Friday, July 08, 2011

ബ്യൂട്ടിഫുൾ-Biutiful (2010)

(ഈ റിവ്യൂവിൽ സിനിമയുടെ കഥ പരാമർശിക്കുന്നുണ്ട്. ഇത് സസ്പെൻസ് ഫിലിം അല്ലെങ്കിലും കഥ നേരത്തെ അറിയേണ്ടാത്തവർ കണ്ടതിനുശേഷം മാത്രം വായിക്കുക)

തെക്കേഅമേരിക്കയിലെ തക്കാളിവർഗത്തിൽ പെട്ടൊരു ചെടിയുടെ മായൻ പേരാണു ‘ഉക്സ്ബാൽ’. ഈ ചെടിയുടെ ഇലകൾ ചില ത്വക്ക് രോഗങ്ങൾക്കും കായ്‌കൾ ഭക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. വെള്ളവും വളവും ലഭിക്കാൻ കാര്യമായ സാധ്യതയില്ലാത്ത വഴിയരുകിലും കുപ്പകളിലും പാറക്കെട്ടുകളുടെ സമീപത്തുമൊക്കെയാണു ഈ ചെടി വളരുക. Biutiful-ൽ ഹവിയർ ബാർദെം അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രമായ ഉക്സ്ബാലിന്റെ ജീവിതവും ഏറെക്കുറെ ഇങ്ങനെതന്നെ. നിയതമായ ഒരു ഫ്രെയിമിലുള്ള ജീവിതമല്ല അയാളുടേത്. തൊഴിൽ കൊണ്ട് തെരുവുകച്ചവടക്കാരുടെയും അനധികൃത-ഇമ്മിഗ്രന്റ് തൊഴിലാളികളുടെയും ഇടനിലക്കാരൻ എന്നു പറയാം. പൊതുസമൂഹത്തിനു ഒട്ടും താത്പര്യമുണ്ടാകാനിടയില്ലാത്ത ഇടങ്ങളിലാണ് അയാളുടെ ജീവിതം. കണ്ടുമുട്ടണമെന്ന് നമ്മളൊരിക്കലും ആഗ്രഹിക്കാനിടയില്ലാത്ത ആളുകളെയാണു അയാൾ ദിവസവും കാണുന്നത്. ചുരുങ്ങിയത് കുറച്ചു കാലത്തേയ്ക്കെങ്കിലും തന്റെ ചുറ്റുമുള്ളവർക്ക് ഭക്ഷണവും ഔഷധവുമാകാനുള്ള അയാളുടെ ശ്രമങ്ങളാണ് ഈ സിനിമ.

‘അമോറെസ് പെറോസ് (2000)’ എന്ന ആദ്യഫീച്ചർ സിനിമയിലൂടെതന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മെക്സിക്കൻ സംവിധായകനായ അലഹാന്ദ്രോ ഗോൺസാലെസ് ഇനാരിട്ടുവിന്റെ നാലാമത്തെ ചിത്രമാണു Biutiful (2010). കാൻ ഫെസ്റ്റിവലിൽ (ആ വർഷം അരുന്ധതി റോയ് ജൂറി അംഗമായിരുന്നു) യംഗ് ക്രിട്ടിക്സ് അവാർഡ് നേടിയ അമോറെസ് പെറോസ് ലോകമെമ്പാടുമുള്ള ഒട്ടനവധി ചലച്ചിത്രമേളകളിൽ ശ്രദ്ധ പിടിച്ചുപറ്റി. അമൊറെസ് പെറോസിന്റെ കണ്ടെത്തലായ ഗായേൽ ഗാർസിയ ബെർണാൽ വരുംവർഷങ്ങളിൽ അക്ഷരാർത്ഥത്തിൽ അന്താരാഷ്ട്ര താരമായി ഉയർന്നു. ആ ഒറ്റ ചിത്രത്തിലൂടെ സ്വയം ഹോളിവുഡിൽ ലോഞ്ച് ചെയ്ത ഇനാരിട്ടുവിനു ഷോൺ പെന്നിനെയും ഡെൽ ടോറോയെയും പോലുള്ള എ-ലിസ്റ്റ് നടന്മാരെ തന്റെ രണ്ടാമത്തെ ചിത്രത്തിൽ (21 ഗ്രാംസ്) കാസ്റ്റ് ചെയ്യാനായി. 21 ഗ്രാംസിലെ മൂന്ന് പ്രമുഖകഥാ‍പാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരും വെനീസ് ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ നേടി, രണ്ട് ഓസ്കാർ നോമിനേഷനുകളും ലഭിച്ചു. 21 ഗ്രാംസ് ഒരു ഫെസ്റ്റിവൽ സർക്യൂട്ട് ചിത്രമായിരുന്നില്ല, മറിച്ച് എല്ലാ അർത്ഥത്തിലും ഹോളിവുഡ് ചിത്രം തന്നെയായിരുന്നു. അമേരിക്കൻ മാർക്കറ്റിൽ ശരാശരി വിജയം നേടിയ 21 ഗ്രാംസ്, ഇതേ സ്കെയിലിലുള്ള സിനിമകളെ അപേക്ഷിച്ച് യൂറോപ്പിലും ലാറ്റിനമേരിക്കയിലും (പ്രത്യേകിച്ച് ഇനാരിട്ടുവിന്റെ നാടായ മെക്സിക്കോയിൽ), വൻ‌വിജയം തന്നെയായി. ആദ്യ ചിത്രത്തിലൂടെ ഫെസ്റ്റിവൽ സർക്യൂട്ടിലും രണ്ടാമത്തെ ചിത്രത്തിലൂടെ ഹോളിവുഡിലും സ്ഥാനമുറപ്പിച്ച ഇനാരിട്ടുവിന്റെ മൂന്നാമത്തെ ചിത്രം, ബാബേൽ (2006) ശരിക്കുമൊരു ഇന്റർനാഷണൽ ഫിലിം തന്നെയായിരുന്നു. മൂന്നു വൻ‌കരകളിലെ നാലു രാജ്യങ്ങളിലെ വിവിധ കഥാപാത്രങ്ങൾ ഉൾപ്പെടുന്ന വിവിധ കഥകളെ ഒരേ ചരടിൽ കോർത്തിണക്കിയ സിനിമ കാൻ ഫെസ്റ്റിവലിൽ 3 പ്രമുഖ അവാർഡുകളും 7 ഓസ്കാർ നോമിനേഷനുകളും നേടിയതിനുപുറമെ വൻ‌വാണിജ്യവിജയവുമായി. ഇതിനെല്ലാം പുറമെ ബ്രാഡ് പിറ്റ് എന്ന ഹോളിവുഡ് സൂപ്പർതാരത്തെ മൊറോക്കോയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള പുതുമുഖങ്ങളുടേതിനു തുല്യമായ റോളിലവതരിപ്പിച്ച്, അമേരിക്കൻ മാർക്കറ്റിൽ തന്നെ വൻ‌വിജയം നേടിയത് ഹോളിവുഡിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു. സിനിമാ നിർമാണപ്രവർത്തനത്തിൽ താത്പര്യമുള്ള ആരെയും അതിശയിപ്പിക്കുന്നതും സമാനതകളില്ലാത്തതുമായിരുന്നു ഇനാരിട്ടുവിന്റെ നേട്ടങ്ങൾ.

