Thursday, October 12, 2006

ദാസ്‌ എക്‌സ്‌പെരിമെന്റ്‌ (2002)

കര്‍ശനമായ ഒരു വാക്കുണ്ടാക്കുന്ന വേദനയോ, പുറത്തു പോകാന്‍ പറയുന്ന ഒരാജ്‌ഞയുണ്ടാക്കുന്ന അപകര്‍ഷതയോ, ഒരു സെക്കന്റ്‌ കൂടുതല്‍ നേരം നീണ്ടു നിന്ന ഒരു പുരുഷന്റെ നോട്ടമുണ്ടാക്കുന്ന പരിഭ്രമമോ തൊട്ട്‌ എതിരാളി അടച്ചിട്ട ഒരു മുറിയിലിരുന്ന്‌ അറപ്പോടുകൂടി പുറംതള്ളുന്ന മലമായുള്ള സങ്കല്‍പം വരെ പരന്നു കിടക്കുന്നു ഇരയുടെ മാനസികലോകം. മരുഭൂമികള്‍ ഉണ്ടാകുന്നത്‌ (ആനന്ദ്‌)

കുപ്രസിദ്ധമായ സ്റ്റാന്‍ഫോര്‍ഡ്‌ പ്രിസണ്‍ എക്‌സ്‌പെരിമെന്റിനെ ഉപജീവിച്ച്‌ ജര്‍മ്മന്‍ സംവിധായകനായ Oliver Hersbiegel സംവിധാനം ചെയ്ത ചിത്രമാണ്‌ Das xperiment (2002). വളരെ പരന്ന ഒരര്‍ത്‌ഥത്തില്‍ എന്തായിരിക്കരുത്‌ സിനിമ എന്ന പൊതുബോധത്തിന്റെ വിപരീതങ്ങളാണ്‌ അദ്ദേഹത്തിന്റെ സിനിമകള്‍. പുറംകാഴ്ചയില്‍ ഹോളിവുഡ്‌ ചിത്രങ്ങളുടെ സൌന്ദര്യബോധം പിന്തുടരുകയും സംഭ്രമാത്‌മകമായ ഒരു ത്രില്ലര്‍ ആയിരിക്കുകയും ചെയ്യുമ്പോഴും ഈചിത്രം ഒരു വിനോദമാകാതെ അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയബോധത്തിന്റെ ഉള്‍കാഴ്‌ച കൊണ്ട്‌ വ്യത്യസ്‌ഥവും ശ്രദ്ധേയവുമാകുന്നു. ചരിത്രാതീത കാലം മുതല്‍ നില-നില്‍ക്കുന്ന ഇര, വേട്ടക്കാരന്‍ എന്നീ അപരദ്വന്ദങ്ങളുടെ പരസ്‌പരപൂരകത്വം, അവയുടെ സാമൂഹ്യനിര്‍മ്മിതി, പരിപാലനം എന്നിവയെ കുറിച്ചുള്ള അസ്വഭാവികമായ ഒരു അന്വേഷണമാണ്‌ ഈ ചിത്രം എന്നു പറയാം. അസാധാരണമായ സംഘര്‍ഷങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമാ-കുമ്പോള്‍ വ്യക്‌തികളിലുണ്ടാവുന്ന മാനസികവും സ്വഭാവപരവുമായ വ്യതിയാനങ്ങള്‍ പഠിക്കാനായി ഒരു ഗവേഷണസംഘം ഒരുങ്ങുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌. പരീക്ഷണത്തിന്റെ ഇടം ഒരു സാങ്കല്‍പിക തടവറ-യാണ്‌. സന്നദ്ധരായ ഇരുപത്‌ വ്യക്തികളെ ഭീമമായ ശമ്പളം വാഗ്‌ദാനം ചെയ്ത്‌ രണ്ടാഴ്ച സമയത്തേക്കുള്ള പരീക്ഷണത്തിനായി ഒരുക്കുന്നു. ടെരെക് ഫഹ്ദ് (Morris Bleibtreu) എന്ന അഭ്യസ്തവിദ്യനായ ഒരു ഡ്രൈവര്‍ കൌതുകത്തിന്റെ പേരിലും സാധ്യമായാല്‍ ഈ അനുഭവം ഒരു പത്രത്തിന്‌ സ്റ്റോറിയായ്‌ നല്‍കാം എന്ന കണക്കുകൂട്ടലിലും ഈ പരീക്ഷണത്തിന്‌ തയ്യാരാകുന്നു. ഫഹ്ദ് ഉള്‍പ്പെടെ 12 പേര്‍ തടവുകാരായും 8 പേര്‍ പ്രിസണ്‍ ഗാര്‍ഡുമാരായും വേഷമിടുന്നു. വേഷമിടുകയാണെന്നു പറയാന്‍ കാരണം എല്ലാവരും പരീക്ഷണം കഴിയുന്നതു വരെ മുഴുവന്‍ സമയവും നിര്‍ദ്ദിഷ്ട യൂണിഫോമിലായിരിക്കേണ്ടതുണ്ട്‌. സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന അധികാരഘടന ഇതേ രീതിയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത്‌ യൂണിഫോമുകളും അത്‌ പ്രക്ഷേപണം ചെയ്യുന്ന ഭീഷണി കലര്‍ന്ന സന്ദേശങ്ങളുമാണെന്ന്‌ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്‌. അടിവസ്ത്രങ്ങള്‍ മനുഷ്യര്‍ക്ക്‌ അതിപ്രധാനമായൊരു സുരക്ഷിതത്വബോധം നല്‍കുന്നു എന്നതിനാലാവാം ഇവിടെ തടവുകാര്‍ക്ക്‌ അടിവസ്ത്രം പോലും അനുവദിക്കപ്പെടുന്നില്ല. പരീക്ഷണകാലം തീരും വരെ വ്യക്തികളുടെ പേരുപോലും റദ്ദാക്കപ്പെടുകയും തടവുകാര്‍ അവരുടെ ഉടുപ്പിന്റെ മേലുള്ള ചില സംഖ്യകളായും ഗാര്‍ഡുമാര്‍ prison guard എന്നും അഭിസംബോധന ചെയ്യപ്പെടുന്നു.

