Monday, June 17, 2013

അനറ്റോളിയയിൽ, ഒരുനാൾ...!



 (ടർക്കിഷ് സംവിധായകനായ നൂറി ബിൽജി സീലാൻ സംവിധാ‍നം ചെയ്ത Once upon a time in Anatolia (2011) എന്ന സിനിമ എന്നിലുണ്ടാക്കിയ ചിന്തകളും ആശയക്കുഴപ്പങ്ങളും സംശയങ്ങളും ക്രോഡീകരിക്കാനുള്ളൊരു ശ്രമമാണീ കുറിപ്പ്. ആസ്വാദനമോ നിരൂപണമോ അല്ല ഇവിടെയുദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കുറിപ്പിൽ സിനിമയുടെ പ്ലോട്ട് പോയിന്റ്സ് വിശദീകരിക്കുന്നുണ്ട്. സിനിമ കണ്ടതിനു ശേഷം വായിക്കുന്നതാകും ഉചിതം.)

അനറ്റോളിയ എന്നാൽ, എളുപ്പത്തിൽ പറഞ്ഞാൽ, ഈസ്താംബൂൾ ഒഴികെയുള്ള ടർക്കിയുടെ ഗ്രാമപ്രദേശങ്ങളാണ്. അനാറ്റോളിയയിലെ സംഭവബഹുലമായ ഒരു ദിവസമാണു Once upon a time in Anatolia അവതരിപ്പിക്കുന്നത്. ഒരു കൊലപാതകം, അതെത്തുടർന്നുള്ള ചില സംഭവങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അനറ്റോളിയയിലെ വിശാലമായ പുൽമേടുകളും കുന്നുകളും അതിന്റെ കുഴപ്പിക്കുന്ന നിശബ്ദതയും നിസംഗത ദ്യോതിപ്പിക്കുന്ന ഭൂപ്രകൃതിയും കൊണ്ട് ഈ സിനിമയിൽ ക്രൈം ഡ്രാമയുടെ അന്തരീക്ഷം തീർക്കുന്നു. മൂന്നു വാഹനങ്ങളിലായി പോലീസുകാരും ഒരു ഡോക്ടറും, ഒരു പ്രോസിക്യൂട്ടറും, കുഴിവെട്ടുന്നവരും, രണ്ടു കുറ്റാരോപിതരുമായി അവർ കുഴിച്ചിട്ട മൃതദേഹം അന്വേഷിക്കുന്നിടത്താണു സിനിമ തുടങ്ങുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത്, കുറ്റാരോപിതരായ സഹോദരങ്ങളിൽ മൂത്തയാൾ (കെനാൻ) മദ്യപിച്ചിട്ടുണ്ടായിരുന്നതിനാൽ ബുദ്ധിമാന്ദ്യമുള്ള സഹോദരൻ എവിടെയാണ് കൊല്ലപ്പെട്ടയാളുടെ ശരീരം കുഴിച്ചിട്ടതെന്ന് അവർക്ക് ഓർമ്മിക്കാനാകുന്നില്ല. അവ്യക്തമായ ഓർമ്മയിലെ അടയാളമനുസരിച്ച്, വെള്ളമെടുക്കാനുള്ള ഫൗണ്ടനുള്ള സ്ഥലങ്ങളെല്ലാം അവർ തെരയുകയാണ്. സമയം രാത്രിയാകുന്നു. പകൽ വെളിച്ചത്തിൽ പോലും കൃത്യമായി വേർതിരിച്ച് മനസ്സിലാക്കാൻ പ്രയാസമുള്ള അനാറ്റോളിയൻ ഭൂപ്രകൃതിയിൽ, നീണ്ട അന്വേഷണം കാരണം തളർന്നിരിക്കുകയാണ് അംഗങ്ങളെല്ലാം.

യാത്രയ്ക്കിടയിൽ പലവിഷയങ്ങളെക്കുറിച്ചും സംഘാംഗങ്ങൾ സംസാരിക്കുന്നുണ്ട്. യോഗർട്ട്, ആട്ടിറച്ചി, പ്രോസ്റ്റേറ്റ് കാൻസറുള്ളയാൽ മൂത്രമൊഴിക്കുന്നത്, കുടുംബം, വിവാഹമോചനം, മരണം, ആത്മഹത്യ, ജോലി, അധികാരം, ബ്യൂറോക്രസി തുടങ്ങിയ പലവിഷയങ്ങളും അവരുടെ ചർച്ചയിൽ വരുന്നു. പ്രോസിക്യൂട്ടർ, തന്റെ അന്വേഷണത്തിനിടയിൽ വന്ന വിചിത്രമായ ഒരു കേസിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുന്നു. ഒരു സ്ത്രീ, മാസങ്ങൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന തന്റെ മരണം ഭർത്താവിനോട് പ്രവചിക്കുന്നതാണു പ്രസ്തുത സംഭവം. ക്ഷീണവും വിശപ്പും കാരണം, അവിടെയൊരു ഗ്രാമത്തിലെ ഒരു വീട്ടിൽ അവർ ഭക്ഷണം കഴിക്കുന്നു. അതിനിടയിൽ കരണ്ടു പോകുമ്പോളാണ് ആതിഥേയന്റെ മകൾ ഒരു ട്രേയിൽ എല്ലാവർക്കും ചായ കൊണ്ടുവരുന്നത്. വിളക്കിന്റെ വെളിച്ചത്തിൽ അവളുടെ മനോഹരമായ മുഖം കാണുന്ന പുരുഷന്മാരായ സംഘാംഗങ്ങളെല്ലാം വിവരിക്കാനാകാത്ത ചില വൈകാരികവിക്ഷോഭങ്ങൾക്ക് വിധേയരാകുന്നു.

