Wednesday, May 12, 2010

വൈറ്റ് റിബണ്‍ (2009)

ക്രൈം ജനുസ്സില്‍ വരുന്ന മിക്കവാറും സിനിമയിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചില കഥാപാത്രങ്ങള്‍ ഉണ്ടാവും. കുറ്റവാളിയെ കാണിച്ചു തരുന്ന സിനിമതന്നെ ആ കുറ്റവാളിയുടെ കുറ്റവാസനയ്ക്കുള്ള/സ്വഭാവത്തിനുള്ള വിശദീകരണവും നല്‍കുകയാണു പതിവ്. ഇത്തരത്തില്‍ എളുപ്പമുള്ള ഉത്തരങ്ങള്‍ കാരണമാവാം, സമൂഹത്തിലെ തിന്മയുടെ ഉത്ഭവത്തെക്കുറിച്ചുള്ള (ചലചിത്രപരമായ) അന്വേഷണങ്ങളെ ഒരടി പോലും മുന്നോട്ടു കൊണ്ടുപോകുന്നില്ല സാധാരണ ക്രൈം തില്ലര്‍ സിനിമകള്‍. ഹോളിവുഡ് മോഡല്‍ ആഖ്യാനങ്ങളിലാകട്ടെ, കുറ്റവാളികള്‍ മഹത്വീകരിക്കപ്പെടുന്ന കാഴ്ചകള്‍ സാധാരണമാണു താനും. സമീപകാലത്ത് വ്യത്യസ്ഥങ്ങളായ കുറ്റക്രൃത്യങ്ങള്‍ക്ക് അറസ്റ്റിലായവര്‍ തങ്ങളെ സിനിമകള്‍ എങ്ങനെ സ്വാധീനിച്ചു എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് വിര്ജീനിയ ടെക്‌‌ സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പിനുത്തരവാദിയായ ഏഷ്യന്‍ വിദ്യാ‌‌ര്‍ത്ഥി 'Old Boy' എന്ന കൊറിയന്‍ ചിത്രം തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് പറയുകയുണ്ടായി. അറുപതുകളുടെ അന്ത്യത്തില്‍ വടക്കേ അമേരിക്കയില്‍ ഭീതി പരത്തിയ പരമ്പരകൊലയാളി 'സോഡിയാക് കില്ലര്‍' ടെറന്‍സ് മാലിക്കിന്റെ 'Badlands' എന്ന സിനിമ ആസ്വദിച്ചതിനെക്കുറിച്ച് പോലീസിനെഴുതുകയുണ്ടായി. (സോഡിയാക് സംഭവം പിന്നീട് Zodiac (2007) എന്ന ചിത്രത്തില്‍ ഡേവിഡ് ഫിഞ്ചര്‍ ഡോകുമെന്റ് ചെയ്യുകയുണ്ടായി. ക്രൈം/ഡ്രാമ ജനുസ്സില്‍ തീര്‍ച്ചയായും വേറിട്ടു നില്‍ക്കുന്ന ഒന്നായിരുന്നു ഈ ചിത്രം.) ഹാനേക്കിന്റെ വൈറ്റ് റിബണ്‍ ആദ്യവര്‍ഗീകരണത്തില്‍ ക്രൈം/ഡ്രാമ ജനുസ്സില്‍ പെടുമെന്കിലും, കുറ്റക്രൃത്യങ്ങളുടെ ഒരന്തരീക്ഷം സിനിമയിലുടനീളം അനുഭവവേദ്യമാണെന്കിലും, ഈ സിനിമ കുറ്റക്രൃത്യങ്ങളെക്കുറിച്ചോ എളുപ്പമുള്ള ഉത്തരങ്ങളെക്കുറിച്ചോ അല്ല.

ശൈലീപരമായി ഹനേക്കിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് വൈറ്റ് റിബണ്‍. നേരിട്ട് പ്രേക്ഷകനെ അഡ്രസ്സു ചെയ്ത ‘ഫണ്ണി ഗെയിംസ്’-ലെ രീതിയോ, ‘Cache’-യില്‍ കണ്ടതു പോലെ ആഖ്യാനത്തിലെ പുതുമകളോ, ഷോക്ക് വാല്യൂ ഉള്ള രംഗങ്ങളോ ഇവിടെയില്ല. തികച്ചും ഏകതാനമായ, ക്ലാസിക് ശൈലിയിലുള്ള ആഖ്യാനത്തില്‍, പേസിംങ്ങില്‍ പോലും ഒരിക്കലും മാറ്റം വരുത്തുന്നില്ല സംവിധായകന്‍. ഏറെക്കുറെ തുടങ്ങിയിടത്തുതന്നെയാണ് ‘കഥ’ അവസാനിക്കുന്നതും. ഇടയ്ക്ക് ചില വേറിട്ടതെന്നോ ഒറ്റപ്പെട്ടതെന്നോ വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ക്ക് സംവിധായകന്‍ നമ്മെ സാക്ഷികളാക്കുന്നു. ഈ സംഭവങ്ങളെല്ലാം, സിനിമയിലെതന്നെ ഒരു കഥാപാത്രത്തിന്റെ ഓര്‍മ്മകളായി, 'വോയ്സ് ഓവര്‍' ഉപയോഗിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്. ഓര്‍മ്മകള്‍ക്ക് സാധാരണ സംഭവിക്കാറുള്ള തുടര്‍ച്ചയുടെ നഷ്ടവും അവ്യക്തതയും ഇവിടെയും സംഭവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, ആഖ്യാനം തുടര്‍ച്ചയില്ലാത്തതും, ഏകപക്ഷീയവും, അവ്യക്തവുമാണ്. ഹാനേക് ആദ്യമായാണ് വോയ്സ്‌‌ ഓവര്‍ എന്ന പഴയ ആഖ്യാനോപകരണം തന്റെ സിനിമയില്‍ ഉപയോഗിക്കുന്നത്. പോരാത്തതിനു്, ഈ സിനിമ പൂര്‍ണമായും കറുപ്പിലും വെളുപ്പിലുമാണ്. പഴയ സിനിമകളിലെന്ന പോലെ രേഖീയമായ, പതിഞ്ഞ, മന്ദതാളത്തിലാണു സിനിമയുടെ ആഖ്യാനം. ഈ പ്രത്യേകതകളെല്ലാം പരിഗണനയിലുള്ള വിഷയത്തിന്റെ കാലഘട്ടത്തിന്റെയും കഥാപാത്രങ്ങളുടെ ജീവിതാന്തരീക്ഷങ്ങളുടെയും പ്രതിദ്ധ്വനിയായി മനസ്സിലാക്കാവുന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലത്തെ, ലഭ്യമായ എല്ലാ ഇമേജുകളും കറുപ്പിലും വെളുപ്പിലുമാണല്ലോ. എന്നാല്‍ ഇതുമാത്രമല്ല, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തെരഞ്ഞെടുക്കാന്‍ കാരണമെന്നായിരുന്നു ആഖ്യാനോപകരണങ്ങളുടെ ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹാനേക്കിന്റെ മറുപടി. വോയ്സ് ഓവറും നിറങ്ങളുടെ അഭാവവും പ്രേക്ഷകനില്‍ നിന്നും ക്രൃത്യമായ ഒരകലം പാലിക്കാന്‍ നറേറ്ററെ സഹായിക്കുന്നു. കൂടാതെ, നിറങ്ങളുടെ അഭാവം റിയലിസത്തിന്റെ നിര്ബന്ധങ്ങളില്‍ നിന്നു സ്വതന്ത്രരാക്കുകയും ചെയ്യുന്നു. കഥ പറയുന്നയാള്‍ ഈ കഥകളില്‍ പലതും കേട്ടറിവു മാത്രമാണെന്നും, ഇതില്‍ പലതും എത്രമാത്രം സത്യമാണെന്ന് അറിയില്ലെന്നുമുള്ള ജാമ്യത്തോടെയാണു കഥ പറച്ചില്‍ തുടങ്ങുന്നത്. ഈ വസ്തുതയെ നിറങ്ങളുടെ അഭാവവുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍ നാചുറാലിസത്തിന്റെ എല്ലാ അവകാശവാദങ്ങളെയും അവയുടെ എല്ലാ സാധ്യതകളോടെയും നിരാകരിക്കുകയാണ് ഈ സിനിമ ആദ്യമേ ചെയ്യുന്നത്.

