Saturday, October 13, 2007

സത്യം വിചാരണയില്‍

ചില സിനിമകള്‍ നാം ശ്രദ്ധിക്കുന്നത്‌ അവ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളുടെ പേരിലാണ്‌. കഥാഘടനയിലും അവതരണ രീതിയിലും തികച്ചും വ്യത്യസ്തമെങ്കിലും ആശയപരമായി സമാനത പുലര്‍ത്തുന്നു എന്നു തോന്നിയ രണ്ടു സിനിമകളെയാണ്‌ ഈ കുറിപ്പില്‍ പ്രതിപാദിക്കുന്നത്‌.


ദി ക്രൂസിബിള്‍(1996)


അമേരിക്കന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലെ ചില സംഭവങ്ങളെ-മസ്സാചുസെറ്റ്‌സ്‌ സംസ്ഥാനത്തെ സേലം എന്ന സ്ഥലത്ത്‌ 1692-ല്‍ നടന്ന ഭൂതോച്‌ഛാടനങ്ങള്‍(which hunt) -ആസ്പദമാക്കി പ്രശസ്ത അമേരിക്കന്‍ നാടകകൃത്ത്‌ ആര്‍തര്‍ മില്ലര്‍ രചിച്ച ക്രൂസിബിള്‍ എന്ന നാടകത്തിന്റെ ചലചിത്രാവിഷ്കാരമാണ്‌ Nicholas Hynter സംവിധാനം നിര്‍വഹിച്ച ഈ ചിത്രം. സേലത്തിനടുത്തെ ഒരു ക്രിസ്റ്റ്യന്‍ സമൂഹത്തിലെ ചില പെണ്‍കുട്ടികള്‍, ഇഷ്ടപുരുഷന്മാരെ കാമുകന്മാരായി ലഭിക്കുന്നതിനായി ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട്‌ ഒരു വനത്തില്‍ രാത്രി ഒരുമിച്ചു കൂടുന്നു. അവരുടെ ആചാരങ്ങള്‍ ആ സമൂഹത്തിലെ മതാദ്ധ്യക്ഷന്‍ റെവ. പാരിസ്‌ കാണാനിടയാകുന്നു. അതേ തുടര്‍ന്ന്‌ ആ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകള്‍ അസാധാരണമായി രോഗ ബാധിതയാവുന്നു. ഇതിനെ തുടര്‍ന്ന്‌ മന്ത്രവാദം സംശയിക്കപ്പെടുകയും ഭൂതോച്‌ഛാടനത്തിനായി റെവ.ഹെയില്‍ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന്‌ ആ ഇടവകയിലെ ജനങ്ങളൊന്നാകെ ഹിസ്റ്റീരിയ ബാധിച്ചതു പോലെ സംഭ്രാന്തിയിലാവുകയാണ്‌. പാരിസിന്റെ മരുമകള്‍ അബിഗേല്‍(Winona Ryder) തങ്ങള്‍ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നു സമ്മതിക്കുകയും പിശാചുമായി നേരിട്ടു ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു. തെറ്റ്‌ ഏറ്റുപറഞ്ഞ സ്ഥിതിയ്ക്ക്‌ ആ ഗ്രാമത്തിലെ മറ്റ്‌ ഭൂതബാധിതരെ കണ്ടെത്താന്‍ ഈ പെണ്‍കുട്ടികളെ ഉപയോഗിക്കാമെന്ന്‌ മതാദ്ധ്യക്ഷന്മാര്‍ തീരുമാനിയ്ക്കുകയും അതേ തുടര്‍ന്ന്‌ നിരപരാധികളായ പല ഗ്രാമീണരും പെണ്‍കുട്ടികളുടെ പ്രതികാരത്തിനിരയാവുകയും ചെയ്യുന്നു. പിശാചുബാധ ആരോപിക്കപ്പെട്ടവരെ ശിക്ഷിക്കുന്നതിനായി മസ്സാച്ചുസെറ്റ്‌സിലെ സഭാകോടതി തന്നെ സ്ഥലത്തെത്തുകയാണ്‌. തടവിലാക്കപ്പെട്ടവരുടെ നിരപരാധിത്വം അറിയാവുന്ന ജോണ്‍ പ്രോക്ടര്‍(Daniel Day Lewis) പെണ്‍കുട്ടികളുടെ കളവ്‌ വെളിച്ചത്തു കൊണ്ടുവരുവാനായി ശ്രമിക്കുകയും അതേ തുടര്‍ന്ന്‌ പ്രോക്ടറുമായി മുന്‍പ്‌ അവിഹിതബന്ധം പുലര്‍ത്തിയിരുന്ന അബിഗേല്‍ അദ്ദേഹത്തിന്റെ ഭാര്യയെ ആരോപണ വിധേയയാക്കുന്നു. തുടര്‍ന്ന്‌ പ്രോക്റ്ററും തടവിലാകുന്നു....നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ തുടങ്ങുകയാണ്‌.

