Friday, November 10, 2006

ഡൌണ്‍ഫാള്‍ (2004)

വീര്‍പ്പുമുട്ടിക്കുന്ന, claustrophobic ആയ സ്ഥലങ്ങളില്‍ സംഭവിക്കുന്ന വിഭ്രമാത്മക സ്വഭാവമുള്ള ദുരന്തനാടകങ്ങള്‍ എന്നതാണ്‌ ജര്‍മ്മന്‍ സംവിധായകനായ ഒലിവര്‍ ഹെഷ്ബിഗലിന്റെ സിനിമകളുടെ ഏറ്റവും എളുപ്പം തിരിച്ചറിയപ്പെടുന്ന പൊതുസ്വഭാവം. ആഖ്യാനത്തില്‍ ശ്രധേയമായ ഒരു ഘടകമാണ്‌ അധികാരം, അതിന്റെ (ദുര്‍)വിനിയോഗം എന്നിവയ്ക്ക്‌ സംവിധായകന്‍ നല്‍കുന്ന സവിശേഷ പരിചരണം. ദാസ് എക്സ്പെരിമെന്റ് അധികാരഘടനയുടെ നിര്‍മ്മാണത്തെയും അത്‌ മനുഷ്യനെ എത്രമാത്രം മലീമസമാക്കുന്നുവെന്നതിന്റെയും മന:ശാസ്ത്ര-പരമായ അന്വേഷണമായിരുന്നുവെങ്കില്‍ ഡൌണ്‍ഫാള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു അധികാര കേന്ദ്രത്തിനു സംഭവിച്ച അനിവാര്യമായിരുന്ന തകര്‍ച്ചയുടെ നേര്‍കാഴ്‌ചയാണ്‌. 1945-ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടുകൂടി സംഭവിച്ച നാസിജര്‍മ്മനി-യുടെ പരാജയവും ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന വികലമായ ഒരു തത്വശാസ്ത്രത്തിന്റെ പ്രഭവകേന്ദ്രങ്ങളുടെ പതനവുമാണ്‌- ഹിറ്റ്ലറുടെ മരണം ഉള്‍പ്പെടെ- ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രം തുടങ്ങുന്നത്‌ ഹോഡ് യുങ്ങ്‌ (Troudl Joung- Alexandra Maria Lara) എന്ന യുവതി ഹിറ്റ്ലറുടെ സെക്രട്ടറി തസ്‌തികയില്‍ ജോലിക്കായുള്ള അഭിമുഖത്തിനെ-ത്തുന്നതോടെയാണ്‌. ലോകയുദ്ധത്തിന്റെ അവസാനം വരെ, അതായത്‌ ഹിറ്റ്ലറുടെ മരണം വരെ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു ഹോഡ് യുങ്ങ്‌ എന്നതിനാല്‍ ഹിറ്റ്ലറുടെ കഥ പറയാന്‍ മറ്റാരേക്കാളും ആധികാരികത ഇവര്‍ക്കവകാശപ്പെടാം. ചരിത്രകാരനായിരുന്ന യൊവാക്കിം ഫെസ്റ്റിന്റെ Inside Hitler's Bunker, യുങ്ങിന്റെ തന്നെ ഓര്‍മക്കുറിപ്പുകള്‍ എന്നിവയെ ഉപജീവിച്ചാണ്‌ ഈ ചലച്ചിത്രം നിര്‍മ്മിക്ക-പ്പെട്ടിട്ടുള്ളത്‌. ഡൌണ്‍ഫാളിന്റെ തുടക്കത്തിലും ഒടുക്കത്തിലും അവര്‍ ആഖ്യാതാവായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാണപ്രവൃത്തികള്‍ തീരുന്നതിനു മുന്‍പേ അവര്‍ മരണപ്പെടുകയുണ്ടായി. ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു ക്ളോസ്‌ അപ്പ് ദൃശ്യത്തില്‍ യുങ്ങ് ഇങ്ങനെ സംസാരിക്കുന്നു...I should be angry with this child or that i shouldn't forgive her for not realising the horrors of that monster, before it was too late. ഇത്‌ ഒരു ക്ഷമാപണവും വെളിപ്പെടുത്തലുമാണ്‌. സ്ഫോടനാത്മകമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നതിനു മുന്‍പുള്ള സംവിധായകന്റെ ജാമ്യം തേടലായും ഇതിനെ കാണാം. ഹിറ്റ്ലറെ ഒരു monster ആയല്ലാതെ മറ്റെന്തെങ്കിലുമായി കാണാന്‍ ഹോളിവുഡ് രൂപപ്പെടുത്തിയ സിനിമ ആസ്വാദന ബോധമുള്ള ഒരാള്‍ക്കും എളുപ്പമാകില്ല. അതുകൊണ്ട്‌ ഹിറ്റ്ലറുടെ മാനുഷിക ഭാവങ്ങള്‍ അവതരിപ്പിക്കുന്നതിന്‌, അയാള്‍ ഒരു monster തന്നെയായിരുന്നുവെന്ന്‌ നിങ്ങളെപ്പോലെ ഞാനും സമ്മതിക്കുന്നു എന്ന്‌ വ്യംഗമായ ഒരു പ്രസ്താവന കൊണ്ട്‌ കൈ കഴുകുകയാണ്‌ സംവിധായകന്‍. ലോകചരിത്രത്തെതന്നെ മാറ്റി മറിച്ച ഈ വ്യക്തിയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി പക്ഷങ്ങളില്ലാത്ത ഒരു സിനിമ ഇതിനു മുന്‍പു വന്നിട്ടില്ല എന്നതു മാത്രം മതി ഡൌണ്‍ഫാളിന്റെ രാഷ്‌ട്രീയപ്രാധാന്യം മനസ്സിലാക്കാന്‍. ഈ വിഷയത്തിന്റെ delicateness ആവാം അതിനു കാരണം.