ഡെത്ത് ട്രിലജിയെന്ന് അറിയപ്പെടുന്ന ഇനരിട്ടുവിന്റെ ആദ്യത്തെ മൂന്നു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതിൽ അവയുടെ അസാധാരണമായ ആഖ്യാനശൈലിക്ക് വലിയ പങ്കുണ്ടായിരുന്നു. ഈ ആഖ്യാനശൈലി രൂപപ്പെടുത്തിയതിനു പിന്നിൽ തിരക്കഥാകൃത്തായ Guillermo Arriaga-യ്ക്കും കാര്യമായ പങ്കുണ്ടെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ തിരക്കഥാകൃത്തിനും auteur പദവിയ്ക്ക് അർഹതയുണ്ടെന്ന അറിയാഗയുടെ വാദത്തെ സിനിമയുടെ ഒരൊറ്റ ഇമേജിന്റെ പോലും രചനയിൽ നേരിട്ടു പങ്കെടുക്കാത്ത തിരക്കഥാകൃത്തിനു auteur സ്റ്റാറ്റസിനു അർഹതയില്ലെന്നായിരുന്നു ഇനാരിട്ടുവിന്റെ നിലപാട്. ശത്രുത മൂർച്ഛിച്ച്, ബാബേലിന്റെ ചിത്രീകരണ-സെറ്റിൽ തിരക്കഥാകൃത്തിനെ പ്രവേശിപ്പിക്കുകപോലുമുണ്ടായില്ല ഇനാരിട്ടു. രണ്ടുപേരും വേർപിരിഞ്ഞ് സ്വന്തം സിനിമകളെടുക്കാനൊരുങ്ങുന്നത് ചലച്ചിത്രലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു. ആദ്യം സിനിമയുമായെത്തിയത് അറിയാഗയായിരുന്നു. മെക്സിക്കോയിലും അമേരിക്കയിലും വേരുകളുള്ള, കഥാപാത്രങ്ങളെ നോൺ‌ലീനിയർ നറേറ്റീവിന്റെ സഹായത്തോടെ അവതരിപ്പിച്ച Burning Plain (2008) ശരാശരിയിൽ താഴെ ഒതുങ്ങി. ലോകസിനിമയിൽ ഇന്നുള്ള മികച്ച മികച്ച അഭിനേതാക്കളിൽ ഒരാളായ സ്പാനിഷ് നടൻ ഹവിയർ ബാർദെമുമായി സഹകരിച്ച് ഇനാരിട്ടു തയ്യാറാക്കിയ സ്പാനിഷ് ഫിലിം Biutiful (2010) പൂർത്തിയാവാൻ രണ്ടു വർഷം കൂടി വേണ്ടി വന്നു. 14 മാസങ്ങളാണു ഈ സിനിമയുടെ എഡിറ്റിംഗിനായി ഇനാരിട്ടു ചെലവിട്ടത്. അറിയാഗയോടൊന്നിച്ച് രൂപപ്പെടുത്തിയ ആദ്യത്തെ മൂന്നു ചിത്രങ്ങളെ അപേക്ഷിച്ച് വൻ‌വിജയമൊന്നുമല്ല ബ്യൂട്ടിഫുൾ. പക്ഷേ സിനിമാകാഴ്ചയുടെ വ്യത്യസ്ഥ ശൈലികളെ ഈ സിനിമ കൃത്യമായി വിഭജിക്കുക തന്നെ ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായ ആത്യാഹിതങ്ങൾ ഡെത്ത് ട്രിലജിയിലെ മൂന്നു സിനിമകളിലെയും പൊതുഘടകമായിരുന്നു. സുഖകരമായ ജീവിതാവസ്ഥകളെയല്ല അവ കാണിച്ചു തന്നത്. എങ്കിലും ഇനാരിട്ടു പറയുന്നത്, ‘ബ്യൂട്ടിഫുൾ’ ആണു തന്റെ ആദ്യത്തെ ട്രാജഡി എന്നാണ്.

വിജനമായൊരു സ്ഥലത്ത്, ശൈത്യകാലത്ത് ഒരു ചെറുപ്പക്കാരനുമായി ഉക്സ്ബാൽ സംസാരിച്ചു നിൽക്കുന്നൊരു രംഗത്തിലാണു സിനിമ തുടങ്ങുന്നത്. അവർ പറയുന്നത് എന്താണെന്ന് അത്രതന്നെ വ്യക്തമാകുന്നില്ല. ഇതേ രംഗത്തിലേക്ക് സിനിമയുടെ അവസാനം നമ്മൾ വീണ്ടും എത്തിച്ചേരുമ്പോൾ, ഈ രംഗത്തിനു കൂടുതൽ വ്യക്തത കൈവരും. ഉക്സ്ബാൽ ആശുപത്രിയിൽ ചില മെഡിക്കൽ ടെസ്റ്റുകൾക്കു വിധേയനാകുന്നതാണു സിനിമയുടെ ആഖ്യാനത്തിന്റെ ആദ്യരംഗത്ത് നാം കാണുന്നത്. ഒത്തിരിയേറെ കാര്യങ്ങൾ ഒരേസമയം ദൃശ്യപ്പെടുത്തുന്നതാണു ഇനാരിട്ടുവിന്റെ സംവിധാനം. ഉദാഹരണത്തിനു ആദ്യരംഗം തന്നെയെടുക്കാം. പരിശോധനയ്ക്കായി ഉക്സ്ബാലിന്റെ ശരീരത്തിൽ നിന്നും രക്തമെടുക്കാൻ ശ്രമിക്കുന്ന നഴ്സിനെ അയാൾ തടസപ്പെടുത്തുന്നു. ഒടുവിൽ, അയാൾ തന്നെ സിറിഞ്ച് വാങ്ങി സ്വന്തം ശരീരത്തിൽ നിന്നും രക്തമെടുത്ത് നേഴ്സിനു കൊടുക്കുന്നു. സൂചികുത്തി രക്തമെടുക്കാൻ ഒരു നേഴ്സിനെ അനുവദിക്കാനാകാത്തവിധം ശ്രദ്ധാലുവോ അപകടഭീതിയിലോ ആണയാൾ, അല്ലെങ്കിൽ തന്നെ സംബന്ധിക്കുന്ന ഏതു കാര്യവും സ്വയം ചെയ്യണമെന്ന വാശി കാണിക്കാൻ തക്കവിധം സ്വയപ്രാപ്തൻ. പരിശോധനയ്ക്ക് മുൻപുള്ള ആറുമണിക്കൂർ ഉപവസിക്കണമെന്ന നിർദേശം അയാൾക്കോർമ്മയില്ല. അസുഖം എന്തു തന്നെയായാലും, അയാൾ അതികഠിനമായ വേദനയിലാണ്. സഹിക്കാനാവാത്ത വേദന ഒന്നുകൊണ്ടു മാത്രമാണ് അയാൾ ആശുപത്രിയിലെത്തുന്നത്. ഇനി ഒരിക്കൽ കൂടി ഇതേ പരിശോധനയ്ക്കു വിധേയനാകാൻ അയാൾക്കു താത്പര്യമില്ല. പരീക്ഷണങ്ങൾക്കുശേഷം അയാൾ ഒരു സബ്‌വേ ട്രെയിൻ കയറാനായി പോകുന്നു. കള്ളവണ്ടി കയറാനുള്ള തക്കം നോക്കി അരികുപറ്റി നിൽക്കുന്ന അയാൾ, ടിക്കറ്റുള്ള ഒരു യാത്രക്കാരി ഗേറ്റ് തുറക്കുന്ന കൂട്ടത്തിൽ, വേഗത്തിൽ പ്ലാറ്റ്ഫോമിലേക് കയറുന്നു. അപകടത്തിൽ മരണപ്പെട്ട (ആത്മഹത്യയാകാം) ഒരു ബാലന്റെ മരണക്കിടക്കയ്ക്കു സമീപമിരുന്ന് ആ ബാലന്റെ ആത്മാവുമായി സംസാരിക്കാൻ ശ്രമിക്കുന്ന ‘മാധ്യമ’മായ ഉക്സ്ബാലിനെയാണ് അടുത്ത രംഗത്തിൽ കാണുന്നത്. സ്വന്തം വീട്ടിലെത്തി കുട്ടികൾക്ക് ഭക്ഷണം കൊടുക്കുകയും അവരോട് സ്നേഹത്തിൽ ഇടപെടുകയും ഇടയ്ക്ക് ശാസിക്കുകയും ചെയ്യുന്ന അച്ഛനായ ഉക്സ്ബാലിനെയാണ് അടുത്ത രംഗത്തിൽ കാണുന്നത്. ഏതാനും ചില രംഗങ്ങൾക്കൊണ്ട് പ്രധാനകഥാപാത്രമായ ഉക്സ്ബാലിനെക്കുറിച്ച് ഒരു ഏകദേശചിത്രം സംവിധായകൻ നിർമ്മിച്ചു കഴിഞ്ഞു. അതിനുശേഷമാണ് അടുത്ത കഥാപാത്രത്തിലേക്ക് (ഉക്സ്ബാലിന്റെ മുൻ‌ഭാര്യയും കുട്ടികളുടെ അമ്മയുമായ മരാമ്പ്ര- Maricel Álvarez അവതരിപ്പിക്കുന്നു) ആഖ്യാനം മുന്നേറുന്നത്. ഒരു പക്ഷേ ആവർത്തിച്ചുള്ള കാഴ്ചയിൽ മാത്രം പിടി തരുന്നതാണ് ആഖ്യാനത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും. Intra-textuality അത്രയധികമായി സംവിധായകൻ ഉപയോഗിക്കുന്നുണ്ട്.