ഇര ചിലപ്പോള്‍ വേട്ടക്കാരനേക്കാള്‍ ശാരീരികമായി ശക്തനായിരിക്കാം. എന്നിരിക്കിലും അയാള്‍ക്ക്‌ ഇരയുടെമേല്‍ ആധിപത്യം നല്കുന്നത്‌ താന്‍ വേട്ടക്കാരനാണ്‌ എന്ന അവബോധമാണ്‌. (ആനന്ദ്-മരുഭൂമികള്‍ ഉണ്ടാകുന്നത്‌) അക്രമാസക്തമായ ഒരു ജനക്കൂട്ടത്തെ എണ്ണത്തില്‍ തുഛമായ പോലീസ്‌ ലാത്തി പോലെ പ്രാകൃതമായ ഒരു ആയുധം കൊണ്ട്‌ നേരിടുന്നത്‌ ഈ ബോധ്യം നല്‍കുന്ന മാനസിക ബലത്താലാകാം. അവരുടെ യൂണിഫോം ഈ ബോധ്യ-ത്തിന്റെ നിലനില്‍പ്പിന്‌ പ്രധാന ഘടകമാവുകയും ചെയ്യുന്നു. പരീക്ഷണം തുടരുമ്പോള്‍, തടവറക്കുള്ളില്‍ നിലവില്‍ വരുന്ന അധികാരഘടനയ്ക്കെതിരേ, ഇരയാകാന്‍ വിസമ്മതിച്ചു കൊണ്ടും, വെറുമൊരു രസത്തിനുവേണ്ടിയും പ്രതികരിക്കുന്ന ടെറക്‌ (ഇപ്പോള്‍ prisoner #77) ജയിലിനുള്ളില്‍ സംഘര്‍ഷത്തിനു കാരണമാകുന്നു. താല്‍ക്കാലികമെങ്കിലും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം അതിന്റെ നാനാര്‍ത്‌ഥ-ങ്ങളില്‍ പ്രയോഗിക്കാനും ആസ്വദിക്കാനും ബെറൂസ്‌ ഒരുങ്ങുമ്പോള്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നു. ഗാര്‍ഡുമാര്‍ക്കിടയില്‍ അപ്രഖ്യാപിത നേതാവായി തന്നെത്തന്നെ ഉയര്‍ത്താനുള്ള മാനസ്സികമായ ഇഛാശക്തി-അധികാരത്തിന്റെ മാന്ത്രികവടി- അയാളുടെ കൈയിലുണ്ട്‌ എന്നതു കൊണ്ട് തന്നെ അയാളുടെ കല്‍പനക-ളാണ്‌ ജയിലിലെ നിയമം എന്നു വരുന്നു. ഒരുവേള പരീക്ഷണത്തിന്റെ നിയമങ്ങള്‍ തന്നെ ഇയാളുടെ സ്വേഛാ-ധിപത്യ തൃഷ്‌ണയ്ക്കു മുന്നില്‍ തകര്‍ന്നു പോകുന്നുണ്ട്‌. പരീക്ഷണം തുടരുക തന്നെയാണ്‌.... ഈ ചിത്രത്തിന്റെ പൂര്‍ണ്ണമായ ആസ്വാദനത്തിന്‌ ഇതിന്റെ suspense അതിപ്രധാനഘടകമാണ്‌ എന്നതു കൊണ്ടു തന്നെ ഇതി-വൃത്തത്തിന്റെ വിവരണത്തില്‍ നിന്ന്‌ ഞാന്‍ വിരമിക്കുകയാണ്‌.

