
ശൈലീപരമായി ഹനേക്കിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് വൈറ്റ് റിബണ്‍. നേരിട്ട് പ്രേക്ഷകനെ അഡ്രസ്സു ചെയ്ത ‘ഫണ്ണി ഗെയിംസ്’-ലെ രീതിയോ, ‘Cache’-യില്‍ കണ്ടതു പോലെ ആഖ്യാനത്തിലെ പുതുമകളോ, ഷോക്ക് വാല്യൂ ഉള്ള രംഗങ്ങളോ ഇവിടെയില്ല. തികച്ചും ഏകതാനമായ, ക്ലാസിക് ശൈലിയിലുള്ള ആഖ്യാനത്തില്‍, പേസിംങ്ങില്‍ പോലും ഒരിക്കലും മാറ്റം വരുത്തുന്നില്ല സംവിധായകന്. ഏറെക്കുറെ തുടങ്ങിയിടത്തുതന്നെയാണ് ‘കഥ’ അവസാനിക്കുന്നതും. ഇടയ്ക്ക് ചില വേറിട്ടതെന്നോ ഒറ്റപ്പെട്ടതെന്നോ വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ക്ക് സംവിധായകന് നമ്മെ സാക്ഷികളാക്കുന്നു. ഈ സംഭവങ്ങളെല്ലാം, സിനിമയിലെതന്നെ ഒരു കഥാപാത്രത്തിന്റെ ഓര്‍മ്മകളായി, 'വോയ്സ് ഓവര്‍' ഉപയോഗിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്. ഓര്‍മ്മകള്‍ക്ക് സാധാരണ സംഭവിക്കാറുള്ള തുടര്‍ച്ചയുടെ നഷ്ടവും അവ്യക്തതയും ഇവിടെയും സംഭവിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, ആഖ്യാനം തുടര്‍ച്ചയില്ലാത്തതും, ഏകപക്ഷീയവും, അവ്യക്തവുമാണ്. ഹാനേക് ആദ്യമായാണ് വോയ്സ് ഓവര്‍ എന്ന പഴയ ആഖ്യാനോപകരണം തന്റെ സിനിമയില്‍ ഉപയോഗിക്കുന്നത്. പോരാത്തതിനു്, ഈ സിനിമ പൂര്‍ണമായും കറുപ്പിലും വെളുപ്പിലുമാണ്. പഴയ സിനിമകളിലെന്ന പോലെ രേഖീയമായ, പതിഞ്ഞ, മന്ദതാളത്തിലാണു സിനിമയുടെ ആഖ്യാനം. ഈ പ്രത്യേകതകളെല്ലാം പരിഗണനയിലുള്ള വിഷയത്തിന്റെ കാലഘട്ടത്തിന്റെയും കഥാപാത്രങ്ങളുടെ ജീവിതാന്തരീക്ഷങ്ങളുടെയും പ്രതിദ്ധ്വനിയായി മനസ്സിലാക്കാവുന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ ആരംഭകാലത്തെ, ലഭ്യമായ എല്ലാ ഇമേജുകളും കറുപ്പിലും വെളുപ്പിലുമാണല്ലോ. എന്നാല്‍ ഇതുമാത്രമല്ല, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തെരഞ്ഞെടുക്കാന്‍ കാരണമെന്നായിരുന്നു ആഖ്യാനോപകരണങ്ങളുടെ ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹാനേക്കിന്റെ മറുപടി. വോയ്സ് ഓവറും നിറങ്ങളുടെ അഭാവവും പ്രേക്ഷകനില്‍ നിന്നും ക്രൃത്യമായ ഒരകലം പാലിക്കാന്‍ നറേറ്ററെ സഹായിക്കുന്നു. കൂടാതെ, നിറങ്ങളുടെ അഭാവം റിയലിസത്തിന്റെ നിര്ബന്ധങ്ങളില് നിന്നു സ്വതന്ത്രരാക്കുകയും ചെയ്യുന്നു. കഥ പറയുന്നയാള്‍ ഈ കഥകളില്‍ പലതും കേട്ടറിവു മാത്രമാണെന്നും, ഇതില്‍ പലതും എത്രമാത്രം സത്യമാണെന്ന് അറിയില്ലെന്നുമുള്ള ജാമ്യത്തോടെയാണു കഥ പറച്ചില് തുടങ്ങുന്നത്. ഈ വസ്തുതയെ നിറങ്ങളുടെ അഭാവവുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍ നാചുറാലിസത്തിന്റെ എല്ലാ അവകാശവാദങ്ങളെയും അവയുടെ എല്ലാ സാധ്യതകളോടെയും നിരാകരിക്കുകയാണ് ഈ സിനിമ ആദ്യമേ ചെയ്യുന്നത്.
