Friday, March 19, 2010

ബാ‍റിയ (2009)

ഇറ്റലിയിലെ സിസിലിയെന്ന പ്രവിശ്യയോളം വിശദമായി സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ അധികമില്ല ലോകത്ത്. വിഖ്യാതസംവിധായകരായ ലൂച്ചിനോ വിസ്കോന്തി, ഫ്രാൻസെസ്കോ റോസി, മാർകോ റിസി, അന്റോണിയോണി, ബെർട്ടൊലൂച്ചി തുടങ്ങിയവരുടെ സിനിമകളിലൂടെ സിസിലിയെ ലോകസിനിമയുടെ പ്രേക്ഷകർക്കറിയാം. പുതിയകാലത്തെ സിനിമയിൽ സിസിലിയുടെ കൊടിപിടിക്കുന്നത് സിസിലിയിലെ ബഗറിയ എന്ന കൊച്ചുപട്ടണത്തിൽ ജനിച്ച ജുസെപ്പെ തൊർണാത്തോറെ എന്ന ഇറ്റാലിയൻ സംവിധായകനാണ്. സിനിമാ പാരഡീസോ, സ്റ്റാർ മേക്കർ, മലേന എന്നീ ചിത്രങ്ങളിലൂടെയെല്ലാം സിസിലിയുടെ വിവിധഭാവങ്ങൾ അദ്ദേഹം ഹൃദയഹാരിയായി അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ ജന്മദേശമായ ബഗറിയയുടെ വിളിപ്പേരായ ബാറിയ തന്നെയാണ് തൊർണാത്തോറെയുടെ പുതിയ ചലച്ചിത്രത്തിന്റെ പേരും.

ബാറിയ ആത്മകഥാപരമായ സിനിമയാണെന്നാണ് സംവിധായകൻ പറയുന്നത്. സ്വന്തം പിതാവിന്റെ പേരാണ് (പെപ്പിനോ) സിനിമയിലെ നായകന് അദ്ദേഹം നൽകിയിരിക്കുന്നതും. പെപ്പിനോയുടെ കഥ തുടങ്ങുന്നത് 1920-കളിലാണ്. ഇറ്റലിയുടെ ചരിത്രത്തിനു സമാന്തരമായി പെപ്പിനോയുടെ ജീവിതം പറയുകയാണ് ആത്യന്തികമായി സിനിമ ചെയ്യുന്നത്. ദാരിദ്ര്യം ആദ്യഓർമ്മയാകുന്ന കുട്ടിക്കാലത്തെ ചില സംഭവങ്ങൾ, യൌവനത്തിലെ പ്രണയവും കോലാഹലമുണ്ടാക്കിയ വിവാഹവും, പെപ്പിനോയുടെ ക‌മ്യൂണിസ്റ്റ് ആഭിമുഖ്യം, പാർട്ടിയ്ക്കുവേണ്ടി ജീവിക്കുമ്പോഴും ദരിദ്രമായി തുടരുന്ന പെപ്പിനോയുടെ കുടുംബജീവിതം, വാർധക്യം എന്നിങ്ങനെ ഏതാണ്ട് അറുപതോളം വർഷങ്ങളുടെ കഥയാണ് സിനിമയുടെ ഉള്ളടക്കം.

