സാധാരണ ഞാൻ ഡോക്യുമെന്ററികൾ കാണാറില്ലെങ്കിലും, ഇതൊന്ന് കാണണമെന്ന് ഏറെനാളായി കരുതിയിരുന്നു. ഏതാണ്ട് രണ്ടാഴ്ച കൊണ്ടാണ് മുഴുവൻ കണ്ടുതീർന്നത്...and this makes me proud and sad at the same time. It was an intense experience.
Shoah പൂർത്തിയാക്കാൻ ലാൻസ്മാൻ 11 വർഷങ്ങളെടുത്തു. ഒൻപതര മണിക്കൂർ ദൈർഘ്യത്തിൽ ഒരൊറ്റ ഫ്രെയിം പോലും archive footage ഉപയോഗിച്ചിട്ടില്ല. ഹോളോകോസ്റ്റ് സ്ഥലങ്ങൾ സന്ദർശിച്ചും, കോൺസെൻട്രേഷൻ ക്യാമ്പുകളിൽ നിന്നും രക്ഷപ്പെട്ടവരും, ക്യാമ്പുകൾക്ക് സമീപം ജീവിച്ചിരുന്നവരും, ചരിത്രകാരന്മാരും, ജീവിച്ചിരുന്ന നാസി ഒദ്യോഗസ്ഥന്മാരുമടക്കമുള്ള ഒന്നാംനിര സാക്ഷികളിൽ നിന്നുള്ള first person account-കളാണ് ഈ സിനിമ. Chełmno, ക്യാമ്പിൽ നിന്നു രക്ഷപ്പെട്ട Simon Srebnik-ന്റെ അഭിമുഖത്തോടെയാണു തുടങ്ങുന്നത്. നാസികളെ എന്റർടയിൻ ചെയ്യിക്കാനായി മിലിട്ടറി പാട്ടുകൾ പാടാൻ നിർബന്ധിക്കപ്പെട്ട 13 വയസ്സുകാരനായിരുന്നു Srebnik അന്ന്. ഒടുവിൽ, വധിക്കപ്പെടാനുള്ള ദിവസം, തലയ്ക്ക് വെടികൊണ്ടെങ്കിലും, മരിക്കാതെ ഇഴഞ്ഞ് ഒരു പന്നിക്കൂട്ടിലെത്തി. അവിടുന്ന് ആരൊക്കെയോ ചേർന്ന് ഒരു സോവിയറ്റ് ഡോക്ടറുടെ പക്കലെത്തിച്ചു. അങ്ങനെയാണു Srebnik രക്ഷപ്പെടുന്നത്.
Chełmno-യിലെ ക്യാമ്പിൽ നിന്നും, ഏതാണ്ട് 10 മൈൽ ദൂരെയുള്ള വലിയൊരു ശവക്കുഴിയിലേക്ക് ആളുകളെ ട്രക്കുകളിൽ കൊണ്ടുപോകുകയായിരുന്നു പതിവ്. ട്രക്കിന്റെ exhaust മൂടിക്കെട്ടിയ വാഹനത്തിനുള്ളിലേക്ക് തന്നെ തിരിച്ചുവിടുന്നു. വണ്ടി 10 മൈൽ ഓടിയെത്തുമ്പോഴേയ്ക്കും അതിനുള്ളിലെ ആളുകൾ ശ്വാസം മുട്ടി മരിച്ചിരിക്കും. ആളുകൾക്ക് മരിക്കാനുള്ള സമയം കണക്കാക്കി, അതനുസരിച്ചാണ് വണ്ടിയുടെ സ്പീഡ് കാൽക്കുലേറ്റ് ചെയ്തിരുന്നത്. വോഡ്കയുടെ ലഹരിയിൽ ഈ ട്രക്കോടിച്ചിരുന്ന ഒരാളുമായും വണ്ടിയിൽ നിന്നും ശവക്കുഴിയിലേക്ക് ശവങ്ങൾ വലിച്ചിട്ടിരുന്ന ആളുകളുമായെല്ലാം ലാൻസ്മാൻ ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ജീവനോടെ അവശേഷിക്കുന്നവരെയും കുഴിയിലിട്ടു മൂടുകയാണു പതിവ്. മാസങ്ങൾ കഴിയുമ്പോൾ ആദ്യം മൂടിയ ഇടം തുറന്ന്, പുതിയ ശരീരങ്ങൾ ഇടും. ഒരു വിന്ററിൽ ഇങ്ങനെയൊരു ശവക്കുഴി തുറന്നപ്പോൾ തണുപ്പിൽ അഴുകാതെ അവശേഷിച്ച ശരീരങ്ങളിൽ സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞ ഒരാൾ ആ അനുഭവം വിവരിക്കുന്നുണ്ട്.
