1979-ൽ ABC ചാനലിനുവേണ്ടി സംവിധാനം ചെയ്ത ജെറീക്കോ മൈൽ ആണ് ആദ്യത്തെ ഡയറക്ടോറിയൽ വർക്ക്. ഫോൾസം പ്രിസണിനകത്ത് റിയൽ ക്രിമിനൽസിനെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഷൂട്ട് ചെയ്ത ആദ്യചിത്രത്തിൽ, ടിവി മൂവികളിൽ അതിനുമുൻപ് കണ്ടിട്ടില്ലാത്ത റിയലിസ്റ്റിക് അപ്രോച്ചായിരുന്നു മാൻ സ്വീകരിച്ചത്. അതിനു ശേഷം 1981-ൽ തീഫ് ആണ് ആദ്യചിത്രം. രാത്രിസീനുകൾ ചിത്രീകരിക്കുമ്പോൾ വെളിച്ചം റിഫ്ലക്ട് ചെയ്യാനായി സ്‌ട്രീറ്റുകളൊക്കെ നനച്ച് ചിത്രീകരിക്കുന്ന രീതി പണ്ടുമുതലേയുണ്ടെങ്കിലും തീഫിൽ മൈക്കൻ മാൻ അതിനെ എക്‌സ്‌ട്രീമുകളിലേക്ക് കൊണ്ടുപോയി. പിന്നീടുള്ള ചിത്രങ്ങളിലെല്ലാം, വെള്ളത്തിന്റെ റിഫ്ലക്ഷനുപയോഗിച്ചുള്ള രാത്രീസീനുകൾ തന്റെ സിഗ്നേച്ചർ വിഷ്വൽ സ്റ്റൈലുകളിലൊന്നാക്കി മാൻ. തുടക്കം മുതൽ ക്രൈം/പോലീസ് പ്രൊസീജുറൽ, ആക്ഷൻ ജനുസ്സുകളിൽപ്പെടുന്ന കഥകളിലേക്കാണ് മാൻ ആകർഷിക്കപ്പെട്ടത്. മൈക്കൽ മാൻ സിനിമകളെ മനസ്സിലാക്കാൻ 'Technical Realism' എന്നൊരു ആശയം ഉപയോഗിക്കാമെന്ന് തോന്നുന്നു.
സാങ്കേതിക റിയലിസം
സാങ്കേതിക റിയലിസം (Technical Realism) എന്നത് സിനിമാറ്റിക് അതിശയോക്തികൾക്ക് പകരം, കാര്യങ്ങളുടെ യഥാർത്ഥ പ്രവർത്തനരീതിക്കും ശാസ്ത്രീയകൃത്യതയ്ക്കും പ്രാധാന്യം നൽകുന്ന ചലച്ചിത്ര ശൈലിയാണു പറയാം. ഹോളിവുഡ്/മാസ്സ് മാർക്കറ്റ് സിനിമകളിൽ സാധാരണ ശൈലികളായ ഒരിക്കലും തീരാത്ത വെടിയുണ്ടകൾ, കൃത്രിമ ശബ്ദങ്ങൾ, സ്വാഭാവികമല്ലാത്ത ഡ്രമാറ്റിക് രംഗങ്ങൾ, സ്ലോ മോഷൻ എന്നിവയ്ക്ക് പകരം, യഥാർത്ഥ ലോകത്തിലെ ഭൗതിക നിയമങ്ങളെയും പ്രൊഫഷണൽ രീതികളെയും സാധിക്കുന്ന അത്രയും വസ്തുതാപരമായി സിനിമയിൽ പകർത്തിവയ്ക്കുകയാണ് ഇതിൽ ചെയ്യുന്നത്. കഥാപാത്രങ്ങളുടെ തൊഴിൽപരമായ പെരുമാറ്റം, യഥാർത്ഥ ഉപകരണങ്ങളുടെ ഉപയോഗം, പരിശീലനം ലഭിച്ചവരുടെ ശാരീരിക ഭാഷ എന്നിവയ്ക്ക് ഈ ശൈലി വലിയ പ്രാധാന്യം നൽകുന്നു. ഉദാഹരണത്തിന്, 'ഹീറ്റ്' (Heat) എന്ന ചിത്രത്തിലെ ബാങ്ക് കവർച്ചാ രംഗത്ത് വാൽ കിൽമർ നടത്തുന്ന മിലിട്ടറി രീതിയിലുള്ള തോക്ക് ഉപയോഗവും റീലോഡിംഗും യഥാർത്ഥ സൈനിക പരിശീലനത്തിന് പോലും ഉപയോഗിച്ചിട്ടുള്ളത്ര കൃത്യതയുള്ളതായിരുന്നു. സ്റ്റുഡിയോകളിൽ വച്ച് ഡബ്ബ് ചെയ്യുന്നതിന് പകരം, കെട്ടിടങ്ങൾക്കിടയിൽ തോക്കുകൾ മുഴങ്ങുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ശബ്ദപ്രതിധ്വനികൾ പോലെയുള്ള ശബ്ദസംവിധാനവും, കാറുകളുടെ വേഗതയും നിയന്ത്രണവും ഭൗതികനിയമങ്ങൾക്ക് വിധേയമായി കാണിക്കുന്നതും ഈ രീതിയുടെ പ്രത്യേകതയാണ്. ഇറ്റാലിയൻ നിയോറിയലിസമോ സോഷ്യൽ റിയലിസമോ പോലെ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിലല്ല, മറിച്ച് സാങ്കേതികവും പ്രൊഫഷണലുമായ കാര്യങ്ങളുടെ തനിമയിലാണ് സാങ്കേതിക റിയലിസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സാങ്കേതിക റിയലിസത്തിന്റെ (Technical Realism) സിനിമാറ്റിക് പാരമ്പര്യം പരിശോധിച്ചാൽ, സിനിമയിലെ കഥാപാത്രങ്ങളുടെ തൊഴിൽപരമായ കൃത്യതയ്ക്കും (professionalism) പ്രക്രിയകൾക്കും (procedurals) പ്രാധാന്യം നൽകിയ ദീർഘമായ ഒരു ചരിത്രവഴി കാണാൻ സാധിക്കും. 1940-കളിലും 50-കളിലും Film Noir-ന്റെ ആഖ്യാനപരമായ മിതത്വമായിരിക്കണം തുടക്കം. മനുഷ്യരുടെ കൈകളുടെ ചലനങ്ങൾ, ഉപകരണങ്ങളുടെ ഉപയോഗം, ഭൗതികമായ അധ്വാനം എന്നിവ സിനിമയിൽ എപ്രകാരം ആകാംക്ഷയും ക്രാഫ്റ്റും സൃഷ്ടിക്കുന്നു എന്ന് ആദ്യമായി കാണിച്ചുതന്നത് റോബർട്ട് ബ്രെസ്സൻ (Robert Bresson) ആയിരുന്നു; 'എ മാൻ എസ്കേപ്പ്ഡ്' (A Man Escaped), 'പിക്ക് പോക്കറ്റ്' (Pickpocket) തുടങ്ങിയ ചിത്രങ്ങളിലൂടെ. ഈ രീതിയെ പൂർണ്ണമായ ഒരു ക്രൈം-പ്രൊസീജുറൽ ശൈലിയിലേക്ക് മാറ്റിയത് ഷൂൾസ് ഡാസിന്റെ 'റിഫിഫി' (Rififi - 1955), ഷാക് ബെക്കറുടെ 'ലെ ട്രൂ' (Le Trou - 1960) എന്നീ ഫ്രഞ്ച് ചിത്രങ്ങളാണ്. 'റിഫിഫി'യിലെ 48 മിനിറ്റ് നീളുന്ന, ശബ്ദമില്ലാത്ത മോഷണരംഗവും, 'ലെ ട്രൂ'വിൽ മതിൽ തുരന്ന് ജയിൽ ചാടാൻ ശ്രമിക്കുന്ന തടവുകാർ നടത്തുന്ന സാങ്കേതിക പരിശ്രമങ്ങളും പോലെയുള്ള ഭൗതികമായ യാഥാർത്ഥ്യങ്ങളെ യഥാതഥമായി പകർത്തി, അവയെ ആഖ്യാനസംഘർഷങ്ങളാക്കി മാറ്റി.