മനുഷ്യത്വം, മൃഗീയത എന്നിവ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട പരികല്‍പനകളാണ്‌. ഒരു മൃഗം മറ്റൊരു മൃഗത്തെ ആക്രമിക്കുന്നതിന്‌ കാരണം എപ്പോഴും സ്വയരക്ഷ, വിശപ്പ്‌, പ്രജനനം എന്നിവയിലൊന്നായിരിക്കും. ഈവയെല്ലാം തന്നെ അതിജീവനം എന്ന വലിയ കാരണത്താല്‍ സാധൂകരിക്കപ്പെടുന്നു. മറ്റൊരു ജീവിയെ ഉപദ്രവിക്കുന്നു എന്ന ആനന്ദത്തിനുവേണ്ടി മാത്രം വേട്ടക്കാരന്റെ വേഷമിടുന്ന ജീവി മനുഷ്യന്‍ മാത്രമാണ്‌. കൊല്ലുന്നു എന്ന ക്രിയ നല്‍കുന്ന ആനന്ദത്തിനു വേണ്ടി കൊലപാതകം ചെയ്യുന്ന കള്‍ട്ട്‌ ഗ്രൂപ്പുകള്‍, ഹിറ്റ്‌ലറും പോള്‍പോട്ടും മുതല്‍ ഇന്ദിരാഗാന്ധിയും കരുണാകരനും വരെ അധികാരത്താല്‍ അന്ധരാകുന്ന മനുഷ്യരുടെ അന്തമില്ലാത്ത ഉദാഹരണങ്ങള്‍എന്നിവയെല്ലം ഇവിടെ ചിന്തനീയമാണ്‌.