ഹിറ്റ്ലര്‍ ഉള്‍പ്പെടുന്ന video footage കള്‍ വളരെ കുറവായിരുന്നെന്ന്‌ ഡൌണ്‍ഫാളില്‍ ഹിറ്റ്ലറെ അവതരിപ്പിച്ച ബ്രൂണോ ഗാന്‍ഷ്‌ പറയുന്നു. അദ്ദേഹത്തിന്റെ സമ്മതത്തോടെ ചിത്രീകരിച്ച ചില പ്രസംഗങ്ങള്‍ മാത്രമാ-യിരുന്നു അവ. ഒരിക്കല്‍ ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ച വേളയില്‍ മറഞ്ഞിരുന്ന്‌ ഒരാള്‍ ഹിറ്റ്ലറെ ചിത്രീകരിച്ചതിന്റെ അവശേഷി-ച്ച ഒരു പ്രതി 1991-ല്‍ ലഭിക്കുകയുണ്ടാ-യി. ഹിറ്റ്ലറെ അവതരിപ്പിക്കുമ്പോള്‍ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ footage അല്ലാതെ ഹിറ്റ്ലറെ നേരില്‍ കണ്ടിരുന്ന ചിലരുടെ ഓര്‍മ്മകളും തന്നെ സഹായിച്ചതായി ഗാന്‍ഷ്‌ പറയുന്നു. ഗാന്‍ഷിന്റെ ഹിറ്റ്ലര്‍ നമ്മുടെ മനസ്സില്‍ നാം നിര്‍മ്മിച്ചേക്കാവുന്ന ഹിറ്റ്ലറുമായി 100 ശതമാനവും യോജിക്കുന്നു. പാര്‍കിന്‍സണ്‍സ്‌ രോഗം കൊണ്ടുള്ള വിറയല്‍, അധികാരത്തിന്റെ ധാര്‍ഷ്‌ട്യം, ക്രൂരമായ ഒരു നിശബ്‌ദത ഇതെല്ലാം ഗാന്‍ഷ് വിശദമായി അവതരിപ്പിക്കുന്നു. ഏതൊരു കണക്കെടുപ്പിലും ലോകസിനിമയിലെ തന്നെ മികച്ച കഥാപാത്ര-ങ്ങളിലൊന്നായി എണ്ണപ്പെടാനുള്ള യോഗ്യതയൊക്കെ ഗാന്‍ഷിന്റെ ഹിറ്റ്ലര്‍ക്കുണ്ട്‌.

