Sunday, November 30, 2008

ദി ത്രീ ബറിയൽ‌സ് ഓഫ് മെൽക്വിയാദെസ് എസ്ട്രാഡ (2005)

സംവിധാനം: ടോമി ലീ ജോൺസ്

ഭാഷ: ഇംഗ്ലിഷ്, സ്പാനിഷ്

പൊലിഞ്ഞു പോകുന്ന മനുഷ്യജീവിതങ്ങൾക്ക്‌ പ്രത്യേകിച്ച്‌ ഒരു വിലയും കൽപ്പിക്കാത്ത ഒരു സമൂഹത്തിലേക്ക്‌, ഒരു കണക്കുമില്ലാതെ പുല്ലുപോലെ മനുഷ്യനെ കൊന്നു തള്ളുന്ന ഹോളിവുഡ്‌ ആക്ഷൻ സിനിമകളുടെ ഇടയിൽ നിന്നുമാണ്‌ ഒരു സിനിമ, ഒരൊറ്റ ജീവന്റെ വിലയെക്കുറിച്ച്‌, അതിനു കൊടുക്കേണ്ട മഹത്വത്തെക്കുറിച്ച്‌ വാചാലമാകുന്നത്‌. ഹോളിവുഡിലെ ആക്ഷൻ ഹീറോ ടോമി ലീ ജോൺസിന്റെ പ്രഥമസംവിധാനസംരംഭമായ The Three Burials of Melquiades Estrada(2005) ഒരു അസാധാരണ സിനിമയാകുന്നത്‌ ജീവനെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാടുകൾ കൊണ്ടു മാത്രമല്ല, സമൂഹങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വ്യക്തിജീവിതങ്ങളെക്കുറിച്ചും സർവ്വോപരി നിയമവാഴ്ചയെക്കുറിച്ചുമൊക്കെയുള്ള തെളിമയുള്ള ചില ഉൾകാഴ്ചകളുടെ പേരിലും കൂടിയാണ്‌.


Western എന്ന genre-നെക്കുറിച്ച്‌ കേൾക്കുമ്പോൾ നിങ്ങളുടെ ഓർമ്മയിൽ വരുന്നത്‌, ഒരു പക്ഷെ, പൊടി പറത്തി പായുന്ന കുതിരകളും, അരയിലെ തോക്കിന്റെ കാഞ്ചിയിൽ ഒരു വിരൽ വെച്ച്‌ ചെരിഞ്ഞ്‌ നിൽക്കുന്ന ക്ലിന്റ്‌ ഈസ്റ്റ്‌വുഡും, ക്രൂരത കലർന്ന കണ്ണുകളും വൃത്തികെട്ട പല്ലുകളുമുള്ള പരുക്കന്മാരായ മധ്യവയസ്കന്മാരുമൊക്കെയാകാം. ക്രൂരതയുടെയും, പ്രതികാരത്തിന്റെയും, നനവില്ലാത്ത പരുക്കൻ ഭാവങ്ങളുടെയും ഒക്കെ പ്രതിനിധാനമായി കണക്കാക്കപ്പെട്ടിരുന്ന ഒരു genre-നെ സ്നേഹത്തിന്റേതും മനുഷ്യത്വത്തിന്റേതും പരിഗണനയുടേയും മോക്ഷത്തിന്റെയും ഒക്കെ ഭാവങ്ങൾ കൊണ്ട്‌ കഴുകിയെടുക്കുകയാണ്‌, മെൽക്വിയാദെസ്‌ എന്ന ആരുമല്ലാത്ത ഒരുവന്റെ മൂന്ന് ശവസംസ്കാരങ്ങൾ കൊണ്ട്‌ ജോൺസ്‌ ചെയ്യുന്നത്‌.