കുറ്റബോധവും തിന്മയും, ഭയത്തിന്റെയും പകയുടെയും സാന്നിധ്യത്തില്‍ എങ്ങനെ രൂപാന്തരപ്പെടുകയും, അന്ധവിശ്വാസങ്ങള്‍ എങ്ങനെ അതിനു വളമാകുകയും ചെയ്യുന്നുവെന്നതിന്റെ ഒരു സാമൂഹിക പഠനമായാണ്‌ മില്ലര്‍ തുടര്‍ന്നുള്ള രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. മില്ലറുടെ ഈ രചനയെ 1950-കളിലെ McCartheism-വുമായി നിരൂപകന്മാര്‍ ബന്ധപ്പെടുത്താറുണ്ട്‌. ശീതയുദ്ധത്തിന്റെ ആരംഭകാലത്ത്‌ റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജോസഫ്‌ മക്‌കാര്‍ത്തി കമ്മ്യൂണിസ്റ്റ്‌ ബന്ധമാരോപിച്ച്‌ വ്യക്തിവൈരാഗ്യമുണ്ടായിരുന്ന പലരെയും അറസ്റ്റു ചെയ്യുക്കയും പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി (Red hunt) ഈ രചനയ്ക്ക്‌ അസാധാരണമായ സമാനതയുണ്ട്‌. മില്ലര്‍ തന്നെ ഈ ചുവന്ന വേട്ടയ്ക്ക്‌ ഇരയായിരുന്നുവെന്നോര്‍ക്കണം. പ്രശസ്ത സംവിധായകനായ ജൂള്‍സ്‌ ഡാസിന്‍(Jules Dasin) ഈ കമ്മ്യൂണിസ്റ്റ്‌ വേട്ടയെ തുടര്‍ന്ന്‌ ഫ്രാന്‍സിലേക്ക്‌ നാടു വിടേണ്ടി വന്നവരില്‍ പ്രമുഖനാണ്‌.



Daniel Day Lewis തന്റെ എല്ലാ ചിത്രങ്ങളിലെയും പോലെ മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നു. രംഗങ്ങള്‍ അധികവും ചിത്രീകരിച്ചിട്ടുള്ളത്‌ static camera ഉപയോഗിച്ചാണ്‌. ക്ലോസപ്പുകളും വിദൂര ദൃശ്യങ്ങളും അതിവിരളം. പ്രേക്ഷകന്‍ സിനിമയുമായി താദാത്മ്യം സ്വീകരിക്കുന്നതിന്‌ ഈ രചനാ രീതി ഒരു ചെറിയ തടസ്സമായി നില്‍ക്കുന്നു. ഒരു പ്രേക്ഷകന്‍ മില്ലറുടെ നാടകത്തെ എന്നപോലെയാണ്‌ സംവിധായകന്‍ സിനിമയെ സമീപിച്ചിരിക്കുന്നതെന്ന്‌ വ്യക്തം. എങ്കിലും അവതരണ രീതി ഒട്ടു മുറുക്കമുള്ളതു തന്നെയാണ്‌.



ചിത്രത്തിന്റെ അവസാനം, ജീവന്‍ സംരക്ഷിക്കുന്നതിനായി താന്‍ മന്ത്രവാദം നടത്തിയെന്ന വ്യാജപ്രസ്താവനയില്‍ പ്രോക്ടര്‍ ഒപ്പു വെയ്ക്കുന്നുണ്ട്‌. എന്നാല്‍ ആ പ്രസ്താവന പരസ്യമാകപ്പെടുമെന്നും തന്റെ പേര്‌ നശിപ്പിക്കപ്പെടുമെന്നും അറിയുന്ന പ്രോക്ടര്‍ ആ പ്രസ്താവന നശിപ്പിച്ച്‌ മരണശിക്ഷ തെരഞ്ഞെടുക്കുകയാണ്‌. അതിനദ്ദേഹത്തിന്റെ ന്യായം ഇപ്രകാരമാണ്‌...കാരണം...അതെന്റെ പേരാണ്‌...എനിക്ക്‌ ഈ ജീവിതത്തില്‍ മറ്റൊരു പേര്‌ ഇല്ലല്ലോ...!!!