പൂർണതയുള്ള രംഗങ്ങളിലൂടെയല്ല ഉക്സ്ബാലിന്റെ ജീവിതാഖ്യാനം മുന്നേറുന്നത്. നമ്മുടെയെല്ലാം ജീവിതങ്ങളിലേതു പോലെ സംഭവങ്ങളും സംഭാഷണങ്ങളും കുഴമറിഞ്ഞു കിടക്കുന്നു. ഉദാഹരണമായി മരാമ്പ്രയെ ആദ്യമായി അവതരിപ്പിക്കുന്ന രംഗം തന്നെയെടുക്കുക. ഉക്സ്ബാലിന്റെ സഹോദരൻ ടിറ്റോയുടെ കിടപ്പുമുറിയിലേക്ക് അർദ്ധനഗ്നയായി പ്രവേശിക്കുന്ന മരാമ്പ്ര കിടക്കയിൽ കയറി ഡാൻസ് ചെയ്യുകയും ടിറ്റോയുടെ ദേഹത്ത് വീഞ്ഞൊഴിക്കുകയും ചെയ്യുന്നു. ഈ സമയത്തൊക്കെയും എം‌ബാം ചെയ്തിരിക്കുന്ന ഏതോ മൃതദേഹം സംസ്കരിക്കുന്നതിനെപ്പറ്റി ടിറ്റോ ഫോണിൽ സംസാരിക്കുന്നുണ്ട്. പരിചയമില്ലാത്ത കഥാപാത്രങ്ങളെ ആദ്യമായി കാണുന്ന പ്രേക്ഷകൻ, ഈ രംഗത്തിനെ സ്വഭാവം കൊണ്ട് ഈ ഡയലോഗ് അപ്രധാനമെന്ന് കരുതി അവഗണിക്കാൻ സാധ്യതയെറെയാണ്. എന്നാൽ ഈ ഫോൺ സംഭാഷണം കഥാഗതിയിൽ അതീവപ്രാധാന്യമുള്ളതാണെന്നു പിന്നീടു വ്യക്തമാകുന്നു. സവിശേഷമായ പ്രകാശക്രമീകരണം കൊണ്ട് ഈ രംഗം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഫ്രെയിമിന്റെ മുകൾഭാഗത്തുള്ള മരാമ്പ്രയുടെ ശരീരം സോഫ്റ്റ് ലൈറ്റിലും ഫ്രെയിമിന്റെ താഴെ ഭാഗത്തുള്ള ടിറ്റോയുടെ ശരീരം ഹാർഡ് ലൈറ്റിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ബൈപോളാർ രോഗിയായ മരാമ്പ്രയുടെ സ്ഥിരതയില്ലാത്ത മാനസികാവസ്ഥയ്ക്കു തികച്ചും യോജിക്കുന്നതാണ് ഇവിടുത്തെ സോഫ്റ്റ് ലൈറ്റിംഗ്. ഈ സിനിമയിലെ ഏറ്റവും സ്ഥിരതയുള്ള കഥാപാത്രങ്ങളിലൊന്നായ ടിറ്റോയെ ഹാർഡ് ലൈറ്റിൽ ചിത്രീകരിച്ചിരിക്കുന്നതും കഥാപാത്രത്തിന്റെ പ്രകൃതവുമായി ചേർന്നുപോകുന്നു. ഒരു രംഗത്തിന്റെ തുടർച്ച അതുമായി നേരിട്ടു ബന്ധമില്ലാത്ത രണ്ടോ മൂന്നോ രംഗങ്ങൾക്കു ശേഷമാണു വീണ്ടും വരുന്നത്. എല്ലാം കൂടി ചേർത്തു വെക്കുമ്പോഴാണ് ഉക്സ്ബാലിന്റെ ജീവിതചിത്രം പ്രേക്ഷകനു വ്യക്തമാകുന്നത്. ആ അർത്ഥത്തിൽ രേഖീയമല്ല, ഈ ചിത്രത്തിന്റെ ആഖ്യാനഘടന. ആഖ്യാനതലത്തിൽ, വ്യത്യസ്ഥ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വ്യത്യസ്ഥ കഥകളെ ഇടകലർത്തി അവതരിപ്പിച്ച ഡെത്ത് ട്രിലജിയേക്കാൾ സങ്കീർണമാണു ബ്യൂട്ടിഫുൾ.