സംഭവങ്ങളില്‍ നിന്ന്‌ സംഭവങ്ങളിലേക്ക്‌ മുന്നേറുന്ന ഒരു തുടരാഖ്യാന രീതിയല്ല ഡൌണ്‍ഫാളിന്റേത്‌. വേറിട്ടു നില്‍ക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കുന്നു. ആഖ്യാനത്തിന്‌ ഒരു രേഖീയത (linearity) കൈ വരുന്നത്‌ വളരെക്കഴിഞ്ഞാണ്‌. ജര്‍മ്മനിയെ ഓരോ വശങ്ങളില്‍ നിന്നും സഖ്യശക്തികള്‍ ആക്രമിക്കുമ്പോള്‍ ബങ്കറിലിരുന്ന്‌ ഒരു virtual army യെക്കൊണ്ട്‌ യുദ്ധതന്ത്രങ്ങള്‍ മെനയുകയാണ്‌ ഹിറ്റ്ലര്‍. തന്റെ സൈന്യത്തി-ന്റെ ഓരോ വിഭാഗത്തേയും ശത്രുക്കള്‍ പരാജയപ്പെടുത്തി എന്നറിയുമ്പോള്‍ ആര്യരക്തമുള്ള ഒരു പുതിയ സൈന്യം ജര്‍മ്മനിയെ രക്ഷിക്കാന്‍ വരും എന്നു തന്നെയാണ്‌ അയാള്‍ കരുതുന്നത്‌. മഹായുദ്ധങ്ങളെ അതി-ജീവിക്കുന്ന ജര്‍മ്മനി സര്‍വ്വശക്തയാകുമ്പോള്‍ നഗരങ്ങള്‍ എങ്ങനെ ഒരുക്കപ്പെടണം എന്നു കൂടി അയാള്‍ സ്വപ്നം കാണുന്നുണ്ട്‌. അനിവാര്യമായ തകര്‍ച്ചയെ മനസ്സുകൊണ്ടെങ്കിലും നേരിടുക എന്നതാവാം ഇതുപോ-ലെ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ കൊണ്ട്‌ അയാള്‍ ചെയ്തത്‌.

എന്നാല്‍ ഈ ഭ്രാന്തൊന്നുമില്ലാത്ത, തന്റെ നായെ ഓമനിക്കുകയും കാമുകി-യോടും സെക്രട്ടറിയോടും സൌമ്യതയോടെ പെരുമാറുകയും ചെയ്യുന്ന ഒരു അപര വ്യക്തിത്വം കൂടി ഹിറ്റ്ലറിനുണ്ടായിരുന്നതായി Downfall പറയുന്നു. ജര്‍മ്മനി ഒന്നൊന്നായി തകരുമ്പോള്‍ പരാജയബോധം ബാധിക്കാതെ കൂടെ-യുള്ളവരെ ഉത്തേജിപ്പിക്കാനായി ബങ്കറിനുള്ളില്‍ ആഘോഷങ്ങള്‍ നടത്തുന്ന ഈവ ബ്രൌണ്‍ (Juliane Kohler) മറക്കാനാവാത്ത ചില രംഗങ്ങള്‍ ഒരുക്കുന്നുണ്ട്‌. മരണത്തെയും പരാജയത്തെയും ഭയന്ന്‌ ഒട്ടേറെ പേര്‍ ഹിറ്റ്ലറെ വിട്ട്‌ ഗ്രാമപ്രദേശങ്ങളിലേക്ക്‌ പരക്കം പായുമ്പോള്‍ ചിലരാകട്ടെ, ഫ്യൂററോടുള്ള വിശ്വാസ്യത പ്രഖ്യാപിച്ചുകൊണ്ട്‌ ബങ്കറില്‍ തന്നെ കഴിയുന്നു. ആസന്നമായ മരണത്തിന്‌ മുന്‍പ് മഗ്ദ ഗോബ്ബള്‍സ് തന്റെ മക്കളെ ഓരോരുത്തരെയായി വിഷം കൊടുത്ത്‌ വധിക്കുന്ന അതിതീവ്രമായ ഒരു രംഗമുണ്ട്‌ ഡൌണ്‍ഫാളില്‍. അവസാനത്തോടടുക്കുമ്പോള്‍ ആത്മഹത്യകളുടെ ഒരു ഘോഷയാത്ര തന്നെ നാം കാണുന്നു. തന്റെ കൂടെയു-ള്ളവരെ ആത്മഹത്യക്ക്‌ ഫ്യൂറര്‍ തന്നെ നിര്‍ബന്ധിക്കുന്നുമുണ്ട്‌. ലൈംഗിക സദാചാരത്തിന്‌ വലിയ പ്രാധാന്യം കൊടുത്തിരുന്ന ഒരു സമൂഹമായിരുന്നു നാസികളുടേത്‌. അടുത്തുകൊണ്ടിരിക്കുന്ന മരണത്തെ കുറിച്ചുള്ള ഭയം ആദ്യം ഗ്രസിക്കുന്നത്‌ അവര്‍ പേറുന്ന ഈ സദാചാരത്തെ തന്നെയാണെന്ന്‌ ബങ്കറിനുള്ളിലെ സമൂഹരതിയുടെ ഒറ്റ ഷോട്ടിലൂടെ സംവിധായകന്‍ പറയുന്നു.