തന്റെ എല്ലാ സിനിമകള്‍ക്കും കൂടി പൊതുവായ ഒരു പേരിടണമെന്കില്‍ അതു 'civil war' എന്നായിരിക്കുമെന്നാണു ഹനേക് ഒരിക്കല്‍ പറഞ്ഞത്. ഇവിടെ സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള സിവില്‍ വാര് അല്ല, മറിച്ച്, വ്യക്തികള്‍ തമ്മില്‍ നിത്യേനയെന്നോണം നടക്കാറുള്ള കലഹങ്ങള്‍. എല്ലാ വലിയ കലഹങ്ങളുടെയും പിന്നില്‍ ഇതുപോലെ ചെറിയ കലഹങ്ങളുണ്ടാകും. വലിയ കലഹങ്ങളുടെ വലിയ ചിത്രം ലഭിക്കാന്‍ ചെറിയ മാത്രൃകകള്‍ വെച്ച് പഠിക്കുകയാണു ഹാനേക് ചെയ്യുന്നത്. ഹനേക്കിന്റെ മുന്ചിത്രങ്ങള് പോലെ തന്നെ വൈറ്റ് റിബണും ഒരു ചെറിയ മാത്രൃകയാണ്. ഫാഷിസത്തിന്റെയും ഫനറ്റിക് എന്നു വിശേഷിപ്പിക്കാവുന്ന ചിന്താഗതികളുടെയും ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുള്ള ചെറിയൊരു മാത്രൃക.

കഥ പറയുന്നയാള്‍ക്ക്, കഥ പറയപ്പെടുന്ന കാലത്ത് ഏതാണ്ട് 85-90 വയസ്സ് പ്രായമുണ്ടാകുമെന്നാണ് ശബ്ദത്തില്‍ നിന്നും മനസ്സിലാകുന്നത്. അതായത്, ഈ കഥ പറയപ്പെടുന്നത് ഏതാണ്ട് 1970-കളിലായിരിക്കും. എഴുപതുകളില്‍ ജര്‍മ്മനിയെ പിടിച്ചുകുലുക്കിയ തീവ്രവാദപ്രസ്ഥാനത്തിന്റെ (ബാദര്‍ മെയിനോഫ് പ്രസ്ഥാനം) ചരിത്രവുമായും ഈ സിനിമയെ ബന്ധിപ്പിക്കാവുന്നതാണ്. ബാദര്‍ മെയിനോഫ് പ്രസ്ഥാനത്തിലെ പ്രധാനികളായ പലരും പ്രൊട്ടസ്റ്റന്റ് കുടുംബങ്ങളില്‍ നിന്നും വരുന്നവരാണെന്നത് ഇവിടെ തികച്ചും പ്രസക്തമാണ്. ജര്‍മ്മനിയില്‍ അക്കാലത്ത് നിലനിന്നിരുന്ന, ഫാസിസവും ഭീകരതയുമായി രൂപാന്തരപ്പെടുന്ന കറുത്ത വിദ്യാഭ്യാസത്തെ മാത്രൃകയാക്കിക്കൊണ്ട് ഐഡിയലിസവും ഭീകരതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാനാണു താന്‍ ശ്രമിച്ചതെന്ന് കാന്‍ ചലചിത്രമേളയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംവിധായകന് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ജര്‍മ്മനിയുടെയും ഫാഷിസത്തിന്റെയും കഥ മാത്രമായി ഈ സിനിമ ചുരുക്കിക്കളയുന്നത് ഈ സിനിമയോടു ചെയ്യുന്ന വലിയ പാതകങ്ങളിലൊന്നായിരിക്കും. ഏറെക്കാലം തീവ്രമായ സഹനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകുന്ന സമൂഹം കാലക്രമേണ ഫണ്ടമെന്റലിസ്റ്റ് രൂപങ്ങള്‍ കൈക്കൊള്ളുമെന്നാണ് 'വൈറ്റ് റിബണ്‍' മുന്നോട്ടു വെക്കുന്ന തിയറി.