മരണത്തിനു ശേഷം നാമെങ്ങോട്ടാണു പോകുന്നതെന്ന, നമുക്കൊരിക്കലും ഉത്തരം കണ്ടുപിടിക്കാൻ കഴിയാത്ത ആ ചോദ്യത്തെ ചുറ്റിപ്പറ്റിയാണു ബ്യൂട്ടിഫുൾ സഞ്ചരിക്കുന്നത്. യാഥാർത്ഥ്യവും പ്രതീതിയും തമ്മിലുള്ള വ്യത്യാസത്തെപ്പോലും കൃത്യമായി മനസ്സിലാക്കാൻ നമുക്കാവാതെ പോകുന്നു. ഇവ രണ്ടിന്റെയും അതിർത്തിയിലാണു ബ്യൂട്ടിഫുൾ. ചിത്രത്തിന്റെ ആഖ്യാനം വലിയൊരളവിൽ റിയലിസ്റ്റിക്കാണെങ്കിലും, റിയലിസമല്ല സിനിമയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ മെറ്റാഫിസിക്കൽ ഘടകങ്ങൾക്ക് യാ‍ഥാർത്ഥ്യവുമായി ഏറെക്കുറെ കൃത്യമായൊരു ബാലൻസ് സൂക്ഷിക്കാൻ സംവിധായകനാകുന്നുണ്ട്. ഉക്സ്ബാൽ ആത്മാക്കളെ കാണുന്ന രംഗങ്ങൾ പോലും തികഞ്ഞ സ്വാഭാവികതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് കാരണം അവ ഉക്സ്ബാലിന്റെ ജീവിതത്തിലെ റിയാലിറ്റിയാണ്. ഇക്കാരണങ്ങൾകൊണ്ടു തന്നെ ഒരു മിസ്റ്ററിയായി സിനിമ വായിക്കപ്പെടുന്നില്ല.

ഉക്സ്ബാലിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണു കഥ വികസിക്കുന്നതെങ്കിലും ഉക്സ്ബാലിനു ചുറ്റുമുള്ളവരുടെ ജീവിതത്തെയും സിനിമ അവഗണിച്ചു കളയുന്നില്ല. മരാമ്പ്രയുടെ ബൈ പോളാർ രോഗവും അതു കാരണമുള്ള സ്വഭാവവ്യതിയാനങ്ങളുമെല്ലാം ഏറെ സൂക്ഷ്മമായാണു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉക്സ്ബാലുമായി ഇടപെടുന്ന തെരുവ് കച്ചവടക്കാരുടെയും ചൈനീസ് തൊഴിലാളികളുടെയും സ്വവർഗാനുരാഗികളായ തൊഴിലുടമകളുടെയെല്ലാം ജീവിതത്തിലേക്ക് ഒന്നിലധികം തവണ സിനിമ ഇറങ്ങിനോക്കുന്നുണ്ട്. ഇവരെല്ലാം, സ്വന്തമായ ജീവിതവും അസ്ഥിത്വവും കൈമുതലായി ഉള്ളവരാണ്. സ്വവർഗാനുരാഗികളായ ചൈനീസ് തൊഴിലുടമകളുടെ ജീവിതവുമായി ബന്ധപ്പെട്ട ഉപാഖ്യാനമാകട്ടെ പലവിധത്തിൽ ശ്രദ്ധയാകർഷിക്കുന്നു. കാർ വായ് വോങ്ങിന്റെ 1997-ലെ ഹാപ്പി റ്റുഗദർ എന്ന ഗേ റൊമാൻസ് ഫിലിമിനുള്ള ഹോമേജായി ഈ ഉപാഖ്യാനത്തെ മനസ്സിലാക്കാം. (സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്ന, നാട്ടിലേക്ക് തിരിച്ചുപോകാൻ കൊതിക്കുന്ന രണ്ടു സ്നേഹിതരുടെ സ്നേഹവും പരസ്പരമുള്ള ദുരുപയോഗവുമായിരുന്നു ആ സിനിമയുടെ വിഷയം.) സാധാരണയായി സ്വവർഗാനുരാഗത്തെ ആഖ്യാനത്തിലെ നാടകീയതയ്ക്കായി ഉപയോഗിക്കാറുള്ളപ്പോൾ, ബ്യൂട്ടിഫുളിലെ ഈ ഉപാഖ്യാനം സ്വവർഗാനുരാഗത്തെ തികച്ചും സ്വാഭാവികമായ ഒന്നായി പരിഗണിക്കുന്നു. ഈ കഥാപാത്രങ്ങളുടെ സ്വവർഗാനുരാഗം ഈ ഉപാഖ്യാനത്തിന്റെ പരിസമാപ്തിയ്ക്കുള്ള ന്യായീകരണവും, പരിസമാപ്തി നമ്മളെല്ലാവരും സ്നേഹത്തിനും സ്നേഹനഷ്ടത്തിനും സ്വാർത്ഥതയ്ക്കും ഭയത്തിനും സാധ്യതയുള്ളവരാണെന്ന യാഥാർത്ഥ്യത്തിനു സാക്ഷ്യവുമാകുന്നു. കടും‌നിറങ്ങളിലുള്ള വില്ലന്മാരോ നായകന്മാരോ ഇവിടെയില്ല, കുറ്റങ്ങളും കുറവുകളും നന്മയുമുള്ള സാധാരണ മനുഷ്യർ മാത്രം.