ഇന്‍ ദി നെയിം ഓഫ്‌ ദി ഫാദര്‍(1993)


എഴുപതുകളുടെ ആരംഭത്തില്‍ ഇംഗ്ലണ്ടിലെ Guildford എന്ന സ്ഥലത്ത്‌ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മി(IRA) നടത്തിയ സ്ഫോടനത്തില്‍ ഏതാനും ആളുകള്‍ കൊല്ലപ്പെടുകയും കുറെയേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റവാളികളെ കണ്ടുപിടിയ്ക്കുക എന്നത്‌ അഭിമാന പ്രശ്നമായി തീര്‍ന്ന ഇംഗ്ലണ്ട്‌ പോലീസ്‌, നിരപരാധികളായ നാലു ഐറിഷ്‌ യുവാക്കളെയും അവരുമായി ബന്ധമുണ്ടായിരുന്ന മറ്റ്‌ ഏഴു പേരെയും അറസ്റ്റു ചെയ്തു. ദിവസങ്ങള്‍ നീണ്ട കൊടിയ മര്‍ദ്ദനങ്ങള്‍ക്ക്‌ ശേഷം അവര്‍, കോടതിയില്‍ സത്യം തെളിയിക്കാം എന്ന പ്രതീക്ഷയില്‍ കുറ്റപത്രത്തില്‍ ഒപ്പിട്ടു. എന്നാല്‍ ഇംഗ്ലണ്ടിലെ കോടതിയും അവരെ ശിക്ഷിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കു ശേഷം 1989-ല്‍ അവര്‍ കുറ്റവിമുക്തരായി. ബ്രിട്ടീഷ്‌ നിയമവാഴ്‌ചയുടെ ചരിത്രത്തിലെ നാണംകെട്ട ഒരു അധ്യായമാണ്‌ guildford four സംഭവം. പ്രസ്തുത സംഭവത്തെ ആസ്പദമാക്കി പ്രശസ്ത ഐറിഷ്‌ സംവിധായകന്‍ ജിം ഷെരിദാന്‍ ഒരുക്കിയ ചലചിത്രമാണ്‌ In the name of the father(1993).





ചില്ലറ മോഷണങ്ങളും മദ്യപാനവുമായി നടക്കുന്ന ജെറിക്ക്‌ IRA യുമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ പേരില്‍ ഇംഗ്ലണ്ടിലേക്ക്‌ നാടു വിടേണ്ടി വരുന്നു. അവിടെ അയാള്‍ ഒരു മുന്‍ സുഹൃത്ത്‌ പോള്‍ ഹില്ലിനെ കണ്ടുമുട്ടുന്നു. തുടര്‍ന്ന് ഗില്‍ഡ്‌ഫോര്‍ഡിലെ ഒരു പബ്ബില്‍ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അവര്‍ അറസ്റ്റിലാകുന്നു. ജെറി ഇടയ്ക്ക്‌ സന്ദര്‍ശിച്ചിരുന്ന അയാളുടെ അമ്മായിയുടെ കുടുംബവും, അയാളെ കാണാന്‍ വരുന്ന അയാളുടെ പിതാവും എല്ലാം പിന്നീട്‌ അറസ്റ്റിലാകുന്നുണ്ട്‌. പിന്നീട്‌ അവര്‍ സഹിക്കേണ്ടി വരുന്ന മര്‍ദ്ദനങ്ങളും ജയില്‍വാസവും അവസാനം മോചനവും കൂടിയായാല്‍ കഥ പൂര്‍ണ്ണമായി. പക്ഷേ സംവിധായകന്‌ ഇനിയും ചിലതൊക്കെ പറയാനുണ്ട്‌...അതാണ്‌ സിനിമയുടെ ജീവനും.