പിറ്റേദിവസം തിരച്ചിൽ തുടരുന്ന സംഘത്തെ, കുറ്റാരോപിതനായ കെനാൻ, ആദ്യമെ തന്നെ മൃതദേഹം കുഴിച്ചിട്ടിടത്തേക്ക് നയിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി പട്ടണത്തിലേക്ക് പോകുന്ന സംഘം കൊലപാതകിയെ ശിക്ഷിക്കണമെന്ന ആവശ്യവുമായി ബഹളമുണ്ടാക്കുന്ന ആൾക്കൂട്ടവുമായി സംഘർഷത്തിലാകുന്നു. മരണപ്പെട്ടയാളുടെ ഭാര്യയും മകനും കുറ്റാരോപിതനോട് വർദ്ധിച്ച കോപത്തോടെ പെരുമാറുന്ന രംഗങ്ങളും ഈ ഭാഗത്തുണ്ട്. സിനിമയുടെ അവസാനഭാഗം ഡോക്ടറിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ഡോക്ടറും പ്രോസിക്യൂട്ടറും തമ്മിൽ മുൻപ് നടന്ന സംഭാഷണത്തിന്റെ ബാക്കിയും, ചിന്താമഗ്നനായ ഡോക്ടറെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചില ദൃശ്യങ്ങളും, പോസ്റ്റ്മോർട്ടവുമാണ് അവസാനഭാഗത്ത്. പോസ്റ്റ്മോർട്ടത്തിൽ ശ്രദ്ധയില്‍പ്പെടുന്ന ഒരു പ്രധാനവിവരം ഡോക്ടർ തെളിവുകളില്ലാത്തവിധം റിപ്പോർട്ടിൽ നിന്നും മാറ്റുന്നു. കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകനും നടന്നു പോകുന്നത് ഡോക്ടർ നോക്കി നിൽക്കുന്ന സുദീർഘമായൊരു ഷോട്ടിലാണു സിനിമ അവസാനിക്കുന്നത്. അവർ നടന്നുപോകുന്ന വഴിയുടെ സമീപത്തായി കുറെ കുട്ടികൾ പന്തുകളിക്കുന്നുണ്ട്. പന്ത് വഴിയിൽ വീഴുമ്പോൾ കൊല്ലപ്പെട്ടയാളുടെ മകൻ തിരിച്ചുവന്ന് ആ പന്തെടുത്ത് കുട്ടികൾക്ക് തിരിച്ചു കൊടുക്കുന്നത് ഡോക്ടർ നോക്കി നിൽക്കുന്നു.

സംവിധായകൻ മനപൂർവ്വം ആഖ്യാനത്തിൽ വരുത്തുന്ന ചില ഒഴിവാക്കലുകൾ എന്നെ ചിന്താക്കുഴപ്പത്തിലാക്കി. ആരാണയാളെ കൊന്നത്? കെനാനോ അതോ അയാളുടെ സഹോദരനോ? കെനാൻ ശരിക്കും നിരപരാധിയാണോ? കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായി കെനാന് ബന്ധമുണ്ടായിരുന്നെന്നും കെനാനാണ് ആ കുട്ടിയുടെ പിതാവെന്നുമുള്ള വിവരം എന്താണു സൂചിപ്പിക്കുന്നത്? കൊല്ലപ്പെട്ടയാളുടെ മൃതശരീരത്തിൽ അടിവസ്ത്രങ്ങളൊന്നുമില്ലാ എന്ന വിവരം എന്തിനാണു സംവിധായകൻ നൽകുന്നത്? അയാളെ മരിക്കുന്നതിനു മുൻപ് കുഴിച്ചിട്ടതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടും ഡോക്ടർ എന്തിനാണ് ആ വിവരം റിപ്പോർട്ടിൽ നിന്നും മറച്ചു വെക്കുന്നത്? അവർ ഭക്ഷണം കഴിക്കുന്ന വീട്ടിലെ പെൺകുട്ടിയുടെ പ്രാധാന്യം എന്താണ്? ഇങ്ങനെ ആഖ്യാനവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം സിനിമ നൽകുന്നില്ല. താരതമ്യേന അപ്രസക്തമായൊരു അനാറ്റോളിയൻ അനുഭവത്തിനു പ്രേക്ഷകരെ സാക്ഷികളാക്കുക എന്നതിനപ്പുറം സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുന്ന, ആശയലോകം എന്താണ് എന്ന് സിനിമയുടെ തന്നെ ഫോർമൽ ഘടകങ്ങളിലൂന്നി അന്വേഷിക്കാനുള്ളൊരു ശ്രമമാണിത്.

Prologue എന്നു വിശേഷിപ്പിക്കാവുന്ന, രണ്ടു ഷോട്ടുകളുള്ള ഒരു രംഗത്തോടെയാണു സിനിമ തുടങ്ങുന്നത്. മൂന്നു യുവാക്കൾ, വിജനമായൊരു പ്രദേശത്തെ വഴിയരികിലുള്ള ഒരു മുറിയ്ക്കുള്ളിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് ജനലിലൂടെ നോക്കാൻ പ്രേക്ഷകരെ നിർബന്ധിക്കുന്നതുപോലെ ഒരു ഷോട്ടിലാണു സിനിമ തുടങ്ങുന്നത്. സിനിമയുടെ പിന്നീടുള്ള ഭാഗത്തു നിന്നും, ഈ മൂന്നുപേർ കെനാൻ, അയാളുടെ സഹോദരൻ, കൊല്ലപ്പെടുന്ന യാസർ എന്നിവരാണെന്ന് വ്യക്തമാകുന്നുണ്ട്. യാസറിന്റെ കൊലപാതകത്തിനു തൊട്ടുമുൻപുള്ള രംഗങ്ങളാണു തുടക്കത്തിൽ നമ്മൾ കണ്ടതെന്നും അനുമാനിക്കാം.

ടൈറ്റിലിനു ശേഷം സിനിമ തുടങ്ങുന്നത് സാമാന്യം സുദീർഘമായൊരു static ലോംഗ് ഷോട്ടിലൂടെയാണ്. അനറ്റോളിയൻ പുൽമേടുകളിലെ ഒരു സന്ധ്യയാണു സമയവും പശ്ചാത്തലവും. ശൂന്യമായ പശ്ചാത്തലത്തിലേക്ക് മൂന്നുവാഹനങ്ങൾ വരുന്നു. അതിൽ നിന്നും പോലീസുകാരും, ബന്ധിക്കപ്പെട്ട നിലയിൽ കെനാനും ഇറങ്ങി, മൃതദേഹം അന്വേഷിക്കുന്നു, തുടർന്ന് അടുത്ത സ്ഥലത്തേയ്ക്ക് പോകുന്നു.