തന്റെ എല്ലാ സിനിമകള്‍ക്കും കൂടി പൊതുവായ ഒരു പേരിടണമെന്കില്‍ അതു 'civil war' എന്നായിരിക്കുമെന്നാണു ഹനേക് ഒരിക്കല്‍ പറഞ്ഞത്. ഇവിടെ സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള സിവില്‍ വാര്‍ അല്ല, മറിച്ച്, വ്യക്തികള്‍ തമ്മില്‍ നിത്യേനയെന്നോണം നടക്കാറുള്ള കലഹങ്ങള്‍. എല്ലാ വലിയ കലഹങ്ങളുടെയും പിന്നില്‍ ഇതുപോലെ ചെറിയ കലഹങ്ങളുണ്ടാകും. വലിയ കലഹങ്ങളുടെ വലിയ ചിത്രം ലഭിക്കാന്‍ ചെറിയ മാത്രൃകകള്‍ വെച്ച് പഠിക്കുകയാണു ഹാനേക് ചെയ്യുന്നത്. ഹനേക്കിന്റെ മുന്‍ചിത്രങ്ങള്‍ പോലെ തന്നെ വൈറ്റ് റിബണും ഒരു ചെറിയ മാത്രൃകയാണ്. ഫാഷിസത്തിന്റെയും ഫനറ്റിക് എന്നു വിശേഷിപ്പിക്കാവുന്ന ചിന്താഗതികളുടെയും ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുള്ള ചെറിയൊരു മാത്രൃക.

ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍, ജര്‍മ്മനിയിലെ ഒരു ഫ്യൂഡല്‍ കാര്‍ഷിക-ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങളും അവയോട് ഗ്രാമവാസികളുടെ പ്രതികരണവുമാണു സിനിമയുടെ വിഷയം. ഗ്രാമത്തിലെ അധ്യാപകനാണു കഥ പറയുന്നത്. ഗ്രാമത്തിലെ ഡോക്ടര്‍, ഒരു ദിവസം, വീതികുറഞ്ഞ ഒരു കയറില്‍ തടഞ്ഞ് കുതിരപ്പുറത്തുനിന്ന് വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാകുന്നതാണ് ആദ്യസംഭവം. ഡോക്ടര്‍ വീണ് അല്പസമയത്തിനുള്ളി‌‌ല്‍ കയര്‍ അപ്രത്യക്ഷമാകുന്നുമുണ്ട്. ആരാണ് കയറുകെട്ടി ഡോക്ടറെ വീഴ്ത്തിയതെന്ന് പോലീസിനും കണ്ടെത്താനാകുന്നില്ല. ഡോക്ടര്‍ വീണതിന്റെ അടുത്ത ദിവസം ഒരു കാര്‍ഷികത്തൊഴിലാളിയുടെ ഭാര്യ അപ്രതീക്ഷിതമായൊരപകടത്തില്‍ കൊല്ലപ്പെടുന്നു. താരതമ്യേന ശാന്തമായൊരു വേനല്‍ക്കാലമാണതിനെത്തുടര്‍ന്ന് വരുന്നത്. വേനലിന്റെ അന്ത്യത്തില്‍ കൊയ്ത്തുത്സവത്തിനിടെയാണ്, അപകടത്തില്‍ മരിച്ച സ്ത്രീയുടെ മകന്‍ ഭൂവുടമ(ബാരണ്‍‌)-യുടെ കൃഷി നശിപ്പിക്കുന്നതും ഭൂവുടമയുടെ മകനെ കാണാതാവുന്നതും. കാണാതായ മകനെ, രാത്രി മര്‍ദ്ദിച്ചവശനാക്കി തലകീഴായി കെട്ടിയിട്ട നിലയില്‍ കണ്ടെത്തുന്നു. പിറ്റേന്ന് പള്ളിയില്‍ വെച്ച് നടത്തുന്ന പ്രസംഗത്തില്‍, ബാരണ്‍ ഈ അസാധാരണസംഭവങ്ങളെയെല്ലാം ബന്ധിപ്പിച്ച് സംസാരിക്കുന്നതോടു കൂടി ഗ്രാമീണര്‍ പരസ്പരം സംശയിക്കുന്ന അവസ്ഥ വരുന്നു. പിന്നീട്, ഗ്രാമത്തിലെ ഒരു കെട്ടിടത്തിനു തീ പിടിക്കുന്നു; അപകടത്തില്‍പ്പെട്ട് ഭാര്യ മരിച്ച കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുന്നു. ഇതുപോലെ, ഒറ്റനോട്ടത്തില്‍ പരസ്പരം ബന്ധമുണ്ടെന്നു തോന്നിക്കാത്ത, ഒറ്റപ്പെട്ട കുറെ സംഭവങ്ങളിലൂടെയാണ് ഈ ഗ്രാമചരിത്രം മുന്നേറുന്നത്. അക്രമത്തിന്റെയും സമാനതകളില്ലാത്ത ക്രൂരതകളുടെയും കഥകളുടെ കെട്ടഴിക്കുമ്പോഴും ഇതിനെല്ലാം സമാന്തരമായി മനോഹരമായൊരു പ്രണയകഥ കൂടി ഈ സിനിമയില്‍ ഉള്‍‌ചേര്‍ന്നിരിക്കുന്നു. കഥപറച്ചിലുകാരന്‍ അധ്യാപകനും ഗ്രാമത്തിലെ ഭൂവുടമയുടെ വീട്ടില്‍ ബേബി സിറ്ററായെത്തുന്ന ഈവ എന്ന ചെറുപ്പക്കാരിയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. ഹാനേക്കിന്റെ സിനിമകളില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത, സമാന്തരമായ ഈ പ്രണയകഥ സിനിമയുടെ പിരിമുറുക്കമുണ്ടാക്കുന്ന ആഖ്യാനഗതിയ്ക്ക് അയവു നല്‍കുകയും സംവിധായകന്റെ ക്രാഫ്റ്റിനു അടിവരയിടുകയും ചെയ്യുന്നു.