ചിത്രം 2. റിഫിഫിയിലെ മോഷണരംഗംഈ procedural realism-ത്തെ ഫ്രഞ്ച് ന്യൂവേവിന്റെയും നിയോ-നുവാറിന്റെയും (Neo-Noir) തത്ത്വചിന്തകളുമായി സമന്വയിപ്പിച്ച ചലച്ചിത്രകാരനാണ് ഴോ-പിയർ മെൽവിൽ (Jean-Pierre Melville). 'ലെ സാമുറായ്', 'ലെ സർക്കിൾ റൂഷ്' തുടങ്ങിയ മെൽവിൽ ചിത്രങ്ങളിലെ കുറ്റവാളികളും പോലീസുകാരും തങ്ങളുടെ തൊഴിലിന്റെ കൃത്യതയോട് അതിയായ അച്ചടക്കം പുലർത്തുന്ന പ്രൊഫഷണലുകളായിരുന്നു. ഗ്രാവിറ്റിയും ചലനനിയമങ്ങളും മനുഷ്യശരീരത്തിന്റെ സ്വാഭാവിക പരിമിതികളും അതിലംഘിക്കാത്ത ആക്ഷൻ രംഗങ്ങളായിരുന്നു മെൽവിൽ ഒരുക്കിയത്. ഇതേ കാലത്താണ് handheld camera-യും staccato എഡിറ്റിംഗും ഉപയോഗിച്ച് procedural realism-ത്തെ ത്രില്ലറിന്റെ ഘടനയുമായി വിളക്കിച്ചേർത്ത Z (1969) എന്ന പൊളിറ്റിക്കൽ ത്രില്ലറുമായി കോസ്റ്റ ഗാവ്ര രംഗത്തെത്തുന്നത്. തൊട്ടുപുറകെ 1971-ൽ അമേരിക്കൻ സിനിമയിൽ വില്ല്യം ഫ്രീഡ്കിൻ (William Friedkin) 'ദ ഫ്രഞ്ച് കണക്ഷൻ' (The French Connection) എന്ന ചിത്രത്തിലൂടെ ഈ പാരമ്പര്യത്തെ തെരുവുകളുടെ പരുക്കൻ യാഥാർത്ഥ്യത്തിലേക്കും, യഥാർത്ഥ പോലീസ് അന്വേഷണ രീതികളിലേക്കും, ഡോക്യുമെന്ററി സ്വഭാവമുള്ള റിയലിസത്തിലേക്കും നയിച്ചു. ബ്രെസ്സന്റെയും മെൽവിലിന്റെയും ബെക്കറുടെയും ഫ്രഞ്ച് സിനിമകളുടെ ഈ സൂക്ഷ്മമായ സാങ്കേതിക പ്രൊസീജിയറൽ ശൈലിയെയാണ് മൈക്കൽ മാൻ (Michael Mann) ഏറ്റെടുക്കുന്നത്.
ചിത്രം 3. വാൽ കിൽമറുടെ പ്രശസ്തമായ മിലിട്ടറി റീലോഡിംഗ് - സാങ്കേതിക റിയലിസത്തിന്റെ മികച്ച ഉദാഹരണം.നഗരങ്ങളിലെ രാത്രിദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ സിഗ്നേച്ചർ ശൈലിക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ പില്ക്കാലത്ത് വലിയ സഹായമായി മാറി. പരമ്പരാഗത ഫിലിമിൽ രാത്രിദൃശ്യങ്ങൾ പകർത്തുമ്പോൾ വലിയ കൃത്രിമ വെളിച്ചങ്ങൾ ആവശ്യമായിരുന്നുവെങ്കിൽ, ഡിജിറ്റൽ സെൻസറുകൾക്ക് കുറഞ്ഞ വെളിച്ചം പോലും (low-light) കൃത്യമായി ഒപ്പിയെടുക്കാൻ കഴിയുമായിരുന്നു. തെരുവ് വിളക്കുകളുടെ നിഴലുകൾ, നിയോൺ ലൈറ്റുകളുടെ പ്രതിഫലനം, ആകാശത്തിന്റെ സ്വാഭാവികമായ നീല കലർന്ന ഇരുട്ട് എന്നിവയൊക്കെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമത്വമില്ലാതെ രാത്രിദൃശ്യങ്ങളിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ഡിജിറ്റൽ സിനിമാ സാങ്കേതികവിദ്യയുടെ ആദ്യകാല പ്രയോക്താക്കളിൽ പ്രധാനിയായ മൈക്കൽ മാൻ ഡിജിറ്റൽ വീഡിയോയെ വെറുമൊരു ചെലവ് കുറഞ്ഞ മാധ്യമമായല്ല, മറിച്ച് സിനിമയിൽ പുതിയൊരു സൗന്ദര്യശാസ്ത്രം സൃഷ്ടിക്കാനുള്ള വഴിയായാണ് കണ്ടത്. 'കൊളാറ്ററൽ' (Collateral - 2004), 'മിയാമി വൈസ്' (Miami Vice - 2006), 'പബ്ലിക് എനിമി' (Public Enemies - 2009) എന്നീ ചിത്രങ്ങളിലൂടെ പരമ്പരാഗത 35mm ഫിലിം ക്യാമറകൾക്ക് പകരം തോംസൺ വൈപ്പർ (Thomson Viper), സോണി എച്ച്.ഡി.സി (Sony HDC) തുടങ്ങിയ ആധുനിക ഡിജിറ്റൽ ക്യാമറകൾ അദ്ദേഹം ഉപയോഗിക്കാൻ തുടങ്ങി. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് 'ഫിലിം ലുക്ക്' കൊണ്ടുവരാനല്ല, മറിച്ച് ഫിലിമിൽ നിന്നും വ്യത്യസ്ഥമായ, ഫിലിമിന് അപ്രാപ്യമായ ഒരു ലുക്ക് കൊണ്ടുവരാനാണ് മാൻ ശ്രമിച്ചത്. (2)
ചിത്രം 4. രാത്രിവെളിച്ചവും റ്റാക്റ്റിക്കൽ ഡ്രോയും - കൊളാറ്ററൽ (2004)
മികവും മസ്കുലിനിറ്റിയും
