ദി ക്രൂസിബിള്‍(1996)

കുറ്റബോധവും തിന്മയും, ഭയത്തിന്റെയും പകയുടെയും സാന്നിധ്യത്തില്‍ എങ്ങനെ രൂപാന്തരപ്പെടുകയും, അന്ധവിശ്വാസങ്ങള്‍ എങ്ങനെ അതിനു വളമാകുകയും ചെയ്യുന്നുവെന്നതിന്റെ ഒരു സാമൂഹിക പഠനമായാണ് മില്ലര്‍ തുടര്‍ന്നുള്ള രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മില്ലറുടെ ഈ രചനയെ 1950-കളിലെ McCartheism-വുമായി നിരൂപകന്മാര് ബന്ധപ്പെടുത്താറുണ്ട്. ശീതയുദ്ധത്തിന്റെ ആരംഭകാലത്ത് റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജോസഫ് മക്കാര്‍ത്തി കമ്മ്യൂണിസ്റ്റ് ബന്ധമാരോപിച്ച് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന പലരെയും അറസ്റ്റു ചെയ്യുക്കയും പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി (Red hunt) ഈ രചനയ്ക്ക് അസാധാരണമായ സമാനതയുണ്ട്. മില്ലര്‍ തന്നെ ഈ ചുവന്ന വേട്ടയ്ക്ക് ഇരയായിരുന്നുവെന്നോര്‍ക്കണം. പ്രശസ്ത സംവിധായകനായ ജൂള്‍സ് ഡാസിന്‍(Jules Dasin) ഈ കമ്മ്യൂണിസ്റ്റ് വേട്ടയെ തുടര്‍ന്ന് ഫ്രാന്‍സിലേക്ക് നാടു വിടേണ്ടി വന്നവരില്‍ പ്രമുഖനാണ്.

Daniel Day Lewis തന്റെ എല്ലാ ചിത്രങ്ങളിലെയും പോലെ മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നു. രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിട്ടുള്ളത് static camera ഉപയോഗിച്ചാണ്. ക്ലോസപ്പുകളും വിദൂര ദൃശ്യങ്ങളും അതിവിരളം. പ്രേക്ഷകന് സിനിമയുമായി താദാത്മ്യം സ്വീകരിക്കുന്നതിന് ഈ രചനാ രീതി ഒരു ചെറിയ തടസ്സമായി നില്ക്കുന്നു. ഒരു പ്രേക്ഷകന് മില്ലറുടെ നാടകത്തെ എന്നപോലെയാണ് സംവിധായകന് സിനിമയെ സമീപിച്ചിരിക്കുന്നതെന്ന് വ്യക്തം. എങ്കിലും അവതരണ രീതി ഒട്ടു മുറുക്കമുള്ളതു തന്നെയാണ്.
ചിത്രത്തിന്റെ അവസാനം, ജീവന് സംരക്ഷിക്കുന്നതിനായി താന്‍ മന്ത്രവാദം നടത്തിയെന്ന വ്യാജപ്രസ്താവനയില്‍ പ്രോക്ടര്‍ ഒപ്പു വെയ്ക്കുന്നുണ്ട്. എന്നാല്‍ ആ പ്രസ്താവന പരസ്യമാകപ്പെടുമെന്നും തന്റെ പേര് നശിപ്പിക്കപ്പെടുമെന്നും അറിയുന്ന പ്രോക്ടര്‍ ആ പ്രസ്താവന നശിപ്പിച്ച് മരണശിക്ഷ തെരഞ്ഞെടുക്കുകയാണ്. അതിനദ്ദേഹത്തിന്റെ ന്യായം ഇപ്രകാരമാണ്...കാരണം...അതെന്റെ പേരാണ്...എനിക്ക് ഈ ജീവിതത്തില്‍ മറ്റൊരു പേര് ഇല്ലല്ലോ...!!!
ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍(1993)

ചില്ലറ മോഷണങ്ങളും മദ്യപാനവുമായി നടക്കുന്ന ജെറിക്ക് IRA യുമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ പേരില്‍ ഇംഗ്ലണ്ടിലേക്ക് നാടു വിടേണ്ടി വരുന്നു. അവിടെ അയാള്‍ ഒരു മുന്‍ സുഹൃത്ത് പോള്‍ ഹില്ലിനെ കണ്ടുമുട്ടുന്നു. തുടര്‍ന്ന് ഗില്‍ഡ്ഫോര്‍ഡിലെ ഒരു പബ്ബില്‍ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അവര്‍ അറസ്റ്റിലാകുന്നു. ജെറി ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്ന അയാളുടെ അമ്മായിയുടെ കുടുംബവും, അയാളെ കാണാന്‍ വരുന്ന അയാളുടെ പിതാവും എല്ലാം പിന്നീട് അറസ്റ്റിലാകുന്നുണ്ട്. പിന്നീട് അവര്‍ സഹിക്കേണ്ടി വരുന്ന മര്‍ദ്ദനങ്ങളും ജയില്‍വാസവും അവസാനം മോചനവും കൂടിയായാല്‍ കഥ പൂര്‍ണ്ണമായി. പക്ഷേ സംവിധായകന് ഇനിയും ചിലതൊക്കെ പറയാനുണ്ട്...അതാണ് സിനിമയുടെ ജീവനും.
ജെറി(Daniel Day Lewis) അയാളുടെ പിതാവില്‍(Pete Postlethwaite) നിന്നും വളരെ വ്യതസ്തനാണ്. ജെറി ഒരു മദ്യപാനിയും മയക്കുമരുന്ന് ഉപയോഗിക്കുന്നവനും ചെറുകിട മോഷ്ടാവും, ഒട്ടും ചിന്താശേഷിയില്ലത്തവനുമാകുമ്പോള്‍ അയാളുടെ പിതാവ് തികഞ്ഞ ഈശ്വരവിശ്വാസിയും, കഠിനാധ്വാനിയും, ആത്മാഭിമാനമുള്ളവനുമാണ്...ജയിലില്‍ ഒരേ മുറി പങ്കുവെയ്ക്കാനിടയാകുന്ന അവര്‍ക്കു തമ്മില്‍ തികച്ചും അസാധാരണമായ ഒരു ബന്ധം ഉടലെടുക്കുകയാണ്. ഇത് ജെറിയെ ആകെ മാറ്റുന്നു. ഒരു സാമൂഹിക വിരുദ്ധനെന്ന അവസ്ഥയില്‍ നിന്നും നീതിയുടെ പതാക വാഹകനാകുന്ന ജെറിയുടെ മാറ്റമാണ് പിന്നീട് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈരണ്ടു നടന്മാരും അസാധാരണമായ അഭിനയ മികവാണ് ചിത്രത്തിലുടനീളം കാഴ്ച വെയ്ക്കുന്നത്.
ചരിത്രത്തിലെ സംഭവത്തില്‍ അത്രയൊന്നും

