1607-ല്‍ വടക്കേ അമേരിക്കയിലെ വിര്‍ജീനിയയിലെത്തി ജെയിംസ് ടൗണ്‍ കോളനി സ്ഥാപിച്ച ബ്രിട്ടീഷുകാരും തദ്ദേശീയരായ റെഡ് ഇന്ത്യന്‍ സമൂഹവും തമ്മിലുണ്ടായ സംഘട്ടനങ്ങളും, പൊകഹോണ്ടാസ് എന്ന റെഡ് ഇന്ത്യന്‍ ബാലികയും അധിനിവേശസംഘത്തിന്റെ നേതാവായ ജോണ്‍ സ്മിത്തും തമ്മിലുള്ള ഐതിഹാസിക പ്രണയവുമാണ് The New World എന്ന ചിത്രത്തിനാധാരം. തിന് റെഡ് ലൈനില്‍ നിന്ന് വ്യത്യസ്തമായി, നിയതമായ ഒരു ഇതിവൃത്തവും അതിനുതകുന്ന ഒരു ആഖ്യാനവും ഇവിടെ ദര്‍ശിക്കാനാവും. മാലിക്കിന്റെ മുന്‍ചിത്രങ്ങളിലെന്നപോലെ അശരീരികള്‍ തന്നെയാണ് കഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ശാന്തഗംഭീരമായ പ്രകൃതിയുടെയും തടാകത്തിന്റെയും നിശ്ചലസൗന്ദര്യത്തെ തകര്‍ത്തുകൊണ്ട് അധിനിവേശക്കാരുടെ കപ്പലുകള്‍ പ്രത്യക്ഷപ്പെടുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. തുടര്‍ന്ന് കോളനി സ്ഥാപനത്തിന്റെയും അത് തദ്ദേശീയരിലുണ്ടാക്കുന്ന ഭീതിയും കൗതുകവും ദൃശ്യങ്ങളിലൂടെ ചലച്ചിത്രമായി വളരുമ്പോള്‍, നാം ഇന്ന് നേരിടുന്ന (ജീവിക്കുന്ന)സംസ്കാരം ചിലനന്മകള് നമുക്ക് നഷ്ടപ്പെടുത്തിയതിന്റെ ഓര്‍മ്മകള്‍ തന്നെയാണ് പ്രേക്ഷകനിലുണര്‍ത്തുക.ഇതൊരു അമ്മയുടെ കഥയാണ് എന്നൊരു മുഖവുരയോടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ചിത്രം പുരോഗമിക്കുമ്പോള്‍ ഈ അമ്മ പ്രകൃതി തന്നെയാ-ണെന്നും മുഖ്യകഥാപത്രമായ പൊകഹോണ്ടാസ് പ്രകൃതിയുടെ പ്രതിബിംബം തന്നെയാണെന്നും നാം തിരിച്ചറിയുന്നു. മാലിക്കിന്റെ സിനിമകളുടെ അനുപമമായ സൗന്ദര്യം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായ 'പറുദീസാ നഷ്ടം'എന്ന ആശയത്തിന്റെ പ്രതിഫലനമാണെന്ന് നിരൂപകര്‍ പറയാറുണ്ട്. പൊകഹോണ്ടാസും ജൊണ് സ്മിത്തും തമ്മിലുള്ള പ്രണയത്തിന്റെ ദൃശ്യവത്കരണമ്നമ്മെ ഓര്‍മ്മിപ്പിക്കുക ബൈബിളിലെ ഉത്പത്തി കഥ തന്നെയാണ്. ആധിനിവേശക്കാരുടെ കേടായ വിത്തിന് പകരം 'വിലക്കപ്പെട്ട വിത്ത്' പൊകഹോണ്ടാസ് അവര്‍ക്കു നല്കുന്നു. പിതൃ-ഭവനത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന അവള് പുതിയ സമൂഹത്തില്‍ അംഗമാകുന്നു. മുന്‍പ് നാമമാത്രമായ വസ്ത്രം ധരിച്ചിരുന്ന അവള് ആധുനിക വസ്ത്രധാരണത്തിലേക്കു മാറുന്നതും, കണങ്കാലിന്റെ നഗ്നത പോലും അനാവൃതമാകാതിരിക്കാന്‍ മാത്രം ശ്രദ്ധാലുവാകുന്നതും ഈ ആഖ്യാനത്തെ പറുദീസയിലെ പതനത്തോട് സമാന്തരമാക്കുന്നു.