ടെക്സാസിലെ ഒരു അതിർത്തിഗ്രാമത്തിൽ, അഴുകിത്തുടങ്ങിയ മെൽക്വിയാദെസിന്റെ മൃതശരീരം രണ്ടു വേട്ടക്കാർ കണ്ടെത്തുന്നതോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. മെക്സിക്കോയിൽ നിന്നുള്ള illegal immigrant ആയ മെൽക്വിയാദെസ്‌ പീറ്റ്‌ പെർക്കിൻസിന്റെ(ടോമി ലീ ജോൺസ്‌) കന്നുകാലികളെ നോക്കുന്ന ജോലിക്കാരിലൊരുവനും ഉറ്റസുഹൃത്തുമായിരുന്നു. ഒരു പട്രോൾ പോലീസുകാരനു പറ്റുന്ന കൈയബദ്ധത്തിൽ അയാൾ വെടിയേറ്റു കൊല്ലപ്പെടുന്നു. മെൽക്വിയാദെസ്‌ ഒരു നിയമാനുസൃത പൗരനല്ലാത്തതിനാൽ കൊലപാതകിയെ ശിക്ഷിക്കാതെ പോലീസ്‌ ഒഴിഞ്ഞുമാറുകയാണെന്നു മനസ്സിലാക്കുന്ന പെർക്കിൻസ്‌, നിയമം കൈയിലെടുക്കുവാനൊരുങ്ങുകയാണ്‌. മെൽക്വിയാദെസിന്റെയും പീറ്റിന്റെയും സൗഹൃദവും അവരുടെ രഹസ്യയാത്രകളും മെൽക്വിയാദെസിന്റെ മരണവും രണ്ട്‌ ശവസംസ്കാരങ്ങളും, കൊലപാതകിയായ പോലീസുകാരൻ മൈക്ക്‌ നോർട്ടന്റെ വ്യക്തിജീവിതവും, ടെക്സാസിലെ ഗ്രാമജീവിതത്തെക്കുറിച്ച്‌ തെളിമയുള്ള ചില നോട്ടങ്ങളുമൊക്കെയായി ഒരു Non-linear ആഖ്യാനരീതിയാണ്‌ ചിത്രത്തിന്റെ first act. അലഹാന്ദ്രോ ഗോൺസാലെസ്‌ ഇനാരിട്ടുവിന്റെ Non-linear സിനിമകളുടെ തിർക്കഥകളിലൂടെ പ്രശസ്തനായ Guillermo Arriaga-യുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ.





നോർട്ടൺ എന്ന കഥാപാത്രത്തെക്കുറിച്ച്‌ അയാളുടെ ഭാര്യയുടെ അഭിപ്രായം തന്നെ 'He is beyond redemption' എന്നാണ്‌. അയാളുടെ സ്നേഹരാഹിത്യം കാരണവും വിരസത കാരണവും വ്യഭിചരിക്കാനിറങ്ങുന്ന അയാളുടെ ഭാര്യയെക്കുറിച്ച്‌ അയാൾക്കറിയാത്ത പലതും സംവിധായകൻ നമുക്ക്‌ പറഞ്ഞു തരുന്നുണ്ട്‌. മെൽക്വിയാദെസ്‌ ജീവിച്ചിരുന്നപ്പോൾ അയാളുടെ മെക്സിക്കൻ ഗ്രാമത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പീറ്റിനോടു പറയാറുണ്ടായിരുന്നു. ഒരു പക്ഷെ താൻ മരിച്ചാൽ തന്റെ മൃതദേഹം അവിടെ കൊണ്ടുപോകണമെന്നും അയാൾ പീറ്റിനോടാവശ്യപ്പെടുന്നുണ്ട്‌. മെക്സിക്കോയിലേക്കുള്ള നീണ്ട യാത്രയിൽ ഘാതകനായ നോർട്ടണെയും ഭീഷണിപ്പെടുത്തി, പീറ്റ്‌ കൂടെ കൂട്ടുന്നുണ്ട്‌.സംഭവബഹുലമായ ഈ യാത്രയാണ്‌ സിനിമയുടെ second act. യാത്രയ്ക്കിടയിൽ അന്ധനായ ഒരു വൃദ്ധനെ അവർ കണ്ടുമുട്ടുന്നുണ്ട്‌. തന്നാലാവുന്ന രീതിയിലൊക്കെ അവരെ സഹായിക്കുന്ന വൃദ്ധൻ അവരെ പിരിയുന്ന വേളയിലുന്നയിക്കുന്ന ആവശ്യം ചിത്രത്തിനുശേഷവും നമ്മെ വേട്ടയാടും.ആകസ്മികതകളുടേതായ യാത്രയുടെ അവസാനം പ്രേക്ഷകരെത്തുന്നത്‌ സമാനതകളപൂർവ്വമായ ഒരു കഥ പറച്ചിലിലേക്കാണ്‌; ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ നമ്മൾ പരിചയിച്ച, കൽപനകളെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക്‌. നമ്മുടെ ജീവിതത്തെക്കുറിച്ചും മറ്റുള്ളവരുമായുള്ള ഇടപെടലുകളെക്കുറിച്ചുമുള്ള നമ്മുടെ തന്നെ ധാരണകൾ മാത്രമാണ്‌ നമ്മുടെ അസ്ഥിത്വമെന്നും, അതിനടിസ്ഥാനമായി മറ്റൊരു സ്ഥായിയായ യാഥാർത്ഥ്യമില്ലെന്നുമുള്ള ഒരു തിരിച്ചറിവിലേക്ക്‌ ഈ സിനിമ നമ്മെ ഉണർത്തുന്നുണ്ട്‌.