 വാഹനങ്ങളെല്ലാം പോയി പശ്ചാത്തലം വീണ്ടും ശൂന്യമാകുന്നതുവരെ ഈ ഷോട്ട് തുടരുന്നുണ്ട്. ഈ രീതിയിലുള്ള shot construction ഒസുവിന്റെ ശൈലിയെ ഓർമ്മിപ്പിക്കുന്നുണ്ട്. ആഖ്യാനത്തിൽ കഥാ‍പാത്രങ്ങൾക്കൊപ്പം അവർ occupy ചെയ്യുന്ന സ്പേസിനുമുള്ള പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഒസുവിന്റെ ഷോട്ടുകൾ എപ്പോഴും ശൂന്യമായ പശ്ചാത്തലത്തിലാണു തുടങ്ങുക. കഥാപാത്രങ്ങൾ പോയാലും ശൂന്യമായ ഇടത്തിൽ ക്യാമറ അല്പനേരം കൂടി തങ്ങി നിൽക്കുന്നു. (ഈ ശൈലിയെക്കുറിച്ചുള്ള തത്വാചിന്താപരമായ ഒരു വിശദീകരണത്തിന് ഫ്ലോട്ടിംഗ് വീഡ്സ് എന്ന ചിത്രത്തിന്റെ ക്രൈറ്റീരിയോൺ ഡിവിഡിയിലുള്ള റോജർ ഇബെർട്ടിന്റെ കമന്ററി ശ്രദ്ധിക്കുക.) ഇവിടെ സിനിമയുടെ പേരിനെ സാധൂകരിക്കുന്ന രീതിയിൽ അനറ്റോളിയ എന്ന സ്പേസിനുള്ള പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടാണ് അദ്യത്തെ ഷോട്ട് തന്നെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിജനവും വിശാലവുമായ വെളിമ്പ്രദേശത്തുകൂടെ മൂന്നു വാ‍ഹനങ്ങളും പോകുന്ന ഒരു പാനിംഗ് ഷോട്ടാണു തുടർന്നു വരുന്നത്. അവരുട സംഭാഷണം കേൾക്കാം. തുടർന്ന് ഒരു കാറിലെ യാത്രക്കാരെ അവതരിപ്പിക്കുന്ന ഒരു ക്ലോസ് ഷോട്ടിലേക്ക് കട്ട് ചെയ്യുന്നു. അനറ്റോളിയൻ പ്രകൃതിദൃശ്യത്തിന്റെ ലോംഗ് ഷോട്ടിൽ നിന്നും കഥാപാത്രങ്ങളുടെ ക്ലോസ് ഷോട്ടിലേക്കുള്ള ട്രാൻസിഷൻ കൂടുതൽ സ്മൂത്ത് ആക്കാനായിട്ടാണ് സംവിധായകൻ ഇവിടെ സംഭാഷണങ്ങളുപയോഗിക്കുന്നത്. ഒരു കാറിലെ എല്ലാ കഥാപാത്രങ്ങളുമുള്ള ഷോട്ട്, സംഭാഷണത്തിൽ പങ്കു ചേരാതിരിക്കുന്ന കുറ്റാരോപിതനായ കെനാനിലേക്ക് സൂം ചെയ്യുന്നു. ഇതാണ് ശ്രദ്ധിക്കേണ്ട ഒരു കഥാപാത്രം എന്ന് പ്രേക്ഷകർക്കുള്ള സൂചനയാണ് ഈ റീഫ്രെയിമിംഗ്.

157 മിനിറ്റുള്ള സിനിമയുടെ ആദ്യത്തെ മൂന്നിലൊന്ന് ഭാഗം (52 മിനിറ്റ്) അനറ്റോളിയൻ പുൽമേടുകളിലൂടെ മൃതദേഹമന്വേഷിച്ചുള്ള ഇവരുടെ യാത്രയാണ്. ഇവിടെ അനറ്റോളിയൻ പ്രകൃതിയുടെ വിദൂരദൃശ്യങ്ങളും കൂടുതൽ ക്ഷീണിതരും അക്ഷമരുമായിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളുളെ ക്ലോസ് ഷോട്ടുകളും കൃത്യമായൊരു അനുപാതത്തിൽ ഇടകലർത്തി ഒരുതരം visual balance സംവിധായകൻ സാധിക്കുന്നുണ്ട്. പ്രകൃതിദൃശ്യങ്ങളുടെ വിജനതയും ഏകാന്തതയും ഭീതിയും സംഘാംഗങ്ങളുടെ മടുപ്പും അക്ഷമയും എല്ലാം പ്രേക്ഷകരിലുമെത്തുന്നു. പലപ്പോഴും trivial എന്നു തോന്നിപ്പിക്കുന്ന സംഭാഷണങ്ങൾ അന്തരീക്ഷസൃഷ്ടിയുടെ ഭാഗമായുള്ള lingering nature shot-കൾക്കു മീതെ ഓവർലാപ്പ് ചെയ്തിരിക്കുന്നു. അങ്ങനെ ഈ പുരുഷന്മാരുടെ പ്രവൃത്തിലോകവും അവർ നിലകൊള്ളുന്ന പ്രത്യേക ഭൂപ്രകൃതിയും ഒരേസമയം ശ്രദ്ധയോടെ സിനിമ ആവിഷ്കരിക്കുന്നു. ആദ്യത്തെ 52 മിനിറ്റ് സീക്വൻസിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഒരു ആപ്പിൾ മരത്തിൽ നിന്നും വീഴുന്ന ആപ്പിൾ കുന്നിൽചെരിവിലൂടെ ഉരുണ്ട് ഒരു നീർച്ചാലിൽ വീണ് ഒഴുകുന്നതിന്റെ സുദീർഘമായ രണ്ടു ഷോട്ടുകൾ. പോലീസ് ഉദ്യോഗസ്ഥനായ നാസിയും പ്രോസിക്യൂട്ടറും തമ്മിലുള്ള സംഭാഷണം ഈ വിഷ്വലുകളുടെ മീതെ ഓവർലാപ്പ് ചെയ്തിരിക്കുന്നു. സിനിമയിലെ വഴിത്തിരിവെന്ന് പറയാവുന്ന ഒരു തീരുമാനം സംഭാഷണമായി കടന്നുവരുന്നത് ഇവിടെയാണ് (I'm sure you will never see such a narrative decision in a Hollywood film). ഈ സിനിമയുടെ മൊത്തം സ്വഭാവത്തെയും ഈ രംഗം പ്രതിനിധീകരിക്കുന്നുവെന്നു പറയാം. മരത്തിൽ നിന്നും ഒരാപ്പിൾ താഴെ വീഴുന്നതിലെ നിസ്സാരത, എന്നാൽ ഇതുപോലുള്ള നിസാരതയിലേക്ക് സൂക്ഷ്മമായി നോക്കുമ്പോഴുള്ള അനിർവചനീയമായ സൗന്ദര്യം, വിരസവും അക്ഷമവുമായ മനുഷ്യരുടെ പ്രവൃത്തിലോകം എന്നിവ മൂന്നും ഈ രംഗത്ത് സമ്മേളിക്കുന്നു. സ്ഥൂലമായ അർത്ഥത്തിൽ വലിയ കഥയൊന്നുമില്ല ഈ സിനിമയ്ക്ക്. ഒരു ആപ്പിൾ വീഴുന്നതുപോലെ നിസാരവും വിരസവുമായ ഒരു സംഭവം. പലദിവസങ്ങൾ പഴക്കമുള്ള, അത്രയൊന്നും സൗന്ദര്യബോധത്തെ ഉണർത്താൻ ഒരു സാധ്യതയുമില്ലാത്ത ഒരു മൃതദേഹമാണു സിനിമയുടെ കേന്ദ്രബിന്ദു. നിസ്സാരവും വിരസവുമായ ഒരു സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് നോക്കുമ്പോഴുളവാകുന്ന സൗന്ദര്യവും അവിടെ ഉരുത്തിരിയുന്ന മിസ്റ്ററിയുമാണു സിനിമയുടെ വിഷയം.



