ദൃശ്യം, ശബ്ദം, കഥാപാത്രങ്ങള്‍, ഇതിവൃത്തവും അതിന്റെ ആഖ്യാനവും തുടങ്ങി സിനിമ എന്ന മാധ്യമത്തിന്റെ കാതലായ അംശങ്ങളെ സംബന്ധിച്ച് നിലവിലുള്ള ചലച്ചിത്രപരമായ കാഴ്ചപ്പാടുകളുടെ പുഃനപരിശോധനകളെന്ന് ടെറന്‍സ് മാലിക്ക് എന്ന അമേരിക്കന്‍ സംവിധായകന്റെ സിനിമകളെ വിശേഷിപ്പിക്കാം. 1972 മുതല്‍ വെറും നാല് സിനിമകള്‍ മാത്രം ലോകത്തിന് നല്‍കിയ മാലിക്ക് വിഖ്യാതചലച്ചിത്രകാരനായി വിശേഷിപ്പിക്കപ്പെടുന്നതിന് കാരണം അദ്ദേഹത്തിന്റെ സിനിമകള്‍, അനന്തമായ സൗ ന്ദര്യവും, മനുഷ്യമനസ്സുകളെ ഉത്തേജിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് മാത്രമല്ല, അവ ശരാശരി സിനിമാ പ്രേക്ഷകനെയും സിനിമയെന്ന മാധ്യമത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെയും വേര്‍തിരിക്കുന്നു എന്നത് കൂടിയാണ്. മാലിക്കിന്റെ സിനിമകളുടെ പ്രാഥമിക ബാധ്യത പ്രമേയമോ, കഥാപാത്രങ്ങളുടെ സങ്കീര്‍ണമായ മനോവ്യാപാരങ്ങളോ, ഏതെങ്കിലും ആശയവുമായുള്ള ബൗദ്ധികസംവാദമോ അല്ല എന്നതുകൊണ്ടു തന്നെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ പ്രവൃത്തികളും ഒരു തരത്തിലുള്ള വിശദീകരണങ്ങളും അന്വേഷിക്കുന്നില്ല. എന്നിരിക്കിലും, തത്വശാസ്ത്രം പഠിക്കുകയും, തത്വശാസ്ത്ര അധ്യാപകനായും പത്രപ്രവര്‍ത്തകനായും ജീവിക്കുകയും ചെയ്ത മാലിക്കിന്റെ അകാദമിക് താല്‍പര്യങ്ങളും അനുഭവങ്ങളും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെ പുതിയൊരു വെളിച്ചത്തില്‍ നോക്കിക്കാണാന്‍ സഹായിക്കും.
മാലിക്കിന്റെ സിനിമകളില്‍ ഹൈഡഗറിന്റെ സ്വാധീനത്തെ ആദ്യം തിരിച്ചറിഞ്ഞത് അമേരിക്കന്‍ ചിന്തകനായ സ്റ്റാന്‍ലി കാവെല്‍(Stanley Cavell)ആയിരുന്നു. കാവെലിന്റെ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മാലിക്കിന്റെ സിനിമകളെ ദാര്‍ശനികപരം എന്നോ 'ഹൈഡെഗേറിയന്‍ സിനിമ എന്നു തന്നെയോ നിരൂപകന്മാര്‍ വിശേഷിപ്പിക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഗൗരവതരമായ ചിന്തയുടെ വലിയൊരു പങ്കും ശാസ്ത്രം, തത്വശാസ്ത്രം, കല, ധാര്‍മികത എന്നിവയില്‍ സംഭവിക്കുന്ന പരമ്പരാഗത മൂല്യങ്ങളുടെ തളര്‍ച്ചയേയും ഗ്രഹണങ്ങളേയും കുറിച്ചായിരുന്നു.