

ആദിയിൽ ദൈവം ലോകം സൃഷ്ടിച്ച് ജനതകൾക്കെല്ലാം നൽകിയപ്പോൾ ഏറ്റവും
വൈകി എത്തിയത് അബ്സ്വേർഡിസ്താനിലെ ജനങ്ങളായിരുന്നു. ബാക്കി ഭൂമിയെല്ലാം വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട് ദൈവം തനിക്കായി മാറ്റി വെച്ചിരുന്ന ഭൂമി ഇവർക്കു നൽകി സ്വർഗ്ഗത്തിലേക്കു പോകുകയായിരുന്നു എന്നാണ് ഐതിഹ്യം. ആ സമയനിഷ്ഠ അവിടുത്തെ ജനങ്ങൾ ഇന്നും പാലിച്ചു പോരുന്നു. പത്തുമണിക്കു മുൻപ് അവിടെ ഒരു കോഴി പോലും കൂവാറില്ല. ജോലികൾ വൈകി തുടങ്ങിയാലും അവർ നേരത്തെ അവസാനിപ്പിക്കും. ശേഷം പുരുഷന്മാർ അവിടുത്തെ 'ഫിലോസഫേഴ്സ് ക്ലബ്' ആയ ചായക്കറ്റയിൽ ഒത്തുകൂടുകയും രാത്രിയോളം വെടി പറഞ്ഞിരിക്കുകയും ചെയ്യും. തങ്ങളുടെ ശൂരത്വത്തിൽ അഭിമാനിച്ചിരുന്ന പുരുഷന്മാർ എല്ലാ രാത്രികളിലും കൃത്യമായി തങ്ങളുടെ സ്ത്രീകളുടെ മുന്നിൽ ശൂരത്വം പ്രകടിപ്പിച്ചും പോന്നു. പണ്ടൊരിക്കൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ കലഹിച്ചിരുന്ന കാലത്ത് അബ്സ്വേർഡിസ്താനിലെ കിണറുകളെല്ലാം വരണ്ടു. പുരുഷന്മാർ ഗുഹകളിൽ പോയി വലിയ കുഴലുകൾ സ്ഥാപിച്ച് ഗ്രാമത്തിൽ ജലമെത്തിക്കുന്നതോടെ കലഹം തീർന്നു എന്നാണു കഥ. ഇന്ന് അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കുഴലുകൾ തുളകൾ വന്നും, ഇടയ്ക്ക് കല്ലുകൾ വന്ന് അടഞ്ഞും നാമമാത്രമായ വെള്ളമേ ഗ്രാമത്തിലെത്തുന്നുള്ളൂ. കഠിനമായ ജലക്ഷാമം മൂലം ഗ്രാമവാസികൾ കുളിച്ചിട്ട് വർഷങ്ങളായി.