കഥ പറയുന്നയാള്‍ക്ക്, കഥ പറയപ്പെടുന്ന കാലത്ത് ഏതാണ്ട് 85-90 വയസ്സ് പ്രായമുണ്ടാകുമെന്നാണ് ശബ്ദത്തില്‍ നിന്നും മനസ്സിലാകുന്നത്. അതായത്, ഈ കഥ പറയപ്പെടുന്നത് ഏതാണ്ട് 1970-കളിലായിരിക്കും. എഴുപതുകളില്‍ ജര്‍മ്മനിയെ പിടിച്ചുകുലുക്കിയ തീവ്രവാദപ്രസ്ഥാനത്തിന്റെ (ബാദര്‍ മെ‌‌യിനോഫ് പ്രസ്ഥാനം) ചരിത്രവുമായും ഈ സിനിമയെ ബന്ധിപ്പിക്കാവുന്നതാണ്. ബാദര്‍ മെയിനോഫ് പ്രസ്ഥാനത്തിലെ പ്രധാനികളായ പലരും പ്രൊട്ടസ്റ്റന്റ് കുടുംബങ്ങളില്‍ നിന്നും വരുന്നവരാണെന്നത് ഇവിടെ തികച്ചും പ്രസക്തമാണ്. ജര്‍മ്മനിയില്‍ അക്കാലത്ത് നിലനിന്നിരുന്ന, ഫാസിസവും ഭീകരതയുമായി രൂപാന്തരപ്പെടുന്ന കറുത്ത വിദ്യാഭ്യാസത്തെ മാത്രൃകയാക്കിക്കൊണ്ട്‌ ഐഡിയലിസവും ഭീകരതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാനാണു താന്‍ ശ്രമിച്ചതെന്ന് കാന്‍ ചലചിത്രമേളയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംവിധായകന്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ജര്‍മ്മനിയുടെയും ഫാഷിസത്തിന്റെയും കഥ മാത്രമായി ഈ സിനിമ ചുരുക്കിക്കളയുന്നത് ഈ സിനിമയോടു ചെയ്യുന്ന വലിയ പാതകങ്ങളിലൊന്നായിരിക്കും. ഏറെക്കാലം തീവ്രമായ സഹനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകുന്ന സമൂഹം കാലക്രമേണ ഫണ്ടമെന്റലിസ്റ്റ് രൂപങ്ങള്‍ കൈക്കൊള്ളുമെന്നാണ് 'വൈറ്റ് റിബണ്‍' മുന്നോട്ടു വെക്കുന്ന തിയറി.