വൈറ്റ് റിബണില്‍, കുട്ടികളാണ് അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്. മുതിര്‍ന്നവര്‍ അവരെ സംബന്ധിച്ചിടത്തോളം മര്‍ദ്ദനോപകരണങ്ങള്‍ മാത്രമാണ്. മുതിര്ന്നവര്ക്കൊന്നും ഈ സിനിമയില്‍ പേരില്ല എന്നോര്‍ക്കുക; ഡോക്ടര്‍, മിഡ്വൈഫ്, ബാരണ്‍ (ഭുവുടമ), കാര്യസ്ഥന്, പാസ്റ്റര്‍, അധ്യാപകന് തുടങ്ങി ജോലി/സ്ഥാനപ്പേരിലാണ് മുതിര്‍ന്നവരൊക്കെ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. കഥ പറയുന്നത് അധ്യാപകനാണെന്കിലും കുട്ടികളുടെ വീക്ഷണകോണില്‍ നിന്നാണു സംവിധായകന് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും. വീക്ഷണകോണുകളുടെ ഈ തെരഞ്ഞെടുപ്പാകട്ടെ, ഏകതാനമായ നറേഷനെ അപേക്ഷിച്ച് കൂടുതല്‍ അര്‍ത്ഥസാധ്യതകള്‍ പല രംഗങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, ഡോക്ടറുടെ ഏഴുവയസ്സുള്ള മകന് റൂഡി, രാത്രി ഉറങ്ങാനാകാതെ പടിയിറങ്ങി വരുന്ന രംഗം ശ്രദ്ധിക്കുക. കൗമാരക്കാരിയായ ചേച്ചി ആനിയെയാണവന്‍ അന്വേഷിക്കുന്നത്. ഒരു ഏഴുവയസ്സുകാരന് രാത്രിയില്‍ വരാന്തയിലൂടെ നടക്കുമ്പോഴുണ്ടാകാവുന്ന അവ്യക്തതയും പരിഭ്രമവും ക്യാമറ ആംഗിള്‍, പ്രകാശവിതാനം എന്നിവയിലൂടെ സംവിധായകന് പ്രേക്ഷകരിലും സ്രൃഷ്ടിക്കുന്നുണ്ട്. വലിയൊരു മുറിയുടെ അങ്ങേയറ്റത്ത് തന്റെ ചേച്ചി പിതാവിന്റെ മുന്നിലായി ഇരിക്കുന്നതവന്‍ കാണുന്നു. ചേച്ചിയും പിതാവും എന്താണു ചെയ്യുന്നതെന്ന് അവനു(ആദ്യം പ്രേക്ഷകനും) വ്യക്തമാകുന്നില്ല. ഡോക്ടര്‍ സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗിക്കുന്നതിനെ ഇതിനു മുന്‍പുള്ള ഒരു സീനില്‍ മിഡ്വൈഫ് സംസാരത്തില്‍ സൂചിപ്പിക്കുന്നതോര്‍ക്കുക. ഡോക്ടര്‍ സ്വന്തം മകളോടു കാണിക്കുന്ന ലൈംഗികാതിക്രമത്തെ ദ്രൃശ്യമലിനീകരണം കൂടാതെതന്നെ സംവിധായകന് ക്രൃത്യമായി അവതരിപ്പിച്ചുകഴിഞ്ഞു. അതുപോലെ, പാസ്റ്റര്‍ തന്റെ മക്കളെ പ്രഹരിക്കുന്ന രംഗമാകട്ടെ ശബ്ദമുപയോഗിച്ചാണു രൂപപ്പെടുത്തിയിരിക്കുന്നത്. മക്കള്‍ ഓരോരുത്തരായി പാസ്റ്ററുടെ മുറിയിലേക്ക് കയറുന്നതേ പ്രേക്ഷകന് കാണുന്നുള്ളൂ. അടിയുടെ ശബ്ദം മാത്രം കേള്‍ക്കാം. കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനൊക്കെ ക്രൃത്യമായ മാനദണ്ഡങ്ങളുള്ള ജര്‍മ്മനി പോലൊരു രാജ്യത്ത് മേല്പറഞ്ഞതുപോലെയുള്ള ലൈംഗികാതിക്രമരംഗങ്ങളോ കുട്ടികളെ ശിക്ഷിക്കുന്നതോ ചിത്രീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ തനിക്കു പറയാനുള്ളത് ക്രൃത്യമായി സംവിധായകനു അവതരിപ്പിക്കാനാകുന്നു.