ചില പ്രധാനകഥാപാത്രങ്ങളെ ഫോക്കസിൽ നിർത്തി അവരുടെ ജീവിതത്തിനു സമാന്തരമായി രാജ്യത്തിലെ രാഷ്ട്രീയചരിത്രത്തെ നോക്കിക്കാണുന്ന സിനിമകൾ മുൻപും ഇറ്റലിയിൽ നിന്നുണ്ടായിട്ടുണ്ട്. ബെർട്ടൊലൂച്ചിയുടെ നോവചെന്റോ അഥവാ 1900(1976) ആണ് ആദ്യം ഓർമ്മയിൽ വരുന്നത്. റോബർട്ട് ഡി നിറോ, ജെരാർദ് ദെപാദ്യൂ തുടങ്ങിയ പ്രമുഖ താരങ്ങൾ മുഖ്യവേഷമിട്ട ഈ ചിത്രം അതിന്റെ ദൈർഘ്യം(അഞ്ച് മണിക്കൂർ, 15മിനിറ്റ്) കൊണ്ടും മുടക്കിയ ബഡ്ജറ്റുകൊണ്ടുമൊക്കെ ശ്രദ്ധയാകർഷിച്ചിരുന്നെങ്കിലും പ്രതീക്ഷയ്ക്കൊത്ത വിജയമാകുന്നതിൽ പരാജയപ്പെട്ടു. പ്രശസ്തനും പ്രഗത്ഭനുമായ സംവിധായകൻ, മികച്ച നടന്മാരുടെയും ടെക്നീഷ്യന്മാരുടെയും സാനിധ്യമുണ്ടായിട്ടും, ഡ്രീം മൂവി നിർമ്മിക്കാനുള്ള ബഡ്ജറ്റ് ഉണ്ടായിട്ടും ലക്ഷ്യം കിട്ടാതെ പതറുന്ന ദയനീയമെന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചയായിരുന്നു 1900. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച രണ്ടു സുഹൃഹ്ത്തുക്കളുടെ കഥയായിരുന്നു 1900. ഒരുവൻ ജന്മിയുടെ മകനും അപരൻ ആ ജന്മിയുടെ ജോലിക്കാരന്റെ മകനും. ഇറ്റലിയിലെ ഫാസിസത്തിന്റെ വളർച്ചയും ക‌മ്യൂണിസത്തിന്റെ തുടക്കവും യുദ്ധവും ജനകീയ വിപ്ലവവും ഒക്കെ 1900-ൽ കാഴ്ചകളായെങ്കിലും, മികച്ച ആഖ്യാനമാകുന്നതിൽ 1900 പരാജയപ്പെടുന്നു. എങ്കിലും, ചലചിത്രത്തെ ഗൌരവമായി സമീപിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതു തന്നെ 1900. പരാജയപ്പെട്ട ക്ലാസിക് എന്താണെന്നതിന് ഒന്നാന്തരം ഉദാഹരണമായിരിക്കും 1900.

2003-ലാണ് മാർകോ തൂലിയോ ജിയോർദാനൊയുടെ ബെസ്റ്റ് ഓഫ് യൂത്ത് പ്രദർശനത്തിനെത്തിയത്. രണ്ട് സഹോദരന്മാരും അവരുടെ ചുറ്റുമുള്ള കുടുംബാംഗങ്ങളുമാണ് ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങൾ. 1966-മുതൽ 2000 വരെയുള്ള ഇവരുടെ ജീവിതവും പശ്ചാത്തലത്തിൽ ഇറ്റലിയുടെ ഇക്കാല ചരിത്രവുമാണ് ബെസ്റ്റ് ഓഫ് യൂത്ത്. ഈ സിനിമയെക്കുറിച്ച് പറഞ്ഞുതുടങ്ങിയവരാരും ഇതിന്റെ ദൈർഘ്യത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കില്ല. ആറു മണിക്കൂറിലധികമാണ് ബെസ്റ്റ് ഓഫ് യൂത്തിന്റെ ദൈർഘ്യം. പക്ഷേ അതു കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത് ഇനിയൊരു മൂന്നു മണിക്കൂർ കൂടി ദൈർഘ്യമുണ്ടായിരുന്നെങ്കിൽ എന്നാണ്. അത്രമാത്രം ഹൃദയഹാരിയാണ് ഈ ചിത്രത്തിലെ ഓരോ ഫ്രെയിമുകളും. പ്രശസ്ത നിരൂപകൻ റോജർ എബർട്ട്, സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് പറഞ്ഞൊരു രസകമായൊരു വാചകമുണ്ട്. No good movie is too long, just as no bad movie is short enough.(പ്രധാനകഥാപാത്രങ്ങളെ ഫോക്കസിൽ നിർത്തി ചരിത്രത്തെ നോക്കിക്കാണുന്ന സിനിമകൾ മറ്റു രാജ്യങ്ങളിൽ നിന്നും വന്നിട്ടുണ്ട്. ചൈനീസ് ഫിലിം Farewell my Concubine, മലയാളത്തിലെ ഡാനി ഒക്കെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്.)