വൈറ്റ് റിബണില്‍, കുട്ടികളാണ് അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്‌‌. മുതിര്‍ന്നവര്‍ അവരെ സംബന്ധിച്ചിടത്തോളം മര്‍ദ്ദനോപകരണങ്ങള്‍ മാത്രമാണ്. മുതിര്ന്നവര്‍ക്കൊന്നും ഈ സിനിമയില്‍ പേരില്ല എന്നോര്‍ക്കുക; ഡോക്ടര്‍, മിഡ്‌‌വൈഫ്, ബാരണ്‍ (ഭുവുടമ), കാര്യസ്ഥന്‍, പാസ്റ്റര്‍, അധ്യാപകന്‍ തുടങ്ങി ജോലി/സ്ഥാനപ്പേരിലാണ് മുതിര്‍ന്നവരൊക്കെ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. കഥ പറയുന്നത് അധ്യാപകനാണെന്കിലും കുട്ടികളുടെ വീക്ഷണകോണില്‍ നിന്നാണു സംവിധായകന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും. വീക്ഷണകോണുകളുടെ ഈ തെരഞ്ഞെടുപ്പാകട്ടെ, ഏകതാനമായ നറേഷനെ അപേക്ഷിച്ച് കൂടുതല്‍ അര്‍ത്ഥസാധ്യതകള്‍ പല രംഗങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, ഡോക്ടറുടെ ഏഴുവയസ്സുള്ള മകന്‍ റൂഡി, രാത്രി ഉറങ്ങാനാകാതെ പടിയിറങ്ങി വരുന്ന രംഗം ശ്രദ്ധിക്കുക. കൗമാരക്കാരിയായ ചേച്ചി ആനിയെയാണവന്‍ അന്വേഷിക്കുന്നത്. ഒരു ഏഴുവയസ്സുകാരന്‍ രാത്രിയില്‍ വരാന്തയിലൂടെ നടക്കുമ്പോഴുണ്ടാകാവുന്ന അവ്യ‌‌ക്തതയും പരിഭ്രമവും ക്യാമറ ആംഗിള്‍, പ്രകാശവിതാനം എന്നിവയിലൂടെ സംവിധായകന്‍ പ്രേക്ഷകരിലും സ്രൃഷ്ടിക്കുന്നുണ്ട്. വലിയൊരു മുറിയുടെ അങ്ങേയറ്റത്ത് തന്റെ ചേച്ചി പിതാവിന്റെ മുന്നിലായി ഇരിക്കുന്നതവന്‍ കാണുന്നു. ചേച്ചിയും പിതാവും എന്താണു ചെയ്യുന്നതെന്ന് അവനു(ആദ്യം പ്രേക്ഷകനും) വ്യക്തമാകുന്നില്ല. ഡോക്ടര്‍ സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗിക്കുന്നതിനെ ഇതിനു മുന്‍പുള്ള ഒരു സീനില്‍ മിഡ്‌‌വൈഫ് സംസാരത്തില്‍ സൂചിപ്പിക്കുന്നതോര്‍ക്കുക. ഡോക്ടര്‍ സ്വന്തം മകളോടു കാണിക്കുന്ന ലൈംഗികാതിക്രമത്തെ ദ്രൃശ്യമലിനീകരണം കൂടാതെതന്നെ സംവിധായകന്‍ ക്രൃത്യമായി അവതരിപ്പിച്ചുകഴിഞ്ഞു. അതുപോലെ, പാസ്റ്റര്‍ തന്റെ മക്കളെ പ്രഹരിക്കുന്ന രംഗമാകട്ടെ ശബ്ദമുപയോഗിച്ചാണു രൂപപ്പെടുത്തിയിരിക്കുന്നത്. മക്കള്‍ ഓരോരുത്തരായി പാസ്റ്ററുടെ മുറിയിലേക്ക് കയറുന്നതേ പ്രേക്ഷകന്‍ കാണുന്നുള്ളൂ. അടിയുടെ ശബ്ദം മാത്രം കേള്‍ക്കാം. കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനൊക്കെ ക്രൃത്യമായ മാനദണ്ഡങ്ങളുള്ള ജര്‍മ്മനി പോലൊരു രാജ്യത്ത് മേല്‍പറഞ്ഞതുപോലെയുള്ള ലൈംഗികാതിക്രമരംഗങ്ങളോ കുട്ടികളെ ശിക്ഷിക്കുന്നതോ ചിത്രീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ തനിക്കു പറയാനുള്ളത് ക്രൃത്യമായി സംവിധായകനു അവതരിപ്പിക്കാനാകുന്നു.

വയലന്‍‌സിന്റെ പ്രതിനിധാനം
ഹാനേക്കിന്റെ സിനിമകളില്‍ ആവര്‍ത്തിച്ച് അന്വേഷണവിധേയമാകുന്ന പ്രമേയങ്ങളിലൊന്ന് വയലന്‍സിന്റെ പ്രതിനിധാനമാണ് (The question of the representation of violence). ഐഡിയലിസത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം എന്ന നിലയിലാണു സംവിധായകന്‍ പാസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ പാസ്റ്റര്‍ തന്റെ മക്കളെ ശിക്ഷിക്കുന്ന രീതികള്‍ 'വയലന്‍സിന്റെ പ്രതിനിധാനം' എന്ന വലിയ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അന്വേഷിക്കേണ്ടത്. വൈകിവന്നതിന്റെ പേരില്‍ കുട്ടികളെ പട്ടിണിക്കിടുക, സ്വയംഭോഗം ചെയ്യുന്നുവെന്ന സംശയത്തില്‍ മകന്റെ കൈ ഉറങ്ങുന്നതിനു മുന്‍പ് കട്ടിലിനോടു ചേര്‍ത്തു കെട്ടുക തുടങ്ങി അസാധാരണമായ വിധത്തില്‍, താന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ ധാര്‍മ്മികത മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നയാളാണ് ഈ പാസ്റ്റര്‍. അധ്യാപകന്റെ അസാനിധ്യത്തില്‍ ബഹളം വെക്കുന്ന കുറെ കുട്ടികളുടെ ഒരു ക്ലാസ് മുറിയിലേക്ക് പാസ്റ്റര്‍ വരുന്നൊരു രംഗമുണ്ട് സിനിമയില്‍. കൂട്ടത്തില്‍ പ്രായക്കൂടുതല്‍ ഉള്ളതുകൊണ്ടാവാം, തന്റെ മകള്‍ ക്ലാരയെയാണ് അയാള്‍ ഏറ്റവും രൂക്ഷമായി ശകാരിക്കുന്നത്. ശകാരം താങ്ങാനാകാതെ ക്ലാര തളര്‍ന്നു വീഴുന്നു. കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ചടങ്ങില്‍ കുട്ടികള്‍ അപ്പവും വീഞ്ഞും സ്വീകരിക്കാന്‍ നിരന്നു നില്ക്കുമ്പോള്‍, ക്ലാരയുടെ ഊഴമെത്തുമ്പോള്‍ പാസ്റ്റര്‍ അവളെമാത്രം ദീര്‍ഘനേരം സൂക്ഷിച്ചുനോക്കി നില്‍ക്കുന്നുണ്ട്. അതായത് പാസ്റ്റര്‍ പ്രകടിപ്പിക്കുന്ന വയലന്‍സ് ശാരീരികം മാത്രമല്ല, വെര്‍ബലും(ശകാരങ്ങളും ഉപദേശങ്ങളും), മാനസികവും(പരസ്യമായുള്ള രൂക്ഷമായ നോട്ടം), ലൈംഗികവും(സ്വയംഭോഗം ചെയ്യാതിരിക്കാന്‍ മകന്റെ കൈ കെട്ടിയിടുന്നത്) കൂടിയാണ്. തനിക്ക് ലൈംഗികമായൊരു സേവനം ചെയ്യാനൊരുങ്ങുന്ന മിഡ്‌‌വൈഫിനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഡോക്ടറുടെ ഡയലോഗുകള്‍ വെര്‍ബല്‍ വയലന്‍സിന്റെ അങ്ങേയറ്റമാണ്.