വയലന്‍സിന്റെ പ്രതിനിധാനം

ആരാണു കുറ്റവാളി?
സാധാരണ ക്രൈം ജനുസ്സില്‍ പെട്ട സിനിമകളിലേതുപോലെ ഇതൊരു 'Whodunit' ഫിലിമല്ല. ആരാണു കുറ്റവാളി(കള്‍) എന്നതിനെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നറേറ്ററായ അധ്യാപക കഥാപാത്രം തരുന്നുണ്ട്. അതു പക്ഷേ ആ അധ്യാപകന്റെ ധാരണകള്‍ മാത്രമാണെന്നും വരാം. അധ്യാപകന് പറയുന്ന കഥയില്‍, പാസ്റ്ററുടെ വീട്ടില്‍ വളര്‍ത്തുന്ന ഒരു പക്ഷിയെ (ക്രൂശിതരൂപത്തിലെന്നതുപോലെ)ഒരു കത്രികയില്‍ കോര്‍ത്ത്, കൊന്ന് പാസ്റ്ററുടെ മേശപ്പുറത്തു വെച്ചിരിക്കുന്നതായി ഒരു രംഗമുണ്ട്. അതിനു തൊട്ടുമുന്‍പത്തെ സീനില്‍ പാസ്റ്ററുടെ മകള്‍ ക്ലാര, കത്രിക തിരയുന്നതും കാണിക്കുന്നുണ്ട്. പക്ഷിയെക്കൊന്നത് ക്ലാരയാണെന്ന് അധ്യാപകന് കരുതുന്നു. അതിനടുത്ത സീനിലാണു കാര്യസ്ഥന്റെ മകള്‍, രണ്ടു സ്വപ്നങ്ങളെപ്പറ്റി അധ്യാപകനോടു കുമ്പസാരിക്കുന്നത്. ഒന്ന് അവളുടെ വീട്ടിലെ നവജാതശിശുവിന്, തൊട്ടു മുന്‍പത്തെ മഞ്ഞുകാലത്ത് ന്യൂമോണിയ വന്നതിനെക്കുറിച്ചാണ്. കാര്യസ്ഥന്റെ കുട്ടി കിടക്കുന്ന മുറിയുടെ ജനല്‍ ആരോ തുറന്നിടുന്നതും അതുകാരണം കുട്ടിയ്ക്ക് ന്യുമോണിയ വരുന്നതും മുന്‍പൊരു സീനില്‍ വരുന്നുണ്ട്. കാര്യസ്ഥന്റെ മകളുടെ കുമ്പസാരം, ആരോ ജനല്‍ തുറന്നിടുന്നതായി താന്‍ സ്വപ്നം കണ്ടു എന്നാണ്. മിഡ്വൈഫിന്റെ mentally handicapped ആയ മകന് കാര്‍ലിയെ ആരോ ഉപദ്രവിക്കുന്നതായി വീണ്ടും സ്വപ്നം കാണുന്നതോടെയാണ് അവള് തന്റെ സ്വപ്നങ്ങള്‍ അധ്യാപകനോടു പറയുന്നത്. അതെത്തുടര്‍ന്ന് കാര്‍ലിയെ കാണാതാവുകയും കണ്ണുകള്‍ തുരക്കപ്പെട്ട്, ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട അവസ്ഥയില്‍ പിന്നീട് കണ്ടുകിട്ടുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ പേരില്‍ കാര്യസ്ഥന്റെ മകളെ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ മറ്റു കുട്ടികള്‍ ഒളിച്ചുകേള്‍ക്കുന്നതും സിനിമയിലുണ്ട്. അതിനോടടുത്തൊരു സീനില്‍, ഒരു കുളത്തിനരികില്‍ രണ്ടു മുതിര്‍ന്ന കുട്ടികളും അവരേക്കാന്‍ ഇളയ മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് മുതിര്‍ന്ന കുട്ടികളിലൊരാള്‍ ഇളയ കുട്ടിയെ കുളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു. കൂട്ടത്തിലുള്ള മറ്റേ മുതിര്‍ന്നകുട്ടി ഇടപെട്ട് ഇളയകുട്ടിയെ രക്ഷിക്കുന്നുമുണ്ട്. കുട്ടികളാണ് ഈ കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ എന്ന ധാരണ അധ്യാപകനില്‍ രൂപപ്പെടുന്നതിനെക്കുറിച്ച് വിശദീകരിക്കാനാണ് ഈ രംഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. എന്നാല്‍ അധ്യാപകനല്ലാതെ മറ്റാരും കുട്ടികളാണിതിനെല്ലാം പിന്നില്‍ എന്ന് കരുതുന്നില്ല. ഒരുപക്ഷേ അധ്യാപകന് ആ കുട്ടികളെ അറിയുന്നതുപോലെ മറ്റാരും അറിയുന്നില്ല എന്നതാവാം കാരണം. ആരാണു കുറ്റവാളി എന്ന് സംവിധായകനും കൃത്യമായി പറയുന്നില്ല.