ബാറിയ കണ്ട് ഒരാഴ്ചയ്ക്കു ശേഷം, ഈ കുറിപ്പെഴുതാനായി ഇരിക്കുമ്പോൾ എനിക്ക് ഓർമ്മിക്കാനാവുന്നത്- ഡിസൈനർ ഷർട്ടിന്റെ പരസ്യത്തിലെ മോഡലിനെപ്പോലെ സുന്ദരനായ നായകൻ(Francesco Scianna), രസകരങ്ങളായ കുറെ രംഗങ്ങൾ, പഴയ സിസിലിയുടെ കുറച്ച് നല്ല ഇമേജുകൾ, കൈമാക്സിനോടടുത്ത് സംവിധായക കാണിച്ച ആഖ്യാനത്തിലെ ഒരു ചെറിയ നമ്പർ, Ennio Morriconeയുടെ സുന്ദരൻ സംഗീതം - തീർന്നു. ഭംഗിയുള്ള കുറെ രംഗങ്ങളുടെ തുടർച്ച എന്നല്ലാതെ ബാറിയ ഒരിക്കലും നല്ല സിനിമയാകുന്നില്ല. ഇറ്റലിയിൽ ഇതുവരെ നിർമ്മിച്ച ചലചിത്രങ്ങളിൽ ഏറ്റവും ചെലവേറിയതാണിത്. മോണിക്ക ബെലൂച്ചി, ലൂയിജി ലൊ കാസ്യോ തുടങ്ങിയ പ്രഗത്ഭ നടീനടന്മാർ താരത‌മ്യേന അപ്രധാനമായ വേഷങ്ങളിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. അതിൽത്തന്നെ, ബെലൂച്ചിയുടെ കഥാപാത്രത്തിന് ഏതാണ്ട് 10 സെക്കന്റ് സ്ക്രീൻ ടൈം മാത്രമേയുള്ളു (അതാകട്ടെ, ഒരു രതി രംഗവുമാണ്).

ഒരു പശുവിനെ കൊന്ന് അതിന്റെ ചോരകുടിക്കുന്നത് വിശദമായി ചിത്രീകരിച്ചിരിക്കുന്ന ഒരു രംഗത്തിന്റെ പേരിൽ ഇറ്റലിയിലും അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലും ഈ ചിത്രത്തിനു പ്രതികൂലപ്രചാരണങ്ങളെ നേരിടേണ്ടി വന്നു-ആനിമൽ ടോർച്ചറിന്റെ പേരിൽ. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ടുനീഷ്യയിലെ ഒരു ഭീമാകാരൻ സെറ്റിലാണ്. തൊർണാത്തോറെയുടെ സിസിലി കൃത്രിമമാണെന്ന് ചുരുക്കം. ഈ സിനിമയുണ്ടാക്കുന്ന ചിന്തയും അതുപോലെ തന്നെ. ഈ കഥയും ചരിത്രവുമെല്ലാം കൃത്രിമാണെന്ന് ഇ സിനിമ തന്നെ നമ്മോടു പറയുണ്ടോ? രണ്ടര മണിക്കൂർ ദൈർഘ്യമുള്ളൊരു ട്രെയിലർ പോലെ, ഒരുപാട് ഇമേജുകൾ, എന്നാൽ അവ ചേർന്ന് ഒരു നല്ല സിനിമയാകുന്നുമില്ല. ഒരുപക്ഷേ, സിനിമാ പാരഡീസോ, മലേന എന്നീ മാസ്റ്റർപീസുകൾക്ക് ശേഷം വന്നു എന്നത് മാത്രമായിരിക്കാം ഈ സിനിമയുടെ പ്രശ്നം.

13 comments:

Devadas V.M. said...