പ്രമേയപരമായി സാമ്യമുള്ള രണ്ടു ചിത്രങ്ങൾ Yang Zhang-ന്റെ Getting home(2007), Sam Peckinpah-യുടെ Bring me the head of Alfredo Garcia(1974) എന്നിവയാണ്‌. Getting Home കേരളത്തിലെ ഫെസ്റ്റിവലിൽ ഒരുപാട്‌ ആഘോഷിക്കപ്പെട്ട ചിത്രമെങ്കിലും അതിലളിതവത്കരണത്തിന്റെ പരാധീനതകൾക്കു പുറമെ, വികൃതമായ ചില തമാശകളുടെ ഭാരവുമുണ്ടായിരുന്നു. Sam Peckinpah-യുടെ ചിത്രമാകട്ടെ, രാഷ്ടീയപരമായ വായനകൾക്കുപരി കഥാപാത്രങ്ങളിലും അന്തരീക്ഷസൃഷ്ടിയിലുമാണ്‌ കൂടുതൽ ശ്രദ്ധിച്ചത്‌.

ജോൺസ്‌ സമൂഹത്തെ നോക്കികാണുന്നതിലുമുണ്ട്‌ ഹോളിവുഡിനു പരിചയമില്ലാത്ത ഒരു പുതുമ. അമേരിക്കൻ സമൂഹത്തെ തങ്ങളിലേക്കൊതുങ്ങിയ, അയൽക്കാരെ സഹിക്കാനാകാത്ത, അടഞ്ഞ സമൂഹമായി ചിത്രീകരിക്കുമ്പോൾ സഹവർത്തിത്വത്തിന്റേതും, സഹകരണത്തിന്റേതുമായ ഒരു തുറന്ന സമൂഹമായാണ്‌ മെക്സിക്കൻ ഗ്രാമങ്ങൾ കാഴ്ചപ്പെടുന്നത്‌. അതിർത്തി ഭേദിക്കാൻ ശ്രമിക്കുന്ന illegal immigrants-നെ അനുഭാവപൂർവ്വം പരിചരിക്കുമ്പോൾതന്നെ അമേരിക്കൻ പൗരന്മാരെയൊന്നും നല്ല വെളിച്ചത്തിലല്ല ജോൺസിന്റെ സിനിമ കാണിക്കുന്നത്‌. മികവുറ്റ പശ്ചാത്തല സംഗീതത്തിന്റെയും ഛായാഗ്രഹണത്തിന്റേയും ഒക്കെ സാന്നിദ്ധ്യത്തിലും ആസ്വദിച്ചു കാണാനാകാത്ത, പകുതി അഴുകിയ മൃതശരീരമുൾപ്പെടുന്ന, സുദീർഘങ്ങളായ പല സീനുകളുമുണ്ട്‌ ചിത്രത്തിൽ. ഈ ചിത്രം pleasant അല്ല എന്നു സാരം, എങ്കിലും ഇതിൽ നല്ല സിനിമയുണ്ട്‌. 2005-ലെ കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ പാം നോമിനേഷൻ നേടിയതു കൂടാതെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള പുരസ്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.