ഹൈഡഗറിന്റെ ചിന്തകളില്‍ നിഴലിച്ചിരുന്ന 'സമൂഹത്തിന്റെ രോഗാതുരത' എന്ന ആശയം അനേകമാനങ്ങളുള്ളതും സങ്കീര്‍ണ്ണവും പടിഞ്ഞാറിനെ ഒരു നിഹിലിസ്റ്റിക് സംസ്കാരമെന്ന് വിളിച്ച നീഷേയുടെ സ്വാധീനമുള്ളതുമായ് മനസ്സിലാക്കാം.മനുഷ്യത്വത്തെത്തന്നെ ക്രമാനുഗതമായി ഇല്ലായ്മ ചെയ്യുന്ന ആധുനികതയുടെ നിഹിലിസ്റ്റിക് സ്വഭാവത്തോടും, സമൂഹത്തിലെ ഈ 'രോഗാതുരത' ഉണ്ടാക്കുന്ന മെറ്റാഫിസിക്സിനോടും-മെറ്റാഫിസിക്സ് എന്നതിന് പരമ്പരാഗത അര്‍ഥമല്ല-പോരടെണ്ട ബാധ്യത തത്വശാസ്ത്രത്തിനും കലയ്ക്കും വീതിച്ചു നല്‍കി ഹൈഡഗര്‍. സിനിമയെ ഗൗരവമായ ചിന്ത അര്‍ഹിക്കുന്ന ഒന്നായി ഹൈഡഗര്‍ കണ്ടിരുന്നില്ലെങ്കിലും, കലയ്ക്ക് അദ്ദേഹം പ്രാധാന്യം തന്നെയാണ് മാലിക്കിന്റെ സിനിമകളുടെ പഠനത്തില്‍ ഹൈഡഗറിന്റെ ചിന്തയും പ്രാധാന്യമുള്ളതാക്കുന്നത്. കാലഘട്ടത്തിന്റെ ഈ 'രോഗാതുരത'യെ മാലിക്കിന്റെ സിനിമകള്‍ എങ്ങനെ നേരിടുന്നു എന്നാണ് നാം അന്വേഷിക്കേണ്ടത്.
സിനിമയെക്കുറിച്ച് ശ്രദ്ധേയമായ ദര്‍ശനങ്ങള്‍ അവതരിപ്പിച്ച അപൂര്‍വ്വം ചിന്തകന്മാരില്‍ പ്രമുഖനായ ഗിലി ദെല്യൂസ്(Gille Deleuze), സിനിമയെക്കുറിച്ച് ചിന്തിക്കുകയല്ല, മറിച്ച് സിനിമയോടൊപ്പം ചിന്തിക്കുകയാണ് വേണ്ടതെന്നു പറയുന്നു. ഇവിടെ സിനിമയും ചിന്തിക്കുന്നുണ്ട് എന്നൊരു അര്‍ഥം പ്രഖ്യാപിതമാകുന്നുണ്ട്. അതായത്, സിനിമയെ നിലവിലുള്ള ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ വായിക്കുകയല്ല, ഗൗരവമായ ദാര്‍ശനികഗ്രന്ഥങ്ങളുടെ തുല്യതയില്‍ നിര്‍ത്തി, സിനിമയെ അതില്‍ത്തന്നെ പൂര്‍ണ്ണമായ ഒന്നായി കണ്ട് അതിന്റെ തന്നെ വെളിച്ചത്തില്‍ വായിക്കുകയാണ് വേണ്ടത്. സിനിമയും മറ്റ് വിജ്ഞാനശാഖകളെ പോലെ ചിന്തിക്കുന്നുണ്ടെങ്കില്‍, മറ്റ് വിജ്ഞാനശാഖകളിലെ ദര്‍ശനങ്ങള്‍ക്ക് ഒരു മുന്‌ഗണനയും നല്‍കേണ്ടതില്ല. ഗൗരവമേറിയ ഒരു ചിന്തയുടെ ജനാധിപത്യവത്‌കരണം എന്നു വിളിയ്ക്കാവുന്ന ഈ ആശയത്തിലൂടെ സിനിമയ്ക്ക് മാത്രം സ്വന്തമായ അവതരണ-ആഖ്യാനരീതികളില്‍ നിക്ഷിപ്തമായ അതിന്റെ തത്വശാസ്ത്രത്തിന് സ്വതന്ത്രവും പൂര്‍ണ്ണവുമായ ആദരവ് നല്‍കുകയാണ് ദെല്യൂസ് ചെയ്യുന്നത്. ആത്യന്തികമായി, ഒരു