ഹൈപ്പർ പ്രൊഫഷണലിസത്തിലൂടെയും ക്രാഫ്റ്റിലെ മികവിലൂടെയും സ്വന്തം അസ്തിത്വം രൂപപ്പെടുത്താൻ ശ്രമിക്കുന്ന പുരുഷന്മാരാണ് മൈക്കൽ മാൻ സിനിമകളിലെ പ്രധാനകഥാപാത്രങ്ങൾ. മൈക്കൽ മാൻ സിനിമകളുടെ കാഴ്ചപ്പാടിൽ മനുഷ്യർ അവരുടെ ഭൂതകാലത്താലോ, പശ്ചാത്തലത്താലോ, വ്യക്തിബന്ധങ്ങളാലോ, ധാർമ്മികതയാലോ നിർവചിക്കപ്പെടുന്നവരല്ല, മറിച്ച് ക്രാഫ്റ്റും, അച്ചടക്കവും പ്രവർത്തനമികവുമാണ് വ്യക്തികളെ നിർവചിക്കുന്നത്. മൈക്കൽ മാൻ അവതരിപ്പിച്ച മസ്കുലിനിറ്റി അതാതുകാലത്തെ സിനിമാ മാതൃകകളിൽ നിന്നും വ്യത്യസ്തമായി വൈകാരികതയുടെ അധികഭാരമോ, പ്രകടനപരതയോ, ടോക്സിക് സ്വഭാവമോ, സ്വയംനശീകരണകാരണമാകുന്ന ഈഗോയോ ഇല്ലാത്ത, തങ്ങളുടെ ക്രാഫ്റ്റിനാൽ ഒറ്റപ്പെട്ട stoic monk-കളുടേതായിരുന്നു. പ്രവർത്തനമികവാണവരുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതെങ്കിലും, വ്യക്തികളെന്ന നിലയിൽ സ്നേഹബന്ധങ്ങളും കുടുംബജീവിതവുമൊക്കെ ആഗ്രഹിക്കുന്നവരാണ് അവരിൽ പലരും. വ്യക്തിതലത്തിലെ വൈകാരികതയ്ക്കുള്ള ആവശ്യവും (നീഡ്), പ്രൊഫഷനുമായി ബന്ധപ്പെട്ട ലക്ഷ്യവും (വാണ്ട്) തമ്മിലുള്ള ആന്തരികസംഘർഷമാകും പലപ്പോഴും ആഖ്യാനത്തിനുള്ള ഇന്ധനമാകുന്നത്. ഈ നായകന്മാർ - ബാങ്ക് കവർച്ചക്കാരൻ, ഡിറ്റക്ടീവ്, ജേർണലിസ്റ്റ്, ബോക്സർ, റേസ് കാർ ഡ്രൈവർ- തങ്ങളുടെ പ്രവർത്തനരംഗത്ത് ഏറ്റവും മികച്ചതാവാനായി, വ്യക്തിബന്ധങ്ങളും, കുടുംബവും അങ്ങനെ സമൂഹവുമായി വ്യക്തികളെ ബന്ധിക്കുന്ന കണ്ണികളെല്ലാം ബലികൊടുക്കേണ്ടി വരുന്നവരാകുന്നു. തങ്ങളുടെ ക്രാഫ്റ്റിനോടുള്ള സമർപ്പണവും അച്ചടക്കവും വഴി വ്യക്തിഗത നൈപുണ്യത്തിലൂടെയുള്ള സാർവ്വത്രിക സ്വാശ്രയത്വം (existental autonomy through individual mastery) നേടാനാഗ്രഹിക്കുന്ന മസ്കുലിൻ ഐഡിയലുകൾ അവസാനം മരണത്തിലോ, ഏകാന്തതയിലോ, ശൂന്യമായ വിജയത്തിലോ എത്തിച്ചേരുന്നു. "ഹൈപ്പർ-മാസ്കുലിൻ അച്ചടക്കത്തിന് (Hyper-masculine discipline) ഒരാളെ തന്റെ തൊഴിലിൽ തികഞ്ഞ പ്രാവീണ്യമുള്ളവനാക്കാൻ കഴിയുമെങ്കിലും പൂർണ്ണമായ ഒരു മനുഷ്യജീവിതം നയിക്കാൻ അവൻ അപ്രാപ്തനായാക്കും" എന്ന് മൈക്കൽ മാൻ സിനിമകളുടെ പൊതുവായ ആന്തരികാർത്ഥത്തെ (Theme) മനസ്സിലാക്കാം.
ഹീറ്റ് (1995)
1960-കളിൽ ഷിക്കാഗോയിലെ ഡിറ്റക്ടീവായിരുന്നു പിൽക്കാലത്ത് തിരക്കഥാകൄത്തായി മാറിയ ചക്ക് ആഡംസൺ. തന്റെ പോലീസ് ജീവിതത്തിലെ ഒരനുഭവകഥ ആഡംസൺ മൈക്കൽ മാനുമായി പങ്ക് വെക്കുന്നത് 1970-കളിലാണ്. 60-കളിൽ ഷിക്കാഗോയിലെ ഒരു ഹൈ പ്രൊഫൈൽ പ്രൊഫഷണൽ ക്രിമിനലായിരുന്നു നീൽ മെക്കാളെ. കുറെ കേസുകളിലായി മെക്കാളെയെ ഇൻവെസ്റ്റിഗേറ്റ് ചെയ്തിരുന്ന ആഡംസൺ ഒരുദിവസം ഭക്ഷണശാലയിൽ വെച്ച് മെക്കാളെയുമായി നേരിട്ട് സംസാരിക്കുകയുണ്ടായി. രണ്ടുപേരും അവരവരുടെ പ്രൊഫഷനെപ്പറ്റി വെളിപ്പെടുത്തുകയും, സാഹചര്യം വന്നാൽ മറ്റേയാളെ കൊല്ലാൻ മടിക്കില്ലെന്ന് പരസ്പരം സമ്മതിക്കുകയും ചെയ്യുന്നു. പിന്നീട് 1964 മാർച്ച് 25-ന് മെക്കാളെയും സംഘവും നടത്തിയ ഒരു ഹൈസ്റ്റിന്റെ സമയത്ത് ആഡംസന്റെ നേതൄത്വത്തിലുള്ള പോലീസ് സംഘം ആക്രമിക്കുകയും, രക്ഷപെടാൻ ശ്രമിച്ച മെക്കാളെയെ ആഡംസൺ വെടിവെച്ച് കൊല്ലുകയും ചെയ്തു. 1980 കാലത്ത് ഈ കഥയെ ബെയ്സ് ചെയ്ത് മാൻ ഒരു തിരക്കഥയെഴുതി. ആ തിരക്കഥ സംവിധാനം ചെയ്യാനുള്ള ക്രാഫ്റ്റ് തനിക്കായില്ലെന്ന് കരുതിയതുകാരണം അക്കാലത്ത് പ്രശസ്തരായ പല സംവിധായകർക്കും മാൻ ഈ സ്ക്രിപ്റ്റ് നല്കി; എന്നാലത് സിനിമയായില്ല. പിന്നീട് 1989-ൽ ഈ തിരക്കഥയുടെ കുറെഭാഗങ്ങൾ മാത്രമെടുത്ത് L.A. Takedown എന്നൊരു ടിവി മൂവി സംവിധാനം ചെയ്തു. (ചാനൽ അതിലെ കുറെ ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞതിനെത്തുടർന്ന് മാൻ അതിന്റെ കർതൃത്വം തള്ളിപ്പറഞ്ഞു.) അത് ഹീറ്റിനുള്ള സ്റ്റേജ് റിഹേഴ്സൽ പോലെയായിരുന്നു. പിന്നീട് 1995-ൽ റോബർട്ട് ഡി നീറോ, അൽ പചീനോ എന്നിങ്ങനെ ഹോളിവുഡിലെ അന്നത്തെ (എന്നത്തെയും) ഹൈ പ്രൊഫൈൽ നടന്മാരെ അവരുടെ പ്രൈം പീരിയഡിൽ, തുല്യമായ എതിർ റോളുകളിൽ കാസ്റ്റ് ചെയ്ത് ഹീറ്റ് പൂർത്തിയാക്കി. 1995ലെ ഡിസംബറിൽ റിലീസായ ഹീറ്റ് വൻവിജയമായിമാറി. ഏതാനും മാസങ്ങൾക്ക് ശേഷം ലോസ് ആഞ്ചലസിൽ ഹീറ്റിലേതിന് സമാനമായ ഒരു ബാങ്ക് റോബറിയും ഷൂട്ടൌട്ടും നടന്നു. അന്ന് കൊല്ലപ്പെട്ട ക്രിമിനലുകളുടെ സങ്കേതത്തിൽ ഹീറ്റിന്റെ വീഡിയോ കാസറ്റുകളും ഉണ്ടായിരുന്നു.