ജോണ്‍ സ്മിത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് പ്രണയനഷ്ടം സംഭവിക്കുന്ന പൊകഹോണ്ടാസ് മരണത്തോളമെത്തുന്നതും തുടര്‍ന്ന് ജോണ്‍ റോല്‍ഫ് (Christian Bale) എന്ന ബ്രിട്ടീഷുകാരന്റെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയും ആകുന്നതും, പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സ്മിത്ത് മരിച്ചിട്ടില്ലെന്നറിഞ്ഞ് അയാളെ തിരഞ്ഞ് ഇംഗ്ലണ്ടിലേക്ക് പോകുന്നതും, പിനീട് ജോണ്‍ സ്മിത്തുമായുള്ള ആദര്‍ശപ്രണയം വെടിഞ്ഞ് അമ്മ എന്നും ഭാര്യ എന്നുമുള്ള ഉത്തരവാദിത്വങ്ങളിലേക്ക് മടങ്ങുന്നതുമായി ന്യൂ വേള്‍ഡിന്റെ ഇതിവൃത്തത്തെ സംഗ്രഹിക്കാം. ജോണ്‍ സ്മിത്തിനെ പൊകഹോണ്ടാസ് വിശേഷിപ്പിക്കുന്നത് ദൈവം എന്നാണ്; ജോണ്‍ റോല്‍ഫിനെയാകട്ടെ, അവള്‍ക്ക് അഭയം നല്കിയ വൃക്ഷം എന്നും. ദൈവങ്ങള്‍ നല്കുന്ന അഭയങ്ങളില്‍ നിന്നും സൃഷ്ടവസ്തുക്കളുടെ ലോകത്തേയ്ക്കുള്ള യാത്ര (It killed the God in me- Pokahontas) വാഗ്നറുടെ റിംഗ് സൈക്കിളിനെ (Wagner's Ring Cycle) ഓര്‍മ്മിപ്പിക്കുന്നതാണ്. വാഗ്നറുടെ നാലാമത്തെ ഒപേറയില്‍ ഈ വീഴ്ച (Twilight of the gods) സംഭവിക്കുന്നത് നദിയില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കുന്നതുള്‍പ്പെടെയുള്ള പ്രകൃതിനാശത്തിലൂടെയാണെന്നത് ശ്രദ്ധേയമാണ്. ന്യൂ വേള്‍ഡിനു വേണ്ടി James Horner ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതം വാഗ്നറുടെ Das Rheingold നെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ദാരിദ്ര്യത്തിനിടയിലും സ്വര്‍ണത്തിനു വേണ്ടി ഖനനം നടത്തുന്ന അധിനിവേശക്കാരുടെ ദൃശ്യത്തിനുള്ള വിശദീകരണവും വാഗ്നറുടെ 'Das Rheingold' തന്നെയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്ത് റെഡ് ഇന്ത്യന്‍ സമൂഹ-ത്തിലെത്തിപ്പെട്ട ജോണ്‍ സ്മിത്ത് റൂസ്സോയുടെ 'Noble savage' ഓര്‍മ്മിപ്പിക്കുമ്പോള്‍ സ്മിത്തിന്റെ 'self reliance' പരാമര്‍ശിക്കുന്ന സംഭാഷണം എമേഴ്സന്റെ ഇതേ പേരിലുള്ള ഉപന്യാസത്തിന്റെ നിഴലാണ്.