 സുദീർഘവും വിരസവുമായ മൃതദേഹാന്വേഷണവും പുരുഷസംഭാഷണങ്ങളും അനറ്റോളിയൻ പ്രകൃതിയും ചേർന്ന് സൃഷ്ടിക്കുന്ന വിരസതയ്ക്കും മടുപ്പിനും ഭീതിയ്ക്കും പുറമെ മറ്റൊന്നുകൂടി അവിടെ ഉണ്ടാകുന്നുണ്ട്. Some kind of a striking and disturbing absence of feminity in this male world. ഇവിടെയാണ് വഴിത്തിരിവാകുന്ന ഒരു കഥാപാത്രം കടന്നു വരുന്നത്.

പ്രകാശം പരത്തുന്ന പെൺകുട്ടി


മൃതദേഹം തിരഞ്ഞ് ക്ഷീണിച്ച സംഘാംഗങ്ങൾ സമീപത്തുള്ളൊരു ഗ്രാമത്തിൽ മേയറുടെ വീട്ടിൽ വിശ്രമിക്കാനെത്തുന്നു. അവർ ഭക്ഷണം കഴിച്ച് കഴിയാറാകുമ്പോൾ കരണ്ടു പോകുന്നു. സംഘത്തിലെ എല്ലാവർക്കുമായി ചായ കൊണ്ടുവരുന്നത് മേയറുടെ മകളായ ജമീലയാണ്. ഇരുട്ടിൽ, വിളക്കിന്റെ വെളിച്ചത്തിൽ പ്രശോഭിക്കുന്ന ജമീലയുടെ സുന്ദരമായ മുഖം ഈ പുരുഷന്മാരെ വിവരിക്കാനാകാത്ത ചില മാറ്റങ്ങൾക്ക് വിധേയരാക്കുന്നു. ഒരുതരത്തിൽ ആ കൂട്ടത്തിലെ പുരുഷന്മാർ പലരും സ്ത്രീകളുടെ അഭാവം കൊണ്ട് മാനസികക്ലേശങ്ങൾ അനുഭവിക്കുന്നവരാണെന്ന് സിനിമയിൽ നിന്ന് പിന്നീട് മനസ്സിലാക്കാം. ഡോക്ടർ തന്റെ വിവാഹമോചനത്തെക്കുറിച്ച് ഖിന്നനാണെന്ന്, മുൻ‌ഭാര്യയുടെ ചിത്രത്തിലേക്ക് നോക്കി ചിന്താമഗ്നനായി നിൽക്കുന്ന ഡോക്ടറുടെ ഒരു ഷോട്ടിലൂടെ സിനിമയിൽ പീന്നീട് സൂചിപ്പിക്കുന്നുണ്ട്. പ്രൊസിക്യൂട്ടർ പലപ്പോഴായി വിവരിക്കുന്നസ്ത്രീയുടെ മരണം, സ്വന്തം ഭാര്യയുടേത് തന്നെയാണെന്നും പിന്നീട് വ്യക്തമാകുന്നുണ്ട്. ഒരുതരത്തിൽ കെനാന്റെ കുറ്റകൃത്യത്തിനു കാരണവും ‘സ്ത്രീയുടെ അഭാവം’ തന്നെയാണല്ലോ. (കൊല്ലപ്പെട്ട യാസറിന്റെ മകന്റെ യഥാർത്ഥപിതാവ് താനാണെന്ന് കെനാൻ അപ്പോഴാണു തുറന്നു പറയുന്നത്.)

കഠിനമായ മർദ്ദനത്തെത്തുടർന്നും കുറ്റസമ്മതം നടത്താത്ത ചിലർ കുട്ടികളുടെയോ സ്ത്രീകളുടെയോ സാനിധ്യത്തെത്തുടർന്ന് കുറ്റസമ്മതം നടത്താറുണ്ട് എന്ന് സീലാനും ഭാര്യയ്ക്കുമൊപ്പം ഈ ചിത്രത്തിന്റെ തിരക്കഥയിൽ സഹകരിച്ച ഡോക്ടറായ Ercan Kesal തന്റെ ചില അനുഭവങ്ങളെ മുൻ‌നിർത്തി പറയുന്നത് ഒരു അഭിമുഖത്തിൽ സംവിധായകൻ വിശദീകരിക്കുന്നുണ്ട്. ബ്രദേഴ്സ് കാരമസോവിൽ, ഉറക്കമുണരുന്ന ദിമിത്രി, തന്റെ തലയ്ക്കടിയിൽ ആരോ ഒരു തലയിണ തിരുകി വെച്ചത് കണ്ടാണ് കുറ്റസമ്മതം നടത്തുന്നത്. അപ്രതീക്ഷിതമായ ഒരു act of compassion, അല്ലെങ്കിൽ ഒരു സൗന്ദര്യദർശനം ഈ പുരുഷന്മാരെ തകർക്കുന്നു. താൻ വധിച്ച യാസർ സമീപത്തിരുന്ന് ചായ വാങ്ങിക്കുടിക്കുന്നത് കെനാൻ കാണുന്നു. തുടർന്ന് അയാൾ കുറ്റസമ്മതം നടത്തുന്നു. പ്രൊസിക്യൂട്ടറും തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നു. തുടക്കത്തിൽ കെനാന് ഒരു സിഗരറ്റ് നൽകുന്നതു പോലും വിലക്കുന്ന പോലീസ് ഓഫീസർ നാസി, ഒരു സിഗരറ്റ് കത്തിച്ച് കെനാന് കൊടുക്കുക പോലും ചെയ്യുന്നു.