നീൽ മെക്കാളെ എന്ന പ്രൊഫഷണൽ ക്രിമിനലായി റോബർട്ട് ഡി നീറോയും വിൻസന്റ് ഹാന്ന എന്ന മേജർ ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവായി അൽ പചീനോയും പ്രധാനവേഷങ്ങളിലെത്തി. ലോസ് ആഞ്ചലസ് നഗരമായിരുന്നു പശ്ചാത്തലം. ചെറുപ്പത്തിൽത്തന്നെ മിലിറ്ററിയിൽ ചേർന്ന് വിയറ്റ്നാം യുദ്ധത്തിൽ സൈനികനായിരുന്ന മെക്കാളെ പട്ടാളസേവനത്തിനു ശേഷം ക്രിമിനലായി മാറി. മോഷണക്കുറ്റത്തിന് ജയിൽശിക്ഷയനുഭവിക്കവെ പരിചയപ്പെട്ട മറ്റ് ക്രിമിനലുകളുമായി ചേർന്ന് ഒരു മോഷണസംഘത്തെ രൂപപ്പെടുത്തി, ജയിൽമോചനത്തിനുശേഷം ഹൈ പ്രൊഫൈൽ മോഷണങ്ങൾ നടത്തുന്നതാണ് പശ്ചാത്തലം. മെക്കാളെ ഗാംഗിലെ ക്രിസ് ഷിഹെർലിസ്, മൈക്കൽ ചെരീറ്റോ, ജിൽബർട്ട് ട്രേയോ എന്നിവരായി യഥാക്രമം വാൽ കിൽമർ, ടോം സൈസ്മോർ, ഡാനി ട്രേയോ എന്നിവരഭിനയിച്ചു. മെക്കാളെ ഗാങ്ങിന്റെ 'fence' (വിവരങ്ങൾ ശേഖരിക്കുകയും മോഷണവസ്തു കൈമാറ്റം ചെയ്യുകയും ചെയ്യുന്നയാൾ) നേറ്റ് ആയി ജോ വോയിറ്റ്, നീലിന്റെ ഗേൾഫ്രണ്ട് ഈഡി ആയി എയ്മി ബ്രെന്നെമാൻ, വെയ്ൻ ഗ്രോ എന്ന സൈക്കോപ്പതിക് വില്ലനായി കെവിൻ ഗേജ്, ക്രിസിന്റെ ഭാര്യ ഷാർലീൻ ആയി ആഷ്ലി ജഡ്, റോജർ വാൻ സാന്റ് എന്ന വൈറ്റ് കോളർ ക്രിമിനലായി വില്യം ഫിച്ച്നർ, ഹാന്നയുടെ ഭാര്യയായി ഡയാൻ വെറോണ, ഹാന്നയുടെ മകളായി നാതലി പോർട്ട്മാൻ, ഹാന്നയുടെ ടീം അംഗങ്ങളായി വെസ് സ്റ്റുഡി, മൈക്കൽറ്റി വില്യാംസൺ അങ്ങനെ നീണ്ടുപോകുന്ന സ്റ്റാർ കാസ്റ്റാണ് സിനിമയിൽ. പന്ത്രണ്ടോളം കഥാപാത്രങ്ങൾക്ക് വ്യക്തമായ 'character arc' രൂപപ്പെടുത്തിയിട്ടുള്ള സമാനതകളധികമില്ലാത്ത ഒരു തിരക്കഥയാണ് ഈ സിനിമയുടേത്. വെറും മൂന്നു സീനിൽ മാത്രം വരുന്ന ഡോണാൾഡ് ബ്രീഡനെന്ന കഥാപാത്രത്തിനുപോലുമുണ്ട് വ്യക്തമായൊരു കാരക്ടർ ആർക്.
മെക്കാളെ, ഹാന്ന എന്നീ കഥാപാത്രങ്ങളെ കേന്ദ്രമാക്കി രണ്ടു ജോണറിലുള്ള ആഖ്യാനങ്ങൾ രൂപപ്പെടുത്തി, പല കഥാപാത്രങ്ങളും സമാന്തരങ്ങളും കൊണ്ട് ഈ രണ്ടു നറേറ്റീവുകളെയും പരസ്പരം ബന്ധിപ്പിച്ച് നെയ്തെടുക്കുകയുമാണ് മാൻ ചെയ്യുന്നത്. നീൽ മെക്കാളെയുടെ കഥ ഒരു ഹൈസ്റ്റ് മൂവിയാണെങ്കിൽ ഹാന്നയുടേത് കേസന്വേഷണം കേന്ദ്രമാക്കിയുള്ള ഒരു പോലീസ് പ്രൊസീജുറലാണ്. ഹൈസ്റ്റ് മൂവികൾ ആക്ഷന്റെ വകഭേദമാണ്. തന്റെ പ്രവർത്തനങ്ങളിലെ വിജയമായിരിക്കും നായകന്റെ ലക്ഷ്യം. മെക്കാളെയുടെ ലക്ഷ്യം വൻകിട മോഷണങ്ങളാണ്. മൂന്നു മോഷണങ്ങളാണ് അയാളുടെ സംഘം പ്ലാൻ ചെയ്ത് നടപ്പാക്കുന്നത്. ആദ്യത്തേത് വിലപിടിപ്പുള്ള ബോണ്ടുകൾ ഒരു armored truck-ൽ നിന്നും മോഷ്ടിക്കുന്നതാണ്. താത്കാലികമായി കൊണ്ടുവരുന്ന ഒരു ക്രിമിനൽ (വെയ്ൻഗ്രോ) ഇവിടെ അവരുടെ പ്ലാനുകൾ തെറ്റിക്കുന്നു, അനാവശ്യമായ വയലൻസിലേക്ക് നയിക്കുന്നു. വെയ്ൻഗ്രോ പിന്നീട് ഒരു loose end ആയിമാറുന്നു. രണ്ടാമത്തെ ഹൈസ്റ്റ് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കാനുള്ളതായിരുന്നു, പോലീസ് പിന്തുടരുന്നു എന്ന സംശയത്തെത്തുടർന്ന് ഇത് പാതിവഴിയിൽ ഉപേക്ഷിക്കുന്നു. മൂന്നാമത്തേത് വലിയൊരു ബാങ്കിന്റെ ആയുധമുപയോഗിച്ചുള്ള കൊള്ളയാണ്. ഇത് ക്ലൈമാക്സിനു മുന്നെ പോലീസുമായുള്ള ഷൂട്ടൗട്ടിൽ കലാശിക്കുകയും ഗാംഗ് തകരുകയും ചെയ്യുന്നു. ഈ സ്റ്റോറി ലൈനിന് സമാന്തരമായാണ് ഹാന്നയുടെ കേസന്വേഷണം നടക്കുന്നത്. വെയ്ൻഗ്രോയും വാൻ സാന്റും പിന്നീട് ഷാർലീനും ഈ രണ്ട് ആഖ്യാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇഴകളാകുന്നു. ഹാന്നയുടെയും ക്രിസിന്റെയും കുടുംബജീവിതത്തിലെ പ്രതിസന്ധികളും നീലും ഹാന്നയും ഷെയർ ചെയ്യുന്ന സ്വഭാവസവിശേഷതകളും ഈ രണ്ട് കഥകളും തമ്മിൽ സമാന്തരങ്ങൾ തീർക്കുന്നു.