തനിക്ക്‌ മരണമല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല എന്നറിയുന്ന ഹിറ്റ്ലര്‍ ഒട്ടും പതറുന്നില്ല. അവിടെ അയാളുടെ ഒരു നിര്‍ബന്ധം തന്റെ മൃതശരീരം ഒരു കാരണവശാലും ശത്രുക്കള്‍ക്ക്‌ ലഭിക്കരുത്‌ എന്നാണ്‌. ചരിത്രം തന്നെ കുറ്റവാളിയെന്ന്‌ വിധിക്കും എന്നയാള്‍ക്കറിയാം.എന്നാല്‍ അതേറ്റെടുക്കുന്നതില്‍ അയാള്‍ക്ക് തെല്ലും വൈമനസ്യമില്ല. ഈ ചലച്ചിത്രം ഏതാണ്ട്‌ പൂര്‍ണ്ണമായും ബങ്കറിനുള്ളില്‍ തന്നെയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഉപരിതലത്തിന്റെ സ്ഫോടനങ്ങള്‍ ബങ്കറിനെയും പ്രേക്ഷക-നെയും ഒരു പോലെ പിടിച്ച്‌ കുലുക്കുന്നു-ണ്ട്‌. ഒട്ടും സുഖകരമല്ലാത്ത കാഴ്ചകള്‍ ഒരുക്കുന്നുവെങ്കിലും Downfall എന്ന ചലചിത്രം ഒരു അന്താരാഷ്ട്ര വിജയം തന്നെയായിരുന്നു. Downfall ഹിറ്റ്ലറെ ഒരു monster ആയി ചിത്രീകരിക്കാതെ മനുഷ്യനായി വരച്ചു കാട്ടുന്നു. എന്നാല്‍ പ്രേക്ഷകനില്‍ അയാളോട്‌ സഹാനുഭൂതികള്‍ ഉണര്‍ത്തുന്നില്ല. ഒരു first-person-medium ആയ സിനിമയില്‍ നായകന്‍ എത്ര ദുഷ്ടനായാലും പ്രേക്ഷകമനസ്സ്‌ അയാള്‍ക്കൊപ്പമാകും സഞ്ചരിക്കുക. ഇവിടെ അത്‌ സംഭവിക്കുന്നില്ല എന്നോര്‍ക്കുമ്പോള്‍ മാത്രമാണ്‌ ഈ വിഷയത്തെ എത്ര സൂക്ഷ്മതയോടെയാണ്‌ സംവിധായകന്‍ കൈകാര്യം ചെയ്തതെന്ന്‌ ബോധ്യമാകുക. ഹിറ്റ്ലര്‍ എന്തു ചെയ്തു എന്നല്ല മറിച്ച്‌ അയാള്‍ എന്തായിരുനു എന്നും അയാള്‍ക്ക് എന്തു സംഭവിച്ചു എന്നുമാണ്‌ ഈ സിനിമ അന്വേഷിക്കുന്നത്‌. കഥ പറയുന്ന യുങ്ങാവട്ടെ ഹിറ്റ്ലറുടെ ക്രൂരതകളെക്കുറിച്ചൊന്നും അറിയാതെയാണ്‌ ബങ്കറിനുള്ളില്‍ കഴിഞ്ഞിരുന്നതെങ്കിലും അറിവില്ലായ്മ തന്നെ വലിയ കുറ്റമാണെന്ന്‌ സ്വയം കുറ്റപ്പെടുത്തുന്നുണ്ട്‌.