പിറ്റേദിവസം രാവിലെ കെനാൻ അവരെ മൃതദേഹം മറവു ചെയ്തിടത്തേക്ക് നയിക്കുന്നു. ഇടയ്ക്ക് യാസറിനെ കൊന്നത് താനാണെന്ന് പറഞ്ഞ് കരയുന്ന സഹോദരൻ റമസാനെ കെനാൻ ശാസിക്കുന്നുണ്ട്. മൃതദേഹം, മൃഗങ്ങളെയൊക്കെ കൊല്ലുന്നതിനു മുൻപ് കെട്ടുന്നതുപോലെ hogtie ചെയ്തിരിക്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട വിശദാംശങ്ങളിലൊന്ന്. Hogtie ഒരേസമയം ഒരു പീഡനമുറയും, bondage ലൈംഗികരീതികളിലൊന്നുമാണ്. യാസറിന്റെ ശരീരം കാറിൽ കൊള്ളാത്തതുകൊണ്ടാണ് hogtie ചെയ്തതെന്നാണ് കെനാന്റെ വിശദീകരണം. എന്നാൽ പിന്നീട് പോസ്റ്റ്മോർട്ടത്തിൽ വെളിപ്പെടുന്ന വിവരങ്ങൾ കെനാന്റെ മറുപടിയെ സംശയാസ്പദമാക്കുന്നുണ്ട്.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു. ഇവിടെയാണ് ഈ സിനിമയിലെ രണ്ടാമത്തെ സ്ത്രീകഥാപാത്രത്തെ നമ്മൾ കാണുന്നത്. യാസറിന്റെ ഭാര്യ ഗുൽനാസ്. ദഹിപ്പിക്കുന്ന നോട്ടം എന്നൊക്കെ പറയാവുന്ന രീതിയിലാണ് ഗുൽനാസ് കെനാനെ നോക്കുന്നത്. തന്നെ കല്ലെടുത്തെറിയുന്ന ഗുൽനാസിന്റെ മകനോടുള്ള കെനാന്റെ പ്രതികരണം, അവന്റെ പിതാവ് താനാണെന്ന കെനാന്റെ അവകാശവാദത്തെ സാധൂകരിക്കുന്നുണ്ട്. എന്നാൽ മകൻ കെനാനെ എറിയുന്നത് കാണുമ്പൊഴുള്ള ഗുൽനാസിന്റെ പ്രതികരണം ആ കഥാപാത്രത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ലോംഗ് ലെൻസിലാണ് സംവിധായകൻ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഔട്ട് ഓഫ് ഫോക്കസിലുള്ള ആൾക്കൂട്ടത്തിനു മറവിലാണ് അവർ. അതുകൊണ്ടുതന്നെ മിന്നായം പോലെയേ അവരെ നമ്മൾ കാണുന്നുള്ളൂ. ഈ ചെറിയ മാത്രയിലാണ് കഥാപാത്രത്തിന്റെ സങ്കീർണത മുഴുവൻ അവർ അവതരിപ്പിക്കുന്നത്.

ഇവിടെ ആദ്യത്തെ ഫ്രെയിമിൽ കെനാനോടുള്ള കോപം മാത്രമാണു മുഖത്തെങ്കിൽ രണ്ടാമത്തേതിൽ അല്പം സിമ്പതിയും കൂടി കലരുന്നില്ലേ? കെനാൻ അവരെ നോക്കുന്നതാകട്ടെ ഇവർ തമ്മിലുള്ള ബന്ധത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അധികം സൂചനകളൊന്നും സിനിമ തരുന്നില്ല. ഏതാണ്ട് പത്തുവയസ്സു പ്രായമുള്ള മകന്റെ പിതാവ് എന്നതിൽ കൂടുതൽ, ഇവർ തമ്മിൽ ഇപ്പോഴും ബന്ധമുണ്ടോ എന്ന് സിനിമ പറയുന്നില്ല. കെനാൻ അവരുടെ ഭർത്താവിനെ കൊന്നതിൽ ആ സ്ത്രീയ്ക്ക് എന്തെങ്കിലും പങ്കുണ്ടാകുമോ?

തുടർന്ന്, സിനിമയുടെ ആഖ്യാനം ഡോക്ടർ എന്ന കഥാപാത്രത്തിൽ കേന്ദ്രീകരിക്കുന്നു. ഈ സിനിമയിൽ സബ്ജക്ടീവ് ഷോട്ടുകൾ ലഭിക്കുന്ന ഒരേയൊരു കഥാപാത്രം ഡോക്ടറാണ്. ആദ്യം മുതൽ തന്നെ ഇടയ്ക്കിടെ ഡോക്ടറിൽ കേന്ദ്രീകരിക്കുന്ന വിഷ്വലുകൾ സൂചിപ്പിക്കുന്നത് ഡോക്ടറാണ് ഇവിടെ പ്രധാന കഥാപാത്രം എന്നാണ്. എന്നാൽ ഇത് അയാളുടെ കഥയല്ല, മറിച്ച് അയാൾ ദൃക്‌സാക്ഷിയാകുന്ന ഒരു കഥ മാത്രമാണ്. എന്നാൽ അയാൾ എല്ലാമറിയുന്ന ആഖ്യാതാവല്ല, പലതുമറിയാത്ത ഒരു സാധാരണ മനുഷ്യനാണ്. അയാൾ കഥ പറയുന്നു പോലുമില്ല. എന്നാലും ഒരിക്കൽ പോലും ഡോക്ടർക്കറിയാവുന്നതിൽ കൂടുതൽ വിവരം സംവിധായകൻ നമുക്കും തരുന്നില്ല. എന്തുകൊണ്ടാണ് ഈ മനുഷ്യരൊക്കെ ഇതേവിധത്തിൽ പെരുമാറുന്നതെന്ന് അയാൾക്കറിയില്ല. സിനിമ അതു വിശദീകരിക്കുന്നുമില്ല.

ഒറ്റയ്ക്ക് പട്ടണത്തിലൂടെ നടക്കുന്ന ഡോക്ടറെ സിനിമ അല്പസമയം പിന്തുടരുന്നുണ്ട്. ഒരു ചായക്കടയിൽ വെച്ച്, മരിച്ചുപോയ യാസറിനെപ്പറ്റി ചിലതൊക്കെ അയാൾ കേൾക്കുന്നു. കാന്റീനിന്റെ അടുക്കളയിലിരുന്ന് ഭക്ഷണം കഴിക്കുന്ന യാസറിന്റെ അനാഥനായ മകനെ അയാൾ കാണുന്നു. സുദീർഘമായ ഒരു പോസ്റ്റ്മോർട്ടം രംഗത്തിലാണു സിനിമ അവസാനിക്കുന്നത്. മൃതശരീരത്തിൽ അടിവസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നൊരു വിവരം സംവിധായകൻ നൽകുന്നുണ്ട്. യാസറിന്റെ ശരീരം വെട്ടിപ്പൊളിക്കുന്നതും ആന്തരികാവയവങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നതും ഫ്രെയിമിനു വെളിയിലാണെങ്കിലും ശബ്ദസംവിധാനം കൊണ്ടും വിശദീകരണം കൊണ്ടും കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുക. യാസറിന്റെ ശ്വാസകോശത്തിൽ മണ്ണു കണ്ടെത്തുന്നത്, മരിക്കുന്നതിനു മുന്നേ തന്നെ അവർ അയാളെ കുഴിച്ചിട്ടിരുന്നു എന്നാണു സൂചിപ്പിക്കുന്നത്. ഇത് പുറത്തറിഞ്ഞാൽ കെനാനു ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം കൂടുമെന്നറിയാവുന്ന ഡോക്ടർ ഈ വിവരം റിപ്പോർട്ടിൽ നിന്നും മറച്ചുവെക്കുന്നു. ഡോക്ടർ ജനലിലൂടെ നോക്കുമ്പോൾ കാണുന്നത് നടന്നകലുന്ന ഗുൽനാസിനെയും മകനെയുമാണ്.