ഗുരുതരമായ രോഗത്തെതുടർന്ന താൻ മരണപ്പെടുമെന്ന് ബോധ്യമാകുമ്പോൾ അതുവരെ നടക്കാത്ത വഴികളിലൂടെ നടക്കാൻ ശ്രമിക്കുന്നൊരു കഥാപാത്രത്തെ ലോകസിനിമാപ്രേക്ഷകർക്ക് മുൻ‌പരിചയമുണ്ടാകും, കുറോസാവയുടെ ‘ഇകിറു’വിൽ തകാഷി ഷിമുറ അവതരിപ്പിച്ച കഥാപാത്രം ഇത്തരത്തിലൊന്നായിരുന്നു. ഒരു അലസനായ ബ്യൂറോക്രാറ്റ് താൻ കാൻസർ ബാധിതനാണെന്നും താമസിയാതെ മരണപ്പെടുമെന്നും മനസ്സിലാക്കുമ്പോൾ, ജീവിതത്തിനു അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതായിരുന്നു ‘ഇകിറു’വിന്റെ ഇതിവൃത്തം. ഇതിനായി ചുവപ്പുനാടകളിൽ കുടുങ്ങിക്കിടന്നിരുന്ന ഒരു പാർക്കിന്റെ നിർമ്മിതിയ്ക്കായ് പരിശ്രമിക്കുകയും പാർക്ക് പണി പൂർത്തിയാവുകയും, ഈ കഥാപാത്രം മരണപ്പെടുമ്പോൾ സഹപ്രവർത്തകർ ഈ മനുഷ്യന്റെ മാറ്റത്തിനു കാരണം മനസ്സിലാക്കി അയാൾ കാണിച്ച വഴിയിലൂടെ നടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുറോസാവയുടെ സിനിമ വ്യക്തിയുടെ പ്രവർത്തികളെ പിന്തുടരുമ്പോൾ ഉക്സ്ബാലിന്റെ ചിന്തയും അനുഭവങ്ങളും പ്രവൃത്തികളുമെല്ലാം ബ്യൂട്ടിഫുളിന്റെ പരിഗണനയിൽ വരുന്നു. കുറോസാവയുടെ കഥാപാത്രത്തിന്റെ പ്രശ്നം അയാൾ നല്ല മനുഷ്യനായിരുന്നില്ല എന്നതു മാത്രമായിരുന്നു. അതുകൊണ്ട് അയാൾക്ക് നന്മയെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാം. ജീവിതത്തിന്റെ നന്മ-തിന്മകളെക്കുറിച്ച് ചിന്തിക്കാനും മാത്രം sophisticated അല്ല ഉക്സ്ബാലിന്റെ കഥാപാത്രം. അതിജീവനമാണയാളുടെ പ്രാഥമിക പ്രശ്നം. ചെറുപ്പം മുതൽ താനനുഭവിച്ച അനാഥത്വം തന്റെ കുട്ടികളും അനുഭവിക്കാതിരിക്കാൻ അയാൾ മരിക്കാതിരിക്കേണ്ടതുണ്ട്. മരിക്കുമെന്നുറപ്പായിട്ടും ജീവിതത്തെ വിടാതെ പിടിക്കാൻ ശ്രമിക്കുന്ന ഉക്സ്ബാലിനെയാണു സിനിമയുടെ മുക്കാൽ‌ഭാഗവും നാം കാണുന്നത്. ഉക്സ്ബാലിന്റെ ജീവിതം യാഥാർത്ഥ്യബോധത്തിലേക്കും പ്രതീതിയാഥാർത്ഥ്യങ്ങളിലേക്കും ഒരേപോലെ കയറിയിറങ്ങികിടക്കുന്നതിനാൽ താൻ മരണപ്പെടും എന്ന് ഓർമ്മപ്പെടുത്തുന്ന തന്റെ യുക്തിയെയും അയാൾക്ക് തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് തന്റെ മക്കൾക്കായി അല്പം പണം സമ്പാദിച്ചുവെക്കാൻ അയാൾ നിർബന്ധിതനാകുന്നത്. ആത്മാക്കളുമായി ആശയവിനിമയം നടത്താനുള്ള തന്റെ കഴിവ് സൗജന്യമായി ഉപയോഗിക്കണമെന്ന് ഉപദേശമുള്ളപ്പോഴും, കുറ്റബോധത്തോടെ ചെറിയൊരു സംഖ്യ അയാൾ ഫീസായി വാങ്ങുന്നു. തനിക്ക് കിട്ടാവുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിതം ക്രമപ്പെടുത്താനുള്ളതൊക്കെ അയാൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മക്കൾക്കായി ചെറിയൊരു സമ്പാദ്യം ഉണ്ടാക്കാനും, മക്കളെ നോക്കാൻ മറ്റൊരാളെ കണ്ടെത്താനും, കുടുംബത്തോടൊപ്പം മഞ്ഞുമൂടിയ നാടുകളിലേക്ക് ഒരു യാത്ര പോകാനും, തന്റെ ചുറ്റുമുള്ള സഹജീവികൾക്ക് ചെറിയ സഹായങ്ങളെത്തിക്കാനുമെല്ലാമയാൾ ശ്രമിക്കുന്നുണ്ട്. നിയമലംഘനത്തിന്റെയും അഴിമതിയുടെയും സാമൂഹ്യഭൂമികയാണയാളുടെ തൊഴിലിടമെന്നതിനാൽ, അനധികൃത ഇടപാടുകളുടെ ഇടനിലക്കാരൻ എന്ന നിലയിൽ സ്വാഭാവികമായും ഉക്സ്ബാലൊരു പരാദജീവിയാണ്. അയാളൊരു നല്ല മനുഷ്യനല്ല. എങ്കിലും അനധികൃത തെരുവ് കച്ചവടക്കാരെ സഹായിക്കാനും, അവരിലൊരാൾക്കുവേണ്ടി ജയിലിൽ പോകാനും അനധികൃത ചൈനീസ് തൊഴിലാളികൾക്ക് സഹായമെത്തിക്കാനും കഴിയുന്ന വിധത്തിൽ നന്മ അയാളിലുണ്ടുതാനും. പോലീസ് പിടിയിലായ അനധികൃത ആഫ്രിക്കൻ തെരുവുകച്ചവടക്കാരനെ ആഫ്രിക്കയിലേക്ക് തിരിച്ചുപോകാൻ സഹായിക്കുമ്പോഴും അയാളുടെ ഭാര്യ ഇഗെയെ സ്പെയിനിൽ തന്നെ തങ്ങാൻ ഉക്സ്ബാൽ പ്രേരിപ്പിക്കുന്നുണ്ട്. അവർക്കു താമസസൗകര്യം പോലും അയാൾ ഏർപ്പെടുത്തിക്കൊടുക്കുന്നു. ഇത് സഹായം എന്നതുലുപരി, തന്റെ മരണശേഷം തന്റെ കുട്ടികളെ നോക്കാൻ ഇഗെ നിർബന്ധിക്കപ്പെടും എന്നയാൾക്ക് അറിയാവുന്നതുകൊണ്ടുകൂടിയാണ്. ഇഗെയുടെ അവസ്ഥകളെ അയാൾ തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി ചൂഷണം ചെയ്യുക തന്നെയാണ്. സഹജീവികൾക്ക് സഹായമാകാൻ ശ്രമിക്കുമ്പോഴും തന്റെ കുട്ടികളെപ്രതി അയാൾ തെറ്റു ചെയ്യുന്നു. ചൈനീസ് തൊഴിലാളികൾക്ക് ഹീറ്റർ വാങ്ങേണ്ട തുകയിൽ നിന്ന് ഒരുഭാഗം തന്റെ കുട്ടികൾക്കായി മാറ്റിവെച്ച് അയാളൊരു വിലകുറഞ്ഞ ഹീറ്റർ വാങ്ങുന്നു. ഈ തെറ്റിനയാൾ വലിയ വിലയാണു നൽകേണ്ടി വരുന്നത്.

