Thursday, October 14, 2010

ടേൽസ് ഫ്രം ദി ഗോൾഡൻ ഏജ് (2009)

4 Months, 3 Weeks and 2 Days എന്ന സിനിമയ്ക്ക്, 2007-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിലെ പാം ഡി’ഓർ നേടിയ റുമേനിയൻ സംവിധായകൻ ക്രിസ്റ്റ്യൻ മുങ്‌ജുവിന്റെ രചനയിൽ, അദ്ദേഹമടക്കം 5 സംവിധായകർ ചേർന്ന് ഒരുക്കിയ, ആറു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ടേൽ‌സ് ഫ്രം ദി ഗോൾഡൻ ഏജ് (2009). റുമേനിയയിലെ ചൗഷസ്ക്യു കാലഘട്ടത്തെ പരിഹസിക്കുന്ന അർബൻലെജണ്ടുകളാണ് ഈ കഥകൾക്കാധാരം. ചരിത്ര-സാമൂഹ്യവിമർശനം എന്നതു പോയിട്ട് പരിഹാസം പോലുമാകാതെ അടുക്കളപരദൂഷണത്തിന്റെ ലെവലിൽ നിൽക്കുന്നതാണു ആറുകഥകളും എന്നതിനാൽ, ഹാസ്യത്തിന്റെ ലഘുത്വത്തിലൂടെ ഒരു കാലഘട്ടത്തിന്റെ വിമർശനമാണു സിനിമ ഉദ്ദേശിക്കുന്നതെന്ന് സംവിധായകർ പറയുന്നതു കേട്ടു വേണം മനസ്സിലാക്കാൻ. കമ്യൂണിസ്റ്റ് വിരുദ്ധപ്രചാരണത്തോടടുക്കുന്ന സിനിമ, ദൃശ്യപരതയിലോ ആഖ്യാനത്തിലോ പുതുമ പുലർത്തുന്നില്ല എന്ന കാരണത്താൽ വർത്തമാനകാലസിനിമയുടെ ലോകത്ത് എന്തുമാത്രം പ്രസക്തമാണെന്ന ചോദ്യം ഉയരുന്നുണ്ട്.


The Legend of the Official Visit, The Legend of the Party Photographer, The Legend of the Enthusiastic Activist, The Legend of the Greedy Policeman എന്നിങ്ങനെ നാലുകഥകളാണ്, ‘അധികാരത്തിന്റെ കഥകൾ’ എന്ന ആദ്യഭാഗത്ത്. അക്കാലത്തെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകർക്കും ഔദ്യോഗികസ്ഥാനങ്ങളിലിരിക്കുന്ന ചിലർക്കും സംഭവിക്കുന്ന മണ്ടത്തരങ്ങളും അമളികളുമൊക്കെയാണു ഏതാണ്ടെല്ലാ കഥകളുടെയും വിഷയം. The Legend of the Enthusiastic Activist എന്ന ഖണ്ഡത്തിൽ, സാക്ഷരതാപ്രവർത്തനത്തിനു വന്ന പാർട്ടി പ്രവർത്തകൻ, കാലിലെ ചെളി ഇലക്ട്രിക് പോസ്റ്റിലുരച്ചുകളയുന്നതു കണ്ട് ഷോക്കടിച്ചതാണെന്ന് തെറ്റിദ്ധരിച്ച്, അടിച്ച് കൈയൊടിക്കുന്നതൊക്കെയാണിതിലെ തമാശ. സമാനമായ രംഗങ്ങൾ മലയാളസിനിമകളിൽ തന്നെ എത്രതവണ കണ്ടിരിക്കുന്നു. ‘അത്യാഗ്രഹിയായ പോലീസുകാരന്റെ കഥ’യിൽ, ഒരു പന്നിയെ ആർക്കും പങ്കുവെക്കാതെ ഒറ്റയ്ക്കു തിന്നാനുള്ള ശ്രമത്തിൽ, അടുക്കളയിലിട്ട് പന്നിയെ കൊല്ലാൻ ശ്രമിക്കുന്നതും വീടിനു തീ പിടിക്കുന്നതുമൊക്കെയാണുള്ളത്. വിമർശനം എന്ന നിലയിൽ അതിദയനീയമാണ് ഇതിലെ ഓരോ കഥകളും.