ഇനി, ജീവിതം ഒരു നാടകമാണെന്നും, നാമെല്ലാം അതിലെ കഥാപാത്രങ്ങളാണെന്നും ഉള്ള ഷേക്സ്പിയറിന്റെ പഴയ ഉപമ പരിഗണിച്ചാല്‍ ഈ ചലച്ചിത്രത്തിന്റെ അര്‍ത്‌ഥസാധ്യതകള്‍ വീണ്ടും വര്‍ദ്ധിക്കു-കയാണ്‌. ടെറക് ഫഹ്ദ് എന്നത്‌ തുര്‍ക്കികളുടെയില്‍ സാധാരണമായ ഒരു പേരാണ്‌. പ്രതിനായകസ്ഥാനത്തുള്ള ബെറൂസ് ആകട്ടെ, ഒരു ജര്‍മ്മന്‍ പേരും. ജര്‍മ്മനിയില്‍ കുടിയേറിയ തുര്‍ക്കികളും ജര്‍മ്മന്‍കാരും തമ്മില്‍ വംശീയമായ, എന്നാല്‍ ചരിത്രത്തില്‍ വേരുകളുള്ള ചില സംഘര്‍ഷങ്ങള്‍ നിലവിലുണ്ട്‌. എന്നാല്‍ ടെറകും ബെറൂസും തമ്മിലുള്ള ശക്തി-സംഘര്‍ഷങ്ങള്‍ക്ക്‌ അങ്ങനെയുള്ള വിശദീ-കരണങ്ങളൊന്നും നല്‍കാന്‍ സംവിധായകന്‍ മുതിരുന്നില്ല. ഡോറ എന്ന നായികയാവട്ടെ, ടെറക്കിന്റെ അതിജീവനത്തിന്‌ വൈകാരിക പിന്തുണയാകുമ്പോഴും ഡോറയുടെ പാത്രസൃഷ്ടി പൂര്‍ണ്ണമല്ലെന്ന്‌ പറയാം. ഡോറയും ടെറക്കും തമ്മിലുള്ള പരിചയത്തിനും ബന്ധത്തി-നും വിശ്വാസ്യതയുടെ ബലം നേടാനാകുന്നില്ല. ആഖ്യാനത്തില്‍ ഇങ്ങനെ ചില പിഴവുകളുണ്ടെങ്കില്‍തന്നെയും ഇരകളുടെയും ഇരപിടുത്തത്തിന്റെയും രാഷ്‌ട്രീയത്തെക്കുറിച്ച്‌ ബോധവാനായ ഏതൊരു പ്രേക്‌ഷകനും ഞെട്ടിപ്പിക്കുന്ന ഒരു അനുഭവമായിക്കും ഈ ചലച്ചിത്രം.

DVD യോ VCD യോ ആയി വീട്ടിലിരുന്ന്‌ ആസ്വദിക്കാവുന്ന ഒരു സിനിമയല്ല ഇത്‌. ബഹളങ്ങളും ശല്യങ്ങളുമുള്ള ഒരു തിയറ്ററും ഇതിന്‌ യോജ്യമല്ല. പറ്റുമെങ്കില്‍ തനിയെ, ഇരുട്ടില്‍ ഇടവേളയില്ലാതെ കാണുക...നിങ്ങളും ഈ പരീക്ഷണത്തില്‍ പങ്കാളിയാകും. ദാസ് എക്സ്പെരിമെന്റിന്റെ ഒരു tag line തന്നെ അതാണ്‌...You are invited to participate...

8 comments:

ടി.പി.വിനോദ് said...

റോബീ,
നന്നായിരിക്കുന്നു...ആ സിനിമ കാണുമ്പോള്‍ തലച്ചോറിലുണ്ടായ വിഭ്രമവിനിമയങ്ങളുടെ വൈദ്യുതസ്മരണകളെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു നിന്റെ എഴുത്ത്...
അഭിനന്ദനങ്ങള്‍....

രാജ് said...

റോബി ദി ന്യൂ വേള്‍ഡിന്റെ സബ്‌ടൈറ്റില്‍ ഫയല്‍ കിട്ടുവാന്‍ വകുപ്പുണ്ടോ?

ദേവന്‍ said...

റോബിയുടെ ബ്ലോഗ്‌ ഇന്നാണു കണ്ടത്‌. സമാനതകളൊന്നുമില്ലാത്ത, ഗൌരവപൂര്‍ണ്ണമായ സിനിമാ നിരൂപണം മാത്രമുള്‍ക്കൊള്ളിച്ച അസ്സല്‍ ബ്ലോഗ്‌.

ഇതു തുടങ്ങിയതിനുനന്ദി റോബി.

രാജേഷ് ആർ. വർമ്മ said...
This comment has been removed by a blog administrator.
രാജേഷ് ആർ. വർമ്മ said...

