്ച സിനിമയാണതെന്ന്. (സേവിംഗ് പ്രൈവറ്റ് റ്യാൻ മികച്ച സിനിമയാണെന്നു കരുതുന്നവർ ഇന്നുമുണ്ടാകുമല്ലോ, അല്ലേ…!)

രണ്ടാം ലോകയുദ്ധത്തിനു മുന്‍പുള്ള കാലത്ത്, കിംഗ് കോങ്ങ് ഒരു സൂചകമായിരുന്നു. കറുത്ത മനുഷ്യനെയും വെള്ളക്കാരന്റെ ശത്രുവിനെയും അത് ഒരുപോലെ സൂചിപ്പിച്ചു. ഈ ചിത്രത്തില്‍ രണ്ടുതവണ കിംഗ് കോങ്ങ് റെഫറെന്‍സ് വരുന്നുണ്ട്. ഒന്ന്‌, ടാവേണിലെ ആ കളിക്കിടയില്‍. ബാസ്റ്റേര്‍ഡ്‌സിന്റെ കൂടെയിരുന്ന ഒരേയൊരു നാസിയുടെ നെറ്റിയിലെഴുതിയിരുന്നത് കിംഗ് കോങ്ങ് എന്ന പേരായിരുന്നു. അതയാള്‍ ശരിയായി തന്നെ ഊഹിക്കുന്നുമുണ്ട്. സിനിമയില്‍ ഒരേയൊരു കറുത്ത മനുഷ്യനെ ഉള്ളൂ, ഷോഷാനയുടെ തിയറ്ററിലെ മാഴ്സെല്‍. അവസാനം, വംശവെറിയുടെ ഉപാസകരായിരുന്ന ഒരു കൂട്ടത്തോടു പ്രതികാരത്തിനു ഒരുങ്ങുന്നത് ഈ കറുത്ത മനുഷ്യനാണ്‌. മനുഷ്യന്റെ പുരോഗതിയ്ക്കു വിഘാതമായിരുന്ന ഒരു ഐഡിയോളജിയോടുള്ള പ്രതികാരമായി വായിച്ചാല്‍, പുതിയ കാലം, നാസികളെ കിംഗ് കോങ്ങുകളായി വിലയിരുത്തുന്നതിന്റെ ചരിത്രപരമായ ഐറണി വ്യക്തമാകും.

ഇവിടെ ഷോഷാനയെ ഒരു പ്രതീകമായി കാണാം, നാസി അധിനിവേശത്തിനിരയായ അനേകം ജൂത-ജീവിതങ്ങളുടെ പ്രതീകം. അവരുടെ പ്രതിഷേധത്തിനും പ്രതികാരത്തിനുമായി അവര്‍ തെരഞ്ഞെടുത്തത് ഒരു cinema ആയിരുന്നു. cinema-എന്ന വാക്കിന്റെ ആദ്യകാലത്തെ അര്‍ത്ഥം 'ഫിലിം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍' എന്നതായിരുന്നു. പിന്നീടു cinema-യ്ക്ക് മറ്റൊരു അര്‍ത്ഥം(any movie, esp. movie as an art) കൂടി പ്രയോഗത്തില്‍ വന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ന് ജൂതന്മാര്‍ ഇരകളുടെയല്ല, മറിച്ച് യുദ്ധക്കൊതിയന്മാരായ അധിനിവേശക്കാരുടെ റോള്‍ കൈയാളുന്നു. ലോകമെമ്പാടും റീച്ച് ഉള്ള ഹോളിവുഡിന്റെ മുഖ്യ നിയന്ത്രണശക്തികള്‍ ഇന്നു ജൂതന്മാരാണ്‌, (അന്ന് അത് നാസികളായിരുന്നു). അതേ സമയം, ഇന്നു ഇരകളുടെ വേഷത്തിലുള്ളത് അറബ് വംശജരോ മറ്റ് ന്യൂനപക്ഷങ്ങളോ ഒക്കെയാണ്‌. അന്ന്, ഇരകള്‍ അവരുടെ പ്രതികാരത്തിനും പ്രതിഷേധത്തിനുമായി (ആദ്യത്തെ അര്‍ത്ഥത്തിലെ) cinema തെരഞ്ഞെടുത്തതു പോലെ, ഇന്നത്തെ ഇരകള്‍ക്ക് പ്രതിഷേധിക്കാനായുള്ള മാധ്യമം (രണ്ടാമത്തെ അര്‍ത്ഥത്തിലെ) cinema-യാണെന്നാണോ ടരന്റിനോ പറയുന്നത്?