‘സ്നേഹത്തിന്റെ കഥകൾ’ എന്ന രണ്ടാംഭാഗത്ത് The Legend of the Air Sellers, The Legend of the Chicken Driver എന്നിങ്ങനെ രണ്ടുകഥകളാണുള്ളത്. The Legend of the Air Sellers എന്ന കഥയിൽ, വിനോദയാത്രയ്ക്കു പോകാൻ എളുപ്പത്തിൽ പണം കണ്ടെത്താൻ, ഒരു പെൺകുട്ടി, കാലിക്കുപ്പികൾ ശേഖരിച്ച് വിൽക്കുന്നതും, പ്രശ്നത്തിലാകുന്നതുമാണു വിഷയം. കമ്യൂണിസത്തിന്റെ അവസാനത്തോടെ റുമേനിക്കാർ കാലിക്കുപ്പി വിറ്റ് കാറുകൾ വാങ്ങി എന്നു പറഞ്ഞുകൊണ്ടാണ് ഈ കഥ അവസാനിക്കുന്നത്. The Legend of the Chicken Driver എന്ന കഥയിൽ, ഭാര്യയോട് ലൈംഗികതാത്പര്യമൊന്നുമില്ലാത്ത ഒരു ട്രക്ക് ഡ്രൈവർ, വഴിയരികിൽ ഹോട്ടൽ നടത്തുന്ന സ്ത്രീയോട് ബന്ധം സ്ഥാപിക്കാൻ സ്വന്തം ജോലി ദുരുപയോഗം ചെയ്യുന്നതാണു കഥ. കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ ജീവൻ നിലനിർത്താൻ പലർക്കും മോഷ്ടിക്കേണ്ടതായി വന്നു എന്നു പറഞ്ഞാണ് ഈ കഥ അവസാനിക്കുന്നത്. അതായത്, കഥയുടെ ഉദ്ദേശ്യം എന്ന് സംവിധായകൻ അവകാശപ്പെടുന്നതും കഥയിൽ കാണുന്നതും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നു ചുരുക്കം.

സിനിമ സ്പോൺസർ ചെയ്ത കോർപറേറ്റുകളുടെ പേരുകൾ കാണിച്ചുകൊണ്ടാണു സിനിമയുടെ തുടക്കം. യൂണിലിവർ പോലെ, സാധാരണയായി സിനിമയിൽ മുതൽമുടക്കാത്ത കോർപറേറ്റ് സ്ഥാപനങ്ങൾ വരെ ഈ സിനിമയുടെ പ്രായോജകരായുണ്ട്. അതായത് കമ്യൂണിസത്തെ പരിഹസിക്കുന്ന അടുക്കളതമാശകൾ സ്പോൺസർ ചെയ്യാൻ കോർപറേറ്റുകൾ ഒരു മടിയും കാണിച്ചില്ലെന്ന് ചുരുക്കം. പക്ഷേ സമയം ചതിച്ചു. കമ്യൂണിസത്തെ കളിയാക്കാൻ കാപിറ്റലിസ്റ്റ് ഒത്താശയാൽ തയ്യാറാക്കിയ സിനിമ റിലീസിനു കാലമാ‍യപ്പോഴേക്കും, സർക്കാരുകളിൽ നിന്നും സോഷ്യലിസ്റ്റ് രീതിയിൽ സഹായം വാങ്ങുന്ന ദയനീയ അവസ്ഥയിലായിരുന്നു ഈ കോർപറേറ്റ് സ്ഥാപനങ്ങൾ. കാപിറ്റലിസം അമ്പേ പരാജയമാണെന്ന് തെളിഞ്ഞ ചരിത്രസന്ധിയിലേക്കാണ്, ഉടുതുണിയില്ലാതെ ഈ സിനിമ പിറന്നു വീഴുന്നത്.


കമ്യൂണിസം തകർന്നതിനു ശേഷം റുമേനിയയിലെ അവസ്ഥ പഴയതിനെക്കാൾ മോശമായി എന്നതാണു സത്യം. അതായത്, രണ്ടാം ലോകയുദ്ധം വരുത്തിയ നാശാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പതിറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ സമ്പദ് വ്യവസ്ഥ വീണ്ടും നശിപ്പിക്കാൻ കാപിറ്റലിസത്തിനു വർഷങ്ങളേ വേണ്ടി വന്നുള്ളൂ. പരിതാപകരമായ വർത്തമാനകാലത്തിലിരുന്ന്, പഴയകാലത്തിന്റെ മണ്ടത്തരങ്ങളെ നോക്കി പല്ലിളിക്കുന്നതിൽ വല്ലാത്തൊരു വിരോധാഭാസമുണ്ട്.