എന്തുകൊണ്ടാണ് ഇതുപോലൊരു സിനിമയില്‍ വയലന്‍സിന്റെ പ്രഭവകേന്ദ്രം ഏതാണ്ടു ഗൂഢമായിത്തന്നെയിരിക്കുന്നത്? ഈ സിനിമ നാസിസത്തിനു ഒരു prequel ആണെന്ന് മുന്‍പുതന്നെ പരാമര്‍ശിച്ചിരുന്നതോര്‍ക്കുക. ജരമ്മനിയില്‍ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ചിലര്‍ക്കുമാത്രമായി നല്‍കാനാവില്ലെന്നും വെസ്റ്റേണ്‍ സമൂഹം മുഴുവന്‍ ഇതിന്റെ കുറ്റബോധത്തിനവകാശികളാണെന്നുമല്ലേ ഇതിനര്‍ത്ഥം? നിഷ്കളങ്കരെന്ന് കരുതപ്പെടുന്ന കുട്ടികള്‍ ഇത്രമാത്രം ക്രൂരവും വന്യവുമായ കൃത്യങ്ങള്‍ ചെയ്യുമെന്ന് ആരും കരുതുന്നില്ല എന്ന വസ്തുത, തങ്ങളുടെ സമൂഹം മുഴുവന്‍ തെറ്റുകളിലൂടെയാണു പൊയ്ക്കൊണ്ടിരുന്നത് എന്ന് ജര്‍മ്മന്‍ സമൂഹം മനസ്സിലാക്കിയിരുന്നില്ല എന്ന വസ്തുതയുടെ metaphor ആകുന്നുണ്ടോ? ഈ ഗ്രാമത്തിലെ ഒറ്റപ്പെട്ടതെന്നു തോന്നിപ്പിക്കുന്ന സംഭവപരമ്പരകളുടെ മുന്നില്‍, കുഴക്കുന്ന ഒരു പ്രശ്നത്തിലെന്നപോലെയാണ് ഗ്രാമീണര്‍ നില്‍ക്കുന്നത്. ഏതാണ്ടതുതന്നെയാണ് പ്രേക്ഷകന്റെയും അവസ്ഥ. പക്ഷേ ഒരു സമൂഹത്തിന്റെ പതനം നാം കാണുന്നു. വൈറ്റ് റിബണ്‍ പോലെ Cache എന്ന ഹനേക്കിന്റെ തന്നെ മുന്‍ചിത്രത്തോടും പലര്‍ക്കുമുള്ള പ്രശ്നം കൃത്യമായ ഉത്തരങ്ങള്‍ തരാന്‍ ഈ സിനിമകള്‍ വിസമ്മതിക്കുന്നു എന്നതാണ്. ഉത്തരമില്ലായ്മ തന്നെ ഒരുത്തരമായെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇവിടെ കൃത്യമായ ഉത്തരങ്ങള്‍ക്കു പ്രസക്തിയില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഹാനേക്ക് നിര്‍മ്മിക്കുന്ന പസിള്‍ അതിന്റെ ഉത്തരത്തേക്കാള്‍ രസകരമാണെന്നതും ഒരു കാരണമാണ്.