ആരാണു കുറ്റവാളി?
സാധാരണ ക്രൈം ജനുസ്സില്‍ പെട്ട സിനിമകളിലേതുപോലെ ഇതൊരു 'Whodunit' ഫിലിമല്ല. ആരാണു കുറ്റവാളി(കള്‍) എന്നതിനെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നറേറ്ററായ അധ്യാപക കഥാപാത്രം തരുന്നുണ്ട്. അതു പക്ഷേ ആ അധ്യാപകന്റെ ധാരണകള്‍ മാത്രമാണെന്നും വരാം. അധ്യാപകന്‍ പറയുന്ന കഥയില്‍, പാസ്റ്ററുടെ വീട്ടില്‍ വളര്‍ത്തുന്ന ഒരു പക്ഷിയെ (ക്രൂശിതരൂപത്തിലെന്നതുപോലെ)ഒരു കത്രികയില്‍ കോര്‍ത്ത്, കൊന്ന് പാസ്റ്ററുടെ മേശപ്പുറത്തു വെച്ചിരിക്കുന്നതായി ഒരു രംഗമുണ്ട്. അതിനു തൊട്ടുമുന്‍പത്തെ സീനില്‍ പാസ്റ്ററുടെ മകള്‍ ക്ലാര, കത്രിക തിരയുന്നതും കാണിക്കുന്നുണ്ട്. പക്ഷിയെക്കൊന്നത് ക്ലാരയാണെന്ന് അധ്യാപകന്‍ കരുതുന്നു. അതിനടുത്ത സീനിലാണു കാര്യസ്ഥന്റെ മകള്‍, രണ്ടു സ്വപ്നങ്ങളെപ്പറ്റി അധ്യാപകനോടു കുമ്പസാരിക്കുന്നത്. ഒന്ന് അവളുടെ വീട്ടിലെ നവജാതശിശുവിന്, തൊട്ടു മുന്‍പത്തെ മഞ്ഞുകാലത്ത് ന്യൂമോണിയ വന്നതിനെക്കുറിച്ചാണ്. കാര്യസ്ഥന്റെ കുട്ടി കിടക്കുന്ന മുറിയുടെ ജനല്‍ ആരോ തുറന്നിടുന്നതും അതുകാരണം കുട്ടിയ്ക്ക് ന്യുമോണിയ വരുന്നതും മുന്‍പൊരു സീനില്‍ വരുന്നുണ്ട്. കാര്യസ്ഥന്റെ മകളുടെ കുമ്പസാരം, ആരോ ജനല്‍ തുറന്നിടുന്നതായി താന്‍ സ്വപ്നം കണ്ടു എന്നാണ്. മിഡ്‌വൈഫിന്റെ mentally handicapped ആയ മകന്‍ കാര്‍‌ലിയെ ആരോ ഉപദ്രവിക്കുന്നതായി വീണ്ടും സ്വപ്നം കാണുന്നതോടെയാണ് അവള്‍ തന്റെ സ്വപ്നങ്ങള്‍ അധ്യാപകനോടു പറയുന്നത്. അതെത്തുടര്‍ന്ന് കാര്‍‌ലിയെ കാണാതാവുകയും കണ്ണുകള്‍ തുരക്കപ്പെട്ട്, ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട അവസ്ഥയില്‍ പിന്നീട് കണ്ടുകിട്ടുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ പേരില്‍ കാര്യസ്ഥന്റെ മകളെ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ മറ്റു കുട്ടികള്‍ ഒളിച്ചുകേള്‍ക്കുന്നതും സിനിമയിലുണ്ട്. അതിനോടടുത്തൊരു സീനില്‍, ഒരു കുളത്തിനരികില്‍ രണ്ടു മുതിര്‍ന്ന കുട്ടികളും അവരേക്കാന്‍ ഇളയ മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് മുതിര്‍ന്ന കുട്ടികളിലൊരാള്‍ ഇളയ കുട്ടിയെ കുളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു. കൂട്ടത്തിലുള്ള മറ്റേ മുതിര്‍ന്നകുട്ടി ഇടപെട്ട് ഇളയകുട്ടിയെ രക്ഷിക്കുന്നുമുണ്ട്. കുട്ടികളാണ് ഈ കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ എന്ന ധാരണ അധ്യാപകനില്‍ രൂപപ്പെടുന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ് ഈ രംഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. എന്നാല്‍ അധ്യാപകനല്ലാതെ മറ്റാരും കുട്ടികളാണിതിനെല്ലാം പിന്നില്‍ എന്ന് കരുതുന്നില്ല. ഒരുപക്ഷേ അധ്യാപകന്‍ ആ കുട്ടികളെ അറിയുന്നതുപോലെ മറ്റാരും അറിയുന്നില്ല എന്നതാവാം കാരണം. ആരാണു കുറ്റവാളി എന്ന് സംവിധായകനും കൃത്യമായി പറയുന്നില്ല.

എന്തുകൊണ്ടാണ് ഇതുപോലൊരു സിനിമയില്‍ വയലന്‍സിന്റെ പ്രഭവകേന്ദ്രം ഏതാണ്ടു ഗൂഢമായിത്തന്നെയിരിക്കുന്നത്? ഈ സിനിമ നാസിസത്തിനു ഒരു prequel ആണെന്ന് മുന്‍പുതന്നെ പരാമര്‍ശിച്ചിരുന്നതോര്‍ക്കുക. ജരമ്മനിയില്‍ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ചിലര്‍ക്കുമാത്രമായി നല്‍കാനാവില്ലെന്നും വെസ്റ്റേണ്‍ സമൂഹം മുഴുവന്‍ ഇതിന്റെ കുറ്റബോധത്തിനവകാശികളാണെന്നുമല്ലേ ഇതിനര്‍ത്ഥം? നിഷ്കളങ്കരെന്ന് കരുതപ്പെടുന്ന കുട്ടികള്‍ ഇത്രമാത്രം ക്രൂരവും വന്യവുമായ കൃത്യങ്ങള്‍ ചെയ്യുമെന്ന് ആരും കരുതുന്നില്ല എന്ന വസ്തുത, തങ്ങളുടെ സമൂഹം മുഴുവന്‍ തെറ്റുകളിലൂടെയാണു പൊയ്ക്കൊണ്ടിരുന്നത് എന്ന് ജര്‍മ്മന്‍ സമൂഹം മനസ്സിലാക്കിയിരുന്നില്ല എന്ന വസ്തുതയുടെ metaphor ആകുന്നുണ്ടോ? ഈ ഗ്രാമത്തിലെ ഒറ്റപ്പെട്ടതെന്നു തോന്നിപ്പിക്കുന്ന സംഭവപരമ്പരകളുടെ മുന്നില്‍, കുഴക്കുന്ന ഒരു പ്രശ്നത്തിലെന്നപോലെയാണ് ഗ്രാമീണര്‍ നില്‍ക്കുന്നത്. ഏതാണ്ടതുതന്നെയാണ് പ്രേക്ഷകന്റെയും അവസ്ഥ. പക്ഷേ ഒരു സമൂഹത്തിന്റെ പതനം നാം കാണുന്നു. വൈറ്റ് റിബണ്‍ പോലെ Cache എന്ന ഹനേക്കിന്റെ തന്നെ മുന്‍‌ചിത്രത്തോടും പലര്‍ക്കുമുള്ള പ്രശ്നം കൃത്യമായ ഉത്തരങ്ങള്‍ തരാന്‍ ഈ സിനിമകള്‍ വിസമ്മതിക്കുന്നു എന്നതാണ്. ഉത്തരമില്ലായ്മ തന്നെ ഒരുത്തരമായെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇവിടെ കൃത്യമായ ഉത്തരങ്ങള്‍ക്കു പ്രസക്തിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഹാനേക്ക് നിര്‍മ്മിക്കുന്ന പസിള്‍ അതിന്റെ ഉത്തരത്തേക്കാള്‍ രസകരമാണെന്നതും ഒരു കാരണമാണ്.