പ്രാധാന്യമില്ലാതിരുന്ന ജെറിയുടെ പിതാവിന് സിനിമയില്‍ ഇത്രയേറെ പ്രാധാന്യം നല്‍കിയതെന്തിനാണെന്ന് സംവിധായകന് വിശദീകരിക്കുന്നതിങ്ങനെയാണ്... ഐറിഷ് ചരിത്രത്തിലോ സാഹിത്യത്തിലോ റോള്‍ മോഡലുകളയേക്കാവുന്ന പിതാക്കന്മാരില്ല. നല്ല മാതാപിതാക്കളെ കുറിച്ച് ഐറിഷ് സാഹിത്യം ഒന്നും പറഞ്ഞിട്ടില്ല. ആ കുറവു നികത്തുന്നതിനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് ഷെറിഡാന് വിശദീകരിക്കുന്നത്.
ചരിത്രം പറയുമ്പോഴും കലാകാരന്റേതായ സ്വാതന്ത്ര്യങ്ങള്‍ സംവിധായകന് എടുക്കുന്നുണ്ട്...ഒരു പക്ഷേ അതിലധികവും. IRA എന്ന തീവ്രവാദ സംഘടനയേയോ ജെറി എന്ന സാമൂഹ്യവിരുദ്ധനേയോ വെള്ള പൂശാന്‍ സംവിധായകന് ശ്രമിക്കുന്നില്ലെങ്കിലും ആഖ്യാനം സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ഗുരുതരമായ ചില സത്യങ്ങള്‍ സംവിധായകന് മനപൂര്‍വ്വംവിട്ടു കളയുന്നുണ്ട്. ജെറിയുടെ സുഹൃത്ത് പോള്‍ ഹില്‍ IRA അംഗത്വമുള്ളയാളായിരുന്നുവെന്നും, ജെറി തന്നെ IRA യുടെ ഒരു യുവജന സംഘടനയില്‍ അംഗമായിരുന്നെങ്കിലും സ്വഭാവ ദൂഷ്യം കാരണം പുറത്താക്കപ്പെട്ടവനായിരുന്നു എന്നതുമാണത്. പോള്‍ ഹില്‍ ഒരു ഒറ്റുകാരനാണെന്ന് IRA സംശയിച്ചിരുന്നു. അതിനാല്‍ IRA യുടെ രഹസ്യ അറിയിപ്പിനെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലാകുന്നത്. ഈ സങ്കീര്‍ണതകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പോലും ജെറിയുടെ കഥാപാത്രം Daniel Day Lewis ന്റെ കൈയില്‍ ഭദ്രമായേനെ...ഒരു പക്ഷേ കൂടുതല്‍ മികച്ചതായേനെ. പക്ഷേ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ഹോളിവുഡ് സ്റ്റുഡിയോയുടെ ആത്യന്തിക ലക്ഷ്യം സത്യം പറയുക എന്നതിനേക്കാള്‍ വിനോദിപ്പിക്കുക എന്നതാണല്ലോ...! പ്രേക്ഷകര്‍ എന്തു മനസ്സിലാക്കണമെന്നതിന്, എന്തു ചിന്തിക്കണമെന്നതിന് ഹോളിവുഡിന് എപ്പോഴും നിര്‍ബന്ദ്ധബുദ്ധി തന്നെയുണ്ടല്ലോ...
ജെറിയുടെ പിതാവ് ജയിലില്‍ വെച്ച് മരണപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ ജയില്‍ മോചിതനായതിനു ശേഷവും മരണപ്പെട്ട തന്റെ പിതാവിന്റെ പേരിലുള്ള ആരോപണങ്ങള്‍ നിയമപരമായി റദ്ദ് ചെയ്യാനാണ് അയാളുടെ പോരാട്ടമത്രയും...തന്റെ പിതാവിന്റെ പേരിനു വേണ്ടി...
ഈ രണ്ടു ചിത്രങ്ങളും പേര് എന്ന ആശയത്തെ, അതിന്റെ പ്രാധാന്യത്തെ പ്രശ്നവത്കരിക്കുന്നുണ്ട്. എന്നാല്‍ അതിലേറെ ഈ രണ്ടു ചിത്രങ്ങളും ചരിത്രത്തിന് ഒരു മുന്നറിയിപ്പാകുകയാണ്...സത്യവും നീതിയും വിചാരണയ്ക്ക് വരാം..എന്നാല്‍ അപ്പോഴൊക്കെയും അവ പരാജയപ്പെടുകയായിരുന്നു.