ആ ശവക്കുഴികൾക്കുമേൽ ഇന്ന് പൈൻമരങ്ങൾ വളർന്നു നിൽക്കുന്നു. അതിനിടയിലൂടെ ദീർഘനേരം നിശബ്ദമായി നടന്നതിനുശേഷം ലാൻസ്മാൻ അയാളോട് ചോദിക്കുന്നു,
"Was the weather too cold?"
കണ്ടിരുന്ന ഞാൻ, തണുത്തുറഞ്ഞുപോയിരുന്നെങ്കിലെന്ന് ആശിച്ചു പോയ നിമിഷം. ഇത്രമേൽ ഭീതിയുടെ തണുപ്പ് പേറുന്നൊരു നിമിഷം മറ്റൊരു സിനിമയിലുമുണ്ടാവില്ല.
======================================
ഹോളോകോസ്റ്റിന്റെ ഭാഗമായി, തിയറിയിലുള്ള ഇന്നൊവേഷനൊന്നും നാസികൾ നടത്തിയില്ല എന്നാണ് ഹോളോകോസ്റ്റ് ചരിത്രകാരൻ Raul Hilberg, പറയുന്നത്. ജുതവിദ്വേഷത്തിന്റെ നട്ടെല്ലായ ആശയങ്ങളെല്ലാം, കത്തോലിക്കാസഭ അടക്കമുള്ള institution-കളിൽ നിന്നും നാസികൾക്ക് ലഭിച്ചതാണെന്നാണ് ഹിൽബെർഗ് പറയുന്നത്. ഇത്രയും മാസീവ് സ്കെയിലിൽ ജുതന്മാരെ ഇല്ലായ്മ ചെയ്യാനുള്ള ലോജിസ്റ്റിക്സ് (Final solution) മാത്രമാണ് ഇതിൽ നാസികളുടെ കണ്ടുപിടിത്തമെന്നും ഹിൽബെർഗ് പറയുന്നു.
അറുപതുകളിലും എഴുപതുകളിലും പ്രായമുള്ള, ജീവിതമേറെക്കണ്ട മനുഷ്യർ പോലും ഹോളോകോസ്റ്റിന്റെ ഓർമ്മകളിൽ വർഷങ്ങൾക്കുശേഷം പൊട്ടിക്കരയുന്നത്, അവരാവശ്യപ്പെട്ടിട്ടും ക്യാമറ കട്ടു ചെയ്യാതെ അവരെത്തന്നെ ചിത്രീകരിക്കുന്നത്...Shoah മറക്കാനാകാത്തൊരു കാഴ്ചയാണ്.
=======================================
=======================================
നാസി ഓപ്പറേഷന്റെ ഭാഗമായിരുന്ന, അന്നും ജീവിച്ചിരുന്ന ചില നാസി ഉദ്യോഗസ്ഥന്മാരുമായും ലാൻസ്മാർ സംസാരിക്കുന്നുണ്ട്. അവരിൽ പലരും ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ശബ്ദം മാത്രമേ നൽകിയുള്ളൂ. എന്നാൽ ലാൻസ്മാൻ ഒളിക്യാമറ വെച്ച് അവരെയും രഹസ്യമായി ചിത്രീകരിക്കുന്നുണ്ട്.