തൊണ്ണൂറ് മണിക്കൂറോളം വരുന്ന footage ചിത്രീകരിച്ചിട്ട് അതില്‍ നിന്ന് രണ്ട് മണിക്കൂറായി വെട്ടിയൊരുക്കുകയാണ് മാലിക്കിന്റെ രീതി. ഈ ചിത്രസംയോജന പ്രക്രിയ തന്നെ മാസങ്ങളെടുക്കും. അതിനാലാണ്, നിമിഷങ്ങള്‍ മാത്രം മിന്നിമറയുന്ന ദൃശ്യങ്ങള്‍ പോലും ഇത്രമേല്‍ പ്രാധാന്യത്തോടുകൂടി പരിഗണിക്കുന്നത്. ന്യൂ വേള്‍ഡിന്റെ ആശയഗതി തിന് റെഡ് ലൈനിന് സമാന്തരമാണെന്ന് തോന്നും. സംഘര്‍ഷം, വ്യക്തികള്‍ തമ്മിലും സംസ്കാരങ്ങള്‍ തമ്മിലും, ഇവിടെയും ഒരു പ്രധാന പശ്ചാത്തലമാണ്. ജോണ്‍ സ്മിത്തു-മായുള്ള ആദര്‍ശപ്രണയം വെടിഞ്ഞ്, ജോണ്‍റോല്‍ഫുമായുള്ള അത്രമേല്‍ ആദര്‍ശപൂര്‍ണ്ണ-മല്ലെങ്കിലും പുരോഗമനപരമായസ്നേഹത്തിലേയ്ക്ക് പൊകഹോണ്ടാസ് മടങ്ങുന്നത് തിന് റെഡ് ലൈനിന്റെ അവസാനഭാഗത്ത് വിറ്റ് (Witt) തന്റെ ജീവന് ത്യജിക്കുന്ന പുതിയ ഐഡിയിലിസത്തോട് സമാനമാണ്. ചിത്രത്തിന്റെ മധ്യഭാഗത്ത് മാലിക് ദൃശ്യവത്കരിക്കുന്ന സംഘട്ടനദൃശ്യങ്ങള്‍ രക്തരൂക്ഷിതമല്ലെങ്കിലും, യുദ്ധം ക്രൂരമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ശോകനിര്‍ഭരവും പ്രത്യാശപൂര്‍ണ്ണവുമായ ദൃശ്യങ്ങള്‍ ഇടകലര്‍ത്തി അവതരി-പ്പിക്കുന്നത് ചിത്രത്തിന്റെ അവസാന-ഭാഗത്തെ വൈകാരികമായി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഈ സംഘട്ടന-ങ്ങള്‍ക്കും പൊകഹോണ്ടാസിന്റെ തിരിച്ചുവരവിനും ശേഷം ഇനിയും കളങ്കിതമാക്കപ്പെടാത്ത ചില പ്രകൃതി-ദൃശ്യങ്ങളിലേക്കാണ് മാലിക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. കുതിച്ചൊഴു-കുന്ന അരുവിയുടെയും, ആകാശത്തേയ്ക്ക് വളരുന്ന വൃക്ഷത്തിന്റെയും അവസാനദൃശ്യങ്ങള്‍ സമരങ്ങളെയും സംഘട്ടനങ്ങളെയും അതിജീവിയ്ക്കുന്ന പ്രകൃതിയുടെ സൂചന തന്നെയാണ്. അധിനിവേശങ്ങളെ നേരിട്ട് തളര-രുതെന്ന ഓര്‍മ്മപ്പെടുത്തലും പ്രകൃതിയുടെ കൂടെ അതിജീവിക്കാമെന്ന ശുഭപ്രതീക്ഷയുമാണ്. സിനിമ എന്ന മാധ്യമത്തിനുമേല്‍ ഹോളിവുഡ് അധിനിവേശം തുടരുമ്പോള്‍, മാലിക്കിനെ വേര്‍തിരിച്ച് നിര്‍ത്തുന്നതും അദ്ദേഹത്തിന്റെ സിനിമകള്‍ പങ്കുവെയ്ക്കുന്ന ഈ ശുഭ-പ്രതീക്ഷകള്‍ തന്നെയാണ്.
6 comments:
റോബീ,
വളരെ നന്നായിരിക്കുന്നു...കൊതി തോന്നുന്നു ആ സിനിമയോട്...
സിനിമ എന്ന മാധ്യമത്തെ സ്വന്തം ശ്വാസത്തോളം സ്നേഹിക്കുന്ന മാലിക്ക് ഇനിമേലിലും നമ്മുടെ ആര്‍ദ്രതകളെ അഭിസംബോധന ചെയ്യട്ടെ...
ഈ സിനിമ അങ്ങിനെയങ്ങ് ഇഷ്ടപ്പെട്ടില്ലാട്ടൊ. ഇതീ പാകിസ്താനി സുന്ദരി പെണ്ണിനെ ഹിന്ദുവായ സണ്ണി ഡിയോള്‍ പ്രേമിക്കണ പോലത്തെ സിനിമായായേ എനിക്ക് തോന്നിയുള്ളൂ. എന്തോ എനിക്കങ്ങിനത്തെ സിനിമകള്‍ ഇഷ്ടമല്ല. ഒരു പക്ഷപാതം ഉള്ളതുപോലെ..പ്രത്യേകിച്ച് മാല്ലിക്ക് സായിപ്പ് ആണെന്നുള്ളത്കൊണ്ട്..