15 comments:

വികടശിരോമണി said...

നന്ദി,ഈ പരിചയപ്പെടുത്തലിന്.

Nat said...

ഈ സിനിമ കണ്ടിട്ടില്ല ..... കാണണം.

ടി.പി.വിനോദ് said...

സിനിമ പരിചയപ്പെടുത്തിയതിന് നന്ദി റോബി..

“സ്നേഹത്തിന്റേതും മനുഷ്യത്വത്തിന്റേതും പരിഗണനയുടേയും മോക്ഷത്തിന്റെയും ഒക്കെ ഭാവങ്ങൾ കൊണ്ട്‌ കഴുകിയെടുക്കുകയാണ്‌..” കൃത്യതയുടെയും ലാളിത്യത്തിന്റെയും ഇതുപോലുള്ള ചേര്‍പ്പുകളാണ് ഈ ബ്ലോഗിനെ വേറിട്ടതാക്കുന്നത്...

Mahi said...

കൊന്നുതള്ളലുകള്‍ സിനിമയില്‍ മാത്രമല്ല ചുറ്റുപാടും നടക്കുന്ന ഈ കാലത്ത്‌ ഈ സിനിമ ശരിക്കും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്‌ ഒരു പുതിയ സിനിമ പരിചയപ്പെടുത്തിയതിന്‌ എന്റെ നന്ദി

Melethil said...

ഇപ്പോള്‍ കണ്ടു കഴിഞ്ഞെയുള്ളൂ ഈ സിനിമ , ഇഷ്ടായി, "എന്നെ കൊന്നു തരുമോ? " എന്ന് ചോദിക്കുന്ന വൃദ്ധന്‍ , റോബി പറഞ്ഞ പോലെ വേട്ടയാടുന്നു..ആരെയൊക്കെയോ എന്നെ ഓര്‍മപ്പെടുത്തി അത്...

Calicocentric കാലിക്കോസെന്‍ട്രിക് said...

ഇതിനെപ്പറ്റിയല്ല, കോസ്റ്റ-ഗാവ്റാസിന്‍റെ സീയെപ്പറ്റി വേറൊരിടത്തു പറഞ്ഞതിനെപ്പറ്റിയാണ്. അതിനോടു പ്രത്യേക പ്രേമം? I am a hard-core fan of that film and Gavras in general.
അത്ര മുന്തിയതല്ലെങ്കിലും Le Couperet യുടെ Eng subtitle അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം രണ്ടായി.

Roby said...

വായിച്ചവർക്കും അഭിപ്രായം അറിയിച്ചവർക്കും നന്ദി..:)

മേലേത്തിൽ, സിനിമ ഇഷ്ടപ്പെട്ടു എന്നറിയുന്നതിലും സന്തോഷം.

കാലിക്കട്ടർ, കോസ്റ്റ ഗാവ്‌രയെപ്പോലെ explicit ആയി രാഷ്ട്രീയം പറയുന്ന സിനിമാക്കാർ വിരളമല്ലേ. Z അദ്ദേഹത്തിന്റെ മാസ്റ്റർ‌പീസും. Le Couperet ഞാൻ കഴിഞ്ഞ വർഷം കണ്ടിരുന്നു.സബ്ടൈറ്റിൽ കിട്ടാൻ www.opensubtitles.org ഒന്നു നോക്കിക്കേ.അവിടെയുണ്ട്.

Calicocentric കാലിക്കോസെന്‍ട്രിക് said...

true, the file was there on opensubtitles and I use the site half a dozen times a day and didn't find it!
Gavras' is anything but explicitly political, however debatable that statement is. He is a master of irony. Thrillers they are, carefully crafted. I never could understand a rather longish scene of the dead protagonist's old pal running long through an orchard to divulge the news of the verdict to the dead man's wife except as a deliberate exercise in irony aimed at what I know not.
Confession (L'aveu) is terrific.

ushakumari said...