ഈയൊരു അർദ്ധവിരാമത്തിലാണു സിനിമ അവസാനിക്കുന്നത്. ആദ്യകാഴ്ചയെത്തുടർന്ന് ഈ കുറിപ്പിന്റെ തുടക്കത്തിലെഴുതിയ ചോദ്യങ്ങൾക്ക് ഇപ്പോഴും തീർത്തും തൃപ്തികരമായ ഉത്തരങ്ങളായിട്ടില്ല. എന്താണ് ശരിക്കും സംഭവിച്ചെതെന്നോ, ആരാണു യാസറിനെ കൊന്നതെന്നോ, കെനാൻ ശരിക്കും കുറ്റവാളിയാണോ അതോ, അമ്മയ്ക്കു കൊടുത്ത വാക്കു പാലിക്കാൻ mentally challenged ആയ സഹോദരനെ സംരക്ഷിക്കാൻ കുറ്റമേൽക്കുന്നതാണോ എന്നൊന്നും സിനിമ വ്യക്തമാക്കുന്നില്ല. ഭർത്താവിന്റെ ഘാതകനോട് ഗുൽനാസിനുള്ള മനോഭാവവും വ്യക്തമല്ല. ചുരുക്കത്തിൽ എന്തുകൊണ്ടാണ് ഈ മനുഷ്യരൊക്കെ ഇതുപോലെ പെരുമാറുന്നതെന്ന് സിനിമ വ്യക്തമാക്കുന്നില്ല. ഒന്നാല്ലോചിച്ചാൽ യഥാർത്ഥജീവിതത്തിലും ഇതുപൊലെയല്ലേ കാര്യങ്ങൾ? എന്തുകൊണ്ടാണ് ഓരോരുത്തരും ഓരോ വിധത്തിൽ പെരുമാറുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിയും ഓരോ മഞ്ഞുമലയുടെ മുകളറ്റം പോലെ, സ്വന്തം ആന്തരികലോകങ്ങളെ ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്നു.

യാസറിനെ മരിക്കുന്നതിനു മുൻപ് കുഴിച്ചിട്ടതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടും ഡോക്ടർ ആ വിവരം റിപ്പോർട്ടിൽ നിന്നും മറച്ചു വെക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മാത്രം ചില സൂചനകൾ സിനിമയിൽ നിന്നും കണ്ടെടുക്കാം.
തുടക്കത്തിലെ യാത്രയിൽ കെനാന് സമീപമാണ് അയാൾ ഇരിക്കുന്നത്. ഇടയ്ക്ക് വെച്ച് കെനാൻ ഒരു സിഗരറ്റ് ചോദിക്കുന്നത് ഡോക്ടറോടാണ്. ഡോക്ടർ സിഗരറ്റ് കൊടുക്കുന്നെങ്കിലും അതു വലിക്കുന്നതിൽ നിന്നും പോലീസ് അയാളെ തടയുന്നു. എങ്കിലും അയാൾ ഡോക്ടറോട് നന്ദി പറയുന്നുണ്ട്. ആ കൂട്ടത്തിലെ മറ്റെല്ലാവരെയും പോലെ, തലേ രാത്രിയിൽ അപ്രതീക്ഷിതമായി കാണുന്ന പെൺകുട്ടി അയാളെയും മാറ്റിമറിക്കുന്നുണ്ട്. He is now able to show some compassion. ഗുൽനാസിന്റെ കുട്ടിയുടെ അച്ഛൻ കെനാനാണെന്ന അറിവ്, അറിയപ്പെടാത്ത രഹസ്യങ്ങൾ അവരുടെയും ജീവിതത്തിലുണ്ടെന്ന് ഡോക്ടറെ ബോധവാനാ‍ക്കുന്നു. ഒരുപക്ഷേ, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കെനാനോട്, മകനു ക്ഷമിക്കാനായേക്കും. ഒരുപക്ഷേ അങ്ങനെയൊരു സാധ്യതയ്ക്കു വേണ്ടിയായിരിക്കാം, അയാൾ കെനാനു ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യം കുറയുന്ന രീതിയിൽ റിപ്പോർട്ട് എഴുതുന്നത്. അവസാനം, അയാൾ ഒരു കൊലപാതകിയോടുപോലും കൂടുതൽ സഹാനുഭൂതിയും ദയയുമുള്ള ഒരാളാകുന്നു. 

This film is a true mystery. It appears that the director often deliberately withholds information and it leaves us wondering why the characters do as they do. സിനിമയെന്ന മീഡിയത്തെ അപേക്ഷിച്ച് സാഹിത്യത്തിനുള്ള മെച്ചം, വായനക്കാരുടെ ഇമാജിനേഷനെ ഉപയോഗിക്കാനാകുമെന്നതാണ്. സിനിമയിലും ഒരു പരിധിവരെ ഇതു സാധ്യമാണെന്ന് ഈ സിനിമയിലൂടെ നൂറി ബിൽജി സീലാൻ തെളിയിക്കുന്നു. ഈ സിനിമ കാണുന്ന പ്രേക്ഷകരും അവരവരുടെ ഭാവനയുപയോഗിച്ച് ഈ കഥയിലെ വിട്ടുപോയ കാര്യങ്ങൾ പൂരിപ്പിച്ച് മുഴുവനാക്കാൻ ശ്രമിക്കും. In fact, life is full of ambiguities. We create half of the reality ourselves. സംവിധായകൻ തന്നെ വിശദീകരിക്കുന്നു. ഒരുപക്ഷേ, ഈ സിനിമ മുന്നോട്ടു വെക്കുന്ന ആശയവും അതു തന്നെയാവും.

15 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സേവ് ചെയ്തിട്ടുണ്ട് ... സിനിമ കണ്ടിട്ട് വായിക്കാം .....

JIGISH said...