നല്ല പഠിച്ചിരുത്തം വന്ന ലേഖനങ്ങള്‍. ആദ്യായിട്ട് ഈ റോബി മാഷിന്റെ ബ്ലോഗ് കണ്ടപ്പൊ ബ്ലോഗ് കുട്ടികളിയല്ലാന്നും കുറച്ചെങ്കിലും സീരിയസ്സ് ആയിട്ട് എടുക്കണമെന്നും എനിക്കൊരു തോന്നല്‍..പക്ഷെ പേടിക്കണ്ട, ഇന്നൊന്നുറങ്ങി കഴിയുമ്പോഴേക്കും ആ തോന്നല്‍ മാറും :) എന്തായലും ഞാന്‍ ഇനി എഴുതണത് ഒരു രണ്ട് പ്രാവശ്യം കൂടി വായിച്ച് തിരുത്തി നോക്കണെമെന്ന് ആദ്യായിട്ട് ഒരാഗ്രഹം വന്നു. എന്നൈ ഇന്‍സ്പൈര്‍ ചെയ്തു കളഞ്ഞു ആശാന്!
അത്രക്കും നന്നായിട്ട് എഴുതുന്നുണ്ട്.
അതേയ്, ഈ ബാംഗ്ലൂറു ആണ് സ്ഥലം എന്നു കണ്ടു. അവിടെ ഈ ഇന്റെര്‍നാഷണല്‍ സിനിമകള്‍ കിട്ടുമൊ? എല്ലാ ഭാഷകളിലുമുള്ള?
റോബീ :) ഈ ബ്ലോഗ് വായിച്ച് ഒരു സിനിമ കണ്ടാല്‍ എനിക്കും നന്നായി മനസ്സിലാവും. നന്ദി.
ലാപൂട, ഇഞ്ചിപ്പെണ്ണേ, സു,
ഇവിടെ വന്നതിനും വയിച്ചതിനും നന്ദി. ഇത് ഒരു വലിയ പ്രചോദനമാണ്.
ഇഞ്ചിപ്പെണ്ണേ, കോളിന് ഫാരല്‍ എന്ന താരത്തിന്റെ ഇമേജ് മറന്നിട്ട് കണ്ടു നോക്കിക്കേ...കഥയും അഖ്യാനവുമല്ല സിനിമയുടെ റിഥം, Emotional transcendence.
പിന്നെ ഓരൊരുത്തരും അവരവരുടെ സ്വന്തം സിനിമയല്ലെ കാണുക?
വളരെ നന്നായി എഴുതിയിരിക്കുന്നു റോബി. പറ്റിയാല്‍ ഒന്നു കാണണം ഈ ചിത്രം.
റോബീ, ബ്ലോഗിലെ കമന്റു നോക്കി അവിടെ നിന്നും വന്നതാണ്. ഇതിനു മുന്‍പു് മാലിക്കിനെപ്പറ്റിയുള്ള കന്നി പോസ്റ്റു കണ്ട് അറച്ചു നിന്നിട്ട് തിരിച്ചു പോയതാണ്. വിഷയത്തിലെ അജ്ഞതയായിരുന്നു മടിയ്ക്കു കാരണം.
നല്ല രീതിയില്‍ നിരൂപണം ചെയ്തിരിക്കുന്നു. പോക്കഹാന്റസ് എന്ന കാര്‍ട്ടൂണ്‍ സിനിമ (രണ്ടു ഭാഗങ്ങള്‍ , ഡിസ്നിയുടേത്) കണ്ടിട്ടുണ്ട്. ഹവ്വാര്ഡ് സിന്നിന്റെ “അമേരിക്കയുടെ ജനകീയ ചരിത്രം” എന്ന പുസ്റ്റകം വായിച്ചു കൊണ്ടിരുന്ന കാലത്താണതു കണ്ടത്. ആ ഡിസ്നി ചിത്രങ്ങള്‍ ചരിത്രത്തിലെ ക്രൂരതകള്‍ അനുഭവിച്ച ജനതയ്ക്കു നേര്‍ക്കുള്ള കൊഞ്ഞനം കുത്തലായി തോന്നി. എന്റെയുള്ളിലെ കൊളോണിയല്‍ ഹാങ്ങ്ഓവര്‍ കൊണ്ടാണോ എന്നറിയില്ല.
സിനിമയെ ഇത്രത്തോളം ഗൌരവമായി സമീപിക്കുന്ന ബ്ലോഗുകള്‍ ബൂലോഗത്തിനു മുതല്ക്കൂട്ടു തന്നെ. ആശംസകള്‍
Post a Comment