ജെറി(Daniel Day Lewis) അയാളുടെ പിതാവില്‍(Pete Postlethwaite) നിന്നും വളരെ വ്യതസ്തനാണ്‌. ജെറി ഒരു മദ്യപാനിയും മയക്കുമരുന്ന് ഉപയോഗിക്കുന്നവനും ചെറുകിട മോഷ്ടാവും, ഒട്ടും ചിന്താശേഷിയില്ലത്തവനുമാകുമ്പോള്‍ അയാളുടെ പിതാവ്‌ തികഞ്ഞ ഈശ്വരവിശ്വാസിയും, കഠിനാധ്വാനിയും, ആത്മാഭിമാനമുള്ളവനുമാണ്‌...ജയിലില്‍ ഒരേ മുറി പങ്കുവെയ്ക്കാനിടയാകുന്ന അവര്‍ക്കു തമ്മില്‍ തികച്ചും അസാധാരണമായ ഒരു ബന്ധം ഉടലെടുക്കുകയാണ്‌. ഇത്‌ ജെറിയെ ആകെ മാറ്റുന്നു. ഒരു സാമൂഹിക വിരുദ്ധനെന്ന അവസ്ഥയില്‍ നിന്നും നീതിയുടെ പതാക വാഹകനാകുന്ന ജെറിയുടെ മാറ്റമാണ്‌ പിന്നീട്‌ ചിത്രത്തെ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. ഈരണ്ടു നടന്മാരും അസാധാരണമായ അഭിനയ മികവാണ്‌ ചിത്രത്തിലുടനീളം കാഴ്‌ച വെയ്ക്കുന്നത്‌.



ചരിത്രത്തിലെ സംഭവത്തില്‍ അത്രയൊന്നും
പ്രാധാന്യമില്ലാതിരുന്ന ജെറിയുടെ പിതാവിന്‌ സിനിമയില്‍ ഇത്രയേറെ പ്രാധാന്യം നല്‍കിയതെന്തിനാണെന്ന്‌ സംവിധായകന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്‌... ഐറിഷ്‌ ചരിത്രത്തിലോ സാഹിത്യത്തിലോ റോള്‍ മോഡലുകളയേക്കാവുന്ന പിതാക്കന്മാരില്ല. നല്ല മാതാപിതാക്കളെ കുറിച്ച്‌ ഐറിഷ്‌ സാഹിത്യം ഒന്നും പറഞ്ഞിട്ടില്ല. ആ കുറവു നികത്തുന്നതിനാണ്‌ താന്‍ ഇങ്ങനെ ചെയ്തതെന്നാണ്‌ ഷെറിഡാന്‍ വിശദീകരിക്കുന്നത്‌.


ചരിത്രം പറയുമ്പോഴും കലാകാരന്റേതായ സ്വാതന്ത്ര്യങ്ങള്‍ സംവിധായകന്‍ എടുക്കുന്നുണ്ട്‌...ഒരു പക്ഷേ അതിലധികവും. IRA എന്ന തീവ്രവാദ സംഘടനയേയോ ജെറി എന്ന സാമൂഹ്യവിരുദ്ധനേയോ വെള്ള പൂശാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ലെങ്കിലും ആഖ്യാനം സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ഗുരുതരമായ ചില സത്യങ്ങള്‍ സംവിധായകന്‍ മനപൂര്‍വ്വംവിട്ടു കളയുന്നുണ്ട്‌. ജെറിയുടെ സുഹൃത്ത്‌ പോള്‍ ഹില്‍ IRA അംഗത്വമുള്ളയാളായിരുന്നുവെന്നും, ജെറി തന്നെ IRA യുടെ ഒരു യുവജന സംഘടനയില്‍ അംഗമായിരുന്നെങ്കിലും സ്വഭാവ ദൂഷ്യം കാരണം പുറത്താക്കപ്പെട്ടവനായിരുന്നു എന്നതുമാണത്‌. പോള്‍ ഹില്‍ ഒരു ഒറ്റുകാരനാണെന്ന്‌ IRA സംശയിച്ചിരുന്നു. അതിനാല്‍ IRA യുടെ രഹസ്യ അറിയിപ്പിനെ തുടര്‍ന്നാണ്‌ ഇരുവരും അറസ്റ്റിലാകുന്നത്‌. ഈ സങ്കീര്‍ണതകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പോലും ജെറിയുടെ കഥാപാത്രം Daniel Day Lewis ന്റെ കൈയില്‍ ഭദ്രമായേനെ...ഒരു പക്ഷേ കൂടുതല്‍ മികച്ചതായേനെ. പക്ഷേ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ഹോളിവുഡ്‌ സ്റ്റുഡിയോയുടെ ആത്യന്തിക ലക്ഷ്യം സത്യം പറയുക എന്നതിനേക്കാള്‍ വിനോദിപ്പിക്കുക എന്നതാണല്ലോ...! പ്രേക്ഷകര്‍ എന്തു മനസ്സിലാക്കണമെന്നതിന്‌, എന്തു ചിന്തിക്കണമെന്നതിന്‌ ഹോളിവുഡിന്‌ എപ്പോഴും നിര്‍ബന്‌ദ്ധബുദ്ധി തന്നെയുണ്ടല്ലോ...