ഈ ദുരന്തത്തോടെയാണ് തന്റെ ജീവിതം കൈവിട്ടുപോകുകയാണെന്ന സത്യം അംഗീകരികാൻ ഉക്സ്ബാൽ തയ്യാറാകുന്നത്. സിനിമയുടെ ആദ്യഘട്ടത്തിൽ തന്റെ ജീവിതം ക്രമപ്പെടുത്താനും നിയന്ത്രിക്കുന്ന, ജീവിതത്തെ മുറുക്കെപിടിക്കാൻ ശ്രമിക്കുന്ന ഉക്സ്ബാലിനെയാണു നാം കാണുന്നത്. ഈ ദൃശ്യങ്ങളിൽ താരതമ്യേന മുറുക്കമുള്ള ഫ്രെയിം ആണുപയോഗിക്കുന്നത് (1:1.85 Aspect Ratio). ഈ ദൃശ്യങ്ങളിൽ ഡീപ് ഫോക്കസ് എന്നു തോന്നിക്കുന്ന വിധത്തിൽ പശ്ചാത്തലവും മിഴിവോടെ ചിത്രീ‍കരിച്ചിട്ടുണ്ട്. ചൈനീസ് സ്വെറ്റ്‌ഷോപ്പിലെ ദുരന്തത്തിന്റെ രംഗത്തോടെ ഉക്സ്ബാൽ കൂടുതൽ ഒറ്റപ്പെട്ടവനാകുന്നു. പോകാതെ പറ്റില്ല എന്നുറപ്പാകുമ്പോൾ ജീവിതത്തിനുമേൽ അയാൾക്കുള്ള പിടി അയയുന്നു. ഈ ഘട്ടത്തിൽ സിനിമയുടെ ദൃശ്യപദ്ധതിയ്ക്കുതന്നെ കാര്യമായ മാറ്റം വരുന്നുണ്ട്. പശ്ചാത്തലത്തിലുള്ളവയെയെല്ലാം സോഫ്റ്റ് ഫോക്കസിലേക്ക് മാറ്റുകയും ദൃശ്യത്തിനു ഒരു liquid feel കൊണ്ടുവരാനും കഴിയുന്ന അനാമോർഫിക് ലെൻസിന്റെ സഹായത്തോടെയാണ് ഇത് സാധിച്ചത് എന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകൻ റോദ്രിഗോ പ്രീസ്റ്റോ വിശദമാക്കുന്നുണ്ട്. ഇനാരിട്ടു മൂന്നു മുൻ‌ചിത്രങ്ങളിലും റോദ്രിഗോ പ്രീസ്റ്റോ തന്നെയായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. ഉക്സ്ബാലിന്റെ മാനസികവ്യതിയാനങ്ങൾക്കനുസൃതമായി സിനിമയുടെ ദൃശ്യസ്വഭാവത്തെ ക്രമപ്പെടുത്തിയതിൽ റോദ്രിഗോയുടെ സംഭാവന ചെറുതല്ല. ദുരന്തരംഗത്തിനുശേഷം തുടർന്നുവരുന്ന, ഉക്സ്ബാൽ സന്ധ്യസമയത്ത് ഏകനായി ഒരു പാലത്തിലൂടെ നടക്കുന്ന രംഗം റോദ്രിഗോയുടെ വെളിച്ചക്രമീകരപാടവത്തിനു ഒന്നാന്തരം ഉദാഹരണമാണ്. ഈ രംഗത്തിൽ traumatic എന്നു വിശേഷിപ്പിക്കാവുന്ന മാനസികാവസ്ഥയിലൂടെയാണ് ഉക്സ്ബാൽ കടന്നുപോകുന്നത്. എന്തുചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അയാൾക്കറിയില്ല. ഉക്സ്ബാലിന്റെ കൺഫ്യൂഷനും ബാലൻസ് തെറ്റിയ മാനസികാവസ്ഥയും പ്രേക്ഷകരിലെത്തിക്കാൻ, പ്രത്യേകതരം ഫിൽട്ടറുകളുപയോഗിച്ച് ഫ്രെയിമിലെ ചില വസ്തുക്കളെ മാത്രം ഡീഫോക്കസ് ചെയ്യുന്ന രീതിയാണു ഛായാഗ്രാഹകൻ സ്വീകരിച്ചിരിക്കുന്നത്. സഹോദരനായ ടിറ്റോയെ കാണാൻ ഉക്സ്ബൽ ഒരു സ്ട്രിപ് ബാറിലേക്ക് ചെല്ലുന്ന രംഗമാണു തുടർന്നു വരുന്നത്. വിവിധനിറങ്ങളുടെ ആധിക്യം തന്നെ ഈ രംഗത്തു കാണാൻ കഴിയും. ഏതാണ്ട് unsettling ആണ് ഈ രംഗത്തിലെ ദൃശ്യങ്ങളും നിറവിന്യാസവും. ഈ സിനിമയുടെ ബാക്കിയുള്ള രംഗങ്ങളിൽ നിന്നും തികച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു ഈ രംഗം. ജീവിതത്തിനുമേൽ ഉക്സ്ബാലിന്റെ പിടി തീർത്തും വിടുന്നതും അയാൾ പോകാൻ തയ്യാറാകുന്നതും ഈ രംഗത്താണ്. അയാൾ മദ്യപിക്കുകയും എല്ലാം മറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ രോഗത്തെക്കുറിച്ചും താൻ മരിക്കാൻ പോകുകയാണെന്നും മറ്റൊരു വ്യക്തിയോട് ഉക്സ്ബാൽ ആദ്യമായി തുറന്നു പറയുന്നത് ഈ രംഗത്താണ്. തുടർന്നു വരുന്ന കടൽത്തീരത്തെ ശാന്തഭീകരമായ രംഗത്ത് ഫ്രെയിം മുഴുവനായി വിടർന്ന് 1:2.40 എന്ന ആസ്പെക്ട് റേഷ്യോയിലേക്ക് വളരുന്നു. ഫ്രെയിമിന്റെ മുറുക്കമെല്ലാം നഷ്ടപ്പെടുന്നു. ഉക്സ്ബാൽ പോകാൻ തയ്യാറായിക്കഴിഞ്ഞു. ജീവിതത്തിനുമേൽ അയാൾക്കുള്ള പിടിയും നിയന്ത്രണവുമെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു, അയാൾ സ്വതന്ത്രനായിരിക്കുന്നു. ഒന്നിലധികം ആസ്പെക്ട് റേഷ്യോ ഉപയോഗിക്കുന്ന ദൃശ്യപദ്ധതി ലോകസിനിമയിൽതന്നെ ആദ്യമായാണു പരീക്ഷിക്കപ്പെടുന്നത്. (ഈ സിനിമ സാധിക്കുമെങ്കിൽ തിയറ്ററിൽ കാണേണ്ടതാണ്. ആസ്പെക്ട് റേഷ്യോയിൽ നടത്തിയ പരീക്ഷണമൊക്കെ തിയറ്റർ കാഴ്ചയിലാണു കുടുതൽ നന്നായി അനുഭവവേദ്യമാകുക.)

ഉക്സ്ബാലിന്റെ മരണദിവസം വളരെ സൂക്ഷ്മതയോടെയാണു സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ഓർമ്മയ്ക്കായി സൂക്ഷിക്കാൻ ചില നിസാരവസ്തുക്കൾ മക്കൾക്കു കൊടുക്കുന്ന രംഗവും മക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇഗേയെ ഏല്പിക്കുന്ന രംഗമൊക്കെ ഏറെ വൈകാരികമായിത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. രോഗകാലത്ത് മച്ചിന്മേൽ കാണുന്ന കറുത്ത നിശാശലഭങ്ങൾ മരണസമയത്ത് അപ്രത്യക്ഷമാകുന്നു. മെക്സിക്കൻ സംസ്കാരത്തിൽ കറുത്ത നിശാശലഭങ്ങൾ മരണത്തിന്റെ പ്രതിനിധാനങ്ങളാകുന്നു. തന്റെ പിതാവിന്റെ മോതിരം മകൾക്കു നൽകിക്കൊണ്ടാണ് ഉക്സ്ബാൽ യാത്രയാവുന്നത്. ആമുഖത്തിൽ കണ്ട രംഗം, ഉക്സ്ബാൽ ഒരു ചെറുപ്പക്കാരനുമായി സംസാരിക്കുന്നത്, ഏറെ മിസ്റ്റീരിയസ് എന്നു വിളിക്കാവുന്ന വിധത്തിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഈ ചെറുപ്പക്കാരൻ വളരെ ചെറുപ്പത്തിലേ മരണപ്പെട്ട തന്റെ പിതാവിന്റെ ആത്മാവു തന്നെയാണ്. തന്റെ പിതാവ് ചെറുപ്പത്തിൽ തനിക്കു തന്നതെല്ലാം –അനാഥത്വമടക്കം-മക്കൾക്കുകൊടുത്തുകൊണ്ട് ഉക്സ്ബാൽ താനൊരിക്കലും കണ്ടിട്ടില്ലാത്ത പിതാവിന്റെ അരികിലെത്തുന്നു.