ചരിത്രവും രാഷ്ട്രീയവും
ഈ സിനിമയുടെ മുഴുവന്‍ പേര്, Das weisse Band - Eine deutsche Kindergeschichte എന്നാണ്. Wjite Ribbon- A German children's Tale എന്ന് ഏകദേശ ആംഗലേയ തര്‍ജ്ജമ. അതായത് ഇത് കുട്ടികള്‍ക്കുള്ള കഥയോ കുട്ടികളെക്കുറിച്ചുള്ള കഥയോ ആകാം. രണ്ടായാലും കേന്ദ്രസ്ഥാനത്തുള്ളത് കുട്ടികളാണ്. 1914-ല്‍ കൌമാരത്തിലെത്തിനില്‍ക്കുന്ന കുറെ കുട്ടികള്‍. ഹിറ്റ്ലറുടെയും നാഷണല്‍ സോഷ്യലിസത്തിന്റെയും കാലത്ത് ഇവര്‍ 35-40 വയസ്സുള്ള സമൂഹത്തിന്റെ മുഖ്യപ്രവര്‍ത്തനവിഭാഗം ആയിരിക്കും. അതായത് ഈ സിനിമയിലെ കുട്ടികളെപ്പോലെ ശാരീരികവും മാനസികവും ലൈംഗികവുമായ അടിച്ചമര്‍ത്തലുകളിലൂടെ വളര്‍ന്നു വന്ന ഒരു സമൂഹമാണ് ഫാഷിസത്തിനു വേരോടാന്‍ തക്കതായ ഒരു സമൂഹത്തെ സൃഷ്ടിച്ചതെന്ന്. ഇത്തരം കാലഗണനയിലധിഷ്ഠിതമായ ചരിത്രവായനകളില്‍ നിന്നാണ് വൈറ്റ് റിബണ്‍ അതിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങള്‍ കണ്ടെടുക്കുന്നത്.

എന്നാല്‍ ഈ ചിത്രം ഫാഷിസത്തിന്റെ/ഫണ്ടമെന്റലിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചു മാത്രമാണോ?
ഈ ചിത്രത്തിലെ പാസ്റ്റര്‍, കുട്ടികള്‍ തെറ്റു ചെയ്യാതിരിക്കാന്‍ അവരുടെ കൈ‌യിലോ തലയിലോ ഒരു വെള്ള റിബണ്‍ കെട്ടാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. വെള്ള റിബണ്‍ ഒരു അടയാളമാണ്; തിന്മയെ നിയന്ത്രിക്കാന്‍, അധികാരമുള്ളവന്‍ ഉപയോഗിക്കുന്ന ഒരു അടിച്ചമര്‍ത്തല്‍ ഉപകരണമാണത്. അമേരിക്കന്‍ നിരൂപകന്‍ റോജര്‍ എബര്‍ട്ട് ഒരു പടികൂടി കടന്ന് ഈ സിനിമയെ ഭരണകൂടഭീകരതയുമായി ബന്ധിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെ വിലയായികൊടുത്തുകൊണ്ടും തിന്മയെ പ്രതിരോധിക്കുക എന്നു വരുമ്പോള്‍ അവിടെ authoritarianism വളരുന്നു. തിന്മ തടയുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും വേണമെന്നു വരുന്നു. സ്വഭാവികമായും അത് നിയമപാലകരിലേക്കും സ്റ്റേറ്റിന്റെ അധികാരത്തിലേക്കും പോകുന്നു. ഏതു തരത്തിലുള്ള ക്രമമില്ലായ്മയും തിന്മയാണെന്നും അതുകൊണ്ട് ക്രമമില്ലായ്മകളെ തടയണമെന്നും വരുന്നു. ഇവിടെയാണ് ഭരണകൂടതാത്പര്യങ്ങള്‍ ജനതാത്പര്യങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്നത്. സാധാരണക്കാരായ ആളുകളുടെ നിത്യജീവിതത്തെ വിഷയമാക്കുന്ന ഒരു സിനിമയില്‍ ഇതുപോലെ ഗഹനമായ ആശയങ്ങള്‍ ഉള്‍‌ചേര്‍ക്കാന്‍ കഴിയുന്നു എന്നതു തന്നെ ഹാനേക്കിന്റെ ജീനിയസ്.

23 comments:

റോബി said...

കാന്‍സ് ഫെസ്റ്റിവലിനു മറ്റന്നാള്‍ തുടക്കമാകുന്നു. അതിനു മുന്‍പ്, കഴിഞ്ഞവര്‍ഷത്തെ ഫെസ്റ്റിവലില്‍ ‘പാം ഡി ഓര്‍’ നേടിയ സിനിമയുടെ വായന. വ്യക്തിപരമായ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ.

ദേവദാസ് വി.എം. said...

I don't know if the story I want to tell you is entirely true. Some of it I only know by hearsay.
After so many years, a lot of it is still obscure, and many questions remain unanswered.
But I think, I must tell of those strange events...

സിനിമയുടെ തുടക്കത്തില്‍ വോയ്സ് ഓവറായി വരുന്ന ഇതു തന്നെയാണ് മൊത്തം ആശയവും... കണ്ട് ഒരുപാടിഷ്ടമായ സിനിമയാണ് റോബീ... വിശകലനത്തിനും, നിരീക്ഷണങ്ങള്ക്കും അഭിനന്ദനങ്ങള്‍ :)

Melethil said...