ജെറിയുടെ പിതാവ്‌ ജയിലില്‍ വെച്ച്‌ മരണപ്പെടുന്നുണ്ട്‌. എന്നാല്‍ താന്‍ ജയില്‍ മോചിതനായതിനു ശേഷവും മരണപ്പെട്ട തന്റെ പിതാവിന്റെ പേരിലുള്ള ആരോപണങ്ങള്‍ നിയമപരമായി റദ്ദ്‌ ചെയ്യാനാണ്‌ അയാളുടെ പോരാട്ടമത്രയും...തന്റെ പിതാവിന്റെ പേരിനു വേണ്ടി...


ഈ രണ്ടു ചിത്രങ്ങളും പേര്‌ എന്ന ആശയത്തെ, അതിന്റെ പ്രാധാന്യത്തെ പ്രശ്നവത്‌കരിക്കുന്നുണ്ട്‌. എന്നാല്‍ അതിലേറെ ഈ രണ്ടു ചിത്രങ്ങളും ചരിത്രത്തിന്‌ ഒരു മുന്നറിയിപ്പാകുകയാണ്‌...സത്യവും നീതിയും വിചാരണയ്ക്ക്‌ വരാം..എന്നാല്‍ അപ്പോഴൊക്കെയും അവ പരാജയപ്പെടുകയായിരുന്നു.

5 comments:

ടി.പി.വിനോദ് said...

ആഴമുള്ള കാഴ്ചകള്‍, പ്രസരിപ്പുള്ള ഭാഷയില്‍...
നന്നായി ഇതും...

വി. കെ ആദര്‍ശ് said...

റോബി. പറഞ്ഞതു പൂര്‍ണ്ണമായും ശരിയാണ്. ഞാന്‍ എ.പി.ജെ അബ്ദുള്‍ കലാം എന്ന ഇന്ത്യ കണ്ട മികച്ച ഒരു എഞ്ചിനീയര്‍ എന്നേ പരാമര്‍ശിച്ചിട്ടുള്ളൂ. ഒന്നു ശ്രദ്ധിച്ചു വായിച്ചേ. കലാം രാഷ്ട്രപതി ആയ സമയത്തു തന്നെ ഡോ.സി.എന്‍.ആര്‍ റാവു ഇദ്ദേഹം ശാസ്ത്രഞ്ജനല്ല എന്ന ചര്‍ച്ച തുടങ്ങി വച്ചിരുന്നു.

ഈ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച സമിതിയുടെ അദ്ധ്യക്ഷനായ രജീന്ദ്ര പച്ചൂരിയെയും നമ്മള്‍ പരിസ്തിഥി ശാസ്ത്രഞ്ജന്‍ എന്നാണല്ലോ വിളിക്കുന്നെ. അദ്ദേഹം ഒരു എഞ്ചിനീയര്‍ ആണെന്നതാണ് സത്യം. പിന്നെ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നു പോലും പറയാറില്ല.ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ സയന്‍സ് എന്നാണ് വിശേഷിപ്പിക്കുക.എത്രയോ എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാര ലബ്ധി ഉണ്ടായിട്ടുണ്ട്. കമന്റിലൂടെയെങ്കിലും അബ്ദുള്‍ കലാമിന്റെ ശാസ്ത്രഞ്ജനെന്ന പദവി ചര്‍ച്ച യായതില്‍ അഭിമാനിക്കുന്നു. കുട്ടികളെ ഉദ്ദേശിച്ചു ഞാന്‍ സൌകര്യത്തിനു അവര്‍ക്കു (നമുക്കും)പ്രീയപ്പെട്ട കലാം അങ്കിളിനെ ചേര്‍ത്തുവെന്നെയുള്ളൂ. അല്ലാതെ സാഹായെ ക്കുറിച്ചും ജി.എന്‍ രാമചന്ദ്രനെ കുറിച്ചും പറഞ്ഞാല്‍ കുട്ടികള്‍ അത്രക്കു ആകര്‍ഷിക്കണം എന്നില്ല. കലാം ഒരു ഗവേഷണ പ്രബന്ധം പോലും ദേശീയ/അന്തര്‍ദ്ദേശീയ ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലങ്കിലും അദ്ദേഹത്തെ നമ്മുടെ മാധ്യമങ്ങള്‍ ശാസ്ത്രഞ്ജനായി വിലയിരുത്തുന്നു.