ലോകസിനിമയിൽ താരതമ്യങ്ങളില്ലാത്ത വിജയങ്ങൾ നേടിയ ഇനാരിട്ടു, തനിക്കു വിജയം തന്ന ചേരുവകളെയെല്ലാം –ആഖ്യാനതന്ത്രങ്ങൾ, ത്രസിപ്പിക്കുന്ന വേഗതയേറിയ എഡിറ്റിംഗ്, ഡൈനാമിക് ആയ ദൃശ്യപദ്ധതി- ഉപേക്ഷിച്ച്, സ്വതന്ത്രനാകുമ്പോൾ അത്ര എളുപ്പമുള്ളൊരു ദൃശ്യാനുഭവത്തിലൂടെ വിജയം ആവർത്തിക്കാനുള്ള ശ്രമമല്ല നടത്തുന്നത്, മറിച്ച് ഏറെ ആഴങ്ങളുള്ള ഒരു സിനിമാനുഭവമാണു ഇനാരിട്ടുവിന്റെ ലക്ഷ്യം. അമോറെസ് പെറോസും 21 ഗ്രാംസും നൽകിയ ത്രിൽ പ്രതീക്ഷിച്ച് ബ്യൂട്ടിഫുൾ കാണാനെത്തുന്ന പ്രേക്ഷകർ ഈ സിനിമയുടെ ആഴം കണ്ട് പകച്ചുപോയേക്കാം. പക്ഷേ ആഴം കുറഞ്ഞ വെള്ളത്തിൽ നടക്കുന്നതിനേക്കാൾ ആഴമുള്ള വെള്ളത്തിൽ നീന്തുന്നതുതന്നെയാണു നനവിന്റെ അനുഭവം നൽകുക.

18 comments:

സുസ്മേഷ് ചന്ത്രോത്ത് said...

എത്രോയ നാളായി താങ്കളുടെ പോസ്റ്റ് വായിച്ചിട്ട്.
വീണ്ടും എഴുതിയതില്‍ വളരെ സന്തോഷം.

Raj said...

നല്ല റിവ്യ്യൂ...

ഈ സിനിമ പരിചയപ്പെടുത്തിയതിന് നന്ദി....

സുസ്മേഷ് ചന്ത്രോത്ത് said...

എത്രയോ നാളായി താങ്കളുടെ പോസ്റ്റ് വായിച്ചിട്ട്.എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

Sujeesh n m said...

ആഴം കുറഞ്ഞ വെള്ളത്തിൽ നടക്കുന്നതിനേക്കാൾ ആഴമുള്ള വെള്ളത്തിൽ നീന്തുന്നതുതന്നെയാണു നനവിന്റെ അനുഭവം നൽകുക.

സിനിമയെ പരിചയപ്പെടുത്തുന്നതിൽ വളരെയേറെ നന്ദി.

:)

Melethil said...

What a great actor this Javier guy is! the soundtrack is also awesome!

Thanks!

Radheyan said...
This comment has been removed by the author.
Radheyan said...

മനോഹരമായ റിവ്യൂ.....

സ്വപ്നാടകന്‍ said...

തിയറ്ററിൽ വച്ച് ഒരിക്കലിത് കാണാൻ അവസരം ലഭിച്ചപ്പോൾ ഉറങ്ങിപ്പോകാനായിരുന്നു വിധി ..ഇനിയിത് ചെറിയ സ്ക്രീനിൽ കാണണം..(
നന്നായി എഴുതി..

വിനയന്‍ said...

കണ്ടില്ല...ഡിവിഡി കയ്യില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി ... കണ്ട ശേഷം മുഴുവന്‍ വായിക്കാം എന്ന് കരുതുന്നു

ramachandran said...

ബ്യൂട്ടിഫുൾ !

റാഫി മണ്ണൂര്‍ said...

തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഇത്തരം ഒരു ബ്ലോഗറെ, എല്ലാ സിനിമ റിവ്യൂ വും വായിച്ച്, എല്ലാ സിനിമയും കണ്ട് എന്‍റെ സ്വന്തം അഭിപ്രായങ്ങള്‍ ഞാന്‍ കമന്റ്റ് ആയി എഴുതാം . താങ്ക് യു ഫോര്‍ ദിസ്‌ ഗ്രേറ്റ്‌ ബ്ലോഗ്‌.

jaikishan said...

മേല്‍ പറഞ്ഞ ഡി വി ഡി കള്‍ കേരളത്തില്‍ എവിടെ ലഭിക്കും എന്ന് പറഞ്ഞു തരാമോ ...ആരെങ്കിലും

ജിപ്സന്‍ ജേക്കബ് said...

റോബീ,
സിനിമ ഇന്നാണു കണ്ടത്. ഇഷ്ടപ്പെട്ടു.പക്ഷെ ഇനാരിട്ടുവിന്റെ മറ്റു സിനിമകളെപ്പോലെ പ്രേക്ഷകരുമായി സുഗമമായി സംവദിക്കാന്‍ ഇതിനു കഴിയുന്നില്ലെന്നാണ് എനിക്കു തോന്നിയത്. അരിയാഗയുമായുള്ള വേര്‍പിരിയല്‍ സിനിമയെ ബാധിച്ചില്ലേയെന്നൊരു സംശയം

Roby said...

വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.

ജിപ്സൺ,
ഇനാരിട്ടുവിന്റെ മുൻ‌ചിത്രങ്ങളെപ്പോലെ ഈ ചിത്രം പ്രേക്ഷകനുമായി സംവദിക്കുന്നില്ലെങ്കിൽ അതു കാഴ്ചാശീലത്തിന്റെ പ്രത്യേകതയാണെന്നു തോന്നുന്നു. ഡെത്ത് ട്രിലജിയിലെ മൂന്നു സിനിമകളും താരതമ്യേന ലളിതമായിരുന്നു. അതുകൊണ്ടു തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരുമായി സംവദിക്കാൻ അവയ്ക്കു കഴിഞ്ഞിരുന്നു. തീർച്ചയായും അറിയാഗയുടെ അഭാവം സിനിമയെ സഹായിച്ചിട്ടുണ്ട്.

റാഫി മണ്ണൂര്‍ said...