Ambiguity തന്നെയാണ് സൌന്ദര്യം. ഈ സിനിമയുടെ മാത്രമല്ല. ഏതു സിനിമയുടെയും. സിലാന്റെ ആവിഷ്കാരം കൂടുതൽ ഗഹനമാണെന്നു മാത്രം. മുഖ്യധാരാ ഹോളിവുഡിൽ ഞാൻ കാണുന്ന പോരായ്മയും Ambiguity ഇല്ലായ്മയാണ്. നല്ല വിശകലനം.!

JIGISH said...

Ambiguity തന്നെയാണ് സൌന്ദര്യം. ഈ സിനിമയുടെ മാത്രമല്ല. ഏതു സിനിമയുടെയും. സിലാന്റെ ആവിഷ്കാരം കൂടുതൽ ഗഹനമാണെന്നു മാത്രം. മുഖ്യധാരാ ഹോളിവുഡിൽ ഞാൻ കാണുന്ന പോരായ്മയും Ambiguity ഇല്ലായ്മയാണ്. നല്ല വിശകലനം.!

Rajesh said...

Loved it, inspite of all the mystery.
That scene, where the girl comes to serve them, was simply beautiful.

SMASH said...

സിനിമ കണ്ടിരുന്നു.സബ്ടൈറ്റില്‍ വായിച്ചു കുറച്ചു കഷ്ടപെട്ടു . സംഭാഷണം വളരെ അധികം ഉള്ളപോലെ തോന്നി..ഒരു പ്രത്യേക മൂഡ്‌ ക്രിയേറ്റ്‌ ചെയ്ത സിനിമ.

എങ്കിലും ഉസക്ക് ആണ് ഏറ്റവും ഇഷ്ടപെട്ടത്‌..!

Tomz said...

വളരെ നല്ല പഠനം !

Ajay Madhu said...

നല്ല നിരീക്ഷണം :)

ജിഗീശേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു :)

Roby said...

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ജിഗീഷ് ഹോളിവുഡ് ചിത്രങ്ങളെക്കുറിച്ച് പറഞ്ഞതിനോട് യോജിപ്പില്ല. Ambiguity ഉപയോഗിച്ച സിനിമകൾ ഹോളിവുഡിലും ഒരുപാടുണ്ട്.
In fact, it was a common device in 'new Hollywood films'. Five Easy Pieces, Two-lane blacktop, The Conversation, The Shining, A League of Their Own, Manhattan, Annie Hall.

Robert Altman's films often had ambiguous endings - Nashville, Short Cuts, 3 Women, The long goodbye etc

Coens also bring ambiguity effectively into their narratives. A Serious Man and The man who wasn't there for example. Also watch Broken Flowers and Dead man by Jim Jarmusch.

Even in recent films, ambiguity s widely used. Match point, Synedoche Newyork, Bernie, and Take shelter (if you count indies).

Anonymous said...

മേയറുടെ മകളെ പറ്റി കുറച്ചു കാര്യങ്ങള്‍ അറിഞ്ഞത് ...മേയറുടെ മകള്‍ എങ്ങിനെ അറിഞ്ഞു കേനാന്റെ മന്ദബുദ്ധി സഹോദരനാണ് കോള വേണ്ടതെന്ന് .അവള്‍ ഒരു ആത്മാവ് ആയിരുന്നില്ലേ ?...ഈ ചോദ്യം ഗൂഗിളില്‍ കൊടുത്തപ്പോള്‍ കിട്ടിയ ലിങ്ക് ആണ് താഴെ ....http://www.fandor.com/blog/scenes-once-upon-a-time-in-anatolia

കേനാനെ കണ്ട ശേഷം യാസരിനു പെണ്‍കുട്ടി ഹണി കൊടുക്കുമ്പോള്‍ ..കേനാന്‍ അയാളോട് അയാള്‍ യാതൊരു വികാരവും ഇല്ലാതെ ഇരിക്കുമ്പോള്‍ "നിനക്ക് ജീവനുണ്ടോ ?" എന്ന് ചോദിക്കുന്നു .പെട്ടന്ന് അയാള്‍ അസ്വസ്ഥനാകുന്നു .നെഞ്ച് തിരുമ്മുന്നു...ലിങ്ക് നോക്കുക
Ceylan initially holds on Kenan’s face as he reacts to the girl’s presence. The criminal looks up as if he’s seen a lost friend, or perhaps a phantasm, unable to pull his gaze away from the lamp’s illuminating glow. Crickets chirp and dogs bark while the wind continues to howl. Ceylan then cuts to the reverse shot of the angelic girl from low angle, her face now awash in light, her skin a smooth reminder of youth in a film dirtied by age and regret. After a moment of hesitation, the girl moves on, leaving Kenan alone. Seemingly greatly affected by the presence of beauty followed by its immediate departure, Kenan begins to sob, only to look up and find Yasar, his victim, now very much alive receiving tea from the girl mere feet away. “Aren’t you dead?” Kenan asks. Yasar quietly drinks his tea, only to begin growing short of breath and gasping for air, suffocating slowly before his murderer’s eyes all over again.

In a film that feels possessed by the here and now, this scene is one of the few that represents a potential afterlife in Anatolia, albeit one rooted in supernatural ambiguity and stasis. But Ceylan so effortlessly melds them together it’s hard to see where one begins and the other ends. In Anatolia, purgatory on Earth and in the heavens co-exist in the details of daily life and human contradiction, no matter how many fairy tales we create to preach the contrary.

Rajmohan said...

രണ്ട് വർഷം മുമ്പത്തെ IFFKയിൽ കണ്ടതാണ്‌ ഈ ചിത്രം. പിന്നീട് കാണാൻ പറ്റിയിട്ടില്ല. വല്ലാതെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ്‌ ‘അനറ്റോളിയ’.