പിന്നെ റോബി പറഞ്ഞ “കലാമിന്റെ ഇന്ത്യ 2020 ലേഖനങ്ങളില്‍ മുന്നോട്ടു വെച്ച ആശയങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൂലിയെഴുത്തുകാരനെ ആണ്‌ ഓര്‍മ്മിപ്പിച്ചത്‌“ എന്ന വാദത്തൊടു പൂര്‍ണ്ണമായും വിയോജിക്കുന്നു. ഇതിനു മുന്‍പും ഇപ്പോഴും നമുക്കു രാഷ്ട്രപതിമാര്‍ ഉണ്ടായിട്ടുണ്ടല്ലോ. എത്രയോ പ്രസംഗങ്ങള്‍ നടത്തി സ്ഥലം വിട്ടിരിക്കുന്നു. അവരില്‍ നിന്നും എത്രയോ ഭിന്നമാണ് ഡോ.കലാം. ബില്‍ ഗേറ്റ്സ് സന്ദര്‍ശിച്ചപ്പോള്‍ മുഖത്തു നോക്കി തന്നെ സ്വതന്ത്ര സോഫ്ട് വെയറിന്റെ കാര്യം പറഞ്ഞിരുന്നുവല്ലോ. ബില്‍ ഗേറ്റ്സ് ഇട്ടു തരുന്ന നക്കാ പിച്ച സഹായത്തിനായി അമേരിക്കന്‍ പ്രസിഡന്റ് പോലും ഇങ്ങനെ പറയും എന്നു തൊനുന്നില്ല. ലോകമൊട്ടാകെ യുള്ള സ്വതന്ത്ര സോഫ്ട് വെയര്‍ കൂട്ടായ്മകള്‍ ഡോ.കലാമിന്റെ സ്വതന്ത്ര സോഫ്ട് വെയര്‍ ഇന്ത്യ പോലുള്ള രാജ്യത്തിന്റെ നിലനില്‍പ്പിനു അനുപേക്ഷണീയമാണന്ന പ്രസംഗം പരിഭാഷ പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിരുന്നു.

പിന്നെ കലാം കുത്തകകളെ അല്ല സഹായിക്കുന്നതെന്ന വാദം ചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്താം. നമുക്ക് പിന്നീട് ബ്ലോഗില്‍ തന്നെ അതിനു തുടക്കമിടാം.
താങ്കളുടെ ഇടപെടലിനു നല്ല നമസ്കാരം.

വി. കെ ആദര്‍ശ് said...

thaankaL pettennu sradhikkanum thaankaLe sradhikkunnavar, nammude Dr.Kalam discussion ilekku varumaanum aanu ivide comment ittathu. sorry

Pramod.KM said...

വളരെ മെച്ചപ്പെട്ട അവലോകനം.
2 പടങ്ങളും കണ്ടിട്ടില്ലെങ്കിലും നല്ല ഒരു അവബോധം പകര്‍ന്നു തന്നു ഈ എഴുത്ത്.
നന്ദി:)

Murali K Menon said...

ഞാന്‍ ആദ്യമായാണിവിടെ സന്ദര്‍ശിക്കുന്നത്. ഗിരീഷ്കുമാറിന്റെ അഭാരതീയനില്‍ നമ്മള്‍ അറിയാന്‍ ആഗ്രഹിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ ചരിത്രം പറയുമ്പോള്‍ റോബി ലോകസിനിമയിലൂടെ കൊണ്ടുപോകുന്നു. നല്ല മനസ്സ്, നല്ല എഴുത്ത്, തുടരുക.. ഭാവുകങ്ങള്‍