വളരെ പ്രതീക്ഷയോടെ കണ്ടു തുടങ്ങിയതാണെങ്കിലും അങ്ങിങ്ങായി നടുക്കത്തിന്റെ ചില നിമിഷങ്ങള്‍ നേടിയെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഏറെ തൃപ്തികരമായിരുന്നില്ല ഈ പടം. ഇത്തരമൊരു പ്രമേയം പകര്‍ന്ന സാദ്ധ്യതകളുടെ വളരെ തുച്ഛമായ ഒരംശം മാത്രമേ ഉപയോഗിക്കപ്പെട്ടുള്ളൂ എന്നാണു തോന്നിയത്‌. റോബിയുടെ നിരീക്ഷണം പോലെ തന്നെ നായകന്റെ കൂട്ടുകാരിയുടെ ജീവിതം ജയിലഴികള്‍ പൊളിച്ച്‌ പടത്തിലേക്കു കടന്നു വരാതിരിക്കുകയായിരുന്നു ഭേദം. വിജയശ്രീലാളിതനാവുന്ന നായകന്റെ ഹോളിവുഡ്‌ മാതൃകയ്ക്കുപകരം വേട്ടക്കാരനായി അധപ്പതിക്കുന്ന ഒരു സാധാരണക്കാരന്റെ വീക്ഷണകോണില്‍ നിന്ന് ഈ ചിത്രം സൃഷ്ടിച്ചിരുന്നെങ്കില്‍ ഇതിന്റെ ആഘാതം പതിന്മടങ്ങായിത്തീര്‍ന്നേനെ എന്നു തോന്നി.

യൂണിഫോമുകളെക്കുറിച്ചു റോബി പറഞ്ഞതിന്‌ ഒരനുബന്ധം. ആദ്യത്തെ പ്ലാനറ്റ്‌ ഓഫ്‌ ദ ഏയ്പ്‌സിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ഉറാങ്ങ്‌ ഉട്ടാങ്ങുകളായും ഗോറില്ലകളായും മനുഷ്യരായും വേഷമിട്ട നടന്മാര്‍ ഷൂട്ടിങ്ങിന്റെ ഇടവേളകളിലും 'സ്വന്തം വര്‍ഗ്ഗത്തില്‍' പെട്ടവരോടു മാത്രം ഇടപഴകുന്നതായി കണ്ടുവത്രെ.

ഈ പടത്തില്‍ എന്നെ നടുക്കിയ ഒരു നിമിഷമായിരുന്നു പ്രതിനായകന്‍ പുറം ലോകത്ത്‌ ഒരു സ്കൂള്‍ അദ്ധ്യാപകനായിരുന്നു എന്ന വെളിപ്പെടുത്തല്‍. ആ നടുക്കത്തിന്റെ മാറ്റൊലികള്‍ ഇപ്പോഴും ചിന്തയില്‍ ഇടയ്ക്കു കേള്‍ക്കാറുണ്ട്‌.

ഈ ബ്ലോഗിനു നന്ദി.

nalan::നളന്‍ said...

നിരീക്ഷണങ്ങള്‍ കൊള്ളാം റോബി,
ഇതെന്നേയും അത്രയ്ക്കു സ്വാധീനിച്ചില്ലെന്നു പറയേണ്ടി വരുന്നു. അസ്വസ്ഥത ഉളവാക്കിയെങ്കിലും ഒരുപാടു പോരായ്മകള്‍, സിനിമയുടെ പ്ലൊട്ടിനെത്തന്നെ കത്തി വയ്ക്കുന്നവ. ആ കണ്ണാടിയുടെതെന്നെ കാര്യം, കൈവിട്ടു പോകാനുള്ള സാധ്യത, അതും മനശ്ശാസ്ത്ര വിധഗ്ധരുടെ ഒരു പരീക്ഷണത്തില്‍.
നഗ്നതയുടെ ഹ്യൂമിലിയേഷന്‍ ഒരായുധമാക്കുന്ന, എന്തിനേയും ആയുധമാക്കാനുള്ള ശേഷി,ആ എക്സ്ട്രീമകളിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍, ഇതൊക്കെ നന്നായി കാണിച്ചുവെന്നു തോന്നി.

Roby said...

peringodan,
please try this link for that.


http://www.podnapisi.net/index.php/ppodnapisi/search?sM=234246

Anonymous said...

robiyetta adutha varunna inter national film festival of keralakk varunnundo...?lekahanangal kollm kto..