സിനിമയുടെ ചരിത്രത്തെക്കുറിച്ചും ഫാസിസ്റ്റ് ആധിപത്യകാലങ്ങളിലെ ജർമ്മൻ സിനിമയെക്കുറിച്ചുമെല്ലാം വാചാലമാകുന്നുണ്ട് ടരന്റിനോ പലപ്പോഴും. 1920-കളിലും 30-കളുടെ ആദ്യപകുതിയിലുമായി ഏറെ പുഷ്കലമായിരുന്ന, എക്സ്‌പ്രഷനിസം പോലെ മഹത്തായ ആശയങ്ങളെ സാസ്കാരികലോകത്തിനു സമ്മാനിച്ച, ഒരു ഭൂതകാലം ജർമ്മൻ സിനിമയ്ക്കുണ്ടായിരുന്നു. നാസികളുടെ കാലത്തോടെ പല പ്രമുഖരും-ഫ്രിറ്റ്സ് ലാംഗ് അടക്കം- അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും രക്ഷപ്പെടുകയായിരുന്നു. ഗീബത്സിനെയായിരുന്നു നാസി-സിനിമയുടെ അമരക്കാരനായി ഹിറ്റ്ലർ നിയമിച്ചത്. ഗീബത്സിന്റെ മേൽനോട്ടത്തിൽ പ്രൊപഗാൻഡയായി അധപതിച്ച ജർമ്മൻ സിനിമയുടെ പുനരുദ്ധാനം നടന്നത് യുദ്ധത്തിനും നാസികൾക്കും ശേഷമായിരുന്നു.

ഒരു ഫാന്റസി സിനിമയ്ക്ക് അരങ്ങാകാൻ സാധ്യതയുള്ളയിടങ്ങളിൽ അവസാനത്തേതായിരിക്കും രണ്ടാം ലോകമഹായുദ്ധവും നാസികളുടെ ലോകവുമെല്ലാം. അപ്രതീക്ഷിതമെന്നു കരുതാവുന്ന ഇടങ്ങളിലാണു ടരന്റിനോയുടെ സ്വപ്നം അക്ഷരാർത്ഥത്തിൽ കാടു കയറുന്നത്. പഴകിയ കുറെ ഫിലിം റോളുകൾ കൊണ്ട് ഷോഷാനയും ടരന്റിനോയും കത്തിച്ചു കളയുന്നത്, ഫാന്റസി/സ്വപ്നം എന്നിവയെക്കുറിച്ചൊക്കെ സിനിമയിൽ ഇത്രനാളും നിലനിന്നു പോന്നിരുന്ന ചില വിശ്വാസങ്ങളെയും ശീലങ്ങളെയുമൊക്കെയാണ്. ഈ സിനിമയെക്കുറിച്ച് ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം…

Hell of a Dream…!!

14 comments:

suraj::സൂരജ് said...
This comment has been removed by the author.
suraj::സൂരജ് said...

കില്‍ ബില്‍ ഒഴികെ ടരാന്റീനോയുടെ പടങ്ങളോന്നും കണ്ടിട്ടില്ല. എങ്കിലും ഈ പടം ഒരേസമയം ഇഷ്ടപ്പെടുത്തുകയും വെറുപ്പിക്കുകയും ചെയ്തു.

ആദ്യഭാഗത്തെ കേണല്‍ ഹാന്‍സ് ലാന്റയുടെ ഇന്ററോഗേയ്ഷന്‍ സീന്‍ ഉജ്ജ്വലമായിരുന്നു. (ക്രിസ്റ്റോഫ് വാള്‍റ്റ്സ് വരുന്ന സീനുകള്‍ എല്ലാം ഒന്നിനൊന്ന് സൂപ്പറാണ്).അതുപോലെത്തന്നെ ടവേണിലെ ഗൂഢാലോചന മീറ്റിംഗ് പൊളിയുന്ന രംഗങ്ങളും ഫിലിം കൂട്ടിയിട്ട് തീകൊളുത്താന്‍ ശ്രമിക്കുന്ന രംഗവുമൊക്കെ.

പക്ഷേ സിനിമ പതറുന്നത് പ്രോട്ടഗോനിസ്റ്റുകളായ ബാസ്റ്റഡ്സിനെ കാണിക്കുന്നയിടങ്ങളിലാണ് എന്നത് വല്ലാത്ത വൈരുധ്യം തന്നെ. ബ്രാഡ് പിറ്റിന്റെ കഥാപാത്രം ഒന്നാന്തരം മസാലയായിപ്പോയി. ഡാര്‍ക് കോമഡിക്ക് വേണ്ടിയാണെങ്കില്‍ പോലും ആ കഥാപാത്രമാണ് സിനിമയെ നശിപ്പിക്കുന്നത് എന്നാണ് എന്റെ തോന്നല്‍.