ഹിറ്റ്ലര്‍ ഒരു മനുഷ്യനായിരുന്നു എന്നതിലുപരി അയാളെ ഒരു monster possessed by devil ആയി കാണാ-നാണ്‌ ആളുകള്‍ക്ക് താത്പര്യം. അങ്ങനെ ചെയ്യുമ്പോളാകട്ടെ മനുഷ്യന്റെ ക്രൂരത ഏതളവുവരെയാകാം എന്നതിന്റെ ചരിത്രത്തെളിവുകള്‍ വിസ്മരിച്ച്‌ ഭരണകൂടങ്ങളെ അനിഷേധ്യങ്ങളായി കരുതി അംഗീകരിക്കു-കയാവും നമ്മള്‍ ചെയ്യുക. ഹിറ്റ്ലറെ മനുഷ്യനായി കാണുന്ന ഒരു സിനിമ ചരിത്രത്തിനാവശ്യമുണ്ട്‌. ഇനിയും മറ്റൊരു ഹിറ്റ്ലര്‍ മനുഷ്യ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നേക്കാം എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്താന്‍.

16 comments:

Anonymous said...

ഒരാളെ കൊല്ലുന്നതു കൊലപാതകം, ഒരുപാടുപേരെ കൊല്ലുന്നതു ധീരത - സ്റ്റാലിന്‍(ആണെന്നു തോന്നുന്നു) പറഞ്ഞതു ഹിറ്റ്ലറിനു മാത്രമല്ല എല്ലാ യുദ്ധപ്രഭുക്കന്മാര്‍ക്കും ചേരും.
അവലോകനം ഉപകാരപ്രദം തന്നെ.

Kiranz..!! said...

റോബീ..അധികമാരും തുനിയാത്ത അല്ലെങ്കില്‍ കഴിയാത്ത ഒരു ബ്ലോഗാണു താങ്കളുടേത്..കുറെ കിന്നാരവും അതിലുപരി കുറേ ഗ്രൂപ്പ് കളികളിലുമായി മലയാളം ബ്ലോഗ് ലോകം മരിക്കുവാന്‍ തുടങ്ങുന്ന നേരത്ത് തികച്ചും വ്യതസ്തത പുലര്‍ത്തിക്കൊണ്ട് ബ്ലോഗ് ലോകത്തിനു നേരിയ വെളിച്ചം പകരുവാന്‍ ഇങ്ങെനെയുള്ള ബ്ലൊഗുകള്‍ സഹായിക്കും.മിമിക്രി താരങ്ങള്‍ മാത്രം താരങ്ങളും മിമിക്രി മാത്രം സിനിമയായും മാറുന്ന മലയാളത്തിനു ലോകസിനിമയേപ്പറ്റി ഒരവബോധം വരട്ടെ.ഇത് നല്ലരീതിയില്‍ തുടര്‍ന്നു കൊണ്ട് പോകാനുള്ള സാഹചര്യം താങ്കള്‍ക്കുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..!!

പരാജിതന്‍ said...

റോബിയുടെ കാഴ്ചയ്ക്ക്‌ തികഞ്ഞ ഏകാഗ്രതയുണ്ട്‌. എഴുത്താകട്ടെ, ഒതുക്കമുള്ളതും പാരായണക്ഷമവും. ആശംസകള്‍.

ഉത്സവം : Ulsavam said...

ഈ ബ്ലോഗ്ഗ് നല്ല ഉദ്യമം തന്നെ.
നല്ല രീതിയില്ലുള്ള അവലോകനങ്ങള്‍.
ഡൌണ്‍ഫാള്‍ എനിക്കിഷ്ടപ്പെട്ട ഒരു ചിത്രമാണ്‍.
ഇനിയും നല്ല നല്ല ചിത്രങ്ങളേക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു.

Santhosh said...

ഡൌണ്‍ഫോള്‍ എനിക്കും ഇഷ്ടപ്പെട്ട സിനിമ തന്നെ. അതിനെപ്പറ്റി രണ്ടുവാക്ക് കുറിക്കണമെന്ന് ആലോചിച്ചതുമാണ്. റോബിയുടെ ആസ്വാദന്നം/അവലോകനം ഗംഭീരം.

“എന്നാല്‍ പ്രേക്ഷകനില്‍ അയാളോട്‌ സഹാനുഭൂതികള്‍ ഉണര്‍ത്തുന്നില്ല.” എന്ന ഒറ്റവാചകമൊഴിച്ച് പറഞ്ഞതിനോടെല്ലാം 100% യോജിക്കുന്നു.