Brilliant review Roby, Thanks a lot!
I am downloading it now..

സലാഹ് said...

Will see, Thanks a lot!

പാമരന്‍ said...

thanks!

നന്ദ said...

Excellent!
കണ്ടേ പറ്റൂ എന്ന് തോന്നിക്കുന്നുണ്ട് റിവ്യൂ.

Melethil said...

ഡൌണ്‍ലോഡ്‌ ചെയ്തു കണ്ടു.
റോബിയുടെ റിവ്യൂ എത്ര അസ്സലായി എന്ന് പറയേണ്ടതില്ലല്ലോ ?
ബ്രില്ല്യന്റ്റ്‌ സിനിമ!

Vinayan said...

ഹാനേക്കിന്റെ ഫണ്ണി ഗെയിംസും, കാഷേയും കണ്ടിട്ടുണ്ട്.2 brilliant movies. കാഷേയുടെ റിവ്യൂ റോബി തന്നെ എഴുതിയിരുന്നല്ലോ...വൈറ്റ്‌ റിബ്ബണ്‍ കയ്യിലുണ്ട് കണ്ടിട്ടില്ല. പിന്നൊന്നു തോന്നിയത്, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രങ്ങളെക്കുറിച്ചുള്ള കാര്യമാണ്. എനിക്ക് തോന്നിയിട്ടുള്ളത് കാരക്ടര്‍ സ്റ്റഡിക്ക് പറ്റിയത് ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ആണെന്നാണ്. 12 angry men മുതല്‍ ഇങ്ങോട്ട് 13 Tzameti, violin വരെയുള്ള ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഉപയോഗിച്ച പല സിനിമകളും ഓരോ വ്യക്തികളുടെയും സ്വഭാവത്തെ സൂക്ഷ്മമായി വിശകലനം ചെയ്തു കാണിക്കുന്നുണ്ട്.ഒരുപക്ഷെ നിറമുള്ള പാശ്ചാത്തലത്തിന്റെ അഭാവമാവാം അതിനു കൂടുതല്‍ സഹായിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്.
'മുതിര്ന്നവര്‍ക്കൊന്നും ഈ സിനിമയില്‍ പേരില്ല'--ബ്ലൈന്‍ഡ്നെസ്സ് എന്നാ സിനിമയില്‍ ഒരു കഥാപാത്രത്തിനും ഇതേപോലെ പേരുണ്ടായിരുന്നില്ല എന്നാണു ഓര്‍മ്മ.

yempee said...

റോബിയുടെ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ കുറേപ്പേര്‍ക്ക് അയച്ചുകൊടുത്തിരുന്നു. അക്കാരണം കൊണ്ടുതന്നെ ഇപ്പോള്‍ കമല ക്ലബ്ബിലെ ഒരു അജണ്ട ലോകസിനിമയാണ്. വൈറ്റ് റിബ്ബണ്‍ പോലുള്ള സിനിമകളൊക്കെ നിര്‍മ്മിക്കപ്പെടുന്ന സ്ഥലങ്ങളില്‍ എങ്ങനെയാണാവോ ഓഡിയന്‍സ് സ്വീകരിക്കുന്നുണ്ടാവുക? താരതമ്യപ്പെടുത്തി ചോദിക്കുകയല്ല, മലയാളത്തിലെയൊക്കെ അവാര്‍ഡ് പടങ്ങളുടെ ഗതി തന്നെയായിരിക്കുമോ?

റോബി said...

ദേവദാസ്, മേലേത്തില്‍, സലാഹ്, പാമരന്‍ നന്ദ...അഭിപ്രായത്തിനു നന്ദി.

വിനയന്‍,
കാരക്ടര്‍ സ്റ്റഡിക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണു നല്ലത് എന്നു തീര്‍ത്തുപറയാമോ എന്നറിയില്ല. 12Angry Men, 13 Tzameti ഒക്കെ കാരക്ടര്‍ സ്റ്റഡി എന്നതിനെക്കാളും പ്ലോട്ട്/തീം ഓറിയന്റഡ് കൂടിയായിരുന്നില്ലേ? റേജിംഗ് ബുള്‍ ബ്ലാക്ക് & വൈറ്റിലായിരുന്നു, അതേസമയം Cries & Whispers ഒക്കെ കളറിലായിരുന്നു താനും. നിഴലുകള്‍ കൃത്യമായി ഉപയോഗിക്കാനറിയുന്ന ബെര്‍ഗ്മാന്‍ കളറിലും ബ്ലാക്ക് & വൈറ്റിലും കാരക്ടര്‍ സ്റ്റഡി ചെയ്തിട്ടുണ്ട്. അതേ സമയം ഷേഡുകള്‍ ഉപയോഗിക്കണമെങ്കില്‍ കളര്‍ തന്നെ വേണം. നിറങ്ങള്‍ കൃത്യമായി ഉപയോഗിക്കാനറിയുന്നവര്‍ക്ക് അത് പ്രയോജനപ്പെടുത്താനാകും. അടൂരിന്റെ, അടുത്തടുത്ത രണ്ട് കാരക്ടര്‍ സ്റ്റഡികള്‍-കൊടിയേറ്റവും എലിപ്പത്തായവും ശ്രദ്ധിച്ചാലും ഈ വ്യത്യാസമറിയാം. എലിപ്പത്തായത്തില്‍ നാലു പ്രധാന നിറങ്ങളുപയോഗിച്ച് കഥാപാത്രങ്ങള്‍ക്ക് മിഴിവു നല്‍കുന്നുണ്ട്.

ബ്ലൈന്‍ഡ്‌നെസ്-സരമാഗോയുടെ ആ നോവലിലും കഥാപാത്രങ്ങള്‍ക്ക് പേരില്ല.


yempee, നന്ദി.
മലയാളത്തിലെ ആര്‍ട്ട് പടങ്ങളുടെ ഗതിയല്ല, ഇതിനൊന്നും. ഒരു കാരണം, ഒരുപാടു രാജ്യങ്ങളില്‍ ഇതിനൊക്കെ പ്രേക്ഷകരുണ്ട്. ഏതാണ്ട് $20 മില്യണ്‍ ചെലവിലാണ് ഈ സിനിമ നിര്‍മ്മിച്ചത്. ബോക്സ് ഓഫീസ് കളക്ഷന്‍ തന്നെ അത്രയുമായി. ഇനി ഡിവിഡി വരുമാനവും ചാനല്‍ വരുമാനവും ഫെസ്റ്റിവലുകളില്‍ നിന്നുള്ള വരുമാനവും വേറെ വരും. അതുകൊണ്ട് തീര്‍ച്ചയായും സാമ്പത്തികമായി നഷ്ടമല്ല. ‘കാഷെ’ ഒക്കെ ഹിറ്റ് എന്നു വിളിക്കാവുന്ന രീതിയില്‍ കളക്ട് ചെയ്തിരുന്നു. പ്രത്യേകിച്ചും യൂറോപ്പില്‍.