എന്തായാലും ഇറ്റാലിയന്‍ ഇറയിലെ ബാറിയകൂടെ ലിസ്റ്റില്‍ കൂട്ടുന്നു :)

സ്വപ്നാടകന്‍ said...

:)

വിനയന്‍ said...

ടോര്‍ണടോരിന്റെ മലേനയും സിനിമ പാരഡീസോയും കണ്ടിഷ്ട്ടപ്പെട്ട സിനിമകളാണ്. ഇനിയിതും കണ്ടു നോക്കാമല്ലേ...

ശ്രീ said...

കണ്ടിട്ടില്ല. എന്തായാലും കാണാന്‍ പറ്റൂമോ എന്ന് നോക്കാം

Nat said...

tornatore's recent movies were disappointing... ഇത് ഇതുവരെ കണ്ടില്ല..

പ്രേമന്‍ മാഷ്‌ said...

സിനിമ കൊള്ളാത്തത് കൊണ്ടായിരിക്കാം നിരൂപണവും നന്നായില്ല. എന്തായാലും ചിത്രം കാണണം എന്നുതന്നെ വിചാരിക്കുന്നു. സിനിമാ പാരഡൈസോ, മിലേന, ദി അന്‍നോണ്‍ വുമന്‍, ദ ലെജണ്ട് ഓഫ് 1900 എന്നീ സിനിമകളെല്ലാം മികച്ച അനുഭവങ്ങള്‍ ആയിരുന്നു.

Satheesh Haripad said...

ടൊര്‍ണ്ണടോര്‍ ഏറ്റവുമധികം പഴി കേട്ടത് ബാറിയയ്ക്കായിരുന്നു. ഇതിലെ മൃഗപീഡനരംഗം തന്നെ ധാരാളം പേരെ ഈ ചിത്രത്തില്‍ നിന്നകറ്റി.


ടൊര്‍ണ്ണടോറിന്റെ ഏറ്റവും നല്ല ചിത്രങ്ങളായ മലെന, നുവൊ സിനെമ പാരഡിസോ, ലെജെന്റ് ഓഫ് 1900 യുമൊക്കെ വ്യത്യസ്ഥ ആസ്വാദന തലങ്ങളിലേലേക്കാണ് നമ്മെ കൂട്ടിക്കോണ്ടു പോയത്. ഇതില്‍ ലെജെന്റ് ഓഫ് 1900 മറ്റ് രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. പക്ഷെ, ആ ചിത്രം കാണുന്നവര്‍ക്കൊക്കെ മഹത്തായ ഒരു അനുഭവമായി അത് മാറുകയായിരുന്നു. ഒരു പക്ഷേ ഒരിക്കല്‍ നമ്മള്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത , എന്നാല്‍ വളരെ റിയലിസ്റ്റിക്കായ , വളരെയധികം മനസ്സില്‍ തട്ടുന്ന ഒരു ചിത്രമാണത്.
ടൊര്‍ണ്ണടോറിന്റെ ചിത്രങ്ങളുടെയെല്ലാം പ്രത്യേകത മനോഹരമായ ക്ലൈമാക്സാണ് ( 'സ്റ്റാര്‍ മേക്കര്‍ '‍ മാത്രം ഒരു അപവാദമായി പറയാം.) വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട മലീനയിലെ അവസാന ഡയലോഗ് ഇന്നും മനപാഠമാണ്. അതുപോലെതന്നെ സിനെമ പാരഡിസോ ഉള്‍പ്പെടെയുള്ള മറ്റ് ചിത്രങ്ങളുടെ അവസാന രംഗങ്ങളും.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗനയിൽ വായിച്ചു. ലോക സിനിമയിൽ എന്തു സംഭവിക്കുന്നു എന്നറിയാൻ ഇത്തരം പോസ്റ്റുകൾ സഹായകരം. ഈ സിനിമ കണ്ടിട്ടില്ല. കാണാൻ കഴിയുമെന്നും കരുതുന്നില്ല. ഇനി അഥവാ കണ്ടാൽത്തന്നെ അന്യഭാഷാ ചിത്രങ്ങൾ കണ്ടു മനസിലാക്കാനുള്ള ബുദ്ധിയുമില്ല. മണ്ടനാ! അതുകൊണ്ടുതന്നെ ഇത്തരം പോസ്റ്റുകൾ വളരെ പ്രയോജനപ്രദമാണ്. കാ‍രണം ലോകത്തെവിടെയും ഇറങ്ങുന്ന നല്ല സിനിമകളെ പരിചയപ്പെടാനും അവയുടെ പ്രമേയങ്ങൾ അറിഞ്ഞുവയ്ക്കാനും അവയുടെ ശില്പികളുടെയും, നടീ നടന്മാരുടെയും മറ്റും പേരുകൾ അറിയാനുമൊക്കെ ഇത്തരം എഴുത്തുകൾ സഹായിക്കും.ഇത് വായിച്ചതിൽ സന്തോഷം.ഇനിയും പ്രതീക്ഷിക്കുന്നു; നന്ദി!