ട്രെബ്ലിങ്കയിലേത് ഒരു primitive production plant ആയിരുന്നെന്നാണ് ഒരു നാസി ഉദ്യോഗസ്ഥൻ പറയുന്നത്. മരണം ഉത്പാദിപ്പിച്ചിരുന്ന ഒരു ഫാക്ടറിയായാണ് അയാൾ കോൺസെൻട്രേഷൻ ക്യാമ്പിനെ കാണുന്നത്.
കോൺസെൻട്രേഷൻ ക്യാമ്പിനു സമീപത്തുകൂടെ ദിവസവും സ്വന്തം കൃഷിസ്ഥലത്തേക്ക് പോയിരുന്ന ഒരാളുമായി ലാൻസ്മാൻ സംസാരിക്കുന്നുണ്ട്. അയാളുടെ കാഴ്ചകൾ അയാൾ വിശദീകരിക്കുന്നു. എന്തുകൊണ്ട് അതിനെതിരെ പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് “മരണഭയം കാരണം” എന്നായിരുന്നു അയാളുടെ മറുപടി.
എന്നാൽ ജൂതന്മാരെപ്രതി, ജൂതന്മാരല്ലാത്ത പോളണ്ടുകാർക്ക് ഭയം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ആ സാധാരണക്കാരന്റെ മറുപടി ഇതായിരുന്നു.
എന്നാൽ ജൂതന്മാരെപ്രതി, ജൂതന്മാരല്ലാത്ത പോളണ്ടുകാർക്ക് ഭയം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ആ സാധാരണക്കാരന്റെ മറുപടി ഇതായിരുന്നു.
"Let me put it this way. When you cut your finger, does it hurt me?"
======================================
പോളണ്ടിൽ തന്നെയുള്ള സാധാരണ ആളുകളോട് സംസാരിക്കുമ്പോൾ ആന്റൈ-സെമിറ്റിസവും വംശിയതയും 80-കളിലെ സമൂഹത്തിലും എത്ര തീക്ഷ്ണമായി നിലനിൽക്കുന്നു എന്നും ലാൻസ്മാൻ കാണിച്ചു തരുന്നു.
ജൂത സ്ത്രീകൾ സുന്ദരികളായിരുന്നെന്നും അവർ മറ്റു പുരുഷന്മാരെ വശീകരിച്ചിരുന്നെന്നുമാണ് ഒരു സ്ത്രീ പറയുന്നത്. ജൂതന്മാർക്ക് (തുകൽപ്പണി ചെയ്യുന്നതിനാൽ) വൃത്തികെട്ട ഒരു മണമുണ്ടായിരുന്നെന്ന് മറ്റൊരാൾ. എന്നാലും ജൂതന്മാരെ കൊല്ലേണ്ടിയിരുന്നോ എന്ന ചോദ്യത്തിന്,
“കൊല്ലണ്ടായിരുന്നു, അവർ സ്വയം ഇസ്രയേലിലേക്ക് പോയാൽ മതിയായിരുന്നെന്ന്” ഒരാൾ.
“കൊല്ലണ്ടായിരുന്നു, അവർ സ്വയം ഇസ്രയേലിലേക്ക് പോയാൽ മതിയായിരുന്നെന്ന്” ഒരാൾ.
“Are you better off without the Jews?” എന്ന ചോദ്യത്തിന് അറിയില്ല എന്ന് മറുപടി പറഞ്ഞൊഴിയുന്നു.
ഇതേ വംശീയത ഇതേ രൂപത്തിൽ നമ്മുടെ സമൂഹത്തിലും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് കൂട്ടത്തിൽ ഏറ്റവും ഭീതിദമായി തോന്നിയത്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍ എന്നൊക്കെ കേട്ടാല്‍ നറും നെയ്യിന്റെ ഗന്ധവും ചെറുമക്കളെന്ന് കേട്ടാൽ ചേറിന്റെ മണവും ഓർമ്മവരുന്നവർ നമ്മുടെയിടയിലുമുണ്ടല്ലോ.
(2013 ഡിസംബർ 8-ന് ഫേസ്‌ബുക്കിലെഴുതിയത്)
No comments:
Post a Comment