പിന്നെ, കൂട്ടമായി ആസ്വദിക്കാവുന്നതല്ലല്ലോ ഇതൊന്നും. അതുകൊണ്ട് വന്‍‌ഹിറ്റൊന്നും ആകില്ല.(individual viewer-നെ ടാര്‍ഗെറ്റ് ചെയ്യുന്ന സിനിമകള്‍ ഒരിക്കലും ഹിറ്റാകില്ലല്ലോ !) ഹാനേക്കിന്റെ കാഴ്ചക്കാര്‍ ആരാണെന്ന് ഹാനേക്കിനു കൃത്യമായി അറിയാം.

Vinayan said...

12Angry Men പ്ലോട്ട്/തീം ഓറിയന്റഡ് കൂടിയായിരുന്നെങ്കിലും കാരക്ടര്‍ സ്റ്റഡിയാണ് വളരെ ആസ്വദിച്ചത്. 13 Tzameti രണ്ടു രീതിയിലും. കറുപ്പിലും വെളുപ്പിലും വന്നവ ആ രീതിയില്‍ നന്നായി തോന്നി എന്ന് മാത്രം. ബെര്‍ഗ്മാന്‍ ഒരു എക്സെപ്ഷന്‍...എലിപ്പത്തായം ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.കാണണം.
ഇത്തരം സിനിമകള്‍ വിദേശങ്ങളിലെങ്കിലും വിജയിക്കുന്നു എന്നറിയുന്നത് സന്തോഷം തന്നെയാണ്.

പാമരന്‍ said...

watched it. great one. thanks again.

Jain Andrews said...

Excellent review Roby. Waiting for it in Netflix. :-)

yempee said...

Cannes?

Antony said...
This comment has been removed by the author.
Antony said...

after seeing Michael Hanekes' "Seventh Continent" (നമ്മുടെ "ആകാശദൂത്" ഇതിലും ഭേദമായിരുന്നു) ഇനി ഇയാളുടെ ഒരു സിനിമ പോലും കാണില്ല എന്ന് ശപഥം ചെയ്തതാണ്, അത്ര മോശമായ ഒരു പടം എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല...അത് കൊണ്ടാണ്.

റിവ്യൂ വായിച്ചപ്പോള്‍ ഈ സിനിമ ഒന്ന് കാണാം എന്ന് മനസ്സ് പറയുന്നു, കാര്യം ഒരു pretentious intellectual ആണ് Michael Haneke എങ്കിലും ഒന്ന് കണ്ടു കളയാം എന്ന് തോന്നുന്നു, ഒരു തരം ഭയത്തോടെ, ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ.

Ram V said...

On one hand I should praise the amazing amount of information that is covered in this review... stupendous research and knowledge sharing.. Thanks...

At the same time, the review lacks in delving into the feel that the movie provides the viewer, the state of mind.. It just superficially touches the issues dealt with in the film.. I would call article a wonderful overview and assimilation of information regarding the film..

Thanks for it...

റോബി said...

ആന്റണി,
ഹാനേക്കിന്റെ സെവന്ത് കോണ്ടിനെന്റും ആകാശദൂതും തമ്മിലെന്താണു ബന്ധം? alienation, nihilism എന്നീ ആശയങ്ങളെ അവ അർഹിക്കുന്നതുപോലെ, ഇത്ര മാത്രം ഡിറ്റാച്ഡ് ആയി മറ്റൊരു ചലച്ചിത്രകാരനും, അന്റോണിയോണി പോലും കൈകാര്യം ചെയ്തിട്ടില്ലെന്നാണെനിക്കു തോന്നിയത്.

@ Ram V,
‘the feel that the movie provides the viewer’

To be precise, I don't care for the feel of the movie because it would always be subjective. I think, a good review should focus on reading the film rather than explaining what/how the reviewer felt/thought about the film.

More over, I don't think Haneke movies are about the feel they offer. His movies are meticulously built, intelligent political statements. I think, He doesn't even care about the feel. For example, remember Funny Games. usually, a horror/thriller works through the feel that the movie creates. Remember, in funny games, how he plays with the narrative asking the viewer to examine how they are entertained by violence/horror/thrill. There he literally intrudes into the narrative by breaking the 'fourth wall'. Even though this intrusion spoil the feel of the movie and awake the viewer, it really takes the film into the next realm.

So, I would rather stay superficial than delving into 'feel of the movie'.

Now, There is a wonderful quote from Godard...
I don't think you should FEEL about a movie. You should feel about a woman. You can't kiss a movie.

AFRICAN MALLU said...

great just found this blog and amazing ...will follow ,thanks and keep up the effort

അനില്‍ ചോര്‍പ്പത്ത് said...

പ്രേക്ഷകനെ ചുറ്റുപാടുകളെ കുറിച്ച് കൂടുതല്‍ അവബോധനാക്കുന്ന fourth wall തകര്‍ക്കുന്ന പരിപാടി വളരെ ഫലപ്രദമായി ഹനെകെ ചെയ്യുന്നു. ഈ പറയുന്ന, പ്രേക്ഷകന് കൊടുക്കുന്ന ഫീല്‍ന്‍റെ ഒരു ഭാഗമായി ഇത് കരുതാമല്ലോ ..

.....സാധാരണക്കാരായ ആളുകളുടെ നിത്യജീവിതത്തെ വിഷയമാക്കുന്ന ഒരു സിനിമയില്‍ ഇതുപോലെ ഗഹനമായ ആശയങ്ങള്‍ ഉള്‍‌ചേര്‍ക്കാന്‍ കഴിയുന്നു എന്നതു തന്നെ ഹാനേക്കിന്റെ ജീനിയസ്.... ഈ നിരീക്ഷണം വളരെ നാന്നായിരിക്കുന്നു.

ajith said...

Good review

ajith said...

Good review...

ajith said...

Good review