Obsessively functional എന്നാണ് തിരക്കഥ നീലിനെ വിശേഷിപ്പിക്കുന്നത്. ഏതുതരം സ്കോറും (സംഘം ചേർന്നുള്ള മോഷണം) ചെയ്യും, എന്നാൽ വയലൻസ് നടത്താനുള്ള compulsion അയാൾക്കില്ല, കാരണം നീൽ ഒരു സൈക്കോപ്പാത്തല്ല; അതേസമയം തന്റെ പ്രൊഫഷൻ ഡിമാന്റ് ചെയ്യുന്ന വയലൻസിനയാൾക്ക് മടിയുമില്ല. ശരിക്കും നീൽ ഒരു സോഷ്യോപ്പാത്ത് പോലുമല്ല. കാരണം, ഒരു സോഷ്യോപ്പാത്തിന്റെ നേർവിപരീതമായ സ്വഭാവപ്രത്യേകതകളാണയാളുടേത്. ഈഡിയോടുള്ള സ്നേഹവും കരുതലും, സംഘാംഗങ്ങളോടുള്ള കൂറും കരുണയും, വിട്ടുവീഴ്ചയില്ലാത്ത ഒരു ധാർമ്മികച്ചട്ടക്കൂടും (a strict moral code) എല്ലാം ചേർന്നാണ് ആ കഥാപാത്രത്തിന്റെ സൈക്കോളജിയെ രൂപപ്പെടുത്തുന്നത്. പതിനൊന്നു വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ് ക്രിമിനൽ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ നീൽ ഉറപ്പിച്ച ഒരു കാര്യം തിരിച്ച് ജയിലിലേക്കില്ലെന്നതായിരുന്നു. പോലീസിന്റെ സാനിധ്യം (heat) അനുഭവപ്പെട്ടാൽ 30 നിമിഷങ്ങൾക്കുള്ളിൽ എല്ലാം ഉപേക്ഷിച്ച് പോകാൻ തയ്യാറെടുത്താണ് അയാൾ ജീവിക്കുന്നത്. ഒന്നിനോടും അറ്റാച്ച്‌മെന്റില്ല, ബന്ധങ്ങളില്ല, സ്വന്തമായി ഒന്നുമില്ലാത്ത ജീവിതം. നീൽ എല്ലാ നിമിഷത്തിലും ശ്രദ്ധാലുവാണ്; എപ്പോഴും അയാളുടെ കണ്ണുകൾ ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കും. ആരുടെയും ശ്രദ്ധയാകർഷിക്കാനോ, ആവശ്യമില്ലാത്ത ഒരാളോടുപോലും സംസാരിക്കാനോ അയാൾക്ക് താത്പര്യമില്ല. അയാളുടെ നടപ്പിലും ശരീരഭാഷയിലും അസാധാരണമായൊരു കൄത്യതയും ചടുലതയുമുണ്ട്. ഒരു കാര്യം ചെയ്യാനാവശ്യമായ മിനിമം ചലനങ്ങളും ഒരുകാര്യം പറയാനാവശ്യമായ മിനിമം വാക്കുകളും മാത്രമുപയോഗിക്കുന്ന കൄത്യത. ഡി നീറോ നീലിനെ അണ്ടർപ്ലേ ചെയ്യുകയാണ് ചെയ്യുന്നത്. നെറ്റിയും പുരികവും ശരീരഭാഷയിലെ മിതത്വവും മാത്രമുപയോഗിച്ചാണ് ഡി നീറോ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. (2)
ചിത്രം 5: ഡി നീറോയുടെ നെറ്റിയും പുരികവും മാത്രമുപയോഗിച്ചുള്ള അഭിനയംപെരുമാറ്റവും സംസാരരീതിയും ചലനങ്ങളും കൊണ്ട് നേർവിപരീതമാണ് വിൻസെന്റ് ഹാന്നയെ അവതരിപ്പിക്കുന്ന അൽ പചീനോയുടെ പെർഫോമൻസ്. ചടുലമായ ചലനങ്ങളും, ഉച്ചത്തിലുള്ള ഞെട്ടിക്കുന്ന സംസാരരീതിയും ഒക്കെയായി ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു മനുഷ്യൻ. മാൻ എഴുതിയ ആദ്യ ഡ്രാഫ്റ്റുകളിലൊന്നിൽ ഹാന്നയുടെ കൊക്കൈയ്ൻ ഉപയോഗത്തെക്കുറിച്ച് പറയുന്നുണ്ട്. സിനിമയിലതില്ലെങ്കിലും അൽ പചീനോയുടെ പെർഫോമൻസിലതു ബാക്കിയായി. കുറ്റകൄത്യങ്ങളാൽ അഭിശപ്തമായ തെരുവിലാണ് ഹാന്ന ജീവിതം കണ്ടെത്തുന്നത്. സ്വന്തം വീട്ടിലും ബന്ധങ്ങളിലും അയാളൊരു തണുത്ത മനുഷ്യനാണ്. സ്വന്തം ഭാര്യയെ ആലിംഗനം ചെയ്യുന്നതിനേക്കാൾ പാഷനോടെയാണ് മകൾ നഷ്ടപ്പെട്ട അപരിചിതയായ ഒരമ്മയെ അയാൾ ആശ്വസിപ്പിക്കുന്നത്. ആദ്യഭാര്യയുടെ മരണത്തിനുശേഷം രണ്ടാമതും വിവാഹം കഴിച്ച ഹാന്ന എപ്പോഴും ഒരു ബന്ധവും അതുതരുന്ന വൈകാരികസ്ഥിരതയും ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ആ ബന്ധം ആവശ്യപ്പെടുന്ന സമയവും സാമീപ്യവും നല്കുന്നതിൽ നിന്നും സ്വന്തം തൊഴിലിനോടുള്ള സമർപ്പണം അയാളെ തടയുന്നു. നീലിന്റെ സംഘത്തിലെ ചെരീറ്റോയെ വെടിവെച്ചിടുന്ന സമയത്ത് ഇരയെപിടിച്ച വന്യമൄഗത്തിന്റെ മുരൾച്ചയാണയാളിൽനിന്നു വരുന്നത്. He is a wild animal on the hunt.