വാക്കുകള്‍ക്കിടയില്‍ ചെറിയ ഡാഷ് (-)കാണുന്നു. വാക്കുകള്‍ അടുത്ത വരിയിലേയ്ക്കാക്കാന്‍ മനഃപൂര്‍വ്വം ചെയ്യുന്നതാണോ?

ദിവാസ്വപ്നം said...

റോബി,


ഈ സിനിമ കാണുന്നുണ്ട്‌.


നേരത്തേയൊരിക്കല്‍ പറഞ്ഞതുപോലെ, എല്ലാ തവണയും കമന്റാറില്ലെന്നു വച്ചു ഈ ബ്ലൊഗിലെ പോസ്റ്റുകള്‍ വായിക്കുന്നില്ലെന്ന് കരുതരുതേ.

ആശംസകള്‍ !

Shiju said...

റോബി
താ‍ങ്കളുടെ നിരൂപണം അനുപമം തന്നെ. എല്ലാ പോസ്റ്റും വായിക്കാറുണ്ട്. ഇനിയും ഇതേപോലുള്ള നല്ല്ല നിരൂപണങ്ങള്‍ പ്രതീഷിക്കുന്നു.

Anonymous said...

റോബിയേ,
The Deer Hunter കണ്ടിട്ടുണ്ടോ? ഉണ്ടങ്കില്‍ ഒരു നിരൂപണം എഴുതാമോ? എനിക്ക് തലക്ക് പിടിച്ചുപോയി ആ സിനിമ. സുന്ദരമായ ഒരു സിനിമ. ഞാന്‍ കണ്ടതില്‍ ഏറ്റവും ഭംഗിയുള്ള ഒരു സിനിമേടെ ലിസ്റ്റില്‍. കണ്ടപ്പം മുതല്‍ റോബിയെക്കൊണ്ടൊരു നിരൂപണം എന്ന് വിചാരിച്ചിരിക്കുവാണ്.

Roby said...

ഇഞ്ജിപ്പെണ്ണേ, Deer hunter കണ്ടിട്ടില്ല. Download ചെയ്ത്‌ കാണണമെന്നു കുറെ നാളായി വിചാരിക്കുന്നു. പുതിയ ഓരൊ സിനിമകള്‍ വരുമ്പോള്‍ പഴയതിലേക്ക്‌ പോകാന്‍ സമയം കിട്ടാറില്ല. പിന്നെ എഴുതാനും സമയം തന്നെ പ്രശ്നം. തീര്‍ച്ചയായും ഞാന്‍ കാണുന്നുണ്ട്‌.

സന്തോഷ്, ഡാഷ് വരുന്നത്‌ ഞാന്‍ ഒരു ലൈന്‍ ഫോര്‍മാറ്റിങിന്‌ ശ്രമിക്കുന്നത്‌ കൊണ്ടാണ്‌.

പോസ്റ്റ് വായിച്ചവരോടെല്ലാം നന്ദി പറയുന്നു. അഭിപ്രായം അറിയിച്ചവരോട് ഒരു സ്പെഷ്യല്‍ നന്ദി.

തകര്‍പ്പന്‍ said...

കിംകിഡുക് സിനിമകള്‍ ഇപ്പോള്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ... ഡിവിഡികള്‍ ധാരാളം ഇപ്പോള്‍ ഇറങ്ങുന്നുമുണ്ട് ഒന്നു ശ്രമിച്ചുകൂടേ?

ammu said...

റോബി,
സിനിമ എന്റെ സ്വപ്നലോകമാണ്. പങ്കുവയ്ക്കാന്‍ ഇഷ്ടമുള്ളതും. എനിക്കുള്ളത് എന്നെ അന്വേഷിച്ചുവരും എന്ന വിശ്വാസം തല്‍ക്കാലം എന്നെ രക്ഷിച്ചിരിക്കുന്നു. മനശാസ്ത്രവിശകലനങ്ങള്‍ പൊതുവെ വായിക്കാന്‍ മടിയാണ്. മനുഷ്യരെ അത്രയ്ക്കടുത്ത് അറിയുമെന്നതുകൊണ്ടാവാം. യുദ്ധം ,രാഷ്ട്രീയം, മതം വിഷയമായിട്ടുള്ള സിനിമകളില്‍ താല്പര്യവല്‍ക്കരിക്കാതെ പോകുന്നവ അപൂര്‍വ്വമാണ്.അപ്രധാനങ്ങളായ സംഭവങ്ങളും ആളുകളെന്നുമൊക്കെ തോന്നിക്കുന്ന ഒതുക്കമുള്ള വിഷയങ്ങളില്‍ പക്ഷേ,സ്ഥൂലമായ സമൂലമായ ഒരനുഭവമാക്കുന്ന സിനിമയുടെ മാജിക്, അതെപ്പോഴും മികച്ചു നില്‍ക്കും.( no mans land). സ്വപ്നവും ജീവിതവും(ivans childhood), സത്യവും യാഥാര്‍ത്യവും(rashimon) വേര്‍തിരിവിന്റെ ഇഴയറിയാതെ നെയ്തുവയ്ക്കുന്ന സുന്ദരമായ ചിത്രങ്ങള്‍ , ലോകസിനിമയില്‍നിന്ന് ബുലോകത്തെത്തിക്കു.
അസംഘടിത വെറുതെ അടികൂടാന്‍ മാത്രം ഒരിടം.
നന്മകള്‍
കൃപ