സിനിമയുടെ ആശയം ഒഴിച്ച്, സാങ്കേതികമായി സമീപിച്ചാൽ മോശമല്ലാത്തൊരു സിനിമയാണിത്. കണ്ടിരിക്കാൻ രസം, നല്ല അഭിനയം, ചിലതൊക്കെ ബോറടിപ്പിക്കുമെങ്കിലും ബാൾക്കൻ സിനിമകളിൽ പൊതുവെ കാണാറുള്ള നർമ്മം, പുതുമയൊന്നുമില്ലെങ്കിലും പിഴവുകളില്ലാത്ത ആഖ്യാനം. നേരിട്ടുള്ള കഥപറച്ചിലിന്റെ എളുപ്പവഴി സ്വീകരിക്കുമ്പോഴും സിനിമയുടെ ഭാഷയെ അടിസ്ഥാനപരമായി പരിഷ്കരിക്കുന്നതൊന്നും ഇതിലില്ല. ഇനി, സാമൂഹ്യവിമർശനം എന്ന ബാധ്യതയൊന്നും കൊടുക്കാതെ കണ്ടാലും, രസകരമാണു ഈ സിനിമ. പക്ഷേ, ആശയലോകത്തെ പൂർണമായും അവഗണിക്കാനും സംവിധായകരുടെ അവകാശവാദങ്ങൾ മറക്കാനുമാകില്ലല്ലോ.

ചൗഷസ്ക്യു കാലഘട്ടത്തെക്കുറിച്ച്, പ്രസക്തവും തീക്ഷ്ണവുമായ വിമർശനങ്ങൾ ക്രിസ്റ്റ്യൻ മുങ്ജു മുൻപുയർത്തിയിട്ടുണ്ട്, 4 Months, 3 Weeks and 2 Days എന്ന സിനിമയിൽ. ഇതേ വിഷയം പരിഗണിച്ച സമീപകാലത്തെ റുമേനിയൻ ചലച്ചിത്രങ്ങളായ How I Celebrated the End of the World (2006) (സംവിധാനം Catalin Mitulescu), 12:08 East of Bucharest (2006) (സംവിധാനം: Corneliu Porumboiu) എന്നീ സിനിമകളോടു താരതമ്യപ്പെടുത്തിയാലും ഏറെ ദുർബലമാണു ഈ സിനിമയുടെ ആശയലോകം.

7 comments:

കുണാപ്പന്‍ said...

Kindly add search option

Prof.R.K.Pillai said...

I am new visitor to your blog.It is very interesting.I am serious film fan from 1972 and have a collection of movies.Thanks for the information about new movies and hope that you will upload more details about other amazing movies.

Green Umbrella said...

കണ്ടു ഇഷ്ടപ്പെട്ടു...പറഞ്ഞതുപോലെ കഥയുടെ ഉദ്ദേശം കഥയോട് യാതൊരു സാമ്യവും ഇല്ല...The Legend of the Chicken Driver തന്നെ ഉത്തമ ഉദാഹരണം. പക്ഷെ കണ്ടിരിക്കാന്‍ നല്ല സിനിമ.

Binu Karunakaran said...

Romania’s Communist dictator Nicolae Ceauºescu ran a tight ship from 1965 – 1989. He created a police state and an environment of fear, imposed stiff laws and penalties that eventually caused 2 million political assassinations and threw the country into poverty.

Ceauºescu was eventually executed in the rebellion of 1989. Read the interview with Filmmaker Cristian Mungiu here. http://www.monstersandcritics.com/movies/features/article_1591440.php/Christian-Mungiu-talks-Tales-from-the-Golden-Age

African Mallu said...

റോബി ,
നല്ല ചലച്ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്ന താങ്കളുടെ ബ്ലോഗ്‌ വളരെ ഇഷ്ടപ്പെട്ടു .പലപ്പോഴും വിരസമായ ദൂര യാത്രകളില്‍ മൊബൈലില്‍ ആണ് മുഴുവനും വായിച്ചത് .യാത്രയുടെ വിരസത തെല്ലും ബാധിച്ചില്ല ..മാത്രവുമല്ല ഇപ്പോള്‍ torrent ഇല് പല ചിത്രങ്ങള്‍ക്കും വിത്ത് പാകി കാത്തിരിക്കുന്നു ...പ്രത്യേകിച്ചും DOWNFALL ,ഇവിടെ (ഘാന)സിനിമകള്‍ കിട്ടാന്‍ വളരെ പ്രയാസം.. ...നന്ദി...നന്ദി..

സ്വപ്നാടകന്‍ said...

"സാക്ഷരതാപ്രവർത്തനത്തിനു വന്ന പാർട്ടി പ്രവർത്തകൻ, കാലിലെ ചെളി ഇലക്ട്രിക് പോസ്റ്റിലുരച്ചുകളയുന്നതു കണ്ട് ഷോക്കടിച്ചതാണെന്ന് തെറ്റിദ്ധരിച്ച്, അടിച്ച് കൈയൊടിക്കുന്നതൊക്കെയാണിതിലെ തമാശ"

ഹെന്റമ്മേ ...അപ്പൊ കാണണോ??:)

moonlitlake said...

Beautiful review..