Sunday, November 29, 2009

എറിക്കിനെ അന്വേഷിക്കുമ്പോൾ (2009)


ലോകസിനിമയുടെ മുൻപേ നിന്ന ചരിത്രമാണ് കാൻസ് ഫിലിം ഫെസ്റ്റിവലിനുള്ളത്. ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഇരുപത് സിനിമകളിൽ ബഹുഭൂരിപക്ഷത്തിന്റെയും പൊതുസ്വഭാവം സൂചിപ്പിക്കുന്നത്, ഇന്നത്തെ ലോകസിനിമ, പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന ഒന്നാകുന്നു എന്നാണ്. സിനിമയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സാമ്പ്രദായികമായി നിലവിലുള്ള ധാരണകൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്ന വസ്തുത വരും കാലസിനിമയുടെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ വരുത്തിയേക്കാം. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഒന്നായിരുന്നു റിയലിസ്റ്റിക് സ്വഭാവമുള്ള സോഷ്യൽ ഡ്രാമകളിലൂടെ ലോകസിനിമയിൽ സ്വന്തമായ സ്ഥാനമുറപ്പിച്ച കെൻ ലോച്ചിന്റെ പുതിയ ചിത്രം Looking for Eric (2009). ഈ ചിത്രം, നമ്മെ വേദനിപ്പിച്ചുകൊണ്ട് തുടങ്ങി, ചിരിപ്പിച്ചുകൊണ്ട് അവസാനിക്കുന്നു. ഗൌരവത്തോടെ തുടങ്ങി, നിസ്സാരതയിൽ അവസാനിക്കുന്നു.

ചിത്രത്തിൽ രണ്ട് എറിക്ക് ഉണ്ട്. ഒന്ന് വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന, ശാരീരികമായും മാനസികമായും തളർന്ന, പരാജയപ്പെട്ടൊരു പോസ്റ്റ്മാൻ, എറിക് ബിഷപ്പ്. രണ്ടാമത്തേത്ത് flawed genius എന്നു വിശേഷിപ്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എറിക് കാന്റൊണ. ആകെ തകർന്ന ഒരു മനുഷ്യനെയാണു ആദ്യത്തെ എറിക്കിലൂടെ നമ്മളാദ്യം കാണുന്നത്. നിസ്സാരനായൊരു മനുഷ്യൻ. നിസ്സാരമായൊരു ജോലി. അയാളുടെ മക്കളാകട്ടെ അയാളെ ഒട്ടുമേ വകവെക്കുന്നുമില്ല. കൂടെ പരാജയപ്പെട്ടൊരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കുറ്റബോധവും. എറിക് കാന്റൊണ ഈ പോസ്റ്റ്മാന്റെ റോൾ മോഡലാണ്. തന്റെ സങ്കടങ്ങളെല്ലാം ഈ മനുഷ്യൻ തുറന്നു പറയുന്നത് മറ്റേ എറിക്കിനോടാണ്. ഹൃദയസ്പർശിയായ തുടക്കം. പക്ഷേ പിന്നീട് സംവിധായകനു താളം തെറ്റുന്നു. താളം തെറ്റുന്നു എന്നല്ലാതെ താളം നഷ്ടപ്പെടുന്നില്ല. മറ്റൊരു ട്രാക്കിലേക്ക് സിനിമ കയറുന്നു. നമ്മൾ കണ്ടു തുടങ്ങുന്ന സിനിമയിലല്ല നമ്മൾ അവസാനിക്കുന്നത്.

ആദ്യപകുതി മുഴുവൻ പ്ലോട്ടിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയാണു സംവിധായകൻ. ഒരു കഥാപാത്ര-കേന്ദ്രീകൃത ഡ്രാമയെന്നു തോന്നിക്കുന്ന ചലച്ചിത്രം പിന്നീട് പ്ലോട്ട്-കേന്ദ്രീകൃതമാകുന്നു. എറിക് കാന്റൊണയുടെ സഹായത്തോടെ പോസ്റ്റ്മാൻ എറിക് സ്വയം കണ്ടെത്തുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു. സംഗതി ശുഭം. ഇടയ്ക്ക് നല്ലൊരു ചിരിക്കും വക നൽകുന്നുണ്ട് സംവിധായകൻ. ഒറ്റയൊരു ജനുസ്സിൽ പെടുത്തി ഈ ചിത്രത്തെ നിർവചിക്കുക എളുപ്പമല്ല. ഏറെ വൈകാരികമായ ഡ്രാമയിൽ തുടങ്ങി, കോമഡിയിലവസാനിക്കുന്നു. ഇടയ്ക്ക് ഫാന്റസിയും ക്രൈമും സ്പോർട്സുമെല്ലാം വരുന്നുമുണ്ട്.

ഫുട്ബോളിന്റെയും കോമഡിയുടെയും സാനിധ്യം കാരണം, മൊത്തത്തിലുള്ള ഫീൽ-ഗുഡ് സ്വഭാവം കാരണം വരാൻ പോകുന്ന IFFK–യിൽ പ്രേക്ഷകരെ ആസ്വദിക്കാൻ സാധ്യതയുള്ള സിനിമകളിൽ ഒന്ന്.

6 comments:

Nat said...

തുടരെ തുടരെ പോസ്റ്റുകളാണല്ലോ... ഞാനും ഒന്ന് എറിക്കിനെ അന്വേഷിക്കട്ടെ (ഇപ്പോഴിവിടെയും കാന്‍ 2009 നടന്നു കൊണ്ടിരിക്കുകയാണ്.. :))... അതുകഴിഞ്ഞ് അഭിപ്രായം പറയാം..

★ Shine said...

Thanks for review.

Devadas V.M. said...

ഡൗന്‍ളോഡാന്‍ കൊടുത്തേക്കാം... ബാക്കി കണ്ട ശേഷം..

Haree said...

IFFK-യിലെ മറ്റ് ചിത്രങ്ങളെക്കുറിച്ചു കൂടി എഴുതാമോ? എങ്കില്‍ തിരഞ്ഞെടുപ്പ് എളുപ്പമാവുമായിരുന്നു. :-)
--

Roby said...

നതാഷ, ഇതൊക്കെ പെട്ടെന്ന് എഴുതി തീർക്കുന്ന പോസ്റ്റുകളാണ്‌. നീളം കൂടിയത് എഴുതാൻ മടി.

ഷൈൻ, ദേവദാസ്...നന്ദി.

ഹരീ, ഞാൻ 18 എണ്ണമേ കണ്ടുള്ളൂ. കൂട്ടത്തിൽ നല്ലതെന്നു തോന്നിയത് കാൻസ് ഫെസ്റ്റിവലിൽ ഉണ്ടായിരുന്നവ തന്നെ. The Prophet, Antichrist, Looking for Eric...
ലാറ്റിനമേരിക്കൻ ഫിലിം fish child കുഴപ്പമില്ലായിരുന്നു. ഒരു പോസ്റ്റിടാം.

പാച്ചു said...

കണ്ടിരുന്നു ഈ സിനിമ. കണ്ടാൽ സമയം വേസ്റ്റാവാത്ത ഒരു സിനിമ. :) സജക്ഷനു നന്ദി.