ചിത്രം 6: അൽ പചീനോയുടെ നാടകീയവും subtle-മായ അഭിനയം
ഹീറ്റ് ഉണ്ടാക്കിയ ഹൈപ്പുകളിലൊന്ന് അപ്പോഴേക്കും ലെജൻഡറി സ്റ്റാറ്റസിലെത്തിയിരുന്ന അൽ പചീനോയും റോബർട്ട് ഡി നീറോയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്നതായിരുന്നു. സിനിമയിൽ മൂന്നുതവണയാണ് ഡി നീറോയും പചീനോയും ഒരുമിച്ച് വരുന്നത്. ഒരു ചെറിയ കാർ സീൻ, ഡൈനർ സീൻ, പിന്നെ ക്ലൈമാക്സും. ഇതിൽ ഡൈനർ സീൻ സിനിമാപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ക്രിമിനലും പോലീസും നേർക്കുനേരെ ഇരുന്ന് സംസാരിക്കുന്നു, പരസ്പരം മനസ്സിലാക്കുന്നു. വേണ്ടിവന്നാൽ മറ്റേയാളെ കൊല്ലാനും മടിക്കില്ലെന്ന് തുറന്നു പറയുന്നു. ഈ സീനിലുടനീളം നീൽ എപ്പോഴുമെന്നതുപോലെ ചുറ്റുപാടുകളെക്കുറിച്ച് അലർട്ടാണ്; ഏതുനിമിഷവും ഒരപകടം സംഭവിക്കാമെന്നതുപോലെ ചുറ്റുപാടും നിരീഷിച്ചുകൊണ്ടാണയാൾ സംസാരിക്കുന്നത്. ഹാന്നയാകട്ടെ തന്റെ സ്ഥിരം explosive സ്വഭാവത്തിലല്ല, മറിച്ച് കുറച്ചുകൂടെ ഒതുക്കത്തിലാണ്.
ചിത്രം 7: ഹീറ്റിലെ ഡൈനർ സീൻ
ഈ സംസാരത്തിനിടയിൽ രണ്ടുപേരും അവരവരുടെ ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഹാന്ന തന്റെ കുടുംബജീവിതത്തിലെ ക്രൈസിസുകളെപ്പറ്റിയും, നീൽ തന്റെ 30 സെക്കന്റ് റൂളിനെപ്പറ്റിയും, അറ്റാച്ച്മെന്റുകളില്ലാത്ത അച്ചടക്കത്തെപ്പറ്റിയും.
ഹീറ്റ് 2 (with spoilers!)
ഹീറ്റ് എഴുതി നാല്പതിലധികം വർഷങ്ങൾക്ക് ശേഷമാണ് മെഗ് ഗാർഡിനർ എന്ന ക്രൈം നോവലിസ്റ്റുമായി ചേർന്ന് മാൻ ഹീറ്റ് 2 എന്ന നോവൽ പൂർത്തിയാക്കുന്നത്. കരിയറിന്റെ തുടക്കം മുതൽ താൻ പിന്തുടരുന്ന 'സ്വന്തം പ്രതിബിംബത്തെ ഇല്ലാതാക്കേണ്ടി വരുന്നതിന്റെ വേദന'യെന്ന 'white whale' ആശയത്തെ കൂടുതൽ ആഴമുള്ളതും വിശാലവുമാക്കുന്നതാണ് ഹീറ്റ് 2 എന്ന നോവൽ. ഹീറ്റ് 2 ഒരേസമയം ഹീറ്റ് എന്ന സിനിമയുടെ പ്രീക്വലും സീക്വലുമാണെന്ന് പറയാം. സാധാരണ ലീനിയർ നറേഷൻ സ്വീകരിക്കുന്ന മാൻ പലകാലങ്ങളിലും സ്ഥലങ്ങളിലുമായി ചുരുൾ നിവരുന്ന നോൺ ലീനിയർ ആഖ്യാനമായാണ് ഹീറ്റ് 2 എഴുതിയിരിക്കുന്നത്. ഹീറ്റ് പോലൊരു നറേറ്റീവിന് തുടർച്ച രൂപപ്പെടുത്താൻ ശ്രമിക്കുമ്പോഴുള്ള പ്രതിസന്ധികളിലൊന്ന് നീൽ അടക്കം പ്രധാനകഥാപാത്രങ്ങൾ പലരും അവസാനം കൊല്ലപ്പെടുന്നു എന്നതാണ്. നീലും സംഘാങ്ങളും ഹാന്നയും ഉൾപ്പെടുന്ന ഒരു ബാക്ക്‌സ്റ്റോറി രൂപപ്പെടുത്തിയാണ് മാനും ഗാർഡിനറും ഇത് സോൾവ് ചെയ്യുന്നത്.
ചിത്രം 10: ഹീറ്റ് 2 ബുക്ക് കവർ
നോവൽ തുടങ്ങുന്നത് ഹീറ്റിന്റെ ക്ലൈമാക്സിനു തൊട്ടുപിന്നാലെയുള്ള സംഭവങ്ങളിലൂടെയാണ്. നീലിന്റെ സംഘത്തിലെ അവശേഷിക്കുന്ന ഒരേയൊരു ക്രിമിനൽ ക്രിസ് ഷിഹെർലിസിനെ പിടിക്കാനാണ് ഹാന്നയും ടീമും ശ്രമിക്കുന്നത്. അവർ ഈഡിയും നേറ്റും അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നു. ക്രിസ് ആകട്ടെ ഷൂട്ടൌട്ടിൽ തോളിൽ വെടി കൊണ്ടതിനു ശേഷം നേറ്റ് ഏർപ്പാടാക്കുന്ന ഒരു മൄഗഡോക്ടറിൽ നിന്നും ഫസ്റ്റ് എയിഡ് സ്വീകരിച്ച്, മെക്സിക്കോയിലേക്കും, അവിടുന്ന് പരാഗ്വേയിലേക്കും രക്ഷപെടുന്നു. ഈ സെറ്റപ്പിനുശേഷം, 1988-ൽ ഷിക്കാഗോയിൽ സമാന്തരമായി നടക്കുന്ന രണ്ട് സ്‌റ്റോറി ലൈനുകളിലേക്കാണ് നോവൽ ഷിഫ്റ്റ് ചെയ്യുന്നത്. നീലും സംഘവും ഒരു ബാങ്ക് ഹൈസ്റ്റ് പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നു. അതേ സമയം, പോലീസ് ഡിറ്റക്ടീവായ ഹാന്ന 'ഓട്ടിസ് വാർഡെൽ' എന്നൊരു ബർഗ്ലറി-റേപ്പിസ്റ്റിനെ പിടിക്കാൻ ശ്രമിക്കുന്നു. നീലും സംഘവും തങ്ങളുടെ ഹൈസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതിനുശേഷം യു.എസ് - മെക്സിക്കോ ബോർഡറിൽ ഒരു ഡ്രഗ് മാഫിയയുടെ കാശ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം ടാർഗറ്റ് ചെയ്യുന്നു. സൈക്കോപ്പതിക് വില്ലൻ ഓട്ടിസ് വാർഡെൽ ഹാന്നയുടെ പിടിയിൽ നിന്നും രക്ഷപെടുകയും, നീലിന്റെ അടുത്ത ലക്ഷ്യം മനസ്സിലാക്കുകയും ചെയ്യുന്നു.