ആകെത്തുകയിക്ല് നോക്കുമ്പോള്‍ ജൂതര്‍ “ഒളിച്ചോട്ടക്കാരായ എലിക”ളായിരുന്നില്ല എന്ന് തെളിയിക്കാനുള്ള ഒരു തരം വ്യഗ്രത കാണുന്നു.

butterflywings flaps said...

ഈ സിനിമ കണ്ടില്ല. എനിക്കിഷ്ടമാവാത്ത സിനിമഭാഷയാണ് ടരന്റിനോയുടേത്.

Shaji T.U said...

കാണുവാനായി കാത്തിരിക്കുന്ന ഒരു ചിത്രമാണിത്‌. ഈ എഴുത്തിന്‌ നന്ദി...

വെള്ളെഴുത്ത് said...

ബീമാപള്ളിയിലെ ആപ്പീസുപൂട്ടിയ ശേഷം സിനിമയുടെ പേരുകള്‍ കേട്ടാല്‍ അങ്ങനെ ഓടിപോയെടുത്തുകൊണ്ടു വന്ന് കണ്ട് രണ്ട് ന്യായം പറയാനുള്ള പഴുതടഞ്ഞുപോയി. ഇത്രയൊക്കെ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കില്‍ സിനിമാശാലയിരുന്ന് കണ്ടാല്‍ ശരിയാകില്ല. സ്വന്തം ഹോം തിയേറ്ററില്‍ തന്നെ വേണം. കാണാനുള്ള പ്രേരണയായി. ടോരന്റിനോ സിനിമയെ ഓര്‍മ്മകളാക്കുന്നു, കൂട്ടിച്ചേര്‍ക്കലുകള്‍ വഴി എന്നു മനസ്സിലായി. അതിനെക്കുറിച്ചുള്ള എഴുത്താവട്ടെ കണ്ടു മറന്ന സിനിമകളെ ചേര്‍ത്തു വച്ച് പിന്നെയും ഓര്‍മ്മകളെ കൂട്ടു വിളിക്കുന്നു.

suraj::സൂരജ് said...

പുതിയതായി ചേര്‍ത്ത ഖണ്ഡികയിലെ ആശയം വല്ലാതെ ഉടക്കുന്നു... ഒരു നല്ല വായനാനുഭവം..നണ്ട്രി

യാത്രാമൊഴി said...

സിനിമ ഉടനെയൊന്നും കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. :(
ഈ സിനിമ ഇറങ്ങിയ ശേഷം എന്‍.പി.ആറില്‍, ടെറി ഗ്രോസ് ടാരന്റിനോയെ ഇന്റര്‍വ്യൂ ചെയ്തത്‌ കേട്ടിരുന്നു.

പള്‍പ്പ് ഫിക്ഷനില്‍ സാമുവല്‍ ജാക്സന്റെ പ്രശസ്തമായ ബൈബിള്‍ ഡയലോഗ് സോണി ചിബയുടെ മാര്‍ഷ്യല്‍ ആര്‍ട്സ്‌ പടത്തില്‍ നിന്നും എടുത്തതാണെന്ന് പറയുന്നുണ്ട്.
പിന്നെ "കിംഗ്‌ കോങ്ങ് "എന്തിന്റെ രൂപകമാണെന്നും വിശദീകരിക്കുന്നുണ്ട്.

എനിക്ക് ആയമ്മേടെ ഇന്റര്‍വ്യൂസ്‌ ഭയങ്കര ഇഷ്ടമാണ്.
റോബി കേട്ടിട്ടില്ലെങ്കില്‍ ഒന്ന് കേട്ട് നോക്കൂ (ട്രാന്‍സ്ക്രിപ്റ്റ്‌ വായിക്കുന്നതിനേക്കാള്‍ രസം ആഡിയോ ഫയല്‍ കേള്‍ക്കുന്നതാണ്).
ഇവിടെ കേള്‍ക്കാം

റോബി said...

നന്ദി മൊഴിയണ്ണാ..

ആദ്യത്തെ സീൻ കണ്ടപ്പോൾ ഇത് യൂറൊപ്യൻ സിനിമയല്ലെന്നു മനസ്സിലായി, പക്ഷെ വെസ്റ്റേണുമായുള്ള ചേർച്ച പിടികിട്ടിയിരുന്നില്ല.

Interesting...

Sudeep said...

I saw the film today (it was released in India today). Was hugely disappointed. What do you mean this is not a 'vinodachithram' (entertainer)? I found it a perfect entertainer, a typical Hollywood one at that, which glorifies America/Americans. It is also a plane revenge movie. I wouldn't mind a revenge movie from Tarantino, but when the 'heroes' are Americans and also Jews, and when it comes out in 2009, I find it very very American and very very Israel. Sorry, Tarantino, I did not expect this from you.

റോബി said...