അയയും തെമെൽക്കോവും ജനനം മുതലേ സുഹൃത്തുക്കളാണ്. ഒരുമിച്ചു ജനിച്ചതു കൊണ്ട് അവർ വിവാഹം കഴിക്കണമെന്നാണു തെമെൽകോവിന്റെ പക്ഷം. തെമെൽകോവിന്റെ എല്ലാ പ്രവൃത്തികളും എങ്ങനെയെങ്കിലും അയയുമായി ഒരു ശാരീരികബന്ധം സ്ഥാപിക്കുക എന്നതിനെ മുൻനിർത്തിയാണ്. ജ്യോതിഷിയായ അയയുടെ അമ്മൂമ്മ അവർക്ക് ശാരീരികബന്ധത്തിന് യോജിച്ച സമയം നാലു വർഷങ്ങൾക്കു ശേഷം ഒരു ജൂലായ് മാസത്തിൽ സജിറ്റേറിയസും വുർഗ്ഗോവും ഒരുമിച്ചു വരുന്ന വേളയിലാണെന്നു കണ്ടെത്തുന്നു. നാലു വർഷത്തെ ഇടവേളയിൽ തെമെൽകോവ് മറ്റു ചെറുപ്പക്കാരെ പോലെ വിദ്യാഭ്യാസത്തിനായി നഗരത്തിലേക്കു പോകുന്നു. തെമെൽകോവ് തിരിച്ചു വരുന്നത് ജലക്ഷാമത്തിന്റെ മൂർദ്ധന്യതയിലേക്കാണ്. ആദ്യരാത്രിക്കു മുൻപ് വെള്ളത്തിൽ കുളിച്ചാൽ 'പറക്കുന്ന അനുഭവം' ലഭിക്കുമെന്നാണ് ആ നാട്ടിലെ വിശ്വാസം. അതിനായി, കുഴലിൽ ഇടയ്ക്ക് ദ്വാരമുണ്ടാക്കി ആകെ വരുന്ന വെള്ളം കൂടി അവൻ മോഷ്ടിക്കുന്നു. ആദ്യരാത്രിയിൽ തെമെൽകോവ് ഗ്രാമീണരുടെ വെള്ളം മോഷ്ടിച്ചു എന്നു കണ്ടെത്തുന്ന അയ കുഴലുകളുടെ കേടു തീർത്ത് ഗ്രാമത്തിലെ ജലക്ഷാമം തീർത്താലെ തെമെൽകോവിനെ സ്വീകരിക്കുകയുള്ളൂ എന്നു പറയുന്നു. സജിറ്റേറിയസും വുർഗ്ഗോവും ആറു ദിവസം കൂടി ഒരുമിച്ചുണ്ടാകും. ഈ ആറു ദിവസത്തിനുള്ളിൽ ജലക്ഷാമം തീർത്തില്ലെങ്കിൽ അയയെ അവനു നഷ്ടപ്പെടും....
നിശബ്ദ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന സംവിധായകൻ നിശബ്ദ ചലചിത്രങ്ങളുടെ
വ്യാകരണം തന്നെയാണ് അധികവും ഉപയോഗിക്കുന്നത്. ലൈംഗികത മുഖ്യ വിഷയമായി വരുന്ന ഈ സിനിമ ചിത്രീകരിച്ചതാവട്ടെ ഇതു പോലെ ഒരു പ്രമേയം നിരോധിക്കപ്പെടാൻ സാധ്യതയുള്ള അസർബൈജാൻ എന്ന മുസ്ലിം രാജ്യത്തും. ലൈംഗികത ഇവിടെ മുഖ്യപ്രമേയമാണെങ്കിലും ഒരിക്കലും കാഴ്ചയാകുന്നില്ല. ഇസ്ലാം, ക്രിസ്ത്യൻ എന്നീ മതങ്ങളുടെ റെഫറൻസ് ഉണ്ടെങ്കിലും അബ്സ്വേർഡിസ്ഥാനിലെ മതം ഏതെന്ന് വ്യക്തമല്ല. പ്രാഥമികമായി ഹാസ്യം ശൈലിയാക്കുന്ന ഈ സിനിമയിൽ ഒന്നും യഥാതഥമായ അർഥത്തിൽ മനസ്സിലാക്കേണ്ട എന്നു സാരം. ഇത് ഏതു പ്രദേശത്തെയുമാകട്ടെ, അടിസ്ഥാനപരമായി മനുഷ്യനെക്കുറിച്ചാന്.

അബ്സ്വേർഡിസ്ഥാൻ ഒരേ സമയം ചിരിയുണർത്തുന്ന ഒരു അലിഗറിയും മനുഷ്യന്റെ സ്വാർത്ഥതയ്ക്കു നേരെയുള്ള നേരെയുള്ള പരിഹാസവുമാണ്. നിങ്ങൾ സിനിമയിൽ ലളിത്യവും ചിരിയും സർവ്വോപരി സിനിമയുടെ ഭാഷയും ഇഷ്ടപ്പെടുന്നുവെങ്കിൽ ഈ ചിത്രം നിങ്ങൾക്കുതാണ്.