88-ലൈ ടൈംലൈൻ ഒരു ക്ലിഫ് ഹാംഗറിൽ നിർത്തി, നോവൽ 95-96 കാലത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നു. പരാഗ്വേയിലെത്തിയ ക്രിസ് ആയുധക്കടത്തിലും സൈബർക്രൈമിലും ഏർപ്പെട്ടിരിക്കുന്ന ഒരു തായ്‌വാനീസ് കുടുംബത്തിന്റെ അംഗരക്ഷകനാകുന്നു. ആ കുടുംബത്തിലെ ആന്ന എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുകയും, കുടുംബത്തിന്റെ ക്രൈം ഓപ്പറേഷനുകളിൽ നിയന്ത്രണം ഏറ്റെടുക്കാൻ അവളെ സഹായിക്കുകയും ചെയ്യുന്നു. അതിനു ശേഷം നോവൽ വീണ്ടും 88 ടൈംലൈനിൽ, നീൽ മെക്കാളെയും ഓട്ടിസ് വാർഡെലുമായുള്ള ഏറ്റുമുട്ടലിലേക്ക് തിരിച്ച് പോകുന്നു. ഒരു ഗൺ ഫൈറ്റിനൊടുവിൽ വാർഡെൽ നീലിന്റെ അന്നത്തെ ഗേൺഫ്രണ്ട് എലിസ വാസ്‌ക്വെസിനെ വധിക്കുന്നു. അവരുടെ മരണത്തിനുശേഷമാണ് 95-ലെ സിനിമയിൽ നമ്മൾ കാണുന്ന, ഏകാകിയായ, ആരോടും അറ്റാച്ച്‌മെന്റില്ലാത്ത നീൽ മെക്കാളെ ആയി മാറുന്നത്. എലിസയുടെ മരണശേഷം, എലിസയുടെ എട്ടുവയസ്സുകാരിയായ മകൾ ഗബ്രിയേലയെ നീൽ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുകയും അവളുടെ ചെലവിനുള്ള തുക മാറ്റിവെക്കുകയും ചെയ്യുന്നു. അതിനുശേഷം, 96-ലെ ടൈംലൈനിലേക്ക് തിരിച്ചെത്തി ക്രിസിന്റെയും ആന്നയുടെയും കഥ അപ്‌ഡേറ്റ് ചെയ്തതിനുശേഷം, നോവൽ 2000-ൽ ലോസ് ആഞ്ചലസിൽ നടക്കുന്ന ടൈംലൈനിലേക്കെത്തുന്നു. ഓട്ടിസ് വാർഡെൽ ലോസാഞ്ചലസിൽ വേശ്യാവൄത്തിക്കുള്ള ഒരു മോട്ടൽ നടത്തുന്നു. അയാൾ വല്ലപ്പോഴും പെൺകുട്ടികളെ റേപ്പ് ചെയ്യുകയും കൊല്ലുകയും ചെയ്യാറുണ്ട്. ഓട്ടിസിന്റെ ഇരകളിലൊരാളുടെ മരണം ഹാന്ന അന്വേഷിക്കുകയും, 88-ൽ ഷിക്കാഗോയിൽ വെച്ച് തന്റെ കൈയിൽനിന്നു വഴുതിപ്പോയ ക്രിമിനലിനെ ഹാന്ന ഓർമ്മിക്കുകയും ചെയ്യുന്നു. ഗബ്രിയേല ഇപ്പോൾ 20 വയസ്സുള്ള ഒരു യുവതിയാണ്. അവൾ ഓട്ടിസിനെ ഒരിടത്തുവെച്ച് തിരിച്ചറിയുകയും, ഇതു മനസ്സിലാക്കുന്ന ഓട്ടിസ് ഗബ്രിയേലയെ ടാർഗറ്റ് ചെയ്യുന്നു. ഇതേ സമയം നീലിന്റെ മരണത്തിനു പ്രതികാരമായി ഹാന്നയെ വധിക്കാനായി ക്രിസ് ലോസ് ആഞ്ചലസിൽ തിരിച്ചെത്തുന്നു. ഹാന്ന - ഓട്ടിസ് വാർഡെൽ - ഗബ്രിയേല - ക്രിസ് ഷിഹെർലിസ് എന്നിവരുൾപ്പെട്ട ഒരു ബ്ലഡി ക്ലൈമാക്സിലേക്കാണ് കഥ നീങ്ങുന്നത്.
ഹാന്ന തന്റെ ദീർഘകാലശത്രുവായ ഓട്ടിസ് വാർഡെലിനെ വധിക്കുന്നതിലൂടെ ഒരേസമയം നീൽ സ്വന്തം മകളെപ്പോലെ സംരക്ഷിച്ച ഗബ്രിയേലയെ രക്ഷിക്കുകയും, ഗബ്രിയേലയുടെ അമ്മയും നീലിന്റെ കാമുകിയുമായ എലിസയുടെ ദാരുണമായ കൊലപാതകത്തിന് പ്രതികാരം നിർവഹിക്കുകയും ചെയ്യുന്നു. അങ്ങനെ നീൽ ബാക്കിവെച്ച രണ്ടു കടമകൾ കൂടി പൂർത്തിയാക്കിക്കൊണ്ട്, നീലിനെ വധിച്ചതിന് തനിക്ക് സാധ്യമായ ഏറ്റവും വലിയ പ്രായശ്ചിത്തം ചെയ്യുകയാണ് ഹാന്ന ഇവിടെ ചെയ്യുന്നത്. ഹീറ്റിന്റെ അവസാനഭാഗത്ത് ഹാന്ന തന്റെ വളർത്തുമകളായ ലോറനെ രക്ഷിക്കുന്ന ഭാഗത്തിന്റെ പ്രതിബിംബം പോലെയും ഗബ്രിയേലയെ രക്ഷിക്കുന്നതിനെ മനസ്സിലാക്കാം. ഒന്നാം ഭാഗത്തിൽ സ്വന്തം വളർത്തുമകളായ ലോറനെ മരണത്തിൽ നിന്ന് രക്ഷിക്കുന്ന ഹാന്ന, രണ്ടാം ഭാഗത്തിൽ നീൽ സംരക്ഷിക്കാൻ ആഗ്രഹിച്ച ഗബ്രിയേലയെ രക്ഷിക്കുമ്പോൾ, ഇരു കഥാപാത്രങ്ങളും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നു.