നല്ല ബ്ലു റേ പ്രിന്‍റ് തന്നെ കിട്ടി . കണ്ടു ......
ഒരു സാധാരണക്കാരന്‍റെ നോട്ടത്തില്‍ , മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കുറച്ചു നിമിഷങ്ങള്‍ , മരണം അറിയിച്ചുകൊണ്ട്‌ തുടങ്ങുന്ന സിനിമ ,ഒരു സാധാരണ മോതിരം മാത്രം മകള്‍ക്ക് സമ്പാദ്യമായി നല്‍ക്കികൊണ്ടു അവസാനിക്കുന്നു , അവിടെനിന്നു തന്നെ കഥ തുടങ്ങുന്നു . പണത്തിനുള്ള ഓരോ എളുപ്പ വഴികളും മറ്റും ആ കൊച്ചു ജീവിതം പോലും അയാള്‍ക്ക് ദുസ്സഹമാക്കുന്നു . അത് മൂലം മരിക്കുന്നവര്‍ അല്ലെങ്കില്‍ നശിക്കുന്നവര്‍ ഒത്തിരിപേര്‍ അയാളുടെ ലാഭമോ വളരെ കുറച്ചു മാത്രം. സ്വന്തം കഴിവുകളെ അയാള്‍ ഒരിക്കലും വളര്‍ത്തിയില്ല അതുമൂലം നല്ല കാലത്ത് അയാള്‍ക്ക് സമ്പാധിച്ചില്ല . കഥാപാത്രങ്ങള്‍ ആര് ചെയ്തെന്നു നോക്കാറില്ല ഞാന്‍ , ലൈറ്റ് , aspect ratio എന്നിവയും വലിയ പിടിയില്ല , എന്നാലും ഒരു സുഖമുള്ള അനുഭവമായി ഈ സിനിമ

Unknown said...

ബിയൂട്ടിഫുൾ കണ്ടു.
അതിതീവ്രമായ വൈകാരിക അനുഭവമായിരിക്കുമ്പോഴും മെലോഡ്രാമയുടെ നിഴലു പോലുമില്ലാത്ത തികച്ചും പരുക്കനായ സിനിമ.
ഒന്നു രണ്ട് കാര്യങ്ങൾ ഒറ്റനോട്ടത്തിൽ എനിക്ക് സ്ട്രൈക് ചെയ്തത് സൂചിപ്പിക്കാമെന്ന് കരുതി.


നഴ്സ് രക്തമെടുക്കുന്ന സീനിൽ, അവർക്ക് നേരാംവിധം സിറിഞ്ച് ഉപയോഗിക്കാനറിയില്ല. അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണു ഉക്സ്ബാൽ സ്വയം രക്തമെടുക്കുന്നത്. കൃത്യമായി വെയിൻ കിട്ടാതെ പല തവണ നീഡിൽ കയറ്റുന്നത് വളരെ അൺസെറ്റിലിങ്ങ് ആണെന്നത് അനുഭവം.

ഉക്സ്ബാലിനു ലേറ്റ് സ്റ്റേജ് പ്രോസ്റ്റേറ്റ് ക്യാൻസർ ആണു. അതിന്റെ ലക്ഷണങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്ന സീനുകൾ നിരവധി (മൂത്രത്തിൽ രക്തം, അനിയന്ത്രിതമായ നനവുകൾ, ഡയപ്പർ, വേദന എന്നിങ്ങനെ).

ആ സ്പേസ് ഹീറ്റർ വാങ്ങിച്ച് ബേസ്മെന്റിൽ വെക്കുന്നത് കണ്ടപ്പോഴേ വരാൻ പോകുന്ന അടുത്ത സീൻ ഊഹിച്ചിരുന്നു. കാരണം ഈയടുത്ത് സ്പേസ് ഹീറ്റർ വാങ്ങാൻ ഹോം ഡിപ്പോയിൽ ചെന്നപ്പോൾ, അവിടെ ഇതേപോലെയുള്ള സ്പേസ് ഹീറ്ററുകളിൽ "നോട്ട് ഫോർ ഇൻഡോർ യൂസ്" എന്ന് പ്രത്യേകം ഹസാർഡ് വാണിങ്ങ് എഴുതി വെച്ചിരുന്നത് ശ്രദ്ധിച്ചിരുന്നു. വില കുറഞ്ഞ ഹീറ്റർ എന്നത് മാത്രമല്ല, ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന ഔട്ട്ഡോർ യൂസിനുപയോഗിക്കുന്ന ഹീറ്റർ വാങ്ങി വായു സഞ്ചാരം കുറഞ്ഞ ബേസ്മെന്റിൽ വെച്ചതു കൊണ്ടാണു ദുരന്തം സംഭവിക്കുന്നത്. ഈ അപായസൂചന ഉക്സ്ബാലിനു അറിയില്ല. അറിയുമെങ്കിൽ അയാൾ അത് ചെയ്യില്ല.

സ്വയം അറിയാതെ വരുത്തി വെച്ച ദുരന്തത്തിന്റെ ഭാരം പേറുന്ന ഉക്സ്ബാലിനു 21ഗ്രാംസിലെ ജാക്ക് ജോർഡനുമായി (ബെനീഷ്യോയുടെ കഥാപാത്രം) ഒട്ടേറെ സാദൃശ്യങ്ങളുണ്ട്. എതാണ്ട് ഒരേ രീതിയിൽ വിന്യസിക്കപ്പെട്ട ചർച്ച് സീനുകളും, ഉക്സ്ബാലിനു ജോർഡനുമായി രൂപസാദൃശ്യം തോന്നിപ്പിക്കുന്ന പ്രത്യേക ആംഗിളുകളിലുള്ള ചില ഷോട്ടുകളും ഉണ്ട്. ഒരവസരത്തിൽ രണ്ടുപേരും ഒരേ ഡയലോഗ് പോലും പറയുന്നു ("ഐ വാണ്ട് റ്റു ടേൺ മൈസെൽഫ് ഇൻ"). ജോർഡൻ ശരിക്കും നിയമത്തിനു കീഴടങ്ങുമ്പോൾ, ഉക്സ്ബാൽ മരണത്തിനു കീഴടങ്ങുന്നു.

ആഴമുള്ള മൃതിരൂപകങ്ങളുടെ ദൃശ്യോൽസവമാണു ഈ സിനിമ. ഉക്സ്ബാലിന്റെ മാനസികാവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നആ ബ്രിഡ്ജിലെ സന്ധ്യാദൃശ്യം ശരിക്കും ഭ്രമാത്മകം തന്നെ.

മരാമ്പ്രയുടെ മുറിയിലെ ശിവന്റെ വർണ്ണചിത്രം ശ്രദ്ധിച്ചിരുന്നോ? ഒരു ബൈപോളാർ രോഗിയുടെ മുറിയിൽ നാശോന്മുഖമായ മൂഡ് സ്വിങ്ങു പ്രകടിപ്പിച്ചിരുന്ന ഒരു മിസ്റ്റിക്കൽ കഥാപാത്രത്തിന്റെ ഛായാചിത്രം സൂക്ഷ്മനിരീക്ഷണത്തിന്റെ അടയാളമായി തോന്നി.

റോബിയുടെ സൂചന ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ കാണില്ലായിരുന്നു. നന്ദി.

Jikkumon - Thattukadablog.com said...

താങ്ക്യൂ വളരെ നല്ല വിവരണം :)

Joselet Joseph said...

ഞാന്‍ ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗില്‍. സിനിമയെപ്പറ്റി ഇത്ര ആധികാരിക നിരീക്ഷണങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല എങ്കിലും നല്ല ഡ്രാമകള്‍ എനിക്കിഷ്ടമാണ്.ഇതിലെ മിക്ക പോസ്റ്റുകളും സിനിമ കണ്ടിട് ശേഷം വായിക്കാനുള്ളവയാകയാല്‍ ലിസ്റ ചെയ്യപ്പെട്ട പേരുകള്‍ നോട്ടു ചെയ്തു കണ്ടശേഷം വീണ്ടും വരാം.
http://punjapadam.blogspot.com/p/my-favorites.html