വളരെ വൈകി ഇവിടെയെത്താന്‍.എങ്കിലും സന്തോഷം തോന്നുന്നു.... ബാനിഷ് മെന്റും റിട്ടേണും ഒരുപാട് ആഘോഷിച്ച ചിത്രങ്ങളാണ്. റിട്ടേണാണ് കൂടൂതല്‍ നല്ലത്.

കൂടുതല്‍ എഴുതുമല്ലോ, ആശംസകള്‍!

Sureshkumar Punjhayil said...

Nannayirikkunnu...!! Ashamsakal...!!!

Anonymous said...

I have seen a lot of world cinemas in past 1 year.It was a brave new world to me, defying all conventions. But never got a place to discuss..
The article was a good introduction to that film.. Must see..

By the way I am also from Kannur navodaya..

Roby said...

കാലിക്കട്ടർ,
ഗാവ്‌ര എപ്പോഴും തന്റെ രാഷ്ട്രീയ ചായ്‌വ് എങ്ങോട്ടാണെന്ന് വ്യക്തമാക്കാറുണ്ട്. അതാണ് ഞാനുദ്ദേശിച്ചത്. കൺഫെഷൻ കണ്ടില്ല കേട്ടോ.

ഉഷാകുമാരി, സുരേഷ് കുമാർ...നന്ദി.

കണ്ണൂർ നവോദയയിലെ സുഹ്രൂത്തേ,
ഞാനവിടെ വന്നിട്ടുണ്ട്. 95 അല്ലെങ്കിൽ 96-ൽ. അവിടുത്തെ കുറെപേരെ അറിയാം. നമുക്കിനി സിനിമകളെക്കുറിച്ച് ഇവിടെ സംസാരിക്കാം.

t.k. formerly known as thomman said...

റോബി,
പോസ്റ്റ് കാണാന്‍ വൈകി. വെസ്റ്റേണ്‍ ഷോണ്‍‌റേയില്‍ പെട്ട നല്ല പടങ്ങള്‍ വല്ലപ്പോഴും വരാറുണ്ട്. The Red River, The Searchers ഒക്കെ പെട്ടന്ന് ഓര്‍മ വരുന്നു. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ Unforgiven തന്നെ ഒരു വെസ്റ്റേണ്‍ പ്രമേയത്തെ പതിവുശൈലിയില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ളതാണല്ലോ.

African Mallu said...

വായിച്ചിട്ട് മൊത്തത്തില്‍ ഒരു മഹായാനം ചുവ .ഇതൊക്കെ തന്നെ അല്ലെ ലോഹി യും ശശി ഏട്ടനും പറഞ്ഞത് ...............സംഭവം പടം കണ്ടില്ല പിന്നെ ............നമ്മുടെ ചുള്ളന്മാരും കുഴപ്പം ഇല്ല്ലലെ ......... ,,അബദ്ധം ആണോ ന്നറിയില്ല

Roby said...

AFRICAN MALLU, ഇതുപോലൊരു ചെറുകുറിപ്പ് വായിച്ച് അഭിപ്രായം രൂപീകരിക്കാനുള്ളതല്ല സിനിമ, കണ്ട് മനസ്സിലാക്കാനുള്ളതാണ്. കാഴ്ചയ്ക്കു പ്രേരിപ്പിക്കുക എന്നതാണു ഇത്തരം കുറിപ്പുകളുടെ റോൾ.

സുഹൃത്ത്, സുഹൃത്തിന്റെ മൃതശരീരം എന്നിങ്ങനെ ചില കോമൺ ഫാക്ടറുകളുണ്ടെന്നതൊഴിച്ചാൽ മഹായാനവും ഇതും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഇതേ കോമൺ ഫാക്ടറുകളുള്ള സിനിമകൾ നൂറുക്കണക്കിനുണ്ടു താനും.