നിലവിലെ കാസ്റ്റിംഗ് വിവരങ്ങൾ വെച്ച് അൽ പച്ചീനോ അവതരിപ്പിച്ച വിൻസെന്റ് ഹാന്ന എന്ന കഥാപാത്രമായി അഭിനയിക്കാൻ ക്രിസ്റ്റ്യൻ ബെയ്‌ൽ ധാരണയായിട്ടുണ്ട്. വാൽ കിൽമർ ചെയ്ത ക്രിസ് ഷിഹെർലിസിന്റെ കഥാപാത്രത്തിലേക്ക്, പ്രത്യേകിച്ച് 1995-ന് ശേഷമുള്ള സൗത്ത് അമേരിക്കൻ കാലഘട്ടത്തിലെ ക്രിസിന്റെ മാറ്റങ്ങളെ അവതരിപ്പിക്കാൻ ലിയനാർഡോ ഡികാപ്രിയോ പരിഗണിക്കപ്പെടുന്നു. പ്രധാന വില്ലനായ ഓട്ടിസ് വാർഡെൽ (Otis Wardell) ആയി അഭിനയിക്കാൻ ആദം ഡ്രൈവറും, 1988-ലെ കാലഘട്ടത്തിലെ നീൽ മെക്കാളെ ആയി സ്റ്റീഫൻ ഗ്രഹാമും ചർച്ചകളിലുണ്ട്. വിൻസെന്റ് ഹാന്നയെ അവതരിപ്പിക്കാൻ ബെയ്ൽ തികച്ചും അനുയോജ്യനാണെന്നാണ് എന്റെയും അഭിപ്രായം. Obsessed ആയ, ഒബ്സഷന്റെ ടാക്സ് ശരീരംകൊണ്ടു കൊടുത്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ ബെയ്ൽ മുൻപും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് (Dark Knight, Fighter, Rescue Dawn). കൂടാതെ മാൻ തന്നെ സംവിധാനം ചെയ്ത പബ്ലിക് എനിമീസിൽ ഏതാണ്ട് ഹാന്നയോട് സാമ്യമുള്ള മെൽവിൻ പർവിസ് എന്ന കഥാപാത്രത്തെയും ബെയ്ൽ അവതരിപ്പിച്ചിട്ടുണ്ട്. ബെയ്‌ലിന് ഹാന്നയുടെ ഭ്രാന്തമായ ആവേശവും മാനസിക സമ്മർദ്ദങ്ങളും മികച്ച രീതിയിൽ സ്‌ക്രീനിൽ കൊണ്ടുവരാനാകും. ക്രിസ് ഷിഹെർലിസ് ആകാൻ ഡി കാപ്രിയോയ്ക്ക് പ്രായം അല്പം കൂടുതലാണെന്ന് തോന്നാമെങ്കിലും, ആദ്യ സിനിമയിലെ അവിവേകിയായ, ഇംപൾസീവായ യുവാവിൽ നിന്ന് രണ്ടാം ഭാഗത്തിലെ പക്വതയുള്ള, മാസ്റ്റർ ക്രൈം ഓപ്പറേറ്ററായി മാറുമ്പോൾ ഡി കാപ്രിയോയുടെ സ്റ്റാർ വാല്യൂവും കരിസ്മയും ആ കഥാപാത്രത്തിന് ഫിറ്റാകുന്നതാകും. ഹീറ്റിലെ ഷിഹെർലിസ് നീലിന്റെ നിഴലിലായിരുന്നു. ഹീറ്റ് 2-ൽ ക്രിസ് സ്വതന്ത്രനാകുന്നു, ഒറ്റയാനും. ആ കഥാപാത്രത്തിനാവശ്യമായ weathered, dangerous charm ഡികാപ്രിയോ മുൻപും പലതവണ (ബ്ലഡ് ഡയമണ്ട്, ഡിപ്പാർട്ടഡ്) സ്‌ക്രീനിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാലും സ്റ്റീഫൻ ഗ്രഹാം നീൽ മെക്കാളെയാകുന്നതിനോട് പൂർണ്ണമായി യോജിക്കാനാകുന്നില്ല. ഗ്രഹാമിന്റെ അഭിനയശൈലി വൈകാരികസ്ഫോടനങ്ങളും ചടുലതയും ഉപയോഗിക്കുന്നതാണ് (This Is England, Boardwalk Empire, Adolescence). എന്നാൽ നീൽ മെക്കാളെയുടെ ശരീരഭാഷ അങ്ങേയറ്റം നിയന്ത്രിതവും ചിട്ടയായതുമാണ്. അതിനാൽ ഗ്രഹാമിന് നീലിനേക്കാൾ കൂടുതൽ ചേരുക ക്രൂരനും അനിയന്ത്രിതനുമായ ഓട്ടിസ് വാർഡെലിന്റെ വേഷമായിരിക്കുമെന്ന് തോന്നുന്നു. 1988-ൽ നീലിന് ഏകദേശം 35 വയസ്സായിരിക്കും പ്രായം. ഗ്രഹാമിന് 53 വയസ്സായി. എന്നാൽ മുപ്പതുകളിൽ പ്രായമുള്ള, വൈകാരികതയെ ശരീരചലനങ്ങളെയും പൂർണ്ണമായി നിയന്ത്രിതമാക്കി പെർഫോം ചെയ്യാൻ കഴിവുള്ള ആദം ഡ്രൈവർ ആയിരിക്കും നീൽ മെക്കാളെയാകാൻ കൂടുതൽ അനുയോജ്യൻ എന്നാണ് പേഴ്സണൽ ഒപ്പീനിയൻ. കൃത്യതയോടും ടാക്റ്റിക്കൽ ട്രെയിനിംഗിനോടും അഭിനേതാക്കളുടെ പ്രകടനത്തിന്റെ സൂക്ഷ്മാംശങ്ങളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത നിർബന്ധം കാരണം, മൈക്കൽ മാൻ സെറ്റിലേക്ക് ആരു വന്നാലും, കണ്ണുകളുടെ ചെറിയൊരു ചലനം മുതൽ ആയുധപ്രയോഗം വരെയുള്ള ഓരോ ഡീറ്റെയിലും കൃത്യമാകുന്നതുവരെ അവർ തീവ്രമായി പരിശീലിപ്പിക്കപ്പെടും എന്നതിനാൽ, ആര് അഭിനയിക്കുന്നു എന്നതിൽ ആശങ്കയ്‌ക്കു സ്ഥാനമില്ലെന്നാണ് കരുതേണ്ടത്. In Mann we trust!
References
Rybin, Steven. Michael Mann: Crime Auteur and the Filmic Surface. McFarland & Company, 2007.
Bordwell, David. "Heat revisited." David Bordwell's Website on Cinema, 23 Aug. 2022,
Seitz, Matt Zoller. "The Texture of Night: How 'Collateral' Revolutionized Movies." RogerEbert.com, 6 Aug. 2014,
Mann, Michael, and Meg Gardiner. Heat 2: A Novel. William Morrow, 2022.
Mann, Michael. Heat [Audio Commentary], Director's Definitive Edition Blu-ray, Warner Bros., 2017.
Symes, Owen. "The Jericho Mile's Relationship with Folsom Prison and Truth." PopMatters, 15 July 2022.







No comments:
Post a Comment