Sudeep,
I just meant its not like other films by Tarantino. Think of the long, dialogue driven,stagnant scenes and not much action happening either.

Just another way of looking at it.

Considering the racial/gender subtext I didn't find it so 'jewish' either.

madonmovies said...

ടരന്റീനോയുടെ ഇതിനു മുന്‍പ് ഇറങ്ങിയ എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ് ഞാന്‍.
ഇത് കാണാന്‍ കാത്തിരിക്കുന്ന സിനിമ.
നന്ദി.

Writings on Sand said...

ഇന്നലെയാണ് കാണാന്‍ കഴിഞ്ഞത്. പരീക്ഷാക്കാലത്ത് പടം കാണല്‍ പതിവുള്ളതല്ല. ഒന്ന് തലയിട്ടു പോയി. നിര്‍ത്താന്‍ പറ്റിയില്ല. അത്രയ്ക്കും gripping ആയിരുന്നു. മുന്‍പ് kill bill മാത്രമേ കണ്ടിരുന്നുള്ളൂ. പക്ഷെ ഇത് ശരിക്കും brilliant ആയിട്ടുണ്ട്‌. ഒന്നാന്തരം തിരക്കഥ.
സിനിമകളില്‍ ചരിത്രം ആവിഷ്കരിക്കുമ്പോള്‍ authenticity വേണം എന്ന് ശക്തമായി വാദിച്ചിരുന്ന ആളാണ്‌ ഞാന്‍. പക്ഷെ ടാരന്റിനോ ചരിത്രം തള്ളിക്കളയുമ്പോള്‍ നമ്മുടെ എല്ലാ എതിര്‍പ്പുകളുടെയും മുന ഒടിച്ചുകൊണ്ടാണത് ചെയ്യുന്നത്. ചിത്രത്തിലുള്ളത് പുള്ളിയുടെതായ ഒരു സമാന്തര ചരിത്രം ആണ്. പടം കാണുമ്പോള്‍ അത് നമ്മുടെതും ആയി മാറുന്നു. ഒരു വിവാദങ്ങള്‍ക്കും അവിടെ സാധ്യത ഇല്ലാതാവുന്നു. "രക്തസാക്ഷികള്‍ സിന്ദാബാദ്"ല്‍ സര്‍ സി.പി.യുടെ മൂക്ക് വെട്ടല്‍ സംഭവം കാണിച്ചത് ചരിത്രത്തിനു എതിരാണെന്ന് പറഞ്ഞു വന്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായതോര്‍ക്കുന്നു :) (ടാരന്റിനോ അല്ല വേണു നാഗവള്ളി എന്ന് ഓര്‍ത്തുകൊണ്ട്‌ തന്നെ)
1933-ലെ king kong ഹിറ്റ്‌ലറുടെ പ്രിയ സിനിമ ആയിരുന്നു എന്നതും ഒരു reference ആണെന്ന് imdb trviva :)

ഗുപ്തന്‍ said...

കണ്ടു. ലാന്‍ഡയും ഗീബത്സും സൂപ്പര്‍. കോമിക്സില്‍ നിന്ന് പറിച്ചുവച്ചതുപോലെ ഒരു ഹീറോയെ അവതരിപ്പിക്കാനാണ് ബ്രാഡ്പിറ്റിനെ വിളിച്ചതെങ്കില്‍ പിറ്റും നന്നായി ചെയ്തു എന്ന് പറയേണ്ടിവരും. പക്ഷെ മൊത്തത്തില്‍ ബാസ്റ്റേഡ്സിന്റേതായി വരുന്ന രംഗങ്ങള്‍ക്ക് ബാക്കി ഫിലിമുമായി ഒത്തുവരുന്ന മുറുക്കമില്ല. പക്ഷെ genre കളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് പാഠപുസ്തകം ആവുന്ന മൂവി.

റോബി said...

ഹോളിവുഡ് സിനിമാറ്റിക് ജനുസ്സുകളുടെ ഡീകണ്‍‌സ്ട്രക്ഷന്‍ ആണല്ലോ കക്ഷിയുടെ സ്പെഷ്യലൈസേഷന്‍. പണ്ട് പള്‍പ് ഫിക്ഷന് കാനില്‍ അവാര്‍ഡ് കിട്ടിയതു കൊണ്ട് കക്ഷി അങ്ങ് ആഘോഷിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയല്ലേ ഇതും...

70 മില്ല്യണ്‍ മുടക്കിയുണ്ടാക്കുന്ന സിനിമയ്ക്ക് ഒരു സെല്ലിംഗ് പോയിന്റ് വേണമല്ലോ, ശരിക്കും അതു മാത്രമല്ലേ ഇതില്‍ ബ്രാഡ് പിറ്റിന്റെ കഥാപാത്രം?