Rajesh said...

Le Meglio Gioventu അല്ലെങ്ങില്‍ Best of Youth സിനിമ യെ സ്നേഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. 6 മണിക്കൂര്‍ വെറും ഒരു മണിക്കൂര്‍ മാത്രം നീലമെയുല്ലുവോ എന്ന് തോന്നും. ഇതിനെ ഡാനി എന്ന (Danny is a good movie) സിനിമയുമായി താരതമ്യം ചെയ്തത് കഷ്ടം ആയി പോയി. LMG - ഇനെ അപമാനിക്കുന്നതിനു തുല്യമാനത്.
ക്ഷമിക്കണം ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗ്‌ വായിക്കുന്നത്. ഇങ്ങിനെ പറയേണ്ടി വന്നതില്‍ ക്ഷമിക്കണം.
Because I feel lucky myselves to have seen Le Meglio gioventu . One of the ever best movies made.
Let me also say that it was first made for TV and hence this length.
All the best.

Roby said...

രാജേഷ്,
ബെസ്റ്റ് ഓഫ് യൂത്തിനെ ഡാനിയുമായി താരത‌മ്യം ചെയ്തോ? ആര് യെപ്പോ?

Roby said...

പ്രേമൻ മാഷെ,
അറിയാം. നിരൂപണമായി എഴുതിയതല്ല. ചുമ്മാ ഒന്നു പരിചയപ്പെടുത്താൻ, ഒരു അഭിപ്രായം എഴുതിയെന്നു മാത്രം. അതും തൊർണാത്തോറെയ്ക്ക് കേരളത്തിൽ ഇഷ്ടക്കാരുള്ളതുകൊണ്ട്.

എല്ലാ അഭിപ്രാ‍യങ്ങൾക്കും നന്ദി

അനീഷ് രവീന്ദ്രൻ said...

http://www.youtube.com/watch?v=QFy2NRp7j-4

യുട്യൂബിൽ പല പാർട്ടായിട്ട് പടമുണ്ട്. റിവ്യൂകൾ അത്ര പോസിറ്റീവ് അല്ലെങ്കിലും. ടൊർണടോറിന്റെ അന്ധനായ ഒരു ആരാധകൻ എന്ന നിലയിൽ പടവും ബാക്കി പലവക കാര്യങ്ങളും ഇഷ്ടപ്പെട്ടു. സെപിയ ടോണിന്റെ അതിപ്രസരം ആരോ പറഞ്ഞെന്നും തോന്നുന്നു. എന്റെ നോട്ടത്തിൽ സെപിയ ടോൺ ആ കാലഘട്ടം കാണിക്കാൻ മാത്രമേ ഉപയോഗിച്ചതായി തോന്നുന്നുള്ളൂ. പിന്നീട് പുരോഗതി സംഭവിക്കുന്ന ബാറിയയിൽ സെപിയ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു. 35 മില്യൺ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഒരു പരാജയമായിരുന്നു എന്ന് പല സൈറ്റുകളും പറയുന്നു.