ചരിത്രവും രാഷ്ട്രീയവും
ഈ സിനിമയുടെ മുഴുവന്‍ പേര്, Das weisse Band - Eine deutsche Kindergeschichte എന്നാണ്. Wjite Ribbon- A German children's Tale എന്ന് ഏകദേശ ആംഗലേയ തര്‍ജ്ജമ. അതായത് ഇത് കുട്ടികള്‍ക്കുള്ള കഥയോ കുട്ടികളെക്കുറിച്ചുള്ള കഥയോ ആകാം. രണ്ടായാലും കേന്ദ്രസ്ഥാനത്തുള്ളത് കുട്ടികളാണ്. 1914-ല്‍ കൌമാരത്തിലെത്തിനില്‍ക്കുന്ന കുറെ കുട്ടികള്‍. ഹിറ്റ്ലറുടെയും നാഷണല്‍ സോഷ്യലിസത്തിന്റെയും കാലത്ത് ഇവര്‍ 35-40 വയസ്സുള്ള സമൂഹത്തിന്റെ മുഖ്യപ്രവര്‍ത്തനവിഭാഗം ആയിരിക്കും. അതായത് ഈ സിനിമയിലെ കുട്ടികളെപ്പോലെ ശാരീരികവും മാനസികവും ലൈംഗികവുമായ അടിച്ചമര്‍ത്തലുകളിലൂടെ വളര്‍ന്നു വന്ന ഒരു സമൂഹമാണ് ഫാഷിസത്തിനു വേരോടാന്‍ തക്കതായ ഒരു സമൂഹത്തെ സൃഷ്ടിച്ചതെന്ന്. ഇത്തരം കാലഗണനയിലധിഷ്ഠിതമായ ചരിത്രവായനകളില്‍ നിന്നാണ് വൈറ്റ് റിബണ്‍ അതിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങള്‍ കണ്ടെടുക്കുന്നത്.
എന്നാല്‍ ഈ ചിത്രം ഫാഷിസത്തിന്റെ/ഫണ്ടമെന്റലിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചു മാത്രമാണോ?
ഈ ചിത്രത്തിലെ പാസ്റ്റര്‍, കുട്ടികള്‍ തെറ്റു ചെയ്യാതിരിക്കാന്‍ അവരുടെ കൈയിലോ തലയിലോ ഒരു വെള്ള റിബണ്‍ കെട്ടാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. വെള്ള റിബണ്‍ ഒരു അടയാളമാണ്; തിന്മയെ നിയന്ത്രിക്കാന്‍, അധികാരമുള്ളവന് ഉപയോഗിക്കുന്ന ഒരു അടിച്ചമര്‍ത്തല്‍ ഉപകരണമാണത്. അമേരിക്കന്‍ നിരൂപകന് റോജര്‍ എബര്‍ട്ട് ഒരു പടികൂടി കടന്ന് ഈ സിനിമയെ ഭരണകൂടഭീകരതയുമായി ബന്ധിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെ വിലയായികൊടുത്തുകൊണ്ടും തിന്മയെ പ്രതിരോധിക്കുക എന്നു വരുമ്പോള്‍ അവിടെ authoritarianism വളരുന്നു. തിന്മ തടയുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും വേണമെന്നു വരുന്നു. സ്വഭാവികമായും അത് നിയമപാലകരിലേക്കും സ്റ്റേറ്റിന്റെ അധികാരത്തിലേക്കും പോകുന്നു. ഏതു തരത്തിലുള്ള ക്രമമില്ലായ്മയും തിന്മയാണെന്നും അതുകൊണ്ട് ക്രമമില്ലായ്മകളെ തടയണമെന്നും വരുന്നു. ഇവിടെയാണ് ഭരണകൂടതാത്പര്യങ്ങള്‍ ജനതാത്പര്യങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്നത്. സാധാരണക്കാരായ ആളുകളുടെ നിത്യജീവിതത്തെ വിഷയമാക്കുന്ന ഒരു സിനിമയില്‍ ഇതുപോലെ ഗഹനമായ ആശയങ്ങള്‍ ഉള്‍ചേര്‍ക്കാന്‍ കഴിയുന്നു എന്നതു തന്നെ ഹാനേക്കിന്റെ ജീനിയസ്.