ചിത്രം കണ്ടുകൊണ്ടിരുന്നപ്പോൾ എന്തുകൊണ്ടോ എനിക്ക് ഈ ചിത്രവും തർക്കോവ്സ്കിയുടെ Stalkerഉം തമ്മിൽ എവിടെയൊക്കയോ ഒരു സാമ്യം തോന്നി. (നൂറിയുടെ ആദ്യ ചിത്രമായ ‘ഉസാക്കിൽ’ Stalkerന്റെ വിഷ്വലുകൾ വളരെ അധികം ഉപയോഗിച്ചിട്ടുണ്ടെന്നാണ്‌ ഓർമ്മ). Stalkerലെ കഥാപാത്രങ്ങൾ നടത്തുന്ന സാഹസിക യാത്ര അവരുടെ തന്നെ മനസ്സിന്റെ ഉള്ളറകളിലേയ്ക്ക് നടത്തുന്ന ആത്മീയ യാത്രയാണെന്ന് തോന്നിയിട്ടുണ്ട്. അനറ്റോളിയയില്കൂടി ഇവർ നടത്തുന്നതും സമാനമായ ഒരു യാത്രയായി തോന്നി. ഇതിലെ കഥാപാത്രങ്ങൾ മിക്കവരും സ്വന്തം മനസ്സിന്റെ ഉള്ളറകളിൽ എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട്. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യിൽ നിന്നും ഉത്ഭവിക്കുന്ന ആത്മീയ പ്രകാശം (അവളുടെ physical സൗന്ദര്യത്തിനപ്പുറമെന്തോ ഒന്ന് ആ ദൃശ്യം പ്രേക്ഷകനിലേക്കും ചൊരിയുന്നുണ്ടെന്ന് തോന്നി) അവരെ അശക്തരാക്കുന്നു, നഗ്നരാക്കുന്നു. പിന്നീട് നടക്കുന്നത് ഒരു ബലപ്രയോഗവും കൂടാതെ നടക്കുന്ന ഏറ്റു പറച്ചിലുകളാണ്‌.

[Turkish സിനിമകൾ വിസ്മയിപ്പിച്ച വർഷമായിരുന്നു അത്. Semih Kaplanoğluയുടെ Egg, Honey, Milk എന്നീ ചിത്രങ്ങളും അനറ്റോളിയയും അയൽ രാജ്യത്തിനിന്നുമുള്ള Theo Angelopoulos ന്റെ retroയും ഒക്കെ ഒരുമിച്ച് കാണുവാൻ സാധിച്ചു ആ വർഷം.]

പാക്കരൻ said...

പറഞ്ഞത് ശരിയാണ് സിനിമ കണ്ട് മൂന്നാല് ദിവസം കഴിഞ്ഞിട്ടും സിനിമയിൽ കണ്ട പലചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞ് നടക്കുകയാണ് മനസ്സ്.... :)

SHAHEER CHOLASSERY said...

Great analysis. Nice to read your explanation.... being a great fan of ceylan.. its one of my favorite movie.... it takes u in to a different mood....

.v e e n u s. said...

ഇത്ര നന്നായി ഒരു മലയാളം ബ്ലോഗ് സിനിമയെ വിശകലനം ചെയ്തു കൊണ്ടിരിക്കെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ എഴുതിയത് തന്നെ വലിയ ഒരു കാര്യം!

എന്റെ മനസ്സിൽ ഒരു പാട് സ്പർശിച്ചത് അതിലെ മരിച്ച സ്ത്രീയുടെ കഥയാണ്. മരണകാരണം താനാണെന്ന് ഭര്ത്താവ് തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്കെന്ത് എന്ന് കരുതിയ ഭാര്യയുടെ വ്യക്തിത്വം. അമ്മയുടെ ചുമതല നടപ്പിലാക്കാൻ പോലും അവരുടെ സ്വയം കൊന്നു പ്രതികാരം നടപ്പിലാക്കുന്ന സ്ത്രീത്വം സമ്മതിക്കുന്നില്ല. ജോലിക്കിടെ കൃത്യമായി പെരുമാറാൻ കഴിവുള്ള അവരുടെ ഭര്ത്താവ് ഇവിടെ അയാളുടെ പരസ്ത്രീബന്ധം വെള്ള പൂശാൻ വെമ്പൽ കൊള്ളുമ്പോ ഇവിടെ negotiate ചെയ്യാൻ ഭാര്യ ജീവിച്ചിരിക്കുന്നില്ല. ആ സ്ത്രീയുടെ വെറുപ്പ് അത്രയ്ക്ക് അധികം അല്ലേ? സിനിമയിലുടനീളം എല്ലാ ജോലി സാഹചര്യത്തിലും സ്ഥിര മനസ്ഥിതിയിൽ കഴിയുന്ന, എല്ലാവരും ബഹുമാനിക്കുന്ന, പ്രോസിക്യൂട്ടർ അൽപ നേരത്തേക്ക് പതറി അനന്തതയിലേക്ക് നോക്കി നിൽക്കുന്നത് ഒരു പ്രത്യേക കാഴ്ചയാണ്. മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞ 'ഇതാണ് വാര്യരെ പെണ്ണ്' എന്ന ഡയലോഗ് പ്രേക്ഷകനെ കൊണ്ട് പറയിപ്പിക്കുന്ന മുഹൂർത്തം. ഡോക്ടർ ശ്രദ്ധിക്കുമ്പോ, പതറിയ കണ്ണുകളോടെ 'എന്റെ ഭാര്യ എന്നെ കടത്തിവെട്ടി' എന്ന ഒരു ഡയലോഗ് മതി ഒരു പ്രാവശ്യം പോലും മുഖം കാണിക്കാത്ത ആ കഥാപാത്രത്തെ അകക്കണ്ണിൽ നായിക ആക്കാൻ. തുർക്കി പോലത്തെ ആൺ മേൽക്കോയ്മ ഉള്ള ഒരു രാജ്യത്തെ ആ സ്ത്രീ ഒരു കഥാപാത്രത്തിൽ ഒതുങ്ങുമോ? കഥാകാരൻ/ സംവിധായകൻ അത്രയ്ക്ക് മറ്റൊരു തലത്തിൽ ആണ് കഥപറഞ്ഞത്. ഏതാണ് പ്രധാന കഥ? എനിക്ക് തോന്നുന്നു അത് പ്രേക്ഷകന് ആണ് തീരുമാനിക്കുന്നത്.

സത്യത്തിൽ പറഞ്ഞാൽ ആപ്പിൾ വീണതൊക്കെ ഒരു വിധത്തിൽ കൊണ്ട് വന്നു കെട്ടിയതു തങ്ങളുടെ റിവ്യൂ വായിച്ചിട്ടാണ്.

അക്ഷരാർത്ഥത്തിൽ നന്നായിട്ടുണ്ട് ഈ ലേഖനം. ഇനിയും എഴുതുക.

/veenus

Unknown said...

എന്‍റെ ഏറ്റവും favourite സിനിമകളിലൊന്ന്. മികച്ച ഒരു എഴുത്ത്. ഈ സിനിമയ്ക്ക് ഞാന്‍ തയ്യാറാക്കിയ മലയാള പരിഭാഷ എം സോണില്‍ ലഭ്യമാണ്. കാണുക . അഭിപ്രായങ്ങള്‍ അറിയിക്കുക. ലിങ്ക് ചുവടെ നല്‍കുന്നു.
http://www.malayalamsubtitles.org/2017/10/once-upon-time-in-anatolia-2012.html

Unknown said...

കണ്ട് നല്ല പരിഭാഷ.��