d said...
This comment has been removed by the author.
mumsy-മുംസി said...

ലേഖനം അസ്സലായി..ഞാനും ഇപ്പോഴാണ്‌ ഈ ബ്ളോഗിനെ കുറിച്ചറിയുന്നത്‌.
ഇനി സ്ഥിരം വായനക്കരനാവാം .
ഹിറ്റ്ലറുടെ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഒരു ഡോകുമെന്ററി കാണാനിടയായി.
'അസാധ്യ 'വര്‍ക്കായിരുന്നു. ഡയരക്ടര്‍ ഒരു വനിതയായിരുന്നു.
അവരുടെ പേര്..അറിയുമോ?

Roby said...

തകര്‍പ്പന്‍, കിം കി ദുകിന്റെ സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. എന്തോ ഒരു മടി...ഇനി കാണാന്‍ ശ്രമിക്കാം..

അസംഘടിതേ, റാഷോമോണും, തര്‍ക്കോവ്‌സ്‌കിയുമൊക്കെ മലയാളത്തില്‍ തന്നെ ഒരുപാട്‌ വായിക്കപ്പെട്ടതല്ലേ..മാത്രമല്ല, അവരെ തൊടാനുള്ള ധൈര്യമൊന്നും എനിക്കില്ല.

maumsy, Documentaryയുടെ പേര്‌ ഓര്‍മ്മയുണ്ടോ...? ഗൂഗിളില്‍ ഒന്നു ശ്രമിച്ചു നോക്കൂ. എനിക്കറിയില്ല. Documentary കള്‍ കാണാന്‍ ഇപ്പോള്‍ തീരെ അവസരങ്ങളില്ല.

വായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു

സ്വപ്നാടകന്‍ said...

മുംസി,ട്രയംഫ് ഓഫ് ദ് വിൽ എന്നാണോ ആ ഡോക്ക്യുമെന്ററിയുടെ പേര്?

മുഹമ്മദ് ശഫീഖ് said...

ഉഗ്രന്‍ അവലോകനം.നാസികളുടെ ലൈംഗീക സദാചാരത്തെ കുറിച്ചു പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ലോകത്തിന്റെ വലിയൊരു ഭാഗം പിടിച്ചടക്കിയിട്ടും നാസി സൈനികര്‍ ലൈഗീകമായ ഒരു അതിക്രമത്തിന് പദ്ധതി തയ്യാറാക്കിയിരുന്നില്ല എന്നതു തന്നെയാണ് വസ്തുത. നാസികളെ കുറിച്ച് വായിച്ചിടത്തും കണ്ട സിനിമകളില്‍ തന്നെയും ലൈംഗീക പീഢനത്തെ കുറിച്ചോ മറ്റോ സ്ത്രീകള്‍ക്കെതിരെ അക്രമത്തിനിറങ്ങിയതോ കാണാനാവില്ല. നാസികളുടെ വാഴ്ച ഏറ്റവും പാരമ്യത്തിലെത്തി നില്‍കെയാണ് ജപ്പാന്‍ ചൈനയില്‍ റേപ് ഓഫ് നാന്‍കിംങ് നടത്തുന്നതെന്നും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. ഒരു പക്ഷേ പീഡനത്തെക്കാള്‍ വലിയ സംഹാര സിദ്ധാന്തം കൈവശമുണ്ടായതു കൊണ്ടായിരിക്കാം അവര്‍ അതിനു മുതിരാതിരുന്നത്...