സിനിമയുടെ തത്വശാസ്ത്രപരമായ ഏതൊരു വായനയും സിനിമ പ്രക്ഷേപണം ചെയ്യുന്ന ആശയങ്ങളുടെ വായനയോ സിനിമയെക്കുറിച്ചുള്ള വായനയോ ആവാതെ സിനിമയുടെ വായന തന്നെ ആവേണ്ടതുണ്ട്. വിവിധങ്ങളായ തത്വശാസ്ത്ര ദര്‍ശനങ്ങളിലേയ്ക്കുള്ള സൂചനകള്‍, ദൃശ്യമായും ശബ്ദമായും, മാലിക്കിന്റെ സിനിമകളിലുടനീളം കാണാന്‍ കഴിയും. എന്നാല്‍ ഇത്തരം സൂചനകള്‍ സിനിമാ വിദ്യാര്‍ത്‌ഥികള്‍ക്കുള്ള പ്രലോഭനങ്ങളാണെന്നാണ് മാലിക്കിന്റെ സിനിമകളെ ശ്രദ്‌ധേയമായ രീതിയില്‍ അപഗ്രഥിച്ച മൈക്കല്‍ ക്രഷ്‌ലി പറയുന്നത്. എന്നാല്‍ നാമിവിടെ മേല്‍പ്പറഞ്ഞ സൂചനകളെ പൂര്‍ണ്ണമായും കൈയൊഴിയുന്നില്ല. കാരണം, മാലിക്കിന്റെ സിനിമകള്‍ ഏതെങ്കിലും തത്വശാസ്ത്രദര്‍ശനങ്ങളുടെ അവതരണമല്ല, മറിച്ച് ചില ദര്‍ശനങ്ങളുടെ തത്വശാസ്ത്രപരമായ വായനയും ചില കാഴ്‌ചകളുടെയും തിരിച്ചറിവുകളുടെയും തത്വശാസ്ത്രവത്‌കരണവുമാണ്. അദ്ദേഹത്തിന്റെ അവസാനത്തെ രണ്ട് ചലച്ചിത്രങ്ങള്‍ ദി തിന്‍ റെഡ് ലൈന്‍(The Thin Red Line)(1998), ദി ന്യൂ വേള്‍ഡ്(The New World)(2005)എന്നിവയെ മുന്‍ നിര്‍ത്തി അവയിലൂടെ പ്രഖ്യാപിതമാകുന്ന പൊതുവായ വിചാരധാരയെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണിത്.
2 comments:
ലേഖനം കൊള്ളാം.
സിനിമകളെ (ഇത്രയുമില്ലെങ്കിലും) ആഴത്തില്‍ മനസ്സിലാക്കാന്‍ ഒരു കാലത്ത് ശ്രമിച്ചിരുന്നു. ഇപ്പോഴല്ല.
ഇപ്പോള്‍, ഡിസ്നി നിര്‍മ്മിക്കുന്ന സിനിമകള്‍ ആണ് എന്റെ സ്ഥിരം കാഴ്ച. (പ്രിന്‍സസ് ഡയറി കണ്ടിരുന്ന് ആറിയാതെ ഉറങ്ങിപ്പോയതുള്‍പ്പെടെ)
ഓഫ്-ബീറ്റ് സിനിമകളെ സ്നേഹിക്കുന്ന ധാരാളം പേര്‍ ഈ ബൂലോകത്തുണ്ട്. ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടാവുമോ...
ആഹാ റോബിക്കുട്ടീ..
ഇവിടെ ഇതുപോലൊരു അടിപൊളി പരിപാടി നടക്കുന്നത് അറിഞ്ഞില്ലല്ലൊ. എന്റെ ബ്ലോഗിലെ കമന്റ് കണ്ട് വന്നതാണ്..
ഈ സെറ്റിങ്ങ്സൊക്കെ ചെയ്തിട്ടുണ്ടൊ?
http://ashwameedham.blogspot.com/2006/07/blog-post_28.html
ഇല്ലെങ്കില്‍ പ്ലീസ് ഒന്ന് ചെയ്യണേ. ബാക്കിയുള്ളവര്‍ വരാനും ബ്ലോഗ് വായിക്കാനും ഒക്കെ പറ്റും.
നല്ല ആഴത്തിലുല്ല ലേഖനം കേട്ടൊ.
Post a Comment